എന്ജിനിയറിങ്ങിന് ഏത് ബ്രാഞ്ചെടുക്കണം? സുനിൽ തോമസ് തോണിക്കുഴിയിലിന്റെ ലേഖനം - ഭാഗം 02

Avatar
Sunil Thomas Thonikuzhiyil | 15-06-2023 | 5 minutes Read

1009-1686834677-thisisengineering-raeng-syrld4s-amw-unsplash
Photo Credit : unsplash.com/@thisisengineering

എല്ലാ വര്‍ഷവും ജൂണ്‍-ജൂലായ് മാസങ്ങളില്‍ ഈ ചോദ്യം നേരിടേണ്ടി വരാറുണ്ട്. ഒരു സാമ്പിള്‍ സംഭാഷണം ഇങ്ങനെയാണ്;

രക്ഷിതാവ്‌: ഈ വര്‍ഷം എല്ലാവരും കമ്പ്യൂട്ടറാണല്ലോ എടുക്കുന്നത്? സിവിലാണോ കമ്പ്യൂട്ടറാണോ നല്ലത്?

ഞാന്‍: എനിക്കു ജോത്സ്യം വശമില്ല. നിങ്ങള്‍ കവടി നിരത്തി പരിചയമുള്ള ആരോടെങ്കിലും ചോദിക്കുന്നതാകും നല്ലത്!
ഈ വര്‍ഷം എന്‍ജിനിയറിങ്ങിന് ചേരുന്ന ഒരു കുട്ടി 2027-ലാകും പഠനം കഴിഞ്ഞ് പുറത്തിറങ്ങുക. ആ സമയത്തെ ലോകക്രമമെന്താണെന്നോ, അമേരിക്കന്‍ പ്രസിഡന്റിന്റെ ഇമ്മിഗ്രേഷന്‍ പോളിസി എന്താണെന്നോ ഗണിച്ച് പറയാന്‍ എനിക്കാവില്ല. അതുകൊണ്ട് എന്നോട് ചോദിച്ച് നിങ്ങളൊരു റിസ്‌ക്കെടുക്കേണ്ട, ജോത്സ്യനാണ് ബെസ്റ്റ!'

കാര്യങ്ങള്‍ വസ്തുനിഷ്ഠമായി അപഗ്രഥിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കായി കുറച്ചുകൂടി വിശദമായ മറുപടി പലപ്പോഴും നല്‍കാറുണ്ട്; കേള്‍ക്കുന്നവര്‍ ചുരുക്കമാണെങ്കിലും. മേല്‍പ്പറഞ്ഞ ചോദ്യം ഉന്നയിക്കുന്നവരോട് ഞാനിങ്ങനെ ഒരു മറുചോദ്യം ചോദിച്ചാണ് സംസാരം തുടരുക (സംഗതി അല്‍പം പൊങ്ങച്ചമാണ്). ഞാന്‍ ബിടെക്കിന് ഇലക്ട്രോണിക്‌സാണ് പഠിച്ചത്, എംടെക്കിന് കമ്പ്യൂട്ടര്‍ സയന്‍സും. എന്റെ പി.എച്ച്.ഡി. ബോംബൈ ഐഐടിയിലെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങ് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ്. അങ്ങനെയെങ്കില്‍ എന്റെ ബ്രാഞ്ചേതാണ്?

ഇനി നമുക്ക് കാര്യത്തിലേക്ക് കടക്കാം. കേരള സര്‍ക്കാരിന്റെ പ്രോസ്പക്ടസ് പ്രകാരം ഈ വര്‍ഷം 27 എന്‍ജിനിയറിങ് ബ്രാഞ്ചുകളിലേക്കാണ് അഡ്മിഷന്‍, ഞെട്ടരുത്! കുട്ടികളും മാതാപിതാക്കളും വട്ടം കറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളു. ഇതുകൂടാതെ ആര്‍ക്കിടെക്ചര്‍ പോലെയുള്ള ചില കോഴ്‌സുകളും എന്‍ജിനീയറിങ് കോളജുകളില്‍ ഉണ്ട്.

ശരിക്കും എത്ര ബ്രാഞ്ചുണ്ട്?

എന്റെ അഭിപ്രായത്തില്‍ എന്‍ജിനിയറിങ്ങില്‍ മൂന്നര ബ്രാഞ്ചുകളേയുള്ളു-സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പിന്നെ കമ്പ്യൂട്ടര്‍ സയന്‍സ് എന്ന അരബ്രാഞ്ചും! ബാക്കിയുള്ള ബ്രാഞ്ചുകള്‍ മിക്കതും നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രങ്ങളാണ്. മെക്കാനിക്കല്‍ (പ്രൊഡക്ഷന്‍), പ്രൊഡക്ഷന്‍ (മെക്കാനിക്കലും) തമ്മിലുള്ള വ്യത്യാസം എനിക്ക് ഇനിയും പിടികിട്ടിയിട്ടില്ല. ഇത് പലതും മുമ്പ് ഗവണ്‍മെന്റ് അധ്യാപകര്‍ക്ക് വീട്ടിനടുത്തിരിക്കാനും പ്രമോഷന്‍ നേടാനും വേണ്ടി തട്ടിക്കൂട്ടിയതാണ്. സമീപകാലത്ത് ആകട്ടെ AICTE പോലെയുള്ള റെഗുലേറ്ററി സംവിധാനങ്ങള്‍ എടുക്കുന്ന മണ്ടന്‍ തീരുമാനങ്ങള്‍ മൂലവും പുതിയ ബ്രാഞ്ചുകള്‍ ഉണ്ടാകാറുണ്ട്. വിവിധ ബ്രാഞ്ചുകളില്‍ എന്താണു പഠിപ്പിക്കുന്നതെന്നും, അവയ്ക്കുള്ള സാധ്യതകളെന്തെന്നും നോക്കാം. (ഈ പറയുന്നതൊക്കെ ഇപ്പോഴത്തെ സ്ഥിതിയാണ്. നാലുകൊല്ലം കഴിയുമ്പോള്‍ എന്താകുമെന്ന് ഡിങ്കനു മാത്രമറിയാം!)

1. സിവില്‍ എന്‍ജിനിയറിങ്

മനുഷ്യൻ പ്രകൃതിയോട് മല്ലിട്ട് ജീവിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അവന്റെ നിലനില്‍പ്പിനായി പലവിധ സൂത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. സുഖജീവിതത്തിന് ആവശ്യമായ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് പലതരം അറിവുകള്‍ ശേഖരിക്കുകയും പിന്‍തലമുറയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. സിവില്‍ എന്‍ജിനിയറിങ് വിദ്യകള്‍ ഇത്തരത്തില്‍ നമുക്ക് പൈതൃകമായി തന്നെ ലഭിച്ചിട്ടുണ്ട്. മനുഷ്യനാവശ്യമായ പാര്‍പ്പിടം, റോഡുകള്‍, ജലവിതരണം, റെയില്‍വേ, ഓയില്‍, പൈപ്പ് ലൈന്‍, ഗതാഗതസംവിധാനങ്ങള്‍ ഒക്കെ ഒരുക്കന്നതിനുള്ള വിദ്യകളാണ് സിവില്‍ എന്‍ജിനീയര്‍ സ്വായത്തമാക്കേണ്ടത്.

ഇപ്പോഴത്തെ നിലയ്ക്ക് സമ്പദ്‌വ്യവസ്ഥയുടെ പുരോഗതി ആശ്രയിച്ചാണ് ഈ മേഖലയില്‍ അവസരങ്ങള്‍ ഉണ്ടാവുക. കേരളത്തില്‍ മേല്‍പ്പറഞ്ഞ മേഖലകളില്‍ വലിയ സംരംഭങ്ങള്‍ ഒന്നും തന്നെയില്ലാത്തതിനാല്‍ സിവില്‍ എന്‍ജിനിയര്‍മാര്‍ സാധാരണ ഗതിയില്‍ ഗള്‍ഫിലേക്കും, ഇന്ത്യയിലെ തന്നെ മറ്റ് നഗരങ്ങളിലേക്കും ചേക്കേറുകയാണ് പതിവ്. ഈ വര്‍ഷവും അതിന് മാറ്റമൊന്നുമില്ല. തുടക്കക്കാര്‍ മിക്കവാറും സൈറ്റ് എന്‍ജിനീയറായിട്ടാണ് ജോലിക്ക് കയറുക. ജോലി കിട്ടുന്ന ആദ്യ സ്ഥാപനം പലപ്പോഴും തുടര്‍ന്നുള്ള കരിയറിനെ സ്വാധീനിക്കും. കേരളത്തില്‍ ഒട്ടേറെ കോളേജുകളില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ എന്ജിനിയറിങ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഉണ്ട്.

ഈ മേഖലയില്‍ തന്നെ സേഫ്റ്റി എന്‍ജിനിയറിങ് പോലെയുള്ള ചില അനുബന്ധ കോഴ്‌സുകളും ലഭ്യമാണ്. ഇത്തരം അനുബന്ധ കോഴ്‌സുകളില്‍ പഠിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളിലെ സൗകര്യങ്ങളെ കുറിച്ച് കൃത്യമായി അന്വേഷിച്ചിതന് ശേഷം ചേരുന്നതാവും നല്ലത്.

2. മെക്കാനിക്കല്‍ എന്‍ജിനിയറിങ്

യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റിയാണ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ പഠിക്കുന്നത് എന്നാണ് വെപ്പ്. പക്ഷെ, മെക്കാനിക്കല്‍ എന്‍ജിനിയര്‍ കമ്പ്യൂട്ടറുകളെക്കുറിച്ചും ഇലക്ട്രിക്കല്‍ മെഷിനുകളെ കുറിച്ചുമൊക്കെ പഠിക്കുന്നുണ്ട്. അതിനാല്‍ ഒരു മെക്കാനിക്കല്‍ എന്‍ജിനീയറെ ഒരുവിധപ്പെട്ട എന്‍ജിനിയറിങ് ജോലികളൊക്കെ ഏല്‍പ്പിക്കാനാകും.

മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങിന്റെ വകഭേദങ്ങളായി, എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിങ്, പ്രൊഡക്ഷന്‍ എന്‍ജിനിയറിങ്, ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ്, മെക്കാനിക്കല്‍ പ്രോഡക്ഷന്‍ എന്‍ജിനിയറിങ് എന്നിങ്ങനെ പല കോഴ്‌സുകളും നിലവിലുണ്ട്. ബിടെക് തലത്തിലെ സിലബസ് പരിശോധിച്ചാല്‍ അടിസ്ഥാനപരമായി ഇവയെല്ലാം മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങും, തുടര്‍ന്ന് മേല്‍പ്പറഞ്ഞ വകഭേദങ്ങളില്‍ എവിടെയെങ്കിലും ചെറിയ സ്‌പെഷ്യലൈസേഷനും ആണ്. അതായത്, ഇവയെല്ലാം ഒരേ സാധനം പല കുപ്പിയിലാക്കിയതാണ്. പലപ്പോഴും ഇതെല്ലാം തുല്യമാണെന്ന് തെളിയിക്കാന്‍ പിഎസ്സി പരീക്ഷ എഴുതുന്നവര്‍ നെട്ടോട്ടമോടുന്നത് കണ്ടിട്ടുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഫാക്ടറികള്‍, കപ്പല്‍, ഓയില്‍ മേഖലയിലെ ജോലികള്‍ തുടങ്ങി മാര്‍ക്കറ്റിങ് വരെ നടത്താന്‍ മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ക്ക് കഴിയും. നിലവില്‍ കേരളത്തില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് മേഖലയില്‍ തീരെ തൊഴില്‍ സാധ്യതയില്ല. മെട്രോനഗരങ്ങളിലും വിദേശത്തുമാണ് പലര്‍ക്കും ജോലി ലഭിക്കുക. മെക്കാനിക്കല്‍ എന്‍ജിനിയറിങ് പഠിച്ചിട്ട് മറ്റു മേഖലകളിലേക്ക് മാറിയ ധാരാളം പേരെ കാണാന്‍ കഴിയും. മാനേജ്‌മെന്റിലും മറ്റും ഉന്നതബിരുദം എടുത്ത്, മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍ പല കമ്പനികളുടെയും തലപ്പത്തേക്ക് നീങ്ങുന്നത് കണ്ടിട്ടുണ്ട്. അടുത്തകാലത്തായി മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ പലരും ഐടി കമ്പനികളില്‍ ആണ് ജോലിക്ക് കയറുന്നത്. ഇവിടെയും നിങ്ങളുടെ കഴിവും സമീപനവും പ്രധാനമാണ്. ഈ കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ വിരളമായേ ചേരാറുള്ളു. കാരണമെന്താണെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്!

3. ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്

ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, മോട്ടോറുകള്‍, ജനറേറ്ററുകള്‍, ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക്‌സ് കണ്‍ട്രോള്‍ സിസ്റ്റംസ്, സിഗ്‌നല്‍ പ്രോസസിംഗ് എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിടെക് എടുക്കുന്നവര്‍ പഠിക്കാറുണ്ട്. ലോകവ്യാപകമായി പല മേഖലകളിലും ഇത്തരക്കാര്‍ക്ക് തൊഴില്‍ ലഭിക്കാറുണ്ട്. നൂതനസങ്കേതങ്ങള്‍ ആയ സോളാര്‍ സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയില്‍ ഇനിയങ്ങോട്ട് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പഠിച്ചവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും.

കേരളത്തില്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് പലപേരില്‍ പഠിപ്പിക്കുന്നുണ്ട്. ഞാന്‍ റെക്കമെന്റ് ചെയ്യുന്നത് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എന്നീ ബ്രാഞ്ചുകളാണ്. ഇവ തമ്മിലുള്ള വ്യത്യാസം: ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചില്‍ പവര്‍സിസ്റ്റം, കണ്‍ട്രോള്‍ സിസ്റ്റം, ജനറേഷന്‍ ഡിസ്ട്രിബ്യൂഷന്‍ മുതലായവയ്ക്കാണ് പ്രാമുഖ്യം നല്‍കാറ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയര്‍മാര്‍ സിഗ്‌നല്‍ പ്രോസസിംഗ്, കമ്മ്യൂണിക്കേഷന്‍ എന്നിവയിലാകും കൂടുതല്‍ പരിശീലനം നേടിയിട്ടുണ്ടാവുക.

മെക്കാനിക്കല്‍ പോലെ തന്നെ ഈ ബ്രാഞ്ചില്‍ നിന്ന് മറ്റ് മേഖലകളിലേക്ക് മാറാം. അത്യാവശ്യം കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് അറിയാമെങ്കില്‍ ഈ ബ്രാഞ്ചുകളില്‍ പഠിക്കുന്നവരെ ഐ ടി കമ്പനികളും ജോലിക്കൊടുക്കാറുണ്ട്. ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍മാര്‍ക്ക് വിദേശത്തും മെട്രോനഗരങ്ങളിലും തൊഴില്‍ സാധ്യതയുണ്ട്.

4. കമ്പ്യൂട്ടര്‍ സയന്‍സ്/ എന്‍ജിനിയറിങ്

കമ്പ്യൂട്ടര്‍ സയന്‍സ് ഒരു എന്‍ജിനിയറിങ് ശാഖയാണോ, അതോ ഗണിതശാസ്ത്രത്തിന്റെ വകഭേദമാണോ എന്ന തര്‍ക്കമുണ്ട്. സോഫ്റ്റ്വേറുകള്‍ ഉണ്ടാക്കുന്നതിനുള്ള തത്ത്വങ്ങളും സാങ്കേതികവിദ്യകളും അതിനാവശ്യമായ ഹാര്‍ഡ്വേര്‍ സങ്കേതങ്ങളുമാണ് കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ നിങ്ങളെ പഠിപ്പിക്കുക. നിലവില്‍ കോളേജുകളില്‍ പഠിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് തിയററ്റിക്കല്‍ ആണ്. കമ്പ്യൂട്ടര്‍ സയന്‍സ് ഡിഗ്രിയുള്ള പലര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാനറിയില്ല എന്ന സത്യം പറയാതിരിക്കാന്‍ വയ്യ. പഠനകാലത്ത് സിലബസിന് പുറത്ത്, ഇപ്പോള്‍ ഈ രംഗത്തുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയാല്‍ നല്ല രീതിയില്‍ തൊഴില്‍ നേടാന്‍ കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് വഴിതുറക്കും.

ടെക്‌നോപാര്‍ക്കിന്റെയും, ഇന്‍ഫോപാര്‍ക്കിന്റെയും, ഒട്ടേറെ ചെറു ഐടി കമ്പനികളുടെയും വരവോടുകൂടി, നിലവില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ട് കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍മാര്‍ക്ക്. മുന്‍നിര കോളേജുകളിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യം തന്നെ ക്യാമ്പസ് പ്ലേസ്‌മെന്റ് കിട്ടുക. കമ്പ്യൂട്ടര്‍ മേഖലയില്‍ മറ്റ് സ്‌പെഷ്യലൈസേഷന്‍ ഉള്ളവര്‍ക്കും സാധ്യതകളുണ്ട്.

നിലവില്‍ കേരളത്തിലെ കോളജുകളില്‍ കമ്പ്യൂട്ടര്‍ സയന്‍സിന്റെ ഒമ്പതോളം വകഭേദങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, സൈബര്‍ സെക്യൂരിറ്റി, ഡേറ്റ സയന്‍സ് എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ് കോഴ്‌സുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇവയെല്ലാം തന്നെ അടിസ്ഥാനപരമായി ഒരേ സിലബസ് ആണ് പഠിപ്പിക്കുന്നത്. അവസാനത്തെ നാല് സെമസ്റ്ററുകളില്‍ കുറച്ച് സ്‌പെഷലൈസേഷന്‍ ഉണ്ടാകും. സമീപകാലത്താണ് ഇത്തരം മിക്ക കോഴ്‌സുകളും തുടങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ സ്‌പെഷലൈസേഷനുകള്‍ പഠിപ്പിക്കുന്നതിന് പ്രാപ്തരായ അധ്യാപകരുടെ കുറവ് എല്ലാ കോളേജുകളിലും ഉണ്ട്.

ഇത്തരം ബ്രാഞ്ചുകള്‍ എടുക്കുന്നവര്‍ ഇന്റര്‍നെറ്റില്‍ നിന്നും മറ്റും അവര്‍ക്ക് ആവശ്യമായ പുതിയ സ്‌പെഷലൈസേഷനുകള്‍ കണ്ടുപിടിച്ച് പഠിക്കാന്‍ ശ്രമിക്കണം. കോളേജുകളില്‍ നിന്ന് മിക്കവാറും നിങ്ങള്‍ക്ക് കിട്ടുന്ന കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം ഇന്‍ഡസ്ട്രിയുമായി പലപ്പോഴും ചേര്‍ന്നു പോകുന്നതാവില്ല. അതുകൊണ്ട് സ്വന്തമായി കാര്യങ്ങള്‍ ഗ്രഹിക്കാനും പഠിക്കാനും കഴിവുള്ളവര്‍ ഈ മേഖലയിലെ കോഴ്‌സുകളില്‍ ചേര്‍ന്നാല്‍ വരുംകാലത്ത് നല്ല തൊഴില്‍ സാധ്യത ഉണ്ടായേക്കാം

മേല്‍പ്പറഞ്ഞ എന്‍ജിനിയറിങ് ശാഖകള്‍ പഠിക്കുന്നവര്‍ക്ക് അടിസ്ഥാനപരമായി ചില യോഗ്യതകള്‍ ആവശ്യമായിട്ടുണ്ട്. പ്രധാനപ്പെട്ടത് അടിസ്ഥാന ഗണിതത്തിലുള്ള ധാരണയാണ്. എന്‍ജിനിയറിങ് പ്രവേശനത്തിന് ഗണിതത്തിന് പ്ലസ്ടുവില്‍ 45 ശതമാനം മാര്‍ക്ക് മതി. പക്ഷേ നിങ്ങള്‍ക്ക് പ്ലസ്ടു തലത്തിലുള്ള മാത്തമാറ്റിക്‌സ് കൃത്യമായി അറിയില്ലെങ്കില്‍ എന്‍ജിനിയറിങ് പരീക്ഷകള്‍ പാസാകാന്‍ ബുദ്ധിമുട്ടാകും. ഈ ബ്രാഞ്ചുകളില്‍ ഒക്കെ തന്നെ ഗണിതശാസ്ത്രതത്ത്വങ്ങള്‍ ഉപയോഗിച്ചിട്ടാണ് ഡിസൈനുകളും മറ്റും ചെയ്യുന്നത്. അതിനാല്‍ ഗണിതശാസ്ത്രം വശമില്ലാത്തവര്‍ എന്‍ജിനിയറിങ്ങിന് ചേരുന്നതിന് മുമ്പ്, അടിസ്ഥാന ഗണിതത്തില്‍ കാര്യമായ അറിവ് ഉണ്ടാക്കേണ്ടതാണ്.

കോഴ്‌സ് മാത്രമല്ല പഠിക്കുന്ന സ്ഥാപനവും ബെസ്റ്റാവണം

മേല്‍പ്പറഞ്ഞവ കൂടാതെ, കെമിക്കല്‍ എന്‍ജിനിയറിങ്, ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, ഷിപ്പ് ടെക്‌നോളജി തുടങ്ങിയ മൈനര്‍ ബ്രാഞ്ചുകളുമുണ്ട്. ഇവയ്‌ക്കൊക്കെ വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്കേ പ്രവേശനം ലഭിക്കൂ. ഇവ നടത്തുന്ന ചില സ്ഥാപനങ്ങള്‍ പേരു കേട്ടവയാണ്. ഉദാഹരണത്തിന് മോഡല്‍ എന്‍ജിനിയറിങ് കോളേജിലെ ബയോ മെഡിക്കല്‍ എന്‍ജിനിയറിങ് നല്ല നിലയില്‍ നടക്കുന്ന ഒന്നാണ്. ഇതുകണ്ടിട്ട് സ്വാശ്രയ കോളേജിലെ ഇതേ പേരുള്ള കോഴ്‌സിന് ചേരരുത്. സ്ഥാപനത്തിന്റെ റെപ്യൂട്ടേഷന്‍ വളരെ വലുതാണ്. മുമ്പ് പഠിച്ചിരുന്നവര്‍ ഇപ്പോള്‍ എന്താണ് ചെയ്യുന്നത്, എവിടെയൊക്കെയാണ് അവര്‍ക്ക് ജോലി കിട്ടിയിട്ടുള്ളത് എന്ന് ഏത് കോഴ്‌സില്‍ ചേരുന്നതിന് മുമ്പും അന്വേഷിക്കണം..

ചുരുക്കി പറഞ്ഞാല്‍, എല്ലാ ബ്രാഞ്ചുകള്‍ക്കും ഒരേ പോലെ അവസരമുണ്ട്. അത് തേടികണ്ടുപിടിക്കുന്നതിലാണ് നിങ്ങളുടെ മിടുക്ക്. ജോലി കിട്ടുന്നത് പലപ്പോഴും റഫറന്‍സുകളിലൂടെയാണ്. പഠനകാലത്ത് നിങ്ങളുടെ ഇഷ്ട വിഷയത്തില്‍ ചെയ്യുന്ന കൊച്ചു കൊച്ചു പ്രോജക്ടുകള്‍ കഴിയുമെങ്കില്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രദര്‍ശിപ്പിക്കണം. GitHub, linked.in പോലെയുള്ള സൈറ്റുകളില്‍ നിങ്ങളുടെ സംഭാവന എഴുതി പിടിപ്പിക്കണം. നിങ്ങള്‍ ഒരു സംഭവമാണെന്ന് പഠനകാലത്ത് തന്നെ തെളിയിക്കണം..പല മേഖലയിലും നിരവധി ഓപ്പണ്‍സോഴ്‌സ് ഫ്രീ സോഫ്റ്റ്വേര്‍ പ്രോജക്ടുകളുണ്ട്. പഠനകാലത്ത് തന്നെ ഇത്തരം പ്രോജക്ടുകളുടെ ഭാഗമാകുന്നത് നന്നായിരിക്കും.

നിങ്ങളുടെ ബ്രാഞ്ചിനേക്കാളും വില പലപ്പോഴും പഠിക്കുന്ന സ്ഥാപനത്തിനാണ്. അതേക്കുറിച്ച് അടുത്ത ലക്കത്തില്‍.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 01:44:51 am | 29-05-2024 CEST