തീൻമേശയിലെ കോക്കാച്ചി (Elephant in the Room)

Avatar
Jagadheesh Villodi | 11-12-2020 | 3 minutes Read

കോർപ്പറേറ്റുകൾക്ക് എതിരെയുള്ള സമരം നമ്മൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല… ഇപ്പോഴത്തെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കോർപറേറ്റ് വിരുദ്ധത കുടിവെള്ളത്തിൽ വിഷം കലക്കുന്നതിനു തുല്യമാണ്.

എന്തുകൊണ്ടാണ് ഇന്ത്യയിലെ കർഷകർ കോർപ്പറേറ്റുകൾക്ക് എതിരെ തിരിയുന്നത് എന്നറിയാൻ ഇന്ത്യയിൽ രണ്ടരലക്ഷത്തിലധികം പരുത്തി കർഷകരുടെ മരണത്തിനിടയാക്കിയ Monsanto യുടെ BT Cotton വിത്തിന്റെ ചരിത്രം വായിച്ചു നോക്കിയാൽ മതി. ആ Monsantoയെ തന്നെ ഇന്ത്യരാജ്യത്തുനിന്ന് കെട്ടുകെട്ടിച്ച ചരിത്രം കൂടെയുള്ള ജനാധിപത്യ രാജ്യമാണ് ഇപ്പോഴും ഇന്ത്യ.

ഇനി ഇതിന്റെ മറുവശം നോക്കാം.

ഇന്ന് നമുക്ക് കുറഞ്ഞവിലയ്ക്ക് തക്കാളി കിട്ടുന്നത് മറ്റൊരു കോർപ്പറേറ്റ് “ഭീകരൻ” (പെപ്സികോ) കാരണമാണ്.

പശ്ചിമ ബംഗാളിലെ ബർദ്വാമാൻ ജില്ലയിലെ (Bardhaman) നിന്നുള്ള ഉരുളക്കിഴങ്ങ് കർഷകനായ രാം പ്രസാദ് ഘോസലിന് 2015 ലെ വിളവെടുപ്പ് ഒരു അത്ഭുതമായിരുന്നു 9.5 ദശലക്ഷം ടൺ ബമ്പർ ഉരുളക്കിഴങ്ങ് ആണ് ആ മേഖലയിൽ വിളവെടുത്തത്. കഴിഞ്ഞവർഷത്തെ ഉൽപാദനത്തേക്കാൾ 73% കൂടുതൽ. പക്ഷേ ആ വർഷം കൊൽക്കത്തയിലെ മൊത്ത വില ക്വിന്റലിന് 300 രൂപയായി കുറഞ്ഞു. ചില്ലറ വിൽപ്പന വിലയും കിലോയ്ക്ക് 6-8 രൂപയായി കുറഞ്ഞു. കർഷകർ തങ്ങളുടെ ഉൽ‌പന്നങ്ങൾ കിലോയ്ക്ക് 3 രൂപയ്ക്ക് വിൽക്കാൻ നിർബന്ധിതരായി, കഴിഞ്ഞ വർഷത്തെ വിലയുടെ പകുതിയോളം. ഇവിടെയാണ് കരാർ കൃഷിയുടെ നേട്ടം ഘോസലിനെ തേടിയെത്തിയത്. അദ്ദേഹത്തിന്റെ 10 ഏക്കർ സ്ഥലത്തെ വിള സംരക്ഷിക്കുക മാത്രമല്ല, ഒരു കിലോയ്ക്ക് ഏകദേശം 3 രൂപ കൂടി നേടാനും അദ്ദേഹത്തിന് കഴിഞ്ഞു. പശ്ചിമ ബംഗാളിലെ ആറ് ജില്ലകളിലായി 6,500 ഉരുളക്കിഴങ്ങ് കർഷകരിൽ ഒരാളായ അദ്ദേഹം കിലോയ്ക്ക് 6-8 രൂപ വരുമാനം പെപ്സികോ ഉറപ്പുനൽകി. ബർദ്വാമാൻ ജില്ലയിലെ മുഴുവൻ കർഷകരും പെപ്സികോയുമായി കരാറിൽ ഏർപ്പെട്ടിരുന്നു.

കോർപ്പറേറ്റ് കരാറിലെ സോഷ്യലിസവും ക്യാപിറ്റലിസവും.

പതിനൊന്നു മാസക്കാലം മാത്രം ഇന്ത്യ ഭരിച്ച വിശ്വ പ്രതാപ് സിംഗ് എന്ന വി പി സിംഗിന്റെ ഭരണകാലത്ത് 1989ൽ പെപ്സികോയുമായി കരാറിലേർപ്പെട്ടത് കർഷക നന്മ കണക്കിലെടുത്തു കൊണ്ടായിരുന്നു.
ഏറ്റവും പുതിയ കാർഷിക സാങ്കേതികവിദ്യകൾ സ്വീകരിച്ച് വിള ഉൽ‌പാദനം മെച്ചപ്പെടുത്താൻ കർഷകരെ സഹായിക്കുന്നതിന്, രാജ്യത്ത് കരാർ കൃഷി നടത്തുന്നതിന് പെപ്സികോ കമ്പനിയെ സർക്കാർ നിർബന്ധമാക്കിയിരുന്നു.

അക്കാലത്ത് പെപ്സികോയുടെ ഭാഗമായ Pizza Hut , KFC,Taco Bell എന്നീ റസ്റ്റോറൻറ് ശൃംഖലകൾ തക്കാളി സോസ് ധാരാളം ഉപയോഗിച്ചിരുന്നതിനാൽ ടൊമാറ്റോ പ്രോസസ്സിംഗ് ധാരാളം സാധ്യതയുള്ള ബിസിനസ് ആണെന്ന് പെപ്സികോ തിരിച്ചറിഞ്ഞു. പെപ്സികോയുടെ ഗവേഷണഫലമായി ഹെക്ടറിന് 16 ടണ്ണിൽ നിന്ന് 52 ​​ടണ്ണായി തക്കാളി ഉൽപാദനം വർദ്ധിപ്പിക്കാൻ അവർക്കായി. വില കുറയുന്നുണ്ടെങ്കിലും ഉൽപാദനം കൂട്ടി കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാൻ പെപ്സികോ സഹായിച്ചു. 1989 മുതൽ ഇന്ത്യയിൽ പെപ്സികോ കർഷകരുമായി മുൻകൂട്ടി വില സമ്മതിച്ച കരാറുകളിൽ ഏർപ്പെട്ടു. ഇന്ത്യയിലെ കരാർ കൃഷിയുടെ തുടക്കമായിരുന്നു ഇത്. ഒരു നിശബ്ദ ഭക്ഷ്യവിപ്ലവത്തിന്റെയും.

2001-ൽ പഞ്ചാബിൽ ഉരുളക്കിഴങ്ങ് കർഷകരുമായി വാണിജ്യ കരാർ കൃഷി ആരംഭിച്ച കമ്പനി ക്രമേണ പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് കരാർ കൃഷി വ്യാപിപ്പിച്ചു. ഇന്ന് പെപ്സികോ രാജസ്ഥാനിൽ യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പുമായി ചേർന്ന് 1,200 പരം കരാർ കർഷകരുമായി ബാർലി കൃഷിചെയ്യുന്നു. 24,000 കർഷകരുമായി ഉരുളക്കിഴങ്ങ്, നെല്ല്, ബാർലി, തക്കാളി, മുളക് എന്നിവ വാങ്ങുന്നതിനായി കരാർ കൃഷിയിൽ പെപ്സികോ ഏർപ്പെട്ടിട്ടുണ്ട്.

ഗുണഫലങ്ങൾ


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സഹകരണ സംഘങ്ങളിൽ നിന്നും മറ്റും വായ്പയെടുത്ത പെപ്സികോ കർഷകരിൽ ഭൂരിഭാഗവും (96.4 %) പെപ്സികോയുമായുള്ള കരാർ കൃഷി അവരുടെ കടം കുറയ്ക്കാൻ സഹായിച്ചതായി അഭിപ്രായപ്പെടുന്നു.2008 ൽ നീൽസൺ നടത്തിയ ഒരു സർവേ, പെപ്സികോയുമായുള്ള കരാർ കൃഷി പഞ്ചാബിലെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയും കടബാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്തുവെന്ന് സ്ഥിരീകരിക്കുന്നു

ഈയിടെ പെപ്സികോ പഞ്ചാബിൽ ഒരു ഗവേഷണ-വികസന കേന്ദ്രം തുറന്നിരുന്നു(PepsiCo India Holdings Pvt Ltd. Village Channo, Bhawanigarh). മഹാരാഷ്ട്രയിലെ സതാര ജില്ലയിൽ കമ്പനി ഉരുളക്കിഴങ്ങിന്റെ കരാർ കൃഷി ആരംഭിച്ചു, അവിടെ വെള്ളം ഒരു വലിയ പ്രശ്നമാണ്. ഉരുളക്കിഴങ്ങ് ജലസമൃദ്ധമായ വിളയായതിനാൽ ഡ്രിപ്പ്-ഇറിഗേഷൻ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പെപ്സികോ കർഷകരെ സഹായിക്കുന്നു, ഇത് ജലത്തിന്റെ ആവശ്യകത 70 % കുറയ്ക്കുന്നു.

ഇന്ന് ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിലായി 24,000 പരം കർഷകരുമായി പെപ്സികോ കരാർ കൃഷി നടത്തുന്നു. നേട്ടങ്ങളുടെ കഥ മാത്രമാണ് കർഷകർക്കും കമ്പനിക്കും പറയാനുള്ളത്.

2017-ൽ പെപ്സികോ ഇന്ത്യയിൽ ആരംഭിച്ച Sustainable Farming Program (SFP) 'ഡെമോൺസ്‌ട്രേഷൻ ഫാമുകൾ' ഉപയോഗിക്കുന്നതിന് തുടക്കമിട്ടു. അതിലൂടെ കർഷകരെ പ്രത്യേകിച്ചും ശക്തമായ പ്രാദേശിക നെറ്റ്‌വർക്കുകളും കാര്യക്ഷമമായി ഉപയോഗിച്ചുകൊണ്ട്. ഈ ഫാമുകളിൽ, ജലത്തിന്റെ കാര്യക്ഷമമായ ഡ്രിപ്പ് ഇറിഗേഷൻ ടെക്നോളജി, നൂതന പോഷക പരിപാലന സമീപനങ്ങൾ, കാലിക ആരോഗ്യ, സുരക്ഷാ രീതികൾ എന്നിങ്ങനെയുള്ള അടുത്ത തലമുറയിലെ കൃഷിരീതികളും SFPയുമായി യോജിക്കുന്ന സാങ്കേതികവിദ്യകളും ഉപയോഗിച്ചുകൊണ്ട് ടീം പെപ്സികോ കർഷകരുമായി മികച്ച ബന്ധം ഉണ്ടാക്കിയെടുത്തു.

പെപ്സികോയുടെ ഡെമോൺസ്ട്രേഷൻ ഫാം പ്രോഗ്രാമിൽ ഇന്ന് രാജ്യത്തെ 32 ഫാമുകൾ ഉൾപ്പെടുന്നു. ലോകമെമ്പാടുമുള്ള നൂറിലധികം ഫാമുകളുടെ അതിവേഗം വളരുന്ന ശൃംഖല ഉപയോഗിച്ച് ഇത് അന്താരാഷ്ട്ര തലത്തിലും കർഷകർക്ക് ആവശ്യമായ സഹായങ്ങൾ ഒരുക്കുന്നു. 2018-19 ലെ വിളവർഷത്തിൽ, നമ്മുടെ ഇന്ത്യയിലെ ഡെമോൺസ്‌ട്രേഷൻ ഫാമുകളിലെ ശരാശരി അറ്റവരുമാനം 8% ഉയർന്നു, ഇത് ഏക്കറിന് 7800 രൂപയോളം കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കാരണമായി. ഒരു ടൺ ഉരുളക്കിഴങ്ങിന് ശരാശരി ഹരിതഗൃഹ വാതക ഉദ്‌വമനം(Greenhouse gas emissions) 15% കുറച്ചു എന്നാണ് കണക്കുകൾ പറയുന്നത് .

ഇത്രയും എഴുതിയത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കോർപറേറ്റ് വിരുദ്ധത കണ്ടതുകൊണ്ട് മാത്രമാണ്. ലോകസഭയിൽ ഒരു കേവല ചർച്ചക്ക് പോലും നിൽക്കാതെ ശബ്ദവോട്ടോടെ പുതിയ കാർഷിക ബിൽ പാസാക്കിയ ഭരണകക്ഷി ഇപ്പോൾ നെല്ലും പതിരും വേർതിരിച്ച് കർഷകരെ ബോധ്യപ്പെടുത്താൻ ബാധ്യസ്ഥരാകുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ ഇപ്പോൾ ഡൽഹിയിൽ കണ്ടുകൊണ്ടിരിക്കുന്നത്. അതാണ് ജനാധിപത്യത്തിൻറെ സൗന്ദര്യം. സമരങ്ങളും ചർച്ചകളും നല്ലതിനാവട്ടെ.

വരാൻ പോകുന്ന നാളുകൾ പ്രിസിഷൻ ഫാമിങിന്റെതാണ്. ഇന്നത്തെ വയറൊട്ടിയ കർഷകൻ, നാളത്തെ ടൈ കെട്ടിയ Agro Entrepreneurs ആയി മാറട്ടെ, അതിനുതകുന്നതാവട്ടെ പുതിയ കാർഷിക നിയമങ്ങൾ.

NB: കോർപ്പറേറ്റുകളെ മഹത്വവൽക്കരിക്കുക എന്നതല്ല ഈ പോസ്റ്റിന്റെ ലക്ഷ്യം, അങ്ങനെ ചെയ്യുന്നവർക്ക് വേണ്ടി Peter Chapman എഴുതിയ “Bananas: How the United Fruit Company Shaped the World” എന്ന പുസ്തകം സജസ്റ്റ് ചെയ്യുന്നു. കോർപ്പറേറ്റ് മാനുവറിംഗിന്റ ബൈബിൾ ആണ് ഈ പുസ്തകം. ‘എലിയെ കൊല്ലാൻ ഇല്ലം ചുടരുത്’ എന്നു പറയുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്ഷ്യം. കൃഷിയിലെ കോർപ്പറേറ്റ് ക്രൂരതകളെകുറിച്ചും കൂട്ടക്കൊല കളെ കുറിച്ചും വിശദമായി തുടർ പോസ്റ്റുകളിൽ എഴുതാം.

ജഗദീഷ് വില്ലോടി.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:17:53 pm | 03-12-2023 CET