മിന്നുന്നത് എല്ലാം പൊന്നല്ല.. വിദേശത്ത് പഠിക്കാൻ കുഞ്ഞുങ്ങളെ അയക്കുന്ന മാതാ പിതാക്കൾ അറിയുവാൻ....

Avatar
ജെ എസ് അടൂർ | 25-08-2023 | 3 minutes Read

1011-1692959790-oig-fkwb0-cegypuoeqmk
Photo Credit : Dall-E

വിദേശത്ത് പഠിക്കുവാൻ പോകുന്നത് തെറ്റാണ് എന്ന് ഞാൻ കരുതുന്നില്ല. യു കെ യിലും യുറോപ്പിലും ക്യാനഡയിലും അമേരിക്കയിലും ആസ്‌ട്രേലിയയിലും ന്യൂസിലാണ്ടിലുമൊക്കെ പഠിച്ചാൽ തൊഴിൽ അവസരവും പി ആറും പിന്നെ സിറ്റിസൻഷിപ്പുമൊക്കെ കിട്ടും എന്ന പ്രതീക്ഷയിലാണ് പോകുന്നത്. പലപ്പോഴും സ്റ്റുഡന്റ് വിസ എന്നത് മൈഗ്രേഷനു ഒരുപാധിയായിട്ടാണ് ബഹു ഭൂരിപക്ഷവും ഉപയോഗിക്കുന്നത്

കേരളത്തിലും ഇന്ത്യയിലും തൊഴിൽ അവസരങ്ങൾ ഇല്ല എന്ന ധാരണയും ഇവിടെ വളർന്നുവരുന്ന വർഗീയതയും അഴിമതിയും അത് പോലെ അധികാരപ്പാർട്ടിയുടെ ആളുകൾക്കെ ജോലി കിട്ടുള്ളൂ എന്ന ധാരണയൊക്കെ എങ്ങനെയൊ സമൂഹത്തിൽ വളരുന്നുണ്ട്.

അത് പോലെ വിദേശ വിദ്യാഭ്യാസ ഏജൻസികളുടെ പുഷ്മാർക്കെറ്റിങ്ങിൽ പെട്ടു വിദേശത്ത് പഠിച്ചാൽ വൻ ശമ്പളത്തിൽ സുഖമായി ജീവിക്കാമെന്ന പ്രതീക്ഷയിൽ വീടും വസ്തുവും പനയപ്പെടുത്തി ഒരുപാട് പേർ കുട്ടികളെ വിദേശത്തു പഠിക്കാൻ വിടുന്നുണ്ട്.

പോസ്റ്റ്‌ കോവിഡ് സമൂഹത്തിൽ ഇപ്പോൾ വിദേശത്തു പഠിക്കുക എന്നത് ഒരു സോഷ്യൽ ട്രെൻഡ് ആയിട്ടുണ്ട്.2025 ആകുമ്പോഴേക്കും 75 ലക്ഷം വിദ്യാർത്ഥികൾ വിദേശത്ത് പഠിക്കുവാൻ പോകും എന്ന് കരുതപ്പെടുന്നു. അവരിൽ ബഹു ഭൂരിപക്ഷവും പഠനത്തെകാട്ടിൽ വീട്ടിൽ നിന്നും നാട്ടിൽ നിന്നുമുള്ള സ്വാതന്ത്ര്യം പിന്നെ പി ആർ, സിറ്റിസൻഷിപ്പ്യൊക്കെയാണ് നോക്കുന്നത്.. അതിൽ ബഹു ഭൂരിപക്ഷവും സ്ക്കോളർഷിപ്പ് ഇല്ലാതെ കടം വാങ്ങിയൊ അല്ലെങ്കിൽ പേരെന്റ്സിന്റ് ജീവിതകാലം മുഴുവൻ ജോലി ചെയ്ത സേവിങ്ങിലൊയാണ് പോകുന്നത്.

പക്ഷേ കഴിഞ്ഞ ഒരുവർഷമായി കുറഞ്ഞത് മുപ്പത് മാതാപിതാക്കളും കുട്ടികളും പലതരം പ്രശ്നങ്ങളുമായി എന്നെ വിളിച്ചിട്ടുണ്ട്.

അവരോട് പറഞ്ഞ ചില കാര്യങ്ങൾ ഇവിടെ വീണ്ടും പങ്കുവയക്കുന്നു.

1) സ്കൂൾ പഠനം കഴിഞ്ഞു 17-18 വയസിൽ ഡിഗ്രിക്ക്‌ വേണ്ടി മാത്രം വൻതുക കടം വാങ്ങിയൊ സേവിങ്‌സിൽ നിന്ന് ചിലവാഴിച്ചു കുട്ടികളെ വിദേശത്തു പഠിക്കാൻ വിടുന്നതിനോട്‌ യോജിക്കുന്നില്ല.

ഇതിന് പല കാരണങ്ങളുണ്ട് കുട്ടികളുടെ ഫോർമേറ്റിവ് കാലമാണ് 15 വയസ്സ് മുതൽ 21 വയസ്സ് വരെ . ആ കാലത്തെ സോഷ്യലൈസെഷൻ അവരുട ഭാവി ജീവിതത്തേ ഏറ്റവും കൂടുതൽ ബാധിക്കും. അവർക്ക് പേരെന്റീങ്ങും ഗൈഡൻസും പരിരക്ഷണവും ഏറ്റവും കൂടുതൽ വേണ്ട സമയമാണ് . അവരുടെ സാമൂഹിക, രാഷ്ട്രീയ, നൈതീക ബോധവും ലൈംഗിക ചോദനകളും ഹോർമോണുകൾ സജീവമാകുന്ന സമയമാണ്. വീട്ടുകാരെകാളിൽ കൂട്ടുകാർ ചെയ്യുന്നതും പറയുന്നതും സ്വാധീനിക്കുന്ന സമയമാണ്.

അത് കൊണ്ട് തന്നെ ആ പ്രായത്തിൽ കുട്ടികളെ തികച്ചും വ്യത്യസ്തമായ കൾച്ചറിൽ യൂറോപ്പിലോ അമേരിക്കയിലോ വിട്ടാൽ പലപ്പോഴും ഉദ്ദേശിച്ച ഫലം കിട്ടണം എന്നില്ല. പലരും മാനസിക പ്രശ്നങ്ങളും പല വിധ പ്രശ്നങ്ങളിലും പെട്ടത് നേരിട്ട് അറിയാം.

അത് കൊണ്ട് സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു ഉടനെ പീർ പ്രെഷർ കൊണ്ടോ ഏജൻസി പുഷ്മാർക്കറ്റിങ് കൊണ്ടോ വീട്ടിൽ മാതാപിതാക്കളോട് ഇണങ്ങിയും പിണങ്ങിയുമൊക്കെ 17-18 വയസ്സിൽ വിദേശത്തു പഠിക്കാൻ കുട്ടികളുടെ ആഗ്രഹത്തിനു വഴങ്ങുമ്പോൾ മൂന്നുവട്ടം ആലോചിക്കുക.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അത് പറയാൻ കാരണം ഒരുപാടു പേരുടെ അനുഭവങ്ങൾ നേരിട്ട് അറിയാം.

ഞങ്ങളുടെ മക്കളെ സ്കൂൾ കഴിഞ്ഞു വിദേശത്ത് ഏത് രാജ്യത്തും ഒന്നാം തരം യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കാനുള്ള അവസരങ്ങളും അങ്ങനെയുള്ള ബന്ധങ്ങളും സാമ്പത്തിക അവസ്ഥ ഉണ്ടെങ്കിലും അങ്ങനെ ചെയ്യാത്തത് അത് ഒരു ഇൻഫോമ്ഡ് ചോയ്സ് ആയത്കൊണ്ടാണ്.

സത്യത്തിൽ വിദേശത്ത് സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നവരെ കേരളത്തിൽ വന്നു സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതാണ് ഏറ്റവും നല്ല തീരുമാനം എന്ന് അവരും ഞങ്ങളും കരുതുന്നു. ഇഗ്ളീഷ് മാത്രം സംസാരിച്ചിരുന്നവർ മലയാളവും ഹിന്ദിയും സാമാന്യം നല്ലത് പോലെ പറയും. അവർ ഒരേ സമയം അടൂർക്കാരും തിരുവനന്തപുരത്തുകാരും ഇന്ത്യക്കാരും എഷ്യക്കാരും ലോകവിവരവും ഉള്ളവരാണ്. ഇന്ത്യയിലാണ് പഠിച്ചത് . മകൻ ബർളിനിൽ പോയത് ലോകത്തെ തന്നെ ഏറ്റവും കൂടുതൽ സ്കൊലര്ഷിപ്പുള്ള ചാൻസ്ലേഷ് സ്ക്കോളർഷിപ്പോട് കൂടിയാണ്. ഇപ്പോൾ പി എച് ഡി ചെയ്യുന്നതും ഫുൾ ഫെല്ലോഷിപ്പിൽ. പോസ്റ്റുഗ്രാഡുവേഷൻ വരെ ഇന്ത്യയിൽ പഠിച്ചു. എല്ലാം ടെസ്റ്റും മേരിറ്റിലും പൊതു വിദ്യാഭ്യാസ സ്ഥപനങ്ങളിൽ. ടി ഐ എസ് എസ്. നാഷണൽ ലൊ സ്കൂൾ, ബാംഗ്ലൂർ.

2.സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു കേരളത്തിനു വെളിയിൽ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ വിടുന്നതിനോട്‌ യോജിപ്പാണ്. കാരണം അവർക്ക് നല്ല എക്സ്പോഷാർ കിട്ടും ഇഗ്ളീഷ്, ഹിന്ദി ഭാഷയിൽ സംസാരിക്കാൻ അവസരമുണ്ടാകും. ലോകത്തിലെ തന്നെ മിക്കവാറും രാജ്യങ്ങളെക്കാൾ നല്ല ഒന്നാം തരം അണ്ടർഗ്രാടുവെറ്റ് കോഴ്സ് ഇന്ത്യയിൽ ലഭ്യമാണ്.

ഇന്ത്യക്കാർക്ക് അഭിമാനമായ ചന്ദ്രയാൻ നടത്തിയ ടീമിൽ എല്ലാവരും കേരളത്തിലും ഇന്ത്യയിലുമാണ് പഠിച്ചത്. ലോക നിലവാരത്തിൽ ഉള്ള മിക്കവാറും കമ്പിനികളുടെ സി ഈ ഓ മാർ ഇൻഡ്യയിലാണ് പഠിച്ചത് . അമർത്യസെന്നും മൻമോഹൻ സിങ്ങും രഘുറാം രഞ്ജനും എല്ലാം ഇന്ത്യയിൽ പഠിച്ചതിന് ശേഷം സ്ക്കോളർഷിപ്പ് വാങ്ങി പി എച് ഡി ക്ക് മികച്ച യൂണിവേഴ്സിറ്റികളിൽ പോയവർ. ശശി തരൂർ പഠിച്ചത് ഇന്ത്യയിൽ. ഞാൻ പഠിച്ചത് മുഴുവൻ സർക്കാർ സ്കൂളിൽ കോളേജിൽ സർക്കാർ യൂണിവേഴ്സിറ്റിയിൽ. എല്ലാം പഠിച്ചത് ഇന്ത്യയിൽ . ലോകമൊട്ടുക്കു സഞ്ചരിച്ചു പ്രവർത്തിക്കാൻ അത് സഹായിച്ചിട്ടേയുള്ളൂ.ഇന്ത്യപോലെ വൈവിദ്ധ്യപൂർണമായൊരു രാജ്യം ലോകത്ത് ഒരിടത്തും കണ്ടിട്ടില്ല. ഇന്ത്യക്കാരനും മലയാളിയും സർവോപരി അടൂർക്കാരനും എന്നതിൽ അഭിമാനമേ തോന്നിയിട്ടിട്ടുള്ളൂ. ലോകത്ത് എവിടെ പോയി പ്രസംഗിച്ചാലും ഞാൻ കേരളത്തെ പരാമർശിക്കും. ഇന്നലെ ആസിയൻ സമ്മേളനത്തിൽ സംസാരിച്ചപ്പോഴും കേരളത്തെ കുറിച്ചും ഇന്ത്യയെകുറിച്ച് പറഞ്ഞു. കാരണം എന്നെ ഞാൻ ആക്കിയത് കേരളവും ഇന്ത്യയുമാണ്.

അത് കൊണ്ട് ഇന്ത്യയിൽ നന്നായി പഠിച്ചു വിദേശത്ത് നല്ല യൂണിവേഴ്സിറ്റികളിൽ പോകുന്നത് നല്ല കാര്യമാണ്. സ്കൊലര്ഷിപ്പുകളോടെ പോയാൽ ഏറ്റവും നല്ലത് . പോയി പഠിച്ചു വന്നു ഇന്ത്യയിൽ മികച്ചതാക്കാൻ ശ്രമിച്ചാൽ ഏറ്റവും നന്ന്.

വിദേശത്ത് പഠിക്കാൻ പോകുന്നത് നല്ല കാര്യം. പക്ഷെ അത് ആലോചിച്ചു എല്ലാ ഗുണ ദോഷങ്ങളും മനസിലാക്കി എടുക്കേണ്ട തീരുമാനമാണ്.

മിന്നുന്നത് എല്ലാം പൊന്നല്ല എന്ന് തിരിച്ചറിഞ്ഞാൽ അതു സഹായകമാകും

തുടരും...

ജെ എസ് അടൂർ


Also Read » Study German using Malayalam - Lesson 17


Also Read » Study German using Malayalam - Lesson 18Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 04:55:52 am | 19-06-2024 CEST