എന്തൊക്കെയാണ് ദ്വിവിധമായ യഥാതഥ്യങ്ങൾ? ഒന്ന് വസ്തുനിഷ്ഠമായ സത്യങ്ങൾ ; രണ്ട് കെട്ടിപ്പടുത്ത സത്യങ്ങൾ ..

Avatar
സുരേഷ് സി പിള്ള | 20-05-2020 | 3 minutes Read

nature
Photo Credit : » @davidmarcu

ഒന്ന് പുറത്തേക്ക് നോക്കൂ, ഈ മഹാമാരി (COVID-19) ക്കാലത്ത് പുഴകൾ, മരങ്ങൾ, പക്ഷികൾ ഇവയെല്ലാം അവിടെത്തന്നെയുണ്ട്.

ഇല്ലേ?

അവയ്ക്ക് ഒരു മാറ്റവും ഇല്ല.

എന്നാൽ, വിശ്വാസം (ദൈവം), രാജ്യങ്ങൾ, കോർപ്പറേറ്റുകൾ ഇവയെ നോക്കൂ.

ആരാധനാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു, രാജ്യങ്ങൾ അതിർത്തികൾ അടയ്ക്കുന്നു, എക്കോണമി നിലംപറ്റുന്നു, കോർപ്പറേറ്റുകൾ പലതും അന്ത്യശ്വാസം വലിക്കാൻ തുടങ്ങിയിരിക്കുന്നു.

അവിടെയാണ് നമ്മൾ ദ്വിവിധമായ യഥാതഥ്യത്തിൽ ആണ് ജീവിക്കുന്നത് എന്ന വസ്തുതയ്ക്ക് പ്രധാന്യം വരുന്നത്.

എന്തൊക്കെയാണ് ദ്വിവിധമായ യഥാതഥ്യങ്ങൾ?

ഒന്ന് വസ്‌തുനിഷ്‌ഠമായ സത്യങ്ങൾ; രണ്ട് കെട്ടിപ്പടുത്ത സത്യങ്ങൾ (imagined reality).

എന്താണ് കെട്ടിപ്പടുത്ത സത്യങ്ങൾ?

അതറിയുവാനായി ഏകദേശം 70,000 വർഷങ്ങൾക്ക് പുറകിലേക്ക് പോകണം.

മനുഷ്യൻ ചിന്തിക്കാനും, ശരിയായ രീതിയിൽ ആശയ വിനിമയം നടത്തുവാനും തുടങ്ങിയിട്ട് ഏകദേശം 70,000 വർഷങ്ങളെ ആയുള്ളൂ എന്നാണ് പഠനങ്ങൾ പറയുന്നത്. 30,000 മുതൽ 70,000 വരെയുള്ള ഈ സമയത്തെ "cognitive" (അവബോധ) പുരോഗതി എന്ന് പറയും.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മനുഷ്യന് ഉണ്ടായ ഈ അവബോധമാണ് നമ്മുടെ തുടച്ചു നീക്കപ്പെട്ട സഹോദര വർഗ്ഗവും ഹോമോ ഇറക്ട്‌സിൽ നിന്നും നമ്മുടെ കൂടെത്തന്നെ പരിണാമം ഉണ്ടായ "നിയാണ്ടെർതാലസിനെ (Neanderthals) അപേക്ഷിച്ചു മനുഷ്യന് അതിജീവനം സാധിച്ചതിന് പല കാരണങ്ങളിൽ ഒരു കാരണമായി പറയുന്നത്.

അന്നത്തെ കാലത്ത് കാടുകളിൽ കൂട്ടമായി ജീവിച്ചിരുന്ന മനുഷ്യൻ ആശയ വിനിമയം പ്രധാനമായും നടത്തിയത് അപകടങ്ങൾക്കായുള്ള സൂചനകൾ നൽകിയാണ്,

"കടുവ വരുന്നേ, ഓടിക്കോ" അല്ലെങ്കിൽ അവിടെ 'പെരുമ്പാമ്പിനെ കണ്ടു' അതുമല്ലെങ്കിൽ പുഴയുടെ 'ചുഴി' യുള്ള ഭാഗങ്ങൾ ഇങ്ങനെയൊക്കെ പറയാൻ ആണ്.

ഏകദേശം 9,000-11,000 വർഷങ്ങൾ ക്കിടെ കല്ലും, മരങ്ങൾ കൂർമ്പിച്ചതും ആയ ആയുധങ്ങൾ ഉണ്ടായി (Paleolithic period). ഏകദേശം ഈ സമയത്താണ് കൃഷി വ്യാപകമായി ചെയ്യുവാൻ തുടങ്ങിയത്. ആയുധങ്ങൾ വന്നതോടെ ജീവിതം കൂടുതൽ സുരക്ഷിതമായി, ഭയം കൂടാതെ ജീവിക്കുവാനും, ചെറിയ ചെറിയ സംഘങ്ങളായി ചുറ്റിയടിക്കുവാനും ഒക്കെ ആയുധം ഉപകരിച്ചു. ലോഹങ്ങൾ കൊണ്ടുള്ള ആയുധങ്ങൾ വ്യാപകം ആയതോടെ (3200–600 BC) ജീവിതം കുറച്ചു കൂടി സുരക്ഷതമായി. സമയത്തു ഭക്ഷണവും, സുരക്ഷിത ബോധവും ഇരുന്നു സംസാരിക്കുവാൻ അവസരങ്ങൾ കൊടുത്തു. മരത്തിന്റെ മുകളിൽ കെട്ടിയ 'ട്രീ ഹൗസുകളുലും' ഗുഹകളിലും, പാറപ്പുറങ്ങളിലും, നദീതടങ്ങളിലും ഇരുന്നു കൂട്ടമായി കഥകളും, മായാദര്‍ശനങ്ങളും (illusions), മനോരാജ്യങ്ങളും (fantasy) പങ്കു വച്ചു. ഒറ്റക്കൊമ്പുള്ള കുതിരയും, സിംഹത്തിന്റെ ഉടലും മനുഷ്യന്റെ തലയും ഉള്ള അപൂർവ്വ ജീവികൾ കഥാ സദസ്സുകളിൽ ഇടം പിടിച്ചു.

പിന്നീട് അമാനുഷരായ മനുഷ്യരെ പറ്റിയുള്ള കഥകൾ ഈ സദസ്സുകളിൽ ഇടം പിടിച്ചു. ചില സംഭവ കഥകൾ നിറം പിടിപ്പിച്ചു അമാനുഷികം ആക്കി. ലിപികൾ കണ്ടുപിടിച്ചപ്പോൾ ഇവയൊക്കെ പലതും താളിയോലകളിലും, പാറയിലും എഴുതി വച്ചു. അവിടെയാണ് വിശ്വാസത്തിന്റെ ആരംഭം. സുരക്ഷിതമായ ജീവിതം വിശ്വാസത്തെ അരക്കിട്ടുറപ്പിച്ചു. "Cognitive" (അവബോധ) പുരോഗതി യുടെ ഒരു അഹിത (disadvantage)മായ കാര്യമാണ് മനുഷ്യന് ഒരിക്കലും കണ്ടിട്ടും, കേട്ടിട്ടും, അറിഞ്ഞിട്ടും, സ്പർശിച്ചിട്ടും ഇല്ലാത്ത കാര്യങ്ങളെ വിശ്വസിക്കുവാൻ പറ്റുന്നത്. നൊയമ്പെടുത്താൽ സ്വർഗ്ഗം കിട്ടുമെന്നും, തിങ്കളാഴ്ച്ച വൃതം എടുത്താൽ നല്ല ഭർത്താവിനെ കിട്ടും എന്നൊക്കെയുള്ള വിശ്വാസങ്ങൾ മനുഷ്യനുണ്ടായ "Cognitive" (അവബോധ) പുരോഗതിയുടെ അഹിതഭാഗമാണ്. വൈക്കോൽ തിന്നുന്ന പശുവിനു പുല്ല് കൊടുത്തിട്ട്, നീയിത് പത്തു ദിവസം കഴിക്കാതെ ഇരുന്നാൽ സ്വർഗ്ഗം കിട്ടും എന്ന് വിശ്വസിപ്പിക്കാൻ പറ്റില്ല. അല്ലെങ്കിൽ 30,000 വർഷങ്ങൾക്ക് മുൻപുള്ള മനുഷ്യനോട് "വൈകിട്ട് നാമ ജപ ഘോഷയാത്രയ്ക്ക്, അല്ലെങ്കിൽ രോഗ ശാന്തി വചന പ്രഘോഷണത്തിന് വരുന്നോ? " എന്ന് ചോദിച്ചാൽ "എന്റെ ചേട്ടാ, കടുവ വൈകിട്ട് ഇര തേടി ഇറങ്ങുന്നതിനു മുൻപ് ഗുഹയിൽ കയറണം" എന്ന ഉത്തരം ആവും കിട്ടുക.

2011 ൽ പ്രസിദ്ധീകരിച്ച Sapiens: A Brief History of Humankind എന്ന പുസ്തകത്തിൽ Cognitive Revolution നെപ്പറ്റി വിശദമായി പറയുന്നുണ്ട്. മനുഷ്യന്റെ ചരിത്രത്തെ നാലായി തരം തിരിച്ചിട്ടുണ്ട്

The Cognitive Revolution (c. 70,000 BC, when Sapiens evolved imagination).
The Agricultural Revolution (c. 10,000 BC, the development of agriculture).
The unification of humankind (the gradual consolidation of human political organisations towards one global empire).
The Scientific Revolution (c. 1500 AD, the emergence of objective science).

1500 AD മുതൽ വസ്‌തുനിഷ്‌ഠമായ ശാസ്ത്രത്തിന്റെ യുഗമായാണ് കരുതപ്പെടുന്നത്. ശാസ്ത്രം ഉണ്ടാക്കിയ സുരക്ഷിതത്വത്തിൽ നിന്നാണ് വിശ്വാസം കെട്ടിപ്പടുത്തത്. അൽപ്പം കൂടി വിശദമായി പറഞ്ഞാൽ ശാസ്ത്രത്തിൽ ഊന്നിയ പുരോഗമന നാഗരികത തന്ന സുരക്ഷിതത്വത്തിൽ ആണ് വിശ്വാസവും, ആത്മീയതയും ജന മനസ്സുകളിൽ ആഴത്തിൽ പിടിമുറുക്കുന്നത്.

Yuval Noah Harari തന്റെ പുസ്തകമായ Sapiens: A Brief History of Humankind ൽ പറഞ്ഞത് എത്ര ശരിയാണ് "Cognitive ((അവബോധ) പുരോഗതി കാരണം മനുഷ്യൻ ഒരു ദ്വിവിധമായ യഥാതഥ്യത്തിൽ ആണ് ജീവിക്കുന്നത്. ഒന്ന് വസ്‌തുനിഷ്‌ഠമായ സത്യങ്ങൾ, പുഴ, കാട്, സിംഹം എന്നിവ. രണ്ടാമത്തേത്, കെട്ടിപ്പടുത്ത സത്യങ്ങൾ (imagined reality), ഉദാഹരണത്തിന് ദൈവം, രാജ്യങ്ങൾ, കോർപ്പറേറ്റുകൾ; വിരോധാഭാസം എന്തെന്നു വച്ചാൽ കാലം കടന്നു പോയപ്പോൾ കെട്ടിപ്പടുത്ത സത്യങ്ങൾ പലതും ശക്തി പ്രാപിക്കുകയും; വസ്‌തുനിഷ്‌ഠമായ സത്യങ്ങളുടെ നില നിൽപ്പുതന്നെ കെട്ടിപ്പടുത്ത സത്യങ്ങളേ ആശ്രയിച്ചായി എന്നതുമാണ്. അതാണ് നമ്മൾ വർഷങ്ങളായി കണ്ടു കൊണ്ടിരുന്നത്.

എന്നാൽ COVID-19 ഇതെല്ലം മാറ്റി മറിച്ചു.

വസ്‌തുനിഷ്‌ഠമായ സത്യങ്ങൾ (പുഴ, കാട് എന്നിവ.) ഒരു പരിക്കുമില്ലാതെ അവിടെയുണ്ട്. എന്നാലോ കെട്ടിപ്പടുത്ത സത്യങ്ങൾ (imagined reality), എല്ലാം ഒരു സൂക്ഷ്മാണൂ അതിന്റെ ആക്രമണത്തിന്റെ തീവ്രത കുറയുന്നതും നോക്കി അടുത്ത അവസരത്തിനായി കാത്തിരിക്കുന്നു.
# സുരേഷ് സി. പിള്ള


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About സുരേഷ് സി പിള്ള

ഡോ.സുരേഷ് സി പിള്ള

കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി യിൽ നിന്നും MBA. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി. നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം", “പാഠം ഒന്ന്”, “കണികം” എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 04:03:41 am | 17-04-2024 CEST