പെട്ടിയിലെ ഷെർലോക്ക് ഹോംസ്... #വീണ്ടുംയാത്രചെയ്യുന്നകാലം

Avatar
മുരളി തുമ്മാരുകുടി | 11-10-2020 | 3 minutes Read

1997 ലാണ് ആദ്യമായി ലണ്ടനിൽ എത്തുന്നത്. അമ്മാനിൽ ഒരു പരിശീലനം കഴിഞ്ഞു വരുന്ന വഴി രണ്ടു ദിവസത്തേക്ക് ഇറങ്ങിയതാണ്.

യാത്രകൾ പരമാവധി ചിലവ് ചുരുക്കി ചെയ്യുന്ന കാലമാണ് അന്ന്, അതുകൊണ്ട് താമസിക്കാൻ തിരഞ്ഞെടുത്തത് അവിടുത്തെ ഒരു യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലാണ്. പല വിദേശരാജ്യങ്ങളിലും യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലുകളിൽ യാത്രക്കാർക്ക് താമസം സാധ്യമാണ്. യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലായതിനാൽ ആൺ - പെൺ വ്യത്യാസം പലയിടത്തും ഇല്ല, ബാത്ത് റൂം പോലും പൊതുവാണ്, രാവിലെ മെസ്സിൽ ബ്രേക്ക് ഫാസ്റ്റ് ഉണ്ട്. അന്ന് പതിനഞ്ച് പൗണ്ട് ആയിരുന്നു ചെലവ് എന്നാണ് ഓർമ്മ.

ഹോസ്റ്റലിൽ താമസിക്കുന്നത് കൊണ്ട് പണലാഭം മാത്രമല്ല, കുട്ടികളുമായി സംസാരിക്കാം, മറ്റു നാടുകളിൽ നിന്നും വരുന്നവരുമായി പരിചയപ്പെടാം. അന്നുണ്ടാക്കിയ പല സൗഹൃദങ്ങളും ഇന്നും ഞാൻ കൊണ്ട് നടക്കുന്നുണ്ട്.

എന്നാണ് നമ്മുടെ ഹോസ്റ്റലുകളിലെ ആൺ - പെൺ വേർതിരിവുകൾ ഇല്ലാതാകുന്നത്?, എന്നാണ് നമ്മുടെ യൂണിവേഴ്സിറ്റികളും കോളേജുകളും ഇത്തരത്തിൽ ഹോസ്റ്റൽ റൂമുകൾ സഞ്ചാരികൾക്ക് ലഭ്യമാക്കുന്നത്? എന്റെ സ്വപ്നത്തിലുള്ള കിനാശ്ശേരിയിൽ അതുമുണ്ട്.

എന്താണെങ്കിലും ഹീത്രോയിൽ വിമാനമിറങ്ങി, ഹോസ്റ്റലിൽ പോയി പെട്ടി അവിടെ വച്ചതിന് ശേഷം ആദ്യം ചെയ്തത് നന്പർ 221 ബി, ബേക്കർ സ്ട്രീറ്റ് കണ്ടുപിടിക്കാൻ പുറപ്പെടുകയാണ്.

ഷെർലോക്ക് ഹോംസ് ഫാൻസിന്റെ ആരാധനാ കേന്ദ്രമാണ് അദ്ദേഹം താമസിച്ചിരുന്നു എന്ന് ഹോംസ് കഥകളുടെ എഴുത്തുകാരൻ പറഞ്ഞു വെച്ച ഈ അഡ്രസ്സ്. കാലക്രമേണ എഴുത്തുകാരനെ ആളുകൾ മറന്നു, ഹോംസ് അമരനായി, അദ്ദേഹം ജീവിച്ചിരുന്നു എന്ന മട്ടിൽ ആളുകൾ പെരുമാറാൻ തുടങ്ങി. അദ്ദേഹത്തിന്റെ വീടന്വേഷിച്ച് ബേക്കർ സ്ട്രീറ്റിൽ വിദേശികൾ പോലും കറങ്ങി നടക്കാൻ തുടങ്ങി. ആരോ അതിലൊരു ബിസിനസ്സ് സാധ്യത കണ്ടു. ബേക്കർ സ്ട്രീറ്റിൽ പറ്റിയ ഒരു വീട് കണ്ടുപിടിച്ചു. ആ വീട് എഴുത്തുകാരൻ പറഞ്ഞിരുന്നതു പോലെ ഫർണിഷ് ചെയ്തു, ഹോംസ് ഉപയോഗിച്ചിരുന്നു എന്ന് പറഞ്ഞതു പോലെയുള്ള വസ്തുക്കൾ അതിനകത്ത് കൊണ്ടുവെച്ചു. ഇപ്പോൾ അത് വർഷത്തിൽ ഒരു ലക്ഷത്തോളം ആളുകൾ വരുന്ന മ്യൂസിയമാണ്.
ഇതൊക്കെ ഞാൻ ഇപ്പോൾ പറയാൻ കാരണം കഴിഞ്ഞ ആഴ്ച ഞാൻ വീണ്ടും ഒരു ഷെർലോക്ക് ഹോംസ് മ്യൂസിയത്തിൽ പോയി. അത് പക്ഷെ ലണ്ടനിൽ അല്ല.

sherlakhomes in a box

ഈ കൊടുത്തിരിക്കുന്ന ചിത്രം ഹോംസിന്റെ മുറിയാണ്.

ഈ ലോക്ക് ഡൌൺ തുടങ്ങിയതിനു ശേഷം ആഴ്ചയിൽ ഒരിക്കൽ വണ്ടിയുമെടുത്ത് ഒരു ലക്ഷ്യവുമില്ലാതെ കറങ്ങുക എന്നത് ശീലമാക്കിയിട്ടുണ്ട്. താരതമ്യേന ചെറിയ സ്ഥലമാണ് സ്വിറ്റ്സർലാൻഡ്, എന്റെ വീട്ടിൽ നിന്നും നിന്നും കിഴക്കോട്ടോ പടിഞ്ഞാട്ടോ തെക്കോട്ടോ പതിനഞ്ചു മിനുട്ട് വണ്ടിയോടിച്ചാൽ നമ്മൾ അറിയാതെ തന്നെ ഫ്രാൻസിൽ എത്തും. അതുകൊണ്ട് കൊറോണക്ക് മുൻപ് എവിടെയും സുഖമായി പോകാമായിരുന്നു, വിസയും പാസ്സ്പോർട്ടും ഒന്നും വേണ്ട.

പക്ഷെ കൊറോണ യൂറോപ്പിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഫ്രാൻസിൽ പോയാൽ അവിടെ ചിലപ്പോൾ ക്വാറന്റൈനിൽ പെടും, അല്ലെങ്കിൽ തിരിച്ചു വന്നാൽ ജനീവയിൽ ക്വാറന്റൈനിൽ പെടും. അതുകൊണ്ട് യാത്ര സ്വിസ്സിൽ മാത്രമാണ്. വണ്ടിയെടുത്ത് നേരെ വടക്കോട്ട് യാത്ര തുടങ്ങും. നൂറു കിലോമീറ്റർ കഴിഞ്ഞാൽ ഹൈവേയിൽ നിന്നുള്ള എക്സിറ്റ് എടുക്കും, പിന്നെ കൂടുതൽ കൂടുതൽ ഉള്ളിലെ ഗ്രാമങ്ങളിലേക്ക് വണ്ടിയോടിക്കും.

വഴിയിൽ ഒട്ടും തിരക്കില്ല. വയലും, കാടും, പശുവും, കുതിരയും എല്ലാമായി അങ്ങനെ. എവിടെയെങ്കിലും വണ്ടി നിർത്തും, ചിലപ്പോൾ ചായ കുടിക്കും. ചിലപ്പോൾ നദിയുടെ തീരത്ത്, ചിലപ്പോൾ മലയുടെ അടിവാരത്ത് അങ്ങനെ അങ്ങനെ. ഈ കൊറോണക്കാലത്ത് നമ്മൾ എല്ലാവരും വെറുതെയെങ്കിലും വീടിന് പുറത്തിറങ്ങണമെന്ന് ഞാൻ പറയാറില്ലേ, അത് തന്നെ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അങ്ങനെ യാത്ര ചെയ്യുന്പോളാണ് ഒരിടത്ത് അപ്രതീക്ഷിതമായി "ഷെർലോക്ക് ഹോംസ് മ്യൂസിയം" എന്ന് കണ്ണിൽ പെട്ടത്. എനിക്ക് വലിയ അതിശയമായി. ഷെർലോക്ക് ഹോംസിന്റെ കട്ട ഫാൻ ആയതിനാൽ അദ്ദേഹം എവിടെയൊക്കെ പോയിട്ടുണ്ട്, താമസിച്ചിട്ടുണ്ട് എന്നൊക്കെ എനിക്കറിയാം. പക്ഷെ അവിടെയൊന്നും ഈ ഗ്രാമത്തിന്റെ (ലുസെൻസ്) പേരില്ല.

ഷെർലോക്ക് ഹോംസിന്റെ ജീവിതത്തിലെ നിർണ്ണായകമായ ഒരു രംഗം സ്വിറ്റ്‌സർലണ്ടിലാണ് ഉണ്ടായതെന്ന് എല്ലാ ഹോംസ് ഫാൻസിനും അറിയാം. അദ്ദേഹത്തിന്റെ ബദ്ധ ശത്രുവായ പ്രൊഫസർ മോറിയാർട്ടിയുമായി അദ്ദേഹം അടികൂടി രണ്ടുംകൂടി താഴേക്ക് വീണു മരിച്ചത് ഇവിടുത്തെ രേഹൻബാഖ് വെള്ളച്ചാട്ടത്തിലാണ്.
(കഥാകൃത്ത് അദ്ദേഹത്തെ കൊന്നത് ആരാധകർക്ക് ഇഷ്ടപ്പെട്ടില്ല, അവർ ഒച്ചപ്പാടുണ്ടാക്കി അവസാനം ഹോംസിനെ പുനരുജ്ജീവിപ്പിച്ച് തിരിച്ചു കൊണ്ടുവന്നു !)

അത് പക്ഷെ ലുസെൻസിന്റെ അടുത്തൊന്നുമല്ല. പിന്നെന്താണ് ഇവിടെ?

എന്തായാലും ഞാൻ അവിടേക്ക് വണ്ടിയോടിച്ചു.

ലണ്ടനിലെ ഹോംസ് മ്യൂസിയത്തിലും വലുതാണ് ഈ മ്യൂസിയം. ഇവിടെയും ഹോംസിന്റെ മുറിയും വസ്തുക്കളും ഒരുക്കിവെച്ചിട്ടുണ്ട്. പക്ഷെ അധികം ആർക്കും അറിയില്ലാത്തതിനാൽ വിസിറ്റേഴ്സ് തീരെ ഇല്ല. സാധാരണ ദിവസങ്ങളിൽ മ്യൂസിയം അടവാണ്, മുൻ‌കൂർ വിളിച്ചു പറഞ്ഞു നാല്പത് ഫ്രാങ്ക് കൊടുത്താൽ തുറന്നു കാണിക്കും, ഇല്ലെങ്കിൽ ശനിയും ഞായറും മാത്രം. അതും ഉച്ചക്ക് രണ്ടു മണി മുതൽ അഞ്ചു മണി വരെ മാത്രം.

എങ്ങനെയാണ് ഈ ഹോംസ് മ്യൂസിയം ലുസെൻസ് എന്ന ചെറു ഗ്രാമത്തിൽ എത്തിയത്?

ഹോംസിന്റെ സ്രഷ്ടാവായ ആർതർ കൊനാൻഡോയലിന്റെ മകൻ ഈ ഗ്രാമത്തിലാണ് ജീവിച്ചത്. അദ്ദേഹമാണ് ഈ മ്യൂസിയം ഉണ്ടാക്കിയത്.

പക്ഷെ ഇത് അവിടെ ഒരുക്കിവെച്ചിരിക്കുന്ന ഒരു ചെറിയ പെട്ടിക്കുള്ളിലുള്ള മിനിയേച്ചർ രൂപമാണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വിശ്വസിക്കണം. വെറും രണ്ടടി നീളവും ഒരടി പൊക്കവും ഉള്ള ഒരു പെട്ടിക്കകത്താണ് ഇത്രമാത്രം കൃത്യമായി അവർ ഈ വസ്തുക്കൾ ഉണ്ടാക്കിവെച്ചിട്ടുള്ളത് (ഇതല്ല പ്രധാന മ്യൂസിയം).
ഹോംസ് ഫാൻസ്‌ ഉണ്ടെങ്കിൽ പോയി കാണാവുന്നതാണ്, ഇനി ജനീവയിൽ വരുന്ന ഹോംസ് ഫാൻസിനെ ഞാൻ കൊണ്ടുപോയി കാണിക്കുന്നതും ആണ്.

#വീണ്ടുംയാത്രചെയ്യുന്നകാലം

#മുരളി തുമ്മാരുകുടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 02:14:29 am | 25-06-2024 CEST