മനുഷ്യന്റെ യാത്ര

Avatar
ചരിത്രാന്വേഷികൾ | 20-07-2015 | 6 minutes Read

മനുഷ്യന്റെ യാത്ര

world

ഹോമോ സാപ്പിയന്‍സ്‌ എന്ന, 2000 നൂറ്റാണ്ടുകള്‍ക്ക് മുന്പ് ആഫ്രിക്കയില്‍ ഉണ്ടായ, ശുഷ്ക്കമായ ശരീരപ്രകൃതിയുള്ളതും,ശാരീരികക്ഷമത വളരെ കുറഞ്ഞതും,ചൂടിനേയും തണുപ്പിനെയും അതിജീവിക്കുകാന്‍ ശേഷി കുറഞ്ഞതും എന്നാല്‍ ബുദ്ധി ഉറച്ചു തുടങ്ങിയതുമായ ഒരു ജന്തുവര്‍ഗം, സ്വന്തം വീടായ ആഫ്രിക്കയില്‍ തന്നെ ജീവിച്ചു മരിച്ചു മണ്ണോടു ചേരേണ്ടിയിരുന്നത്തിനു പകരം എങ്ങിനെ ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു???

എന്തിനായിരുന്നു അവര്‍ സ്വന്തം വീട് വിട്ടിറങ്ങിയത്??

കടലും മഞ്ഞുമലകളും മരുഭൂമികളും വനങ്ങളും താണ്ടി അവര്‍ എന്തിനു ഒരു ദ്വീപ്‌ ഭൂഖണ്ഡമായ ഓസ്ട്രേലിയില്‍ പോലും എത്തി ??

അവര്‍ക്ക് ആ യാത്രക്കിടയില്‍ എന്തൊക്കെ പ്രശ്നങ്ങള്‍ ആണ് നേരിടേണ്ടി വന്നത്??

ആദിമ ഹോമോസപ്പിയന്‍സിന് മുന്‍പുള്ള കാലം

ആദിമമനുഷ്യരുടെ മുന്‍ഗാമികളുടെ കാലത്തു ആധുനിക മനുഷ്യനുമായി വളരെയധികം സാമ്യം ഉള്ള (കാഴ്ചയിലായാലും ജനിതകപരമായാലും ) മറ്റു മനുഷ്യ ജാതികള്‍ നില നിന്നിരുന്നു.ഇവരെ പൂര്‍വ മനുഷ്യര്‍ അല്ലെങ്കില്‍ ഹോമിനിട്സ് മനുഷ്യജാതികള്‍ (HOMINIDS) എന്നാണു വിളിക്കുന്നത്…
നിയാണ്ടാര്‍ത്താല്‍ കുടുംബക്കാര്‍ (HOMO NEANDERTHALENSIS),ഫ്ലോരാസിന്‍സിസ് കുടുംബക്കാര്‍ (HOMO FLORESIENSIS),ഡനിസേവ കുടുംബക്കാര്‍ (DENISOVA HOMININS), ഇറക്ടസ് കുടുംബക്കാര്‍ (HOMO ERECTUS; ഇവരില്‍ ഒരു ശാഖയില്‍ നിന്നാണ് ഹോമോസാപ്പയാന്‍സ്, നീയാണ്ടാര്‍ത്താല്‍,ഫ്ലോരാസിന്‍സ് കുടുംബക്കാര്‍ എല്ലാരും ഉണ്ടായത് ) എന്നിവരായിരുന്നു ആ കസിന്‍സ്.

ഇവരുടെ ഫോസ്സില്‍ തെളിവുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.അതുകൊണ്ട് തന്നെ ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ഹോമിനിട്സ് താമസിച്ചിരുന്നു എന്ന് മനസ്സിലാക്കാം

1. നിയാണ്ടാര്‍ത്താല്‍ കുടുംബക്കാര്‍ --- അന്നത്തെ യുറോപ്പുകാര്‍
2. ഫ്ലോരാസിന്‍സിസ് കുടുംബക്കാര്‍ (HOMO FLORESIENSIS) -- ഇന്തോനേഷ്യക്കാര്‍
3. ഡനിസേവ കുടുംബക്കാര്‍ (DENISOVA HOMININS) --- റഷ്യക്കാര്‍ (ഇവരെക്കുറിച്ച് ഇപ്പോളും തര്‍ക്കങ്ങള്‍ നടക്കുന്നു)
4. ഇറക്ടസ് കുടുംബക്കാര്‍ (HOMO ERECTUS) --- അന്നത്തെ ഏഷ്യക്കാര്‍ (ഇവരില്‍ ചൈനക്കാരും ഇന്ത്യക്കാരും പെടും )
5. ഹോമോ സാപ്പിയന്‍ (HOMO SAPIENS) അഥവാ ആധുനിക മനുഷ്യര്‍ --- അന്നത്തെ ആഫ്രിക്കക്കാര്‍.

ഇങ്ങനെ പലതരത്തിലുള്ള ഹോമിനിടുകള്‍ ആധുനിക മനുഷ്യന്റെ ആദ്യ പരിണാമ കാലഘട്ടത്തില്‍ ലോകത്തിന്റെ പല ഭാഗത്തായി നില നിന്നിരുന്നു.എന്നാല്‍ അപ്പോഴേക്കും ഫ്ലോരാസിന്‍സിസ് കുടുംബക്കാരും ഇറക്ടസ് കുടുംബക്കാരും ഏകദേശം നാശത്തിന്റെ വക്കിലെത്തിരുന്നു.

ഇപ്പോള്‍ ഒരു സംശയം ഉടലെടുക്കുന്നു

1.ആധുനിക മനുഷ്യരായ ഹോമോ സാപ്പിയന്‍സ് അഫ്രിക്കയില്‍ വെച്ച് പരിണമിച്ചു ഉണ്ടായ ശേഷം ലോകം മുഴുവന്‍ വ്യാപിക്കുക ആയിരുന്നോ?? (Out of Africa Model Theory)

2.ലോകത്തിന്റെ പല ഭാഗത്തും നില നിന്നിരുന്ന പൂര്‍വ മനുഷ്യജാതികളില്‍ (HOMINIDS) നിന്നും പല സ്ഥലങ്ങളില്‍ വെച്ച് പരിണമിച് ലോകം മുഴുവന്‍ നിറയുക ആയിരുന്നോ ?? (Multiregional Continuity Model Theory)

രണ്ടു സൈഡിലും വാദിക്കാന്‍ ആള്‍ക്കരുണ്ടെങ്കിലും ശരീര ശാസ്ത്രപരമായും ജനിതകപരമായും ഫോസ്സിലുകളുടെ തെളിവുകള്‍ പ്രകാരവും ആദ്യത്തെ വാദത്തിനാണ് കൂടുതല്‍ പിന്‍ബലം ഉള്ളത്.

ആദിമ മനുഷ്യര്‍ (ഹോമോസാപ്പിയന്‍സ്)

2000 നൂറ്റാണ്ട് മുന്‍പാണ് ഹോമോസപ്പിയന്‍മാര്‍ ഉണ്ടായതെങ്കിലും മറ്റു ഹോമിനിടുകളില്‍ നിന്നും വളരെ വ്യതസ്ഥമൊന്നും അല്ലായിരുന്നു അപ്പോഴത്തെ അവരുടെ ജീവിതം.ഒരു നായാടി – പെറുക്കിത്തീനി (HUNTER – GATHERER) ജീവികള്‍ ആയിരുന്നു അവര്‍.വെറും 12000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മനുഷ്യര്‍ കൃഷി തുടങ്ങിയത്.അതുവരെ അവര്‍ ഈ തരം ജീവിതം തുടര്‍ന്നു.അവരുടെ ശരീരപ്രകൃതിയും,അന്നത്തെ ആയുധങ്ങളും ബുദ്ധിശക്ത്തിയും ഉപയോഗിച്ച് അവര്‍ക്ക് കൂടുതലും എലി മുതലായ ചെറിയ ജന്തുക്കളെ മാത്രമേ “നായാടാന്‍” പറ്റുമായിരുന്നുള്ളൂ.അല്ലെങ്കില്‍ അപകടങ്ങളില്‍ പെട്ട് മരിച്ചതോ മറ്റു ജീവികള്‍ കൊന്നതോ ആയ ജീവികളുടെ അവശിഷ്ടങ്ങള്‍ ആയിരുന്നു ഭക്ഷണം..കൂടാതെ പഴങ്ങളും ഇലകളും പെറുക്കി തിന്നാണ് അവര്‍ ജീവിച്ചിരുന്നത്.തീ ഉപയോഗിച്ചിരുന്നു.പാചകം ചെയ്യാന്‍ പഠിച്ചു വരുന്നതെ ഉണ്ടായിരുന്നുള്ളൂ.

വെറും അഞ്ഞൂറ് നൂറ്റാണ്ട് മുന്‍പാണ് ഹോമോസാപ്പിയന്‍സ് മനുഷ്യത്വം,പുരോഗമന സ്വഭാവം എന്നി വിശേഷങ്ങള്‍ കാണിച്ചു തുടങ്ങിയത്.മരണാന്തര ക്രിയകള്‍ ചെയ്യുക,താമസസ്ഥലം ഒരുക്കല്‍, അടുപ്പു നിര്‍മ്മാണം വൈവിധ്യമാര്‍ന്ന ആയുധനിര്‍മ്മാണം,പദ്ധതി തയ്യാറാക്കി വേട്ടയാടല്‍,മീന്‍ പിടുത്തം,പെയിന്റിംഗ് എന്നിവയായിരുന്നു അവയില്‍ ചില പുരോഗമനപരം എന്ന് കരുതാവുന്ന സ്വഭാവവിശേഷങ്ങള്‍.

2000 നൂറ്റാണ്ട് മുന്പ് ഉണ്ടായതാണെങ്കിലും ഏകദേശം 700 നൂറ്റാണ്ട് മുന്‍പാണ് ( 130000 മുതല്‍ 60000 വര്‍ഷങ്ങള്‍ക്ക് ഇടക്ക് ) ആധുനിക മനുഷ്യര്‍ (ഹോമോസാപ്പിയന്‍സ്) കിഴക്കേആഫ്രിക്ക എന്ന സ്വന്തം വീട് വിട്ടു നാട് കാണാന്‍ ഇറങ്ങിയത്.തെളിവുകള്‍ സൂചിപ്പിക്കുന്നത് അവര്‍ക്ക് അതല്ലാതെ വേറെ വഴി ഇല്ലായിരുന്നു എന്നാണു

140,000 വര്‍ഷങ്ങള്‍ക്ക് മുന്പ് ഭൂമിയിലെ കാലാവസ്ഥയില്‍ വളരെയധികം വ്യതിയാനങ്ങള്‍ സംഭവിച്ചു കൊണ്ടിരുന്ന സമയം ആയിരുന്നു.ജനസംഖ്യ വര്‍ധന,ആഹാര സാധനങ്ങളുടെ കുറവ് ,സ്ഥല പരിമിതി മുതലായ കാരണങ്ങള്‍ കൊണ്ട് അവരില്‍ കുറച്ചുപേര്‍ ആദ്യം കിഴക്കന്‍ ആഫ്രിക്കയില്‍ നിന്നും ആഫ്രിക്കയുടെ തന്നെ പല ഭാഗത്തേക്കും കുടിയേറി.ശക്തമായ മഴ നൈല്‍ നദിയില്‍ ഒഴുക്ക് വര്‍ധിപ്പിക്കുകയും ആദിമ മനുഷ്യര്‍ അതിലൂടെ ആഫ്രിക്കയുടെ മറ്റു ഭാഗങ്ങളിലും,ഈജിപ്ത്തിലും അത് വഴി ഇസ്രായേലിലും എത്തി ചേര്‍ന്നു.

തുടര്‍ച്ചയായി ലഭിക്കുന്ന മഴയും നല്ല കാലാവസ്ഥയും കാരണം ഈ സമയത്തു സഹാറ മരുഭൂമിയുടെ വിസ്തീര്‍ണം കുറഞ്ഞു കുറഞ്ഞു വന്നു. വളരെ സാവധാനം ചെറിയ ചെറിയ കൂട്ടങ്ങളായി മനുഷ്യര്‍ ആഹാരത്തിനു വേണ്ടി പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി ഇറങ്ങി.എന്നാല്‍ കാലാവസ്ഥയില്‍ പിന്നീടുണ്ടായ വ്യത്യാസം കാരണം ചൂട് വര്‍ദ്ധിക്കുകയും സഹാറ മരുഭൂമിയുടെ വിസ്തൃതി വലുതാവുകയും ചെയ്തു.അതോടുകൂടി ആഫ്രിക്കയില്‍ നിന്നും ഈജിപ്റ്റ് വഴി ഏഷ്യയിലേക്ക് കടന്നവര്‍ക്ക് തിരിച്ചു വീണ്ടും ആഫ്രിക്കയിലേക്ക് മടങ്ങി പോകുവാനുള്ള വഴി അടഞ്ഞു. 60000 മുതല്‍ 90000 വര്‍ങ്ങള്‍ക്ക് മുന്പ് മനുഷ്യര്‍ ഇന്നത്തെ ജിബൌത്തി യുടെയും യെമെന്‍ന്റെയും ഇടയിലുള്ള ബാബേല്‍ മന്ടെബ് കടലിടുക്ക് (BAB-EL-MANDEB, അന്ന് അതിനു ആഴം വളരെ കുറവായിരുന്നു) വഴി ഇന്നത്തെ അറേബ്യയിലും എത്തി.

ജെനെട്ടിക് ബോട്ടില്‍ നെക്ക് (GENETIC BOTTLE NECK)

ഏകദേശം 73000 വര്‍ഷങ്ങള്‍ക്ക് മുന്പ് ഇന്തോനേഷ്യയിലെ ടോബ യില്‍ വളരെ ശക്തമായ ഒരു അഗ്നിപര്‍വത സ്ഫോടനം നടന്നു.തല്‍ഫലമായി ഉണ്ടായ ചാരം ലോകമെമ്പാടും സൂര്യനെ മറക്കുകയും ഭൂമിയുടെ ഉപരിതലത്തിലെ താപനില കുറയുകയും ഭൂമിയില്‍ 1000 വര്‍ഷത്തോളം നീണ്ടു നിന്ന അതിശൈത്യം ഉടലെടുക്കുകയും ചെയ്തു.ഇതേത്തുടര്‍ന്ന് മനുഷ്യവംശം തന്നെ നാശത്തിന്റെ വക്കിലെത്തി.മനുഷ്യ ജനസംഖ്യ 3000 ത്തിനും 10000 ത്തിനും ഇടയിലേക്ക് എത്തി എന്നാണു കണക്കാക്കപ്പെടുന്നത്.ഈ ചെറിയ ജനസംഖ്യയില്‍ നിന്നുമാണ് പിന്നെയും മനുഷ്യകുലം വികാസം പ്രാപിച്ചത്.ഇതിനെ ജെനെടിക് ബോട്ടില്‍ നെക്ക് എന്ന് പറയുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ജെനെട്ടിക് ബോട്ടില്‍ നെക്ക് അതിജീവിച്ച മനുഷ്യരുടെ വളര്‍ച്ച അതിവേഗം ആയിരുന്നു.ആഫ്രിക്കയില്‍ നിന്നും ഏഷ്യ ഭൂഘണ്ടത്തില്‍ എത്തിയ മനുഷ്യരില്‍ ഒരു വിഭാഗം കടല്‍ത്തീരത്തുകൂടി ഏഷ്യയിലേക്കും അവിടെ നിന്നും (സൗദി ഒമാന്‍ പാക്കിസ്ഥാന്‍ ഇന്ത്യ വഴി) 50000 വര്‍ഷങ്ങള്‍ക്ക് മുന്പ് സൌത്ത് ഈസ്റ്റ് ഏഷ്യയിലേക്കും എത്തപ്പെട്ടു

യൂറോപ്പിലേക്ക്

ആഫ്രിക്കയില്‍ നിന്നും തിരിച്ചവരില്‍ ഒരു വിഭാഗം യുറോപ്പിലേക്ക് കടന്നു.വളരെ അനുകൂലമായ കാലാവസ്ഥയും വിഭവങ്ങളുടെ സാനിധ്യവും സൌത്ത് ഈസ്റ്റ് ഏഷ്യയിലേക്കുള്ള മനുഷ്യന്റെ പ്രയാണം എളുപ്പമാക്കിയെങ്കിലും അതിനു നേരെ വിപരീതം ആയ അവസ്ഥയായിരുന്നു യൂറോപ്പിലേക്ക് യാത്ര തിരിച്ചവരുടെത്.വളരെ പ്രതികൂലമായ കാലാവസ്ഥയും ഭൂപ്രകൃതിയെയുമാണ് അവര്‍ക്ക് അവിടെ നേരിടെണ്ടി വന്നത്..മധ്യ ഏഷ്യയില്‍ നിന്നും പടിഞ്ഞാറോട്ട് പ്രയാണം തുടര്‍ന്ന മനുഷ്യവര്‍ഗം ഇന്നത്തെ ഇറാന്‍ ഇറാക്ക് ബോര്‍ഡറില്‍ ഉള്ള സാഗ്രൂസ് മലനിരകള്‍ (ZAGROS MOUNTAINS ) കടന്ന് 43000 മുതല്‍ 45000 വര്ഷം മുന്‍പാണ് യൂറോപ്പില്‍ എത്തിച്ചേര്‍ന്നത്.വെറും 20000 വര്ഷം മുന്പ് മാത്രമാണ് അവര്‍ക്ക് യൂറോപ്പിന്റെ വടക്കേ അറ്റത്ത് എത്താന്‍ കഴിഞ്ഞത്..അത്രക്ക് കഠിനമായിരുന്നു ആ യാത്ര.
അതെ സമയം മധ്യഏഷ്യയില്‍ നിന്നും കിഴക്കേ അറ്റത്തേക്ക് പ്രയാണം ചെയ്തവര്‍ 30000 മുതല്‍ 16000 വര്ഷം കൊണ്ട് ഏഷ്യയുടെ കിഴക്കേ അറ്റമായ റഷ്യയിലും സൈബീരിയയിലും എത്തി.

യുറോപ്പിയന്‍ ചേട്ടന്മാരെ കണ്ടു മുട്ടുന്നു

ആധുനിക മനുഷ്യരായ ഹോമോസാപ്പിയന്‍സ് യൂറോപ്പില്‍ എത്തിയപ്പോള്‍ തങ്ങളുടെ കസിന്‍സ് ആയ നിയാണ്ടാര്‍താല്‍ മനുഷ്യരേ അവിടെ വെച്ച് കണ്ടുമുട്ടി..പക്ഷെ ആ കണ്ടുമുട്ടലിനു ശേഷം അധികകാലം നിയാണ്ടര്‍താല്‍ അളിയന്മാര്‍ക്ക് ഈ ലോകത്തില്‍ പിടിച്ചുനില്ക്കാന്‍ കഴിഞ്ഞില്ല..അവരുടെ കുടുംബവും വംശവും മുച്ചൂടും മുടിച്ചുകൊണ്ടാണ് ഹോമോസാപ്പിയന്‍സ് യൂറോപ്പില്‍ മുഴുവന്‍ വ്യാപിച്ചത്..ആ കണ്ടുമുട്ടല്‍ കഴിഞ്ഞു ഏകദേശം 5000 മുതല്‍ 10000 വര്‍ഷങ്ങള്‍ ആയപ്പോള്‍ തന്നെ നിയാണ്ടര്‍ത്താല്‍ മനുഷ്യര്‍ ഭൂമുഖത്തില്‍ നിന്ന് തന്നെ അപ്രത്യക്ഷമായി

എങ്ങിനെ നിയാണ്ടര്‍ത്താല്‍ മനുഷ്യരേ ആധുനിക മനുഷ്യര്‍ ഉന്മൂലനം ചെയ്തു??

പല കാരണങ്ങളും ശാസ്ത്രജ്ഞന്‍മാര്‍ നിരത്തുന്നു. ഹോമോസാപ്പിയന്‍സ് കൊണ്ട് വന്ന പുതിയ രോഗങ്ങള്‍,നിയാണ്ടര്‍ത്താല്‍ മനുഷ്യരെ അപേക്ഷിച്ച് അവര്‍ക്ക് വേഗതയില്‍ ഓടാനുള്ള കഴിവ്,വേട്ട പട്ടികളെ ഉപയോഗിക്കുവാനുള്ള കഴിവ്,മെച്ചപ്പെട്ട വേട്ടയാടല്‍ ടെക്നിക്കുകള്‍, ഹോമോസപ്പയാന്‍സ് നടത്തിയ നിയാന്‍ണ്ടാര്‍ത്താല്‍ കൂട്ട കുരുതികള്‍,അവരുമായിയുള്ള ഇന്‍ബ്രീടിംഗ് (INBREEDING) എല്ലാം നിയാണ്ടര്‍ത്താല്‍ മനുഷ്യരുടെ അന്ത്യത്തിന് കാരണമായി.പകരം ഹോമോസാപ്പിയന്‍സ് എന്നാ ഒറ്റ മനുഷ്യ വംശം മാത്രം യൂറോപ്പില്‍ അവശേഷിച്ചു.

അമേരിക്കയും ഓസ്ട്രലിയയും

ആഫ്രിക്ക—ഏഷ്യ യില്‍ നിന്നും വിട്ടുമാറി കടല്‍ ചുറ്റിക്കിടക്കുന്ന അമേരിക്കന്‍ ഭൂഘണ്ടത്തില്‍ മനുഷ്യര്‍ എങ്ങിനെ എത്തി??ഒറ്റപ്പെട്ട ദീപ് ആയ ഓസ്ട്രലിയയില്‍ അവര്‍ എങ്ങിനെ കാല്‍ കുത്തി ??

അതറിയണമെങ്കില്‍ അന്നത്തെ കാലാവസ്ഥയെക്കുറിച്ച് അറിയണം.

ഐസ് ഏജ്

ഭൂമിയിലെ ഉപരിതലതാപം കുറയുകയും തന്മൂലം ഭൂമി മുഴുവന്‍ മഞ്ഞു മൂടപ്പെടുകയും ചെയ്തതിനെയാണ് ഐസ് ഏജ് എന്ന് പറയുന്നത്.ഭൂമി ഉണ്ടായതിനു ശേഷം ഏറ്റവും കുറഞ്ഞത് അഞ്ച് ശക്തമായ ഐസ് ഏജ് എങ്കിലും ഉണ്ടായിട്ടുണ്ടെന്നാണ്‌ കണക്കാക്കപ്പെടുന്നത്.
ഐസ്എജില്‍ തന്നെ ഗ്ലേഷ്യല്‍ പീരീട്സും (GLACIAL PERIODS: അതായത് തണുപ്പിന്റെ കാഠിന്യം കൂടുന്ന സമയം) ഇന്റര്‍ ഗ്ലേഷ്യല്‍ പീരീട്സും(INTERGLACIAL PERIODS; തണുപ്പിന്റെ കാഠിന്യം കുറയുന്ന സമയം) ഉണ്ട്. ഏറ്റവും അവസാനം ആരംഭിച്ച ഐസ്ഏജ് 25 ലക്ഷം വര്ഷം മുന്പ് തുടങ്ങിയതാണ്‌.നമ്മള്‍ ഇപ്പോള്‍ ആ മേജര്‍ ഐസ് ഏജിന്റെ ഇന്റര്‍ ഗ്ലേഷ്യല്‍ പീരീടിലൂടെ ആണ് കടന്നു പോകുന്നത്.

ഐസ് ഏജും മനുഷ്യന്റെ യാത്രയും തമ്മിലുള്ള ബന്ധം

ഐസ് ഏജിലെ ഗ്ലേഷ്യല്‍ പീരീട്സില്‍ ധ്രുവങ്ങളുടെ വിസ്താരം കൂടുന്നു.പര്‍വ്വതങ്ങളുടെ മുകളിലുള്ള ഐസിന് കട്ടി കൂടുന്നു..കൂടുതല്‍ കൂടുതല്‍ വെള്ളം ഐസ് ആയി മാറ്റപ്പെടുന്നു.ഭൂമിയിലുള്ള വെള്ളത്തിന്റെ അളവ് മാറില്ലാത്തതിനാല്‍ കൂടുതല്‍ വെള്ളം ഐസ് ആയി ഭൂമിയില്‍ അടിയുമ്പോള്‍ കടലില്‍ ഉള്ള വെള്ളത്തിന്റെ അളവ് കുറയും.
30000 വര്ഷം മുന്പ് ഉണ്ടായ ഒരു ഗ്ലേഷ്യല്‍ പീരീടില്‍ കടല്‍ വെള്ളത്തിന്റെ അളവ് 60 മുതല്‍ 120 മീടര്‍ വരെ താഴ്ന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.കടല്‍ ഇത്രത്തോളം താഴുമ്പോള്‍ കടലിനടിയില്‍ ഉള്ള കരഭാഗം തെളിഞ്ഞു വരും.ഏകദേശം ആ സമയത്ത് ഇന്നത്തെ റഷ്യയുടെ സൈബീരിയുടെയും അമേരിക്കന്‍ ഭൂഘണ്ടത്തിലെ അലാസ്കയുടെയും ഇടയില്‍ ഉയര്‍ന്നു വന്ന കരഭാഗം ആണ് ബറിന്‍ജിയ (BERINGIA)..

ഈ ബെറിന്‍ജിയ വഴി നടന്നാണ് മനുഷ്യര്‍ ഇന്നത്തെഅമേരിക്കന്‍ ഭൂഘണ്ടത്തില്‍ കാലുകുത്തിയത്.
പക്ഷെ ഐസ് ഏജ് അവസാനിച്ചപ്പോള്‍ മഞ്ഞു ഉരുകുകയും കടല്‍ വെള്ളത്തിന്റെ അളവ് പഴയ നിലയില്‍ എത്തുകയും ചെയ്തു.അതോടെ ബെറിന്‍ജിയ അപ്രത്യക്ഷമാവുകയും(മുങ്ങിപ്പോകുകയും) അമേരിക്കയില്‍ എത്തിയവര്‍ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുകയും ചെയ്തു.വീണ്ടും ആഹാരത്തിനു വേണ്ടി പുതിയ മേച്ചില്‍പ്പുരങ്ങള്‍ താണ്ടി യാത്ര തുടര്‍ന്ന മനുഷ്യര്‍ വെറും 1000 വര്‍ഷങ്ങള്‍ക്കകം തെക്കേ അമേരികയിലും എത്തി..

ഓസ്ട്രേലിയ

യൂറോപ്പില്‍ മനുഷ്യന്‍ എത്തുന്നതിനും ഏകദേശം 10000 വര്ഷം മുന്‍പെങ്കിലും ഓസ്ട്രലിയയില്‍ എത്തിയിട്ടുണ്ടാകും എന്നാണ് കണക്ക്.അന്ന് ഓസ്ട്രലിയയയും ഇന്നത്തെ ന്യു ഗിനിയ യും ചേര്‍ന്ന് സഹുല്‍ (SAHUL) എന്നാ ഒരു ഭൂഘണ്ടമാണ് ഉണ്ടായിരുന്നത്.. ഇന്നത്തെ ദ്വീപ്‌ രാജ്യങ്ങളായ മലേഷ്യ ഇന്തോനേഷ്യ മുതലായ രാജ്യങ്ങള്‍ ഏഷ്യന്‍ ഭൂഘണ്ടത്തോട് ചേരുന്നു കിടക്കുകയായിരുന്നു.സുണ്ട (SUNDA) എന്നാണ് അന്നുണ്ടായിരുന്ന ആ പ്രദേശത്തിന്റെ പേര്.(ഇതിന്റെയൊക്കെ കാരണം കടല്‍നിരപ്പ് കുറവായത് കൊണ്ടാണ്)പക്ഷെ സുണ്ടായും സാഹുലും വളരെ അടുത്തായിരുന്നാലും അവരുടെ ഇടയില്‍ 90 കിലോമീറ്റരോളം ദൂരത്തില്‍ കടല്‍ അപ്പോഴും തെളിഞ്ഞു കിടന്നു.

മനുഷ്യര്‍ എങ്ങിനെ അത്രയും കടല്‍ ദൂരം താണ്ടി??

ഐലന്ഡ് ഹോപ്പിംഗ് (ISLAND HOPPING ) നടത്തി; അതായത് അടുത്തടുത്തുള്ള ചെറിയ ദീപുകളിലെക്ക് ചെറിയ തടികളോ തീരെ അപരിഷ്കൃതമായ തോണികളിലോ കടല്‍ മാര്‍ഗം സഞ്ചരിച്ചു അവസാനം വലിയ ഭൂഘണ്ടമായ സാഹുല്‍(ഓസ്ട്രേലിയ) യില്‍ എത്തി എന്നാണു നിഗമനം.അല്ലെങ്കില്‍ സുനാമി പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ കാരണമായിട്ടുണ്ടാകാം എന്നും ചരിത്രഗവേഷകര്‍ കണക്കുകൂട്ടുന്നു.

അങ്ങിനെ ഏകദേശം രണ്ടു ലക്ഷം വര്ഷം മുന്പ് കിഴക്കേആഫ്രിക്കയില്‍ ഉണ്ടായ ഹോമോസാപ്പിയന്‍സ് എന്ന ആധുനിക മനുഷ്യവര്‍ഗം സ്വന്തം നിലനില്‍പ്പിനായി പ്രതികൂലമായ പല പ്രതിബന്ധങ്ങളും തരണം ചെയ്ത് ഒടുവില്‍ ലോകത്തിന്റെ നാനാഭാഗത്തും എത്തിച്ചേര്‍ന്നു.ഭൂമിശാസ്ത്രപരമായ പ്രതിബന്ധങ്ങള്‍ അവരെ തമ്മില്‍ കൂടുതല്‍ കൂടുതല്‍ അകറ്റി..നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ അവര്‍ക്കിടയില്‍ പ്രകൃതി ജനിതകപരമായും ഭാഷാപരമായും സാംസ്കാരികപരമായും മാറ്റങ്ങളുണ്ടാക്കി.കാലങ്ങള്‍ കഴിഞ്ഞതോടെ വിവിധ ജനവിഭാഗങ്ങളില്‍ ഈ വ്യത്യാസം കൂടുതല്‍ കൂടുതല്‍ പ്രകടമാകുവാന്‍ തുടങ്ങി..ലോകത്തിന്റെ പല ഭാഗത്തും വ്യതസ്ഥങ്ങളായ സംസ്കാരങ്ങളും വലിയ രാജവംശങ്ങളും, ഉണ്ടായി.അവര്‍ വിഭവങ്ങള്‍ പങ്കുവെക്കുവാന്‍ തുടങ്ങി.വന്പന്‍ യുദ്ധങ്ങള്‍ ഉണ്ടായി. പുതിയതും വേഗമേറിയതുമായ ഗതാഗത സൌകര്യങ്ങള്‍ കണ്ടുപിടിച്ചപ്പോള്‍ (അതില്‍ ചക്രം മുതല്‍ ഇന്നത്തെ പുതു തലമുറ ഗതാഗതം വരെ ഉള്‍പെടും)മനുഷ്യര്‍ കൂടുതല്‍ കൂടുതല്‍ യാത്രകള്‍ നടത്തി(ഇപ്പോഴും നടത്തികൊണ്ടിരിക്കുന്നു) .അതിലുടെ കച്ചവടവും,സാംസ്കാരികമായ കൈമാറ്റങ്ങളും നടന്നു. പുതിയ അതിര്‍ത്തികളും രാജ്യങ്ങളും ഉണ്ടായി. അങ്ങിനെ വളര്‍ന്നു വളര്‍ന്നു ഇന്നത്തെ അവസ്ഥയില്‍ വളരെ വലിയ ജനവിഭാഗമായി ആധുനിക മനുഷ്യന്‍ മാറി.

ചുരുക്കിപറഞ്ഞാല്‍ യാത്ര എന്നത് മനുഷ്യന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ ന്നിട്ടുള്ളതാണ്.ഇന്ന് ആ യാത്ര ഇപ്പോള്‍ ഭൂമിയും കടന്നു ബഹിരാകാശത്തും ചന്ദ്രനിലും വരെ എത്തി നില്‍ക്കുന്നു.മനുഷ്യ കുലം ഉള്ളിടത്തോളം മനുഷ്യന്‍ അവന്റെ യാത്ര തുടര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യും

ഹുമന്‍ ജീനോഗ്രഫിക് പ്രൊജക്റ്റ്‌

വിവിധ വിഭാഗങ്ങളില്‍ നടത്തുന്ന DNA പരിശോധനയിലൂടെ ആധുനിക മനുഷ്യന്റെ ഉത്ഭവത്തിനും യാത്രകള്‍ക്കും ജനിതമായ തെളിവുകള്‍ കണ്ടെത്തുവാനുള്ള ഒരു പരിശ്രമമാണ് ഹുമന്‍ ജീനോഗ്രഫിക് പ്രൊജക്റ്റ്‌.ഇതിന്റെ ഫലങ്ങള്‍ പുറത്തു വരുന്നതോടു കൂടി മനുഷ്യന്റെ യാത്രകളെ കുറിച്ച് കൂടുതല്‍ ശക്ത്തമായ തെളിവുകള്‍ നമുക്ക് ലഭിക്കും എന്നു കരുതാം


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About ചരിത്രാന്വേഷികൾ

ചരിത്രത്തെ അറിയുവാനും അറിഞ്ഞത് മറ്റുള്ളവരെ അറിയിക്കുവാനും സോഷ്യൽ നെറ്റവർക്ക് പ്ലാറ്റഫോമിലുള്ള ഒരിടം .

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:18:23 am | 03-12-2023 CET