മലയാളികൾ നാട് വിടുന്നത് എന്ത് കൊണ്ടു? എങ്ങനെ?

Avatar
ജെ എസ് അടൂർ | 14-02-2022 | 6 minutes Read

928-1644861932-hello-i-m-nik-z1d-lp8sjui-unsplash
Photo Credit : unsplash.com/@helloimnik

കേരളത്തിനു വെളിയിൽ ആളുകൾ പഠിക്കാൻ പോകുന്നതും ജോലി ചെയ്യാൻ പോകുന്നതും ജീവിക്കാൻ പോകുന്നതും പുതിയ അവസരങ്ങൾക്ക് വേണ്ടിയും മെച്ചപ്പെട്ട ശമ്പളത്തിനുവേണ്ടിയുമാണ്. ഭേദപ്പെട്ട ശമ്പളമുണ്ടെങ്കിൽ അതിനു അനുസരിച്ചുള്ള മെച്ചപ്പെട്ട ജീവിത സാഹചര്യം ഉണ്ടാകും എന്ന പ്രത്യാശയിലാണ്.
അല്ലാതെ കേരളം ഒരു മോശം സംസ്ഥാനം ആയതു കൊണ്ടല്ല.

ആളുകൾ ഒരു നാട് വിട്ടു പുതിയ നാടുകളിൽ ചേക്കേറുന്നത് പുതിയ കാര്യമല്ല. ആയിരകണക്കിന് കിലോമീറ്റർ താണ്ടി പ്രവാസത്തിനെത്തുന്ന പക്ഷികളെപോലെയാണ് മനുഷ്യരും.

പച്ചയായ പുൽപ്പുറങ്ങളും സ്വസ്ഥതയുള്ള വെള്ളവും തേടി ആടുകളെയും കന്നുകാലികളെയും തെളിയിച്ചു പുതിയ ദേശങ്ങൾ തേടിയുള്ള യാത്രകളിലാണ് ചരിത്രവും സംസ്കാരങ്ങളും രൂപപ്പെട്ടത്. പുതിയ നാട്ടിൽ പുതിയ ഭാഷയും ഭക്ഷണവും കാലവസ്ഥയുമായി താദാത്മ്യം പ്രാപിച്ചാണ് ദേശവും അധികാരവും യുദ്ധവും സമാധാനവുമുണ്ടായത്.

ഇക്കരെ നിൽക്കുമ്പോൾ അക്കരപച്ചകൾ മോഹിച്ചാണ് മനുഷ്യൻ പുറപ്പാടുകൾ നടത്തുന്നത്. പുതിയ ആൽകെമിക്ക് വേണ്ടി, നിധിക്ക് വേണ്ടി,സ്വർണ്ണവും പാലും തേനും ഒഴുകുന്ന സ്വർഗ്ഗ തുല്യ നാട് തേടിയാണ് മനുഷ്യൻ കടലുകൾ താണ്ടിയത്. ഇപ്പോഴും താണ്ടുന്നത്.

അല്ലെങ്കിൽ ഇത്രയും ബദ്ധപ്പെട്ട് വാസ്ഗോഡി ഗാമ എല്ലാ കാറ്റിനെയും കടലിനെയും അതിജീവിച്ചു കാപ്പാട് തീരത്തു വരില്ലായിരുന്നു. കൊളമ്പസൊ അമരിഗോ വെസ്പുജിയോ അമേരിക്കയിൽ എത്തില്ലായിരുന്നു. പോർട്ട്‌ഗീസ്കാരൻ പ്രിൻസ് ഹെൻറി ആഫ്രിക്കയിലേക്കുള്ള മാർഗം കണ്ടു പിടിക്കില്ലായിരുന്നു. ക്യാപ്റ്റൻ കുക്ക് ആസ്‌ട്രേലിയൻ തീരത്തെതിയത്

മനുഷ്യൻ പച്ചയായ പുൽപ്പുറങ്ങൾ തേടി മാത്രം അല്ല പലായനങ്ങൾ ചെയ്തത്.പ്രകൃതി ദുരന്തങ്ങളിൽ നിന്നും മഹാമാരികളിൽ നിന്നും യുദ്ധങ്ങളിൽനിന്നും അതി ശൈത്യത്തിൽ നിന്നും അതിവരൾച്ചയിൽ നിന്നും മനുഷ്യൻ പുറപ്പെട്ടു പുതിയ ഇടങ്ങളിൽ കുടിയേറി. അങ്ങനെയാണ് കേരളത്തിൽ ഇത്രയും ജന നിബിഡമായതു. കുടിയേറ്റങ്ങളുടെയും കുടിയിറക്കങ്ങളുടെയും ചരിത്രത്തിലൂടെയാണ് കേരളമുണ്ടായത്.

ഈജിപ്റ്റിൽ അടിമപണിയിൽ നിന്നു മോശയുടെ നേതൃത്വത്തിൽ പലായനം ചെയ്തു നാൽപ്പത് വർഷം മരുഭൂമിയിൽ ഉഴറിയപ്പോൾ പാലും തേനും ഒഴുകുന്ന കനാൻ ദേശമെന്ന പ്രത്യാശയിലാണ് ഇസ്രായേൽ മക്കൾ /യഹൂദർ സ്വപ്നം കണ്ടു പിടിച്ചു നിന്നത്.

മതങ്ങളും പാലും തേനും ഒഴുകുന്ന മാലാഖമാരും ഹൂറികളുമുള്ള സ്വർഗം വാഗ്ദാനം ചെയ്താണ് മനുഷ്യരെ മോഹിപ്പിച്ചു വരച്ചവലയിൽ മതത്തിന്റെ വിശ്വാസ അടിമകളക്കുന്നത്. അതുപോലെ ഭരണകൂടം കൊഴിഞ്ഞു പോകുന്ന, വരുവാനിരിക്കുന്ന സമത്വ സുന്ദര മാർക്സിസ്റ്റ് കനാൻ ദേശമായ സ്വർഗ സ്വപ്ന കമ്മ്യുണിസ്റ്റ് വിപ്ലവത്തിനു വേണ്ടിയാണ് കോടിക്കണക്കിന് ആളുകളെ കൊന്നുതീർക്കുവാൻ പ്രേരിപ്പിച്ചത്.

അതുകൊണ്ടു മനുഷ്യൻ എല്ലായിടത്തും എന്നും മരു പച്ചകൾ തേടി പുറപ്പെട്ടതാണ് ലോക ചരിത്രം. പക്ഷെ പലപ്പോഴും മരുപച്ച തേടിയുള്ള ഓട്ടത്തിൽ പലരും ഏത്തപ്പെടുന്നത് മരീചികയുടെ മരുഭൂമിയിലാണ്.

പണ്ട് നോർവേയിൽ സർക്കാർ ജോലി മാത്രം ഉള്ളപ്പോൾ ഒരുപാട് നോർവെക്കാർ നാട് വിട്ടു. നോർവേയിലെ നോർവേക്കാരിലും കൂടുതൽ നോർവെക്ക് വെളിയിൽ ആയിരുന്നു. പക്ഷെ നോർവേ സാമ്പത്തികവളർച്ച നേടി തൊഴിൽ അവസരങ്ങൾ കൂടിയപ്പോൾ അവരിൽ വലിയൊരു വിഭാഗം തിരിച്ചു വന്നു.

ഇപ്പോൾ കേരളത്തിൽ ഭേദപ്പെട്ട ജോലി സർക്കാർ ശമ്പളം കൊടുക്കുന്നതാണ് ഭൂരിപക്ഷം. പ്രൈവറ്റ് സെക്റ്ററിൽ വലിയ ശമ്പളം കിട്ടുന്ന ജോലികൾ അധികമില്ല.

സർക്കാരിൽ ജോലികിട്ടിയാൽ ശമ്പള കമ്മീഷനകൾക്ക് ശേഷം സാമാന്യം നല്ല ശമ്പളം കിട്ടും.
ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൂടികൊണ്ടേയിരിക്കും. പക്ഷെ അതു കേരളത്തിൽ മാത്രം സംഭവിക്കുന്നതല്ല. ലോകത്തു എല്ലായിടത്തും അങ്ങനെയാണ്. സർക്കാർ എന്ന സംവിധാനമാണ് എല്ലായിടത്തും മനുഷ്യനു സാമാന്യം നിയമ വ്യവസ്ഥയിലൂടെ സുരക്ഷയും സേവനങ്ങളും ഉറപ്പാക്കുന്നത്. കേരളത്തിലും ഇന്ത്യയിലും എല്ലായിടത്തും.

മറ്റു തൊഴിൽ അവസരങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ഞാൻ ഉൾപ്പെടെയുള്ളവർ കേരളത്തിനും ഇന്ത്യക്കും ഒക്കെ വെളിയിൽ പോയത്. അതിനു ഒരു കാരണം കേരളത്തിൽ ബഹുഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസം നേടുന്നത് കൊണ്ടു അവർ മെച്ചമായ ശമ്പളവും അവസരങ്ങളും തേടുന്നത് സ്വാഭാവികം.

അല്ലാതെ ഇന്ത്യയൊ കേരളമോ മോശപ്പെട്ട സ്ഥലങ്ങൾ ആയതു കൊണ്ടല്ല. ഇന്നും ലോകത്തു ഏറ്റവും കൂടുതൽ വൈവിദ്ധ്യവും ഭൂപ്രകൃതിയും മനോഹാരിതയു മൊക്കെയുള്ള ഇന്ത്യയും ലോകത്തിലെ ഏറ്റവും മനോഹര ദേശവുമായ കേരളവുമാണ് എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്നത്. ലോകത്തു എവിടെപോയാലും എന്റെ ഉള്ളിൽ നിറയെ കേരളവും ഇന്ത്യയും ആയിരുന്നു.

അതിനർത്ഥം ഇന്ത്യയിലും കേരളത്തിലും പ്രശ്നങ്ങൾ ഇല്ല എന്നല്ല. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ലോകത്തു ഏതാണ്ട് 130 രാജ്യങ്ങളിൽ സഞ്ചരിച്ചു പല സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ജീവിച്ചഎനിക്ക് മനസ്സിലായത് പ്രശ്നങ്ങൾ ഇല്ലാത്ത ഒരു രാജ്യവും ഈ ഭൂമിയിൽ ഇല്ല.

മനുഷ്യർ എവിടെയൊക്കെയുണ്ട് അവിടെയൊക്കെ വിവിധ തരം പ്രശ്നങ്ങൾ ഉണ്ട്. അഴിമതിയും വിവേചനവും ഒന്നും ഇല്ലാത്ത രാജ്യങ്ങൾ കുറവ്. എനിക്ക് വിവേചനം ഏറ്റവും തോന്നിയത് സമ്പൽ സമൃദ്ധമായ,മാനവ സൂചികയിൽ ഒന്നാമതായ നോർവെയിലാണ്. ആദ്യം തന്നെ കൊടും ശൈത്യ ത്തിൽ ഒരു വീടെടുക്കുവാൻ പോയപ്പോഴാണ് നിറവും ദേശീയതയുമൊക്കെ എങ്ങനെയാണ് ഒപ്പേററ്റ് ചെയ്യുന്നു എന്ന് മനസ്സിലായത്.
സമ്പൽ സമൃദ്ധിയുടെയും സ്വപ്നങ്ങളുടെയും അമേരിക്കയിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെടുന്നത് ആരെങ്കിലും തോക്ക് എടുത്തു വേറെ മനുഷ്യരെ വെറുതെ കൊല്ലുമ്പോഴാണ്. അങ്ങനെ ഓരോ രാജ്യത്തും ഓരോ പ്രശ്നങ്ങൾ ഉണ്ട്. പല രാജ്യത്തും സ്വാതന്ത്ര്യവും മനുഷ്യ അവകാശവും പൂജ്യം.

ഏഷ്യയിൽ തന്നെ സാമാന്യം ഏറ്റവും കൂടുതൽ സ്വാതന്ത്ര്യവും അവകാശങ്ങളുമുള്ള് മഹാരാജ്യം ഇന്ത്യ തന്നെ. അതിൽ തന്നെ കേരളം ജനായത്ത ഭരണത്തിൽ മുന്നിലാണ്. തെക്കെ ഏഷ്യയിലെ എല്ലാ രാജ്യങ്ങളെക്കാൾ വളരെ ഭേദമാണ്. മറ്റു പല രാജ്യങ്ങളിലും സ്വാതന്ത്ര്യമായി സാമൂഹിക മാധ്യമങ്ങളിൽ എഴുതിയാൽ അകത്തു പോകും.

കേരളത്തിൽ നമ്മൾ സൂക്ഷിച്ചു നോക്കുമ്പോൾ പല പ്രശ്നങ്ങൾ ഉണ്ട്.
പല കാരണങ്ങൾ കൊണ്ടു കേരളത്തിലെ ഉന്നത വിദ്യാഭ്യാസം ഉന്നതമല്ല.

ഇന്നത്തെ ഹൈപ്പർ മീഡിയ യുഗത്തിൽ മിക്കവാറും ന്യൂസുകൾ എല്ലാം തന്നെ നെഗറ്റീവ് ന്യൂസോ, രാഷ്ട്രീയ വിവാദങ്ങളോ, രാഷ്ട്രീയ കൊലപാതകങ്ങളോ, ആത്മഹത്യകളോ, അഴിമതിയോ, കള്ളക്കടത്തോ, ഗുണ്ടഗിരിയോ, ക്വട്ടേഷൻ അക്രമങ്ങളോ, പോലീസ് ലോക്കപ്പ് മരണങ്ങളോ, വർഗീയ പ്രശ്നങ്ങളോ, സർക്കാരിന്റെ ഭരണദുർവിനിയോഗമൊക്കയാണ് . വിഷ്വൽ മീഡിയക്ക് വേണ്ടത് അതാതു അത്താഴത്തിനുള്ള ഡ്രാമയും സെൻസെഷനുമാണ്.

സോഷ്യൽ മീഡിയയും ടി വി യും കൂടെ കൂട്ടി ഹൈപ്പർ മീഡിയ യുഗത്തിൽ ചെറിയ പ്രശ്നങ്ങൾ പോലും പർവതീകരിക്കപ്പെടും. വാവ സുരേഷും ബാബുവും സ്വപ്നയുമൊക്കെകൊണ്ടു മാധ്യമങ്ങൾ പുതിയ പുതിയ ' സ്റ്റോറികൾ' ആഘോഷിക്കും. അതിനു അനുസരിച്ചു സോഷ്യൽ മീഡിയ പ്രതികരണം.

ചുരുക്കത്തിൽ കേരളത്തിലെ ടി വി മാധ്യമങ്ങളും മലയാളം സോഷ്യൽ മീഡിയയും മാത്രം കണ്ടു കേരളത്തെ അറിഞ്ഞാൽ പലർക്കും തോന്നും ലോകത്തിലെ ഏറ്റവും മോശം സ്ഥലം കേരളമാണെന്ന്. ഇവിടെ സ്വാതന്ത്ര്യം ഇല്ലന്നു. ഇവിടെ അതിരാഷ്ട്രീയ പൂരിതമാണ്, ഉദ്യോഗസ്ഥർ വെറുതെ ശമ്പളം വാങ്ങി യൂണിയൻ ഉണ്ടാക്കി അവരുടെ കാര്യങ്ങൾ നോക്കുന്നു. മീഡിയയിൽ കൂടെ കാണുന്ന കേരളത്തിൽ നിന്ന് ' രക്ഷപ്പെടാനാണ് ' എല്ലാവരും കേരളം വിട്ടു പോകുന്നു എന്നാണ് ഇപ്പോൾ പലരും എഴുതുന്നത്.

പലപ്പോഴും ഗ്രഹാതുരത്വത്തിൽ കേരളത്തെ മാത്രം നോക്കുമ്പോൾ ഉള്ള പ്രശ്നമാണ്. പലരും അവരവർ ജീവിക്കുന്ന രാജ്യത്തെ വിവരത്തെക്കാൾ കേരളത്തിലെ വിവിരങ്ങൾ അറിയുന്നവർ ആയിരിക്കും. അവരവർ കുടിയേറുന്ന സമൂഹത്തിലോ രാഷ്ട്രീയത്തിലോ ഇടപെടുന്നവർ വളരെ ചുരുക്കം.

പലപ്പോഴും ഒരു എൻ ആർ ഐ സിന്ഡ്രോം ഉണ്ട്. അതു ഒരു സൈക്കോളജിക്കൽ ഡിഫെൻസ് കൂടിയാണ്. പുതിയ ഒരു രാജ്യത്തുപോയി പത്തു പുത്തൻ ഉണ്ടായാൽ ഗൾഫിലെയും അമേരിക്കയിലെയും യൂറോപ്പിലെയും അവസ്ഥകളെ ഐഡിയലൈസ് ചെയ്യും. എന്നിട്ട് കേരളവുമായി താരതമ്യം ചെയ്യും. കേരളത്തെ ടി വി യി ലൂടെയും സോഷ്യൽ മീഡിയയിലൂടെ മാത്രം കാണുന്നവർ പറയും കേരളവും ഇന്ത്യയും എത്ര മോശമാണ്. ഇവിടെ സൂപ്പർ ഹൈവേ ഇല്ല. ഹൈ സ്പീഡ് ട്രെയിൻ ഇല്ല. പബ്ബില്ല. ഇവിടെ മുഴുവൻ അഴിമതിയാണ്. വർഗീയതയാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അതിൽ ചിലർ നാട്ടിൽ വരുമ്പോൾ കാച്ചിൽ കൃഷ്ണ പിള്ളമാരാകും. ' എന്തൊരു ചൂട്!! എന്തൊരു റോഡ് '
അങ്ങനെപോകും പരാതികൾ. ഇതിനെ ഞാൻ വിളിക്കുന്നത് എൻ ആർ ഐ സിന്ഡ്രോം എന്നാണ്.
പക്ഷെ അതൊന്നും ഇല്ലാത്ത ഒരുപാട് പേരെ അറിയാം.

മീഡിയയിൽ കാണുന്ന കേരളം അല്ല ഞാൻ കാണുന്നത്. സർക്കാർ ഓഫീസിൽ പോയപ്പോഴിക്കെ മാന്യമായി പെരുമാറുന്ന ഉദ്യോഗസ്ഥർ, ഏത് അപകടത്തിലും സഹായിക്കാൻ ജാതിയോ മതമോ നോക്കാതെ ഉടനെ ഓടികൂടുന്ന നാട്ടുകാർ, വൻ പ്രളയ സമയത്തുപോലും സ്വന്തം ജീവൻ പണയപ്പെടുത്തി ആളുകളെ രക്ഷപെടുത്തുന്നവർ. ആത്മാഭിമാനമുള്ള ആളുകൾ. പരസ്പരം സഹായിക്കുന്നവർ.

കേരളത്തിൽ പതിനാലു ജില്ലയിലും സഞ്ചരിച്ചു സമൂഹത്തെ അടുത്തറിഞ്ഞാണ് പറയുന്നത്.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ സാമൂഹിക പ്രവർത്തനവും സാമൂഹിക ഉത്തരവാദിത്തവുമുള്ള രാഷ്ട്രീയ നേതാക്കളെ ഞാൻ കണ്ടിട്ടുള്ളത് കേരളത്തിലാണ്. ഏത് പാർട്ടി ആയാലും.

അതുപോലെ കേരളത്തിലെ മാനവ വികസന ഇൻഡക്സ് ഇന്ത്യയിൽ ഒന്നാമത്. പഞ്ചായത്ത്‌ ഭരണം. നല്ല ഒന്നാം തരം ഹോസ്പിറ്റലുകൾ. റോഡുകൾ ഇപ്പോൾ വളരെ ഭേദം. സത്യത്തിൽ തിരുവനന്തപുരത്തു കിട്ടുന്ന മിക്കവാറും കാര്യങ്ങൾ അടൂരിൽ കിട്ടും.

അതു കൊണ്ടു കേരളത്തിൽ എല്ലാം മോശമാണ്,ഇന്ത്യ മോശമാണ് അതു കൊണ്ടു വിദേശത്തു പോയാൽ എല്ലാം മധുര മനോജ്മാണ് എന്നതിനോട് യോജിപ്പില്ല.

ഇക്കരെ നിൽക്കുമ്പോൾ അക്കര പച്ച എന്നത് എല്ലാവർക്കും തോന്നും. പക്ഷെ അണ്ടിയോട് അടുക്കുമ്പോൾ അറിയാം മാങ്ങയുടെ പുളി. മിന്നുന്നത് എല്ലാം പൊന്നല്ല.

അതു കൊണ്ടു കേരളം മോശമായത് കൊണ്ടുന്നും അല്ല കൂടുതൽ ആളുകൾ നാട് വിടുന്നത്. ഇവിടെ കാല കാലങ്ങളിൽ ഉള്ള സർക്കാർ ഇവിടുത്തെ ചെറുപ്പക്കാർക്ക് കൊടുക്കുന്ന ഒരു മെസ്സേജ് ' ഇവിടെ കിടന്നാൽ രക്ഷപെടില്ല ' എന്നതാണ്. അതു കൊണ്ടു ഞാൻ അടക്കം കേരളം വിട്ടത് ഈ നാടും നാട്ടുകാരും മോശമായത് കൊണ്ടല്ല. പുതിയ അവസരങ്ങളും നല്ല ജോലിയും ശമ്പളവും തേടിയാണ്.

കേരളത്തിൽ ബിരുദം പൂർത്തിയാക്കി ഞാൻ സ്ഥലം വിട്ടത് ഭേദപ്പെട്ട അവസരങ്ങൾ തേടിയാണ്. പൂന യൂണിവേഴ്സിറ്റിയിലും പൂന വൻ നഗരത്തിലും ഉള്ള സാമൂഹികവൽക്കരണവും പുതിയ കാഴ്ചപ്പാടുമാണ് ജീവിതത്തെ കുറിച്ചു വേറിട്ടൊരു തിരിച്ചറിവും ലക്ഷ്യബോധവുമുണ്ടാക്കിയത്.

ഇന്ത്യയിലും ലോകത്തു പലയിടത്തും ജീവിച്ചു ഇന്ത്യയിൽ എല്ലായിടത്തും ലോകത്തുഎല്ലായിടത്തും ജോലി ചെയ്തു. യൂറോപ്പിയൻ രാജ്യങ്ങളിലോ അമേരിക്കയിലോ സെറ്റിൽ ചെയ്യാമായിരുന്നു.പക്ഷെ കേരളമായിരുന്നു അന്നും ഇന്നും ഇഷ്ട്ടം.

ലോകത്തു എല്ലായിടത്തും സഞ്ചരിച്ചിട്ടും ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലം കേരളമായത് കൊണ്ടാണ് തിരിച്ചു ഇവിടെ തന്നെ വന്നത്. ജോലി രാജിവച്ചു വന്നത് അമ്മയോടൊപ്പം ജീവിക്കാനാണ്. അമ്മയുള്ളിടമാണ് വീട്. മറ്റു രാജ്യങ്ങളിൽ എല്ലാം ജീവിച്ചത് ഫ്ലാറ്റുകളിലും വാടക ഇടങ്ങളിലാണ്. വീട് അമ്മയുള്ളടത്താണ്

ഞാൻ ജനിച്ചു വളർന്ന ഗ്രാമത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്.
ഇനിയും ഒരു ജന്മമുണ്ടെങ്കിൽ ഈ സുന്ദര ഭൂമിയിലായിരിക്കണം എന്നാണ് ആഗ്രഹം.

പക്ഷെ അതായിരിക്കും ഏറ്റവും നല്ലത് എന്ന അഭിപ്രായമൊന്നും ഇല്ല. എനിക്കു ഇഷ്ട്ടമായത് ഞാൻ ചെയ്തു.

അതിനർത്ഥം അതു കേമം എന്നല്ല. നമ്മളുടെ ഓരോരുത്തരുടെയും ഇഷ്ട്ടവും ഇഷ്ട്ടകെടും സാഹചര്യങ്ങളുടെ സൃഷ്ട്ടിയാണ്. സാഹചര്യങ്ങളും ആവശ്യങ്ങളുമാണ് നമ്മളെ ഓരോന്ന് തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. അതിൽ ഏതാണ് അവരവർക്ക് ഇഷ്ട്ടം എന്നത് അവരവരാണ് തെരെഞ്ഞെടുക്കേണ്ടത്.

നമ്മുടെ ഓരോരോ അവസ്ഥകളാണ് നമ്മളെ ഓരോ സ്ഥലത്തു എത്തിക്കുന്നത്. പുതിയ സാഹചര്യങ്ങളും പുതിയ രാജ്യങ്ങളും പുതിയ ഭാഷയും ഭക്ഷണവുമായൊക്ക മനുഷ്യൻ താദാത്മ്യം പ്രാപിച്ചാണ് ചരിത്രവും സമൂഹവും ഇത് വരെ എത്തിയത്.

ഒരു കാലത്ത് ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ അവസരങ്ങൾ തേടിയും രക്ഷതേടിയും കേരളമെന്നു ഇപ്പോൾ പറയുന്ന സ്ഥലത്തു എത്തിയത് കൊണ്ടാണ് നമ്മളുടെ ജീൻ പൂൾ ഗ്ലോബലൈസ് ചെയ്യപ്പെട്ടത്.അങ്ങനെയാണ് നമ്മുടെ ഭാഷയും ഭക്ഷണവും വസ്ത്രവും പാർപ്പിടവും ഗ്ലോബലൈസ് ചെയ്യപ്പെട്ടത്.

അതു കൊണ്ടു ഏത് രാജ്യത്തായാലും ഏത് സംസ്ഥാനത്തായാലും ഏത് സിറ്റിയിൽ ആയാലും മനുഷ്യൻ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചാൽ അതു ധന്യ ജീവിതം.

വീണിടം വിഷ്ണുലോകമാക്കാൻ കഴിവുള്ളവരാണ് നമ്മൾ മലയാളികൾ. പിന്നെ അതിവേഗം വിനിമയങ്ങൾ ഉള്ളത് കൊണ്ടു ന്യൂസിലാൻഡിൽ ജീവിക്കുന്ന പെങ്ങളും ഞാനും എല്ലാദിവസവും കണ്ടും കേട്ടും സംസാരിക്കാൻ ഒരു പ്രശ്നവും ഇല്ല. ബർലിനിൽ ജീവിക്കുന്ന മകനുമായി ഈ ഗ്രാമത്തിൽ ഇരുന്നു മണിക്കൂറുകളോളം സംസാരിക്കാം. കാരണം കേരളത്തിലെ ഗ്രാമങ്ങളിൽപോലും ഇപ്പോൾ ഹൈസ്പീഡ് ഇന്റർനെറ്റ്‌ കണക്റ്റിവിറ്റിയുണ്ട്.

എവിടെയായാലും മനസ്സ് നന്നായാൽ മനുഷ്യൻ നന്നാകും. അതു ലോകത്തു എവിടെ ആണെങ്കിലും

എന്തായാലും പണ്ട് പഠിച്ച ഉള്ളൂർകവിതയാണ് മനസ്സിൽ വരുന്നത് :

പ്രപഞ്ചഭൂമിയിൽ വിതച്ച വിത്തിൻ ഫലത്തെ നാം കൊയ്‌വൂ
പ്രപഞ്ചമരുൾവൂ പട്ടും വെട്ടും പകരത്തിനു പകരം
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
പേശലമല്ലൊരു വസ്തുവുമുലകിൽ പ്രേക്ഷകനില്ലെന്നാ;-
ലീശ്വരസൃഷ്ടിയിലെങ്ങെങ്ങില്ലീയിതരേതരയോഗം?

പ്രാണികുലത്തിൻ പരമാത്മഗുണം പരസ്പരപ്രേമം
നമിക്കിലുയരാം, നടുകിൽത്തിന്നാം, നൽകുകിൽ നേടീടാം
നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ.'

കക്കാട് പറഞ്ഞത് പോലെ

"കാലമിനിയുമുരുളും ,വിഷു വരും,
വർഷം വരും, തിരുവോണം വരും ,
പിന്നെയോരോ തളിരിനും പൂ വരും,
കായ് വരും
അപ്പോളാരെന്നുമെന്തന്നും
ആർക്കറിയാം...."

ജെ എസ്‌ അടൂർ


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 07:19:35 pm | 02-12-2023 CET