എന്താണ് ചൂഷണം ?

Avatar
Jagadheesh Villodi | 30-07-2020 | 4 minutes Read

നമ്മൾ നിത്യജീവിതത്തിൽ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒരു വാക്കാണ് ചൂഷണം. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യരും, മനുഷ്യരെ ചൂഷണം ചെയ്യുന്ന മനുഷ്യരും നമ്മുടെ ചർച്ചാ വിഷയങ്ങളാണ്. യഥാർത്ഥത്തിൽ എന്താണ് ഈ ചൂഷണം?

അറിവില്ലായ്മ, ദുർബ്ബലത, പ്രകൃതി സമ്പത്ത് എന്നിവ സ്വാർത്ഥ താല്പര്യത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെ പൊതുവായി നമുക്ക് ചൂഷണം എന്നുവിളിക്കാം.

തൊഴിലാളികളുടെ അധ്വാനം മുതലാളി തട്ടിയെടുക്കുന്നതിന് ചൂഷണ വ്യവസ്ഥ മുതലാളിത്തം എന്ന് കാറൽമാർക്സ് പറയുന്നു. അടിമത്തം,ഫ്യൂഡൽ വ്യവസ്ഥ മുതലാളിത്തം ഇവ ചൂഷണ വ്യവസ്ഥകൾ തന്നെയാണ്.

നമ്മൾ കേട്ടുപഴകിയ ഒന്നാണ് പ്രകൃതിയെ ചൂഷണം ചെയ്യുക എന്നത്. നാല് മരം മുറിച്ച് വീട് വെക്കുന്നവരെയും. വീട് പുതുക്കി റിസോർട്ട് ആക്കുന്നവരെയും, വയനാട്, ഇടുക്കി,കോട്ടയം കണ്ണൂർ പോലുള്ള മലയോര ജില്ലകളിൽ ജീവിക്കുന്നവരെ തന്നെയും പ്രകൃതി ചൂഷകർ ആയിട്ടാണ് ചില നഗരവാസികൾ കാണുന്നത്.

ഇതിനിടയിൽ ബിംബവൽക്കരിക്കപ്പെടുന്ന ചിലരുണ്ട്. ഒരു ചൂഷണ കഥ പറഞ്ഞു തുടങ്ങാം

രത്തൻ ടാറ്റയെ കുറിച്ചുള്ള വീരകഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടാവും, എന്നാലിനി ഒരു കൊടും ചൂഷണത്തിന്റെ കഥ കൂടെ പറയാം

രാജ്യത്തെ ഏറ്റവും മികച്ച ആനകളുടെ ആവാസ കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മലയോരമേഖലയിലെ സരണ്ട വനം. സരണ്ടയിൽ 1,808 ഹെക്ടർ വനവും, ജാർഖണ്ഡിലെ പശ്ചിമ സിംഗ്ഭും ജില്ലയിലെ നോമുണ്ടി റിസർവ് വനത്തിൽ 1,160 ഹെക്ടർ വനഭൂമിയും ടാറ്റാ സ്റ്റീൽ പാട്ടത്തിനെടുക്കുന്നു. വെളിച്ചം പോലും ഇറങ്ങാൻ ബുദ്ധിമുട്ടുള്ള ഇടതൂർന്ന വനം ആയിരുന്നു സരണ്ടയും,നോമുണ്ടിയും. ആ കാടുകളെയാണ് ഇരുമ്പ് കുഴിച്ചെടുക്കാനായി ടാറ്റ വെട്ടി നിർത്തിയത്.

കേസ് അന്വേഷിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഷാ കമ്മീഷൻ, വൻകിട കോർപ്പറേറ്റുകളായ ടാറ്റാ സ്റ്റീൽ, സെയിൽ, എസ്സൽ മൈനിംഗ് എന്നിവയും ഇടത്തരം, ചെറുകിട സ്ഥാപനങ്ങളായ ഉഷാ മാർട്ടിൻ, റുങ്‌ത മൈൻസ് എന്നിവയും തെറ്റുകൾക്കും നിയമലംഘനങ്ങൾക്കും കുറ്റക്കാരാണെന്ന് കണ്ടെത്തി.ജാർഖണ്ഡിൽ 22,000 കോടി രൂപയുടെ അനധികൃത ഖനനം നടത്തിയതായി ഷാ കമ്മീഷൻ റിപ്പോർട്ട് ചെയ്തു.

2015-2016ൽ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തിയ പഠനം സരണ്ടയിലെ സസ്യജാലങ്ങൾ ഒരിക്കൽ ഉണ്ടായിരുന്ന 300 ൽ നിന്ന് 87 ആയി കുറഞ്ഞുവെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ 30 ഇനം സസ്തനികൾ 19 ആയും 148 ഇനം പക്ഷികൾ 116 ആയും കുറഞ്ഞു എന്നാണ്. മാത്രമല്ല, 2010-ലെ കണക്കെടുപ്പിൽ 253 ആനകളെ കണ്ടിടത്തു ഒരാനയെപ്പോലും കണ്ടുപിടിക്കാൻ പഠനസംഘത്തിന് കഴിഞ്ഞുമില്ല.

ഒഡിഷയിലെ കലിംഗനഗറിൽ ടാറ്റാ സ്റ്റീൽ പ്ളാൻറ് സ്ഥാപിക്കാൻ ഹോ വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് ആദിവാസികളെയാണ് കുടിയൊഴിപ്പിച്ചത്.പുനരധിവാസത്തിനായി സമരം ചെയ്ത അവർക്കുനേരെ നടന്ന പൊലീസ് വെടിവെയ്പ്പിൽ 8 പുരുഷന്മാരും 3 സ്ത്രീകളും 13 വയസ്സുള്ള ഒരു കുട്ടിയും കൊല്ലപ്പെട്ടു. മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ടിരുന്നു എന്നാണ് ഒരു പഠനസംഘം കണ്ടെത്തിയത്.

ഇതിനെയെല്ലാമാണ് ചൂഷണം എന്നു വിളിക്കേണ്ടത്, അല്ലാതെ നികുതി കൊടുക്കുന്ന സ്വന്തം കൃഷിഭൂമിയിൽ ഉള്ള മരം മുറിക്കുന്ന കർഷകനെ വിലക്കുന്ന നിയമങ്ങളെയും അവരെ ചൂഷകർ എന്ന് വിളിക്കുന്ന വ്യവസ്ഥിതിയും മാറേണ്ടതുണ്ട്. ( കർഷകൻറെ കൃഷി ഭൂമിയിൽ ഉള്ള വലിയ മരങ്ങൾ മുറിച്ചു മാറ്റിയാൽ മാത്രമേ ചെറിയ മരങ്ങൾ വളരുകയുള്ളൂ . അല്ലാത്ത പക്ഷം, ഭൂമി കൃഷിയോഗ്യമല്ലാത്തയായി മാറും)

1960 ല്‍ വന്യജീവി സംരക്ഷണത്തിന്റെ പേരിലും 1980 ല്‍ യൂക്കാലിപ്റ്റസ് പ്ലാന്റേഷന്‍ ആരംഭിക്കാനായും ആദിവാസികളെ മുത്തങ്ങ വനത്തില്‍ നിന്നും കുടിയിറക്കിയ ചരിത്രവും കേരളത്തിനുണ്ട്.

കേരളത്തിലെ ആദിവാസികൾക്കിടയിൽ 2001ൽ ഉണ്ടായ 32 പട്ടിണി മരണങ്ങൾക്കു ശേഷം ആദിവാസി നേതാവ് സി.കെ ജാനുവിന്റെ നേതൃത്വത്തിൽ 2003 ഫെബ്രുവരിയിൽ വയനാട്ടിലെ മുത്തങ്ങയിൽ വച്ച് നടന്ന ആദിവാസി ഭൂസമരത്തിൽ പങ്കെടുത്ത ആദിവാസിയായ ജോഗി പോലീസുകാരുടെ വെടിയേറ്റ ചരിത്രം കേരളത്തിലെ ചൂഷണത്തിന്റെ മറ്റൊരു കഥയാണ്.

ടാറ്റയെ കുറിച്ച് പറഞ്ഞിട്ട് ബിർളയെ കുറിച്ച് പറയാതെ പോകുന്നത് എങ്ങനെയാണ്?...

1957ലെ ഇ എം എസ് സര്‍ക്കാര്‍ ഉത്തര മലബാറില്‍ വ്യവസായങ്ങളില്ലാത്തതിനാല്‍ എന്തെങ്കിലും വ്യവസായം ആരംഭിക്കാന്‍ ബിർ‍ളയോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ നാഗ്ധയില്‍ മുളയിൽ‍ നിന്ന് പൾപ്പുണ്ടാക്കുന്ന ഒരു പൈലറ്റ് പദ്ധതി വി പി ഗോഹെലിന്റെ നേതൃത്വത്തില്‍ ബിർള വിജയിപ്പിച്ചെടുത്ത കാലവുമായിരുന്നു അത്.

ഇന്ത്യയിലെ ആദ്യത്തെ പൾ‍പ്പ് ഫാക്ടറിയായിരുന്നു മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി.1962ലാണ് പള്‍പ്പ് ഫാക്ടറിയില്‍ ഉല്‍പ്പാദനം ആരംഭിച്ചത്.

ചാലിയാറിന്റെ തീരത്ത് 236 ഏക്കറോളം ഭൂമി തുച്ഛമായ വിലക്ക് പൾപ്പ് വ്യവസായത്തിന് വേണ്ടി ബിർള ഗ്രൂപ്പിന് നൽകുന്നത്. സർക്കാർ നൽകിയ ഭൂമിക്ക് പുറമെ 150 ഏക്കറിലേറെ ഭൂമി കമ്പനി വാങ്ങുകയും ചെയ്തു. 1963 ഇൽ ഉത്പാദനം തുടങ്ങിയ ഗ്രാസിം ഫാക്ടറി ലോകത്തിലെ തന്നെ ഏറ്റവും വലിയ വുഡ് പൾപ്പ് വ്യവസായ സ്ഥാപനമായിരുന്നു.

ഒരു ടണ്ണിന് ഒരു രൂപ എന്നുള്ള വിലയിൽ വയനാട്ടിൽ നിന്ന് മുള മുറിച്ചെടുക്കാനുള്ള കരാറും ബിർളയ്ക്ക് ഉണ്ടായിരുന്നു. ഈ മുളമുറി വയനാടിന്റെ പാരിസ്ഥിതിക വ്യവസ്ഥയെ തകിടം മറിക്കുന്നതിന് പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഫാക്ടറി ചാലിയാർ നദിയിലേക്ക് ഒഴുക്കി വിടുന്ന മാലിന്യങ്ങൾ കാരണം പലവിധ രോഗങ്ങൾ പ്രദേശത്തു പടരാൻ തുടങ്ങി. ഫാക്ടറിയിലെ വായു മലിനീകരണം കാരണം ആസ്മാ രോഗികളുടെ എണ്ണവും വർധിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് കമ്പനിക്കെതിരെ ജനങ്ങൾ സമരങ്ങൾ നടത്തി തുടങ്ങിയത്. സമരത്തെ തുടർന്ന് 2001 ഓടെ കമ്പനി പൂർണമായി അടച്ചു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ചൂഷണത്തിന്റെ കഥപറയുമ്പോൾ അമേരിക്കയെ കുറിച്ച് രണ്ടു വാക്ക് പറയാതെ പോകുന്നത് എങ്ങനെ?

20 ബില്ല്യൻ ഡോളർ വില വരുന്ന ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കാൻ അമേരിക്ക ആശ്രയിക്കുന്നത് ഒഗല്ലാല അക്വിഫർ(Ogallala Aquifer) എന്ന ഭൂഗർഭ ജല സംഭരണിയാണ്. ആഴത്തിൽ നിന്ന് ജലം എടുക്കുന്നതിനുള്ള പുതിയതരം പമ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് അമേരിക്ക ജലചൂഷണം ആരംഭിച്ചതോടെ ചിലയിടങ്ങളിൽ നൂറടി വരെ ഭൂഗർഭ ജലം താഴ്ന്നു. ഒഗല്ലാല ജലസംഭരണി വീണ്ടും നിറയ്ക്കാൻ 6,000 വർഷമെടുക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നത്.

ഇതിനെയെല്ലാമാണ് ചൂഷണം എന്നു വിളിക്കേണ്ടത് . അല്ലാതെ അന്നന്നത്തെ അന്നത്തിന് വലയുന്ന കർഷകരുടെയും, ജീവിതത്തിൻറെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരുടേയും മെക്കിട്ട് കയറിയിട്ടില്ല.

ഇത്രയും വിശദമായി ചൂഷണത്തെ കുറിച്ച് എഴുതാൻ ഉള്ള കാരണം എന്താണ് എന്നല്ലേ?

കേരളത്തിലെ വന്യജീവി സങ്കേതവും ആയി ബന്ധപ്പെട്ട് ഇക്കോ സെൻസിറ്റീവ് സോൺ(ESZ) വിജ്ഞാപനം പ്രഖ്യാപിക്കാനുള്ള നിർദ്ദേശങ്ങൾ പുറത്തിറങ്ങിക്കഴിഞ്ഞു

ചില നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു

• നിലവിലുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ വികസിപ്പിക്കാനും പുതിയത് ആരംഭിക്കാനും പാടുള്ളതല്ല.

• ഏതൊരു സ്ഥാപനത്തിന്റെയും നിർമ്മാണവും ഉപയോഗവും പാടുള്ളതല്ല.

• ഒരു കിലോമീറ്റർ പരിധിയിൽ വാണിജ്യാടിസ്ഥാനത്തിൽ ഒരു നിർമ്മാണവും അനുവദിക്കുന്നതല്ല.

• പ്രാദേശിക ആളുകൾക്ക് അവരുടെ താമസ സൗകര്യവും മറ്റും നടത്തണമെങ്കിൽ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്.

• വൈദ്യുതി ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടും.

• അടിസ്ഥാന സൗകര്യ വികസനം നിയന്ത്രിക്കപ്പെടും.

• മലഞ്ചെരിവുകളിലൂടെ കാർഷിക ഭൂമികൾ നിയന്ത്രണവിധേയമാണ്.

• വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനഗതാഗതം, ഓട്ടോറിക്ഷ ഉൾപ്പെടെ നിയന്ത്രണവിധേയമാണ്.

• കോഴിഫാമുകൾ ഡയറിഫാമുകൾ എന്നിവ നടത്താൻ പാടില്ല.

• കാർഷികാവശ്യത്തിനുള്ള കിണറും, കുഴൽ കിണറും നിയന്ത്രണ ബോർഡ് കർശനമായ മേൽനോട്ടത്തിലായിരിക്കും.

വിചിത്രമായ എന്നാൽ സർക്കാർ നടപ്പാക്കാൻ പോകുന്ന ചില കൽപ്പനകൾ ആണ് മുകളിൽ കൊടുത്തത്. വിജ്ഞാപനം » ഇവിടെ ക്ലിക്ക് ചെയ്‌തു വായിക്കാവുന്നതാണ്

കേരളത്തിലെ മലയോര മേഖലയെ ഒന്നടങ്കം ബാധിക്കുന്ന ഒരു പ്രശ്നമാണിത്. കോർപ്പറേറ്റുകളോട് ഒരു നയവും സാധാരണക്കാരനോടും കർഷകരോടും മനുഷ്യവിരുദ്ധമായ മറ്റൊരു നയവും എന്ന ഇരട്ടത്താപ്പിനെ നമ്മൾ എങ്ങനെയാണ് നേരിടേണ്ടത്?

# ജഗദിഷ് വില്ലോടി

Photo Credit : » @mitogh


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Jagadheesh Villodi

A digital artist and visualiser by profession. » Website / » Facebook

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:24:07 am | 03-12-2023 CET