നിക്ഷേപത്തിന്റെ സാദ്ധ്യതകൾ ...

Avatar
Neeraja Janaki | 18-07-2020 | 5 minutes Read

നാട്ടിലെല്ലാവരും കൊറോണയെപ്പേടിച്ചിരിക്കുമ്പോഴാണോ നിക്ഷേപത്തിന്റെ സാധ്യതയെ പറ്റി എഴുതുന്നത് ?,
അല്പം ഒക്കെ ഔചിത്യം വേണ്ടേ ?

ശരിയാണ്. പക്ഷെ എപ്പോഴാണ് നിക്ഷേപം നടത്തേണ്ടത് എന്ന് കോമൺ സെൻസ് ആയി നമ്മൾ ചിന്തിക്കുന്നത് പോലെ ആയിരിക്കില്ല ലോകം കാണുന്നത്. മാർച്ച് മാസത്തിൽ ലോക്ക് ഡൌൺ ഒക്കെ വന്ന് ആളുകൾ പേടിച്ചിരുന്ന സമയം ഷെയർ മാർക്കറ്റിൽ നിക്ഷേപിക്കാൻ പറ്റിയതായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞിരുന്നോ ?, എന്നിട്ടെന്തായി ?, ലോകത്ത് കൊറോണക്കേസുകൾ മാർച്ചിലെക്കായും പലമടങ്ങായ ജൂലൈയിൽ വന്നു നിൽക്കുമ്പോൾ ന്യൂ യോർക്ക് മുതൽ മുംബൈ വരെ ഉള്ള സ്റ്റോക്ക് മാർക്കറ്റുകൾ ഒക്കെ മുകളിലേക്കാണ്. ചിലയിടങ്ങളിൽ മാർച്ചിലെക്കായും നാല്പത് ശതമാനത്തിന് മുകളിലായി സ്റ്റോക്ക് ഇന്ഡക്സിന്റെ വില.

അപ്പോൾ നിക്ഷേപത്തിനൊക്കെ നമ്മൾ ചിന്തിക്കുന്ന സമയവും കാലവും ഒന്നുമല്ല ശരി. എല്ലാ കാലവും നിക്ഷേപ സാധ്യതകളുടെ കാലമാണ്.

ദുരന്തവും സെക്സും കൂടാതെ നിക്ഷേപത്തെപ്പറ്റിയും രണ്ടാമനിൽ നിന്നും പഠിക്കേണ്ടത് എന്തുകൊണ്ടാണെന്ന് ഞാൻ പറയട്ടെ?

"സ്വിസ് ബാങ്കിൽ മൂന്ന് അക്കൗണ്ടുകൾ, (ഡോളർ, യൂറോ, ഫ്രാങ്ക് എന്നിങ്ങനെ…)അൻപതിലേറെ രാജ്യങ്ങളിലെ കറൻസിയുടെ ശേഖരം.ഇന്ത്യൻ കറൻസിയിൽ മില്ല്യനെയർ.ഇൻഡോനേഷ്യൻ കറൻസിയിൽ ശത കോടീശ്വരൻ" !

ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും വാസ്തവത്തിൽ പണത്തിന്റെ നിക്ഷേപം എൻറെ മേഖലയല്ല.ചിലവ് വരവിനേക്കാൾ കുറവായത് കൊണ്ട് ചില നിക്ഷേപങ്ങൾ ഒക്കെ ഉണ്ടായിപ്പോയി എന്ന് മാത്രമേ ഉള്ളൂ. പക്ഷെ മനുഷ്യന് നിക്ഷേപിക്കാൻ പറ്റുന്നതിൽ ഏറ്റവും മൂല്യംകുറഞ്ഞ ഒന്നാണ് പണം എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ.

പണമല്ലാതെ പിന്നെ എന്താണ് ഒരാൾക്ക് നിക്ഷേപിക്കാൻ സാധിക്കുന്നത്?

പലതുമുണ്ട്, ഉദാഹരണത്തിന് സമയം.

അമേരിക്കൻ പ്രസിഡന്റ് മുതൽ രണ്ടാമൻ വരെ നമുക്കെല്ലാവർക്കും ഒരു ദിവസത്തിൽ 24 മണിക്കൂറാണുള്ളത്. അതിൽ കുറച്ചുഭാഗം തൊഴിലും ജീവിത സാഹചര്യവുമനുസരിച്ച് നമ്മുടെ കൈപ്പിടിയിലല്ല. എങ്കിലും, ബാക്കിവരുന്ന സമയം എങ്ങനെ നിക്ഷേപിക്കണമെന്നത് നമുക്ക് തീരുമാനിക്കാം.

ആ സമയം എനിക്ക് പുസ്തകം - ബാലരമ മുതൽ ടോൾസ്റ്റോയ് വരെ എന്തും വായിക്കാം. ടി വി കാണാം, പോണോഗ്രഫി മുതൽ ഡേവിഡ് ആറ്റൻബറോയുടെ പ്രോഗ്രാം വരെ എന്തും. എന്തെങ്കിലും പഠിക്കാം, സംഗീതം ആസ്വദിക്കാം, ഫേസ്ബുക്കിൽ കയറാം, വാട്ട്സ്ആപ്പിൽ സന്ദേശങ്ങൾ അയക്കുകയും വായിക്കുകയും ചെയ്യാം. വീട് വൃത്തിയാക്കാം, കൃഷി ചെയ്യാം, യാത്ര പോകാം. സുഹൃത്തുക്കളോട് സംസാരിക്കാം, ബന്ധുക്കളോട് സംസാരിക്കാം, കുട്ടികളുടെ കൂടെ ചിലവഴിക്കാം, പങ്കാളിക്ക് വേണ്ടി മാറ്റിവെക്കാം.

ഇതെല്ലാം നമ്മൾ ചെയ്യുന്നതാണ്.

സമയത്തിന് രണ്ടു പ്രത്യേകതകളുണ്ട്.

ഒന്ന്, സമയത്തിന്റെ മാത്രം പ്രത്യേകതയാണ്. ഇത് നമുക്ക് സന്പാദിക്കാനോ ശേഖരിച്ചുവെക്കാനോ ആകില്ല. ഓരോ ദിവസവും കിട്ടുന്ന സമയം അന്നന്ന് തന്നെ തീർക്കണം. കുറച്ചു സമയം നമ്മൾ ഉപയോഗിച്ച് ബാക്കി മറ്റൊരാൾക്ക് കൊടുക്കാനോ മക്കൾക്കായി സന്പാദിക്കാനോ പറ്റില്ല.

രണ്ടാമത്തേത്, ഒരു സമയത്ത് ഒരു കാര്യത്തിനേ ഉപയോഗിക്കാൻ പറ്റൂ എന്നതാണ്. ഇംഗ്ലീഷിൽ ഇതിന് "opportunity cost" എന്ന് പറയും. ഇത് പണത്തിനും ഉണ്ട്.

അണ്ടർവെയർ വാങ്ങാൻ പണം ഉപയോഗിച്ചാൽ ആ പണം കൊണ്ട് പിന്നെ ഹെഡ് ഫോൺ വാങ്ങാൻ പറ്റില്ല. രാജ്യത്തിൻറെ വിദ്യാഭ്യാസത്തിൽ നിക്ഷേപിക്കുന്ന പണം ആരോഗ്യത്തിൽ നിക്ഷേപിക്കാൻ പറ്റില്ല. പോണോഗ്രഫി കാണുന്ന സമയത്ത് കൃഷി ചെയ്യാൻ പറ്റില്ല. (കുറച്ചൊക്കെ multi tasking സാധ്യമാണ്, ഉദാഹരണത്തിന് യാത്ര പോകുന്പോൾ പാട്ടു കേൾക്കാം. പക്ഷെ പങ്കാളിയോട് സംസാരിക്കുന്പോൾ ഫേസ്ബുക്ക് നോക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്).

എത്ര സമയം എന്തിന് ഉപയോഗിക്കുന്നു എന്നത് നമ്മുടെ ഭാവിയെ തീരുമാനിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. പണവും ഒരു പ്രധാന ഘടകമാണെങ്കിലും ഇക്കാര്യത്തിൽ പണം സമയത്തിന്റെ അടുത്തെത്തില്ല !

പണം പോലെ തന്നെ നിക്ഷേപ സാധ്യതയുള്ള ഒന്നാണ് അറിവും.

അറിവ് നമുക്ക് എത്ര വേണമെങ്കിലും സന്പാദിക്കാം. പണ്ട് അറിവ് സന്പാദിക്കാൻ പണം വേണമായിരുന്നു, ഇപ്പോൾ അത് മാറി. സമയമാണ് അറിവ് സന്പാദിക്കാൻ വേണ്ട പ്രധാന ഉപകരണം, പിന്നെ ഭാഷയും, ഇന്റർനെറ്റും!


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

നമ്മുടെ അറിവുകൾ നമുക്ക് മറ്റുള്ളവരിൽ നിക്ഷേപിക്കാം. ബാങ്കിൽ ഇടുന്ന പണം പത്തു ശതമാനത്തിന് താഴെ വർദ്ധിക്കുന്പോൾ, ഷെയറിൽ ഇടുന്ന പണം ഇരട്ടിക്കും എന്ന് നമുക്ക് ആഗ്രഹിക്കാൻ മാത്രം പറ്റുന്പോൾ, അറിവിന്റെ നിക്ഷേപത്തിന്റെ പലിശ ഉറപ്പായും ആയിരം മടങ്ങാകാം. ആരിലാണ് നിക്ഷേപിക്കുന്നത് എന്നതനുസരിച്ച് അത് സമൂഹത്തിന്റെ ഭാവിയെ പോലും മാറ്റിമറിച്ചേക്കാം.

നമ്മൾ ഏത് അറിവ് ആരിൽ നിക്ഷേപിക്കുന്നു എന്നത് പ്രധാനമാണ്. ഒരു കാറിന്റെ ഡോർ താക്കോലില്ലാതെ എങ്ങനെ തുറക്കാം എന്നുള്ള അറിവ് എമർജൻസി സർവീസിൽ ഉള്ളവർക്ക് നൽകുന്നതിന്റെ ഫലമല്ല ഒരു കള്ളന് നൽകിയാൽ ഉണ്ടാകുന്നത്.

അറിവിനെ നമുക്ക് കൂടുതൽ പേരിലേക്ക് എത്തിക്കാൻ എളുപ്പവഴി, കൂടുതൽ പേരിലേക്ക് അറിവ് പകരാൻ അവസരമുള്ളവരിലേക്ക് അറിവ് നിക്ഷേപിക്കുക എന്നതാണ്. കെട്ടിടം എങ്ങനെയാണ് സുരക്ഷിതമാക്കേണ്ടത് എന്ന് ബാങ്കിലെ ഉദ്യോഗസ്ഥനോടും സ്‌കൂളിലെ അധ്യാപികയോടും പറഞ്ഞു എന്ന് കരുതുക. ബാങ്ക് ഉദ്യോഗസ്ഥനിൽ നിന്നും അത് ബാങ്കിലെ സ്റ്റാഫ് അറിഞ്ഞു എന്ന് വരാം, പക്ഷെ അധ്യാപികയിൽ നിന്നും ഒരു തലമുറയിലുള്ള മുഴുവൻ കുട്ടികളും ആ വിവരം അറിയും. അതുകൊണ്ടാണ് കേരളത്തിലെ അധ്യാപകർ, പ്രത്യേകിച്ചും സ്‌കൂൾ അധ്യാപകർ സംഘടിപ്പിക്കുന്ന പരിപാടികൾ ഞാൻ ഒരിക്കലും വിട്ടുകളയാത്തത്.

അറിവ് കൊണ്ട് സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ വേറൊരു കുറുക്കുവഴിയുണ്ട്. അറിവ് ഉപയോഗിക്കാൻ അറിയാവുന്നവരിലേക്ക് പകരുക. ഉദാഹരണത്തിന് സ്വിറ്റ്‌സർലണ്ടിലെ ആരോഗ്യ ഇൻഷുറൻസ് സംവിധാനം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന വിവരം ഒരു ഡോക്ടർക്ക് പറഞ്ഞു കൊടുത്താൽ അദ്ദേഹത്തിന് തീർച്ചയായും അറിവ് വർധിക്കും. അതേ അറിവ് ആരോഗ്യ മന്ത്രിക്കോ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കോ നൽകിയാൽ, അങ്ങനെ ഒരു സംവിധാനം കേരളത്തിൽ ഉണ്ടാക്കാൻ അവർ തീരുമാനിച്ചാൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറും. ചുമ്മാതാണോ ഞാൻ എം എൽ എ മാരെയും ഐ എ എസ് കാരേയും സുഹൃത്തുക്കളാക്കാൻ ശ്രമിക്കുന്നത്?!!

അറിവിന്റെ ഗുണം അതിന് opportunity cost ഇല്ല എന്നതാണ്. ഒരാൾക്ക് കൊടുത്ത അറിവ് വേറെ എത്ര പേർക്കും കൊടുക്കാം. കൊടുക്കുംതോറും ഏറിടും എന്നൊക്കെ പറയുന്നത് ആലങ്കാരികമാണ്. പാട്ടയിലിട്ട് കോഴിയെ ചുടുന്ന രീതി പത്തു ലക്ഷം പേർക്ക് പറഞ്ഞു കൊടുത്താലും അത് ന്യൂക്ലിയർ പവർ പ്ലാന്റ് ഉണ്ടാക്കുന്നത് എങ്ങനെ എന്നുള്ള അറിവായി മാറില്ല.

നിക്ഷേപങ്ങളിലെ മുടിചൂടാമന്നൻ പക്ഷെ ''അറിവ''ല്ല. അത് "നെറ്റ് വർക്ക്" ആണ്.

ഒരു വ്യക്തി മനഃപൂർവ്വം ഉണ്ടാക്കിയെടുത്തതോ അല്ലാതെയോ ഉള്ള ബന്ധങ്ങളാണ് ആ വ്യക്തിയുടെ നെറ്റ്‌വർക്ക്. നമുക്കോരോരുത്തർക്കും പിറന്നുവീഴുന്പോൾ തന്നെ ഒരു സമൂഹശൃംഖലയുണ്ട്. നമ്മുടെ അമ്മ, അച്ഛൻ, സഹോദരങ്ങൾ, ബന്ധുക്കൾ, അവരുടെ സുഹൃത്തുക്കൾ, എല്ലാം നമുക്ക് ജന്മത്തിൽ 'ലോട്ടറി'യായി കിട്ടുന്ന നെറ്റ്‌വർക്ക് ആണ്. ഇന്നത്തെ ലോകത്ത് നമ്മുടെ ജീവിതം എവിടെ എത്തുമെന്നുള്ളതിന്റെ ഏറ്റവും പ്രധാനമായ ഘടകം ഈ ബന്ധങ്ങളാണ്.

വളരുന്നതോടെ നമ്മൾ നമ്മുടേതായ സമൂഹ ശൃംഖലകൾ ഉണ്ടാക്കിത്തുടങ്ങും. കളിസ്ഥലത്ത്, സ്‌കൂളിൽ, വായനശാലയിൽ, സ്പോർട്ട്സ് ക്ലബ്ബിൽ, ഫേസ്ബുക്കിൽ, ലിങ്ക്ഡ് ഇന്നിൽ എല്ലാം. ഈ സമൂഹ ശൃംഖലകളാണ് പിൽക്കാലത്ത് നമ്മുടെ കരിയറിലെ ഭാവിയെ നിയന്ത്രിക്കുന്നത്. സ്റ്റാൻഫോർഡിലും ഐ ഐ എമ്മിലും എം ബി എ ചെയ്യുന്നവർക്ക് ലോകത്തെ മറ്റൊരു രാജ്യത്തെ ചെറിയ നഗരത്തിൽ എം ബി എ ചെയ്യുന്നവരിൽനിന്നും കൂടുതലവസരങ്ങൾ ലഭിക്കുന്നത് കോളേജിൽ കൂടുതൽ മാനേജ്‌മെന്റ് പഠിക്കുന്നതുകൊണ്ടോ വ്യത്യസ്തമായ കാര്യങ്ങൾ പഠിക്കുന്നത് കൊണ്ടോ അല്ല, അവരുടെ നെറ്റ് വർക്കിലുള്ള മാറ്റമാണെന്ന് അനവധി പഠനങ്ങളുണ്ട്. ഡോക്ടറുടെ കുട്ടി ഡോക്ടറായും വക്കീലിന്റെ കുട്ടി വക്കീലായും സിനിമാതാരത്തിന്റെ മക്കൾ സിനിമാതാരങ്ങളായും എളുപ്പത്തിൽ പച്ചപിടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മന്ത്രിമാരുടെ മക്കൾ എം എൽ എ മാർ ആകുന്നതും അവർ അടുത്ത ബന്ധുക്കൾ വഴി ആർജ്ജിച്ച നെറ്റ് വർക്കിന്റെ ബലത്തിലാണ്.

അതുകൊണ്ട് ഇനിയുള്ള കാലത്ത് നാം ഏറ്റവും കൂടുതൽ നിക്ഷേപിക്കേണ്ടത് നമുക്ക് ഒരു നെറ്റ് വർക്ക് ഉണ്ടാക്കാനാണ്. ചില വ്യക്തികൾക്ക് അവരുടെ കുടുംബ പശ്ചാത്തലത്തിൽനിന്നും ഇത് കിട്ടുമെങ്കിലും അത്തരം അവസരങ്ങളില്ലാത്തവർ സ്വയം ആർജ്ജിച്ചേ പറ്റൂ. നമ്മുടെ കയ്യിലുള്ള അറിവും സമയവും പണവും നിക്ഷേപിച്ച്, നമ്മൾ നെറ്റ് വർക്കുകൾ ഉണ്ടാക്കിയെടുക്കണം.
നാട്ടിൽ അപഹാസ്യ കഥാപാത്രമായിരുന്ന - പഞ്ചായത്ത് മെമ്പറായിപ്പോലും വിജയിക്കാതിരുന്ന വെള്ളിമൂങ്ങയിലെ മാമച്ചൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് കയ്യിലുള്ള അറിവും സമയവും പണവും ഡൽഹിയിൽ പോയി കൃത്യമായി ബന്ധങ്ങളിൽ നിക്ഷേപിച്ചത് കൊണ്ടാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്.

നെറ്റ് വർക്കുകളിൽ നിക്ഷേപിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നമ്മുടെ നെറ്റ് വർക്കുകൾ മറ്റുള്ളവരിൽ നിക്ഷേപിക്കുന്നതും. ഇക്കാര്യത്തിൽ ആളുകൾ പൊതുവെ പിശുക്കരാണ്. നമ്മൾ ആർജ്ജിച്ച ബന്ധങ്ങൾ നമ്മുടെ മക്കൾക്ക് വേണ്ടി എളുപ്പത്തിൽ തുറന്നു കൊടുത്തേക്കാമെങ്കിലും മറ്റുള്ളവരുമായി പങ്കുവെക്കുക അത്ര എളുപ്പമോ സ്വാഭാവികമോ അല്ല. സത്യത്തിൽ ശരിയായ നെറ്റ് വർക്കുകൾ ഉള്ള ഒരാൾക്ക് മറ്റൊരാളുടെ / സ്ഥാപനത്തിന്റെ / സമൂഹത്തിന്റെ ജീവിതം വളരെ എളുപ്പത്തിൽ മാറ്റാൻ സാധിക്കും. ഫ്രാൻസിലെ ഫാഷൻ ഫോട്ടോഗ്രാഫർമാരുമായി നമുക്ക് ബന്ധമുണ്ടെങ്കിൽ നാട്ടിലെ കഴിവുള്ള ഒരു മോഡലിനെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ നമുക്ക് സാധിക്കും, അവരെ തമ്മിൽ ബന്ധിപ്പിച്ചാൽ മാത്രം മതി. ശതകോടികൾ എടുത്ത് അമ്മാനമാടുന്ന വെഞ്ചർ കാപ്പിറ്റലിസ്റ്റുകളുമായി നമുക്ക് ബന്ധമുണ്ടെങ്കിൽ മറ്റൊരു രാജ്യത്തെ സ്റ്റാർട്ട് അപ്പിന്റെ മുഖച്ഛായ മാറ്റാൻ നമുക്ക് സാധിക്കും. കേരളത്തിലെ റബ്ബർ കർഷകരെ നൈജീരിയയിലെ കൃഷി മന്ത്രിയുമായി ബന്ധിപ്പിച്ചാൽ രണ്ടു പ്രദേശങ്ങളുടെ പുരോഗതി അതിൽ നിന്നുണ്ടാകും.

നെറ്റ് വർക്കുകൾ നമുക്ക് ആർജ്ജിക്കാവുന്നതാണ്, ഇതിന് അല്പസ്വല്പം ഓപ്പർച്യുണിറ്റി കോസ്റ്റ് ഉണ്ട്, പക്ഷെ പൂർണ്ണമായും ഇല്ല. നെറ്റ് വർക്കുകൾ കൊടുക്കുന്നതിലൂടെ കുറയുന്നതുമല്ല. ഇതിന്റെ പ്രാധാന്യവും രീതികളും മനസിലാക്കുക എന്നതുതന്നെയാണ് പ്രധാനം.

ഇനി മറ്റൊരു നിക്ഷേപസാധ്യത കൂടിയുണ്ട്. അത് സ്നേഹത്തിന്റേതാണ്.

മുകളിലുള്ള എല്ലാ നിക്ഷേപങ്ങളെക്കാളും എത്രയോ ഉയരത്തിലാണ് സ്നേഹത്തിന്റെ സ്ഥാനം! നമുക്ക് പാരന്പര്യമായി സ്നേഹം ലഭിച്ചേക്കാം, പക്ഷെ നിക്ഷേപിക്കാൻ അതിന്റെ ആവശ്യമില്ല. ഒട്ടും സ്നേഹം ലഭിക്കാത്തവർക്കും മറ്റുളളവരെ സ്നേഹിക്കാനാകും. സ്നേഹത്തിന്റെ കലവറക്ക് അളവില്ല, നമുക്ക് എത്ര പേരെയും എത്ര വേണമെങ്കിലും സ്നേഹിക്കാൻ പറ്റും. സ്നേഹത്തിന്റെ നിക്ഷേപം സ്നേഹമായി തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലെങ്കിലും പൊതുവിൽ പറഞ്ഞാൽ ഉയർന്ന റിട്ടേൺ കിട്ടാനുള്ള എല്ലാ സാധ്യതയുമുള്ള ഒന്ന് തന്നെയാണ് സ്നേഹം.

മുന്നറിയിപ്പ്: നിയമപരമായി നിലനിൽക്കുന്ന പങ്കാളികളുള്ളവർ സ്നേഹത്തിന്റെ പങ്കുവെക്കൽ അല്പം കുറയ്ക്കുന്നതാണ് നല്ലത്!!. ഞങ്ങൾ പറഞ്ഞു എന്ന് പറഞ്ഞു സാധിക്കുന്നിടത്തൊക്കെ സ്നേഹം പങ്കുവെക്കാൻ പോയാൽ ഉണ്ടാകുന്ന പ്രത്യാഘാതത്തിന് ഞങ്ങൾ ഉത്തരവാദികൾ അല്ല.

# » മുരളി തുമ്മാരുകുടി , # Neeraja Janaki.

Photo Credit : » @morganhousel


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 11:39:28 am | 03-12-2023 CET