ഏറ്റവും വലിയ കൊടുമുടി എവറസ്റ്റാണെന്നു പറയുമ്പോൾ തിരിച്ചുചോദിക്കണം എവിടുന്ന് അളക്കുമ്പോഴാണെന്ന്. കടൽനിരപ്പിൽ നിന്നാണെങ്കിൽ സംഭവം ശരിയാണ്. ഇനി ഭൂമിയുടെ മധ്യത്തിൽ നിന്നാണെങ്കിൽ എവറസ്റ്റിനേക്കാൾ വലിയ കൊടുമുടികൾ വേറെ നിരവധിയുണ്ട്.
ഭൂമിയുടെ കേന്ദ്രത്തിൽ നിന്നും അളക്കുമ്പോൾ ഏറ്റവും വലിയ കൊടുമുടി ഇക്വഡോറിലെ ചിംബോരാസോ (Chimborazo) എന്ന പർവതമാണ്. കൃത്യമായ ഗോളാകാരമല്ല ഭൂമിയുടേത്, മധ്യരേഖപ്രദേശത്ത് കുറച്ചുതള്ളി നിൽക്കുകയും ധ്രുവപ്രദേശമാവുമ്പോഴേക്കും പതിഞ്ഞുനിൽക്കുകയുമാണ് ചെയ്യുന്നത്, കുറെക്കാലമായില്ലേ നിരന്തരം കറങ്ങുന്നത്,അതിനാലാണ് ഭൂമിക്ക് ഈ ആകൃതി കൈവന്നത്. ചിംബോരാസയാവട്ടെ ഭൂമധ്യരേഖയ്ക്ക് വെറും ഒരു ഡിഗ്രിമാത്രം മാറിയാണ്, എന്നാൽ എവറസ്റ്റ് മധ്യരേഖയിൽനിന്നും വടക്കോട്ട് 28 ഡിഗ്രി മാറിയാണ്. ഇതാണ് ചിംബോരാസയുടെ ഉയരത്തിന്റെ കാരണം. 8848 മീറ്റർ ഉയരമുള്ള എവറസ്റ്റിനേക്കാൾ 2580 മീറ്റർ ഉയരം കുറവാണെങ്കിലും 6263 മീറ്റർ ഉയരമുള്ള ഈ കൊടുമുടി ഭൂമിയുടെ മധ്യഭാഗത്തുനിന്നും അളന്നാൽ എവറസ്റ്റിനേക്കാൾ രണ്ടുകിലോമീറ്ററിലേറെ ഉയരത്തിലാണ്. ചുരുക്കിപ്പറഞ്ഞാൽ ബഹിരാകാശവുമായും ചന്ദ്രനും നക്ഷത്രങ്ങളുമായിട്ടെല്ലാം ഏറ്റവും അടുത്തുനിൽക്കുന്ന ഭൂമിയിലെ സ്ഥലം ചിംബോരാസോയുടെ മുകൾ ഭാഗമാണ്.
ചിംബോരാസോയും മലകയറ്റക്കാരുടെ പ്രിയപ്പെട്ട കൊടുമുടിയാണ്. ഇതൊരു അഗ്നിപർവ്വതം കൂടിയാണ്, 1500 വർഷം മുൻപാണ് അവസാനമായി ചിംബോരാസോ പൊട്ടിത്തെറിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കംവരെ ചിംബോരാസോയാണ് ഏറ്റവും വലിയ കൊടുമുടി എന്നുകരുതുകയും 17, 18 നൂറ്റാണ്ടുകളിൽ ഇതു കീഴടക്കാൻ പലരും ശ്രമിക്കുകയും ചെയ്തു. 1746 - ൽ ഫ്രഞ്ചുകാരുടെ ഭൂമിയുടെ ഗോളത അളക്കാനുള്ള സംഘം ഇവിടെയെത്തുകയും ഭൂമി പൂർണ്ണമായ ഒരു ഗോളമല്ല എന്നു സ്ഥാപിക്കുകയും ചെയ്തു. പക്ഷേ അന്നവർക്ക് ഈ കൊടുമുടി കീഴടക്കാനായില്ല. 1880 -ൽ ഇംഗ്ലീഷുകാരനായ എഡ്വാർഡ് വിമ്പർ ആണ് ആദ്യമായി ചിംബോരാസോ കീഴടക്കിയത്.
1976 -ൽ ഇതിന്റെ മുകളിൽക്കൂടി പറക്കുമ്പോൾ അപ്രത്യക്ഷമായ 55 യാത്രക്കാരുള്ള SAETA ഫ്ലൈറ്റ് 27 വർഷത്തിനുശേഷം ചിംബോരാസോ കൊടുമുടിയുടെ 5310 മീറ്റർ ഉയരമുള്ള ഭാഗത്തുനിന്നും കണ്ടെത്തുകയുണ്ടായി.
(ഇനിയിപ്പോൾ കടലിന്റെ അടിത്തട്ടിൽ നിന്നാണ് അളക്കുന്നതെങ്കിൽ ഏറ്റവും ഉയരമുള്ളത് ഹവായിയിലെ അഗ്നിപർവ്വതമായ മൗണ കിയ ആണ്. കടലിനടിയിൽ നിന്നും അളക്കുമ്പോൾ ഇതിന് 10200 മീറ്റർ ഉയരമുണ്ട്.)
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Manager, Kerala Gramin Bank / Wikipedian