അൽപ്പം കയ്യുറ മന്ത്രങ്ങൾ - കയ്യുറകൾ ധരിക്കുന്നത് COVID-19 നെതിരെ ഫലപ്രദമായ പ്രതിരോധമാണോ?

Avatar
Amrithakiranam | 06-05-2020 | 5 minutes Read

"അൽപ്പം കയ്യുറ മന്ത്രങ്ങൾ"

കയ്യുറകൾ ധരിക്കുന്നത് COVID-19 നെതിരെ ഫലപ്രദമായ പ്രതിരോധമാണോ?

രണ്ടു കാര്യങ്ങൾ ആണ് ഈ കുറിപ്പിലൂടെ വിശദമാക്കാൻ ശ്രമിക്കുന്നത് -

1. ഗ്ലൗസ് (കയ്യുറകൾ) ഉപയോഗിച്ചിട്ട് വല്ല കാര്യവും ഉണ്ടോ എന്നും

2. തെറ്റായ രീതിയിൽ അവ ഉപയോഗിച്ചാൽ എന്തൊക്കെ അപകടം ഉണ്ട് എന്നതും

glove help malayalam

നാട്ടിലെയും റോഡിലെയും ചില കാഴ്ചകൾ ആണ് ഈ കുറിപ്പ് എഴുതാൻ പ്രചോദനം. (പ്രകോപനം എന്നും വേണമെങ്കിൽ പറയാം) കോവിഡ് രോഗ ഭീതി കാരണം നേരത്തെ ആരോഗ്യ പ്രവർത്തകരിൽ ഒതുങ്ങി നിന്ന കയ്യുറ ശീലം ഇന്ന് മറ്റു വിഭാഗങ്ങളിലും വ്യാപകം ആവുന്നത് നാം കണ്ടു കൊണ്ടിരിക്കുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ പരിശോധന നടത്തുന്ന പോലീസുകാർ മുതൽ നിയമസഭയിൽ ഇരിക്കുന്ന എം. എൽ. എ. വരെ, നാട്ടിൻ പുറത്തെ പച്ചക്കറി കടക്കാരൻ മുതൽ സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വണ്ടിയിൽ പെറുക്കി ഇടുന്ന വീട്ടമ്മ വരെ കയ്യുറകൾ ധരിച്ചിരിക്കുന്നതു കാണുമ്പോൾ ( കമൻറുകളായി ചേർത്തിരിക്കുന്ന ചിത്രങ്ങൾ ശ്രദ്ധയോടെ കാണുക) ഒരു പൊതുജനാരോഗ്യ വിദഗ്ധൻ എന്ന നിലയ്ക്ക് ചിലതു പറയാതെ വയ്യ...

കയ്യുറകൾ ധരിക്കുന്നത് നിങ്ങളെ കോവിഡ് വൈറസിൽ നിന്ന് സംരക്ഷിക്കാൻ പോകുന്നുണ്ടോ?

ഇത് ശരിക്കും സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു, എന്ത് കൊണ്ടെന്നാൽ,

1. COVID-19 പ്രധാനമായും വായുവിൽ കൂടെ വ്യാപിക്കുന്നു

രോഗബാധിതനായ ഒരാൾ ചുമക്കുകയോ, തുമ്മുകയോ ചെയ്യുമ്പോൾ COVID-19 വൈറസ് ശ്വസന തുള്ളികളിലൂടെ ആ വ്യക്തിയിൽ നിന്ന് ഒരു മീറ്ററിൽ താഴെ ദൂരത്തു നിൽക്കുന്ന മറ്റൊരാളിലേക്ക് പടരുന്നു.

വൈറസ് ബാധ ഏൽക്കാൻ ഉള്ള മറ്റൊരു മാർഗം മലിനമായ പ്രതലങ്ങളിൽ നിന്നാണ്. അതായതു വൈറസ് ബാധ ഉള്ള ഒരാൾ മലിനം ആയ തന്റെ കൈകൾ കൊണ്ട് സ്പർശിച്ച വസ്തുക്കളിൽ / പ്രതലങ്ങളിൽ നിങ്ങൾ സ്പർശിക്കുകയും, തുടർന്ന് നിങ്ങളുടെ വായ, മൂക്ക് അല്ലെങ്കിൽ കണ്ണുകൾ സ്പർശിക്കുകയും ചെയ്താൽ നിങ്ങൾക്കു വൈറസ് ബാധ ഏൽക്കാൻ സാധ്യത ഉണ്ട്. എന്നാൽ വൈറസ് ബാധ ഏൽക്കാൻ ഉള്ള പ്രധാന മാർഗം ആദ്യം പറഞ്ഞത് ആണെന്ന് യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ (CDC) പറയുന്നത്. അത് കൊണ്ട് തന്നെ കയ്യുറ ഉപയാഗത്തെക്കാൾ പ്രാധാന്യം നൽകേണ്ടതു സാമൂഹ്യ അകലത്തിനും, ശുചിത്വത്തിനും (കൈകൾ സോപ്പിട്ടു കഴുകൽ) ആണെന്ന് ഓർക്കുക

2. കയ്യുറകൾ = തെറ്റായ സുരക്ഷ ബോധം?

കുറഞ്ഞത് 20 സെക്കൻഡ് സമയം എടുത്തു കൈകഴുകുക എന്നതു തന്നെ ആണ് COVID-19 നെതിരായ ഏറ്റവും മികച്ച പ്രതിരോധം. എന്നാൽ പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ കയ്യുറകൾ ഉപയോഗിക്കുമ്പോൾ അത് തെറ്റായ സുരക്ഷ ബോധം നൽകുന്നു എന്ന് ഓർക്കുക. ലാറ്റെക്‌സും, മറ്റ് തരത്തിലുള്ള കയ്യുറകളിലും വൈറസ് നന്നായി ഒട്ടി നിൽക്കുന്നതിനാൽ അറിയാതെ നിങ്ങളുടെ മുഖത്ത് / കണ്ണിൽ / മൂക്കിൽ സ്പർശിക്കുകയാണെങ്കിൽ, വൈറസ് ബാധ ഏൽക്കാൻ ഉള്ള സാധ്യത വളരെ ഏറെ ആണെന്ന് ഓർക്കുക. കയ്യുറകൾ ധരിച്ചു കൊണ്ട് നമ്മൾ സാധാരണ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ചെയ്യുന്നു എന്നതാണ് അടുത്ത അപകടം പിടിച്ച ശീലം. മൊബൈൽ ഫോൺ ഉപയോഗിക്കുക, പേന ഉപയോഗിക്കുക, ബാഗ് തുറക്കുക തുടങ്ങി എല്ലാ കാര്യങ്ങളും നമ്മൾ ഗ്ലൗസ് ഉപയോഗിച്ചും ചെയ്യും എന്നതാണ് ഏറ്റവും അപകടം. വീട്ടിൽ എത്തിയ ശേഷം ആ മൊബൈൽ ഫോണോ, ബാഗോ തട്ടി പറിച്ചു ഓടുന്ന നമ്മുടെ നിഷ്കളങ്കരായ പിഞ്ചോമനകൾക്കു മാരകമായ കോവിഡ് അണുക്കളെ പകർന്നു നൽകുന്ന ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റം ആണ് നമ്മൾ ചെയ്യുക എന്ന് ഓർക്കുക... സ്വന്തം കുഞ്ഞിന്റെ മുഖം എപ്പോഴും ഓർത്തു കൊണ്ടേ ഇരിക്കുക - അതോടെ നമുക്ക് കുറച്ചെങ്കിലും ശ്രദ്ധ ഇക്കാര്യങ്ങളിൽ വരും.

3. ഉപയോഗിക്കുകയാണെങ്കിൽ തന്നെ ശരിയായ രീതിയിൽ ആയിരിക്കണം ഉപയോഗം.

ശരിയായ രീതിയിൽ അല്ലാത്ത കയ്യുറ ഉപയോഗം ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്ന് ഓർക്കുക. ഉദാഹരണത്തിന്, ഇടതു കയ്യിലെ കയ്യുറ ഊരി എന്ന് വെക്കുക. അപ്പോൾ നിങ്ങളുടെ ഇടതു കൈ അണുവിമുക്തം ആണ്. പക്ഷെ വലതു കയ്യിലെ കയ്യുറ ഊരുമ്പോൾ ഇടതു കൈ കൊണ്ട് അതിന്റെ പുറം ഭാഗം തൊട്ടു പോയാൽ ഇടതു കയ്യിൽ അണുബാധ ഉണ്ടാവുകയും, കയ്യുറ ഇട്ടു എന്ന ധൈര്യത്തിൽ നിങ്ങൾ കൈകൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തികൾ വഴി അണുബാധ ഏൽക്കുകയും ചെയ്യും. ഇടതു കൈ കൊണ്ട് വലതു കയ്യുറയുടെ പുറം ഭാഗം തൊടാതെ, അതിന്റെ ഉള്ളിലേക്ക് വിരലുകൾ കടത്തി പതുക്കെ ഊരി എടുക്കുകയാണ് വേണ്ടത്.

4. ചുരുങ്ങിയത് 6 അടി അകലം പാലിക്കാൻ കഴിയുമെങ്കിൽ കയ്യുറ വേണ്ടതില്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അകലം പാലിക്കുക എന്നത് ആണ് ഏറ്റവും പ്രധാനം. കാരണം, നേരത്തെ സൂചിപ്പിച്ച പോലെ, ഒരാളുടെ സ്രവങ്ങളിലൂടെ വായു വഴി നിങ്ങളിലേക്ക് രോഗം പകരാനാണ് സാധ്യത കൂടുതൽ.

5. പൊതുജനങ്ങൾ കയ്യുറ ഉപയോഗിക്കുന്നതു കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ?

കയ്യുറകൾ ഉപയോഗിച്ച് സാധാരണ ജനങ്ങൾക്ക് കോവിഡ് രോഗത്തിൽ നിന്ന് രക്ഷ നേടാൻ കഴിയും എന്നതിന് ശാസ്ത്രീയ തെളിവുകൾ ഒന്നും ഇല്ലാത്ത പശ്ചാത്തലത്തിൽ എല്ലാവരും കയ്യുറ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനാ ശുപാർശ ചെയ്യുന്നില്ല. കയ്യുറകൾ ഉപയോഗിക്കുക വഴി കൈ കഴുകുന്ന ശീലം ഇല്ലാതെയാകും എന്നതാണ് ഒരു പ്രധാന കാരണം. മറ്റൊരു വിഷയം കയ്യുറകളുടെ സംരക്ഷണ ശേഷി സംബന്ധിച്ച പ്രശ്നങ്ങൾ തന്നെയാണ്. കയ്യുറകളിൽ വളരെ ചെറിയ സുഷിരങ്ങൾ സ്വാഭാവികമായി തന്നെ ഉണ്ട്. മാത്രമല്ല അവയിൽ എളുപ്പത്തിൽ പോറലുകൾ വീഴുകയും ചെയ്യും. ഈ പോറലുകളും സുഷിരങ്ങളും നമുക്ക് കാണാൻ സാധിച്ചെന്നു വരില്ല. ദീർഘ നേരത്തെ ഉപയോഗത്തിന് വേണ്ടി ഡിസൈൻ ചെയ്തവയല്ല നമ്മൾ സാധാരണ കാണുന്ന മെഡിക്കൽ ഗ്ലൗസ്. അത് കൊണ്ട് തന്നെ ഈ സുഷിരങ്ങളും, പോറലുകളും വഴി അണുക്കൾ ശരീരത്തിൽ എത്തുമ്പോഴും, നാം സുരക്ഷിതർ ആണെന്ന മിഥ്യാബോധത്തിൽ ഇരിക്കും. ഡിസ്പോസിബിൾ ഗ്ലൗസ് ഒറ്റത്തവണ അൽപ സമയത്തേക്ക് മാത്രം ഉപയോഗിക്കാൻ വേണ്ടി ഉണ്ടാക്കിയിരിക്കുന്നതാണ്. അത് കൊണ്ട് തന്നെ അവ തുടർച്ചയായി ഉപയോഗിച്ചാൽ ഗുണം ഇല്ലെന്നു മാത്രം അല്ല, ദോഷങ്ങൾ ഉണ്ടാവുകയ്യും ചെയ്യും.

6. കയ്യുറ ഉപയോഗം മറ്റുള്ളവർക്ക് എങ്ങിനെ ദോഷകരമാകുന്നു?

കയ്യുറ ധരിച്ചവർ സുരക്ഷിതർ ആണെന്ന തെറ്റായ ധാരണയിൽ എല്ലാ പ്രതലങ്ങളിലും സ്പർശിക്കുകയും, കൈകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുകയും വഴി അണുബാധ പകർത്താൻ കാരണം ആകുന്നു. അവരുടെ തെറ്റായ രീതികൾ (എല്ലായിടത്തും സ്പർശിക്കുക, കൈകൾ കഴുകാതെ ഇരിക്കുക ) വഴി സ്വയം അണുബാധ സാധ്യത വർധിപ്പിക്കുക മാത്രം അല്ല, അവരുടെ കയ്യുറകൾ വഴി ഒരു പ്രതലത്തിൽ നിന്ന് മറ്റൊന്നിലേക്കും, അത് വഴി ഒരു ആളിൽ നിന്ന് മറ്റൊരാളിലേക്കും അണുക്കളെ പടർത്താൻ കാരണമാകും എന്ന് ഓർക്കുക. അതുകൊണ്ടുതന്നെ കൈ കഴുകിയവനെ പേടിക്കേണ്ട... എന്നാൽ കയ്യുറ ഇട്ടവനെ പേടിക്കണം.. പരമാവധി അകറ്റി നിർത്തണം..

7. ഒഴിവാക്കിയ കയ്യുറകൾ അപകടം ഉണ്ടാക്കുമോ?

കയ്യുറകൾ ഉപയോഗിക്കുമ്പോഴുള്ളതിനേക്കാൾ അപകടമാണ് അവ ശരിയായി സംസ്കരിക്കാത്തതു വഴി ഉണ്ടാവുന്നത്. ഉപയോഗിച്ച കയ്യുറകൾ അശ്രദ്ധമായി പ്രകൃതിയിൽ നിക്ഷേപിക്കുക വഴി രോഗാണുക്കൾ പകരാൻ ഉള്ള സാഹചര്യം സൃഷ്ടിക്കുക ആണ് നാം ചെയ്യുന്നത്. അത് കൊണ്ട് തന്നെ ശാസ്ത്രീയമായി ഉപയോഗ ശേഷം സംസ്കരിക്കാൻ സൗകര്യം ഇല്ലാതെ കയ്യുറകൾ വ്യാപകം ആയി ഉപയോഗിക്കുന്നത് സമൂഹത്തോട് ചെയ്യുന്ന ദ്രോഹം തന്നെയായിരിക്കും.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.

ആന എന്തോ ചെയ്യുന്നത് കണ്ടു ലെ മുയൽ ലത് ചെയ്യരുത് എന്ന് പണ്ടാരാണ്ടു പറഞ്ഞിട്ടുണ്ട് പോലും. അത് തന്നെ ആണ് ഇവിടെയും പറയാനുള്ളത്.

കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ നാം സ്ഥിരമായി കാണുന്ന കാഴ്ച, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളിൽ തല മുതൽ കാൽ വരെ മൂടിയിരിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആണ്. എന്നാൽ ഇവിടെ നാം ഓർക്കേണ്ട പ്രധാന കാര്യം ഇവ എപ്പോൾ, എവിടെ, എങ്ങിനെ ഉപയോഗിക്കണം എന്ന് ശാസ്ത്രീയ പരിശീലനം ലഭിച്ചവർ ആണ് ആരോഗ്യ പ്രവർത്തകർ എന്നതാണ്. അവ ധരിക്കുക എങ്ങിനെ എന്നതിനേക്കാൾ പ്രധാനം ആണ് അവ എങ്ങിനെ അഴിക്കും എന്നതും, അഴിച്ചവ എങ്ങിനെ സംസ്കരിക്കും എന്നതും. ഇത് കയ്യുറകൾക്കും ബാധകം ആണ് എന്ന് ഓർക്കുക. ശരിയായ രീതിയിൽ അഴിക്കാത്ത, അതിനു ശേഷം ശരിയായ രീതിയിൽ സംസ്കരിക്കാത്ത ഒരു കയ്യുറ നമുക്കും, നമ്മുടെ സമൂഹത്തിനും ഹാനികരം ആണെന്ന് ഓർക്കുക.. അത് കൊണ്ട് ആരോഗ്യ പ്രവർത്തകർ ചെയ്യണ്ട കാര്യം അവർ ചെയ്യട്ടെ.. അവരെ അനുകരിക്കുന്നതിനു പകരം നമുക്ക് നമ്മുടെ കർത്തവ്യം നിറവേറ്റാം - സാമൂഹ്യ അകലം പാലിക്കാം, നിരന്തരം കൈകൾ സോപ്പിട്ടു കഴുകാം...

കയ്യുറകൾ ഇല്ലാത്ത... വൃത്തിയായി സോപ്പിട്ടു കഴുകി ഭംഗിയാക്കിയ സുന്ദരമായ നമ്മുടെ കൈകൾ നാലാളുകൾ കാണട്ടെന്നേ..

തയ്യാറാക്കിയത്: Dr. V. JITHESH, MBBS, MPH, Epidemiologist & Public Health Specialist, Asst. Director of Health Services

അവലംബം

» Rte.ie

» wexnermedical.osu.edu

» DebGroup.com


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Amrithakiranam

വാക്സിനുകളെക്കുറിച്ചുള്ള സകല സംശയങ്ങൾക്കും ഒരിടം… » Website / » Facebook

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:10:19 am | 29-05-2024 CEST