വെട്ടുകിളി ആക്രമണം ഇന്ത്യയിലേക്കും .. അത് മൂലമുള്ള പ്രതിസന്ധികളെ പറ്റി ജഗദീഷ് വില്ലോടിയുടെ ലേഖനം ..

Avatar
Jagadheesh Villodi | 25-05-2020 | 4 minutes Read

ഭക്ഷണത്തിൻറെ ഭാവി എന്ന പരമ്പരയുടെ ഭാഗമായി, പ്രാണികളെയും പുഴുക്കളെയും കുറിച്ച് എഴുതാൻ ഇരുന്നതാണ്, അതിനിടയിലാണ് വെട്ടുകിളി പ്ലേഗ് നമ്മുടെ നാട്ടിലെത്തിയത്. സാഹചര്യത്തിൻറെ ഗൗരവം കണക്കിലെടുത്ത് ഒരു വെട്ടുകിളി കുറിപ്പ്.

vettukili
Photo Credit : local.msn.com

കിഴക്കൻ ആഫ്രിക്കയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വെട്ടുകിളി കൂട്ടം - എത്യോപ്യ, കെനിയ, സൊമാലിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലെ കൃഷി മുച്ചൂടും മുടിച്ചു പാകിസ്ഥാനും കടന്ന് ഇന്ത്യയിൽ എത്തിയിരിക്കുന്നു. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വെട്ടുകിളി ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പരുത്തി, പച്ചക്കറി തുടങ്ങിയവയുള്‍പ്പെടെയുള്ള 8,000 കോടിയോളം രൂപയുടെ വിളകള്‍ ഇവ നശിപ്പിക്കുമെന്നാണ് ഇന്ത്യൻ സർക്കാരിൻ്റെ പ്രാരംഭ നിഗമനം. ലോകത്തെ മൊത്തം കണക്കെടുക്കുകയാണെങ്കിൽ, 2020 അവസാനത്തോടെ 8.5 ബില്യൻ യുഎസ് ഡോളറിൻ്റെ നഷ്ടമാണ് വേൾഡ് ബാങ്ക് കണക്കാക്കുന്നത്.

വെട്ടുകിളികൾ സാധാരണഗതിയിൽ മനുഷ്യരെ നേരിട്ട് ഉപദ്രവിക്കില്ല. പക്ഷേ പണ്ട് കാലം തൊട്ട് ആളൊരു വില്ലനാണ്. ഈജിപ്തിലെ മമ്മിക്കുള്ളിൽ വരെ ഇവനെ കൊത്തിവെച്ചിട്ടുണ്ട്.

അക്രീഡിഡേ (Acrididae) കുടുംബത്തിൽപ്പെടുന്ന വലിയ പുൽച്ചാടി (Grasshoper) ഇനങ്ങൾ ആണ് വെട്ടുകിളി എന്ന് വിളിക്കപ്പെടുന്നത് . മരുഭൂമിയിലെ അനുകൂല കാലാവസ്ഥയിൽ വളരെ പെട്ടെന്ന് വംശവർധന നടത്തുന്ന ഇവ നിംഫു (Nymph) ദശയിൽ കൂട്ടം ചേർന്ന്, പൂർണ വളർച്ച എത്തി ആക്രമണ സ്വഭാവത്തോടെ ഒരുമിച്ചു വളരെ ദൂരം സഞ്ചരിച്ച് സകല പച്ചപ്പുകളും കൃഷിയും നശിപ്പിച്ചുകളയും. കടും മഞ്ഞ നിറത്തിലുള്ള ആക്രമണകാരികളായ ചില ഇനം വെട്ടുകിളികൾ (Schistocerca Gregaria) , ഭൂപ്രദേശങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടു നാശങ്ങൾ ഉണ്ടാക്കി, തുടർന്ന് അപ്രത്യക്ഷമാകുന്നതിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. പുൽച്ചാടികളിൽ നിന്നും വ്യത്യസ്തമായി, വെട്ടുകിളികൾ കൂട്ടം കൂടി ജീവിക്കുമ്പോൾ അവയുടെ ശരീര ഘടനയ്ക്ക് തലമുറകളിലൂടെ അവസ്ഥാ മാറ്റം (phase change) വരുത്തുവാൻ കഴിവുമുണ്ട്. ഇതോടെ എന്തും വെട്ടിവിഴുങ്ങാൻ കഴിവുള്ള ഒരു കൂട്ടമായി (Swarm) ഇവ മാറും.

കൂട്ടം എന്ന് പറഞ്ഞാൽ ഒരൊന്നൊന്നര കൂട്ടം വരും. 80 ദശലക്ഷം വെട്ടുകിളികൾ ആണ് ഒരു കൂട്ടത്തിൽ ഉണ്ടാവുക. കൂടാതെ ഇവറ്റകൾക്ക് ഒരു ദിവസം 150 കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിയും.
ലവന്മാർ 200 ദശലക്ഷം കിലോ ഭക്ഷ്യവസ്തുക്കൾ ഒരു ദിവസം തിന്നു തീർത്തു കളയും. ആകെ ആശ്വാസം ഉള്ളത് ഭക്ഷണം കിട്ടാതെ ആയിക്കഴിഞ്ഞാൽ ലവന്മാർ പരസ്പരം കൊന്നു തിന്നു കളയും എന്നതാണ്.

അതിശയിപ്പിക്കുന്ന മറ്റൊരുകാര്യം വെട്ടുകിളിയുടെ യാത്രയാണ്. നാഷണൽ ജിയോഗ്രാഫിക് റിപ്പോർട്ട് അനുസരിച്ച് 1954 ൽ വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് ഗ്രേറ്റ് ബ്രിട്ടനിലേക്ക് വെട്ടുകിളികൾ പറന്ന് എത്തിയിട്ടുണ്ട്. 1988-ൽ ആശാന്മാർ പശ്ചിമാഫ്രിക്കയിൽ നിന്ന് കരീബിയൻ വരെ നീണ്ട ട്രെക്കിംഗ് നടത്തി.

WFP(World Food Programme) യുടെ റിപ്പോർട്ട് അനുസരിച്ച് 265 മില്യൺ ആളുകളാണ് COVID19 കാരണം ദാരിദ്ര്യത്തിലേക്ക് നീങ്ങുന്നത്, അതിനിടയിലാണ് കൂനിന്മേൽ കുരു എന്ന പോലെ വെട്ടുകിളി ശല്യം. ചുരുക്കിപ്പറഞ്ഞാൽ അതിരൂക്ഷമായ പട്ടിണിയും ഭക്ഷ്യക്ഷാമവും ആണ് വരാൻ പോകുന്നത്.

“ദിവസക്കൂലി കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാരന് ഏറ്റ ചുറ്റിക പ്രഹരമായിരുന്നു COVID19. അവന്റെ കൂടയിൽ അവശേഷിക്കുന്നതുകൂടി കവർന്നെടുക്കുന്ന വെട്ടുകിളി ശല്യം അക്ഷരാർത്ഥത്തിൽ സാധാരണക്കാരന് ഇലക്ട്രിക് ഷോക്ക് ആയിരിക്കും” എന്നാണ് WFPയുടെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ ആരിഫ് ഹുസൈൻ പറഞ്ഞത്.

ഇനി എന്താണ് ഇതിനു പുറകിൽ എന്ന് നോക്കാം.

കഴിഞ്ഞ 18 മാസത്തിനിടെ കിഴക്കൻ ആഫ്രിക്കയെയും അറേബ്യൻ ഉപദ്വീപിനെയും ബാധിച്ച അപൂർവ ചുഴലിക്കാറ്റുകൾ ഉൾപ്പെടെയുള്ള അസാധാരണമായ നനവുള്ള കാലാവസ്ഥയാണ് പ്രാഥമിക കുറ്റവാളിയെന്ന് വിദഗ്ദ്ധർ പറയുന്നു. മഴയെ തുടർന്ന് മരുഭൂമിയിൽ പലയിടങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന പ്രതിഭാസം ഉണ്ടാകുന്നു. അതിനോടനുബന്ധിച്ച് ചെറുസസ്യങ്ങൾ വളർന്ന് പൂവിടുന്നതോടെ വെട്ടുകിളികൾ വളർന്നു തുടങ്ങുന്നു. തുടർന്ന് മരുഭൂമിയിൽ ഉണ്ടാകുന്ന ചുഴലിക്കാറ്റുകൾ ഇവയെ പല സ്ഥലങ്ങളിലേക്ക് എത്തിക്കുന്നു.

മരുഭൂമിയിലെ വെട്ടുകിളികൾ ഏകദേശം മൂന്നുമാസംമുതൽ 5 മാസം വരെ ജീവിക്കുന്നു. ശരിയായ സാഹചര്യങ്ങളിൽ പുതിയ തലമുറ മുമ്പത്തേതിനേക്കാൾ എണ്ണത്തിൽ 20 മടങ്ങ് കൂടുതലായിരിക്കും. ഈ രീതിയിൽ, മരുഭൂമി വെട്ടുകിളികൾക്ക് അവരുടെ ജനസംഖ്യ തൊട്ടുമുൻപുള്ള തലമുറകളേക്കാൾ ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും. അറേബ്യൻ മരുഭൂമിയിൽ വെട്ടുകിളികൾ ഏകദേശം 8,000 മടങ്ങ് വർദ്ധിച്ചു എന്നാണ് കണക്കുകൾ പറയുന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പിന്നെ ഒരു ചോദ്യം ഉള്ളത് ‘വെട്ടുകിളികളെ ഭക്ഷണമായി ഉപയോഗിച്ചുകൂടെ?’ എന്നതാണ്. ശരിയാണ്. പ്രോട്ടീന്റെയും മറ്റു ആവശ്യ വിറ്റാമിനുകളുടെയും കലവറയാണ് വെട്ടുകിളികൾ. പക്ഷേ അനിയന്ത്രിതമായി പെരുകിയ വെട്ടുകിളികളെ നിയന്ത്രിക്കാൻ രാസവസ്തുക്കൾ ഉപയോഗിച്ചു തുടങ്ങിയതോടെ ഇവ ഭക്ഷ്യയോഗ്യമല്ലാതെയായി മാറി.

ഓർഗാനോഫോസ്ഫേറ്റ് വർഗ്ഗത്തിലുള്ള കീടനാശിനികളാണ് വെട്ടുകിളിക്കെതിരെ സാധാരണയായി ഉപയോഗിക്കുന്നത്. വളരെയധികം വിഷാംശം ഉള്ള ഓർഗാനോഫോസ്ഫേറ്റുകൾ ന്യൂറോടോക്സിക് ആണ്. തലവേദന, ഓക്കാനം, ഉറക്കമില്ലായ്മ, വയറിളക്കം, ശ്വസന പ്രശ്നങ്ങൾ തൊട്ട് മാനസിക പ്രശ്നങ്ങൾ വരെ ഉണ്ടാക്കാൻ ഇത്തരം കീടനാശിനികൾ കഴിയും.

എന്തുകൊണ്ടാണ് ന്യൂറോ ടോക്സിക് പോയ്സൺ ഉപയോഗിക്കുന്നത് എന്നല്ലേ?

വെട്ടുകിളി മച്ചാൻ വാട്ടർപ്രൂഫ് ആണ്. കക്ഷിയുടെ ചർമത്തിന് 3 പാളികൾ ഉണ്ട്. ശരീരത്തിന്റെ ഏറ്റവും അടുത്തുള്ള പാളി മൃദുവും വഴക്കമുള്ളതുമാണ്, അതിനുശേഷം ഒരു കട്ടിയുള്ള പാളി വരുന്നു, പുറത്ത് മെഴുകിന്റെ നേർത്ത പാളി.ഈ മെഴുക് ചർമ്മത്തെ വാട്ടർപ്രൂഫ് ആക്കുകയും ചെയ്യുന്നു . അതുകൊണ്ടുതന്നെ കീടനാശിനികൾ എണ്ണയുമായി മിക്സ് ചെയ്താണ് ഉപയോഗിക്കുക.

വെട്ടുകിളിയുടെ ആക്രമണം നമ്മളെ ഏതുതരം പ്രതിസന്ധിയിലേക്കാണ് നയിക്കുക എന്നത് ആശങ്കാജനകമായ ചോദ്യമാണ്.

കാലാവസ്ഥാവ്യതിയാനം വഴി ഉണ്ടാവുന്ന മാറ്റങ്ങൾ, പ്രത്യേകിച്ച് അറേബ്യൻ തീരത്ത് കൂടുതൽ മഴ പെയ്യുന്നത് ചുഴലിക്കാറ്റുകൾ ഉടലെടുക്കാൻ കാരണമാകുന്നു. ഇത്തരത്തിലുള്ള അസന്തുലിതമായ കാലാവസ്ഥ മാറ്റങ്ങൾ വെട്ടുകിളിയുടെ പ്രജനനത്തിന് സഹായകരമാണ്. അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയാണ് നമുക്ക് മുന്നിലുള്ളത്.

പറഞ്ഞു വന്നത്, പരമ്പരാഗത കൃഷിരീതികൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചാണ്, കാലാവസ്ഥ വ്യതിയാനനം, പ്രളയം, വെട്ടുകിളികൾ, ഫംഗസ് ബാധകൾ, വന്യമൃഗശല്യങ്ങൾ എന്നിങ്ങനെ പല വെല്ലുവിളികൾ നമ്മുടെ കാർഷികരംഗം നേരിടുന്നുണ്ട്. പുതിയ കൃഷി രീതികളും, ടെക്നോളജിയുടെ സാധ്യതകളും ഉപയോഗപ്പെടുത്തിയാൽ മാത്രമേ നമുക്ക് നാളേയ്ക്കുള്ള ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ കഴിയുകയുള്ളൂ.

കർത്താവിൻറെ അരുളപ്പാടോടെ സംഗതി തൽക്കാലത്തേക്ക് അവസാനിപ്പിക്കാം. പെഥൂവേലിന്റെ മകനായ ജോയലിനോടുള്ള യഹോവയുടെ വചനങ്ങൾ ആണ് (Bible Joel 1:4)

വെട്ടുകിളി കൂട്ടം അവശേഷിക്കുന്നത് വലിയ വെട്ടുകിളികൾ തിന്നു.
വലിയ വെട്ടുകിളികൾ അവശേഷിപ്പിച്ചവ ഇളം വെട്ടുകിളികൾ തിന്നു.
ഇളം വെട്ടുകിളികൾ അവശേഷിപ്പിച്ചവ മറ്റ് വെട്ടുകിളികൾ തിന്നു.

End Note: വെട്ടുകിളിയുടെ പ്ലേഗ് (Locust Plague) വിശദമാക്കുന്ന » നാഷണൽ ജിയോഗ്രാഫിക്സിന്റെ തകർപ്പൻ Interactive webpage

കൂടെ വായിക്കുവാൻ - » വയനാട്ടിലെ പുൽച്ചാടികൂട്ടം വെട്ടുകിളികൾ അല്ല.! - By Dhaneesh Bhaskar

# ജഗദീഷ് വില്ലോടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 02:28:32 am | 29-05-2024 CEST