ഭക്ഷ്യോൽപ്പാദനത്തിൽ കുറുക്കുവഴികളില്ല , നെല്ലിനു കൊടുക്കുന്ന അമിത പ്രാധാന്യം കുറയ്ക്കണം - രമ കെ നായർ എഴുതിയ ലേഖനം

Avatar
Rema K Nair | 30-05-2020 | 7 minutes Read

rice
Photo Credit : » @ja_ma

B.C ,AC എന്ന് ലോകത്തെ രണ്ടായി തിരിക്കുന്ന നാളുകളാണ് വരാനിരിക്കുന്നത് .ലോകം എന്ന് പഴയ പോലാകുമെന്നറിയില്ല; എന്നെങ്കിലും പഴയ പോലാകുമോ എന്നു പോലും ആശങ്കയുണ്ട്. ഏതൊക്കെ കാര്യങ്ങൾ മാറി വന്നാലും മാറാനിടയില്ലാത്ത ഒന്നുണ്ട്.

ഭക്ഷണം.

ഗതി കെട്ടാൽ പുലി പുല്ലും തിന്നും .മലയാളി ചക്കയും മാങ്ങയും, കപ്പക്കയും കൊണ്ടും ജീവിക്കും എന്നും തെളിഞ്ഞ കാലമാണ് കടന്നു പോയത്.

ഭക്ഷ്യസുരക്ഷയെപ്പറ്റി പലരും എഴുതിക്കണ്ടു.

ഭക്ഷണത്തിൻ്റെ ലഭ്യതയും, ഭക്ഷണത്തിൻ്റെ ഗുണനിലവാരവും ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് അളവ് പ്രധാനമാകുന്നതിനൊപ്പം വിഷം, പൂപ്പൽ, മറ്റ് അപകടകരമായ വസ്തുക്കൾ ഭക്ഷണത്തിൽ കലരാതിരിക്കേണ്ടതും പ്രധാനം തന്നെ.

അതായത് ജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നൽകാൻ സാദ്ധ്യമാകുന്നത് ഭക്ഷ്യ സുരക്ഷയും
രണ്ടാമതു പറഞ്ഞത് സുരക്ഷിത ഭക്ഷണവും.

തൽക്കാലത്തേക്ക് വിഷമിക്കണ്ട, ആവശ്യത്തിനുള്ള അരി FCI യുടെ പത്താഴത്തിൽ ഉണ്ട്. എന്നു പറയുമ്പോൾ മൂന്നു മാസം കഴിഞ്ഞാൽ ആന്ധ്രയിലും തെലങ്കാനയിലുമെല്ലാം വിളവെടുക്കേണ്ട പാടങ്ങളിലാണ് നമ്മുടെ പത്താഴം.

ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ഒട്ടുമിക്കവാറും സീനിയറായകാർഷിക ശാസ്ത്രജ്ഞർ എൻ്റെ സഹപാഠികളാണ്. അവരിൽ ചിലർ തൻ്റെ മേഖലകളിൽ ലോകത്തിലെ തന്നെ ഒന്നാം കിടയിലേക്കെത്തുന്ന പ്രതിഭാധനരുമാണ്.
കൃഷി വകുപ്പിലെ അമരക്കാരും ആസൂത്രണ വിദഗ്ധരുംഎൻ്റെ സഹപാഠികൾ തന്നെ.ഈ ഭാഗ്യത്തിൽ എനിക്ക് ഒരു പാട് സന്തോഷവും ഇത്തിരി അഹങ്കാരവുമുണ്ട്.

ഭക്ഷ്യ സുരക്ഷ, ജൈവകൃഷി, നല്ല കൃഷി തുടങ്ങിയവയെല്ലാം ഞങ്ങൾ സ്ഥിരമായിചർച്ച ചെയ്യാറുണ്ട്.അങ്ങനെ പലരുടെയും അനുഭവങ്ങൾ ഉൾക്കൊണ്ടു കൊണ്ട് തന്നെയാണ് ഞാൻ സ്വന്തം അഭിപ്രായം രൂപപ്പെടുത്തുന്നതും.

നെല്ലിൻ്റെ ഉൽപ്പാദനവും നമ്മുടെ ഉപഭോഗവും തമ്മിൽ യാതൊരു തരത്തിൽ നികത്തിയാലും തീർക്കാനാവാത്ത വിടവുണ്ട്.
അമ്പത്തഞ്ചു ലക്ഷം ടൺ നെല്ലു വേണ്ടിടത്ത് ആറു ലക്ഷം ടണ്ണിൽ താഴെ മാത്രം. ഒരു കോൽ പെട്ടിക്ക് അരക്കോൽ വിടവൊരു വിടവല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന നമ്മൾ കാണായ പാടവും പറമ്പും തരിശായ തരിശുമെല്ലാം നെൽകൃഷി ചെയ്ത് ഈ നാൽപ്പത്തൊമ്പതും ചില്ലറയും ലക്ഷം ടൺ വിടവും അടയ്ക്കാം എന്നു വിശ്വസിക്കുന്നു!

വിശ്വാസം ! അതാണോ എല്ലാം?

ഇനി കുറച്ചു സത്യങ്ങൾ പറയാം,
എല്ലാവർക്കും രുചിച്ചില്ലെങ്കിലും.

കേരളത്തിൽ നെൽപ്പാടങ്ങൾ പലതും കരഭൂമി പരിവർത്തനപ്പെടുത്തി ഉണ്ടാക്കിയതാണെന്നുപറഞ്ഞാൽ സത്യമാണോ എന്ന് നിങ്ങൾ സംശയിക്കും . അതാണ് സത്യം .അര്ഥശങ്കക്കിടയില്ലാത്ത വിധം കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ആയിരുന്ന ഡോ .ശ്യാമസുന്ദരൻ നായർ ഇതേക്കുറിച്ചു പറഞ്ഞിട്ടുണ്ട്.

പണ്ട് രാജഭരണകാലത്തും സ്വാതന്ത്ര്യാനന്തരവും ഒരു നേരം ഊണ് തന്നെ വളരെ ആര്ഭാടമായിരുന്നു. മുൻ തലമുറയിൽ പെട്ടവർക്ക് അതറിയാം ,ഓണത്തിനാണ് ഊണ് പതിവ്.ബാക്കിയൊക്കെ കഞ്ഞിയോ വെള്ളമോ തന്നെ . കോരന്മാർ അന്നും എക്സ് സെപ്‌ഷൻ ആയിരുന്നു .

കരഭൂമിയേക്കാൾ വിലയും പാടത്തിനായിരുന്നു. എന്തെങ്കിലും നട്ടുണ്ടാക്കിയാൽ മാത്രം കഴിക്കാവുന്ന കാലം . ആറുമാസം ചക്കകൊണ്ട് കഴിക്കും .രണ്ട് മൂന്നുമാസം കിഴങ്ങുകൾ പിന്നെ ഒക്കെ അങ്ങനേം ഇങ്ങനേം ആയും കാലം കഴിക്കും . കർക്കിടകത്തിൽ രാമായണം പാരായണം ചെയ്തു കഴിക്കും.

അങ്ങനെയുള്ള കാലത്തേക്കാണ് ഐ ആർ എട്ടു എന്ന അത്ഭുത വിത്ത് കടന്നു വന്നത്.,അമ്പതു വര്ഷം മുൻപ്. നാടൻ ഇനങ്ങളെ അപേക്ഷിച്ചു പലമടങ്ങു വിളവ് തന്ന ഈ വിത്ത് തന്നെയാണ് നമ്മളെയൊക്കെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് എന്നു പറയുമ്പോളാർക്കും ദേഷ്യം വരണ്ട.സത്യം അതാണ് ,അത് തന്നെയാണ്

കിണറ്റിൻ കരയിൽ ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞു നിറുത്തി ഐ ആർ എട്ടു കൃഷിചെയ്തവർ ഇന്നും നാട്ടിൻ പുറങ്ങളിൽ ഉണ്ട് . ഐ ആർ എട്ടിന് പിന്നാലെ രാസവളങ്ങൾ വന്നു ,പുതു വിത്തുകൾ വന്നു ,ഹരിതവിപ്ലവവും ഇവിടെ വേരുപിടിച്ചു . പിന്നാലെ വിപ്ലവകരമായ ഭൂപരിഷ്കരണ നിയമവുംവന്നു . കാലടിപ്പുഴയിലൂടെ ഒരുപാട് വെള്ളം ഒഴുകിപ്പോയി , എട്ടുലക്ഷം ഹെക്ടർ ഉണ്ടായിരുന്ന നെൽപ്പാടം ചുരുങ്ങിയും നിവർന്നു൦ ഇന്ന് അതിന്റെ പകുതിയിൽ താഴെയായി.

മുപ്പതു വർഷം മുമ്പ് ഞങ്ങൾ ഉദ്യോഗത്തിൽ കയറുന്ന കാലത്ത് സെൻ്റിന് നാൽപ്പതു പൈസയായിരുന്നു നെൽകൃഷിക്കു നൽകിയിരുന്ന ഉൽപ്പാദന ബോണസ് എന്നാണ് എൻ്റെ ഓർമ്മ. അതും ഒരു ഹെക്ടറിൽ കൂടുതൽ കൃഷി ചെയ്യുന്നവന് സഹായമില്ല താനും.എത്ര മാത്രം ഉദാരമായിട്ടാണ് നെൽകൃഷിയെ പ്രോൽസാഹിപ്പിച്ചിരുന്നതെന്ന് ഓർത്തു നോക്കൂ. 1990 ൻ്റെ തുടക്കത്തിലാണ് പാടശേഖര സമിതികൾ നിലവിൽ വരുന്നത്.ഗ്രൂപ്പ് ഫാമിംഗിൻ്റെ കാലം. Rice for All , All for Rice എന്ന സ്റ്റിക്കർ എൻ്റെ ഭിത്തിയിൽ ഇന്നുമുണ്ട്. 1990 ൻ്റെ ആദ്യ പകുതിയിൽ ചില നിശ്ശബ്ദ വിപ്ലവങ്ങൾ പല മേഖലകളിലുമുണ്ടായി. ക്ഷീരമേഖലയിലെ വിപ്ലവം മിൽമയും പി.ഡി.ഡി.പിയും മറ്റ് പലതുമായി പാൽ വിതരണ സംഭരണ കേന്ദ്രങ്ങൾ ഗ്രാമങ്ങളിൽ സജീവമായി. ചന്തയിൽ പാൽ സുലഭമാണെങ്കിൽ പിന്നെന്തിന് ഈ കൊതുകുകടിയും ചാണകത്തിൻ്റെ നാറ്റവും സഹിച്ച് പശുവിനെ കെട്ടിവലിക്കണം?

ടില്ലറും ട്രാക്റ്ററും വന്നപ്പോൾ ഉഴവ്മാട് പടിയിറങ്ങിയതു പോലെ തന്നെ മദ്ധ്യവർഗ്ഗത്തിൻ്റെ തൊഴുത്തുകളിൽ നിന്നും പശുവും എന്നേയ്ക്കുമായി പടിയിറങ്ങി. കന്നുകാലിയ്ക്ക് വൈക്കോൽ കൊടുക്കണമെങ്കിൽ നെൽകൃഷി വേണം. നെല്ല് കൃഷി ചെയ്യാൻ ഉഴവു മാടും വേണം, വളത്തിന് ചാണകവും.

കന്നുകാലിയും നെൽകൃഷിയും ചേർന്ന ഈയൊരു സമവാക്യമായിരുന്നു പിഴച്ചു പോയത്. ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് നിറപറ റൈസ് മില്ലിൻ്റെ വരവോടെ മോഡേൺ റൈസ് മില്ലുകൾ വളരെ പ്രചാരത്തിലായത്. നെല്ലുപുഴുങ്ങൽ ,ഉണക്കൽ, കുത്തൽ, പാറ്റൽ എല്ലാം നല്ല കഷ്ടപ്പാടുള്ള പണികളായിരുന്നു, പ്രത്യേകിച്ചും വർഷക്കാലത്ത്. ഈ തലവേദനകൾക്കെല്ലാം ഒറ്റമൂലിയായിട്ടാണ് ജനം ബ്രാൻഡഡ്‌ അരി എന്ന പുതുമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. അതു വരെ ചാക്കിൽ കിട്ടുന്ന അരിക്ക് - ചാക്കരി - പതിത്വമുണ്ടായിരുന്നു. ഒറ്റയടിക്ക് നിറപറ അടുക്കളയിൽ കയറിപ്പറ്റി, പിന്നാലെ കാക്കത്തൊള്ളായിരം ബ്രാൻഡുകളും.

പിന്നാലെ പുട്ടുപൊടി, അപ്പപ്പൊടി, ഇടിയപ്പം, പത്തിരി ദോശപ്പൊടി അങ്ങനെ പ്രാതലും ഊണിനു പിറകേ ബ്രാൻഡഡ് ആയി. തങ്ങളെപ്പോലെ ചെളിയിൽ അടിഞ്ഞ ജീവിതങ്ങൾ മക്കൾക്കുണ്ടാവരുതെന്ന് കരുതിയ അച്ഛനമ്മമാർ പാടവും പറമ്പും വിറ്റ് മക്കളെ തൊഴിലിനായി വിദേശങ്ങളിലയച്ചു കാർഷിക മേഖലയിലെ തൊഴിലാളികൾ നിർമ്മാണമേഖല പോലുള്ള ഇതര മേഖലകളിലേക്ക് കൂടുമാറി.

തൊഴിലാളി ക്ഷാമം കൂലി കൂട്ടി. ചാരായ നിരോധനവും കൂലി കൂടാൻ പരോക്ഷമായ കാരണമായി .


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആഗോളവൽക്കരണത്തിൻ്റെ ആരംഭകാലമായിരുന്നു.

മക്കൾക്കും വീട്ടുകാർക്കുമെല്ലാം യാത്രഎളുപ്പമാക്കാനായി ഇതേ സമയത്താണ് മുപ്പൂ കൃഷി ചെയ്തിരുന്ന പാടം നികത്തി നമ്മൾ വിമാനത്താവളം പണിതത്. രണ്ടുവരിയായും നാലുവരിയായും നമ്മുടെ വഴികൾ വികസിച്ചുവന്നു. പലയിനം വികസനത്തിനായി കുടിയിറക്കപ്പെട്ടവർക്ക് വീടുവയ്ക്കാൻ നിലമല്ലാതെ കരഭൂമി വാങ്ങാൻ പാങ്ങില്ലാതെ പോയി. എന്നാൽ പല വിധത്തിലും പത്തു പുത്തനുണ്ടാക്കിയവർ ഏറ്റവും ലാഭകരമായ നിക്ഷേപമായി ഭൂമിയെ കാണാൻ തുടങ്ങി. ഭൂമി ജൈവ സ്വഭാവം നഷ്ടപ്പെട്ട 'വസ്തു' ആയി മാറി.

നെൽകൃഷി നഷ്ടമാണ് നഷ്ടമാണ് എന്ന് മുഖ്യധാരാ മാധ്യമങ്ങൾ നിത്യവും അനുശോചിക്കാനായി തിരക്കുകൂട്ടി. അത് പൊതുജനത്തിൻ്റെ മനസ്സിൽ അവർ പോലുമറിയാതെ വേരുറച്ചു. എന്തിനീ നഷ്ടക്കളിയിലേക്കിറങ്ങണം എന്ന് വീണ്ടു വിചാരപ്പെട്ടു. ഓരോ പാടശേഖരത്തിലും തരിശുഭൂമി കൂടി വന്നപ്പോൾ തോട് നന്നാക്കുന്നതും വരമ്പുവയ്ക്കുന്നതുമെല്ലാം കൃഷിയിറക്കുന്നവൻ്റെ മാത്രം ബാദ്ധ്യതയായി. ഒറ്റതിരിഞ്ഞ കൃഷിയിടങ്ങളിൽ കീടാക്രമണം കൂടി.

ഇതിനിടയിൽ ഉദയം ചെയ്ത കേരളാ ഹോർട്ടിക്കൾച്ചർ ഡെവലപ്മെൻ്റ് പ്രോഗ്രാം (ഇന്നത്തെ വെജിറ്റബിൾ ആൻറ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളത്തിൻ്റെ പൂർവ്വാശ്രമ നാമം) പച്ചക്കറി വാഴ തുടങ്ങിയ കൃഷികൾക്ക് ഉദാരമായി വായ്പ നൽകാൻ മുൻകൈ എടുത്തു.വാഴക്കൃഷിയിലും പച്ചക്കറി കൃഷിയിലും പിൽക്കാലത്തുണ്ടായ വൻ വർദ്ധനവിനു പിന്നിലെ ചാലകശക്തി കെ.എച്ച്.ഡി.പി ആയിരുന്നു. യാതൊരു വിധ സബ്സിഡിയും നൽകാതെ തന്നെ പ്രവർത്തന മികവ് ഒന്നുകൊണ്ടു മാത്രം ഒരു സർക്കാർ സംവിധാനത്തിന് വിജയം കൈവരിയ്ക്കാം എന്നതിന് ഉദാഹരണമായി എല്ലാവരും ചൂണ്ടിക്കാണിച്ചിരുന്ന ഈ പ്രസ്ഥാനം നെൽപ്പാടങ്ങളിലെ വാഴ, പച്ചക്കറി കൃഷിയേയും പ്രോത്സാഹിപ്പിച്ചു. തരിശിട്ടി രുന്ന സ്ഥലങ്ങൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാൻ ധാരാളം യുവാക്കൾ മുന്നാട്ടുവന്നതും ചരിത്രം.

എന്നാൽ പഴം പച്ചക്കറി മേഖലയുടെ കുതിച്ചു ചാട്ടത്തിനിടയിൽ ഏറെ പിന്നോട്ടു പോയതും നഷ്ടം സംഭവിച്ചതും നെൽകൃഷി മേഖലയാണ്. അതു വരെയും നെൽപ്പാടങ്ങളിൽ മറ്റേതു വിള കൃഷി ചെയ്താലും യാതൊരു വിധ സർക്കാർ സഹായവും നൽകിയിരുന്നില്ല. വാഴകൃഷിയ്ക്കായി നെൽപ്പാടങ്ങളിൽ ചാലുകൾ കീറി ഉയർന്ന വരമ്പുകളുണ്ടാക്കി. വാഴത്തോട്ടത്തിനിടയിൽ തെങ്ങും കമുകുമെല്ലാം നട്ട് ലാഭം കൊയ്യാനുള്ള പ്രവണതയും ഏറി വന്നു. പാടത്തെ ജലസേചന സംവിധാനം വിഭിന്ന താൽപ്പര്യങ്ങളുടെ പേരിൽ തകരാറിലായി.

പിന്നീട് ജനകീയാസൂത്രണത്തിൻ്റെ നാളുകളായി. തൊണ്ണൂറുകളുടെ മദ്ധ്യം' . പാടശേഖരങ്ങളിൽ ട്രാക്ടർ ടില്ലർ, തുടങ്ങിയ യന്ത്രങ്ങൾ ഇറക്കുന്നതിനായി ഫാം റോഡുകൾ പണിയുക എന്നതായിരുന്നു ഒട്ടുമിക്ക പഞ്ചായത്തുകളും നെൽകൃഷിയെ പ്രോൽസാഹിപ്പിക്കാനായി കണ്ട വഴി. സ്വാഭാവികമായും വഴി വന്നതിനു പിന്നാലെ റോഡിനിരുപുറവും ചെറുതും വലുതുമായ കെട്ടിടങ്ങൾ വന്നു. പാടം നികത്തി വീടു പണിയുന്നത് വ്യാപകമായി.

നിർബന്ധമായും കാർഷിക മേഖലയിൽ വകയിരുത്തേണ്ട നാൽപ്പതു ശതമാനം തുകയുടെ നല്ലൊരു ഭാഗം ഫാം റോഡിനും, ജല നിർഗ്ഗമന ചാലുകൾക്കുമായി ചെലവഴിയ്ക്കപ്പെട്ടു. നെൽകൃഷിക്ക് ചെലവഴിക്കുന്ന സബ്സിഡി ത്തുക പല മടങ്ങായി വർദ്ധിച്ചു. തൊണ്ണുറുകളിൽ ഇതിൻ്റെ നാലിലൊന്ന് സബ്സിഡി നൽകിയിരുന്നെങ്കിൽ പോലും നമ്മുടെ പാടങ്ങൾ' നികത്തപ്പെടുമായിരുന്നില്ല. കേരള വിത്തു വികസന അതോറിറ്റി മുഖേന സംസ്ഥാനമൊട്ടാകെ കൃഷിഭവൻ വഴി നെൽവിത്ത് മിക്കവാറും സൗജന്യമായിത്തന്നെ വിതരണമാരംഭിച്ചപ്പോൾ കർഷകർ വിത്തുണക്കി സൂക്ഷിക്കുന്ന ശീലവും ഉപേക്ഷിച്ചു.ഇന്നിപ്പോൾ കൃത്യമായി 'വിത്ത് ഉണക്കി വയ്ക്കാൻ അറിയുന്നവർ വരെ ചുരുക്കമായി.

മൂന്നു വർഷത്തിലേറെയായി കൃഷിയിറക്കാതെ കിടക്കുന്ന തരിശുനിലങ്ങളിൽ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 25000 കർഷകനും 5000 സ്ഥലമുടമയ്ക്കും നൽകുന്ന പദ്ധതിയ്ക്കും പ്രചാരമേറി. പക്ഷേ തുടർന്നും അതേ ഭൂമിയിൽ മൂന്നു വർഷമെങ്കിലും കൃഷി ചെയ്യിക്കണമെന്നത് പലപ്പോഴുംകൃഷി ഉദ്യോഗസ്ഥൻ്റെ ബാധ്യതയായി.തൊഴിലാളികളുടെ ദൗർലഭ്യം, ജലസേചന, ജല നിർഗ്ഗമന സൗകര്യങ്ങൾ അസമയത്തെ മഴ, വെയിൽ ഇങ്ങനെ കർഷകൻ നേരിടുന്ന പ്രശ്നങ്ങൾ ഒട്ടനവധിയാണ്. രണ്ടു രൂപയ്ക്കും ഒരു രൂപയ്ക്കും അരി ലഭിക്കുമെന്നിരിക്കെ എന്തിന് ഈ കഷ്ടപ്പാടിനു പോവണം ? പകൽ മുഴുവൻ നടുവ് കുനിഞ്ഞു നിന്ന് നടീൽ, കൊയ്ത്ത് തുടങ്ങിയകൃഷിപ്പണി കൾക്ക് സ്ത്രീ തൊഴിലാളികളെ കിട്ടാതായപ്പോൾ പലയിടത്തും ഈ ജോലികളും പതിവുപോലെ ബംഗാളികൾക്കായി.

ഇന്ന് കേരളത്തിൽ നെൽകൃഷി തുടരുന്നത് രണ്ടേ രണ്ടു കാരണം കൊണ്ടു മാത്രമാണ്.
ഒന്ന്, നെൽകൃഷിയിൽ വന്ന യന്ത്രവൽക്കരണം
രണ്ട്, സപ്ലൈകോ വഴി സർക്കാർ നടത്തുന്നനെല്ല് സംഭരണം.

മറ്റിനം സബ്സിഡികളും വിള ഇൻഷ്വറൻസും ആകർഷണീയമല്ല എന്നർത്ഥമില്ല. മറ്റെന്തൊക്കെയുണ്ടായാലും ഈ രണ്ട് ഘടകങ്ങളാണ് നെൽകൃഷി തുടർന്നു പോകുന്നതിനു കാരണം. എല്ലാ സബ്സിഡികളും ചേരുമ്പോൾ ഹെക്ടറിന് 40000 രൂപ വരെ കിട്ടുന്നുണ്ട്. പിന്നെ കർഷകന് കയ്യിൽ നിന്നും 25000 രൂപക്കടുത്തു മാത്രമേ ചെലവും വരുന്നുള്ളൂ. ഹെക്ടറിന് ശരാശരി 3 ടൺ വിളവ് മാത്രം കിട്ടിയാൽ പോലും സപ്ലൈകോ റേറ്റ് പ്രകാരം 78900 രൂപ കർഷകനു കിട്ടും ( സപ്ലൈകോയുടെ 26 രൂപ 30 പൈസയിൽ 17.50 കേന്ദ്രവും 8.80 സംസ്ഥാന സർക്കാരും വഹിക്കുന്നു ). നെൽകൃഷി ലാഭമാണ്. 120 ദിവസം കൊണ്ട് ഇറക്കിയ കാശ് ഇരട്ടിയായി കിട്ടും. സബ്സിഡിയില്ലെങ്കിൽ കഥ മാറും.

പ്രളയം കയറിയിറങ്ങിപ്പോയ പാടങ്ങളിൽ അടുത്ത വിളവ് കനത്തതായിരുന്നു. അതിനു തൊട്ടുമുമ്പിലെ വിള അങ്ങനെ തന്നെ അഴുകിച്ചേർന്നതു കൂടാതെ പ്രളയജലം നിക്ഷേപിച്ച എക്കലും നെൽകൃഷിക്ക് ഗുണകരമായി മണ്ണിലെ കടുത്ത അമ്ളത മൂലം തീരെ വളരാതെ നിന്ന കരുമാല്ലൂരിലെ ഒരു പാടത്ത് ഡോ.ജയരാജിൻ്റെ നിർദ്ദേശപ്രകാരം വേണ്ട പരിചരണമുറകൾ അനുവർത്തിച്ച് മണ്ണ് പരുവപ്പെടുത്തിക്കഴിഞ്ഞ് കിട്ടിയ വിളവ് 13 ടൺ ആയിരുന്നു.

മയ്യിൽ പാടശേഖരത്ത് 7 ടൺ വിളവു കിട്ടി എന്നതിൽ അവിശ്വസനീയതയില്ല .കോൾപ്പാടങ്ങളിൽ സാധാരണയായി കിട്ടുന്ന വിളവാണത്.

എന്നാൽ എന്തുകൊണ്ട് മയ്യിലിൻ്റെ വിജയം മറ്റിടങ്ങളിൽ ആവർത്തിക്കാനാകുന്നില്ല?
കരുമാലൂര് അടുത്ത സീസണിലും 13 ടൺ കൊയ്യാൻ കഴിയുമോ? ഇതെല്ലാം പ്രസക്തമായ ചോദ്യങ്ങളാണ്. വിജയകഥകൾക്കൊപ്പം തന്നെ പരാജിതരുടെ കഥകളും ചർച്ചയാവണം. പരാജയ കഥകളിലാണ് പലപ്പോഴും നമ്മൾ പഠിക്കേണ്ട പാഠങ്ങൾ ഒളിഞ്ഞിരിക്കുക.

ഒരു പാട് സങ്കീർണ്ണമായ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ നെൽക്കൃഷിയുടെ വിജയത്തെ സ്വാധീനിക്കുന്നുണ്ട്. അതായത് നൊസ്റ്റാൾജിയ തൊട്ടു കൂട്ടിയാൽ കൃഷി വിജയിക്കില്ല. കർഷകനെ കൃഷിയിൽ പിടിച്ചു നിർത്താൻ ഇച്ഛാശക്തിയും താൽപ്പര്യവുമുള്ള തദ്ദേശീയ നേതൃത്വം അനിവാര്യമാണ്. ഇക്കണ്ട തുക മുഴുവൻ ചെലവഴിച്ച് നെൽക്കൃഷി പിടിച്ചു നിറുത്തണമെന്ന് പറയുന്നത് പാരിസ്ഥിതിക ലക്ഷ്യങ്ങളോടെയാണെങ്കിൽ അതിൽ എത്രമാത്രം വാസ്തവമുണ്ടെന്നു കൂടി ചിന്തിക്കണം.

'ഏറ്റവും കൂടുതൽ ദാഹമുള്ള 'വിളയാണ് നെല്ല്.
ഒരു കിലോ നെല്ലുണ്ടാക്കാൻ 2500 മുതൽ 3000 ലിറ്റർ വരെ വെള്ളം വേണം. മൂന്നു മാസം കൊണ്ടാണിത് കുടിച്ചു വറ്റിക്കുന്നത്.കരിമ്പിനും ഇതേ അളവിൽ വെള്ളം വേണ്ടതുണ്ടെങ്കിലും അത് ഒരു വാർഷിക വിളയാണെന്ന വ്യത്യാസമുണ്ട്.

എത്ര കാലം നമുക്കിത് തുടരാനാവും?
ജലസുരക്ഷ എന്നൊന്നു കൂടിയുണ്ട് അതിപ്രധാനമായിട്ട്. പാടങ്ങളിൽ കെട്ടി നിറുത്തുന്ന വെള്ളം ഉഴത്തട്ട് ഭേദിച്ച് എത്രമാത്രം താഴേക്ക് ഇറങ്ങും? നെൽപ്പാടങ്ങൾ മീഥേയ്ൻ വാതകത്തിൻ്റെ ഒരു ഉറവയാണെന്നതും മറക്കാൻ പാടില്ല. ആഗോള താപനം വഴി ഓരോ ഡിഗ്രി ചൂടുകൂടും തോറും നെല്ലിൻ്റെ വിളവ് ഗണ്യമായി കുറയും. അരിയിലടങ്ങിയ ,പ്രത്യേകിച്ചും തവിടിൽ അടങ്ങിയഘന ലോഹങ്ങളെക്കുറിച്ചും വ്യാപകമായി ഉൽക്കണ്ഠയുണ്ട്.

ഈ ഒരു ഘട്ടത്തിൽ നമ്മൾ ചെയ്യേണ്ടതെന്താണ്?
നെല്ലിനു കൊടുക്കുന്ന അമിത പ്രാധാന്യം കുറയ്ക്കണം. ലാഭകരമായി കൃഷി ചെയ്യുന്ന കോൾ, കുട്ടനാട്, പാലക്കാട് തുടങ്ങിയ മേഖലകളിൽ കൂടുതൽ ശ്രദ്ധയും പരിഗണനയും നൽകണം. ചിര സ്ഥായി വിളകൾക്കും പച്ചക്കറികൾക്കുമൊപ്പം കിഴങ്ങുവർഗ്ഗവിളകൾക്കും പ്രാധാന്യം നൽകുന്ന പുരയിട കൃഷിയിൽ ശ്രദ്ധയൂന്നണം..

മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവ അന്നജത്തിൻ്റെ മികവുറ്റ സ്രോതസ്സുകളാണ്. പുഴുങ്ങിയും, അരച്ചും, പൊടിച്ചും, പുളിപ്പിച്ചും നാലു നേരം കഴിച്ചിരുന്ന അരി ഭക്ഷണത്തിൽ നിന്ന് മലയാളി മാറണം. അത് മലയാളിയുടെ ആരോഗ്യത്തിനും ഗുണമേ വരുത്തൂ. പകരം കിഴങ്ങുവർഗ്ഗവിളകളിൽ നിന്നും, ചക്കയിൽ നിന്നുമെല്ലാം ധാന്യമാവിനു സമാനമായ സ്റ്റാർച്ച് ഉണ്ടാക്കാനുള്ള സാങ്കേതിക വിദ്യകൾ പ്രചരിപ്പിക്കണം. ഇവ CTCRI ൽ ലഭ്യമാണെന്ന് അറിയുന്നു. വിദേശ നാടുകളിൽ ഇറച്ചിക്ക് ഇപ്പോൾ പകരക്കാരനാവുന്നത് ചക്കയാണെന്ന് വാർത്ത.

തണലിലും നന്നായി വളരുകയും വിളവു തരികയും ചെയ്യുന്ന കാച്ചിലും നനകിഴങ്ങുമെല്ലാം പണ്ട് നമ്മൾ കഴിച്ചതു പോലെ പുഴുങ്ങിത്തന്നെ കഴിക്കണമെന്നില്ലല്ലോ. വെള്ളം തീരെ കുറച്ചു മാത്രം ആവശ്യമുള്ള ചെറു ധാന്യങ്ങളായ റാഗി, തിന എല്ലാം എവിടെയും കൃഷി ചെയ്യാൻ കഴിയും. പക്ഷേ പ്രോസസിംഗ് കൂടുതൽ എളുപ്പമാകണമെന്നു മാത്രം. വിളവെടുത്തതിനു ശേഷമുള്ള നഷ്ടം പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും വളരെ അധികമാണ്.ഇത് തടയാനായി കോൾഡ് ചെയിൻ സിസ്റ്റം നിലവിൽ വരുത്തണം.

ഇനിയുള്ള നാളുകളിൽ ഭക്ഷ്യ സുരക്ഷ അതിപ്രധാനമാണ്.
വടക്കൻ സംസ്ഥാനങ്ങളിൽ വ്യാപിക്കുന്ന വെട്ടുക്കിളി ആക്രമണം വരുംകാലത്ത് വിളവിനെ ബാധിക്കുമോ എന്നും കണ്ടറിയണം. കൃത്യമായ ആസൂത്രണവുംപ്രവർത്തനവും വേണ്ട നാളുകളാണ് മുമ്പിൽ. ഭക്ഷ്യോൽപ്പാദനത്തിൽ കുറുക്കുവഴികളില്ല.

# രമ കെ നായർ


Also Read » എല്ലാ ഭക്ഷണവും എല്ലാവർക്കും ഒരുപോലെ നല്ലതല്ല. ഒരുപോലെ ചീത്തയും അല്ല.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 07:49:37 am | 26-05-2022 CEST