വരാനിരിക്കുന്ന നാളുകൾ പ്രാണി ഭക്ഷണത്തിന്റേതാണ് - ഭക്ഷണത്തിന്റെ ഭാവി PART 7

Avatar
Jagadheesh Villodi | 28-05-2020 | 4 minutes Read

“താപസശ്രേഷ്ഠനും ത്യാഗിവര്യനും വീഞ്ഞോ ലഹരിപാനീയങ്ങളോ ഉപയോഗിക്കാത്തവനും പരിശുദ്ധാരൂപിയാല്‍ നിറഞ്ഞവനുമായ വിശുദ്ധ സ്‌നാപകയോഹന്നാൻ്റെ ഭക്ഷണം കാട്ടുതേനും വെട്ടുകിളിയുമായിരുന്നു.” എന്നാണ് ബൈബിൾ പറയുന്നത് ഇസ്ലാമിക വിധി പ്രകാരവും വെട്ടുകിളി നജസ്സ് (ritually unclean) അല്ല. ഹലാൽ ആണെന്ന് ചുരുക്കം. എന്താണിപ്പോൾ ഈ ദിവ്യ വചനങ്ങളൊക്കെ എന്നല്ലേ?

സംഗതി വിറ്റാമിനും പ്രോട്ടീനും വെച്ചുള്ള കളിയാണ്. 🐌 🐜 🕷 🦂 🦐 🦀

ചെറുപ്പത്തിൽ ചീവീടുമായി (“ശ്ശെടാ… നമ്മുടെ അണ്ടിക്കീരിയെ കുറിച്ചല്ലേ ഇയാളീപ്പറയുന്നത്” എന്ന് വയനാട്ടുകാർ) ഞങ്ങൾക്ക് സവിശേഷ ബന്ധമുണ്ടായിരുന്നു. വൈകുന്നേരങ്ങളിൽ ഞാനും അനിയനും ഒഴിഞ്ഞ തീപ്പെട്ടി കൂടുമായി ഇറങ്ങും. വീടിനു ചുറ്റുമുള്ള ഏതെങ്കിലും തെങ്ങിലോ, പ്ലാവിലോ ഒട്ടിയിരുന്ന് മച്ചമ്പി സിംഫണി നടത്തുന്നുണ്ടാകും. മെല്ലെ പാത്തും പതുങ്ങിയും ഓർക്കസ്ട്രാ ലീഡറെ ഞങ്ങൾ അങ്ങ് പൊക്കും. പിന്നെ പതുക്കെ തീപ്പെട്ടിക്കൂടിനകത്താക്കി വീട്ടിലെത്തിക്കും. ഞങ്ങളുടെ ജീവനുള്ള റേഡിയോകൾ. കലാപരിപാടി തുടങ്ങാനായി തീപ്പെട്ടി കുറച്ചു തുറന്നു പുറത്തേക്കുള്ള വഴി കാണിച്ച് ഒന്ന് പ്രലോഭിപ്പിക്കും. റേഡിയോ ഓൺ ആയില്ലെങ്കിൽ, തീപ്പെട്ടി കമ്പിൻ്റെ ആൻ്റിന ഒന്ന് തിരിക്കും. അതോടെ ആശാൻ കച്ചേരി തുടങ്ങും.

അക്കാലത്ത് താമസിച്ചിരുന്നത് ഒറ്റമുറിയുള്ള പുല്ലുമേഞ്ഞ വീട്ടിലായിരുന്നു. അടുക്കളയോട് ചേർന്ന് ചാണകവും ബാറ്ററികരിയും ചേർത്ത് മിനുക്കി തേച്ച് നിലത്തെ എട്ടര അഴകുള്ള കറുപ്പ് ടൗസറിൽ പറ്റാതെ ചാക്ക് വിരിച്ച് പഠിക്കാൻ എന്ന വ്യാജേന ഇരിക്കുന്ന ഞങ്ങൾ മണ്ണെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ ജീവനുള്ള റേഡിയോ ടൗസറിന്റെ പോക്കറ്റിൽനിന്ന്പുറത്തെടുക്കും. ചില ദിവസങ്ങളിൽ നാലും അഞ്ചും റേഡിയോകൾ ഉണ്ടാകും ഞങ്ങളുടെ കയ്യിൽ. തൊട്ടപ്പുറത്ത് അടുക്കളയിൽ പുകയോടും പൂച്ചയോടും മല്ലയുദ്ധം ചെയ്യുന്ന അമ്മ കച്ചേരി ഉച്ചസ്ഥായിയിൽ എത്തുന്നതോടെ ഞങ്ങളെ പിടികൂടും. പിന്നെ ഞങ്ങളുടെ റേഡിയോ സ്റ്റേഷൻ ഒന്നൊന്നായി അടുക്കളയുടെ വാതിൽ വഴി പുറത്തേക്ക് പറക്കും. അസാമാന്യ ലുക്കുള്ള അമ്മയുടെ സ്വന്തം പുള്ളികോഴി, അടുത്ത വീട്ടിലെ കദീജതാത്തയുടെ -ഞങ്ങളെ സ്കൂൾ വിട്ടു വരുമ്പോൾ ഓടിച്ചിട്ട് കൊത്തുന്ന- കറമ്പൻ കോഴിയുമായിട്ടുള്ള വഴിവിട്ട ബന്ധത്തിൽ ഉണ്ടായ പുള്ളിയില്ലാത്ത കുഞ്ഞുങ്ങളുമായി, നിലാവത്ത് വായും പൊളിച്ച് നിൽപ്പുണ്ടാവും. തീപ്പെട്ടി കൂടുകൾ കൊത്തിപ്പൊളിച്ചു, ചീവീടിനെ കുഞ്ഞുങ്ങൾക്കായി കൊത്തിയെടുക്കുന്ന പുള്ളിക്കോഴിയെ നോക്കി എന്തോ പോയ അണ്ണാന്മാരെപ്പോലെ നെടുവീപ്പിടുമ്പോൾ, അമ്മയുടെ വലതുകൈയ്യിൽ അടുപ്പിൽ പുക ഊതുന്ന ഓടക്കുഴലോ ചട്ടുകമോ ഉയരുന്നത് കാണാം, ആ സന്നിഗ്ദ്ധ ഘട്ടത്തിൽ ഞങ്ങൾ രണ്ടുപേരും രണ്ടു വഴിക്ക് നൈസായി സ്കൂട്ട് ആയിട്ടുണ്ടാവും .

പക്ഷേ അക്കാലത്തൊന്നും ചീവീടിനെ മൊരിച്ച് കഴിക്കാമെന്ന് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ പൊളിച്ചേനെ!

ഇനി കാര്യത്തിലേക്ക് വരാം.

പ്രാണികളെയും പുഴുക്കളെയും ഭക്ഷിക്കുന്ന സമ്പ്രദായത്തിൻ്റെ പേരാണ് എൻ്റൊമോഫജി (Entomophagy).

worm burger

ലോകത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഭക്ഷണത്തിനായി പ്രാണികളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗവേഷണം ചെയ്യാനായി പ്രത്യേക ഗവേഷണ വിഭാഗങ്ങൾ തന്നെയുണ്ട്

ഒരു ഗ്രാം പ്രോട്ടീൻ ഉൽപ്പാദിപ്പിക്കുന്നതിന് എത്രമാത്രം ഭക്ഷണം വേണം എന്നുള്ള ഗവേഷണത്തിൽ, ഇക്കാര്യത്തിൽ പ്രാണികൾക്ക് കോഴികളേക്കാൾ ഇരട്ടി കാര്യക്ഷമതയും, പശുക്കളെക്കാൾ ആറിരട്ടിയിലധികം കാര്യക്ഷമതയുമുണ്ടെന്നാണ് കണ്ടെത്തിയത്.. ഇതിൻ്റെ ഒരു കാരണം, പ്രാണികൾ തണുത്ത രക്തമുള്ളവരായതുകൊണ്ട്, ശരീരോഷ്മാവ് നിലനിർത്താൻ ഭക്ഷണം കഴിക്കേണ്ടതില്ല എന്നതാണ്. ഒരു കിലോ മാംസം ഉൽപ്പാദിപ്പിക്കാൻ കന്നുകാലികൾക്ക് 8 കിലോ തീറ്റ ആവശ്യമുണ്ട്. പക്ഷെ പ്രാണികൾക്ക് വെറും രണ്ട് കിലോ തീറ്റ മതി!

ലോകത്തെ ഏറ്റവും സുസ്ഥിരമായ (sustainable) ഭക്ഷണമാണ് പ്രാണികൾ.ഇതുകൊണ്ടാണ് ബർഗറിൽ പ്രാണികളെ പരീക്ഷിക്കാൻ യുഎൻ ആവശ്യപ്പെട്ടത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

100 ഗ്രാം ബീഫിൽ 29 ഗ്രാം പ്രോട്ടീനും, 21 ഗ്രാം കൊഴുപ്പും ആണ് അടങ്ങിയിരിക്കുന്നത്. അതേസമയം, 100 ഗ്രാം പുൽച്ചാടിയിൽ 20 ഗ്രാം പ്രോട്ടീൻ ഉണ്ട്. കൊഴുപ്പ് 6 ഗ്രാമേയുള്ളൂ. പ്രോട്ടീന്‍ സമ്പുഷ്ടമാണ് പ്രാണികളുടെ മാംസം. കൊഴുപ്പിൻ്റെ അളവ് വളരെ കുറവും, മനുഷ്യശരീരത്തിന് ആവശ്യമായ അമിനോ അമ്‌ളങ്ങളുടെ (amino acids) തോത് കൂടുതലുമാണ്.

പല രാജ്യങ്ങളിലും വെട്ടുകിളികൾ ഭക്ഷ്യ വിഭവമാണ്. പണ്ടു തൊട്ടേ അറബികളുടെ ഇഷ്ടഭക്ഷണമാണ് ജറാദ് (വെട്ടുകിളികൾ). സീസണിൽ വെട്ടുകിളികളെ ശേഖരിച്ച് എണ്ണയിൽ മൊരിച്ചെടുത്ത് കഴിക്കുക എന്നത് അവർക്ക് ഏറെ പ്രിയപ്പെട്ടതാണ്. രുചിയിൽ വെട്ടുകിളികൾ ചെമ്മീനെ വെല്ലും എന്നാണ് പറയപ്പെടുന്നത്.

തെക്കുകിഴക്കൻ ഏഷ്യയിൽ, ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ഭക്ഷണത്തിൻ്റെ ഒരു പ്രധാന ഭാഗമാണ് പ്രാണികൾ. റോഡരികിലെ കച്ചവടക്കാരും, സ്മാർട്ട് റെസ്റ്റോറന്റുകളും; ചിവീടുകൾ, കൂറകൾ, പുൽച്ചാടികൾ, പുഴുക്കൾ എന്നിവയെ വിൽക്കുന്നു. അതിനായി അവയെ വാണിജ്യാടിസ്ഥാനത്തിൽത്തന്നെ ഉൽപാദിപ്പിക്കുകയും ചെയ്യുന്നു.

മെക്സിക്കോ, ബ്രസീൽ, ഘാന, തായ്ലൻഡ്, ചൈന, നെതർലാൻഡ്‌സ് എന്നിവയാണ് ഇന്ന് ഏറ്റവും വ്യാപകമായി കീടങ്ങളെ ഭക്ഷിക്കുന്ന രാജ്യങ്ങൾ. പ്രാണി ഉപഭോഗം ഏറ്റവും പ്രചാരമുള്ള രാജ്യമാണ് മെക്സിക്കോ. മിഠായി പൊതിഞ്ഞ പുഴുക്കൾ, ചോക്ലേറ്റ് പൊതിഞ്ഞ വെട്ടുക്കിളി, വെണ്ണയിൽ മുക്കിയ ഉറുമ്പ് മുട്ട എന്നിവ പോലുള്ള നിരവധി മെക്സിക്കൻ വിഭവങ്ങൾ നിങ്ങൾക്ക് കാണാം. ഭാവിയിൽ നമ്മൾ അഭിമുഖീകരിക്കാൻ പോകുന്ന ഭക്ഷ്യ ദൗർലഭ്യത്തിന് ഒരു പരിഹാരം എന്ന നിലയിലാണ് ലോകം പ്രാണികളെയും പുഴുക്കളെയും കാണുന്നത്.

നെതർലാൻഡ്സ്സിലെ വാഗെനിൻ‌ഗെൻ സർവകലാശാല (Wageningen University) 2,111 ഭക്ഷ്യയോഗ്യമായ പ്രാണികളുടെ പട്ടിക തന്നെ സൂക്ഷിക്കുന്നുണ്ട്. വണ്ടുകൾ, കാറ്റർപില്ലറുകൾ, ഉറുമ്പുകൾ, തേനീച്ചകൾ, പല്ലികൾ, വെട്ടുകിളികൾ, ചീവീടുകൾ, ഈച്ചകൾ, ചിലന്തികൾ എന്നിവയെല്ലാം പട്ടികയിലുണ്ട് . ലോകം ഭക്ഷ്യ അരക്ഷിതാവസ്ഥയ്ക്കുള്ള പരിഹാരമായിട്ടാണ് ‘എൻ്റൊമോഫജി’യെ കാണുന്നത്.

ഒന്നാലോചിച്ചു നോക്കിയേ, രാവിലെ ദോശയോടൊപ്പം ഉറുമ്പ് ചമ്മന്തി, ഉച്ചയ്ക്ക് ഊണിനോടൊപ്പം ചെമ്മീനിനു പകരം വെട്ടുകിളി വറുത്തത്. നാലുമണിക്ക് ചായയോടൊപ്പം ചീവീടുപൊടിച്ചു ചേർത്ത ബിസ്ക്കറ്റ്. അയ്യേ! എന്നു പറയാൻ വരട്ടെ. ആദ്യം കമൻറ് ബോക്സിലെ 10 കിടുക്കാച്ചി റെസിപ്പികൾ കണ്ടു നോക്കൂ!

ഇനിയും മനപ്രയാസം ബാക്കിയുണ്ടോ,വഴിയുണ്ട്… പ്രാണികളെ വളർത്തി കോഴികൾക്ക് കൊടുത്തു നോക്കൂ, കോഴികൾക്ക് മാത്രമല്ല മത്സ്യത്തിനും പ്രിയപ്പെട്ട ഭക്ഷണമാണ് പ്രാണികൾ.
ഇതൊന്നും കൂടാതെ ഇവ കൃഷികൾക്ക് വളമായും ഉപയോഗിക്കാം.

2011 ൽ ആരംഭിച്ച, പ്രാണികളെ വളർത്തി, അവയിൽ നിന്ന് വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണം നിർമ്മിക്കുന്ന ഫ്രഞ്ച് കമ്പനിയായ യെൻസെക്റ്റ് (Ÿnsect) ഇതുവരെ 160 മില്യൺ ഡോളർ ആണ് സമാഹരിച്ചത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സ്റ്റാർട്ടപ്പായ അഗ്രിപ്രോട്ടീൻ(AgriProtein) ഇതുവരെ 105 മില്യൺ ഡോളറിലധികം ധനസഹായം സ്വരൂപിച്ചു കഴിഞ്ഞു.

വരാനിരിക്കുന്ന നാളുകൾ പ്രാണി ഭക്ഷണത്തിൻ്റേതാണ്.

🐌 🐜 🕷 🦂 🦐 🦀

NB: കുഴിമടിയനായ എന്നെക്കൊണ്ട് ഭക്ഷണത്തിൻറെ ഭാവി എന്ന Series എഴുതിക്കുന്നതിന്റെ പിന്നിൽ » Kiran ന്റെ സയൻസ് കരങ്ങളാണ്. പിന്നെ കാങ്കറ, കുങ്കറയായി എഴുതിയതെല്ലാം ഭംഗിയായി എഡിറ്റിംഗ് ചെയ്യുന്നത് » Liza Thomas ന്റെ സൗഹൃദത്തിന്റെ വളയിട്ട കരങ്ങളാണ്.✨

# ജഗദീഷ് വില്ലോടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 08:09:01 pm | 02-12-2023 CET