മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന് പറയാറുണ്ട്. മറ്റൊരാളുടെ മുഖത്തെ ഭാവങ്ങള് കണ്ട് വളരെ വേഗത്തില് അവരുടെ മാനസിക വികാരങ്ങളെ, ദേഷ്യം, കൗതുകം, സന്തോഷം പോലുള്ളവയെ നമ്മള്ക്കെങ്ങനെ മനസ്സിലാക്കാൻ പറ്റുന്നുവെന്ന് ആലോചിട്ടുണ്ടോ?

Avatar
Ashish Jose Ambat | 02-07-2022 | 5 minutes Read

965-1656770705-jared-rice
Photo Credit : unsplash.com/@jareddrice

മുഖം മനസ്സിന്റെ കണ്ണാടിയാണെന്ന്‌ പറയാറുണ്ട്. മറ്റൊരാളുടെ മുഖത്തെ ഭാവങ്ങള്‍ കണ്ട് വളരെ വേഗത്തില്‍ അവരുടെ മാനസിക വികാരങ്ങളെ, ദേഷ്യം, കൗതുകം, സന്തോഷം പോലുള്ളവയെ നമ്മള്‍ക്കെങ്ങനെ മനസ്സിലാക്കാൻ പറ്റുന്നുവെന്ന് ആലോചിട്ടുണ്ടോ? അതുപോലെ ദീർഘകാലം പ്രേമത്തിൽ ആയിരിക്കുന്നവർ തമ്മിൽ ആശ്ചര്യമായ മുഖസാമ്യം വരുന്നതിനെപറ്റിയും?

നമ്മുടെ ശരീരത്തിലെ പേശികളുടെ പ്രവര്‍ത്തനത്തെ, ഇലക്ട്രിക് പൊട്ടന്‍ഷ്യല്‍ വ്യത്യാസങ്ങങ്ങള്‍ കൊണ്ട് നിരീക്ഷിക്കുന്ന ഡഗ്നോസ്റ്റിക് ടെക്നിക് ആണ് ഇലക്ട്രോമയോഗ്രാഫി ( ഇ.എം.ജി). സ്വീഡനിലെ ഉപ്‌സാല സർവകലാശാലയിലെ മനശ്ശാസ്ത്രവിഭാഗത്തില്‍ ഗവേഷകനായിരുന്ന ഡിംബർഗും സഹപ്രവർത്തകരും, മനുഷ്യരെങ്ങനെയാണ് മറ്റുള്ളവരുടെ മുഖത്തെ ഭാവഭേദങ്ങൾ (expressions) ഗ്രഹിക്കുന്നത് എന്നറിയാന്‍ ഇലക്ട്രോമയോഗ്രാഫി ഉപയോഗിച്ച് ഒന്നിലധികം പഠനങ്ങള്‍ നടത്തി. തിരഞ്ഞെടുത്ത പാര്‍ട്ടിസിപെന്റ്സിന്റെ മുഖത്ത് ഇലക്ട്രോമയോഗ്രാഫിയ്ക്ക് ആവിശ്യമായ ഇലക്ട്രോഡുകൾ സ്ഥാപിച്ചത്തിനു ശേഷം അവരുടെ മുന്‍പില്‍ പലതരത്തിൽ മുഖഭാവങ്ങള്‍ ഉള്ള മനുഷ്യരുടെ ചിത്രങ്ങള്‍ കാണിച്ചു. പഠനത്തില്‍ പങ്കെടുക്കുന്നവർ ഓരോ ഫോട്ടോ നോക്കുമ്പോഴും അതിലെ വ്യക്തിയുടെ ഭാവം എന്താണെന്നു അവര്‍ക്ക് മനസ്സിലാകുന്നത് റിക്കോഡ്‌ ചെയ്തു. പുഞ്ചിരി, ദേഷ്യം, നിരാശ എന്നിങ്ങനെ പല ഭാവങ്ങളും ഉള്ള ഫോട്ടോകള്‍ നോക്കുമ്പോഴും, പാര്‍ട്ടിസിപെന്റ്സിന്റെ മുഖവും ചെറുതായി ചലിക്കുന്നുണ്ടായിരുന്നു. ഇത് ഫോട്ടോയിലുള്ള മുഖഭാവത്തിന് അനുസൃതമായ രീതിയില്‍ വളരെ സൂക്ഷ്മമായി നടക്കുന്ന മിമിക്കിംഗ് (mimicking) ആണെന്ന് ഇലക്ട്രോമയോഗ്രാം റിപ്പോര്‍ട്ടില്‍ നിന്നും ഡിംബർഗും സംഘവും കണ്ടെത്തി.

ഫേഷ്യൽ മിമിക്രി മറ്റുള്ള മനുഷ്യരുടെ വികാരങ്ങളെ ഗ്രഹിക്കാൻ പ്രാപ്തമാക്കുന്ന മേക്കാനിസത്തിന്റെ കേന്ദ്രബിന്ദുവാണെന്ന “ഫേഷ്യൽ ഫീഡ്‌ബാക്ക് ഹൈപ്പോഥസിസ്” എന്നരീതിയിൽ ഫ്രിറ്റ്സ് സ്ട്രാക്ക് എന്ന ഗവേഷകൻ മുന്നോട്ടുവെച്ച ആശയത്തിന്റെ തുടർച്ചയായിട്ടു ആണ് ഇത്തരത്തിൽ ധാരാളം പഠനങ്ങൾ നടന്നത്.(Strack et.al, 1988) നമ്മള്‍ മറ്റൊരാളുടെ മുഖഭാവങ്ങള്‍ കാണുമ്പോള്‍, അവ subconscious ആയി സ്വന്തം മുഖത്തെ പേശികൾ ഉപയോഗിച്ച് പകര്‍ത്താന്‍ ശ്രമിക്കുന്നു. പുഞ്ചിരിക്കുന്ന ഫോട്ടോ കണ്ടാല്‍ ചെറിയ രീതിയില്‍ നമ്മള്‍ പുഞ്ചിരിക്കാന്‍ ശ്രമിക്കുകയും, നമ്മുടെ മുഖത്തെ ഭാവത്തില്‍ നിന്നും പുഞ്ചിരി എന്ന അനുഭവത്തിന്റെ സബ്ജെക്ടീവ് അർഥത്തെ നമ്മുടെമനസ്സില്‍ അനുഭവിക്കുകയും ചെയ്യുന്നു. അതായത്, ഇങ്ങനെ ഒരു പഠന പരമ്പരയില്‍ നിന്നും ഡിംബർഗും സഹപ്രവർത്തകരും മറ്റുള്ള മനുഷ്യരുടെ മുഖഭാവങ്ങളെ നമ്മുടെ വിഷ്വല്‍-കോര്‍ടെക്സില്‍ “ കാഴ്ച” ആയി റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം അതിനെ നമ്മുടെ സ്വന്തം മുഖത്ത് അനുകരിക്കുകയും ചെയ്യുന്നുണ്ടെന്ന മേക്കാനിസത്തെപ്പറ്റിയുള്ള ധാരണകൾ ലഭിച്ചു. (Dimberg & Thunberg, 1998; Lundquist & Dimberg, 1995)

സ്വന്തം മുഖത്തെ പേശികള്‍ വേഗത്തിലും സറ്റിലായിട്ടും അനുകരിച്ചുകൊണ്ട്, സ്വന്തം അനുഭവത്തില്‍നിന്നും മറ്റൊരാളുടെ ഇമോഷണന്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന രീതിയെ Reverse simulation model എന്നാണു മനശാസ്ത്രത്തില്‍ വിളിക്കുന്നത്.
1.Visual representation of target’s facial expression.
2. Activation of facial muscles which imitate target’s facial expression.
3. Experience emotion.
4. Classify one’s current emotion state and attribute this state to the target.
എന്നിങ്ങനെ നാല് സ്റ്റെപ്പുകളടങ്ങിയ ഈ മോഡൽ സജസ്റ്റ് ചെയ്യുന്നത് അനുസരിച്ചു മറ്റുള്ളവരുടെ മുഖഭാവത്തിൽ നിന്നും നമ്മൾ വികാരങ്ങളെ ഗ്രഹിക്കുന്ന ഒരു പ്രധാനമാർഗ്ഗം അവയെ പകർത്തി നമ്മുടെ തന്നെ അനുഭങ്ങളാക്കിയാണ്.

മറ്റൊരാളുടെ പ്രവര്‍ത്തനങ്ങളെ അനുകരിച്ചുകൊണ്ട് സ്വന്തം അനുഭവങ്ങളെ സൃഷ്ടിച്ച് അതില്‍ നിന്നും അര്‍ഥം കണ്ടെത്തുന്ന ഒരു 'മിററിംഗ് സിസ്റ്റം', മനുഷ്യരുടെയും കുരുങ്ങുവംശത്തിലെ മറ്റ്‌ ജന്തുക്കളുടെയും വെൻട്രൽ പ്രീമോട്ടോർ കോർട്ടെക്സുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗങ്ങളില്‍ നിലനില്‍ക്കുന്നുവെന്ന്‌ ഇറ്റലിയിലെ പാർമ സർവകലാശാലയിലെ ന്യൂറോസയന്‍സ് ഗവേഷകനായ ഡോ.വിക്ടോറിയോ ഗാലീസും സംഘവും കണ്ടെത്തിട്ടുണ്ട് (Gallese et.al, 1996; Gallese & Goldman, 1998). ഇമോഷൻ-എക്‌സ്‌പ്രസ് ചെയ്യുന്ന മുഖങ്ങളുടെ ചിത്രങ്ങളെ നിരീക്ഷിക്കുന്ന അവസരത്തില്‍, ആക്ഷൻ മിററിംഗ് സിസ്റ്റവുമായി ബന്ധപ്പെട്ട പ്രീമോട്ടർ കോർട്ട്ക്സിൽ ന്യൂറൽ ആക്റ്റിവേഷൻ സംഭവിക്കുന്നുണ്ടെന്ന് fMRI പഠനങ്ങളില്‍ നിന്നും നിരീക്ഷിച്ചിട്ടുണ്ട് (Carr et al, 2003). മറ്റുള്ളവരുടെ മുഖഭാവങ്ങള്‍ നിരീക്ഷിച്ചുകൊണ്ടുള്ള unconscious ആയ അനുകരണം, നമ്മുടെ മുഖത്തെ പേശികളുടെ ചലനങ്ങള്‍ ഇമോഷണല്‍ പേര്‍സെപ്ഷന് മുന്‍പ് സംഭവിക്കുന്നതായും, നമ്മള്‍ അപ്പോള്‍ അനുഭവിക്കുന്ന വികാരത്തിന് ഒരു കാരണമാകുന്നതായും Goldman & Sripada (2005)യുടെ റിവ്യൂവില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇത്തരത്തില്‍ ഉള്ള മിററിംഗ് സിസ്റ്റം മറ്റൊരു രസകരമായ പ്രതിഭാസത്തിലേക്കും വെളിച്ചം വീശുന്നുന്നുണ്ട്. വളരെക്കാലം ഒന്നിച്ചായിരിക്കുന്ന പങ്കാളികള്‍, കാലക്രമേണ പരസ്പരം കൂടുതല്‍ സാമ്യതയുള്ളവരായി വരുന്നുണ്ടെന്നത് നിരീക്ഷിക്കപ്പെട്ടുള്ള കാര്യമാണ്. ( വ്യക്തിപരമായി ഇത്തരം നിരീക്ഷണങ്ങളുണ്ടെങ്കില്‍ കമ്മെന്റുകളിൽ പങ്കുവയ്ക്കുമല്ലോ ) പരസ്പരം സാമ്യതയുള്ളവര്‍ തമ്മില്‍ പങ്കാളികള്‍ ആകാനുള്ള സാധ്യത കൂടുതല്‍ ആണെന്ന് സൂചിപ്പിക്കുന്ന പോസിറ്റീവ് അസോര്ട്ടീവ് മേറ്റിംഗ് ഹൈപോതീസ് കൊണ്ട് വിശദീകരിക്കാന്‍ പറ്റുന്നതിനപ്പുറമായി, ദമ്പതികളായി തുടങ്ങുന്ന വേളയിലുള്ളതിലും കൂടുതല്‍ മുഖസാമ്യത, അവരൊന്നിച്ച് വര്‍ഷങ്ങള്‍ മുന്നോട്ടു പോകുന്നതനുസരിച്ച് വര്‍ദ്ധിക്കുന്നുണ്ടെന്ന് മിഷിഗൺ സർവകലാശാലയിലെ മനശാസ്ത്രഗവേഷകനായിരുന്ന റോബർട്ട് സാജോങ്ക് നിരീക്ഷിച്ചിട്ടുണ്ട്‌. 25 വര്‍ഷത്തിലധികമായി വിവാഹജീവിതത്തില്‍ ഒന്നിച്ചായിരിക്കുന ദമ്പതിമാരുടെ വിവാഹദിനത്തില്‍ എടുത്ത ഫോട്ടോയും, 25 വർഷത്തിനുശേഷമുള്ള ഫോട്ടോകളും താരതമ്യപ്പെടുത്തിയാണ് ഇത് കണ്ടെത്തിയത്. വിവാഹനദിനത്തില്‍ കാര്യമായ സമാനതകളൊന്നുമില്ലായെങ്കിലും, വര്‍ഷങ്ങള്‍ ഒരുമിച്ച് ജീവിക്കുന്നതനുസരിച്ച് കൂടുതല്‍ സാമ്യതകള്‍ വരുന്നതായി അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ പഠനത്തിന്റെ ഭാഗമായ സർവേയിൽ നിന്നുള്ള മറ്റൊരു രസകരമായ വസ്തുത, കൂടുതൽ ആരോഗ്യപരവും സന്തോഷപരവുമായ ദാമ്പത്യജീവിതം റിപ്പോർട്ടുചെയ്യുന്ന പങ്കാളികളുടെ മുഖത്തിന്റെ സാമ്യത വർദ്ധിച്ചിരിക്കുന്നു എന്നതാണ് ( Zajonc, 1987). ഡിംബർഗിന്‍റെ പഠനഫലം ഉപയോഗിച്ചാല്‍ ഈ വര്‍ദ്ധിക്കുന്ന സാമ്യതയുടെ ഒരു പ്രധാനകാരണം, അവർ വർഷങ്ങളായി ഫേഷ്യല്‍ ക്യൂസ് (facial cues) വഴി പരസ്പരം ഇടപെടുന്നതിന്റെ ഭാഗമായി മുഖങ്ങളുടെ പേശികളെ കൂടുതലായി മിറര്‍ ചെയ്യുകയും, അത്തരത്തില്‍ രൂപപ്പെടുന്ന ചെറിയ ചുളിവുകള്‍ കാലക്രമേണ ഒരുപോലെയായി വരുകയും ചെയ്യാമെന്നതാണ്‌. ദാമ്പത്യജീവിതത്തില്‍ വളരെയധികം സന്തോഷകരവും ദുഃഖകരവുമായ നിമിഷങ്ങൾ ഓരോ വ്യക്തിയും അനുഭവിക്കാം. ദമ്പതികളായി അവർ ഒരുമിച്ച് കടന്നുപോകുന്ന ഇത്തരം അനുഭവങ്ങള്‍ അവരുടെ ശരീരഭാഷയെയും വൈകാരികാവസ്ഥയെയും ബാധിക്കാനുള്ള സാധ്യത തീര്‍ച്ചയായുമുണ്ട്.

നമ്മുടെ പേശികളെ മിമിക്ക് ചെയ്തു ഇമോഷണ്സ് കൊണ്ടുവന്നു നിയന്ത്രിക്കാൻ സാധിക്കാതെ വരുന്ന അവസരങ്ങളിൽ മറ്റുള്ളവരുടെ മുഖഭാവങ്ങളിൽ നിന്നുള്ള വികാരങ്ങളെ മനസ്സിൽ ആക്കാൻ ബുദ്ധിമുട്ട് വരുന്നുണ്ടോവെന്നു ബോട്ടോക്‌സ് ഇൻജക്ഷനെടുത്ത ആളുകളിൽ നടത്തിയ പല പഠനങ്ങളിലൂടെയും പരിശോധിച്ചിട്ടുണ്ട്. ക്ലോസ്ട്രിഡിയം ബോട്ടുലിനമെന്ന ഒരുതരം ബാക്ടീരിയ ഉത്പാദിക്കുന്ന നാഡികോശങ്ങളെ ബാധിക്കുന്ന ന്യൂറോടോക്സിനാണ് ബോട്ടുലിനം ടോക്സിൻ. നാഡികോശങ്ങള്‍ പേശികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാനപ്പെട്ട മാര്‍ഗ്ഗം ന്യൂറോ-മസ്കുലർ ജംഗ്ഷനിലെ ആക്സൺ എൻ‌ഡിംഗുകളിൽ നിന്നും റിലീസ് ചെയ്യുന്ന അസറ്റൈൽകോളിൻ എന്നൊരു ന്യൂറോട്രാൻസ്മിറ്റർ വഴിയാണ്. ഈ ടോക്സിൻ,ആക്സൺ എൻ‌ഡിംഗുകളിൽ നിന്നും പേശികളെ നിയന്ത്രിക്കാന്‍ റിലീസ് ആകേണ്ട അസറ്റൈൽകോളിനെ തടയുകയും പേശികളുടെ പ്രവര്‍ത്തനത്തെ തളര്‍ത്തുകയും ചെയ്യുന്നു. മനുഷ്യര്‍ക്കിതുവരെ അറിയാവുന്ന ഏറ്റവും മാരകമായ വിഷമാണ് ബോട്ടുലിനം ടോക്സിൻ. ശ്വസിക്കാന്‍ ആവശ്യമായ ഡയഫ്രത്തിന്‍റെ ഉള്‍പ്പടെ പേശിപരമായ ചലനത്തെ തടഞ്ഞ് ശ്വാസംമുട്ടിയുള്ള മരണം സംഭവിക്കാം. വെറും എട്ടുഗ്രാം ബോട്ടുലിനം ടോക്സിൻ, ലോകത്തുള്ള മുഴുവന്‍- എഴുനൂറു കോടിയിലേറെ മനുഷ്യരുടെ മരണത്തിനു കാരണമാകാമെന്നാണ് ബർമിംഗ്ഹാം സർവകലാശാലയിലെ ടോക്സിയോളജി പ്രഫസറായ ഡോ. റോസ്മേരി വേറിംങ് റിപ്പോര്‍ട്ട് ചെയ്യുന്നത് ( Waring et.al 2007). പക്ഷെ ബോട്ടുലിനം ടോക്സിൻ അഥവാ കൊമേര്‍ഷ്യല്‍ ലോകത്തെ പേരായ “ബോട്ടോക്സ്”, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കോസ്മെറ്റിക് പദാര്‍ത്ഥവുമാണ്. വളരെ നേര്‍ത്ത അളവില്‍ ഡൈയ്ല്യൂട്ട്‌ ചെയ്ത് മുഖത്തെ ചുളിവുകള്‍ മറയ്ക്കാനും പ്രായംകുറച്ചു തോന്നിപ്പിക്കാനുമുള്ള സൗന്ദര്യവർദ്ധക വസ്തുവായിട്ടും ഇത് ഉപയോഗിക്കുന്നുണ്ട്. പല പ്രമുഖ മോഡലുകളുടെയും സിനിമതാരങ്ങളുടെയും “ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതെ" നിര്‍ത്തുന്നതിന്റെ രഹസ്യം, മുഖത്തെ പേശികളെ ബോട്ടോക്സ് ഉപയോഗിച്ചു തളര്‍ത്തി ചുളുവുകളെ തടയുന്നതാണ്. ബോട്ടോക്സ് ഇന്‍ജെക്ഷന്‍ എടുത്തിട്ടുള്ളവരുടെ മുഖത്തെ പേശികളുടെ മൂവ്മെന്‍റ് കുറവായിരിക്കും. പ്രായം വര്‍ദ്ധിച്ചിട്ടും നിത്യയൌവനം “കാത്ത് സൂക്ഷിക്കുന്ന”, മുന്‍പ് നല്ല അഭിനേതാക്കളായിരുന്ന സിനിമാതാരങ്ങളുടെ അഭിനയത്തില്‍, മുഖത്ത് ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതിന്റെ മികവില്‍ പെട്ടെന്ന് കുറവ് വന്നതിനൊരു കാരണം അവര്‍ ബോട്ടോക്സ് ഉപയോഗിച്ചത് ആകാവുന്നതാണ്.

ബോട്ടോക്‌സ് ഇൻജക്ഷനെടുത്ത ആളുകളുടെ അടുക്കല്‍, ഡിംബർഗ് നടത്തിയ, ചിത്രങ്ങളിലെ വ്യക്തിയുടെ ഇമോഷണനെ മനസ്സില്‍ ആക്കാമോ എന്ന വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തി നോക്കിയപ്പോള്‍, ഇവരുടെ മിററിംഗ് എഫെക്റ്റ് കുറയുന്നതിന് ഒപ്പം ഫോട്ടോയില്‍ ഉള്ള ഇമോഷന്‍ കൃത്യമായി മനസ്സിലാക്കാനുള്ള കഴിവും, ബോട്ടോക്സ് ഇന്‍ജെക്ഷന്‍ എടുക്കാത്തവരെ അപേക്ഷിച്ച് അല്പം കുറവാണെന്ന് കണ്ടെത്തി (Neal &Chartrand, 2011). ബോട്ടോക്സ് ഇന്‍ജെക്ഷന്‍ പുതിയതായി നല്‍കപ്പെട്ടവരിൽ, ഇന്‍ജെക്ഷന്‍ നല്‍കപ്പെട്ടതിനു ശേഷം വികാരങ്ങളെ മുഖഭാവങ്ങളില്‍ നിന്നും തിരിച്ചറിയുന്നതിന്റെ ക്ലാരിറ്റി കണ്ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് കൂടുന്നില്ല എന്നും, അവരുടെ ഇമോഷണല്‍ എക്സിപിരിയന്‍സ് കുറയുന്നതായും കൊളംബിയന്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ജോഷ്വ ഇയാൻ ഡേവിസും സംഘവും കണ്ടെത്തി. (Davis et.al 2010) മുഖത്തെ ചില പ്രത്യേക ഭാവങ്ങളുമായി ബന്ധപ്പെട്ട പേശിഭാഗങ്ങളില്‍, (ഉദാഹരണത്തിന് നെറ്റിചുളിച്ച് ദേഷ്യപ്പെടുന്ന ഭാവം) ലോക്കല്‍ ആയി ബോട്ടോക്സ് ഇന്‍ജെക്ഷന്‍ ചെയ്തു തളര്‍ത്തുമ്പോള്‍, ആ വ്യക്തിക്ക് കണ്ട്രോള്‍ ഗ്രൂപ്പിനെ അപേക്ഷിച്ച് ആ സ്പെസിഫിക് ഇമോഷന്‍ മനസ്സിലാക്കുന്നതില്‍ കുറവ് ഉണ്ടാകുന്നതായി ബെൽജിയത്തിലെ യു‌എൽ‌ബി ന്യൂറോസയൻസ് ഇൻസ്റ്റിറ്റ്യൂറ്റിലെ ഗവേഷക ലൂയിസ് കാർലോ ബുല്ലെൻസും സംഘവും, പ്രദർശിപ്പിക്കുന്ന ഷോർട്ട് വീഡിയോക്ലിപ്പിൽ മാറിവരുന്ന മുഖഭാവങ്ങളെ നിരീക്ഷിച്ചു ഇമോഷണസ് റിപ്പോർട്ട് ചെയ്യിപ്പിച്ചു നടത്തിയ പഠനത്തില്‍ നിരീക്ഷിക്കുകയും ചെയ്തു. (Bulnes et.al 2019)

മറ്റുള്ള മനുഷ്യരുടെ മാനസികാവസ്ഥകള്‍ മനസ്സിലാക്കാന്‍ അവരുടെ മുഖഭാവങ്ങള്‍ കാണുന്നതും, അവ നമ്മുടെ മുഖത്ത് സറ്റില്‍ ആയി വരുത്തി സ്വയം അനുഭവിക്കുന്നതും മനുഷ്യരുടെയും മറ്റ്‌ പ്രൈമേറ്റുകളുടെയും ആശയവിനിമയത്തിൽ പ്രധാനപ്പെട്ട ഒരുഭാഗമാണ്. നാം ഇത് ബോധപൂര്‍വ്വം ശ്രദ്ധിക്കുന്നില്ലായെങ്കിലും സബ്കോൺഷ്യസ് ആയി സ്ഥിരം നടക്കുന്ന കാര്യമാണ്. കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട മുന്‍കരുതലുകളില്‍ അനിവാര്യമായ ഫെയ്സ്മാസ്ക് ഉപയോഗിക്കുന്നത് പരസ്പരമുള്ള ആശയവിനിമയത്തില് ചില ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുള്ള അനുഭങ്ങളുടെങ്കില്‍ കമ്മെന്റുകളിൽ പങ്കുവയ്ക്കാമോ? അതിനെ മറികടക്കാന്‍ നിങ്ങള്‍ ഉപയോഗിച്ച മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്നും പറയാം. ഈ പാന്‍ഡെമിക് വേളയില്‍ വര്‍ദ്ധിച്ച വീഡിയോ കോളിംഗ്, കോണ്‍ഫ്രസിംഗ് പ്ലാറ്റ്ഫോമുകളുടെ ഉപയോഗവും ഒരര്‍ത്ഥത്തില്‍ മുഖഭാവങ്ങള്‍ കാണാനും, അവ പകര്‍ത്തി കൊണ്ട് ഇമോഷന്‍സ് മനസ്സിലാക്കാനുമുള്ള മനുഷ്യരുടെ ആന്തരികത്വരയുടെ ഭാഗമായത് കൊണ്ട് ആകാം. അല്ലായെങ്കിൽ തന്നെ മനുഷ്യരുടെ ആശയവിനിമയത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് മുഖഭാവങ്ങൾ അറിയുകയെന്നത് വ്യക്തമായ ഒരു വസ്തുതയാണ്.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 04:36:55 am | 24-03-2023 CET