കൊറോണകാലത്ത് ഇന്ത്യ മൂന്നാമത് എത്തുമ്പോൾ ... മുരളി തുമ്മാരുകുടി

Avatar
മുരളി തുമ്മാരുകുടി | 09-07-2020 | 4 minutes Read

ലോക്ക് ഡൗണിനും അൺ ലോക്കിനും ശേഷം കേരളത്തിൽ ആളുകൾ ഏറെ റിലാക്സ്ഡ് ആയ സമയമായിരുന്നു കഴിഞ്ഞ മാസം. ഇനി അത് മാറുകയാണ്. കുറച്ചു നാളത്തെ ആശ്വാസത്തിന് ശേഷം വീണ്ടും കൊറോണ നമുക്ക് ആശങ്കയുണ്ടാക്കുകയാണ്.

ലോകത്തിൽ മൊത്തം കൊറോണക്കേസുകളുടെ എണ്ണം ഒരു കോടി കവിഞ്ഞു. ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ ഇപ്പോഴും കൊറോണയുണ്ട്, പുതിയ കേസുകൾ ഉണ്ടാകുന്നുമുണ്ട്. ഇന്ത്യയിലെ പുതിയ കൊറോണകേസുകളുടെ എണ്ണം ദിനം പ്രതി ഇരുപതിനായിരം വെച്ചാണ് കൂടുന്നത്. ഇതിപ്പോൾ ലോകത്തെ മൂന്നാമത്തെ ഉയർന്ന നിരക്കാണിത്. അമേരിക്കയിലും ബ്രസീലിലും മാത്രമാണ് ഇതിനേക്കാൾ കൂടുതൽ കേസുകൾ ദിവസവും ഉണ്ടാകുന്നത്. ഇന്നോ നാളെയോ ലോകത്തിൽ ഏറ്റവും കൂടുതൽ കേസുകളുള്ള രാജ്യമാകും ഇന്ത്യ.

കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ആശ്വാസത്തിന് വേണ്ടി പലരും മറ്റു പല കണക്കുകളും നോക്കുന്നുണ്ട്. ഉദാഹരണത്തിന് ഇന്ത്യയിലെ രോഗബാധിതരുടെ നിരക്ക് ഇപ്പോഴും അമേരിക്കയെയും ബ്രസീലിനെയും കാൾ കുറവാണ്. അമേരിക്കയിൽ ദശ ലക്ഷത്തിന് എണ്ണായിരം രോഗബാധിതരും ബ്രസീലിൽ ദശലക്ഷത്തിന് ആറായിരം രോഗബാധിതരും ഉള്ളപ്പോൾ ഇന്ത്യയിൽ ഇപ്പോഴും ഇത് ദശലക്ഷത്തിന് നാനൂറിനടുത്താണ്. മരിച്ചവരുടെ അനുപാതവും ഇതുപോലെ തന്നെയാണ്. അമേരിക്കയിൽ ദശലക്ഷത്തിന് മുന്നൂറ്റി എൺപത് പേർ മരിച്ചപ്പോൾ ഇന്ത്യയിൽ ഇപ്പോൾ അത് ദശ ലക്ഷത്തിന് പന്ത്രണ്ടാണ്.

ഒറ്റ നോട്ടത്തിൽ ഇത് ആശ്വാസത്തിന് വക നൽകുമെങ്കിലും അങ്ങനെയല്ല ഇത് വായിക്കേണ്ടത്. ഇന്ത്യയിലെ കേസുകൾ കുറച്ചു നഗരങ്ങളിലും സംസ്ഥാനങ്ങളിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടാണ് കേസുകളുടെ എണ്ണത്തെ രാജ്യത്തെ മൊത്തം ജനസംഖ്യ കൊണ്ട് ഹരിക്കുന്പോൾ കിട്ടുന്ന രോഗ നിരക്ക് കുറവായി തോന്നുന്നത്. രോഗം മറ്റു സംസ്ഥാനങ്ങളിൽ പടർന്നു പിടിക്കുന്ന സാഹചര്യമുണ്ടായാൽ ഈ സ്ഥിതി മാറും. ബ്രസീലിനെക്കാൾ ആറിരട്ടി ജനസംഖ്യയുള്ള ഇന്ത്യയിൽ ബ്രസിലീലിന്റെ അത്രയും നിരക്ക് വന്നാൽ തന്നെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിൽ അധികമാകും. അമേരിക്കയിലെ അത്രയും മരണ നിരക്കുണ്ടായാൽ മരണം നാലു ലക്ഷം കവിയും. ഈ അക്കങ്ങളൊക്കെ വളരെ വലുതായത് കൊണ്ട് അതൊന്നും സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാനാവില്ല.

ഇന്ത്യയിലെ കേസുകളുടെ എണ്ണം ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആകുമോ എന്നത് ഇല്ലയോ എന്നുള്ളത് നമ്മൾ രോഗവ്യാപനത്തെ തടയാൻ നാം എന്തൊക്കെ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. രോഗത്തിന്റെ തുടക്കകാലത്ത് വളരെ സമയോചിതമായി കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്ന ഇന്ത്യ ഇപ്പോൾ ‘Unlock 2.0’ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപ്പോൾ സ്വാഭാവികമായി കേസുകൾ കുറയും എന്ന് കരുതാൻ വയ്യ. കൂടുതൽ വിമാനങ്ങളും ട്രെയിനുകളും അനുവദിക്കുമെന്നും പറയുന്നു. വൻ നഗരങ്ങളിൽ നിന്നും രോഗബാധ പേടിച്ച് ആളുകൾ മറ്റു സംസ്ഥാനങ്ങളിലേക്കും ഗ്രാമങ്ങളിൽ നിന്നും വീണ്ടും തൊഴിൽ തേടി നഗരങ്ങളിലേക്കും കൂടുതലായി പോകുന്ന സ്ഥിതി ഉണ്ടാകുന്പോൾ എങ്ങനെയാണ് രോഗബാധിതരുടെ എണ്ണം പിടിച്ചു നിർത്താൻ സാധിക്കുന്നത്?.

രോഗബാധിതരുടെ എണ്ണം ഒരുകോടിയാകുമെന്നോ മരിക്കുന്നവരുടെ എണ്ണം ലക്ഷങ്ങൾ കവിയുമെന്നോ ഒക്കെയുള്ള പേടിപ്പിക്കുന്ന അക്കങ്ങൾ പോലും സാധ്യതകളുടെ ഇങ്ങേ അറ്റമാണ്. രോഗത്തിന്റെ ഒന്നാമത്തെ തിരമാല കടന്നു പോയ യൂറോപ്യൻ രാജ്യങ്ങളിൽ മൊത്തം ജനസംഖ്യയുടെ പത്തോ പതിനഞ്ചോ ശതമാനത്തിനാണ് രോഗം ബാധിച്ചത് എന്നാണ് കണക്കുകൾ. ഇതിൽ നിന്നും രണ്ടു പാഠങ്ങൾ ഉണ്ട്. ഒന്ന്, ഇന്ത്യയിൽ ആദ്യത്തെ തിരമാലയെ നിയന്ത്രിച്ചില്ലെങ്കിൽ അത് ഇന്നുണ്ടാക്കിയിട്ടുള്ളതിന്റെ പല മടങ്ങ് ആളുകളെ ഇപ്പോൾ തന്നെ ബാധിക്കാം, വലിയ തോതിൽ മരണങ്ങൾ ഉണ്ടാക്കാം. രണ്ടാമത്തേത്, ഒന്നാമത്തെ തിരമാലയെ നിയന്ത്രിച്ചാലും വീണ്ടും ഇത്തരം തിരമാലകൾക്ക് നാശം വിതച്ച് കടന്നുപോകാനുള്ള ആളുകൾ ഏറെ ലോകത്ത് ബാക്കിയുണ്ട്, ഇന്ത്യയിലും.

പൊതുവെ ആശങ്കയുടെ കാലമാണ് വരാൻ പോകുന്നത്. മുൻപൊരിക്കൽ പറഞ്ഞത് പോലെ ഈ രോഗത്തിന്റെ കണക്കുകൾ ദേശീയമായും സംസ്ഥാനത്തിന്റെ മൊത്തവും ആണ് വരുന്നതെങ്കിലും പ്രായോഗികമായി ശ്രദ്ധിക്കേണ്ട ചില അക്കങ്ങൾ ഉണ്ട്. ദേശീയമായി നോക്കുന്പോൾ ഒരോ സംസ്ഥാനങ്ങളിലും എങ്ങനെയാണ് കാര്യങ്ങൾ മുന്നേറുന്നത് എന്ന് നോക്കുക. വലിയ തോതിൽ കേസുകൾ ഉണ്ടായ ഡൽഹിയിലോ ബോംബെയിലോ ചെന്നൈയിലോ പ്രതിദിന കേസുകളുടെ എണ്ണം ഇപ്പോഴും കൂടുകയാണോ? എവിടെയെങ്കിലും അത് കുറയുന്നുണ്ടെങ്കിൽ എന്ത് നയങ്ങളാണ് അവർ സ്വീകരിച്ചിരിക്കുന്നത്?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കേരളത്തിന്റെ കാര്യത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ടത് നമ്മുടെ സംസ്ഥാനത്തിൽ ദിവസവും കൂടുന്ന കേസുകളിൽ സന്പർക്കം അറിയാത്തവരുടെ എണ്ണം എത്ര വീതമാണ് കൂടുന്നത് എന്നാണ്. ഉറവിടം അറിയാതെ രോഗികളുടെ എണ്ണം വേഗത്തിൽ വർദ്ധിക്കുന്നുണ്ടെങ്കിൽ പൊതുജീവിതത്തിൽ തീർച്ചയായും വീണ്ടും അതീവ കർശന നിയന്ത്രണങ്ങൾക്ക് സമയമായി. രണ്ടാമത് ഓരോ ജില്ലകളിലും ഉള്ള കേസുകളുടെ എണ്ണം ആ ജില്ലയിൽ കോവിഡ് ചികിത്സക്ക് ലഭ്യമായ ആരോഗ്യ സംവിധാനങ്ങളുടെ എണ്ണത്തിന് (ആശുപത്രി ബെഡ്, ഐ സി യു, വെന്റിലേറ്റർ) അടുത്തേക്ക് എത്തുന്നുണ്ടെങ്കിൽ ആരോഗ്യ രംഗത്ത് പുതിയ തന്ത്രങ്ങൾക്ക് സമയമായി.

വ്യക്തിപരമായി നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ പഴയത് തന്നെയാണ്. സാമൂഹിക അകലം, മാസ്ക്, കൈ കഴുകൽ ഇതൊക്കെ തുടരുക. പ്രായമായവരെ ശ്രദ്ധിക്കുക. തടി കൂടുതൽ ഉള്ളവർ അത് കുറക്കുന്നത് നന്നായിരിക്കുമെന്നും അതിന് വേണ്ടി മാത്രം കൂടുതൽ ഔട്ട് ഡോർ ജിം ഉണ്ടാക്കുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. കൊറോണ ബാധിച്ച് മരണത്തിന് തൊട്ടടുത്തെത്തിയ ആവശ്യത്തിൽ കൂടുതൽ തടിയുള്ള ആളാണ് അദ്ദേഹം. പൊതുവെ ആവശ്യത്തിന് എക്സർസൈസ് പോലും ചെയ്യാത്തവരാണ് നമ്മൾ. ലോക്ക് ഡൌൺ കാലത്ത് ഉള്ള എക്സർസൈസ് തന്നെ ഇല്ലാതായ നിലയായി. പൊറോട്ട മുതൽ കേക്ക് വരെ പാചകവും പരീക്ഷണവും ഭക്ഷണവും കൂട്ടുകയും ചെയ്തു. കൊറോണ പ്രതിരോധത്തിന് വിരുദ്ധമായ നടപടിയാണ് മനഃപൂർവമല്ലെങ്കിലും ഉണ്ടായത്. മാറ്റുവാൻ സമയമായി.

കൊറോണയെ ഇതുവരെ നേരിട്ട പോലെയാകില്ല ഇനിയും കൂടുതൽ നിയന്ത്രണങ്ങൾ വരുന്പോൾ ഉള്ള സ്ഥിതി. കുട്ടികളുടെ വിദ്യാഭ്യാസം വേണ്ട പോലെ നടക്കാത്തത്, തൊഴിൽ നഷ്ടപ്പെട്ടതോ തൊഴിൽ രംഗത്തുള്ള മാന്ദ്യമോ, എൻട്രൻസ് പരീക്ഷകൾ നടക്കാത്തത്, ഡിഗ്രിയും ഡിപ്ലോമയും കഴിഞ്ഞവർക്ക് ഉപരിപഠനത്തിനോ ജോലിക്കോ പോകാൻ പറ്റാത്തത്, ഇതൊക്കെ ആളുകളുടെ മാനസിക ആരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷവും മലയാളികളുടെ മാനസിക ആശ്വാസമായ ദൈവവും ആരാധനാലയങ്ങളും തൽക്കാലം ആ ആശ്വാസം നൽകുന്നില്ല. സാന്പത്തികമായ പ്രതിസന്ധികളും മാനസികമായ വെല്ലുവിളികളും നേരിടുന്ന ആളുകൾക്ക്, പ്രത്യേകിച്ചും കുട്ടികൾക്ക്, പ്രായമായവർക്ക്, ഭിന്നശേഷി ഉളളവർക്ക്, എങ്ങനെയാണ് കൂടുതൽ പിന്തുണ നൽകാൻ സാധിക്കുന്നത്?. നിലമില്ലാക്കയം പോലുള്ള കൊറോണക്കാലം കടന്നുപോകാൻ പൂർണ്ണാരോഗ്യവും സാന്പത്തിക ബാധ്യതകൾ ഇല്ലാത്തവരും പോലും ബുദ്ധിമുട്ടുന്പോൾ ആരാണ് മറ്റുള്ളവർക്ക് ആശ്വാസമേകാനുളളത്?

വരുന്ന ആഴ്ചകൾ ജീവിതത്തിൽ ഒരു റീ-സെറ്റിനുള്ള സമയമാണ്. ഈ കൊറോണക്കാലം ഇന്നോ നാളെയെ പോകുന്നതല്ല എന്നും കൊറോണയോടൊപ്പം, എന്നാൽ കൊറോണയിൽ നിന്നകന്ന് ജീവിക്കാൻ നാം ശീലിക്കണമെന്നും അതിന് വ്യക്തിപരമായും സമൂഹം എന്ന നിലയിലും മാറ്റങ്ങൾ നാം നടത്തേണ്ടി വരുമെന്നും ചിന്തിച്ചു തുടങ്ങുക.

ഔദ്യോഗികമായ തിരക്കുകൾ ഉള്ളതിനാൽ എഴുത്തുകൾ അല്പം കുറച്ചിരിക്കുകയിരുന്നു. കാര്യങ്ങൾ കൂടുതൽ ഗുരുതരമാകുന്ന സ്ഥിതിക്ക് വീണ്ടും എഴുതി തുടങ്ങും.

സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 10:54:41 am | 03-12-2023 CET