മലയാളിക്കു് ഇഷ്ടമില്ലാത്ത അറിവു്

Avatar
Viswa Prabha | 03-03-2018 | 8 minutes Read

മലയാളിക്കു് ഇഷ്ടമില്ലാത്ത അറിവു്
=========================
“എങ്ങനെയാണു് ഇത്ര സങ്കീർണ്ണമായ ഒരു ഇവന്റ് (സമ്മേളനം) ഇത്ര ലളിതമായി / ധൈര്യമായി / വിജയകരമായി മാനേജ് ചെയ്തതു്?”

ചില പ്രധാനപ്പെട്ട ദേശീയ/അന്തർദ്ദേശീയ സമ്മേളനങ്ങളുടെ സൂത്രധാരനായി മാസങ്ങളും ആഴ്ചകളും പണിയെടുത്തതിനുശേഷംഅവയുടെ സമാപനത്തിന്റെ ഒടുവിലെ ‘പായ ചുരുട്ടൽ‘ (Winding up) മീറ്റിങ്ങിൽ പല തവണ എന്നോടു ചോദിക്കപ്പെട്ട ഒരു ചോദ്യമാണതു്.

“സിമ്പിൾ, It's all about -tudes, dude!"
ഞാൻ പറയും.

സത്യമായും ഞാൻ നിങ്ങളോടു പറയുന്നു, അഞ്ചു തരം റ്റ്യൂഡുകളാണു് നമ്മുടെ ജീവിതത്തിലെ എല്ലാ വിജയങ്ങളും നിശ്ചയിക്കുന്നതു്. അതു് രാവിലെ കോളേജിലേക്കു് ബസ്സ് പിടിക്കുന്നതായാലും അഞ്ചുവർഷം കഴിഞ്ഞു് IAS പരീക്ഷയിൽ വിജയിക്കാനായാലും. ഏറ്റവും നിസ്സാരമായതുമുതൽ ഏറ്റവും പ്രധാനപ്പെട്ടതുവരെ.

പക്ഷേ, ഇക്കാര്യം നാം സ്വയം തിരിച്ചറിയാൻ അത്ര എളുപ്പമല്ല. നമ്മുടെ ജീവിതത്തിൽ ഏറ്റവും കൃത്യമായും സ്ഥിരമായും അടയാളപ്പെടുത്താവുന്ന വളരെക്കുറച്ചു് വിവരങ്ങളേയുള്ളൂ. അവയാണെങ്കിൽ തീരെ ലളിതമായ സംഖ്യകളാണു്. ആ അഞ്ചു സംഖ്യകളെപ്പറ്റി സദാ ബോധവാനാണെങ്കിൽ ബാക്കിയെല്ലാം ഈ പ്രപഞ്ചം തന്നെ ശരിപ്പെടുത്തിക്കോളും.

“And, when you want something, all the universe conspires in helping you to achieve it.”
― Paulo Coelho, The Alchemist

അതദ്ദേഹം വെറുതെ പറഞ്ഞതല്ല! പല നിർണ്ണായകസന്ദർഭങ്ങളിലും ആ പ്രസ്താവന സത്യമാണെന്നു് ഞാൻ എന്റെ കൂടെയുള്ളവർക്കു് തെളിയിച്ചുകൊടുത്തിട്ടുണ്ടു്. വേണമെങ്കിൽ അവരിൽ ചിലരെ എനിക്കു് ഇവിടെ സാക്ഷ്യം പറയാൻ വിളിക്കുകയുമാവാം.

പക്ഷേ, ഒരൊറ്റക്കാര്യം! ആ അഞ്ചു സംഖ്യകളെപ്പറ്റി നമുക്കു് ഗാഢമായ ബോധം വേണം!

Certitude, Latitude, Longitude, Altitude, Attitude ഇവയാണു് ആ അഞ്ചുസംഖ്യകൾ.

1. Certitude (Time Point)
===================
Certitude എന്നാൽ തീർച്ച എന്നർത്ഥം. പക്ഷേ ഇവിടെ ആ വാക്കിനു് ഞാൻ അർത്ഥം കൊടുക്കാറു് “ഉറപ്പായ സമയം“ എന്നാണു്.

അതെന്താണു് ഉറപ്പായ സമയം?

പ്രപഞ്ചം തുടങ്ങിവെച്ചതിനുശേഷം ഇന്നേ വരെയുള്ള (ഇനിയും തുടരുന്ന) ഒരൊറ്റ സ്വതന്ത്ര വേരിയബിളാണു് സമയം.

നമ്മെ കടന്നു പോവുന്ന ഓരോ സെക്കൻഡും പ്രപഞ്ചത്തിന്റെ ആദി മുതൽ അന്ത്യം വരെ നീണ്ടുകിടക്കുന്ന ഒരു മഹാരേഖയിലെ ഒരു ബിന്ദുവാണു്. നമുക്കതിനെ സമയബിന്ദു എന്നു വിളിക്കാം. തൽക്കാലം നാമൊക്കെ സ്റ്റാൻഡാർഡ് ആയി എടുത്തിരിക്കുന്ന പൊതുവർഷം (CE - Common Era) ഉപയോഗിച്ച്
UTC YYYY/MM/DD HH/MM:SS എന്നു് നമുക്കതിനൊരു മേൽ‌വിലാസം കൊടുക്കാം.

ഉദാഹരണം:
UTC 2018/03/03 05:30 = 2018 മാർച്ച് മൂന്നു് പുലർച്ചേ 5:30.

UTC എന്നാൽ പ്രാപഞ്ചികസമയസ്ഥിരാങ്കം (Universal Time Constant). ലഘുവായ അർത്ഥത്തിൽ നാം പറയാറുള്ള ഗ്രീൻവിച്ച് മെറിഡിയൻ ടൈം തന്നെ. ആ സമയത്തെ ഇന്ത്യൻ സ്റ്റാൻഡാർഡ് സമയത്തിലേക്കു മാറ്റാൻ 5 മണിക്കൂറും 30 മിനിട്ടും കൂട്ടിയാൽ മതി. അതായതു്
IST 2018/03/03 11:00 മണി.

ഈ സമയബിന്ദു ഒരിക്കലേ സംഭവിക്കുന്നുള്ളൂ. നിങ്ങൾക്കും എനിക്കും നമ്മെ ബാധിക്കാവുന്ന ഫിസിക്സ് വെച്ച് ഈ ഒരു സമയബിന്ദു കൃത്യമായും ഒരേ സംഖ്യയാണു്. കാലത്തിന്റെ മഹായാത്രയിൽ വേറൊരിടത്തും രേഖപ്പെടുത്താനാവാത്ത, അനന്യമൂല്യമുള്ള (unique value) ഉള്ള ഒരൊറ്റ ബിന്ദു!

അതിനാൽ നമുക്കു് ആ നമ്പർ ഒന്നു് ഓർത്തുവെക്കാം.

അതാണു് Certitude.

Latitude (അക്ഷാംശം)
======= =========

ഭൂനിരപ്പിലെ ഓരോ ബിന്ദുവിനേയും തെക്കുവടക്കായി അടയാളപ്പെടുത്താൻ ഉപയോഗിക്കാവുന്ന ഒരു അളവാണു് അക്ഷാംശം (Latitude). ഭൂമദ്ധ്യരേഖയിൽ അക്ഷാംശം പൂജ്യം ഡിഗ്രിയാണു്. കേരളത്തിന്റെ ഏകദേശം നടുഭാഗം അക്ഷാംശം 10.0000 ഡിഗ്രി വടക്കു്. ഉത്തരധ്രുവത്തിൽ അക്ഷാംശം 90 ഡിഗ്രി വടക്കു്. സൗത്ത് ആഫ്രിക്ക, ആസ്ത്രെലിയ തുടങ്ങിയ തെക്കൻ നാടുകളാണെങ്കിൽ വടക്കിനു പകരം തെക്കു് എന്നുവേണം എഴുതാൻ. അതായതു് ദക്ഷിണധ്രുവം = 90 ഡിഗ്രി തെക്കു്.

അക്ഷാംശം മനുഷ്യനല്ല നിർണ്ണയിച്ചതു്. ‘ദൈവ‘മാണു്. ഉത്തരധ്രുവം, ദക്ഷിണധ്രുവം എന്നീ മുൻനിശ്ചയിക്കപ്പെട്ട ബിന്ദുക്കളാണു് അക്ഷാംശരേഖകൾ ഇങ്ങനെയാവാൻ കാരണം. അവ ഗണിതശാസ്ത്രപരമായി അങ്ങനെത്തന്നെയേ വന്നുകൂടൂ!

Longitude (രേഖാംശം)
=================
ഭൂമിയെ ഒരു മധുരനാരങ്ങ പോലെ സങ്കൽപ്പിക്കുകയാണെങ്കിൽ
കുത്തനെ പല അല്ലികളായി വിചാരിക്കാം. ആ അല്ലികളുടെ വക്കുകളാണു് രേഖാംശരേഖകൾ. നിങ്ങളിപ്പോളുള്ള സ്ഥലത്തുകൂടെ അങ്ങനെയുള്ള വക്കുകളിൽ ഏതാണു് കടന്നുപോവുന്നതെന്നു് ഒരു നമ്പർ കൊടുക്കാനാവും. ആ നമ്പറാണു് നിങ്ങളുടെ രേഖാംശസ്ഥാനം.

ചുരുക്കത്തിൽ, ഭൂമിയിൽ നിങ്ങൾ ഏതു പ്രദേശത്താണെന്നുള്ളതിന്റെ കിഴക്കുപടിഞ്ഞാറായി അടയാളപ്പെടുത്താവുന്ന സ്ഥാനവിലയാണു് രേഖാംശം.

കേരളത്തിന്റെ രേഖാംശം ഏകദേശം 75-76 ഡിഗ്രി കിഴക്കു് ആണു്. ലണ്ടൻ 0 ഡിഗ്രി (കിഴക്കുമല്ല പടിഞ്ഞാറുമല്ല, തനി നടുമുറി.) അമേരീക്കയൊക്കെ പടിഞ്ഞാറൻ രേഖാംശങ്ങളിലാണു്.

അക്ഷാംശവൃത്തങ്ങളെപ്പോലെയല്ല രേഖാംശവൃത്തങ്ങൾ. അവ ‘ദൈവ‘നിർമ്മിതമല്ല. മനുഷ്യനിർമ്മിതമാണു്. ധ്രുവങ്ങളെപ്പോലെ എന്തെങ്കിലും പ്രത്യേകതയുള്ള ഒരു ആധാരബിന്ദുവോ രെഖയോ കിഴക്കുപടിഞ്ഞാറായി ഭൂമിക്കു മേലില്ല. അതിനാൽ, പൂജ്യം രേഖാംശം എന്ന മൂലബിന്ദു (origin) ഭൂമിയിലെ ഏതു സ്ഥലത്തും അടയാളപ്പെടുത്താം.

ഒരു കാലത്തു് ബ്രിട്ടനായിരുന്നു ലോകത്തിന്റെ അധീശത്വം. അന്നു് അവർ തീരുമാനിച്ചു ലണ്ടൻ (കൃത്യമായിപ്പറഞ്ഞാൽ, ലണ്ടനുതൊട്ടരികെയുള്ള ഗ്രീൻവിച്ച് എന്ന പട്ടണത്തിലെ വാനനിരീക്ഷണകേന്ദ്രം) ആയിരിക്കും പൂജ്യം ഡിഗ്രി രേഖാംശം എന്നു്. അതിനു കിഴക്കുള്ളതൊക്കെ (ഭൂതലത്തിന്റെ നേർപ്പകുതി 180 ഡിഗ്രി വരെ കിഴക്കൻ രേഖാംശങ്ങൾ. പടിഞ്ഞാറ്റുള്ളവ 180 ഡിഗ്രി വരെ പടിഞ്ഞാറൻ രേഖാംശങ്ങൾ.

Altitude (ഉന്നതി)
=============
ഉന്നതി എന്നാൽ നിങ്ങൾ നിൽക്കുന്ന സ്ഥലത്തേക്കുള്ള, സമുദ്രനിരപ്പിൽ നിന്നുമുള്ള ഉയരം. അതു് മീറ്ററിൽ പറയാം. (നിങ്ങൾ വിമാനത്തിലോ റോക്കറ്റിലോ ഉയരങ്ങളിൽ വിരാജിക്കുകയാണെങ്കിൽ സൗകര്യത്തിനുവേണ്ടി വല്ലപ്പോഴും കിലോമീറ്ററിലും പറയാം).

ആകാശത്തിനുചുവട്ടിലെ അറ്റം കാണാത്ത ഭൂമിയിൽ ആയിരമായിരം ചിറകുള്ള മോഹങ്ങളുമായി ഒരു ഞൊടി പൊങ്ങിപ്പറക്കുന്ന, വേദനതൻ തീവെയിലിൽ പേലവതൂവലുകൾ കരിഞ്ഞു് പിന്നെ വീണ്ടും നിലത്തിഴയുന്ന ആയിരമായിരം മനുഷ്യരാണു് നമ്മളെന്നു് Sreekumaran Thampi ( Film Director) ശ്രീകുമാരൻ തമ്പി എന്ന ഞങ്ങളുടെ അലുമ്നി‌ച്ചേട്ടൻ പണ്ടു് പാട്ടെഴുതിയിട്ടുണ്ടു്.
(ചിത്രം: മിസ് മേരി / കെ.ജെ. Yesudas / R.K.Sekhar 1972)

അതു ശരിയാണു്. ഉപ്പുവെള്ളത്തിനു പകരം വായു നിറഞ്ഞുനിൽക്കുന്ന വലിയൊരു മഹാസമുദ്രത്തിന്റെ അടിത്തട്ടിൽ ഇഴഞ്ഞുകൊണ്ട് ജീവിതം ജീവിച്ചുതീർക്കുന്നവരാണു് നമ്മളൊക്കെ. അതിനപവാദം വല്ലപ്പോഴും നാം അടത്തുന്ന വിമാനയാത്രകളാണു്. 16-19 മണിക്കൂറോളം തുടർച്ചയായി പറക്കുന്ന/പറന്നിട്ടുള്ള ചില യാത്രാവിമാനങ്ങളിലെ യാത്രക്കാരാണു് ഏറ്റവും കൂടുതൽ സമയം ഭൂമിയിൽ പൊങ്ങിപ്പറക്കുന്ന പൊതുജനങ്ങളുടെ ഇനത്തിൽ കാര്യത്തിൽ ലോകറെക്കോർഡുകാർ. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലും മറ്റും നൂറുകണക്കിനു ദിവസങ്ങൾ ജീവിച്ചിട്ടുള്ള ഏതാനും പേരെയും സാഹസികരായ ചില വൈമാനികരേയും തൽക്കാലം നമുക്കു പൊതുജനമായി കണക്കാക്കാതിരിക്കാം.

ലോകത്തിലെ മിക്കവാറും ജനതകൾ സമുദ്രനിരപ്പിൽനിന്നും കഷ്ടി ഒരു കിലോമീറ്റർ ഉയരത്തിനുള്ളിലാണു് ജീവിക്കുന്നതെന്നു് മുമ്പ് എഴുതിയിട്ടുണ്ടല്ലോ. ഭൂഗോളത്തിന്റെ കേന്ദ്രം മൂലബിന്ദുവും നെടുകേയും കുറുകേയുമുള്ള രണ്ട് കോണീയനിർദ്ദേശാങ്കങ്ങളുമുള്ള ഒരു പരിഗണനയിൽ ഈ 1000 മീറ്റർ ഒരു വലിയ സംഭവമേ അല്ല. കാരണം നമ്മളൊക്കെ 6400 കിലോമീറ്റർ ആരമുള്ള ഒരു കൂറ്റൻ ഗ്രഹത്തിന്റെ ഒന്നോ പത്തോ കിലോമീറ്റർ മാത്രം കനമുള്ള ഈ ഉള്ളിത്തൊലിപ്പാടയുടെ മീതെയാണു ജീവിക്കുന്നതു്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

എങ്കിൽപ്പോലും നിത്യജീവിതത്തിൽ ഉയരം ഒരു വലിയ കാര്യം തന്നെയാണു്. വെറും മീറ്ററുകളുടെ ഉയരവ്യത്യാസത്തിൽ നാം ഇടപെടുന്ന ലോകങ്ങൾ തികച്ചും വ്യത്യസ്തമായിരിക്കാം. ഉദാഹരണത്തിനു് ഒരു ബഹുനില ആശുപത്രിയിലെ ബേസ്‌മെന്റിൽ മോർച്ച്വറിയും രണ്ടാം നിലയിൽ നവജാതശിശുവാർഡും ആവാം. ഒരേ ലാറ്റിറ്റ്യൂഡിലും ലോങ്ങിറ്റ്യൂഡിലുമുള്ള രണ്ടു ജന്മങ്ങളുടെ ഗണിതജീവചരിത്രത്തിൽ ആ ഒരു ചെറിയ വ്യത്യാസം പോലും അത്ര നിസ്സാരമല്ലാത്ത അന്തരമാണു് ഉണ്ടാക്കുന്നതു്.
അതുകൊണ്ടാണു് ആൾടിറ്റ്യൂഡും നാം നിർമ്മിക്കാൻ പോകുന്ന നമ്മുടെ ലൈഫ് പ്ലാനിൽ വലിയൊരു ഘടകമായി ഉൾപ്പെടുത്തേണ്ടി വരുന്നതു്.

Attitude (വേണോ വേണ്ടേ എന്നുള്ള നിങ്ങളുടെ നിശ്ചയദാർഢ്യം)
===========================================
ആൾടിറ്റ്യൂഡ് ഒരു ബൈനറി ഡിജിറ്റ് ആണു്.
അതായതു് 0 അല്ലെങ്കിൽ 1.
YES or No.

നിങ്ങൾക്കാവശ്യമുള്ള ഒരു കാര്യം നടക്കണോ നടക്കണ്ടേ എന്നു തീരുമാനിക്കുന്നതു് നിങ്ങൾ തന്നെയാണു്. To be or not to be?

ഷേൿസ്പിയർ നാടകത്തിലെ ഹാം‌ലെറ്റ് രാജകുമാരൻ പറഞ്ഞു:

To be, or not to be, Ay there's the point,
To Die, to sleep, is that all? Aye all:
No, to sleep, to dream, aye marry there it goes,
For in that dream of death, when we awake,
And borne before an everlasting Judge,
From whence no passenger ever returned,
The undiscovered country, at whose sight
The happy smile, and the accursed damn'd.
But for this, the joyful hope of this,
Who'd bear the scorns and flattery of the world,
Scorned by the right rich, the rich cursed of the poor?
The widow being oppressed, the orphan wrong'd,
The taste of hunger, or a tyrants reign,
And thousand more calamities besides,
To grunt and sweat under this weary life,
When that he may his full Quietus make,
With a bare bodkin, who would this endure,
But for a hope of something after death?
Which puzzles the brain, and doth confound the sense,
Which makes us rather bear those evils we have,
Than fly to others that we know not of.
Aye that, O this conscience makes cowards of us all,
Lady in thy orizons, be all my sins remembered.
.

ശരിയും തെറ്റും ശരാശരികളും നന്നായി കൂട്ടിക്കിഴിച്ച്, ഒരിക്കൽ ഒരു കാര്യം വേണമെന്നു ശരിക്കും കടുപ്പത്തിൽ നിശ്ചയിച്ചുകഴിഞ്ഞാൽ അതു ശരിക്കും നടത്താൻ പറ്റും! മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു കാര്യം നമ്മെക്കൊണ്ടു പറ്റുന്നതാണോ എന്നു് ഒട്ടൊക്കെ കൃത്യമായി തിരിച്ചറിയാൻ നമുക്കാവണം. ആ തീരുമാനം ശരിയാവുന്നുവെങ്കിൽ അതിനർത്ഥം നിങ്ങൾ ശരിക്കും ഒരു മിടുക്കനോ മിടുക്കിയോ തന്നെയാണെന്നാണു്.

അതിനു വേണ്ട ഗുണമാണു് ആറ്റിറ്റ്യൂഡ്. വിമാനങ്ങളും കപ്പലുകളുമോടിക്കുമ്പോൾ അവ പോയ്ക്കൊണ്ടിരിക്കുന്ന ദിശയ്ക്കു് ആറ്റിറ്റ്യൂഡ് എന്നു പേരിട്ടതു് വെറുതെയല്ല.

ദേശകാലാവധിഭ്യാം നിർമുക്തം നിത്യമുക്തം...
==================================
ഇനി ഈ അഞ്ചുകാര്യങ്ങളും എവിടെയൊക്കെ ആവശ്യം വരും എന്നു നോക്കാം.
ഒരു യാത്ര പോകാനാണെങ്കിലും സമ്മേളനം നടത്താനാണെങ്കിലും പരീക്ഷ എഴുതാനാണെങ്കിലും അതിന്റെ പ്ലാനിങ്ങിൽ ശരിക്കും നിങ്ങൾ ചെയ്യുന്നതെന്താണു്?
”ഇന്ന ദിവസം ഇന്ന സമയത്തു് ഇന്ന സ്ഥലത്തു് ഇന്ന ആൾ ഉണ്ടാവണം” - എന്നു് പരസ്പരം കൂടിയാലോചിച്ചു സമ്മതിക്കുകയും ശട്ടം കെട്ടുകയും അല്ലേ?

മേൽപ്പത്തൂർ ഭട്ടതിരിയുടെ നാരായണീയത്തിലെ ആദ്യശ്ലോകത്തിൽ ഒരു വലിയ സങ്കൽപ്പത്തെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ടു്. സാന്ദ്രാനന്ദാവബോധാത്മകവും അനുപമിതവും നിഗമശതസഹസ്രേണ നിർഭാസ്യമാനവുമായ, കാണുന്നയുടനെ സ്പഷ്ടമല്ലാത്തതും കുറേ ചിന്തിച്ചവർക്കു മാത്രം ദൃഷ്ടാന്തമുള്ളതുമായ ഒരു മഹത്തായ തത്ത്വത്തിന്റെ കേവലത്വത്തെക്കുറിച്ചാണു് അദ്ദേഹം “ദേശകാലാവധിഭ്യാം നിർമ്മുക്തം നിത്യമുക്തം“ എന്നു വിശേഷിപ്പിച്ചതു്.

ദേശം (space), കാലം (time) എന്നിവയുമായുള്ള നമ്മുടെ പൊക്കിൾക്കൊടി ബന്ധത്തെ മിടുക്കോടെ തിരിച്ചറിയുന്നതു തന്നെയാണു് നമ്മുടെ ജീവിതത്തിലെ എല്ലാ ജയപരാജയങ്ങളുടേയും തോതു നിശ്ചയിക്കുന്നതു്.

പ്രധാനപ്പെട്ട ഒരു ദിവസമായിരുന്നു ഇന്നു്. പ്രധാനപ്പെട്ട ഒരു പുതിയ പദ്ധതിയെപ്പറ്റി ആലോചിക്കാൻ UTC 2018030304:30 എന്ന കാലബിന്ദുവിൽ 10.359669°N76.285995°E എന്ന ദേശബിന്ദുവിൽ ഞാൻ എത്തിച്ചേരാമെന്നു് നാളുകൾക്കു മുന്നേ ഞാൻ വാക്കുകൊടുത്തിരുന്നു.

എന്തായാലും മറ്റു പല തിരക്കുകൾക്കുമിടയിൽ അവയെല്ലാം മാറ്റിവെച്ച്, മുകളിൽ പറഞ്ഞ സമയബിന്ദുവിലും സ്ഥലബിന്ദുവിലും എന്റെ ശരീരവും (മനസ്സും) കൊണ്ടെത്തിക്കാൻ എനിക്കു സാധിച്ചു. എന്നെപ്പോലെ, അതിനു ബാദ്ധ്യസ്ഥരായിരുന്ന വേറെ അഞ്ചെട്ടുപേർ കൂടി അങ്ങനെ ചെയ്തപ്പോൾ മികച്ച ഭാവിസാദ്ധ്യതകൾക്കു വഴിമരുന്നിടുന്ന നല്ലൊരു മീറ്റിങ്ങ് സംഭവിച്ചു. മുകളിലെ കോഓർഡിനേറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ആരെങ്കിലും ചെറിയ ഒരു വ്യത്യാസം വരുത്തിയിരുന്നെങ്കിൽ ആ മീറ്റിങ്ങിന്റേയും അതുവഴി കുറേപ്പേരുടേയും ഒരു പക്ഷേ ലോകത്തിന്റെ ചരിത്രം തന്നെയും അപ്പാടെ മാറുമായിരുന്നു.

ഒന്നാലോചിച്ചാൽ, നാം ചെയ്യുന്ന പ്രവൃത്തികളൊക്കെ ഇത്തരത്തിൽ ഓരോരോ സ്ഥലകാലബിന്ദുക്കളിൽ നമ്മെത്തന്നെ തൊടുത്തുകൂട്ടുന്നതല്ലേ? ആ സത്യം വ്യക്തമായി തിരിച്ചറിഞ്ഞാൽ അത്തരം പ്രവൃത്തികൾ, അവയെത്ര ചെറുതായാലും വലുതായാലും, നമുക്കു് കൂടുതൽ ഭംഗിയായി ചെയ്തുകൂടേ?

സ്മാർട്ട്‌ഫോൺ സ്മാർട്ട് ശരിക്കും ആവുന്നതെപ്പോൾ?
=======================================
ഇവിടെ ഞാൻ സൂചിപ്പിക്കുന്നത്ര കണിശമായി കാര്യങ്ങൾ പ്ലാൻ ചെയ്യാൻ പണ്ടൊന്നും എളുപ്പമായിരുന്നില്ല. താരതമ്യേന, ജീവിതം വളരെ മന്ദഗതിയിൽ പോയ്ക്കൊണ്ടിരുന്ന ഒരു കാലമായിരുന്നു അന്നൊക്കെ. വെറുമൊരു റിസ്റ്റ് വാച്ച് പോലും മിക്കവർക്കും ആഡംബരവസ്തുവായിരുന്നു. ഒരു ചുമർക്കലണ്ടറോ പഞ്ചാംഗപ്പുസ്തകമോ ഇല്ലാത്ത വീടുകൾ ഒട്ടനവധിയായിരുന്നു.

എന്നാൽ ഇപ്പോൾ അങ്ങനെയല്ല. ഒരുവിധപ്പെട്ടവരുടെയൊക്കെ പക്കൽ ഇപ്പോൾ ഒരു സ്മാർട്ട്ഫോണോ കമ്പ്യൂട്ടറോ ഒക്കെയുണ്ടു്. അതിൽ GPS എന്നും Clock എന്നും രണ്ട് സൗകര്യങ്ങളുണ്ടു്. കൂടാതെ Contacts എന്നും Calendar എന്നും Maps എന്നും മൂന്നു് ആപ്പേച്ചുകളുമുണ്ടു്. എപ്പോഴും സ്വന്തം മൊബൈൽ ഫോൺ കൂടെ കൊണ്ടുനടക്കുന്നവരാണു നിങ്ങളെങ്കിൽ, ബാറ്ററി ചാർജ്ജു നഷ്ടപ്പെടുന്നതു് പതിവായുള്ള ഒരു പ്രശ്നമല്ലെങ്കിൽ, ആ മൊബൈൽ ഫോണിന്റെ മൊത്തം പോക്കുവരത്തുചരിത്രം അത്രയും കാലത്തെ നിങ്ങളുടെ ജീവചരിത്രത്തിന്റെത്തന്നെ ഭാഗമാണു്.

ഗൂഗിൾ കലണ്ടർ, ഗൂഗിൾ ജീമെയിൽ, ഗൂഗിൾ കോണ്ടാക്റ്റ്സ്, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ മാപ്സ് ഇത്രയും സൗകര്യങ്ങൾ അവയുടെ എല്ലാ സാദ്ധ്യതകളും ഉൾപ്പെടുത്തി നിങ്ങൾ പ്രയോജനപ്പെടുത്താറുണ്ടോ?
എങ്കിലേ നിങ്ങളുടേത് അക്ഷരാർത്ഥത്തിൽ ഒരു സ്മാർട്ട് ഫോൺ ആവുന്നുള്ളൂ. അല്ലെങ്കിൽ പഴയ ഏതോ ഒരു അമ്മൂമ്മയുടെ മുറുക്കാൻ ചെല്ലത്തിന്റെ വെറുമൊരു അപ്‌ഗ്രേഡ് മാത്രമാണതു്.

സ്മാർട്ട്ഫോൺ നിങ്ങളുടെ അടിമയായിരിക്കണം. അല്ലാതെ, നിങ്ങൾ സ്മാർട്ട്ഫോണിന്റെ അടിമയായിരിക്കരുതു്.

എന്തുകൊണ്ട് ഗൂഗിൾ എന്നാണു ചോദ്യമെങ്കിൽ,
അങ്ങനെ യാതൊരു നിർബന്ധവുമില്ല. ഇത്തരം സൗകര്യങ്ങൾ സൗജന്യമായും അല്ലാതെയും ലഭ്യമാക്കുന്ന മറ്റു പല ആപ്പുകളുമുണ്ടു്. തൽക്കാ‍ാലം ഇവയെല്ലാം ഒരൊറ്റ നെറ്റ്‌പുരയിൽ നിന്നും സംഘടിപ്പിക്കാവുന്ന, പൊതുവേ സ്ഥലകാലവർഗ്ഗഭേദമില്ലാതെ എല്ലാർക്കും പ്രാപ്യമായ ഒരു ഡിജിറ്റൽ സൂപ്പർമാർക്കറ്റ് അതാണെന്നു മാത്രം.

പാശ്ചാത്യമുതലാളിത്തഭീകരതയിൽ അസ്കിത തോന്നുന്നവർക്കു് ഇവയ്ക്കു പകരമായി ഉപയോഗിക്കാവുന്ന ധാരാളം ‘സ്വതന്ത്ര‘ സൗകര്യങ്ങളുമുണ്ടു്. അവയെല്ലാം ഇപ്പോഴും അത്ര യൂസർ ഫ്രൻഡ്‌ലിയൊന്നുമല്ല എന്നുള്ളതാണു് സത്യം. കുത്തകവൽക്കരണത്തിനോട് കഠിനമായ എതിർപ്പുള്ളവർക്കു് അത്തരം ‘അസുഅകര്യങ്ങൾ‘ മതിയെന്നു വിചാരിക്കാം. അല്ലെങ്കിൽ, സ്മാർട്ട് ഫോണൊന്നും ഉപയോഗിക്കാതെ ചൊറിയും കുത്തി വല്ല ഹിമാലയസാനുക്കളിലും ഏകാന്തപഥികനായി ജീവിക്കാം.
എന്തായാലും അതിനേക്കാളുമൊക്കെ കുത്തകയായ ഈ ഫേസ് ബുക്ക് അങ്ങനെയുള്ള ആളുകളൊന്നും ഉപയോഗിക്കുന്നുണ്ടാവില്ലെന്നു് ഞാൻ പ്രതീക്ഷിക്കുന്നു. അതിനാൽ ഇതൊന്നും അവർ വായിക്കുന്നുമുണ്ടാവില്ല.

എനിക്കും ആധാറും ഫേസ്‌ബുക്കും ഗൂഗിളുമൊന്നും ഇഷ്ടമല്ല. എന്റെ വീട്ടാധാരങ്ങളും പ്രേമരഹസ്യങ്ങളും വരെ ഇപ്പൊഴേ അവർക്കൊക്കെയറിയാം.

പക്ഷേ, കെട്ട്യോളും കുട്ട്യോളും ഉറ്റയവരും ഉടയവരും നിങ്ങളെപ്പോലെ,പരിചയമുള്ളവരും അല്ലാത്തവരുമായ മറ്റു കാക്കത്തൊള്ളായിരം ആളുകളും ഞാനുമായുള്ള ‘കണൿഷൻ‘ ഈയിടെയായി ഇതുപോലൊക്കെയായതിനാൽ, എന്റെ ഇഷ്ടത്തിനൊന്നും ലോകവ്യാപാരത്തിൽ യാതൊരു അർത്ഥവും വിലയുമില്ലാത്ത അവസ്ഥയായി.

എന്തായാലും നനഞ്ഞിറങ്ങി. അപ്പോഴിനി കുളിച്ചുകയറുക തന്നെ.

ഡിജിറ്റൽ ലോകത്തിലെ സൗകര്യങ്ങൾ ഉപയോഗിച്ച് എന്തുതരം കൂട്ടായ്മപ്പരിപാടികളും പ്ലാൻ ചെയ്യാൻ
============================
1.സ്ഥലം, സമയം, പങ്കെടുക്കാനുള്ളവരുടെ ബന്ധവിവരങ്ങൾ (ഫോൺ നമ്പർ, ഈമെയിൽ, വെബ് സൈറ്റ് ലിങ്ക്, താമസസ്ഥാനം) തുടങ്ങിയവയിൽ ഏതൊക്കെ ലഭ്യമാണോ അതൊക്കെ ചേർത്തുകൂട്ടി ഒരു പട്ടിക തയ്യാറാക്കുക. അതു് വെറുമൊരു കടലാസുഡയറിയിലോ വേണ്ടപ്പെട്ടവരുമായി പങ്കുവെച്ച് അവരിലാർക്കും എഡിറ്റ് ചെയ്യാവുന്ന, ഗൂഗിൾ സ്പ്രെഡ്ഷീറ്റ് പോലുള്ള, ഒരു ക്ലൗഡ് സിസ്റ്റത്തിലോ ആകാം.

2. ആ പട്ടികയിൽ, സാദ്ധ്യമാവുന്നിടത്തെല്ലാം മാപ് പോയിന്റുകളും കോണ്ടാൿറ്റ് ലിങ്കുകളും കലണ്ടർ ലിങ്കുകളും ഉൾപ്പെടുത്തുക.

ആദ്യമാദ്യം വെറും കരടു രൂപത്തിൽ തുടങ്ങിവെച്ച ഒരു സ്പ്രെഡ്ഷീറ്റ് പോകപ്പോകെ, ആ പരിപാടിയുടെ ജീവനാഡിയായ മാസ്റ്റർ പ്ലാനായി മാറും.

3. പരിപാടിയുമായി ബന്ധപ്പെട്ട എല്ലാർക്കും (stakeholders) അവർ കൂടി അറിയേണ്ട വിവരങ്ങൾ (ആരൊക്കെ ഏതു സമയത്തു് എവിടെ ഉണ്ടായിരിക്കണം എന്നതിന്റെ സ്ഥലസമയബിന്ദുക്കൾ) പരസ്പരം പങ്കുവെക്കുക. മുൻകൂട്ടി കൃത്യമായും തീരുമാനിക്കാനാവാത്ത സന്ദർഭങ്ങൾ ഏതാണ്ടൊരു കമ്മച്ചമായി (estimation) അടയാളപ്പെടുത്തിവെക്കുക. പരിപാടിയുടെ മുഹൂർത്തം അടുക്കുംതോറും അത്തരം എസ്റ്റിമേഷനുകൾ പരമാവധി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക (optimize and fine tune).

ഇത്തരമൊരു സ്പ്രെഡ് ഷീറ്റ് മാതൃകയുടെ ടെം‌പ്ലേറ്റ് (സ്വന്തം ആവശ്യത്തിനു് വേറൊരു സ്വതന്ത്രപകർപ്പായി സേവ് ചെയ്യാവുന്ന കരടുരൂപം) തയ്യാറാക്കി അതിന്റെ ലിങ്ക് ഇവിടെ പങ്കുവെക്കാൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ ശ്രമിക്കാം.

കൂടാതെ, എങ്ങനെയാണു് ആളുകളുടെ മനഃശാസ്ത്രവും ദൈനം‌ദിനപ്രശ്നങ്ങളും മുൻകൂട്ടിക്കണ്ട് ഒരു പരിപാടിയുടെ സമയവുംസാമ്പത്തികച്ചെലവും ആസൂത്രണം ചെയ്യേണ്ടതെന്നും പയ്യെപ്പയ്യെ പറഞ്ഞുതരാൻ ശ്രമിക്കാം.

അപ്പൊഴേക്കും “-റ്റ്യൂഡ്സ്” ഒരു പതിവുശീലമാക്കാൻ തുടങ്ങുക. മേൽപ്പറഞ്ഞ ആപ്പുകളെ അടുത്തു പരിചയപ്പെടുക. എല്ലാം വെറുതെയെങ്കിലും സ്വന്തം ഫോണുകളിലോ ബ്രൗസറിലോ ഒന്നു പരീക്ഷിച്ചുനോക്കുക. കുറെശ്ശെ കൈപൊള്ളിയാലും നല്ലൊരു സദ്യയുണ്ടാക്കാനുള്ള ശ്രമത്തിലല്ലേ എന്നു സമാശ്വസിക്കുക.

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 02:46:12 am | 10-12-2023 CET