1. വിദേശവിദ്യാഭ്യാസ ഏജന്സികൾ നല്ലതോ ചീത്തയോ?
കേരളത്തിലെ വിദേശ വിദ്യാഭ്യാസ ഏജൻസികൾ മിക്കവാറും രെജിസ്ട്രേഷൻ ഫീസ് അല്ലാതെ മറ്റു ഫീസ് ഈടാക്കുന്നില്ല. അവരുടെ വരുമാനം, കോളേജുകളും യുണിവേഴ്സിറ്റികളുമാണ് നൽകുന്നത്. ആദ്യ സെമസ്റ്റർ ഫീസിൽ നിന്നും ഒരു നിശ്ചിത ശതമാനം, ഏജൻസികൾക്ക് വിദ്യാഭ്യാസ സ്ഥാപനം നൽകുന്നുണ്ട്.
വിദ്യാർത്ഥികൾനേരിട്ട് ഏജൻസികൾ ഇല്ലാതെ അപേക്ഷിച്ചാലും ഒരു കുഴപ്പവുമില്ല. വിദേശ വിദ്യാർത്ഥികളുടെ ഫീസ് സ്വദേശി വിദ്യാർത്ഥികളുടെ ഫീസിന്റെ ഏകദേശം നാലിരട്ടിയാണ്. അതുകൊണ്ട് വിദേശത്ത് നിന്നും കുട്ടികൾവരേണ്ടത് കുട്ടികളേക്കാൾ സ്ഥാപനത്തിനാണ് ആവശ്യം. നേരിട്ട് അപേക്ഷിച്ചാൽ ഏജൻസിക്ക് വിദ്യാഭ്യാസസ്ഥാപനം കൊടുക്കുന്ന കമ്മീഷൻ നമുക്ക് ഇളവ് കിട്ടുന്നതുമല്ല
പക്ഷെ, കോളേജിമായി എഴുത്തുകുത്തുകൾ, SoP തയ്യാറാക്കൽ, വിസ പ്രോസസിംഗ് - ഇതിനൊക്കെ ഒരു ഏജന്സിയുണ്ടെങ്കിൽ എളുപ്പമുണ്ട്.
ഒരു കുഴപ്പം മാത്രമേയുള്ളൂ.
ഓരോ ഏജൻസിക്കും കരാറുകൾ കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി മാത്രമേ കാണൂ , ആ സ്ഥാപനങ്ങളിലേക്ക് പോകാൻ അവർ വിദ്യാർത്ഥികളെ നിർബന്ധിക്കും. ചോയിസ് കുറഞ്ഞു പോകും എന്നർത്ഥം.
മറ്റൊരു കുഴപ്പം കൂടിയുണ്ട് : വളരെ കുറഞ്ഞഫീസിൽ ആൾപാർപ്പ് കുറഞ്ഞ പ്രവിശ്യകളിൽവിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്, പക്ഷെ, അവയിൽ മിക്കവയ്ക്കും ഏജന്സികളുണ്ടാകാറില്ല. ടൊറന്റോ പോലുള്ള വലിയ പട്ടണങ്ങളിലേക്കായിരിക്കും എല്ലാ ഏജൻസികളും പൊതുവെ കുട്ടികളെ അയക്കുന്നത്.
ആൾപാർപ്പ് കുറഞ്ഞ പ്രദേശങ്ങളിൽ (നോവ സ്കോഷ്യ പോലുള്ള പ്രൊവിൻസുകളിൽ ) വിദ്യാഭ്യാസം നടത്തിയാൽ, പിന്നീട് അവിടെ തന്നെ ജീവിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് Provincial Nomination Program (PNP) വഴി പെട്ടെന്ന് പെർമനന്റ് റസിഡൻസി (PR) ലഭിക്കും , അതിനുള്ള അവസരം പട്ടണങ്ങളിൽ പോയി പഠിക്കുന്നവർക്ക് നഷ്ടപ്പെടാറുണ്ട്
അതേസമയം അതിൽ ഒരു ഗുണം ഉണ്ട് : പട്ടണങ്ങളിൽ എത്തിപ്പെട്ടാൽ, കുട്ടികൾക്ക് പാർട്ടി ടൈം ജോലി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. നന്നായി അദ്ധ്വാനിച്ചാൽ കോളേജ് ഫീസ് ഒഴികെ ബാക്കി ചിലവുകളൊക്കെ സ്വയമായി വഹിക്കാൻ പറ്റും.
2 . പ്ലസ് ടൂ കഴിഞ്ഞു പോകണോ, ഡിഗ്രിക്ക് ശേഷം പോകണോ?
ഇതിനു കൃത്യമായ ഉത്തരം ഇല്ല.പോകാൻ പദ്ധതിയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് പോകുന്നത് നല്ലത്. പ്ലസ് ടൂ കഴിഞ്ഞാൽ നമ്മുടെ രീതിയനുസരിച്ച് ഡിഗ്രി (അണ്ടർ ഗ്രാജുവേഷൻ ) മൂന്നു വര്ഷം ആണ്, പക്ഷെ, കാനഡയിൽ മിക്ക യുണിവേഴ്സിറ്റികളും നാല് വർഷമാണ്. നാല് വര്ഷം കനത്ത ഫീസ് കൊടുത്ത് പഠിക്കുന്നത് ബുദ്ധിമോശമാണ് എന്നാണു എന്റെ അഭിപ്രായം.
രണ്ടുവർഷത്തെ മൂന്നു വര്ഷത്തെയോ ഡിപ്ലോമാ , അഡ്വാൻസ് ഡിപ്ലോമ - പോലുള്ള കോഴ്‌സുകൾ പഠിച്ചാൽ അത്രയും കുറച്ച് ഫീസ് കൊടുത്താൽ മതിയല്ലോ. കോഴ്സ് പൂർത്തിയായാൽ മൂന്നു വര്ഷം കാനഡയിൽ ജോലി ചെയ്യുന്നതിനുള്ള വിസ ലഭിക്കും. മൂന്നു വർഷത്തിനുള്ളിൽ തുടർച്ചയായി ഒരു വര്ഷം എന്തെങ്കിലും skilled job ചെയ്‌താൽ പെർമനന്റ് റസിഡൻസിക്ക് (PR ) അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കും.
ഇപ്പോഴത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട ഒരു skilled job സംഘടിപ്പിക്കാൻ വലിയ ബുദ്ധിമുട്ടില്ല. മാത്രവുമല്ല, PR നു അപേക്ഷിക്കാൻ, പഠിച്ച ഡിസിപ്ലിനിൽ തന്നെ ജോലി ചെയ്യണം എന്ന് നിര്ബന്ധമില്ല. PR ലഭിച്ചാൽ തുടർ വിദ്യാഭ്യാസത്തിനു വിദേശ വിദ്യാർത്ഥിയുടെ ഫീസ് നൽകേണ്ടതില്ല-ചെറിയ ഫീസിൽ ഡിഗ്രിയോ മാസ്റ്റഴ്‌സോ, ഡോക്ടറേറ്റോ എടുക്കാവുന്നതേയുള്ളൂ. - അതും ജോലി ചെയ്തുകൊണ്ട് തന്നെ. സാഹയ്ഹ്ന ക്ളാസുകൾപോലുള്ള ധാരാളം സംവിധാനങ്ങൾ മിക്ക യുണിവേഴ്സിറ്റികളിലുമുണ്ട് .
ഡിഗ്രി കഴിഞ്ഞവരാണെങ്കിൽ രണ്ട് വര്ഷം മാസ്റ്റേഴ്സ് കോഴ്‌സുകൾക്ക് ചേരാം. അപ്പോഴും കോഴ്സ് കഴിഞ്ഞു മൂന്നു വര്ഷം ജോലി ചെയ്യുന്നതിനുള്ള വിസ ലഭിക്കും. PR കിട്ടുന്നതിനുള്ള സാധ്യതകൾ ഇവർക്ക് വളരെ കൂടുതലുണ്ട്.
എങ്കിലും ഇപ്പോൾ പ്ലസ് ടൂ കഴിഞ്ഞവർ ഡിഗ്രികൂടി കഴിയാൻ കാത്ത് നിൽക്കാത്തതാവും ഉചിതം.
(അതേസമയം ഡിഗ്രിയും തൊഴിൽ പരിചയവും ഉണ്ടെങ്കിൽ പഠിക്കാൻ പോകേണ്ട ആവശ്യമില്ലല്ലോ, മൈഗ്രെഷൻ നടത്തുന്നതാവും ഏറ്റവും നല്ലത്, അതിനുള്ള യോഗ്യതകളില്ലാത്തവരേ വിദ്യാഭ്യസവിസ എന്ന എളുപ്പവഴി നോക്കേണ്ടതുള്ളൂ )
3. ഏത് കോഴ്സ് ആണ് എടുക്കേണ്ടത് ?
ഇന്ത്യയിലെ ഏതു യൂണിവേഴ്സിറ്റികൾ ഉള്ളതിലും കൂടുതൽ വൈവിധ്യമുള്ള കോഴ്‌സുകൾ അവിടുത്തെ ചെറിയ കോളേജുകളിൽ പോലുമുണ്ട്. അവരവരുടെ കഴിവും അഭിരുചിയും അനുസരിച്ച് കോഴ്‌സുകൾതിരഞ്ഞെടുക്കാം - പക്ഷെ, കാനഡയിൽ തന്നെ ജോലി ചെയ്യാനാണ് ആഗ്രഹിക്കുന്നത് എങ്കിൽ അവിടുത്തെ ജോബ് മാർക്കെറ്റിംൽ ഡിമാന്റുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതാവും ഉചിതം.
4 . എവിടെ പഠിക്കണം?
ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ജനസംഘ്യ കുറവുള്ള പ്രൊവിൻസുകളിൽ പഠിക്കുന്നതും , താമസിക്കുന്നതും ഓരോപ്രവിശ്യയിലെയും ഗവണ്മെന്റുകൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ചില പ്രൊവിൻസുകളിൽ പഠിക്കുന്ന കാലം കൂടി പരിഗണിച്ച്, പെട്ടെന്ന് PR കിട്ടുന്നതിനുള്ള സംവിധാനങ്ങളുണ്ട്.
പക്ഷെ, പൊതുവെ ഏജന്സികൾ ഇത്തരം കോളേജുകളും യുണിവേഴ്സിറ്റികളും പ്രോസ്താഹിപ്പിക്കാറില്ല. അവർക്ക് കമ്മീഷൻ കിട്ടാത്തതാവാം കാരണം. അത്തരം സ്ഥലങ്ങളിൽ ഫീസ് താരതമ്യേന വളരെ കുറവായിരിക്കും. അഡ്മിഷൻ കാര്യങ്ങൾ ഓൺലൈൻ വഴി നേരിട്ട് കോളേജുമായി നടത്തേണ്ടി വരും. എല്ലാ കോളേജുകളും മെയിലിനു കൃത്യമായി മറുപടി നൽകുകയും, വേണ്ട മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യും. മുന്പ റഞ്ഞ ഒരു വിഷയം ആവർത്തിക്കുന്നു - അത്തരം സ്ഥലങ്ങളിൽ പഠനത്തോടൊപ്പം ജോലി കിട്ടുന്നത് ബുദ്ധിമുട്ടായിരിക്കും.
5 . യൂണിവേഴ്സിറ്റികൾ തിരഞ്ഞെടുക്കണോ കോളേജുകൾ മതിയോ?
ഉയർന്ന റേറ്റിംഗ് ഉള്ള യൂണിവേഴ്‌സിറ്റികളിൽ പഠിക്കുന്നത് നല്ല കാര്യമാണ്, ഭാവിയിൽ ഉറപ്പായും പ്രയോജനങ്ങളുണ്ടാകും. പക്ഷെ, ഫീസ് അതിനനുസരിച്ച് കനത്തതായിരിക്കും, അഡ്മിഷൻ കിട്ടുന്നതിന് നല്ല മാർക്കും വേണ്ടിവരും എന്ന് മാത്രം. എങ്ങിനെയും കാനഡയിൽ എത്തിപ്പെടാൻ ആഗ്രഹിക്കുന്നവർ കോളേജുകളെ തിരഞ്ഞെടുക്കുന്നതിൽ ഒരു അപാകതയുമില്ല. അഡ്മിഷൻ കിട്ടാൻ എളുപ്പമുണ്ട്, ഫീസും കുറയും.
6. പഠനത്തോടൊപ്പം ജോലി ചെയ്ത പണം ഉണ്ടാക്കാൻ കഴിയുമോ?
വിദ്യാർത്ഥികൾക്ക് നിശ്ചിത മണിക്കൂർ ജോലി ചെയ്യുന്നതിനുള്ള അനുവാദമുണ്ട്. പട്ടണങ്ങളിൽ ജോലി കിട്ടുന്നതിന് ബുദ്ധിമുട്ടുകളില്ല. അങ്ങിനെ സ്ഥിരമായി ജോലി ചെയ്‌താൽ, പാഴ്ച്ചിലവുകളില്ലാത്തവർക്ക്, വാടക-വട്ടചിലവുകൾനടത്തനുള്ള പണം സംബാധിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. കോളേജ് ഫീസ് മാത്രം നാട്ടിൽ നിന്നും അയച്ചാൽ മതിയാകും. കോളേജ് ഫീസിന്റെ നല്ലൊരു ഭാഗം കൂടി ജോലി ചെയ്ത ഉണ്ടാക്കുന്ന മിടുക്കന്മാരുണ്ട്. നിയമാനുസൃതമല്ലാതെ നിശ്ചിത സമയം കഴിഞ്ഞു ജോലി ചെയ്യുന്നവരുമുണ്ട് .
അങ്ങനെ ചെയ്യുന്നവർ പിടിക്കപ്പെട്ടാൽ തിരികെ നാട്ടിലേക്ക് കയറ്റിവിടും എന്നറിഞ്ഞിരിക്കുന്നത് നല്ലത്. മാത്രവുമല്ല, അങ്ങിനെ ചെയ്യുന്ന ജോലിയ്ക്ക് രേഖകളൊന്നുമില്ലാതെ പണമായി നേരിട്ട് വാങ്ങേണ്ടി വരും എന്നതുകൊണ്ട്, ചൂഷണം ധാരാളം നടക്കുണ്ട്, ചൂഷകർ നമ്മുടെ നാട്ടുകാരാണ് കൂടുതലും എന്ന പറയേണ്ടതില്ലല്ലോ.
7 . വിദ്യാഭ്യാസത്തിനു പോയാൽ PR കിട്ടാൻ സാധ്യതയുണ്ടോ?
തീര്ച്ചായും ഉണ്ട്. പഠിച്ചു പാസാക്കുകയും, നല്ല ബന്ധങ്ങളുണ്ടാക്കി, ജോലി സമ്പാദിക്കുകയും ചെയ്‌താൽ ഇപ്പോഴത്തെ നിയമങ്ങൾ അനുസരിച്ചു വിദ്യാഭ്യാസ ശേഷം PR കിട്ടുന്നതിന് കാര്യമായി ബുദ്ധിമുട്ടില്ല. മാത്രവുമല്ല കോവിഡിന് ശേഷം കാനഡ കൂടുതൽ ആളുകൾക്കു പൗരത്വം നൽകിൻ പദ്ധതിയിടുന്നതായിട്ടുള്ള സൂചനകളാണ് പുറത്ത് വരുന്നത്. അതിൽ അവിടെ പഠിച്ചവർക്കും തൊഴിൽ പരിചയമുള്ളവർക്കും ആയിരിക്കും മുൻഗണന
8. കാനഡയിൽ പഠിക്കാൻ പോകുന്നത് നല്ലതോ?
ഇതുവരെ പറഞ്ഞകാര്യങ്ങൾവസ്തുതകളാണ്. ഇനിയുള്ളത് വ്യക്തിപരമായ അഭിപ്രായം മാത്രം. (നാടിനോട് പ്രണയം , മാതൃഭാഷസ്നേഹം , ദേശസ്നേഹം, ദേശീയത -ഇതൊന്നും കാര്യമായി ഇല്ലാത്തയാളാണ് ഞാൻ. നാട്ടുനടപ്പ് രീതിയിലുള്ള കുടുംബം എന്ന സങ്കൽപ്പത്തിനോടും വല്യ പ്രിയമില്ല- ഇതെല്ലാം അഭിപ്രായത്തെ സ്വാധീനിച്ചെക്കാം)
കുട്ടികൾക്കു കൂടി താല്പര്യമെങ്കിൽ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിൽ ജീവിക്കാൻ പറഞ്ഞയക്കുന്നത് ഏറെ നല്ലത്.
അവർ അന്യനാട്ടിൽ വരുത്തന്മാരായി കഴിയും എന്നൊന്നും കരുതേണ്ടതില്ല -
ഈ ഭൂമിയിൽ എല്ലാവരും വരുത്തന്മാരാണ്.
ചിലർ പതിനായിരം കൊല്ലം മുൻപ് വന്നു, ചിലർ കുറെ കഴിഞ്ഞു വന്നു.
ചിലർ സമാധാനത്തിന്റെ മതം പ്രചരിപ്പിക്കാൻ വന്നു, ചിലർ കീഴടക്കാൻ വന്നു
ചില വിസ എടുത്ത് വന്നു, ചിലർ അനധികൃതമായൊ അഭയാർത്ഥികളോ ആയി വന്നു.
എല്ലാവരും വരുത്തന്മാർ മാത്രം
എവിടെ ജീവിക്കുന്നോ അതാണ് നാട്.
അടുത്ത് താമസിക്കുന്നവർ അയൽക്കാർ.
Also Read » AI സാങ്കേതിക വിദ്യകൾ വളർന്നു വരുന്ന ഈ സാഹചര്യം IT ഫീൽഡിൽ ജോലി ചെയ്യുന്നവർക്ക് ഗുണകരമാകുമോ ?
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.