സൂപ്പർ ഗ്ലൂവിന്റെ കഥ !

Avatar
അജിത് കളമശ്ശേരി | 27-09-2022 | 5 minutes Read

975-1664301968-fb-img-1664301652465

ഒരു ടെക്നോളജി ഒരാൾ തന്നെ രണ്ട് പ്രാവശ്യം കണ്ടു പിടിക്കുക എന്ന് കേട്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവം ലോക ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്.

രസകരവും ,വിജ്ഞാനപ്രദവുമായ അക്കാര്യത്തെ കുറിച്ചാണ് ഈ ലക്കത്തിലെ കഥാകഥനം ...

1939 സെപ്തംബർ ഒന്നിന് തുടങ്ങിയ രണ്ടാം ലോക മഹായുദ്ധം അതിൻ്റെ മൂർദ്ധന്യതയിൽ നിൽക്കുന്ന 1942 കാലം.

അമേരിക്കയിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഓർഗാനിക് കെമിസ്ട്രിയിൽ Ph d കഴിഞ്ഞ് പുറത്തിറങ്ങിയ ഹാരി കൂവർ എന്ന 25 വയസ് കാരന് യുദ്ധോപകരണങ്ങൾ ഡിസൈൻ ചെയ്യുന്ന ഒരു ഫാക്ടറിയിൽ അപ്രൻ്റീസായി ജോലി കിട്ടി.

സിനിമാ ഫിലിം, വിവിധ തരം പ്ലാസ്റ്റിക്കുകൾ, ക്യാമറകൾ എന്നിവ നിർമ്മിക്കുന്ന ഈസ്റ്റ്മാൻ - കൊഡാക് എന്ന വൻകിട കമ്പനിയായിരുന്നു അത്. യുദ്ധകാലമായതിനാൽ എല്ലാ കമ്പനികളും യുദ്ധോപകരണ നിർമ്മാണത്തിലേക്ക് നിർബന്ധിതമായി മാറിയ അവസരമായിരുന്നു അപ്പോൾ... .

അമേരിക്കൻ മിലിട്ടറിക്ക് വേണ്ടി തോക്കുകൾ ഡിസൈൻ ചെയ്യുക എന്നതായിരുന്നു ആ ഫാക്ടറിയുടെ അപ്പോഴത്തെ ദൗത്യം..

എടുത്താൽ പൊങ്ങാത്ത ഭാരമുള്ള മെഷീൻ ഗണ്ണിൻ്റെ ഓരോ പാർട്സുകളുടെയും ഭാരം കുറയ്ക്കുകയും ,ഈട് നിൽപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ദൗത്യമാണ് ആ ഗവേഷണ ശാലയിൽ അപ്പോൾ നടന്നുകൊണ്ടിരുന്നത്.

മെഷീൻ ഗണ്ണിൻ്റെ ഉന്നം നോക്കുന്ന സ്ഥലത്ത് ഫ്രണ്ട്‌ സൈറ്റ് എന്നറിയപ്പെടുന്ന ഗ്ലാസ് നിർമ്മിതമായ ഒരു ലെൻസ് ഉണ്ട്.

കുറേ നേരം പ്രവർത്തിച്ച് തോക്ക് ചൂടാവുമ്പോൾ ഈ ലെൻസിൽ ചിന്നലുകൾ വീണ് ഉപയോഗശൂന്യമാകുന്നു.

ഇതൊഴിവാക്കാനായി താപ പ്രതിരോധശേഷിയുള്ള പ്ലാസ്റ്റിക്കിൻ്റെ കണ്ടുപിടുത്തം നടത്താനുള്ള ശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന ലാബോറട്ടറിയിലാണ് ഹാരി കൂവറിന് നിയമനം കിട്ടിയത്.

ഒരു ദിവസം അക്രിലിക് പ്ലാസ്റ്റിക് റസിനുകൾ ഉപയോഗിച്ച് തൻ്റെ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്ന ഹാരി ക്ക് ഒരബദ്ധം പറ്റി .തൻ്റെ ഗ്ലൗസിൽ പറ്റിയ ഒരു കെമിക്കൽ തുടച്ച് മാറ്റാതെ റിഫ്രാക്റ്റോ മീറ്റർ പ്രിസം എന്ന വിലയേറിയ ടെസ്റ്റിങ്ങ് ഉപകരണം എടുത്ത് അൽപ്പം മാറ്റിവച്ചു.

ഗ്ലൗസിൽ പറ്റിയിരുന്ന കെമിക്കൽ സബ്സ്റ്റൻസ് ഈ ഉപകരണത്തിലും അൽപ്പമായി.

ചില്ല് മേശപ്പുറത്ത് വച്ച പ്രിസം റിഫ്രാക്റ്റോ മീറ്റർ സെക്കൻഡുകൾ കൊണ്ട് അവിടെ ഒട്ടിപ്പോയി..

ആകെ പ്രശ്നമായി വിലയേറിയ ആ ഉപകരണം മേശപ്പുറത്ത് നിന്നും ഇളക്കാൻ സാധിക്കുന്നില്ല.. അവസാനം മേശ പൊട്ടിച്ച് ഉപകരണം എടുത്തപ്പോൾ വിലയേറിയ ആ പ്രിസം റിഫ്രാക്റ്റോമീറ്ററും തകർന്ന് പോയി.

ലാബിലെ മുതിർന്ന സയൻ്റിസ്റ്റ് വന്നു. ദേഷ്യം കൊണ്ട് വിറച്ച അദ്ദേഹം ഹാരി കൂവറിനെ ലാബിൽ നിന്ന് പുറത്താക്കി അപ്പോൾ തന്നെ വിദൂരസ്ഥമായ ടെന്നസി എന്ന സംസ്ഥാനത്തിലെ കിങ്ങ്സ് പോർട്ടിലെ കമ്പനിയുടെ മറ്റൊരു ലാബിലേക്ക് സ്ഥലം മാറ്റത്തിനുള്ള പണീഷ്മെൻ്റ് ലറ്റർ അടിച്ച് കൊടുക്കുകയും ,അതുകൊണ്ടും ദേഷ്യം തീരാതെ ഹാരീ കൂവർ ചെയ്തിരുന്ന ഫോർമുലേഷനുകൾ രേഖപ്പെടുത്തിയിരുന്ന പേപ്പറുകൾ എല്ലാം കത്തിച്ച് കളയുകയും ചെയ്തു.

ഇതോടെ ഹാരി കൂവർ കണ്ടെത്തിയ ആ സൈനോ അക്രിലേറ്റ് എന്ന സംയുക്തത്തിൻ്റെ രഹസ്യം അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു.

അന്നത്തെക്കാലത്തും, ഇന്നത്തെ കാലത്തും കമ്പനി രഹസ്യങ്ങൾ സൂക്ഷിക്കാൻ ചെയ്യുന്ന ചില തരികിട പരിപാടികളുണ്ട്.

കമ്പനിയിൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസംസ്കൃത പദാർത്ഥങ്ങൾ എന്തെല്ലാമാണെന്ന് അവിടുത്തെ ടോപ്പ് ഒഫീഷ്യൽസിന് മാത്രമേ അറിയൂ.

അസംസ്കൃത പദാർത്ഥങ്ങളുടെ ശരിയായ പേരെല്ലാം മാറ്റി യഥാർത്ഥ മെന്ന് തോന്നിക്കുന്ന മറ്റു പേരുകൾ പ്രിൻ്റ് ചെയ്ത ക്യാനുകളിലും, പാക്കറ്റുകളിലുമായിരിക്കും കമ്പനിയിലേക്കെത്തുന്നത്.

കന്നാസ് A യിൽ നിന്ന് 100 മില്ലി, കന്നാസ് B യിൽ നിന്ന് അരലിറ്റർ, കന്നാസ് C യിൽ നിന്ന് 10 മില്ലി എന്നിവ എടുത്ത് കലക്കൂ എന്നായിരിക്കും പ്രൊഡക്ഷൻ ഫോർമുല...

ഇക്കാരണത്താൽ താൻ കണ്ട് പിടിച്ച സാധനം എന്തെല്ലാം കെമിക്കലുകൾ ചേർത്താണ് എന്ന വിവരം ഹാരി കൂവറിന് നിശ്ചയമില്ലാതെ പോയി

രേഖപ്പെടുത്തിയ പേപ്പറുകൾ എല്ലാം കത്തിപ്പോവുകയും ചെയ്തു.

പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ച ഹാരി കൂവർ തൻ്റെ ഗവേഷണങ്ങൾ തുടർന്നു.

ജോലിയിലുള്ള സ്ഥിരോൽസാഹവും, അർപ്പണബോധവും കമ്പനിയുടെ ശ്രദ്ധയിൽ പെടാതിരുന്നില്ല. അദ്ദേഹം താമസിയാതെ കിംഗ്സ് പോർട്ടിലെ കമ്പനിയുടെ ഗവേഷണ വിഭാഗത്തിൻ്റെ മേധാവിയായി.

അധികം താമസിയാതെ കമ്പനി ഒരു പുതിയ പ്രൊജക്റ്റ് ഹാരിയെ ഏൽപ്പിച്ചു.ജറ്റ് വിമാനങ്ങളുടെ ബബിൾ കാനോപ്പി നിർമ്മിക്കാനാവശ്യമായ സുതാര്യമായ ഹീറ്റ് റസിസ്റ്റൻസ് പ്ലാസ്റ്റിക് വികസിപ്പിക്കുക എന്നതായിരുന്നു ആ ദൗത്യം.

അപ്പോഴേക്കും നീണ്ട 9 വർഷങ്ങൾ കടന്നു പോയിരുന്നു.

തന്നെ ആദ്യ ജോലിയിൽ നിന്ന് തെറിപ്പിച്ച ആ സംയുക്തം ഹാരിയുടെ മനസിൽ ഒരു കനലായി കിടപ്പുണ്ടായിരുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പുതിയ പ്രൊജക്റ്റ് ഏറ്റെടുത്തപ്പോൾ ആ കനൽ വീണ്ടും കത്താൻ തുടങ്ങി..

വീണ്ടും പരീക്ഷണങ്ങൾ ഓർമ്മയിൽ നിന്നും ഒന്നേ എന്ന് തുടങ്ങി.

അധികം താമസിയാതെ ഹാരി കൂവർ സൈനോ അക്രിലേറ്റ് എന്ന രാസ സംയുക്തം വീണ്ടും കണ്ടെത്തി.

ഇത്തവണ കമ്പനിയിൽ സംസാരിക്കാനുള്ള സ്വരം ഉണ്ടായിരുന്ന ഹാരി കൂവർ താൻ കണ്ട് പിടിച്ച പ്ലാസ്റ്റിക് സംയുക്തം കമ്പനി ഡയറക്ടർ ബോർഡിന് മുൻപാകെ അവതരിപ്പിച്ചു.

എന്തും ,എന്തിനോടും സെക്കൻഡുകൾക്കുള്ളിൽ ഒട്ടിക്കുന്ന സുതാര്യമായ ഈ സംയുക്തത്തിൻ്റെ വിപണന, ഉപയോഗ സാദ്ധ്യതകൾ അദ്ദേഹം അവർക്ക് മുന്നിൽ വിവരിച്ചു.

ഹാളിൻ്റെ സീലിങ്ങിൽ ഈ പശഉപയോഗിച്ച് ഒട്ടിച്ച ഒരു ബോൾട്ടിൽ ഒരു ടൺ ഭാരം തൂക്കിക്കാണിച്ചാണ് അദ്ദേഹം ഡയറക്ടർ ബോർഡിനെ അത്ഭുത സ്തബ്ധരാക്കിയത്.

ഹാരി കൂവറിൻ്റെ ഈ കണ്ട് പിടുത്തം കമ്പനിയിൽ മേൽനോട്ടം വഹിച്ചിരുന്ന സൈന്യത്തിൻ്റെ ശ്രദ്ധയിൽ പെടുകയും മനുഷ്യ ശരീരത്തിൽ ഉണ്ടാകുന്ന മുറിവുകൾ ഉടനടി ഒട്ടിച്ച് രക്തപ്രവാഹം തടയാൻ ഈ പശയ്ക്ക് കഴിയുമെന്ന് സൈന്യത്തിൻ്റെ തുടർ ഗവേഷണത്തിൽ വെളിവാകുകയും ചെയ്തു.

ഇതോടെ സൈന്യം ഈ ഉൽപ്പന്നം പുറം വിപണിയിൽ വിൽക്കുന്നത് നിരോധിക്കുകയും ,സൈന്യത്തിന് വേണ്ടി മാത്രമായി ഉൽപ്പാദനം പരിമിതപ്പെടുത്തുകയും ചെയ്തു.

സൈനോ അക്രിലേറ്റ് എന്ന ഈ പശ വിയറ്റ്നാം യുദ്ധത്തിൽ മുറിവേറ്റ പതിനാ യിരക്കണക്കിന് അമേരിക്കൻ പട്ടാളക്കാരുടെ മുറിവുകൾ ഒട്ടിച്ച് രക്ത നഷ്ടം തടഞ്ഞ് ആശു പത്രിയിൽ എത്തുന്നത് വരെ ജീവൻ നിലനിന്നുത്താൻ കാരണമാവുകയും ചെയ്തു.

1958 ഓടെ സൈന്യത്തിൻ്റെ വിലക്ക് മാറുകയും ഈസ്റ്റ്മാൻ - കൊഡാക് കമ്പനി ഈസ്റ്റ്മാൻ 910 എന്ന പേരിൽ ഈ സൂപ്പർ സ്ട്രോങ്ങ് പശ വിപണിയിലെത്തിക്കുകയും ചെയ്തു.

പരസ്യക്കമ്പനിക്കാർ സൂപ്പർ ഗ്ലൂ. എന്ന ബൈ ലൈനോടെ .. ഈസ്റ്റ്മാൻ 910. എന്ന ഈ പശയുടെ പരസ്യം ചെയ്യാനാരംഭിച്ചു.

എന്തിനും ഇരട്ടപ്പേര് ഇടുന്നതിൽ വിദഗ്ദ്ധരായ അമേരിക്കക്കാർ ഈസ്റ്റ്മാൻ എന്ന പേര് ഒഴിവാക്കുകയും സൂപ്പർ ഗ്ലൂ എന്ന പശയെ വിളിക്കാൻ ആരംഭിക്കുകയും ചെയ്തു..

കൊഡാക്ക് കമ്പനിക്കും ഈ പേര് ഇഷ്ടപ്പെടുകയും അവർ ഉൽപ്പന്നത്തിൻ്റെ പേര് ഈസ്റ്റ്മാൻ 910 എന്ന വായിൽ കൊള്ളാത്ത പേരിൽ നിന്നും സൂപ്പർഗ്ലൂ എന്ന ആരും മറക്കാത്ത പേരിലേക്ക് മാറ്റുകയും ചെയ്തു.

വൻ ജനസ്വീകാര്യത ലഭിച്ചതോടെ ലോകത്താകമാനം സൈനോ അക്രിലേറ്റ് എന്ന സൂപ്പർ ഗ്ലൂവിന് ആവശ്യം അധികരിച്ചു.

ഇത്രയും പ്രൊഡക്ഷൻ കൊഡാക്കിന് സ്വന്തമായി ഉൽപ്പാദിപ്പിക്കുവാൻ സാധിക്കാതെ വന്നതോടെ കൊഡാക് കമ്പനി മറ്റ് കമ്പനികൾക്കും സൂപ്പർ ഗ്ലൂ വിൻ്റെ നിർമ്മാണ രഹസ്യം വൻ വിലയ്ക്ക് കൈമാറി.
കൊഡാക് കമ്പനിയുടെ ലാഭം പല മടങ്ങ് വർദ്ധിച്ചു.ഇതിന് കാരണക്കാരനായ ഹാരി കൂവർ 1974ൽ കൊഡാക് കമ്പനിയുടെ വൈസ് പ്രസിഡണ്ട് പദവിയിലേക്കുയർന്നു.

സൂപ്പർ ഗ്ലൂ അല്ലാതെ മറ്റ് 460 ഓളം കണ്ട് പിടുത്തങ്ങൾ ഹാരി കൂവറിൻ്റേതായി ഉണ്ട്.

സൂപ്പർ ഗ്ലൂ വിൻ്റെ പോരായ്മകൾ പരിഹരിച്ച് പുതിയ കെമിക്കൽഫോർമുലേഷനിലുള്ള സൂപ്പർ ഗ്ലൂ 1980 ൽ ഹാരി കൂവർ വീണ്ടും നിർമ്മിച്ചു.

സൂപ്പർ ഗ്ലൂ വിൻ്റെ കണ്ട് പിടുത്തത്തിലൂടെ തൻ്റെ പേര് ചരിത്രത്തിൽ രേഖപ്പെടുത്തിയ ഡോകടർ ഹാരി കൂവർ തൻ്റെ 94 ആം വയസിൽ 2011 മാർച്ച് 26ന് അന്തരിച്ചു.

ഓപ്പറേഷൻ/മെഡിക്കൽ ആവശ്യങ്ങൾക്കായി അലർജി റിയാക്ഷൻ ഇല്ലാത്ത പ്രത്യേക സൂപ്പർ ഗ്ലൂ കൾ ലഭ്യമാണ്. ദൃശ്യമല്ലാത്ത വിരലടയാളങ്ങൾ കണ്ടെത്തുക എന്നതടക്കമുള്ള ആയിരക്കണക്കിന് ഉപയോഗങ്ങൾ സൂപ്പർ ഗ്ലൂവിന് ഉണ്ട്.

ഇലക്ട്രോണിക്സ് സർവ്വീസിങ്ങ് രംഗത്തെ ഒരവിഭാജ്യ ഘടകമാണ് സൂപ്പർ ഗ്ലൂ .

സാധാരണ സൂപ്പർ ഗ്ലൂ ശരീരത്തിൽ പ്രയോഗിക്കുന്നത് സൂക്ഷിച്ച് വേണം.

അന്തരീക്ഷ വായുവിൽ അടങ്ങിയ ഈർപ്പത്തിനോട് പ്രതി പ്രവർത്തിച്ച് ഉടനടി പോളി മറൈസേഷൻ സംഭവക്കുന്നതിനാൽ സൂപ്പർ ഗ്ലൂ ഉപയോഗിക്കുന്നത് അതീവ ശ്രദ്ധയോടെ വേണം..

വിവിധ ഗ്രേഡുകളിലുള്ള സൂപ്പർ ഗ്ലൂ കൾ വിപണിയിൽ ലഭ്യമാണ്. ചെറിയ ഒരു മില്ലി ട്യൂബുകളിൽ ലഭിക്കുന്നത് ഒന്ന് - രണ്ട് സെക്കൻഡിനുള്ളിൽ ഒട്ടുന്ന തരമാണ് .. ഫ്ലക്സ് ഒട്ടിക്കാനായി വലിയ ബോട്ടിലുകളിൽ ലഭിക്കുന്നത് 3 മുതൽ 6 വരെ സെക്കൻഡുകൾക്കുള്ളിൽ ഒട്ടുന്ന തരമാണ്. കൊഴുപ്പേറിയ ജൽ രൂപത്തിലും സൂപ്പർ ഗ്ലൂ ലഭ്യമാണ്.

സൈനിക ആവശ്യങ്ങൾക്കായി, യുദ്ധമുന്നണിയിലെ മുറിവുകൾ ഒട്ടിക്കാനായി സ്പ്രേ രൂപത്തിലും സൂപ്പർ ഗ്ലൂ ലഭ്യമാണ്.

സൂപ്പർ ഗ്ലൂവിനോട് ചേർത്ത് സോഡിയം ബൈ കാർബണേറ്റ്, പ്ലാസ്റ്റർ ഓഫ് പാരീസ്, സിമൻ്റ് പൊടി, അറക്കപ്പൊടി ,പാറപ്പൊടി, എന്നിവ പോലുള്ള പൊടികൾ ചേർത്ത് വിവിധ വിധത്തിൽ ഗ്യാപ്പ് ഫില്ലിങ്ങുകൾക്കും, ലീക്ക് പ്രൂഫിങ്ങിനും ഉപയോഗിച്ച് വരുന്നു.

ജലത്തോട് പ്രവർത്തിച്ച് കട്ടയാകുന്ന പ്ലാസ്റ്റിക്കാണ് സൈനോ അക്രിലേറ്റ് എന്ന സൂപ്പർ ഗ്ലൂ ,ഒരു തവണ ജലവുമായി പ്രവർത്തിച്ച് ബോണ്ടിങ്ങ് രൂപപ്പെട്ടു കഴിഞ്ഞാൽ പിന്നീട് വാട്ടർപ്രൂഫാണ് സൂപ്പർ ഗ്ലൂ ഉപയോഗിച്ചുള്ള ഒട്ടിക്കലുകൾ.

.സൂപ്പർ ഗ്ലൂ കൊണ്ട് അബദ്ധത്തിൽ വിരലുകൾ ഒട്ടിപ്പോയാൽ വിനാഗിരിയോ, ഷാമ്പൂവോ കലർത്തിയ ചെറു ചൂടു വെള്ളം കൊണ്ട് പതിയെ ധാര കോരിയാൽ മതിയാകും.. അസറ്റോൺ എന്ന കെമിക്കലും സൂപ്പർ ഗ്ലൂ വിൻ്റെ കെമിക്കൽ ബോണ്ടിങ്ങ് പൊട്ടിക്കാൻ ഉപയോഗിക്കാറുണ്ട്.ചിത്രത്തിൽ ഹാരി കൂവർ തൻ്റെ കണ്ട് പിടുത്തങ്ങൾക്കൊപ്പം.. എഴുതിയത് #Ajith_kalamassery, #സൂപ്പർഗ്ലൂ, #ഹാരികൂവർ.27.09.2022


Also Read » Study German using Malayalam - Lesson 19


Also Read » Study German using Malayalam - Lesson 17Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About അജിത് കളമശ്ശേരി

» FaceBook

Do NOT follow this link or you wont able to see the site!

❤️ | 4 | Saved : 06:01:32 am | 19-06-2024 CEST