ചിലരുടെ വിചിത്രമായ സ്വപ്നങ്ങൾ ഇല്ലായിരുന്നെങ്കിൽ, ഈലോകം എത്രമേൽ നിസ്സഹായവും നിരായുധവും ആയിപ്പോകുമായിരുന്നു ! സൂം (Zoom) സ്ഥാപകന്റെ ജീവിതവഴികൾ ..

Avatar
Shibu Gopalakrishnan | 23-05-2020 | 2 minutes Read

eric yuvan

രണ്ടു കോളേജിൽ ആയിപ്പോവുകയും അതിനിടയിൽ 10 മണിക്കൂറിന്റെ ട്രെയിൻ യാത്ര വേണ്ടിവരികയും ചെയ്തപ്പോൾ അപൂർവമായി മാത്രം കാമുകിയെ കാണാൻ കഴിഞ്ഞിരുന്ന ഒരു ചൈനീസ് യുവാവിനു അത്തരം ട്രെയിൻ യാത്രകളിൽ തോന്നിയിരുന്ന വിചിത്രമായ ഒരു സ്വപ്നം ആയിരുന്നു അത്. ഞങ്ങൾക്ക് പരസ്പരം കണ്ടുകൊണ്ടു അവിടെയും ഇവിടെയും ഇരുന്നു സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.

കോളേജ് കഴിഞ്ഞപ്പോൾ ബിൽഗേറ്റ്സിന്റെ ഒരു പ്രസംഗം കേട്ട ആ യുവാവിനു അമേരിക്ക ഒരു സ്വപ്നമായി മാറി. രണ്ടു വർഷത്തിനിടയിൽ എട്ടു തവണയാണ് വിസക്കുള്ള അപേക്ഷ നിരസിക്കപ്പെട്ടത്. ഒൻപതാമത്തെ തവണ സ്വപ്നം സഫലമായി. സിലിക്കൺവാലിയിലെത്തി വീഡിയോ കോൺഫറസിങ് രംഗത്ത് പ്രവർത്തിക്കുന്ന വെബെക്സ്(Webex) എന്ന സ്റ്റാർട്ടപ്പ് കമ്പിനിയുടെ ഭാഗമായി. ഇംഗ്ലീഷ് പരിജ്ഞാനം കുറവായതിനാൽ സംസാരം കുറവായിരുന്നു, കോഡിങ് മാത്രം ചെയ്തുകൊണ്ടിരുന്നു.

വെബെക്സിനെ സിസ്കോ മേടിച്ചപ്പോൾ വെബെക്‌സിന്റെ തലവൻ ആയിരുന്നെങ്കിലും വെബെക്‌സിൽ തൃപ്തനായിരുന്നില്ല. പണ്ട് ട്രെയിനിൽ വച്ചുകണ്ട സ്വപ്നം പൂവണിഞ്ഞിരുന്നില്ല, അതിനു ചിറകുകൾ നൽകാൻ സിസ്കോ തയ്യാറല്ല എന്നുമനസിലായപ്പോൾ 2011ൽ അവിടം വിട്ടിറങ്ങി. കൂടെ ഇറങ്ങിവന്ന 40 സഹപ്രവർത്തകർക്കൊപ്പം സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കൈയിൽ നിന്നു കടംവാങ്ങിയ മൂലധനംകൊണ്ടു പുതിയൊരു കമ്പിനി ആരംഭിച്ചു.

2012ൽ പുതിയ വീഡിയോ കോൺഫറൻസിങ് ആപ്പ് പുറത്തിറക്കി. സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകളെല്ലാം നിരസിക്കപ്പെട്ടു. പഴയ കാമുകി അഥവാ ഇപ്പോഴത്തെ ഭാര്യ പോലും ജോലി ഉപേക്ഷിക്കാനുള്ള തീരുമാനത്തെ ചോദ്യം ചെയ്തു. എങ്കിലും പഴയ പകൽക്കിനാവിൽ ഉറച്ചുനിന്നു. ദിവസവും പതിനെട്ടു മണിക്കൂർ ജോലി ചെയ്തു, എട്ടുവർഷത്തെ കഠിനപ്രയത്നത്തിൽ കമ്പിനി വളർന്നു, വലുതായി. യഥാർത്ഥ വിജയം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

2020 മാർച്ചു മാസത്തിൽ കോവിഡിനെ തുടർന്നു രാജ്യങ്ങൾ ഓരോന്നായി ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തുടങ്ങി. ആളുകൾ വീട്ടിലിരുന്നു പണിയെടുക്കാൻ തുടങ്ങി. വീഡിയോ കോൺഫറൻസിങ് അകലങ്ങളിലും മനുഷ്യനെ അടുപ്പിച്ചു നിർത്തുന്ന അഭയമായി. മാർച്ച് 23നു യുകെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ അന്നുമാത്രം 21 ലക്ഷം ആളുകളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. ആദ്യമായി ടിക്ടോക്കിനെയും ഫേസ്ബുക്കിനെയും പിന്തള്ളി.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

മൂന്നുമാസം കൊണ്ട് 49 കാരനായ ഈ മനുഷ്യന്റെ ആസ്തി ഇരട്ടിയായി. അന്നുവരെ ലോകത്തെ 500 ധനവാന്മാരുടെ ലിസ്റ്റിൽ ഒരിക്കൽ പോലുമില്ലാതിരുന്ന ഒരാൾ പൊടുന്നനെ 192ആം സ്ഥാനത്തേക്കു വന്നു. പണ്ട് ട്രെയിൻ യാത്രയിൽ കണ്ടൊരു പകൽക്കിനാവ് കൊറോണക്കാലത്ത് ലോകത്തിന്റെ മുഴുവൻ ആശ്വാസമായി മാറി. പണക്കാരെല്ലാം പാവപ്പെട്ടവരായപ്പോൾ, എല്ലാ മുതലാളിമാരും പാപ്പരായപ്പോൾ, സ്വന്തം സ്വപ്നത്തിനു വേണ്ടി പണിയെടുത്ത ഒരാൾ മാത്രം വളർന്നുവലുതായി.

ഇപ്പോൾ സന്തോഷം തോന്നുന്നുണ്ടോ എന്നുചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു- "ഞാൻ ഇരുപതുകളിൽ ആയിരുന്നെങ്കിൽ ഒരുപക്ഷെ തുള്ളിച്ചാടിയേനെ, എന്നാൽ ഇപ്പോൾ പണം എനിക്ക് സന്തോഷങ്ങളൊന്നും തരുന്നില്ല. ഇന്നല്ലെങ്കിൽ നാളെ ലോകം വീട്ടിലിരുന്നു പണിയെടുക്കുമെന്നു എനിക്കറിയാമായിരുന്നു". വർഷത്തിൽ രണ്ടു തവണ മാത്രം ബിസിനസ്സ് ട്രിപ്പുകൾ നടത്തുന്ന, എല്ലാ യാത്രകളുടെയും ആവശ്യം സ്വന്തം ആപ്പുവഴി സാധ്യമാക്കുന്ന ആ മനുഷ്യൻ വിമാനയാത്രകൾ കുറയ്ക്കുന്നതിനു പറഞ്ഞ കാരണം കാലാവസ്ഥാ വ്യതിയാനം ആയിരുന്നു.

സൂമിന്റെ(Zoom) സ്ഥാപക സിഇഒ എറിക് യുവാൻ.

അദ്ദേഹം തന്റെ പുതിയ സ്വപ്നം വെളിപ്പെടുത്തിയത് ഇങ്ങനെയാണ്- "2035ൽ നിങ്ങൾ സൂമിനിടയിൽ ഒരു കാപ്പി കുടിക്കാനെടുക്കുമ്പോൾ ഒരു ബട്ടൺ തെളിയും, അതുപയോഗിച്ചാൽ കൂടെയുള്ള എല്ലാവർക്കും കാപ്പി ലഭിക്കും."

ചിലരുടെ വിചിത്രമായ സ്വപ്‌നങ്ങൾ ഇല്ലായിരുന്നെങ്കിൽ, അവർ ആ സ്വപ്നത്തെ അതിതീവ്രമായി പിന്തുടർന്നില്ലായിരുന്നെങ്കിൽ, ഈലോകം എത്രമേൽ നിസ്സഹായവും നിരായുധവും ആയിപ്പോകുമായിരുന്നു!


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 04:49:02 am | 30-03-2024 CET