തൊഴിൽ സ്ഥലത്തിൻറെ ഭാവി - സുധീർ മോഹൻ എഴുതിയ കുറിപ്പ് വായിക്കാതെ പോകരുത്

Avatar
Sudheer Mohan | 01-11-2021 | 5 minutes Read

ഭൂതകാല പെരുമയുടെ തടവറയെക്കാൾ എനിക്കിഷ്ടം നാളെയെ പറ്റിയുള്ള സ്വപ്ന വർണ്ണങ്ങളിൽ ആണ്. നാളത്തെ കേരളം കൂടുതൽ മനോഹരിയും ആരോഗ്യവതിയും സമ്പന്നയും ആയിരിക്കണം എന്ന സ്വപ്നം എനിക്കുണ്ട്. നിങ്ങളിൽ ചിലർക്കെങ്കിലും ഉണ്ടാവും എന്ന് കരുതുന്നു. ഈ വാരാന്ത്യത്തിൽ ഞാൻ എന്റെ ഒരു സുഹൃത്തിനെ യാദൃശ്ചികമായി കണ്ടു. അദ്ദേഹം ഒരു ചെറിയ സംരംഭം നടത്തുന്ന ആളാണ്. അദ്ദേഹം എന്നോട് ജോലിസ്ഥലത്തിന്റെ ഭാവി ഇനി എന്താവും എന്ന വലിയ ചോദ്യം ചോദിച്ചു. എന്താവും ജോലി സ്ഥലത്തിന്റെ ഭാവി എന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ കേരളത്തിന് വലിയൊരു ഭാവി ഉണ്ട് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

വർക്ക് ഫ്രം ഹോം - ഇത് നമ്മുടെ നാട്ടിൽ, കഴിഞ്ഞ 18 മാസങ്ങളിൽ പ്രചുരപ്രചാരത്തിൽ ആയ വാക്കുകൾ ആണ്.

എന്താണ് വർക്ക് ഫ്രം ഹോം ചെയ്യാൻ വേണ്ട സംവിധാനങ്ങൾ??

ഒരു വർക്ക് സ്റ്റേഷൻ (മേശ, കസേര, സ്റ്റോറേജ് ഒക്കെ), ഒരു യു പി എസ് (മീറ്റിംഗിന്റെ ഇടയിൽ ഇന്റർനെറ്റും കംപ്യൂട്ടറും പെട്ടന്ന് ഡിസ്കണക്ട് ആവുന്നത് പ്രൊഫഷണൽ അല്ലല്ലോ) പിന്നെ അത്യാവശ്യം സ്പീഡ് ഉള്ള ഇന്റർനെറ്റ് കണക്ഷൻ. പിന്നെ ഇരിക്കുന്ന ഇടം വളരെ മുഖ്യമാണ്. നല്ല വെളിച്ചം ഉള്ള, മോശമല്ലാത്ത ബാക്ക്ഡ്രോപ്പ് ഉള്ള ഒരു സ്ഥലത്ത് ആവണം നമ്മൾ ഇരിക്കേണ്ടത്. വെർച്യുൽ ബാക്ക്ഗ്രൗണ്ട് ഓപ്ഷൻ എല്ലാ മീറ്റിംഗ് സോഫ്റ്റ്‌വെയറിലും ഉണ്ടെങ്കിലും അതിനത്ര തനിമ പോരാ. എന്റെ കാര്യം പറയുക ആണെങ്കിൽ, എന്റെ വർക്ക് സ്റ്റേഷനു പിന്നിൽ ഒരു കണ്ണാടി ഉള്ള അലമാര ആയിരുന്നു. അലമാരയുടെ അതെ നിറത്തിലുള്ള ഒരു ഷീറ്റ് വാങ്ങി ആ കണ്ണാടി മറച്ചാണ് ഞാൻ എന്റെ ബാക്ക്ഡ്രോപ് വൃത്തി ഉള്ളതാക്കിയത്. അതിനു 400 രൂപയെ ചെലവ് വന്നുള്ളൂ.

പറഞ്ഞു തുടങ്ങിയത്, ജോലിസ്ഥലത്തിന്റെ ഭാവിയെ പറ്റിയാണ്.
മിക്കവാറും സ്ഥാപനങ്ങളും ഹൈബ്രിഡ് മോഡൽ എന്ന് പറയുന്ന രീതി അവലംബിക്കാൻ ആണ് സാധ്യത. ആഴ്ചയിലോ മാസത്തിലോ കുറച്ചു ദിവസങ്ങൾ ജോലിസ്ഥലത്തും ബാക്കി ദിവസങ്ങൾ റിമോർട്ട് ആയും. മാസത്തിൽ ഒരു ആഴ്ച മുഴുവൻ ഒരു ടീമിലെ എല്ലാവരും ഒരുമിച്ച് കാണുന്ന, ബാക്കി സമയത്ത് എല്ലാവരും റിമോർട്ട് ആവുന്ന ഒരു രീതിയും ഉണ്ടാവാം. ആ ആഴ്ചയിൽ കൂടുതലും പ്ലാനിങ്, സ്ട്രാറ്റജി, റിവ്യൂ അങ്ങിനെ ഉള്ള ദിശാബോധം നൽകുന്ന ആക്ടിവിറ്റീസും ബാക്കി സമയം ആ തീരുമാനങ്ങൾ നടപ്പിൽ വരുത്തുന്ന ഇൻഡിവിജ്വൽ കോൺട്രിബിയൂഷൻ ആൻഡ് കോർഡിനേഷനും ആയിരിക്കും. ഹൈബ്രിഡ് മോഡൽ - കുറച്ച് ഓഫീസിൽ, കുറച്ച് റിമോർട്ട് - ആയിരിക്കും മിക്കവാറും ഐ ടി കമ്പനികളുടെയും ജോലി സംസ്കാരം എന്ന് വേണം ഇപ്പോൾ അനുമാനിക്കാൻ.

ഈ റിമോർട്ടിൽ ആണ് നമ്മുടെ സാധ്യത.
നമ്മൾ വിഭാവനം ചെയ്യുന്ന ഒരു ചട്ടക്കൂട്ടിൽ അല്ല പുതിയ തലമുറ വളരുന്നത്. വിവാഹം, കുടുംബം, കുട്ടികൾ, മാതാപിതാക്കളുടെ പരിചരണം - ഇതൊക്കെ നിർബന്ധമായിരുന്നു മുൻപ് എങ്കിൽ ഇപ്പോൾ അതൊക്കെ ഓപ്‌ഷണൽ ആവുകയാണ്. ജോലി ചെയ്ത്, ആ വരുമാനം കൊണ്ട് ജീവിതം ആസ്വദിക്കണം, ലോകം കാണണം, പുതിയ അനുഭവങ്ങൾ തേടണം എന്നൊക്കെ ചിന്തിക്കുന്ന വലിയൊരു വിഭാഗം യുവത നമ്മുടെ നാട്ടിലും രാജ്യത്തും നാട്ടിലും വളരുന്നു. അവരുടെ അഭിരുചികൾക്ക് അനുസരിച്ചുള്ള അനുഭവങ്ങൾ സൃഷ്ടിക്കാൻ നമുക്ക് സാധിച്ചാൽ, അതൊരു വലിയ വ്യവസായം ആയി തന്നെ മാറും. അതിനു പക്ഷെ പരസ്പര സഹകരണം വേണം.

2 ദിവസം വഞ്ചിവീട്ടിൽ ഇരുന്നു ജോലി എടുക്കുന്നത് ആലോചിച്ചു നോക്കൂ - നമ്മുടെ ഉൾനാടൻ ജലപാതകളിലൂടെ യാത്ര ചെയ്ത്, നമ്മുടെ ജലവിഭവങ്ങൾ കഴിച്ച്, കായലിൽ നീന്തി, ചെറുവള്ളങ്ങൾ തുഴഞ്ഞു, ജല വിനോദങ്ങളിൽ ഏർപ്പെട്ട് അവിസ്മരണീയമായ 2 പ്രവർത്തി ദിനങ്ങളും ഒരു വാരാന്ത്യവും. ഇന്ന് അതിനു സാധിക്കുമോ ?? ഇല്ല. പക്ഷെ അത്തരം ഒരു അനുഭവം സാധ്യമാക്കിയാൽ?? അതിനു വേണ്ടി മാത്രം ആളുകൾ വരില്ലേ??

അതിമനോഹരമായ ഒരു സ്ഥലത്തു, ഒരു ഹോം സ്റ്റേയിൽ താമസിച്ചു, ആ കാലാവസ്ഥയും കാഴ്ചകളും തനത് രുചികളും ആസ്വദിച്ചുള്ള ഒരു പ്രവൃത്തി വാരം. അങ്ങിനെ അങ്ങിനെ എത്ര എത്ര സാധ്യതകൾ.

895-1635754612-helena-lopes-rgpqnvoicdg-unsplash
Photo Credit : https://unsplash.com/@wildlittlethingsphoto

പക്ഷെ, അതിനു വേണ്ടി കേരളം ശരിക്ക് ഒരുങ്ങണം.

1. ഇന്റർനെറ്റ് സേവനങ്ങൾ - നമ്മുടെ ടൂറിസ്റ്റു മേഖലകളിൽ അതിവേഗ ഇന്റർനെറ്റ് നടപ്പാക്കാൻ പ്രത്യേക ശ്രദ്ധ വേണം. അതിനായി സേവനദാതാക്കളുമായി ചർച്ച ചെയ്യണം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

2. ആഗോള നിലവാരത്തിൽ ഉള്ള സുരക്ഷയും വൃത്തിയും ഉറപ്പ് വരുത്താൻ ഉള്ള നടപടികൾ - സുരക്ഷയും വൃത്തിയും വളരെ മുഖ്യമാണ്. പലപ്പോഴും പലയിടത്തും അതുണ്ടാവാറില്ല

3. നല്ല പരിശീലനം നേടിയ ഹോസ്പിറ്റാലിറ്റി സ്റ്റാഫ് - നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം, നല്ല പരിശീലനം നേടിയ സ്റ്റാഫിന്റെ അഭാവം ആണ്. തർക്കശാസ്ത്ര പാരംഗതർക്ക് പറ്റിയ പണിയല്ല ഹോസ്പിറ്റാലിറ്റി.

4. വിശ്വാസ്യത - നമ്മൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ ഉറപ്പായും ലഭിക്കണം. അതില്ല എങ്കിൽ, ആളുകൾ തിരികെ വരില്ല എന്ന് മാത്രമല്ല, വരാൻ സാധ്യത ഉള്ള ആയിരങ്ങൾ വരാത്ത അവസ്ഥയും ഉണ്ടാവും. സോഷ്യൽ മീഡിയ റിവ്യൂ ഇരുതല മൂർച്ചയുള്ള വാൾ ആണ്

5. കണക്ടിവിറ്റി - നമ്മുടെ നാട്ടിലെ പല ടൂറിസ്റ്റു സ്ഥലങ്ങളും തമ്മിൽ നല്ല കണക്ടിവിറ്റി ഇല്ല. മൂന്നാർ, ആലപ്പുഴ, കുമരകം, വർക്കല തുടങ്ങിയ പ്രമുഖ സ്ഥലങ്ങളിലേക്ക് നമ്മുടെ എയർപോർട്ടിൽ നിന്നും റയിൽവേ സ്റ്റേഷനിൽ നിന്നും ഒരു മണിക്കൂർ ഇടവിട്ട് എ സി ബസ്സൊക്കെ ഉണ്ടെങ്കിൽ വളരെ നന്നായിരുന്നു. മൂന്നാറിൽ ഒക്കെ ഇലക്ട്രിക്ക് ഓട്ടോയും ഇലട്രിക്ക് ബസ്സും എന്ത് കൊണ്ട് വരുന്നില്ല എന്ന് നാം ചിന്തിക്കണം. എന്ത് രസമായിരിക്കും, ഇലട്രിക്ക് ഓട്ടോയിൽ മൂന്നാർ മുഴുവൻ കാണാൻ പോവുന്നത്. സൺ റൂഫ് ഒക്കെ ഉള്ള ഓട്ടോ ഒക്കെ വരട്ടെ സാർ. അത് പോലെ തന്നെ ആലപ്പുഴയിലും, മറ്റു ഇടങ്ങളിലും.

അത് പോലെ തന്നെ മുഖ്യമാണ് വിദേശ നഗരങ്ങളുമായുള്ള സാംസ്കാരിക കണക്ടിവിറ്റി. ഡച്ച്, ബ്രിട്ടീഷ്, ഇസ്രായേൽ, അറേബ്യ, ഫ്രാൻസ് - ഇവരൊക്കെ ആയി നമുക്ക് വലിയ സാംസ്കാരിക ചരിത്ര ബന്ധങ്ങൾ ഉണ്ട്. അത് കൃത്യമായി ഉപയോഗിക്കുന്നതിൽ നാം ഇത് വരെ വിജയിച്ചിട്ടില്ല.

6. സുരക്ഷിതമായ സാഹസിക വിനോദ സൗകര്യങ്ങൾ - വാട്ടർ സ്പോർട്സ്, കേരളം വിനിയോഗിക്കാത്ത സമ്പത്താണ്. കടലിലേക്ക് ഒരു സാഹസിക യാത്ര പോവാൻ എനിക്ക് ആഗ്രഹമുണ്ട്. നിങ്ങൾക്കും ഉണ്ടാവും. പക്ഷെ വിശ്വസിച്ച് ആരുടെ കൂടെ പോവും?? കൊച്ചി കായലിൽ ഒരു വൈകുന്നേരം വഞ്ചി തുഴയണം എന്നുണ്ട്. വാഗമണ്ണിൽ സുരക്ഷിതമായി പാരാ സെയ്‌ലിംഗ്, വെള്ളിയാംകുന്നിലേക്ക് ഒരു കടൽ യാത്ര, വർക്കലയിൽ ഒരു ജെറ്റ് സ്കീ, തുഷാരഗിരിയിൽ ഒരു റാഫ്റ്റിംഗ് - ഇതൊക്കെ വന്നാൽ ആളും വരും. പക്ഷെ സുരക്ഷ വേണം, താങ്ങുന്ന നിരക്ക് വേണം.

പലയിടത്തും കാണുന്ന കണക്ക് പ്രകാരം ഇന്ത്യയിൽ ഏകദേശം 45 ലക്ഷം ഐ ടി ജീവനക്കാരുണ്ട്. മാറിയ തൊഴിൽ സംസ്കാരത്തിൽ, ഇവരിൽ നല്ലൊരു പങ്കും ഹൈബ്രിഡ് രീതിയിലേക്ക് മാറും. അവരുടെ റിമോർട്ട് വർക്ക് ദിവസങ്ങളിൽ ചിലത് കേരളത്തിലേക്ക് വരേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. ഇവിടെ തന്നെ തൊഴിൽ തേടുന്ന യുവാക്കളുടെ ആവശ്യമാണ്. നികുതി വരുമാനം ആഗ്രഹിക്കുന്ന സർക്കാരിന്റെ, തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യമാണ്, ഇവിടെ മുതൽ മുടക്കിയ, മുടക്കാൻ ആഗ്രഹിക്കുന്ന ആളുകളുടെ ആവശ്യമാണ്. ഇത് പോലെ ഉള്ള കാര്യങ്ങൾക്ക് മുൻകൈ എടുക്കാൻ ആണ് സർക്കാരും നേതാക്കന്മാരും ഒക്കെ ഇനി ശ്രമിക്കേണ്ടത്.

മേല്പറഞ്ഞ 45 ലക്ഷം ആളുകളിൽ നിന്നും ഒരു 5 ലക്ഷം പേർ ഒരു തവണ കേരളത്തിൽ 4 ദിവസത്തെ റിമോർട്ട് വർക്ക് + വീക്കെൻഡ് ചെലവാക്കുന്നു എന്ന് കരുതുക. 5 ലക്ഷം x 4 = 20 ലക്ഷം രാത്രികൾ ആണ് അവർ ഇവിടെ ചെലവാക്കുക. ഒരു രാത്രിക്ക് 3000 രൂപ അവർ ചെലവാക്കും എന്ന് കരുതുക. 600 കോടി രൂപയുടെ സാധ്യത ആണ് ഇവിടെ തുറക്കുന്നത്. ഉല്ലാസം, സാഹസികത, ഷോപ്പിംഗ്, യാത്ര - ഇതിനൊക്കെ കൂടി അവർ ചെലവാക്കുന്നത് വേറെ. ആയിരം കോടി എങ്കിലും വാർഷിക വിറ്റു വരവുള്ള ഒരു പുതിയ സെക്ടർ ഇവിടെ വന്നാൽ ചുരുങ്ങിയത് 25,000 തൊഴിലെങ്കിലും (പ്രത്യക്ഷ + പരോക്ഷ) ഇവിടെ ഉണ്ടാവില്ലേ?? ഈ സാധ്യത ഉപയോഗപ്പെടുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്വം അല്ലേ??

റിമോർട്ട് വർക്ക് സാധ്യത ഉപയോഗപ്പെടുത്താൻ ശ്രമിക്കേണ്ട ഒരു മേഖല ആണ് കോഫി ഷോപ്പുകൾ. നമ്മുടെ നാട്ടിൽ കോഫി ഷോപ്പുകൾ വർദ്ധിക്കുന്നു എങ്കിലും അതൊന്നും ഒരു വർക്ക് സ്‌പേസ് സാധ്യത കണ്ടല്ല ഡിസൈൻ ചെയ്യുന്നത്. ഇനിയുള്ള കാലം, അത് കൂടി കണ്ടു വേണം കോഫി ഷോപ്പുകൾ ഉണ്ടാവാൻ. ഫ്രീ ഇന്റർനെറ്റ്, എർഗണോമിക്ക് ആയ ഇരിപ്പിടങ്ങൾ, ഒരല്പം അകലം പാലിച്ച്, വിർച്യുൽ പ്രൈവറ്റ് ഇടങ്ങൾ, പുറത്തു നിന്നും ഉള്ള ശബ്ദം ഉള്ളിൽ വരാത്ത നോയ്‌സ് ഫ്രീ ചുമരുകൾ, നല്ല ചായ/കാപ്പി/ലഘു ഭക്ഷണം - ഇതൊക്കെ ഉണ്ടെങ്കിൽ, കുറച്ചു മണിക്കൂറിലെ ജോലി ആളുകൾ പുറത്ത് ഇരുന്നും ചെയ്യും. ആളുകളെ അതിനു നിർബന്ധിക്കുന്ന, പ്രലോഭിപ്പിക്കുന്ന ഇടങ്ങൾ ഉണ്ടായി വരണം.

ഞാനും എന്റെ സഹപ്രവർത്തകനും കഴിഞ്ഞ ആഴ്ച ഒരു ദിവസം ഒരു കോഫി ഷോപ്പിൽ നേരിൽക്കണ്ട് ഒരുമിച്ച് ഇരുന്നു ചില വിഷയങ്ങൾ ചർച്ച ചെയ്ത് ജോലി എടുത്തു. വളരെ ഉണർവ് നൽകിയ ഒരു അനുഭവം ആയിരുന്നു അത്.
ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്?? അതിനു നമ്മൾ തയ്യാർ ആണോ എന്നാണ് ഈ കേരള പിറവി ദിനത്തിൽ നാം ചർച്ച ചെയ്യേണ്ടത് എന്നാണു എന്റെ വിനീത പക്ഷം. പുതിയ കേരളത്തിനും പുതിയ തൊഴിലുകൾക്കും ഇവിടെ കാലം സാധ്യത ഒരുക്കുന്നുണ്ട്. കുംഭകർണ്ണ സേവയിൽ നിന്നും നാം ഉണരണം എന്ന് മാത്രം. ആ നിദ്രയിൽ നിന്നും നമ്മൾ ഉണർന്ന് പുത്തൻ കേരളം സൃഷ്ടിക്കാൻ ഉള്ള ചർച്ചകൾക്കും നടപടികൾക്കും ഈ കേരള പിറവി ദിനം കാരണം ആവട്ടെ എന്നാണു എന്റെ ആശംസ !!


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Sudheer Mohan

» FaceBook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:39:51 pm | 02-12-2023 CET