സിലബസിൽ ഇല്ലാത്ത (ജീവിത) പാഠങ്ങൾ !

Avatar
Neeraja Janaki | 07-05-2020 | 4 minutes Read

SEO text
Photo Credit : » @gpthree

മെയ് മാസത്തിലെ ആദ്യ ആഴ്ച കഴിയുന്നു, മെയ് പതിനേഴ് വരെ ലോക്ക് ഡൌൺ ആണ്.

പ്രവാസികൾ വന്നു കഴിഞ്ഞാലുള്ള അവസ്ഥ പ്രവചിക്കാനുമാവില്ല.

ജൂൺ ആദ്യമാണ് സ്‌കൂൾ തുറക്കേണ്ടത്. അതിനു മുൻപായി ക്ലാസ് തുടങ്ങുന്നതിലേക്ക് ഏറെ കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളതുകൊണ്ട് അതും കൃത്യസമയത്ത് നടക്കുമെന്ന് തോന്നുന്നില്ല.

ആഗസ്റ്റ് വരെയും കുട്ടികൾ വീട്ടിൽത്തന്നെ ആയിരിക്കുമെന്ന് ചിന്തിച്ച് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നതാണ് ബുദ്ധി. എന്നാൽ അത് ആലോചിക്കുന്പഴേ എല്ലാവർക്കും തലകറങ്ങും എന്നതുകൊണ്ട് ജൂലൈ ഒന്നുമുതൽ ക്ലാസുകൾ തുറക്കുമെന്ന് തൽക്കാലം വിചാരിക്കാം. (ആ വിചാരം പിന്നീട് നീട്ടിയാൽ മതിയല്ലോ).

എന്നുവെച്ച് മെയ്, ജൂൺ മുഴുവൻ കുട്ടികൾ വീട്ടിൽ വെറുതെയിരിക്കണമെന്ന് അർത്ഥമില്ല. നമ്മുടെ കുട്ടികൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും അവരുടെ സിലബസിൽ ഇല്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ വേണ്ടതുപോലെ കവർ ചെയ്യപ്പെടുന്നില്ല. അത് ചെയ്യാനുള്ള അവസരമായി ഈ വരുന്ന മാസങ്ങൾ പ്രയോജനപ്പെടുത്താം.

ചില ഉദാഹരണങ്ങൾ:
ഈ കൊറോണക്കാലത്ത് കുട്ടികളെ ആരോഗ്യത്തെയും ആരോഗ്യ ശീലങ്ങളെയും പറ്റി പഠിപ്പിക്കാം.

മാഴക്കാലവുമായി ജൂൺ വരികയായി. ജല സുരക്ഷയെ, പ്രളയത്തെ, ജലജന്യരോഗങ്ങളെപ്പറ്റിയും പഠിപ്പിക്കാം.

എല്ലാവരും വീട്ടിലിരിക്കുകയായതിനാൽ വരവ്, ചിലവ്, സന്പാദ്യം തുടങ്ങിയ ‘ഹോം എക്കണോമിക്സ്’ പഠിപ്പിക്കാം. വീട്ടിലെ സാന്പത്തിക കാര്യങ്ങൾ കുട്ടികൾ കൂടി അറിയട്ടെ.

കുട്ടികൾക്ക് അടുക്കളയെ, പാചകത്തെ, അടുക്കളയിലെ സുരക്ഷയെ, ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ എല്ലാം അടുത്തറിയാനുള്ള അവസരമാണ്.

കൃഷി, പശുവും പാലും തമ്മിലുള്ള ബന്ധം, കാലാവസ്ഥയും കൃഷിയും തമ്മിലുള്ള ബന്ധം എല്ലാം കുട്ടികളെ പഠിപ്പിക്കാം, ഈ അവസരത്തിൽ.

നമ്മുടെ ചുറ്റുമുള്ള പ്രകൃതിയെയും എന്തുകൊണ്ടാണ് നെൽപ്പാടങ്ങൾ മണ്ണിട്ട് നികത്തുന്നതും മലകളിലെ മണ്ണ് ചുരണ്ടിയെടുക്കുന്നതും തെറ്റാകുന്നത് എന്നും പഠിപ്പിക്കാം.

യാത്ര ചെയ്യാതിരിക്കുന്ന കാലമായതിനാൽ യാത്രക്ക് എങ്ങനെയാണ് പ്ലാൻ ചെയ്യേണ്ടത്, യാത്ര എങ്ങനെയാണ് വിദ്യാഭ്യാസമായി മാറ്റേണ്ടത് എന്നതും ചർച്ച ചെയ്യാം.

-പൗരധർമം എന്താണെന്നും നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ചും അറിയാം. ഇന്നാട്ടിലെ ഓരോ പൗരനും അറിഞ്ഞിരിക്കേണ്ട ഒന്നാണ് നമ്മുടെ Constitution അഥവാ ഭരണഘടന. ഇന്ത്യൻ ഭരണഘടനയെപ്പറ്റി പഠിക്കാനും അതിൻറെ അന്തസത്ത - അടിസ്ഥാന തത്വങ്ങൾ, മൗലികാവകാശങ്ങൾ, പൗരന്മാരുടെ ചുമതലകൾ - മനസിലാക്കാനും ശ്രമിക്കാം.

- കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും അതിനായി രൂപീകരിച്ചിട്ടുള്ള നിയമങ്ങളെന്താണെന്നും അവകാശ ലംഘനം നടന്നാൽ എന്താണ് ചെയ്യേണ്ടതെന്നും പഠിപ്പിക്കാം.

- വീടിനുള്ളിൽ, പൊതുസ്ഥലങ്ങളിൽ, സമൂഹ മാധ്യമങ്ങളിൽ ഒക്കെ എങ്ങനെ പെരുമാറണമെന്നും ഇവിടെയെല്ലാം എങ്ങനെ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നും പഠിക്കാം.

- സമത്വം എന്ന ആശയത്തെക്കുറിച്ചു അറിയാൻ ശ്രമിക്കാം. സാമൂഹിക പിന്നോക്കാവസ്ഥ എന്താണെന്നും ആധുനിക സമൂഹത്തിൽ തുല്യതക്കുള്ള പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾ അറിയണം. നിലവിൽ ജാതി, വർഗം/നിറം, ലിംഗം, ലൈംഗീകാഭിമുഖ്യം, ശാരീരിക/മാനസിക വൈകല്യങ്ങൾ എന്നിവ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളെക്കുറിച്ചും അവ സമൂഹത്തെ എത്രത്തോളം പിന്നോക്കം വലിക്കുന്നു എന്നും അവരെ പഠിപ്പിക്കാം.

- നമുക്ക് ചുറ്റുമുള്ള ലോകം എത്ര വൈവിധ്യം നിറഞ്ഞതാണെന്നും വിവിധയിടങ്ങളിലെ സംസ്കാരങ്ങളും ജീവിതരീതികളും തമ്മിലുള്ള വ്യത്യാസം സ്വാഭാവികമാണെന്നും അവയെല്ലാംതന്നെ ബഹുമാനിക്കപ്പെടേണ്ടതാണെന്നും കുട്ടികളറിയേണ്ടത് അത്യാവശ്യമാണ്. വിവിധ സംസ്ഥാനങ്ങൾ, ഭാഷകൾ സംസ്കാരങ്ങൾ, മറ്റുരാജ്യങ്ങൾ, അവിടങ്ങളിലെ ഭരണരീതികൾ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഇതൊക്കെ പഠിപ്പിക്കാം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

- ശാരീരികാരോഗ്യം പോലെത്തന്നെ മാനസികാരോഗ്യത്തെക്കുറിച്ച് മനസിലാക്കേണ്ടത് ആവശ്യമാണല്ലോ. മാനസികാരോഗ്യം എങ്ങനെ ഉറപ്പുവരുത്തണം, ബന്ധങ്ങൾ എങ്ങനെ സൂക്ഷിക്കണം, ഭയങ്ങളെയും പരാജയങ്ങളേയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതെല്ലാം ഈയവസരത്തിൽ പരിശീലിപ്പിക്കാം.

-സ്വന്തം താല്പര്യങ്ങളും അവകാശങ്ങളും മടികൂടാതെ തുറന്നുപറയാനും ശാരീരിക പ്രശ്നങ്ങളുണ്ടായാലെന്നപോലെ സമ്മർദ്ദങ്ങളും മാനസിക ബുദ്ധിമുട്ടുകളുമുണ്ടായാൽ എന്ത് ചെയ്യണം, ആരെ സമീപിക്കണം എന്നെല്ലാം മനസിലാക്കാം.

കൊറോണക്കാലത്ത് ഏറ്റവും കൂടുതൽ അറിയപ്പെട്ട ലോകാരോഗ്യ സംഘടനയെയും യു എൻ സംവിധാനങ്ങളെയും പറ്റി കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.

വാർത്തകൾ മാധ്യമങ്ങളിൽ കൂടി അറിയാൻ കാത്തിരിക്കുന്നതിനാൽ വാർത്തകളെയും വ്യാജ വർത്തകളെയും തിരിച്ചറിയേണ്ട ആവശ്യകതയും കുട്ടികൾക്ക് പറഞ്ഞുകൊടുക്കാം.

സമൂഹമാധ്യമത്തിന്റെ കാലത്ത് വളരുന്ന കുട്ടികൾക്ക് അതിന്റെ സാധ്യതകളെയും ചതിക്കുഴികളെയും കുറിച്ച് പറഞ്ഞുകൊടുക്കാം.

നമ്മുടെ ചുറ്റുമുള്ള ചന്ത മുതൽ പഞ്ചായത്ത് ഓഫീസ് വരെയുള്ള സ്ഥാപനങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്താം.

നമ്മൾ ഒളിച്ചുവെക്കുന്ന ലൈംഗികതയെ കുറിച്ച് ആരോഗ്യപരമായ രീതിയിൽ കുട്ടികൾക്ക് ക്ലാസെടുക്കാം.

ലഹരിയുടെ ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ അതിന്റെ പ്രശ്നങ്ങൾ കുട്ടികളുമായി സംസാരിക്കാം.

മതങ്ങളുടെ സ്വാധീനം കൂടിവരുന്ന കാലഘട്ടത്തിൽ സ്വന്തം മതത്തെ പറ്റിയല്ലാതെ മറ്റൊരു മതത്തെയും കുറിച്ച് കുട്ടികൾക്ക് അറിവില്ല. മതങ്ങളുടെ ചരിത്രവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും കുട്ടികളുമായി ചർച്ച ചെയ്യാം.

നിർമ്മിത ബുദ്ധി തൊഴിലുകളെ നിയന്ത്രിക്കുകയും, പുതിയ തൊഴിലുകൾ ഉണ്ടാക്കുകയും പഴയവ ഇല്ലാതാക്കുകയും ചെയ്യുന്ന കാലത്തിനായി കുട്ടികളെ തയ്യാറാക്കാം.

വിഷയങ്ങൾ വേറെയും പലതുണ്ട്. കുട്ടികളെ നാലു ഗ്രൂപ്പായി - അഞ്ചു മുതൽ പത്തു വയസ്സ് വരെ, പത്തു മുതൽ പതിനഞ്ചു വരെ, പതിനഞ്ചു മുതൽ ഇരുപത് വരെ, ഇരുപതിന് മുകളിൽ എന്നിങ്ങനെ തിരിക്കുക. മുകളിൽ പറഞ്ഞ എല്ലാ വിഷയങ്ങളും എല്ലാവർക്കും വേണമെന്നില്ല. വേണമെങ്കിൽത്തന്നെ പ്രായമനുസരിച്ച് വിഷയത്തിന്റെ ആഴം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

ഇതെല്ലാം എല്ലാ സ്‌കൂളിലും എല്ലാ അധ്യാപകരും പഠിപ്പിക്കേണ്ടതില്ല. ഓരോ വിഷയവും ഏറ്റവും അറിവുള്ളവർ പഠിപ്പിക്കട്ടെ. അവർ ലോകത്ത് എവിടെയാണെങ്കിലും ക്ലാസ് റെക്കോർഡ് ചെയ്ത് ഉപയോഗിക്കാമല്ലോ. (ഈ വരുന്ന അധ്യാപക ട്രെയിനിങ് സ്‌കൂളിനായി സുരക്ഷ ഓഡിറ്റ് നടത്തുന്നതിനെ പറ്റി ഒരു മണിക്കൂറുള്ള ക്ലാസ് റെക്കോർഡ് ചെയ്ത് അയച്ചിട്ടുണ്ട്. എൺപതിനായിരം അധ്യാപകരാണ് ഒറ്റയടിക്ക് ആ വിഷയം പഠിക്കാൻ പോകുന്നത്, KITE-VICTERS ചാനൽ വഴി).

സർക്കാരിന്റെ വിദ്യാഭ്യാസ ചാനലിൽ മാത്രമല്ല, കേരളത്തിലെ എല്ലാ ചാനലുകൾക്കും നമ്മുടെ അടുത്ത തലമുറക്ക് വേണ്ടി രാവിലെയും ഉച്ചക്കും ഒരു മണിക്കൂർ സമയം മാറ്റിവെക്കാമല്ലോ.

സ്‌കൂളിലെ അധ്യാപകരും വെറുതെ ഇരിക്കേണ്ട. സ്‌കൂൾ തുറക്കാൻ തയ്യാറെടുക്കുന്നതിനോടൊപ്പം അവരുടെ ഉത്തരവാദിത്തത്തിലുള്ള കുട്ടികളുടെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടാക്കി വിഷയങ്ങൾ ഡിസ്കസ് ചെയ്യണം.

ഹോം സ്‌കൂളിംഗിലെ ഒരു പ്രധാന പ്രശ്നം എല്ലാ വീട്ടിലും കുട്ടികൾക്ക് പഠിക്കാനുള്ള അന്തരീക്ഷവും പറഞ്ഞുകൊടുക്കാനുള്ളവരുടെ സാന്നിധ്യവും ഒരുപോലെ ആയിരിക്കില്ല എന്നതാണ്. സമൂഹത്തിൽ ഉള്ള വിടവുകൾ ഇത് വലുതാക്കും. ഇവിടെയാണ് നമ്മുടെ സമൂഹത്തിലെ ചെറുപ്പക്കാർ മുതൽ റിട്ടയർ ആയവർ വരെയുള്ളവരുടെ സന്നദ്ധ സേവനം ഉപയോഗിക്കാവുന്നത്. അപ്പാർട്ട്മെന്റുകളിലും ഗ്രാമത്തിലും ഓരോ റെസിഡന്റ് അസോസിയേഷനിൽ ഉള്ളവരിൽ അറിവുള്ളവർ വോളന്റീയർ ചെയ്താൽ അവിടുത്തെ കുട്ടികൾക്ക് ക്ളാസെടുക്കാം. വേണമെങ്കിൽ അടുത്ത റെസിഡന്റ് അസ്സോസിയേഷനുകളുമായി ചേർന്നും പ്രവർത്തിക്കാം. വേണമെങ്കിൽ ഗ്രാമത്തിലെ ലൈബ്രറി ആസ്ഥാനമാക്കി ചുറ്റുമുള്ള കുട്ടികളെ തമ്മിൽ ബന്ധിപ്പിക്കാം. ജാതി, മതം, പണം എന്നിവയുടെ പേരിൽ കുട്ടികൾ വിവിധ സ്‌കൂളുകളിൽ പോകുന്ന സന്പ്രദായം ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും ഇത് സഹായിക്കും.

കേരളത്തിലെ കുട്ടികളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്ന ന്യൂസ് ഗ്രൂപ്പുകൾ ഉണ്ടാക്കാൻ, ഒരേതരം താല്പര്യങ്ങളുളളവർക്ക് ഡിജിറ്റലായി ഒന്നിച്ചു കൂടാനുള്ള അവസരങ്ങളുണ്ടാക്കാൻ എല്ലാം ഈ ഓൺലൈൻ പഠനകാലം ഉപയോഗിക്കാം.

ഇത്തരത്തിൽ അടുത്ത രണ്ടു മാസം ചിലവാക്കിയാൽ കേരളത്തിലെ ഏറ്റവും ഉത്തരാവാദിത്ത ബോധമുള്ള തലമുറയായിരിക്കും ഈ കൊറോണക്ക് ശേഷം ഉരുത്തിരിയുന്നത്. ഇതൊരു സുവർണ്ണാവസരമാണ്. പശുവിന്റെ ആമാശയത്തിന്റെ അറകളും പാറ്റ ശ്വസിക്കുന്ന രീതിയും പവർ പോയിന്റ് ഉപയോഗിച്ച് ഓൺലൈൻ വഴി പഠിപ്പിച്ച് കുട്ടികളെ ബോറടിപ്പിക്കുന്നതിലും എത്രയോ നല്ലതായിരിക്കും ഈ രീതി. സിലബസിലുള്ളത് സ്‌കൂൾ തുറന്നിട്ട് പഠിപ്പിക്കാമല്ലോ. പറ്റിയാൽ ഓൺലൈൻ പഠനം ദിവസം ഒരു മണിക്കൂർ എന്ന നിലയിൽ തുടരണം. ഇപ്പോൾ ഉള്ള ബോറൻ സിലബസിലെ പകുതി സാധനങ്ങൾ വെട്ടി കാട്ടിൽ കളയുകയും വേണം.

With Muralee Thummarukudy


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 12:35:51 pm | 03-12-2023 CET