വാവ സുരേഷ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ വാർത്തകൾ വരുന്നു. ഏറെ സന്തോഷം.
തൻ്റെ അറിവും കഴിവും സമൂഹത്തിന് വേണ്ടി നിസ്വാർത്ഥമായി ഉപയോഗിക്കുന്ന ഒരാളാണ് വാവ സുരേഷ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് അപകടമുണ്ടായപ്പോൾ ഉടൻ അശ്രദ്ധമായി ചെയ്തതുകൊണ്ടാണ്, ഷോ കാണിക്കുന്നത് കൊണ്ടാണ് എന്നൊക്കെ പറഞ്ഞു പോസ്റ്റ് വന്നതിനെ ഞാൻ ഒട്ടും അനുകൂലിക്കുന്നില്ല. അക്കാര്യം പറഞ്ഞിരുന്നല്ലോ.
അതെ സമയം ശരിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പാമ്പ് പിടിത്തമല്ല മറ്റേതൊരു തൊഴിലും ചെയ്യുന്നതിനെ ഞാൻ അനുകൂലിക്കുന്നില്ല. വീട്ടിൽ ഒരു ബൾബ് മാറുന്നതുൾപ്പടെ ഏതൊരു ജോലിയിലും കുറച്ചൊക്കെ റിസ്ക് ഉണ്ട്, ചില ജോലികളിൽ റിസ്ക് കൂടുലതാണ്, തെങ്ങിൽ കയറുന്ന ജോലിയിൽ ഉള്ള റിസ്ക് അല്ല തെങ്ങിൻ തോട്ടിൽ തടം എടുക്കുന്നതിന് ഉള്ളത്. ഏതൊരു ജോലിയിലും ഉള്ള റിസ്ക് കുറക്കാൻ ഉള്ള രീതികൾ ഉണ്ട്. ജോലികൾ സുരക്ഷിതമാക്കുക, സുരക്ഷിതമായ രീതികൾ ആളുകളെ പറഞ്ഞു പഠിപ്പിക്കുക എന്നതൊക്കെയാണ് സുരക്ഷാ വിദഗ്ധന്റെ ജോലി.
ഒരു ഉദാഹരണം പറയാം. കേരളത്തിൽ ഓരോ വർഷവും പത്തിനും ഇരുപതിനും ഇടക്ക് ആളുകൾ വൈദ്യുതി ബോർഡിലെ ജോലിക്കിടക്ക് ഷോക്ക് ഏറ്റ് മരിക്കുന്നുണ്ട്. വൈദ്യുതിയുമായിട്ടുള്ള പണിയല്ലേ അപ്പോൾ അപകടം സ്വാഭാവികം അല്ലേ എന്നൊക്കെ തോന്നും. അല്ല. വൈദ്യുതിയുമായി ഉള്ള ജോലികൾ തികച്ചും സുരക്ഷിതമായി ചെയ്യാൻ ഇപ്പോൾ മാർഗ്ഗങ്ങൾ ഉണ്ട്. അത് കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് ഇത്തരം അപകട മരണങ്ങൾ ഉണ്ടാകുന്നത്. ശരിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ ജീവനക്കാരുടെ മരണം ഇരുപതിൽ നിന്നും രണ്ടിലേക്ക് കുറക്കാം.
പ്രധാനമായി പറഞ്ഞാൽ നാലു കാര്യങ്ങൾ ആണ് അപകട സാധ്യതൾ കൂട്ടുന്നത്. ഒന്ന് ലഭ്യമായ അറിവും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഏറ്റവും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കപ്പെടുന്നില്ല, രണ്ടാമത് തൊഴിൽ ചെയ്യുന്നവർക്ക് വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കപ്പെട്ടിട്ടില്ല, മൂന്നാമത് സുരക്ഷിതമായി തൊഴിൽ ചെയ്യുന്നതിനോ ശരിയായ, ശരിയായി, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിന് തൊഴിലാളികളെ പരിശീലിപ്പിച്ചിട്ടില്ല. നാലാമത്, സുരക്ഷിതമായി തൊഴിൽ ചെയ്യുന്നത് "ധൈര്യത്തിൻ്റെ" കുറവാണ് എന്ന് ചിന്തിക്കുന്ന ആളുകൾ ലോകത്തുണ്ട്. അവരെ പഠിപ്പിച്ചാലും കാര്യമില്ല, അപകടം ഒഴിവാക്കണമെങ്കിൽ ഇത്തരം ചിന്ത ഉള്ളവരെ തൊഴിലിൽ നിന്നും മാറ്റി നിർത്തുക മാത്രമേ മാർഗ്ഗമുള്ളൂ.
ഇത്തരം ആളുകൾ വൈദ്യുതി ബോർഡിൽ മാത്രമല്ല ഉള്ളത്. തൊള്ളായിരത്തി എഴുപതുകളിൽ, ഗാവസ്‌കർ ഒക്കെ ക്രിക്കറ്റിൽ കത്തി നിൽക്കുന്ന കാലത്ത് വലിയൊരു ഡിബേറ്റ് ക്രിക്കറ്റ് കളിക്കുമ്പോൾ ഹെൽമെറ്റ് വെക്കണോ എന്നതായിരുന്നു. മണിക്കൂറിൽ നൂറു കിലോമീറ്ററിനപ്പുറം വേഗതയിൽ വരുന്ന പന്തിനെ ഹെൽമെറ്റ് വെക്കാതെ നേരിടുന്നതാണ് ക്രിക്കറ്റിലെ "ധൈര്യം" എന്ന തെറ്റായ ബോധം അന്ന് കളിക്കാർക്ക് ഉണ്ടായിരുന്നു. ഹെൽമെറ്റ് വച്ച് കളിക്കുന്നത് കളിയെ ബാധിക്കും എന്നും ക്രിക്കറ്റിന്റെ ആകർഷകത്വം കുറയ്ക്കും എന്നൊക്കെ ആളുകൾ കരുതി. ഹെൽമെറ്റ് നിയമാനുസൃതം ആയപ്പോൾ പോലും അനവധി ആളുകൾ ഹെൽമെറ്റ് ഇല്ലാതെ ക്രിക്കറ്റ് കളിച്ചു. അങ്ങനെ എത്രയോ അപകടങ്ങൾ ഉണ്ടായി, ഇപ്പോൾ ഹെൽമെറ്റ് വക്കുന്നത് അധൈര്യമായി, അനാകര്ഷകമായി ആരും കരുതുന്നില്ല.
ഇതൊക്കെ പൊതുവെ ശരിയാണ്. പക്ഷെ ഇതൊക്കെ പാമ്പ് പിടിത്തം പോലുള്ള ഒരു കാര്യത്തിൽ ബാധകമാണോ, വിഷ സർപ്പങ്ങളെ കൈകാര്യം ചെയ്യുന്നത് ഏറെ റിസ്ക് ഉള്ള കാര്യമല്ലേ ?, അതിൽ റിസ്ക് ഇല്ലാതാക്കാൻ പറ്റുമോ ?
ഈ സംശയം മൃഗഡോക്ടർമാർ ഉൾപ്പടെ പലരും ഉന്നയിച്ചിരിക്കുന്നത് വായിച്ചു. അപ്പോൾ സാധാരണക്കാർക്ക് അങ്ങനെ തോന്നുന്നതിൽ അതിശയമില്ലല്ലോ.
റോക്കറ്റ് നിർമ്മാണമോ ബോംബ് ഡിസ്പോസലോ മാത്രമല്ല സുരക്ഷിതമാക്കാൻ പറ്റുന്നത്. തെങ്ങു കയറുന്നതും പാമ്പുപിടിക്കുന്നതും ഉൾപ്പടെയുള്ള ഏതൊരു തൊഴിലും പരമാവധി സുരക്ഷിതമാക്കാൻ പറ്റും. ഇത് ഞാൻ വെറുതെ പറയുന്നതല്ല. എൻ്റെ തൊഴിൽ ജീവിതത്തിൽ ചെയ്ത അനവധി തൊഴിലുകളിൽ ഒന്ന് പാമ്പ് പിടുത്തവും ആയി ബന്ധപ്പെട്ടതായിരുന്നു.
തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് മുതൽ നാലു വർഷം ഞാൻ ബോർണിയോ ദ്വീപിലെ ബ്രൂണൈ എന്ന രാജ്യത്ത് ഒരു ഓയിൽ കമ്പനിയുടെ പരിസ്ഥിതി വിഭാഗത്തിന്റെ തലവൻ ആയിരുന്നു. കമ്പനിയിൽ മൂവായിരത്തോളം ജോലിക്കാരുണ്ട്, അതിൽ പകുതിയും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അവരൊക്കെ കമ്പനിക്ക് ചുറ്റുമുള്ള കാമ്പസിൽ ആണ് താമസിക്കുന്നത്. ഈ കാമ്പസ് ബോർണിയോവിലെ വനഭൂമിക്കുള്ളിൽ ആണ്. കാമ്പസിലെ വീടുകൾ ഒറ്റക്കൊറ്റക്കുള്ളതാണ്, അതിനിടക്ക് തന്നെ കാടും തോടും ഒക്കെ ഉണ്ട്. മനോഹരമാണ്.
പക്ഷെ ഒരു കുഴപ്പമുണ്ട്. ഈ കാട്ടിൽ നിന്നും പാമ്പുകളും മോണിറ്റർ ലിസാർഡുകളും ഒക്കെ ഇടക്കിടക്ക് പുറത്തു വരും, വീടിൻ്റെ കാർ പോർച്ചിലോ, വീടിനകത്തോ, കാറിലോ ഒക്കെ എത്തും. എൻ്റെ വീട്ടിൽ ടോയ്‌ലറ്റിൽ ആണ് മൂർഖൻ എത്തിയത്.
ആയിരത്തിലധികം വീടുകൾ ഉള്ളതിനാൽ ദിവസവും ഒന്നോ രണ്ടോ വീടുകളിൽ ഇത്തരത്തിൽ പാമ്പുകൾ എത്തും. ഈ പാമ്പുകളെ പിടിച്ചു സുരക്ഷിതമായി വിടാൻ തന്നെ രണ്ട് തൊഴിലാളികൾ അവിടെ ഉണ്ട്. അവരുടെ ബോസ് ഞാൻ ആണ്.
ഞാൻ ആണെങ്കിൽ പാമ്പിനെ വളരെ പേടിയുള്ള ആളും, പാമ്പിനെ കണ്ടാൽ ഉടൻ തല്ലിക്കൊന്നു ശീലിച്ച ആളുമാണ്. പക്ഷെ ഈ പാമ്പ് പിടിത്തം തൊഴിൽ ആക്കിയവരുമായി തൊഴിൽ ചെയ്തപ്പോൾ ഞാൻ ഏറെ കാര്യങ്ങൾ മനസ്സിലാക്കി.
ഒന്നാമത് പാമ്പ് പിടിക്കുന്ന കാര്യത്തിൽ യാതൊരു മുൻ പരിചയമോ പ്രത്യേക താല്പര്യമോ ഉള്ളവരായിരുന്നില്ല ഈ ജോലി ചെയ്യുന്നത്
പാമ്പുകളെ സുരക്ഷിതമായി എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിനെ പറ്റി പ്രത്യേക പരിശീലനം ലഭിച്ചതിന് ശേഷമാണ് ഇവർ ഈ ജോലിക്ക് എത്തിയത്. ഈ പരിശീലനം ലഭിച്ചത് ആസ്‌ട്രേലിയയിൽ ആണ്.
വിവിധതരം പാമ്പുകൾ, അവയുടെ സ്വഭാവം, വിഷത്തിന്റെ രീതി, പാമ്പിനെ എങ്ങനെ കണ്ടു പിടിക്കാം, എങ്ങനെയാണ് വരുതിയിൽ ആക്കുന്നത്, പാമ്പിനെ പിടിച്ചാൽ പിന്നെ എന്ത് ചെയ്യണം, ഇതൊക്കെ പരിശീലനത്തിന്റെ ഭാഗമാണ്.
പാമ്പ് പിടിത്തത്തിനു വേണ്ട ഉപകരണങ്ങൾ, വേണ്ടി വരുന്ന വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഒക്കെ ഉപയോഗിക്കാൻ പഠിപ്പിക്കും, ആവശ്യത്തിന് നൽകും, അതില്ലെങ്കിൽ ആ ജോലിക്ക് പോകരുതെന്ന് ഉറപ്പായും നിർദ്ദേശിക്കും
പാമ്പ് പിടിക്കുന്ന ശ്രമത്തിനിടയിൽ തനിക്കോ മറ്റുള്ളവർക്കോ അപകടം ഉണ്ടായാലും അതെങ്ങനെ കൈകാര്യം ചെയ്യുമെന്നുള്ളതും പരിശീലനത്തിന്റെ ഭാഗമാണ്.
പുതിയതായി ഈ ജോലിക്ക് വരുന്നവരെ ആസ്‌ട്രേലിയയിൽ പരിശീലനത്തിന് അയക്കുന്നു, അവർ തിരിച്ചു വന്ന് സീനിയർ ആയവരുടെ കൂടെ ജോലി ചെയ്യുന്നു, പിന്നെ സ്വതന്ത്രമായി ജോലി ചെയ്യുന്നു. ദിവസം ഒന്നോ അതിൽ കൂടുതലോ ആയി നൂറു കണക്കിന് പാമ്പുകളെ പിടിക്കുന്നു, സുരക്ഷിതമായി അവയെ കാട്ടിലേക്ക് വിടുന്നു.
നാലു വർഷം ഞാൻ ഈ തൊഴിലാളികളെ സൂപ്പർവൈസ് ചെയ്തു. ഒരിക്കൽ പോലും അവർക്കോ പാമ്പിനോ അപകടം ഉണ്ടായില്ല. കടലിൽ ഡൈവിംഗ് ചെയ്യുന്നതും, ഓയിൽ സ്പിൽ മാനേജ് ചെയ്യുന്നതും ലാബിൽ ജോലി ചെയ്യുന്നതും ഉൾപ്പടെ അനവധി ആളുകൾ എന്റൊപ്പം ജോലി ചെയ്യുന്നുണ്ടായിരുന്നു. ആദ്യമൊക്കെ ഏറ്റവും റിസ്ക് ഉള്ള ജോലി പാമ്പ് പിടിത്തമാണ് എന്നാണ് ഞാൻ കരുതിയിരുന്നത്, പക്ഷെ കാലക്രമത്തിൽ തൊഴിലാളികളിൽ ഏറ്റവും അപകട സാധ്യതയുള്ളതാണ് പാമ്പ് പിടിക്കുന്നത് എന്നൊരു തോന്നൽ എനിക്കും അവർക്കും ഉണ്ടായില്ല. കേരളത്തിലെ റോഡിൽ ഡ്രൈവ് ചെയ്യുന്ന റിസ്ക് ഒന്നും പാമ്പ് പിടിക്കുന്നതിൽ ഇല്ല !
വാവ സുരേഷ് പാമ്പ് പിടിക്കുന്ന ആദ്യത്തെ വീഡിയോ ഞാൻ കണ്ടത് പത്തു വർഷം മുൻപാണ് എന്നാണ് എൻ്റെ ഓർമ്മ. അന്ന് തന്നെ ഇത് ഒട്ടും പ്രൊഫഷണലോ സുരക്ഷിതമോ അല്ല എന്ന് ഞാൻ പറഞ്ഞിരുന്നു. വേണമെങ്കിൽ അദ്ദേഹത്തിന് ആസ്‌ട്രേലിയയിൽ അയച്ച് വേണ്ടത്ര പരിശീലനം നൽകാം, ശരിയായ ഉപകരണങ്ങളും വ്യക്തി സുരക്ഷാ ഉപകരണങ്ങൾ വാങ്ങി നൽകാമെന്നും ഓഫർ വക്കുകയും ചെയ്തു.
ഇപ്പോൾ ഈ തരം പരിശീലനങ്ങളും ഉപകരണങ്ങളും ഇന്ത്യയിൽ തന്നെ ലഭ്യമാണ്. അപ്പോൾ പരിശീലനത്തിന്റെയോ ഉപകാരണങ്ങളുടെയോ അഭാവമല്ല പ്രശ്നം. അടിയിൽ വലയിട്ട് ട്രപ്പീസ് കളിക്കാമെങ്കിലും വലയിടാതെ ട്രപ്പീസ് കളിക്കുന്ന ത്രിൽ ചെയ്യുന്നവർക്കോ കണ്ടു നിൽക്കുന്നവർക്കോ ഇല്ല. ജീവൻ പണയം വച്ച് ട്രപ്പീസ് കളിക്കുന്നവർക്ക് കിട്ടുന്ന അനുമോദനങ്ങൾ വലയിട്ട് ചെയ്യുന്നവർക്ക് ഉണ്ടാകില്ല.
ട്രപ്പീസ് ആണെങ്കിലും പാമ്പ് പിടിക്കുന്നതാണെങ്കിലും കണ്ണ് കെട്ടി കത്തിയെറിയുന്നതാണെങ്കിലും ജീവൻ പണയം വച്ച് ഒരാൾ ചെയ്യുന്നു, അവർക്ക് അനുമോദനങ്ങൾ കിട്ടുന്നു. അത് കാണുന്ന മറ്റുള്ളവരും ജോലി സുരക്ഷിതമായി ചെയ്യാമെങ്കിലും ജീവൻ ജീവൻ പണയം വച്ചുള്ള രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നു. ഇതൊക്കെ ഇപ്പോൾ തന്നെ നാട്ടിൽ കാണുന്നുണ്ട്.
പക്ഷെ ജീവൻ പണയം വക്കുന്നത് മറ്റെന്തും പണയം വക്കുന്നത് പോലെ തന്നെയാണ്. സ്ഥിരമായി പണയം വച്ചാൽ ചിലർക്കെങ്കിലും പണയ വസ്തു തിരിച്ചെടുക്കാൻ സാധിക്കില്ല.
ശേഷം ചിന്ത്യം
മുരളി തുമ്മാരുകുടി
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി