ഭക്ഷണത്തിന്റെ ഭാവി - നാളെയുടെ കർഷകൻ - Part 3

Avatar
Jagadheesh Villodi | 05-05-2020 | 4 minutes Read

ഫ്രഷ് തേങ്ങാപ്പാലിൽ പച്ചമുളകും ഒരു നുള്ള് മഞ്ഞളും പച്ചമാങ്ങയും ചേർത്ത് വേവിച്ചെടുത്ത മീനിനു മുകളിൽ, മാഷ് പൊട്ടറ്റോയിൽ കറിവേപ്പില ചേർത്തുണ്ടാക്കിയ ഒരു നനുത്ത തട്ട്, അതിനുമുകളിൽ കായം ചേർത്ത് വറവിട്ട് എടുത്ത പച്ചടി മുകളിൽ ഒഴിച്ച് പരന്നുകിടക്കുന്ന തേങ്ങാപ്പാലിൽ മല്ലിയില ചേർത്തുണ്ടാക്കിയ എണ്ണ കൊണ്ടൊരു ഒരു കലാവിരുത്, നാവിൽ വെള്ളമൂറുന്നുണ്ടോ ?, നമ്മുടെ സ്വന്തം » Chef Suresh Pillai BBCയുടെ Master Chef പ്രോഗ്രാമിൽ പങ്കെടുത്ത് സായിപ്പിനെ ഞെട്ടിച്ച റെസിപ്പിയണിത്.

കഴിഞ്ഞ ബജറ്റിൽ 25 രൂപയുടെ ഊണ് എന്ന ആശയം അവതരിപ്പിച്ചപ്പോൾ ആലപ്പുഴക്കാരനായ Dr. തോമസ് ഐസക് പറഞ്ഞത് മീൻ കറി കൂട്ടി ഒരു ഊണ് എന്നാണ്, അന്ന് മലയാളിക്ക് അറിയേണ്ടിയിരുന്നത്, കറിയിൽ എത്ര മീൻ കഷ്ണം ഉണ്ടാകും എന്നായിരുന്നു, നടി റിമ കല്ലിങ്കൽ പൊരിച്ച മീനിൻറെ കഥ പറഞ്ഞപ്പോൾ, സോഷ്യൽ മീഡിയയിൽ മലയാളികളുടെ ഡൈനിംഗ് റൂമിലെ "Experience of Equality" നമ്മൾ ഏറെ ചർച്ച ചെയ്തതാണ്

പറഞ്ഞുവന്നത് മീനിനെ കുറിച്ചാണ്, 590 കിലോമീറ്റർ കടൽത്തീരമുള്ള കേരളത്തിൽ 85 ശതമാനംപേരും മീൻ കഴിക്കുന്നവരാണ് , ദേശീയ ശരാശരിയുടെ നാലിരട്ടി ആണിത് ,മലയാളിയുടെ പ്രിയപ്പെട്ട മീനാണ് ചാള അഥവാ മത്തി (Sardine. ലോകത്തിൽ ഏറ്റവുമധികം പിടിക്കപ്പെടുന്ന, ഭക്ഷ്യയോഗ്യമായ കടൽ മത്സ്യമാണ് ചാള. 2015ലെ ഒരു കണക്കനുസരിച്ച് ഒരു മലയാളി വർഷത്തിൽ കഴിക്കുന്നത് 7.9 KG ചാളയാണ്.
പക്ഷേ, 2020 നമുക്ക് വേണ്ടിയിരുന്നത് 2.96 ലക്ഷം ടൺ ചാള ആയിരുന്നു, വിതരണത്തിന് എത്തിയത് 2.36 ലക്ഷം ടൺ മാത്രം 2030 ആകുമ്പോൾ 3.72 ലക്ഷം ടൺ വേണ്ടിടത്ത് 2.12 ലക്ഷം ടൺ മാത്രമേ നമുക്ക് കിട്ടു, 1.10 ലക്ഷം ടൺ കുറവാണ് കണക്കാക്കപ്പെടുന്നത്,( കണക്കുകൾക്ക് ആധാരമായ Research Document കമൻറ് ബോക്സിൽ ഉണ്ട് )

വരാൻ പോകുന്ന ചാളയുടെ ദൗർലഭ്യതയിൽ, മലയാളി ആശ്രയിക്കാൻ പോകുന്ന മത്സ്യങ്ങളിൽ പ്രധാനിയാണ് തിലാപ്പിയ. MPEDA(The Marine Products Exports Development Authority) കണക്കുകളനുസരിച്ച് 2016- 17ൽ 17 ലക്ഷം തിലാപ്പിയ കുഞ്ഞുങ്ങളെയാണ് MPEDA വഴി മാത്രം വിതരണം ചെയ്തത് . തുടർന്നുള്ള വർഷങ്ങളിൽ 50 ലക്ഷം വരെ ആവാം എന്നാണ് കണക്കുകൂട്ടൽ.

ഇവിടെയാണ് പുതിയ മത്സ്യകൃഷി രീതികളുടെ പ്രസക്തി. നമുക്ക് മത്സ്യകൃഷിയിലെ പുതിയ രീതികളെ ഒന്നു പരിചയപ്പെടാം

ബയോഫ്ലോക്ക് ടെക്നോളജി (BFT).

മത്സ്യ ടാങ്കിലെ തന്നെ അവശിഷ്ടങ്ങൾ ചേർന്ന് രൂപപ്പെടുന്ന അമോണിയ, ബാക്ടീരിയ എന്നിവ മത്സ്യങ്ങൾക്ക് തന്നെ പ്രോട്ടീൻ ഭക്ഷണമായി മാറുന്ന സാങ്കേതിക വിദ്യയാണ് BFT.ഇതിനു പ്രധാനമായും വേണ്ടത് 24 മണിക്കൂറും ഇടതടവില്ലാത്ത പ്രാണവായു(Aeration) ലഭ്യതയാണ്. സമൃദ്ധമായ പ്രോട്ടീൻ മീൻ ഭക്ഷണം ലഭ്യമായതിനാൽ പെല്ലറ്റ് തീറ്റ(സമ്പൂർണ്ണ ഭക്ഷണം)ബോഡി മാസ്സ് സ്കെയിൽൻറെ (BMS) 3 മുതൽ 5 ശതമാനം വരെ ആവശ്യമായിട്ടുള്ളൂ. അങ്ങനെ ഭക്ഷണ വില(FCR) 40 ശതമാനം മുതൽ 60 ശതമാനം വരെ കുറയ്ക്കുന്നതിന് BFT ടെക്നോളജി സഹായിക്കുന്നു. ഒരു കിലോ മത്സ്യം ഉൽപ്പാദിപ്പിക്കാൻ അക്വപോണിക്സ് രീതിയിൽ 80 മുതൽ 120 രൂപ വരെ ചെലവ് വരുമ്പോൾ BFTയിൽ 20 മുതൽ 30 ശതമാനം വരെ കുറവാണ് എന്നതിലാണ് കൂടുതൽ പേർ BFT കൃഷിയിലേക്ക് തിരിയുന്നത് .ബയോടെക്നോളജി മത്സ്യമേഖലയിൽ വരുത്താൻ പോകുന്ന മാറ്റങ്ങൾ വളരെ വലുതാണ്, തൊഴിൽ സുരക്ഷ ഭക്ഷ്യ സുരക്ഷ ജൈവ സുരക്ഷ ഇവ മൂന്നും BFTയുടെ വാഗ്ദാനങ്ങളാണ്.

അക്വപോണിക്സ്.

മത്സ്യവും പച്ചക്കറിയും ഇടകലർത്തി കൃഷി ചെയ്യുന്ന രീതിയാണിത്. Aquaculture+Hydroponics =Aquaponics എന്നതാണ് അക്വപോണിക്സ്ൻറെ ഫോർമുല. ജലത്തിലെ നേരിയ വ്യതിയാനങ്ങൾ മീനുകളെ പ്രതികൂലമായി ബാധിക്കുന്നത് കാരണം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന കൃഷിരീതിയാണിത്. അക്വാപോണിക്സ് ജലകൃഷിയുടെയും ഹൈഡ്രോപോണിക്സിന്റെയും നല്ലവശങ്ങള്‍ സംയോജിപ്പിച്ച് രൂപം കൊടുത്ത പൂര്‍ണ്ണമായും ജൈവികമായ എക്കാലവും നിലനില്‍ക്കുന്ന നൂതന ഉല്പാദന മാര്‍ഗ്ഗമാണ്. അക്വാപോണിക്സിലൂടെ മത്സ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, അലങ്കാരസസ്യങ്ങള്‍ എന്നിവ വന്‍തോതില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. ഈ മാര്‍ഗ്ഗം വീടിന് പുറത്തും മട്ടുപ്പാവിലും അവലംബിക്കാവുന്നതാണ്. പരമ്പരാഗതമായ മണ്ണ് നിറച്ച കൃഷിയിടങ്ങളില്‍ ആവശ്യമുള്ള ജലത്തിന്റെ പത്തിലൊന്നു ജലം മാത്രമേ ഇവിടെ ആവശ്യം വരുന്നുള്ളൂ. അക്വാപോണിക്സ് കൃഷിരീതിയില്‍ കൃഷിയിടങ്ങളിലേക്കുള്ള ജലം മത്സ്യക്കുളങ്ങളില്‍ നിന്നും വളര്‍ച്ചാമാധ്യമത്താല്‍ നിറയ്ക്കപ്പെട്ട ഗ്രോബെഡ്ഡിലേക്ക് പമ്പ് ചെയ്യുന്നു. ഈ വളര്‍ച്ചാ മാധ്യമം ഉപകാരികളായ ബാക്ടീരിയകള്‍, കമ്പോസ്റ്റിംഗില്‍ ഉപയോഗിക്കുന്ന മണ്ണിരകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഈ ബാക്ടീരിയകള്‍ മത്സ്യത്തിന്റെ അവശിഷ്ടത്തിലെ അമോണിയയെ ആദ്യം നൈട്രേറ്റായ വിഘടിപ്പിക്കുന്നു. മണ്ണിരകള്‍ ഖരമാലിന്യത്തെ വെര്‍മികമ്പോസ്റ്റാക്കി മാറ്റുന്നു. അങ്ങനെ മത്സ്യങ്ങളുടെ അവശിഷ്ടം സസ്യങ്ങള്‍ക്കുവേണ്ട ഒരു നല്ല ഭക്ഷണമായി മാറുന്നു. ഈ സസ്യങ്ങള്‍ ജലത്തിലടങ്ങിയ വിഘടിപ്പിച്ച മത്സ്യഅവശിഷ്ടങ്ങള്‍ ആഗിരണം ചെയ്ത് ജലം ശുദ്ധീകരിച്ച് മത്സ്യങ്ങള്‍ക്ക് വളര്‍ച്ചയ്ക്കുതകുന്ന ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു.. മത്സ്യം, ജലം, സസ്യങ്ങള്‍ എന്നിവ ഇതില്‍ പരസ്പരപൂരകങ്ങളാകുന്നു. തട്ടുകളിലായാണ് സസ്യങ്ങള്‍ വളര്‍ത്തുന്നത്. ഏറ്റവും അടിത്തട്ടില്‍ ശുദ്ധജലമത്സ്യങ്ങള്‍. മുകളിലെ തട്ടുകളില്‍ പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, ഓഷധസസ്യങ്ങള്‍ എന്നീ രീതിയിലാണ് ക്രമീകരണം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

Recirculation aquaculture systems (RAS)

പരിമിതമായ ജലം ഉപയോഗിച്ച്, ജലത്തിലെ വിഷാംശം നീക്കുന്നതിനു ബയോ ഫിൽറ്റർ സിസ്റ്റം ഉപയോഗിക്കുന്ന RAS രീതിയിൽ കുറഞ്ഞ സ്ഥലത്ത് കൂടുതൽ മത്സ്യത്തെ വളർത്താം. ജല പരിമിതിയും, സ്ഥലപരിമിതിയും ഉള്ളവർക്ക് യോജിക്കുന്ന കൃഷിരീതിയാണിത് . മീൻ വളർത്തുന്ന പ്രധാന ടാങ്കിലെ ജലം ശുദ്ധീകരിച്ച് വീണ്ടും ഇവിടേക്ക് തന്നെ എത്തിക്കുക എന്നതാണ് RAS രീതി, ടാങ്കില്‍നിന്ന് ജലം ആദ്യമായി മെക്കാനിക്കല്‍ ബയോ ഫില്‍റ്ററിലേക്ക് വരും. വെള്ളത്തിലുണ്ടായിരുന്ന ഖരമാലിന്യങ്ങളെ ഇവിടെനിന്ന് വേര്‍തിരിച്ച് മറ്റൊരു ടാങ്കിലേക്ക് മാറ്റും. ആ മാലിന്യങ്ങള്‍ വളമായും മറ്റും ഉപയോഗിക്കാം. ജലം പിന്നീട് രണ്ടാമത്തെ ചെറിയ ടാങ്കില്‍ എത്തുന്നു. അവിടെനിന്ന് ബയോഫില്‍റ്ററിലേക്ക് ഒഴുകിയെത്തും. ജലത്തിൽ അടങ്ങിയിരിക്കുന്ന അമോണിയയും നൈട്രേറ്റും ഡീ ഗാസറിലേക്കെത്തുന്ന ജലത്തിൽ നിന്ന് കാര്‍ബണ്‍ഡയോഓക്സൈഡിനെ മാറ്റുന്നു. പിന്നീട് അള്‍ട്രാവയലറ്റ് കിരണങ്ങളിലൂടെ കടന്നു പോകുന്ന ഈ ജലമാണ് മീന്‍ വളര്‍ത്തുന്ന കള്‍ച്ചറല്‍ ടാങ്കിലേക്ക് വീണ്ടും എത്തുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ ഒരുതുള്ളി ജലം പോലും പാഴാക്കാതെ ചെയ്യാൻ കഴിയുന്ന മത്സ്യകൃഷി രീതിയാണ് RAS.

ഇതുകൂടാതെ നാട്ടിൻപുറങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന പാറമടകളിലെ ജലാശയങ്ങളിലും, നെൽകൃഷിയോടൊപ്പം തന്നെ മീൻ വളർത്തുന്നവരുമുണ്ട്.

ഒരു കഥ പറഞ്ഞ് അവസാനിപ്പിക്കാം, മരുഭൂമിയിൽ സാൽമൺ വളർത്തിയ കഥ.

വടക്കൻ അറ്റ്ലാന്റിക് ശുദ്ധജലസ്രോതസ്സുകളിൽ ജനിച്ചു വീഴുന്ന സാൽമൺ മത്സ്യങ്ങൾ അവയുടെ പ്രാരംഭ വർഷങ്ങൾ ശുദ്ധജലത്തിൽ തന്നെ കഴിച്ചു കൂട്ടുകയും, പിന്നീട് പുഴകളിലൂടെആയിരക്കണക്കിന് കിലോമീറ്റർ ചെയ്ത് സമുദ്രത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. സമുദ്രത്തിൽ ഏതാനം വർഷങ്ങളോളം വളരുന്നവ, പ്രായപൂർത്തിയാകുമ്പോൾ സമുദ്രത്തിൽ നിന്ന് പ്രത്യുത്പാദനത്തിനായി അവ ജനിച്ച്‌ വീണ ശുദ്ധജലസ്രോതസ്സുകളിലേക്ക് മടങ്ങിപോകുന്നു. സാൽമണുകൾക്ക് സാധാരണയായി എട്ടു വർഷമാണ് പരമാവധി ആയുസ്സ്. ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി സാൽമൺ മത്സ്യങ്ങൾ സമുദ്രത്തിൽ നിന്ന് തങ്ങൾ ജനിച്ചു വീണ ശുദ്ധജലസ്രോതസ്സുകൾ തേടി നടത്തുന്ന ഇത്തരം ദേശാടന യാത്രകൾ പ്രകൃതിയിലെ തീർത്തും വിസ്മയിപ്പിക്കുന്ന കാഴ്ചകളിലൊന്നാണ്. Roderick L Haig Brown എഴുതിയ Return to the River എന്ന പുസ്തകം, സാൽമൺന്റെ അത്ഭുത യാത്രയെ കുറിച്ചുള്ളതാണ്. സാൽമൺ മത്സ്യങ്ങളുടെ ഐതിഹാസികമായ യാത്രയെ കുറിച്ച് അറിയാൻ താല്പര്യമുള്ളവർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.

അതിനിടയിൽ ഇനി എങ്ങനെയാണ് സാൽമൺ മത്സ്യത്തിന് അതിന് പിങ്ക് നിറം കിട്ടിയത് എന്ന് അറിയണ്ടേ, സാൽമൺന്റെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്ന് ചെറിയ ചെമ്മീനുകളാണ്. ചെമ്മീനിൽ അടങ്ങിയിട്ടുള്ള Carotenoid ആണ് സാൽമൺന്റെ പിങ്ക് നിറത്തിന് പുറകിൽ. നമ്മുടെ ഫ്ളമിംഗോ പക്ഷികൾക്കും നിറം കൊടുക്കുന്നത് ചെമ്മീനിൽ അടങ്ങിയിട്ടുള്ള Carotenoid ആണ്.

???? ഇനിയാണ് കഥയുടെ ടിസ്റ്റ്

മരുഭൂമിയിൽ സാൽമൺ വളർത്തുക, അചിന്തനീയം അല്ലേ ? , പക്ഷേ അതാണ് Fish Fram എന്ന കമ്പനി ദുബായിൽ ചെയ്യുന്നത്, എങ്ങനെയെന്നല്ലേ?, ആദ്യമായി അവർ ചെയ്തത് ,Ware houseനുള്ളിൽ കൃത്രിമമായ കാലാവസ്ഥ സൃഷ്ടിച്ചെടുത്ത്, വിശാലമായ നാല് ടാങ്കുകളിൽ സാൽമണിന് ഏറ്റവും അഭികാമ്യമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ജലത്തിന്റെ ഒഴുക്കും താപനിലയും കൃത്രിമമായി സൃഷ്ടിച്ചെടുത്തു, സൂര്യോദയം, സൂര്യാസ്തമയം, വേലിയേറ്റം, ശക്തമായ നദി പ്രവാഹം സൃഷ്ടിക്കുന്ന എല്ലാ അവസ്ഥകളും കൃത്രിമമായി ഉണ്ടാക്കിയെടുത്തു, വടക്കുപടിഞ്ഞാറൻ സ്കോട്ട്ലൻഡിലെ പ്രകൃതിദത്ത ഹാച്ചറിയിൽ നിന്ന് 40,000 ബേബി സാൽമണും ഐസ് ലാൻഡിൽ നിന്ന് ആയിരക്കണക്കിന് മുട്ടകളും യുഎഇയിലെ ഹാച്ചറിയിലേക്ക് എത്തിച്ചാണ് ഇവർ സാൽമൺ കൃഷി തുടങ്ങിയത് , ഫിഷ് ഫാം ഓരോ മാസവും 10,000 മുതൽ 15,000 കിലോഗ്രാം വരെ സാൽമൺ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു.

മീൻ കൃഷിയിൽ താല്പര്യം ഉള്ളവർ “കൈ നനയാതെ മീൻ പിടിക്കാൻ“ ഇറങ്ങുന്നതിനു മുൻപ് വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തേണ്ടതുണ്ട് , കാരണം , മീൻ വളർത്തൽ വിജയിച്ചവരെക്കാൾ കൂടുതൽ പരാജയപ്പെട്ടവർ ഉണ്ട്. എങ്കിലും സാധ്യതകളുടെ വിളനിലമാണ് മീൻ വളർത്തൽ.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:24:48 am | 25-06-2024 CEST