പുതുവർഷം - സന്തോഷിക്കാൻ പത്തു കാര്യങ്ങൾ...

Avatar
മുരളി തുമ്മാരുകുടി | 03-01-2021 | 4 minutes Read

2021 പിറക്കുകയാണ്. 2020 വന്നതേ നമുക്ക് ഓർമ്മയുള്ളൂ, പിന്നെ ഒരു റോളർ കോസ്റ്ററിൽ കയറിയത് പോലെയായിരുന്നു. പലപ്പോഴും ജീവൽഭയം പോലും ഉണ്ടായി. ഇനിയുള്ള കാലത്തേക്ക് 2020 ഓർക്കണമെന്ന് കൂടി നമുക്ക് ആഗ്രഹമില്ല.

എല്ലാവർക്കും സന്തോഷകരമായ പുതുവർഷം നേരുന്നതോടൊപ്പം എന്തുകൊണ്ടാണ് ഈ പുതുവർഷം എനിക്കേറെ സന്തോഷകരമായത് എന്നുകൂടി പറയാം.

1. ഇതെഴുതുന്ന ഞാനും വായിക്കുന്ന നിങ്ങളും ഇന്ന് ജീവനോടെ ഉണ്ട് എന്നതാണ് ആദ്യത്തെ സന്തോഷം. 2020 ന്റെ ആദ്യത്തിൽ നമ്മോടൊപ്പമുണ്ടായിരുന്ന പതിനെട്ടു ലക്ഷം ആളുകൾ ഇന്ന് നമ്മുടെ കൂടെയില്ല. 2020 ൽ എപ്പോഴെങ്കിലും ‘നമ്മൾ അടുത്ത വർഷം ഉണ്ടാകുമോ’ എന്ന് ചിന്തിക്കാത്തവർ ഉണ്ടാവില്ല. അതുകൊണ്ട് തന്നെ പുതുവർഷത്തിൽ ഞാൻ ലേഖനം എഴുതിക്കൊണ്ടിരിക്കുന്നു എന്നതും നിങ്ങൾ അത് വായിച്ചുകൊണ്ടിരിക്കുന്നു എന്നതും എല്ലാ വർഷവും സാധാരണമായ കാര്യമാണെങ്കിലും 2021 ൽ ഒരു ഭാഗ്യമാണ്, സന്തോഷമാണ്.

2. ശാസ്ത്രം രോഗത്തിന് മീതെ മേൽക്കൈ നേടുന്നു - മനുഷ്യരാശിയുടെ നേരെ വന്ന സമീപകാല വെല്ലുവിളികളിൽ ഏറ്റവും വലുതായിരുന്നു കോവിഡ് - 19. എഴുന്നൂറ് കോടി ആളുകളും ഭയത്തിൽ അകപ്പെട്ടിരുന്ന കാലത്തും, ലബോറട്ടറികൾ ഉൾപ്പെടെയുള്ള തൊഴിൽ സ്ഥലങ്ങൾ തടസ്സപ്പെട്ട കാലത്തും, നമ്മുടെ ശാസ്ത്രജ്ഞർ അതിവേഗത്തിലും അവസരോചിതമായും അനവധി സ്ഥലങ്ങളിലായി കോവിഡിന് വാക്സിൻ കണ്ടുപിടിച്ച് കോവിഡ് ഇല്ലാത്ത കാലത്തെപ്പറ്റി ചിന്തിക്കാൻ നമുക്ക് അവസരമുണ്ടാക്കിത്തന്നത് ഏറ്റവും വലിയ സന്തോഷം നൽകുന്നു.

3. നമ്മുടെ അടിസ്ഥാന താല്പര്യങ്ങളെ തിരിച്ചറിയുന്നു- അതിവേഗതയിൽ കുതിച്ചുകൊണ്ടിരുന്ന നമ്മുടെയെല്ലാം ജീവിതത്തെ ഒറ്റയടിക്ക് പിടിച്ചു നിർത്തി, എന്താണ് ജീവിതത്തിൽ ഏറ്റവും പ്രധാനം എന്ന് കാണിച്ചു തന്ന വർഷം കൂടിയാണ് കടന്നുപോയത്. ആരോഗ്യവും, ഭക്ഷണവും, കുടുംബവും ആണ് മനുഷ്യന് ഏറ്റവും പ്രധാനം എന്നത് വീണ്ടും എല്ലാവർക്കും മനസ്സിലായി. ഇക്കാര്യം ഒരു തലമുറയെങ്കിലും ഓർത്തുവെക്കുമെന്നതിൽ സംശയം വേണ്ട.

4. വിദ്യാഭ്യാസം ആഗോളം - സർവത്രികം - സൗജന്യം: ലോകത്തെവിടെ നിന്നുമുള്ള നല്ല അധ്യാപകരിൽ നിന്നും മറ്റെവിടെയുമുള്ള വിദ്യാർത്ഥികൾക്ക് പാഠങ്ങൾ പഠിക്കാനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തിട്ട് വർഷം ഇരുപതായി. പക്ഷെ 150 കോടി വിദ്യാർത്ഥികൾക്കും അവരെ പഠിപ്പിക്കുന്ന കോടിക്കണക്കിന് അധ്യാപകർക്കും ഈ രീതികൾ ശരിക്കും പരിചിതമായത് 2020 ലാണ്. ഇത്തരത്തിൽ ഒരു മാറ്റം ‘സമാധാന കാലത്ത്’ കൊണ്ടുവരണമെങ്കിൽ ഒരു പതിറ്റാണ്ടെങ്കിലും വേണ്ടിവരുമായിരുന്നു. ഇനിയുള്ള കാലത്ത് ഇതായിരിക്കും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. ഇനിയങ്ങോട്ട് ആളുകൾക്ക് ഏറ്റവും താല്പര്യമുള്ള വിഷയങ്ങൾ, ആ വിഷയത്തിലെ ഏറ്റവും പുതിയ മാറ്റങ്ങൾ ഇവയെല്ലാം ലോകത്തെ ഏറ്റവും നല്ല അധ്യാപകരിൽ നിന്നും നേരിട്ട് പഠിക്കാനുള്ള അവസരമുണ്ടാകും, അതും സൗജന്യമായി.

5. തൊഴിലുകൾക്ക് അതിർത്തികൾ ഇല്ലാതാകുന്നു- ലോകത്ത് 2020 ന്റെ തുടക്കത്തിൽ തൊഴിലെടുത്തുകൊണ്ടിരുന്ന മുന്നൂറ്റി ഇരുപത് കോടി ആളുകളിൽ പകുതി പേരുടെയും തൊഴിലിനെ കോവിഡ് ബാധിച്ചു എന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. ‘വീട്ടിലിരുന്ന് ജോലി ചെയ്യുക’ എന്നത് ഒരിക്കൽ ഐ ടി രംഗത്തുള്ളവരുടെ മാത്രം സാധ്യത ആയിരുന്നു. അത് തന്നെ തൊഴിലാളികൾക്ക് നൽകുന്ന ഒരു സൗജന്യം പോലെയും. എന്നാൽ കോടിക്കണക്കിന് ആളുകൾ വീട്ടിലിരുന്ന് തൊഴിലുകൾ ചെയ്യാൻ ആരംഭിച്ചപ്പോൾ തൊഴിലുടമകൾക്ക് ഓഫിസിന്റെ വാടകയും വൈദ്യുതി ചിലവും കുറഞ്ഞുവെന്ന് മാത്രമല്ല, ജോലിയിലെ പ്രൊഡക്ടിവിറ്റി കൂടി എന്നുമാണ് ഗവേഷണങ്ങൾ പറയുന്നത്. "work from home is working" എന്നതാണ് പുതിയ മാനേജ്‌മെന്റ് മന്ത്ര. ഇപ്പോൾ ലോകത്തെ ഏതൊരു ജോലിയും ഭാഗികമായെങ്കിലും ചെയ്യാൻ സാധിക്കുമോ എന്നുള്ള ഗവേഷണമാണ് തൊഴിൽ ദാതാക്കൾ നടത്തുന്നത്. കൂടുതൽ കൂടുതൽ ജോലികൾ ഓഫിസിൽ നിന്നും വീട്ടിൽ എത്താൻ സാധിക്കുന്പോൾ രാജ്യത്തിൻറെ അതിരുകൾ ഇല്ലാത്ത ഒരു തൊഴിൽ ലോകമാണ് സാധ്യമാകുന്നത്.

6. ടൂറിസത്തിന്റെ സുവർണ്ണ കാലം- യാത്ര പോലെ നമുക്ക് വിദ്യാഭ്യാസം നൽകുന്ന മറ്റൊന്നില്ല. എന്നാൽ കോവിഡ് മഹാമാരിയും അതിന്റെ ഭയവും അതുണ്ടാക്കിയ ലോക് ഡൗണും മൂലം യാത്രകൾ, അന്താരാഷ്ട്രമായി മാത്രമല്ല അടുത്ത നഗരത്തിലേക്ക് പോലും, ഏറെ കുറഞ്ഞു. എയർ ലൈൻ, ടൂറിസം രംഗം പാടെ തകർന്നടിഞ്ഞു. ലോക്ക് ഡൌൺ ആയി വീട്ടിൽ കുടുങ്ങിപ്പോയ ശതകോടി ആളുകൾക്കുണ്ടായ ഏറ്റവും വലിയ കുറ്റബോധം ആരോഗ്യവും, പണവും, യാത്ര ചെയ്യാൻ അവസരവും ഉണ്ടായിരുന്നപ്പോൾ അത് വേണ്ടത്ര ഉപയോഗിച്ചില്ല എന്നതാണ്. ടൂറിസത്തിലും യാത്രകളിലും കുതിച്ചു ചാട്ടം പ്രതീക്ഷിക്കണം.

7. സന്പത്തിനുമപ്പുറത്തുള്ള ജീവിതം - കൊറോണക്കാലത്ത് പഠിച്ച അനവധി പാഠങ്ങളിൽ ഒന്ന്, ബാങ്കിലോ, ഭൂമിയിലോ, സ്വർണ്ണത്തിലോ സന്പത്ത് ശേഖരിച്ചുവെച്ചാൽ ആവശ്യം വരുന്പോൾ ഉപയോഗപ്പെടുത്താൻ സാധിച്ചെന്ന് വരില്ല എന്നതാണ്. വലിയ പണച്ചിലവില്ലാതെ ജീവിക്കാം എന്നും നമുക്ക് ഈ കാലയളവിൽ മനസ്സിലായി. ജീവിതത്തിൽ അനുഭവങ്ങളാണ് നാം സന്പാദിക്കേണ്ടതെന്നുള്ള തിരിച്ചറിവ് ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ ജീവിത വീക്ഷണവും ജീവിത രീതികളും മാറ്റി മറിക്കും.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

8. ആരോഗ്യ രംഗത്ത് സമൂലമായ മാറ്റങ്ങൾ വരും - ആരോഗ്യ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ വരുമെന്നതിൽ സംശയമില്ല. ആധുനിക ആരോഗ്യ സംവിധാനങ്ങൾ ഉണ്ടായിരുന്ന വികസിത രാജ്യങ്ങളിൽ പോലും കോവിഡ് കാലത്ത് രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ ലഭ്യതക്ക് പുറത്തു പോയി. ഐ സി യു വും വെന്റിലേറ്ററും ഉൾപ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങൾ ആർക്കാണ് നൽകേണ്ടതെന്ന തീർത്തും വിഷമകരമായ തീരുമാനങ്ങൾ എടുക്കേണ്ടി വന്നു. അതേ സമയം നല്ല പൊതുജനാരോഗ്യ സംവിധാനങ്ങൾ ഉള്ള, അതേസമയം സാന്പത്തികമായി അത്ര ഉന്നതിയിലല്ലാത്ത രാജ്യങ്ങൾക്കും പ്രേദേശങ്ങൾക്കും കോവിഡ് മഹാമാരിയിൽ മരണം പിടിച്ചു നിർത്താൻ സാധിച്ചു എന്നതും ശ്രദ്ധേയമാണ്. ലോകത്തെവിടെയും ആരോഗ്യ രംഗത്ത് വലിയ അഴിച്ചു പണികൾ ഉണ്ടാകും, ഡിജിറ്റൽ ഹെൽത്ത് സർവത്രികമാകും, ആരോഗ്യകരമായ ശീലങ്ങൾ പ്രമോട്ട് ചെയ്യപ്പെടും, ആരോഗ്യ രംഗത്തെ ഗവേഷണത്തിന് കൂടുതൽ പണം ലഭ്യമാകും. പൊതുവെ കൂടുതൽ ആരോഗ്യകരമായ ജീവിതമായിരിക്കും ഇനി ഉണ്ടാകാൻ പോകുന്നത്.

9. കാര്യക്ഷമതയുള്ള ഭരണം വീണ്ടും പ്രസക്തമാകുന്നു - ജന നന്മക്ക് എന്താണ് നല്ലത് എന്നതല്ല ജനങ്ങൾ എന്താണ് ഇഷ്ടപ്പെടുന്നത് അത് നൽകുകയാണ് അധികാരം കിട്ടാനും നില നിർത്താനുമുള്ള ഏറ്റവും നല്ല മാർഗ്ഗം എന്ന് നേതാക്കൾ ചിന്തിച്ചിരുന്ന ഒരു കാലഘട്ടമാണ് അടുത്തകാലത്ത് ജനാധിപത്യ രാജ്യങ്ങളിൽ ഉണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങളിലെ ലൈക്കും ഷെയറും അഭിപ്രായ സർവേകളും ആയിരുന്നു നയരൂപീകരണത്തിൻറെ അടിസ്ഥാനം, അല്ലാതെ കണക്കുകളും യുക്തിയും ആയിരുന്നില്ല. സത്യാനന്തര ലോകം, ആൾട്ടർനേറ്റീവ് ഫാക്ട് തുടങ്ങിയ പുതിയ വാക്കുകൾ നമ്മുടെ രാഷ്ട്രീയ നിഘണ്ടുവിന്റെ ഭാഗമായി. "പോപ്പുലിസ്റ്റ്" ആയിട്ടുള്ള നേതാക്കൾ "കോംപീറ്റന്റ്" ആയിട്ടുള്ള നേതാക്കളുടെ മേൽ ജയം നേടി. പക്ഷെ കൊറോണക്കാലം നെല്ലും പതിരും തിരിച്ചറിയാനുള്ള അവസരം നമുക്ക് ഉണ്ടാക്കിത്തന്നു. എവിടെയൊക്കെ ശാസ്ത്രം അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുത്തോ അവിടെയെല്ലാം താരതമ്യേന നന്നായി ഈ മഹാമാരിയെ കൈകാര്യം ചെയ്യാൻ സാധിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നയങ്ങൾ രൂപീകരിക്കുന്ന ശാസ്ത്രീയമായ കാര്യക്ഷമമായ നേതൃത്വത്തിന് വീണ്ടും ലോകത്ത് അവസരങ്ങൾ ഉണ്ടാകും.

10. ആഗോള സഹകരണം ശക്തിപ്പെടും- കൊറോണമൂലം അതിർത്തികൾ അടച്ചപ്പോഴും കൊറോണക്കെതിരെയുള്ള പ്രവർത്തനങ്ങളിലും ഗവേഷണങ്ങളിലും ലോകം ഒറ്റക്കെട്ടായി നിന്നു. മനുഷ്യരാശി അതിൻറെ നിലനില്പിനെ ബാധിക്കുന്ന പ്രശ്നങ്ങൾ നേരിട്ടാൽ ലോകം അതിർത്തികൾക്കും ജാതിക്കും മതത്തിനും വർണ്ണത്തിനും വർഗ്ഗത്തിനും അതീതമായി ഒറ്റക്കെട്ടായി അതിനോട് പ്രതികരിക്കുമെന്ന് നമുക്ക് ഉറപ്പായി. കാലാവസ്ഥ വ്യതിയാനം പോലെ ഈ തലമുറയുടെ ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിൽ ആഗോള സമവായവും കൂട്ടായ പ്രവർത്തനവും ഇനി ഉണ്ടാകുമെന്നും, എത്ര ബുദ്ധിമുട്ടുള്ള തീരുമാനങ്ങളും അത് പൊതു നന്മക്കാണെങ്കിൽ ജനം അംഗീകരിക്കും എന്നും നമുക്ക് മനസ്സിലായി. ആഗോള സഹകരണം കൂടുതൽ ശക്തിപ്പെടുന്ന ഒരു കാലഘട്ടമാണ് ഇനി വരാൻ പോകുന്നത്.

കൊറോണക്കപ്പുറത്തുള്ള കാലം തുടങ്ങുന്നത് കൊറോണക്ക് മുൻപുള്ള കാലത്തിന്റെ തുടർച്ചയായിട്ടല്ല, നാലാം വ്യവസായ വിപ്ലവത്തിന്റെ തുടക്കമായിട്ടാണ്. നമ്മുടെ ജീവിതത്തെ കൊറോണ ബാധിച്ചത് പ്രതീക്ഷിക്കാതിരുന്ന ഒരു തിരമലയായിട്ടാണെങ്കിൽ നിർമ്മിത ബുദ്ധിയും റോബോട്ടിക്‌സും ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ ഒരു സുനാമിപോലെ നമ്മുടെ നേരെ വരികയാണ്. അത് പക്ഷെ നമുക്ക് മുൻകൂട്ടി അറിയാം. ഈ സാങ്കേതിക വിദ്യകളുടെ സാധ്യതകളെ അറിഞ്ഞുപയോഗിക്കാൻ സാധിച്ചാൽ ഇന്ന് ചിന്തിക്കാൻ പോലും ആകാത്തത്ര വലിയ ഒരു കുതിച്ചുചാട്ടം നമുക്ക് സാധ്യമാകും.

അതിനുള്ള തയ്യാറെടുപ്പുകൾ ആകട്ടെ, നമ്മുടെ 2021 !!!

ഒരിക്കൽ കൂടി എല്ലാവർക്കും പുതുവത്സര ആശംസകൾ..!

മുരളി തുമ്മാരുകുടി

Photo Credit : » @macroman


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 07:56:16 pm | 02-12-2023 CET