ഇടുക്കിയിലെ ജലാശയങ്ങളിലേക്ക് വിനോദയാത്രക്ക് വരുന്നവർ ഇതൊന്ന് വായിക്കണം.

Avatar
ഡോ. ഫൈസൽ മുഹമ്മദ് | 28-02-2022 | 3 minutes Read

934-1646064787-marcus-woodbridge-ehci5fpszs8-unsplash
Photo Credit : unsplash.com/@marcuswoodbridge

കഴിഞ്ഞ പത്തുപതിനഞ്ചു ദിവസത്തിനുള്ളിൽ ഇടുക്കി ഡാമിൽ വീണ് രണ്ടു മരണങ്ങളാണ് സംഭവിച്ചത്...

അതിലൊരാൾ, കാണുമ്പോൾ എന്നും ഓടിവന്ന് സംസാരിക്കുന്ന അയൽവക്കക്കാരൻ എന്നത് വലിയ വേദനയുളവാക്കുന്നു. മറ്റൊരാൾ ജീവിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു ചെറുപ്പക്കാരിയും.

ഞങ്ങളുടെ താമസസ്ഥലത്ത് നിന്ന് വളരെ കുറച്ചു ദൂരമേയുള്ളൂ ഇടുക്കി ഡാമിലേക്ക്. എങ്കിലും ആകെ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ് ഞാൻ ഇടുക്കി ഡാമിൽ പോയിട്ടുള്ളത്.

അങ്ങോട്ട് പോകുവാണ് എന്നു പറഞ്ഞാൽ ഇപ്പോഴും അമ്മ വഴക്ക് പറയും. അവർ പറയുന്നത് ഡാമിൽ വീണു മരിച്ചവർ അതുവഴി പോയാൽ പിടിച്ചു വലിച്ച് വെള്ളത്തിലേക്ക് ഇടും എന്നാണ്.

സംഭവം തമാശയായിട്ട് തോന്നുമെങ്കിലും ഇന്നത്തെ മരണം അടക്കം അവിടെ നടന്നിട്ടുള്ള മരണങ്ങളിൽ നല്ലൊരു ശതമാനവും കാൽതെറ്റി വെള്ളത്തിലേക്ക് വീണുണ്ടായതാണ് എന്നുള്ളതാണ്. 'ആരോ പിടിച്ചു വലിച്ച് ഇട്ടത് പോലെ'

ഈ ഡാമിന്റെ പ്രത്യേകതകളും വെള്ളത്തിന്റെ രീതികളും ഭൂപ്രദേശങ്ങളുമെല്ലാം അറിയാവുന്നവർക്ക് പോലും പലപ്പോഴും അവിടെ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അപ്പോൾ ഇതൊന്നുമറിയാതെ വെള്ളത്തിന്റെ സൗന്ദര്യം മാത്രം കണ്ട് ഡാമിന്റെ ഉൾപ്രദേശങ്ങളിൽ അനധികൃതമായി കടന്നു പോകുന്ന ആളുകൾ ഈ കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

ഭൂപ്രകൃതി...

മലഞ്ചെരുവുകളിലാണ് വെള്ളം കെട്ടി നിൽക്കുന്നത്. വർഷങ്ങളായി വെള്ളം കെട്ടിക്കിടക്കുന്നത് കൊണ്ട് തന്നെ മണ്ണും മറ്റും ഒലിച്ചു പോയി വഴുക്കലുള്ള കുത്തനെയുള്ള പാറയും പത്തും അമ്പതും അതിലേറെയും അടി താഴ്ച്ചയുള്ള പ്രദേശങ്ങളുമാണ് കൂടുതലും. അതുകൊണ്ട് യാതൊരു സുരക്ഷയുമില്ലാത്ത കുത്തനെയുള്ള പ്രദേശങ്ങളിൽ പോയി നിൽക്കുന്നത് അപകടം ക്ഷണിച്ചു വരുത്തും

ചെളി...

വെള്ളത്തിലേക്ക് എടുത്തു ചാടിയാൽ ചില പ്രദേശങ്ങളിൽ നല്ല ചെളിയായിരിക്കും. അതിൽ ചെന്ന് കാല് കുത്തിയാൽ ഒരു തരത്തിലും മുകളിലേക്ക് ഉയർന്നുവരാൻ കഴിയില്ല. നിന്ന നിൽപ്പിൽ അവിടെ നിന്ന് ജീവൻ പോകും. അതുകൊണ്ട് തെന്നെ വെള്ളം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലേക്കുള്ള ചാട്ടം അവസാനിപ്പിക്കണം.

പാറക്കെട്ടുകൾ...


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അഞ്ചുരുളി എന്ന പേര് തന്നെ അഞ്ചുരുൾ പണ്ടെങ്ങാണ്ടോ പൊട്ടിയത് കൊണ്ടാണ് എന്നാണ് പറയപ്പെടുന്നത്. അപ്പോൾ ഒഴുകി വന്ന കല്ലുകൾ അടക്കം ഡാമിൽ ഒരുപാട് പാറക്കെട്ടുകൾ കാണാം. വെള്ളത്തിൽ ഇറങ്ങുബോൾ അറിയാതെ ആ പാറക്കൂട്ടങ്ങളുടെ ഇടയിൽ കാൽ കുടുങ്ങിയാൽ പിന്നെ രക്ഷയില്ല. വർഷങ്ങൾക്ക് മുമ്പ് ചെറുതോണി ഡാമിന്റെ താഴെ പുതിയ പാലം പണിയുന്ന ആ സ്ഥലത്തുണ്ടായിരുന്ന ചെക്ക് ഡാമിൽ ഇതേ രീതിയിൽ കുടുങ്ങി മരിച്ച ഒരു ചെറുപ്പക്കാരന്റെ വീട് ഞങ്ങളുടെ നാട്ടിൽ ഉണ്ട്.

ചുഴികൾ....

ശാന്തമായി കെട്ടിക്കിടക്കുന്ന വെള്ളം എന്ന് നമുക്ക് തോന്നുമെങ്കിലും വഴുക്കലുള്ള പാറയിൽ ചവിട്ടി തെന്നിവീണാൽ നിലയില്ലാ കയത്തിലേക്കാകും ചെന്ന് വീഴുക. പ്രദേശത്തെ പറ്റി നന്നായി അറിയാവുന്നവർക്ക് പോലും ഇങ്ങനെയുള്ള ചുഴികളിൽ നിന്നും രക്ഷപെടാൻ ബുദ്ധിമുട്ടാണ്.

മീൻവലകൾ...

മീൻപിടുത്തക്കാർ മുട്ടിന് മുട്ടിന് കെട്ടി വെച്ചിരിക്കുന്ന വലകളും അവർ ഉപേക്ഷിച്ച് പോയ വലകളുമെല്ലാം ഡാമിൽ പലയിടങ്ങളിൽ ഉണ്ട്. ഞാൻ ആദ്യം പറഞ്ഞ അയൽവക്കക്കാരൻ മരണപ്പെട്ടത് ഇങ്ങനെയുള്ള ഒരു വലയിൽ കാൽ കുടുങ്ങിയാണ് എന്നാണ് അറിയാൻ കഴിഞ്ഞത്.

രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനുള്ള താമസം...

ഡാമിന്റെ കരയിൽ ജനവാസമുള്ള പ്രദേശങ്ങൾ വളരെ കുറവാണ്. ഒരു അപകടം ഉണ്ടായാൽ പുറംലോകത്തെ അറിയിക്കാൻ പോലും പലപ്പോഴും അടുത്തെങ്ങും ആളുകൾ ഉണ്ടാകില്ല. അതുപോലെ വനത്തിലൂടെയാണ് ഡാമിന്റെ ഉൾപ്രദേശങ്ങളിലേക്കുള്ള യാത്ര. മൊബൈൽ റേഞ്ച് പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രശ്നം ഉണ്ടായാൽ പുറംലോകം അറിഞ്ഞു വരുമ്പോൾ ഏറെ താമസിക്കും.

വനമേഖലയിൽ അതിക്രമിച്ചു കടക്കൽ...

ഡാമിന്റെ ഭൂരിഭാഗം പ്രദേശവും വനമേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ഉൾപ്രദേശങ്ങളിലേക്ക് പോകണമെങ്കിൽ വനംവകുപ്പിന്റെ അനുമതിയും കൂടെ പരിചയസമ്പന്നരായ ഗൈഡുമാരുടെ സേവനവും വേണ്ടി വരും. ഇതൊന്നുമില്ലാതെ വനത്തിൽ കയറിയാൽ മറ്റു നിയമനടപടികൾ നേരിടേണ്ടി വരും.

വെള്ളത്തിന്റെ അവസ്ഥ...

കെട്ടിക്കിടക്കുന്ന വെള്ളത്തിന് തണുപ്പ് കൂടുതലാണെന്നാണ് വിദഗ്ധർ പറയുന്നത്. താഴ്ന്നു പോയാൽ സാധാരണ വെള്ളത്തിൽ നീന്താൻ കഴിയുന്നത് പോലെ ഈ വെള്ളത്തിൽ നീന്താൻ കഴിയില്ല. വെള്ളത്തിന് അത്രമാത്രം കട്ടിയാണ് എന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് തന്നെ നാട്ടിൽ സാദാ വെള്ളത്തിൽ നീന്തി പഠിച്ചവർ ഈ വെള്ളത്തിൽ ഇറങ്ങിയാൽ നീന്താൻ ബുദ്ധിമുട്ട് ഉണ്ടാകും.

ഒരുപാട് ആത്മഹത്യകൾ നടന്ന സ്ഥലമാണ് ഡാമെന്നും അവിടെ പോയാൽ പ്രേതങ്ങൾ വെള്ളത്തിലേക്ക് പിടിച്ചു താഴ്ത്തി കൊണ്ടുപോകുമെന്നും അതുകൊണ്ട് ആ വഴി പോകരുത് എന്നും ഞങ്ങളുടെയൊക്കെ അമ്മമാർ പറഞ്ഞു പഠിപ്പിച്ചത് പ്രേതങ്ങളിലുള്ള വിശ്വാസം കൊണ്ടാകാൻ ഒരു സാധ്യതയുമില്ല. അങ്ങനെയെങ്കിലും അപകടം കുറയട്ടെ എന്നോർത്തിട്ടുണ്ടാകും.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ഡോ. ഫൈസൽ മുഹമ്മദ്

Works at General Education Department-Government of Kerala » FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 08:30:18 am | 29-03-2024 CET