ഓക്സിജൻ ഉല്പാദിപ്പിക്കുന്നതെങ്ങനെ ? - ഒരു ആമുഖം.

Avatar
Viswa Prabha | 24-04-2021 | 6 minutes Read

പെട്രോൾ പോലെയോ ഇരുമ്പുപോലെയോ എവിടെനിന്നെങ്കിലും കുഴിച്ചെടുക്കുകയോ ഉരുക്കിയുണ്ടാക്കുകയോ ചെയ്യേണ്ടതല്ല ഓക്സിജൻ. .....

യഥാർത്ഥത്തിൽ ഓക്സിജന്റെ ഒരു പ്രളയത്തിലാണു് നാം സദാ ജീവിയ്ക്കുന്നതുതന്നെ. നമുക്കുചുറ്റുമുള്ള വായുവിൽ അഞ്ചിൽ ഒരു ഭാഗം ഓക്സിജനാണു്. ബാക്കിയുള്ളതിൽ കഷ്ടിച്ച് നാലുഭാഗവും മിക്കവാറും ഒരു നിർഗ്ഗുണപരബ്രഹ്മമായ നൈട്രജനും. തുറസ്സായ അന്തരീക്ഷത്തിലാണെങ്കിൽ ഇവ രണ്ടും ഒഴിച്ച് ബാക്കിയുള്ള ഒരു ശതമാനത്തിനുള്ളിലാണു് ആർഗോൺ, കാർബൺ ഡയോക്സൈഡ്, കാർബൺണ്മോണോക്സൈഡ്, നീരാവി തുടങ്ങിയ മറ്റു ഘടകങ്ങൾ മൊത്തം ഉൾപ്പെടുന്നതു്. ഒട്ടുമിക്കവാറും അടച്ചുപൂട്ടിയ മുറികൾക്കും മറ്റു നിർമ്മിതികൾക്കും ഉള്ളിൽ ഈ അനുപാതം കുറേശ്ശെ വ്യത്യാസപ്പെടാം. മനുഷ്യരോ മൃഗങ്ങളോ ജീവിക്കുന്നതോ തുടർച്ചയായി തീ കത്തുകയോ ചെയ്യുന്ന അറകൾക്കുള്ളിൽ കാർബൺ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവയുടെ അളവു് ഗണ്യമായി വർദ്ധിച്ചെന്നു വരാം. മൊത്തം വായുവിൽ ഓക്സിജന്റെ അളവു 17-18 ശതമാനത്തിൽ കുറഞ്ഞാൽ അതു് ജീവനു് ഭീഷണിയാകാവുന്ന ഒരു സാഹചര്യമായി മാറും. എന്നാൽ, വായുവിലെ മറ്റു ഘടകങ്ങളുമായി അന്തർവ്യാപനം (diffusion) നടത്താൻ ഓക്സിജനുള്ള താരതമ്യേന മികച്ച പ്രവണത മൂലം ചെറിയ കുറച്ച് വെന്റിലേഷൻ ദ്വാരങ്ങളെങ്കിലുമുള്ള സാധാരണ വസതികളിലും കെട്ടിടങ്ങളിലും ഇങ്ങനെ സംഭവിക്കാറില്ല.

ഇങ്ങനെ വായുവിൽ സമൃദ്ധമായി ഓക്സിജൻ ഉണ്ടായിരിക്കുമ്പോൾ പോലും കോവിഡ് മഹാമാരിയുടെ സമയത്തു് ഇന്ത്യയെപ്പോലുള്ള ഒരു മഹാരാജ്യത്തു് ഓക്സിജൻ ലഭ്യത ഒരു പ്രശ്നമാവുന്നതു് എന്തുകൊണ്ടാണു്? ഇതിനു കാരണം ഓക്സിജൻ അപൂർവ്വമായ ഒരു വാതകമായതുകൊണ്ടല്ല.

ഏതുതരത്തിലുള്ള ഓക്സിജനാണു് ഇപ്പോൾ ക്ഷാമം അനുഭവപ്പെടുന്നതെന്നും അതെന്തുകൊണ്ടാണെന്നും മനസ്സിലാക്കാൻ ശ്വാസവായുവിലൂടെ വേണ്ടത്ര ഓക്സിജൻ ലഭിക്കാതാവുമ്പോൾ ശരീരത്തിൽ എന്തൊക്കെ സംഭവിക്കുന്നു എന്നറിയണം.

കോവിഡും ഓക്സിജനും തമ്മിലുള്ള ബന്ധം

കോവിഡ് ബാധിച്ച ഒരു രോഗിയ്ക്കു് ഏറ്റവും അപകടകരമായ അവസ്ഥയുണ്ടാവുന്നതിന്റെ തുടക്കം അവരുടെ ശ്വാസകോശത്തിനുണ്ടാവുന്ന ആകസ്മികമായ ക്ഷതമാണു്.

മനുഷ്യരിൽ ശ്വസനപ്രക്രിയയുടെ ഏറ്റവും ഒടുവിലെ ഘട്ടം ശ്വാസകോശത്തിലെ അതിസൂക്ഷ്മമായ, ബലൂൺ രൂപത്തിലുള്ള കുമിളകളിലാണു് നടക്കുന്നതു്. ഉച്ഛ്വാസനിശ്വാസങ്ങൾക്കിടയിൽ ഈ കുമിളകൾ പുറത്തുനിന്നും വരുന്ന വായു മൂലം നിരന്തരം വീർക്കുകയും തൊട്ടുപിന്നാലെ ചുങ്ങുകയും ചെയ്യുന്നു. വീർത്തിരിക്കുമ്പോൾ (മർദ്ദം കൂടിയിരിക്കുമ്പോൾ) കുമിളകളുടെ ആവരണസ്തരങ്ങളിലെ കോശങ്ങൾ അവയെ തൊട്ടുപുണർന്നു കിടക്കുന്ന അതിസൂക്ഷ്മമായ രക്തക്കുഴലുകളിലേക്കു് ഓക്സിജൻ കടത്തിവിടുന്നു. അതോടൊപ്പം തന്നെ രക്തത്തിലെ കാർബൺ ഡയോക്സൈഡ് തിരിച്ചെടുത്തു് ശ്വാസനാളത്തിലൂടെ പുറത്തേയ്ക്കു് തള്ളിവിടുകയും ചെയ്യുന്നു.

ഇങ്ങനെ ചെയ്യുമ്പോൾ എല്ലാ തവണയും അകത്തേക്കെടുത്ത വായുവിലെ 100% ഓക്സിജനും രക്തത്തിലേക്കു് കടന്നുപോവുന്നില്ല. (അതുപോലെ, 100% കാർബൺ ഡൈ ഓക്സൈഡും രക്തത്തിൽനിന്നു് വലിച്ചെടുക്കപ്പെടുന്നുമില്ല). ആകെ കുമിളകളുടെ മൊത്തം ഉപരിതലവിസ്തീർണ്ണം എത്ര, അവയിൽ എത്ര ഭാഗം മികച്ച പ്രവർത്തനക്ഷമതയുള്ളതാണു്, രക്തക്കുഴലുകളുടെ വണ്ണം എത്ര, രക്തക്കുഴലുകൾക്കും കുമിളകൾക്കുമിടയിലുള്ള ചർമ്മം എത്ര സുതാര്യമാണു് ഇതൊക്കെയനുസരിച്ച് ശരീരത്തിനു ലഭിയ്ക്കുന്ന ഓക്സിജന്റെ അളവു് കൂടുകയും കുറയുകയും ചെയ്യാം.

പൂർണ്ണ ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശങ്ങളിലെ കുമിളാചർമ്മങ്ങൾ അന്യപദാർത്ഥങ്ങളുടെ സാന്നിദ്ധ്യമില്ലാതെ മികച്ച പ്രവർത്തനശേഷിയുള്ളവയായിരിക്കും. എന്നാൽ പ്രായാധിക്യമുള്ളവർ, പുകയില, ആസ്ബസ്റ്റോസ്, സിമന്റ് പൊടി, വിറകടുപ്പിലെ പുക, തുടങ്ങിയ ഹാനികരമായ പദാർത്ഥങ്ങൾ നിരന്തരം ശ്വസിക്കേണ്ടി വരുന്നവർ, ആസ്ത്മ, അലർജി തുടങ്ങിയ രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർക്കു് ഈ ചർമ്മം വേണ്ടത്ര സുതാര്യമായിരിക്കില്ല. കുറഞ്ഞ അളവിൽ എല്ലായിടത്തും ഒരേപോലെയോ കൂടിയ അളവിൽ അങ്ങിങ്ങുമായി ചിലേടത്തുമാത്രമായോ ശ്വാസകോശസ്തരം ‘കറ‘ പിടിച്ച് ദുർബ്ബലമായിട്ടുണ്ടാവാം.

നാം സ്വതേ ശ്വസിക്കുന്ന വായു തന്നെ അതേ അളവിൽ ലഭിച്ചാലും അത്തരം ആളുകൾക്കു് ആ വായുവിലെ ഓക്സിജൻ മുഴുവനായും രക്തത്തിലേക്കു് വലിച്ചെടുക്കാൻ കഴിയില്ല. ശരീരത്തിന്റെ തൂക്കത്തിനനുസരിച്ച് ആവശ്യമായത്ര ഓക്സിജൻ കോശങ്ങൾക്കു ലഭിച്ചില്ലെങ്കിൽ അത്തരം കോശങ്ങൾ വളരെ പെട്ടെന്നുതന്നെ ക്ഷീണിച്ച് മൃതാവസ്ഥയിലെത്തും. ഏതു് അവയവത്തിലാണോ അത്തരം പ്രശ്നം ആദ്യം ബാധിക്കുന്നതു് ആ അവയവവുമായി ബന്ധപ്പെട്ട ലക്ഷണങ്ങളും അസുഖവും പ്രത്യക്ഷപ്പെടാൻ തുടങ്ങും.

എല്ലാ ജീവികൾക്കുമുള്ള ഏറ്റവും അടിസ്ഥാനപരമായ സ്വയം‌പ്രേരണം പ്രാണവായു അകത്തേക്കു വലിച്ചെടുക്കാനുള്ള ചോദനയാണു്. വിശപ്പു്, ദാഹം, ഉഷ്ണം, ഉറക്കം തുടങ്ങിയ മറ്റു ചോദനകൾക്കൊന്നും ഈ പ്രഥമാവശ്യത്തിന്റെ അടുത്തുപോലും സ്ഥാനമില്ല.

വേണ്ടത്ര ഓക്സിജൻ ലഭിക്കാഞ്ഞാൽ ശരീരത്തിലെ മിക്ക കോശങ്ങളും ഏതാനും സെക്കൻഡുകൾ മുതൽ ഏതാനും മിനിട്ടുകൾ വരെയുള്ള ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മരിച്ചുപോവും. ഇതിനെ ഷോക്ക് എന്നു വിളിക്കും. ഇങ്ങനെ ഒരേ അവയവത്തിന്റെ ധാരാളം കോശങ്ങൾ നശിച്ചുപോയാൽ ആ അവയവവും ആ അവയവധർമ്മം നിന്നുപോകുന്നതോടെ അതുമായി ബന്ധപ്പെട്ട മറ്റു് അവയവങ്ങളും ഒന്നിനുപിന്നാലെ മറ്റൊന്നായി അതിദ്രുതമായി നിന്നുപോവും. ഇതാണു് Multiple Organ Dysfunction Syndrome. ഹൃദയം, തലച്ചോർ തുടങ്ങിയ അവയവങ്ങളെയാണു് ഏറ്റവും ആദ്യം ഈ പ്രതിസന്ധി ബാധിക്കുക. തുടർന്നു് കരൾ, വൃക്ക, വിവിധ ഗ്രന്ഥികൾ, പേശികൾ തുടങ്ങിയവയും.
ജീവൻ നിലനിർത്തുന്ന കാര്യത്തിൽ പേശികളിൽതന്നെ ഏറ്റവും പ്രധാനപ്പെട്ടതാണു് നെഞ്ചിനും ഉദരത്തിനും ഇടയ്ക്കുള്ള ഡയഫ്രം എന്ന പേശിയും നെഞ്ചിൻ‌കൂടിനെ പൊതിഞ്ഞുള്ള പേശികളും. ഇവയ്ക്കു ക്ഷീണം സംഭവിച്ചാൽ ശ്വാസം അകത്തേക്കു വലിച്ചെടുക്കാനുള്ള - അതായതു് നെഞ്ചു് വീർപ്പിക്കാനുള്ള- നമ്മുടെ ശേഷി തന്നെ അവതാളത്തിലാവും. അതോടെ ഓക്സിജൻ ക്ഷാമം കൂടുതൽ രൂക്ഷമാവും. അങ്ങനെ രോഗി വളരെ പെട്ടെന്നു് മരണാസന്നമായ ഗുരുതരാവസ്ഥയിൽ എത്തും.

കോവിഡ് അസുഖത്തിന്റെ പ്രത്യാഘാതങ്ങളെ ഒന്നിലധികം ഘട്ടങ്ങളായി വേർതിരിക്കാം.

ഒന്നു്:

കോവിഡ് അസുഖത്തിനു കാരണമായ സാർസ്-കോവിഡ്-2 (SARS-COV-2) എന്ന നോവൽ കൊറോണാവൈറസ് ശ്വാസകോശത്തിലെ കുമിളാസ്തരങ്ങളിൽ എത്തിപ്പെട്ടാൽ അവയിൽ നുഴഞ്ഞുകയറുകയും ആ സ്തരകോശങ്ങളിലെ പോഷകം ഉപയോഗിച്ച് സ്വയം പ്രത്യുല്പാദനം നടത്തുകയും ചെയ്യുന്നു. ഇതോടെ സ്തരകോശങ്ങൾ നശിക്കുകയും പകരം പുനർനിർമ്മിക്കേണ്ട പുതിയ സ്തരകോശങ്ങളുടെ ഉല്പാദനം നിലയ്ക്കുകയും ചെയ്യുന്നു. തീർച്ചയായും, അകത്തേക്കു വലിച്ചെടുക്കുന്ന ഓക്സിജന്റെ അളവു് ഇതോടെ കുറഞ്ഞുതുടങ്ങുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രണ്ടു്:

ഇത്രയും പ്രധാനപ്പെട്ട ഒരു ശരീരഭാഗത്തു് അതുവരെ നമുക്കു് യാതൊരു പരിചയവുമില്ലാത്ത ഒരു വിഷാണു ഇങ്ങനെ പുറത്തുനിന്നു് എത്തിപ്പെട്ടാൽ നമ്മുടെ ശരീരത്തിലെ അതിസങ്കീർണ്ണമായ പ്രതിരോധസംവിധാനങ്ങൾ ഉടൻ പ്രവർത്തിച്ചുതുടങ്ങുന്നു. പല രീതികളിലാണു് ഈ പ്രവർത്തനം നടക്കുന്നതു്. എങ്കിലും വളരെ ലളിതമായിപ്പറഞ്ഞാൽ, വിഷാണു കടന്നുകയറിയ (അതുവരെ നമ്മുടെ ശരീരത്തിന്റെ നല്ല ഭാഗമായിരുന്ന) കോശങ്ങളെ പ്രത്യേകതരം ദഹനരസങ്ങളുപയോഗിച്ച് നമ്മുടെ ശരീരം തന്നെ നശിപ്പിക്കാൻ തുടങ്ങുന്നു. ഒരു വാഹനാപകടം നടന്നാൽ അപകടം സംഭവിച്ചതു് ആർക്കാണെന്നു ശ്രദ്ധിക്കാൻ മെനക്കെടാതെ ഉടൻ തന്നെ രക്ഷാപ്രവർത്തങ്ങൾ നടത്താൻ ശ്രമിക്കുന്ന സാധാരണ ആൾക്കൂട്ടത്തിന്റെ പ്രവൃത്തിപോലെയാണു് ഇതു്. വന്നിരിക്കുന്നതു് sars-cov-2 എന്ന പുതിയൊരു പ്രത്യേക അവതാരമാണെന്നുപോലും ആ സമയത്തു് ശരീരം തിരിച്ചറിയുന്നില്ല. നമ്മുടെ കോശവിധികളുമായി യോജിക്കാത്തതെന്തോ അതിനെയെല്ലാം ഏതുവിധേനയും നശിപ്പിക്കുക എന്നൊരു സാമാന്യതത്വം മാത്രമേ ആ സമയത്തു് പാലിക്കപ്പെടുന്നുള്ളൂ. (ഇതിനെ നമ്മുടെ സ്വാഭാവിക-സാമാന്യ-പ്രതിരോധം innate immunity responseഎന്നു പറയുന്നു).

ഏതിനം വൈറസുകൾ അല്ലെങ്കിൽ ബാൿടീരിയകൾ എന്നു തിരിച്ചറിയാതെത്തന്നെ, അവ കടന്നുകയറി വിഷലിപ്തമായിത്തീർന്ന സഹകോശങ്ങളെ ഇങ്ങനെ നശിപ്പിക്കുന്നതിനു് സജ്ജമായ പ്രത്യേക കോശങ്ങൾ (വെളുത്ത രക്താണുക്കൾ) നമ്മുടെ രക്തത്തിൽ സ്ഥിരമായിത്തന്നെയുണ്ടു്. വൈറസുമായുള്ള ഇവയുടെ ആദ്യനിര കാലാൾ യുദ്ധത്തിൽ ഇരുവശത്തും അസംഖ്യം കോശങ്ങൾ ചത്തുവീഴുന്നു. അവയുടെ മൃതാവശിഷ്ടങ്ങളാണു് പഴുപ്പ് അഥവാ ചലം. അങ്ങനെ പഴുത്തിരിക്കുകയോ പഴുത്തുണങ്ങുകയോ ചെയ്ത അവസ്ഥയെ വ്രണം (inflammation) അല്ലെങ്കിൽ പരു (scar) എന്നു പറയാം.

ഇങ്ങനെ ഉണ്ടായിത്തീരുന്ന പഴുപ്പും (ചലം fester or suppuration) അതോടൊപ്പം സാധാരണ അവസ്ഥയിൽ തന്നെ ശ്വാസകോശം കഴുകിത്തുടക്കുന്നതിനു് സോപ്പുപോലെ പ്രയോജനപ്പെടുന്ന കഫം (phlegm) എന്ന പശയും യുദ്ധരംഗത്തുനിന്നു് തൽക്ഷണം നീക്കം ചെയ്യപെടേണ്ടതാണു്. പക്ഷേ, ശ്വാസകോശത്തിന്റെ കീഴ്ത്തട്ടിൽനിന്നു് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള ലിഫ്റ്റ് പോലെയുള്ള പ്രത്യേക സംവിധാനം (mucociliary elevator system) അത്രത്തോളം വേഗമുള്ളതല്ല. (ശ്വാസപഥത്തിലെ ലിഫ്റ്റ് പ്രക്രിയയുടെ നമുക്കുതിരിച്ചറിയാവുന്ന ലക്ഷണങ്ങളിലൊന്നാണു് ജലദോഷവും മറ്റുമുണ്ടാവുമ്പോൾ പ്രത്യക്ഷപ്പെടുന്ന ചുമയും നീരൊലിപ്പും). അതിനാൽ അത്തരം പഴുപ്പും ചലവും കഫവും കുമിളാസ്തരങ്ങളിൽ തന്നെ ഓക്സിജൻ ആഗിരണത്തിനു് ഒരു തടസ്സമായി കെട്ടിക്കിടക്കുന്നു. ഇതോടെ (a) ശ്വാസകോശ അറകളിലെ വായുവിന്റെ അളവു് കുറയുന്നു. (b) ആ വായുവിലെത്തന്നെ ഓക്സിജന്റെ ശതമാനം കുറയുന്നു (c) കാർബൺ ഡയോക്സൈഡിന്റെ ശതമാനം കൂടുന്നു.

ഇതോടെ ശരീരകോശങ്ങൾക്കു ലഭ്യമായ ഓക്സിജന്റെ അളവു് പിന്നെയും കുറയുന്നു.

മൂന്നു്:

ശ്വാസകോശത്തിലെ അതിസൂക്ഷ്മരക്തക്കുഴലുകൾക്കു് ഒരു പ്രത്യേകതയുണ്ടു്. അവയ്ക്കുചുറ്റുമുള്ള ഓക്സിജന്റെ അളവു് എത്ര കുറവാണോ അതിനനുസരിച്ച് അവ സ്വയം ചുരുങ്ങിക്കൊണ്ടിരിക്കും vasoconstriction എന്നാണു് ഇതിനുള്ള ശാസ്ത്രീയപദം. (അതുപോലെ, ചുറ്റുമുള്ള കോശമണ്ഡലത്തിൽ ഓക്സിജന്റെ അളവു കൂടിയാൽ ആ രക്തലോമികകൾ വീർക്കുകയും ചെയ്യും. (vasodilation). അമ്മയുടെ ഗർഭാശയത്തിൽ കിടക്കുമ്പോൾ രക്തത്തിലൂടെ ഓക്സിജൻ ലഭിച്ചുകൊണ്ടിരുന്ന ഒരു നവജാതശിശു ഗർഭാശയത്തിൽനിന്നും പുറത്താക്കപ്പെട്ടു് ആദ്യമായി അന്തരീക്ഷത്തിൽനിന്നു ശ്വാസമെടുക്കുമ്പോൾ വെറും മിനിട്ടുകൾക്കുള്ളിൽ അവനവളുടെ അടഞ്ഞുകിടക്കുന്ന ശ്വാസകോശനാളികൾ വായുനിറഞ്ഞു് പ്രവർത്തനക്ഷമമാവുന്ന സങ്കീർണ്ണമായ പ്രക്രിയാപരമ്പരയിലെ ഒരു മുഖ്യഘട്ടം ഇങ്ങനെയാണു് നടക്കുന്നതു്. (രക്തക്കുഴൽ വീർക്കുന്നതിന്റെയും ചുരുങ്ങുന്നതിന്റെയും വിശദാംശങ്ങൾക്കു് മുമ്പെഴുതിയിട്ടുള്ള പനി എന്ന ലേഖനം വായിക്കുക).

ലഭ്യമായ ഓക്സിജന്റെ അളവു തീരെക്കുറയുമ്പോൾ ഇത്തരം ലോമികകളുടെ വ്യാസം അത്യന്തം കുറയുന്നു. അതോടെ അവിടെനിന്നും ഓക്സിജൻ ലോഡ് ചെയ്തു് മറ്റു ഭാഗങ്ങളിലേക്കു പോവേണ്ട താരതമ്യേന വലിപ്പം കൂടിയ ചുവന്ന രക്താണുക്കൾ അവയ്ക്കു കടന്നുപോവാനാവാതെ അവിടെ കുടുങ്ങിപ്പോവുന്നു. അത്തരം അവസ്ഥയിൽ വളരെ സൂക്ഷ്മരൂപത്തിൽ ആ മേഖലയിൽ രക്തം കട്ടപിടിക്കാൻ തുടങ്ങുന്നു. (microthrombocytopenia / microthrombi).
ശരീരകോശങ്ങളെ സംബന്ധിച്ചിടത്തോളം മുമ്പേ അതിരൂക്ഷമായ ഓക്സിജൻ ക്ഷാമം ഇതോടെ ഭയാനകമായ അവസ്ഥയിലെത്തുന്നു. കോവിഡ് ബാധിക്കുന്നതിനുമുമ്പുതന്നെ ദുർബ്ബലാവസ്ഥയിലുള്ള ആരോഗ്യസ്ഥിതിയിലുള്ളവർക്കു് (ഹൃദ്രോഗികൾ, കരൾ രോഗികൾ, അർബ്ബുദരോഗികൾ, പ്രമേഹരോഗികൾ, ശ്വാസകോശരോഗികൾ, പ്രായാധിക്യം മൂലമോ മറ്റോ ശ്വസനക്ഷമതയും പ്രതിരോധശേഷിയും കുറഞ്ഞവർ, അസാമാന്യമായി തടിയുള്ളവർ) അത്തരം പ്രശ്നങ്ങൾകൂടി അഭിമുഖീകരിക്കേണ്ടിവരുന്നു.

നാലു്:

ഇതിനെല്ലാം പുറമേ, നമ്മുടെ ശരീരം മുമ്പു സൂചിപ്പിച്ച ആദ്യനിര പ്രതിരോധശ്രമങ്ങൾക്കു പുറമേ വൈറസിനെ ചെറുത്തുനിൽക്കാൻ കൂടുതൽ ഫലപ്രദമായ രണ്ടാംനിര യുദ്ധമുറകൾ തുടങ്ങിവെയ്ക്കുന്നു. സാർസ്-കോവ്-2 എന്ന കൊറോണാവൈറസിന്റെ പ്രത്യേക ഘടനകളുടെ (ആന്റിജൻ പ്രോട്ടീനുകൾ) സാമ്പിൾ എടുത്തു് അവയ്ക്കു തക്കതായ പ്രതിവിഷങ്ങളും (ആന്റിബോഡികൾ) യുദ്ധകോശങ്ങളും നിർമ്മിക്കുന്നതാണു് ഈ രണ്ടാംനിര യുദ്ധമുറ. പക്ഷേ ഈ ദൗത്യം പൂർത്തിയാക്കാൻ ഒന്നോ രണ്ടോ ആഴ്ച സമയം വേണ്ടിവരും. ഇത്രയും കാലം ജീവൻ നിലനിർത്താൻ കഴിഞ്ഞാൽ ക്രമേണ കോവിഡ് വൈറസിന്റെ ശക്തി ഇല്ലാതാക്കാനും അതിനെതിരെയുള്ള യുദ്ധം ജയിക്കാൻ ശരീരത്തിനു സാധിക്കുകയും ചെയ്യും.

എന്നാൽ, എപ്പോഴും യുദ്ധത്തിന്റെ ഈ രണ്ടാം ഘട്ടം പ്രതീക്ഷിച്ചപോലെ നടന്നുകൊള്ളണമെന്നില്ല. ചില ആളുകളിൽ, വൈറസിനെതിരെ നിർമ്മിച്ചെടുക്കുന്ന പ്രതിരോധകോശങ്ങൾ ആവശ്യത്തിൽ കൂടുതൽ അക്രമപ്രവർത്തനം നടത്തിയെന്നുവരാം. ക്രൂരമായ ഒരു പട്ടാളഭരണത്തിന്റെ ഭാഗമായി നിരപരാധികളടക്കമുള്ള പൊതുജനത്തെ തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഒരു അക്രമിസേനയെപ്പോലെ അത്തരം കോശങ്ങൾ നമ്മുടെ സാധാരണ കോശങ്ങളെത്തന്നെ യാതൊരു ലക്കും ലഗാനുമില്ലാതെ കൊന്നൊടുക്കിയെന്നുവരാം. ഇതിനെ വർദ്ധിതസ്വയം‌പ്രതിരോധം (hyper autoimmune response) എന്നു പറയുന്നു. cytotoxic storm (പ്രതിവിഷപ്പേമാരി) എന്നുവിളിക്കാവുന്ന ഇത്തരം അവസ്ഥയുണ്ടാവുമ്പോഴും രോഗി മരണപ്പെടാം.

ചെറിയ കുട്ടികളിലും യുവജനങ്ങളിലും ശ്വാസകോശക്ഷമത, ഒന്നാംനിര സ്വാഭാവികപ്രതിരോധശേഷി, രണ്ടാം നിര പ്രതിരോധശേഷിയിലെ മിതത്വം എന്നിവ താരതമ്യേന തൃപ്തികരമായിരിക്കും. എന്നാൽ ഗുരുതരമായ ജീവിതശൈലീരോഗങ്ങളുള്ളവരിലും (comorbidities) പ്രായം ചെന്നവരിലും ഇക്കാര്യങ്ങളിൽ പോരായ്മയുണ്ടായിരിക്കും. ഇതുകൊണ്ടാണു് അത്തരം ആളുകൾക്കു കോവിഡ് ബാധിക്കുമ്പോൾ ഗുരുതരമായ പ്രത്യാഘാതങ്ങളും മരണവും താരതമ്യേന കൂടുതലായി കാണപ്പെടുന്നതു്.

Read original FB post

Photo Credit : » @vlisidis


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 06:42:35 am | 19-06-2024 CEST