🌾അരി എന്ന വൻമരം വീഴുമ്പോൾ
പണ്ട് അച്ഛമ്മയോടൊപ്പം നടക്കാനിറങ്ങുമ്പോൾ, വഴിയരികിലെ പൊന്നാരൻ തകരയും, തഴുതാമയും, അച്ഛമ്മയുടെ മെലിഞ്ഞുണങ്ങിയ കൈ കൊണ്ട് പൊട്ടിച്ച് ഞങ്ങളുടെ കുഞ്ഞുകൈകളിൽ തന്ന്,‘ഇതെല്ലമായിരുന്നു മക്കളെ ഒരു കാലത്ത് കഴിച്ചിരുന്നത്’ എന്ന് പറയുമ്പോൾ ആ കണ്ണുകൾ തിളങ്ങുമായിരുന്നു. ഒരു പക്ഷെ ഓർമ്മകളുടെ കണ്ണിർ പടർന്നിട്ടായിരിക്കണം. പക്ഷെ ഞങ്ങൾ കുട്ടികൾക്കവ വെറും കാട്ടുചെടികൾ മാത്രമായിരുന്നു അന്ന്. പിന്നീട് പാഠപുസ്തകങ്ങളിൽ 1967-68 ലെ ഭക്ഷ്യക്ഷാമത്തെ കുറിച്ച് പഠിക്കുമ്പോൾ അച്ഛമ്മയുടെ മുഖമായിരുന്നു ഓർമ്മയിൽ.
ചക്കയും, കപ്പയും, കറുമുസയും (പപ്പായ), തകരയുമെല്ലാം പുഴുങ്ങി വെറും ഉപ്പും കാന്താരിയും ചേർത്തു കഴിച്ച്, കാട്ടുപന്നിയോടും ആനയോടും യുദ്ധം ചെയ്ത്, ഏറുമാടത്തിൽ കിടന്നുറങ്ങി നെൽകൃഷി ചെയ്ത അച്ഛൻ, ഞങ്ങൾ ഭക്ഷണം ബാക്കിവയ്ക്കുമ്പോൾ അമ്മയോട് സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ട്. അന്ന് അറിയില്ലായിരുന്നു അരിയുടെ വില. അച്ഛൻ്റെ വിയർപ്പിൻ്റെയും….
അരിയിലെഴുതി, അരിയുണ്ട്, അരിക്കുട്ടനായിട്ടാണ് മലയാളി വളർന്നുവന്നത്. കരിച്ചതും പൊരിച്ചതും, പിന്നെ മുളകിട്ട ഒരു മീൻകറിയും കൂടെയുണ്ടെങ്കിൽ മലയാളി ഒരു പറ ചോറുണ്ണാൻ റെഡി.
ഒരു ദിവസത്തേക്ക് സ്ത്രീകൾക്ക് 2000 കലോറിയും, പുരുഷന്മാർക്ക് 2,500 കലോറിയും മതി എന്നാണ് കണക്ക്. ഒരു പാലപ്പത്തിൽ 340 കലോറിയുണ്ട്. 4 പാലപ്പവും ഒരു കറിയും ആയാൽ 1600 കലോറി രാവിലെ തന്നെ റെഡി, പിന്നെ ഉച്ചയ്ക്ക്, വൈകിട്ട്, രാത്രി, പോരേ പൂരം. കൂടുതൽ ശാരീരികാധ്വാനം വേണ്ട ജോലികൾ ചെയ്യുന്നവർക്ക് അരി ഒരു നല്ല ഭക്ഷണം തന്നെയാണ്. പക്ഷെ നമ്മുടെ മാറിയ ജോലി സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ശരീരത്തിൽ അധികം എത്തുന്ന കലോറി കുഴപ്പക്കാരനാണ്. അതുകൊണ്ടുതന്നെയാണ് പ്രമേഹത്തിൻ്റെ കണക്കുകളിൽ കേരളം ഒന്നാം സ്ഥാനത്ത് ഇരിക്കുന്നത് എന്നത് ഇരിപ്പുവശം. ഇനി കിടപ്പുവശം നോക്കാം.
IRRI ലെ സീനിയർ വാട്ടർ സയൻറ്റിസ്റ്റും വകുപ്പു മേധാവിയുമായ Dr. Boumanൻ്റെ കണക്കനുസരിച്ച് ഒരു കിലോ അരി ഉല്പാദിപ്പിക്കാൻ 2500 ലിറ്റർ ശുദ്ധജലം വേണം. കേരളത്തിലെ സവിശേഷമായ ഭൂപ്രകൃതി കാരണം എല്ലായിടത്തും നെൽകൃഷി സാധ്യമല്ല എന്നാണ് പറഞ്ഞുവരുന്നത്. കുട്ടനാട് പോലെ ജലലഭ്യത ധാരാളമുള്ള താഴ്ന്ന പ്രദേശങ്ങൾ നെൽ കൃഷിക്ക് പറ്റിയ ഇടങ്ങളാണ്. പക്ഷെ, മൂന്നു ലക്ഷം ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത് എന്ത് പഠനത്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നു മാത്രം മനസ്സിലാകുന്നില്ല. ആഗോളതലത്തിൽ ശുദ്ധജലത്തിൻ്റെ 70% കൃഷിക്കായി ഉപയോഗിക്കുന്നു എന്നാണ് വേൾഡ് ബാങ്കിൻ്റെ കണക്ക്.
കേരളത്തിൻ്റെ മുഖ്യ ഭക്ഷ്യവിളയാണ് നെല്ല്. 1980 ല്‍ 8 ലക്ഷം ഹെക്ടറായിരുന്ന നെല്‍ വയലുകളുടെ വിസ്തീര്‍ണ്ണം 2015 ആയപ്പോള്‍ 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങുകയും 1980-ല്‍ 12.9 ലക്ഷം മെട്രിക് ടണ്ണായിരുന്ന നെല്ലുല്പാദനം 2016 ല്‍ 4.37 ലക്ഷം മെട്രിക് ടണ്ണായി കുറയുകയും ചെയ്തു.
സപ്ലൈകോ നെല്ല് സംഭരിക്കുമ്പോൾ കർഷകന് കിട്ടുന്ന 26 രൂപ 30 പൈസയിൽ 17.50 കേന്ദ്രവും 8.80 സംസ്ഥാനവും നൽകുന്നു എന്നതാണ് കണക്ക്. സർക്കാർ സബ്സിഡി കൊണ്ട് മാത്രം മുന്നോട്ട് പോകേണ്ട ഒന്നാണോ നെൽക്കൃഷി എന്ന ചോദ്യം ഇടയ്ക്കിടെ കേൾക്കുന്ന ഒന്നാണ്. ഭക്ഷ്യസുരക്ഷ ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്തിന് പരമപ്രധാനമാണ്. അതിനുതകുന്ന നയങ്ങൾ ആവിഷ്‌കരിച്ച് നടപ്പാക്കുക തന്നെ വേണം. അതിനു സബ്സിഡി കൂടിയേതീരൂ.
ഇതോടൊപ്പം ചേർത്തു വായിക്കേണ്ട ഒന്നുണ്ട്. ലോക മാർക്കറ്റിൽ അരി കയറ്റുമതി കണക്കിൽ ഒന്നാമനായ ഇന്ത്യ 400 ഡോളറിന് അരി വിൽക്കുമ്പോൾ ചൈന വിൽക്കുന്നത് 300 ഡോളറിന്നാണ്. അതായത് ചൈനയുടെ വെള്ള അരി നാളെ നമ്മുടെ മാർക്കറ്റിൽ എത്തിയാൽ അത്ഭുതപ്പെടേണ്ട! (അയ്യോ….പ്ലാസ്റ്റിക് അരി! 😳 ആ നിലവിളി ശബ്ദമിടൂ…..🚨🚨🚨)
നാൾക്കു നാൾ കേരളത്തിലെ ചില പ്രദേശങ്ങളിൽ കുഴൽ കിണറുകളുടെ ആഴം കൂടി വരികയാണ്. നമ്മുടെ സവിശേഷമായ ഭൂപ്രകൃതി കണക്കിലെടുത്ത് ഭൂഗർഭ ജലസമ്പത്തിൻ്റെ അളവിനെ നെൽകൃഷി എത്രമാത്രം ബാധിക്കുന്നുണ്ട് എന്ന് പഠനങ്ങൾ നടത്തേണ്ടതാണ്. നമുക്ക് അരി എത്തിച്ചു തരുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ ജല ദൗർലഭ്യത മൂലം നെൽ കൃഷി ഉപേക്ഷിച്ചുതുടങ്ങി എന്ന യാഥാർത്ഥ്യം ഗൗരവമായി കണ്ടേ മതിയാവൂ.
ലോകത്തിലെ പകുതിയിലധികം ആളുകൾക്കും പോഷകസമൃദ്ധമായ പ്രധാന ഭക്ഷണമാണ് അരി. പക്ഷേ നെൽകൃഷി, കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 30 ഇരട്ടി ശക്തിയുള്ള ഹരിതഗൃഹ വാതകമായ മീഥെയ്ൻ ഉത്പാദിപ്പിക്കുന്നുണ്ട്. എങ്ങിനെ എന്നല്ലേ?. മനുഷ്യ നിർമ്മിത മീഥേൻ ഉറവിടങ്ങളിൽ ഒന്ന് നെൽപ്പാടങ്ങളാണ്. വെള്ളംകെട്ടിക്കിടക്കുന്ന നെൽപ്പാടങ്ങളിൽ ഓക്സിജൻ ഇല്ലാത്ത അവസ്ഥയിൽ അണുജീവികൾ ജൈവ അവശിഷ്ടങ്ങളിൽ പ്രവർത്തിക്കുകയും മീഥേൻ ഉണ്ടാവുകയും ചെയ്യും. ആഗോള ഹരിതഗൃഹ വാതക ഉദ്വമനത്തിൻ്റെ (GHG emissions) 1.5 ശതമാനവും അരിയിൽ നിന്നുള്ള മീഥെയ്ൻ ആണെന്നാണ് കണക്കുകൾ. ഇതു കാണാതെ, അല്ലെങ്കിൽ കണ്ടില്ലെന്നു നടിച്ച്, നമ്മൾ കാർബൺ ഡയോക്സൈഡിനെയാണ് വില്ലൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചിട്ടുള്ളത്. യഥാർത്ഥ വില്ലൻ അരിയാണ്.
സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്, നെൽകൃഷി കേരളത്തിൽ ജലലഭ്യതയുള്ള ഇടങ്ങളിൽ മാത്രമായി ചുരുക്കുക എന്നതാണ്. മറ്റിടങ്ങളിൽ ജലം കൂടുതൽ വേണ്ടാത്ത മില്ലറ്റുകൾ കൃഷി ചെയ്യട്ടെ. റാഗിയും ചോളവും നമ്മുടെ കുട്ടികൾ കഴിച്ചു ശീലിക്കട്ടെ! മൂന്നിരട്ടി വിളവ് തരുന്ന സുമോ കപ്പ, ഗജരാജചേന, ശ്രീശുഭ കാച്ചിൽ, എന്നിങ്ങനെയുള്ള വിവിധ കിഴങ്ങ് വർഗ്ഗങ്ങൾ മലയാളി കൃഷി ചെയ്തു തുടങ്ങട്ടെ.
കാരണം ഭക്ഷ്യക്ഷാമം എന്നത് ഒരു യാഥാർത്ഥ്യമാണ്. പട്ടിണി നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട്. ഒരു കൈയകലത്തിൽ… കൂടാതെ തിരശ്ശീലയ്ക്ക് പുറത്തുനിൽക്കുന്ന ഗ്ലോബൽ വാമിംഗ് നമ്മുടെ പാദാരവിന്ദങ്ങളിൽ ചുടുചുംബനം അർപ്പിക്കാൻ കാത്തിരിക്കുകയാണ്….
തുടരും…
ഭക്ഷണത്തിൻ്റെ ഭാവി. വനവൽക്കരണത്തിൻ്റെ മറുപുറം.
# ജഗദീഷ് വില്ലോടി.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
A digital artist and visualiser by profession. » Website / » Facebook