ഇന്നലെ കേരളത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയായിരിന്നു വാളയാറിൽ നിന്നും കൊച്ചിയിലേക്കുള്ള ചേസ്. എൻ ഐ എ വാഹനത്തിന് മുൻപിൽ, പുറകിൽ, വാഹനത്തോട് ഒപ്പം, വാഹനത്തിനകത്തേക്ക് കാമറ സൂം ചെയ്യാൻ ശ്രമിച്ച് അങ്ങനെ ഒരു മാധ്യമപ്പട.
ഇന്നിപ്പോൾ അതിനെതിരെ ട്രോൾ മഴയാണ്. "ഇതെന്ത് മാധ്യമ സംസ്കാരം?" എന്ന തരത്തിലാണ് ചോദ്യങ്ങൾ ഉയരുന്നത്.
മാധ്യമ ചർച്ചകളുടെ കാര്യവും ഇതുപോലെ തന്നെയാണ്. ഒച്ചപ്പാടാണ് പ്രധാനം. "നീ ആരാണ്? നിന്റെ വാചകം ഇവിടെ വേണ്ട, അച്ചി വീട്ടിൽ മതി" എന്നൊക്കെ ചർച്ചക്ക് വരുന്നവർ പരസ്പരം ആക്രോശിക്കുന്നു. വിളിച്ചു വരുത്തുന്ന അതിഥികളും അവതാരകരും തമ്മിൽ വാഗ്‌വാദം നടക്കുന്നു. വിഷയം എന്തുമാകട്ടെ, അതിലേക്ക് കൂടുതൽ ശബ്ദമാണ് പ്രകാശമല്ല ഇപ്പോഴത്തെ മാധ്യമ ചർച്ചകളിൽ നിന്നും ലഭിക്കുന്നത്.
എന്തുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്?, നമ്മുടെ മാധ്യമ രംഗത്ത് അപചയമുണ്ടായോ? പുതിയൊരു മാധ്യമ സംസ്കാരം ഉടലെടുക്കുകയാണോ?
തീർച്ചയായും ഇതൊരു പുതിയ മാധ്യമ സംസ്കാരമാണ്. ഇത് പക്ഷെ നമ്മുടെ തനത് സംസ്കാരമൊന്നുമല്ല. 1994 ലാണ് ഓ ജെ സിംപ്‌സനെ പോലീസ് ചേസ് ചെയ്യുന്നത് അമേരിക്കയിൽ മാധ്യമങ്ങൾ ലൈവ് ആയി കാണിക്കുന്നത്. നമുക്ക് ഇവിടെ കാറിൽ നിന്നുള്ള ഫീഡ് ആണെങ്കിൽ അമേരിക്കയിൽ നിന്നും അന്ന് ഹെലികോപ്റ്ററിൽ നിന്നായിരുന്നു ഫീഡ്. ലോകത്ത് മറ്റിടങ്ങളിലും ഇതൊക്കെ പതിവാണ്. പല രാജ്യങ്ങളിലും മാധ്യമ സ്ഥാപനങ്ങൾക്ക് സ്വന്തമായി ഹെലികോപ്റ്റർ ഒക്കെയുണ്ട്. ലണ്ടനിലെ ചില റേഡിയോ സ്റ്റേഷനുകൾക്ക് പോലും ട്രാഫിക് ന്യൂസ് റിപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രം ഹെലികോപ്റ്റർ ഉണ്ട്. അമേരിക്കയിൽ പോലീസിനിന്റെയും കോടതികളുടേയും പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനായി മാത്രം ടെലിവിഷൻ ചാനലുകളുണ്ട്. എന്നാണ് മലയാളത്തിൽ ഒരു ക്രൈം ഒൺലി ചാനൽ ഉണ്ടാകുന്നത്?, കാറുകളിൽ നിന്നും നമ്മുടെ മാധ്യമങ്ങൾ ഹെലികോപ്ടറുകളിലേക്ക് പുരോഗമിക്കുന്നത് എന്നൊക്കെയാണ് ഞാൻ ചിന്തിക്കുന്നത്.
ടെലിവിഷൻ സ്റ്റുഡിയോയിലെ യുദ്ധവും നമ്മുടെ തനത് സംസ്കാരമല്ല. ടെലിവിഷനിൽ എത്രമാത്രം ഒച്ചപ്പാടുണ്ടെന്ന് കാണണമെങ്കിൽ ഡൽഹിയിലെ ചാനലുകൾ കണ്ടാൽ മതിയല്ലോ. ടെലിവിഷൻ സ്റ്റുഡിയോവിൽ ആളുകൾ പരസപരം ഫ്‌ളവർ വേസ് എടുത്തെറിയുന്നതും കഴുത്തിന് പിടിക്കുന്നതും കസേര എടുത്ത് തടയുന്നതും ഒക്കെ കാണണമെങ്കിൽ അറബിക് ചാനലുകൾ കാണണം. എന്നെങ്കിലും നമ്മുടെ ചാനലുകളിൽ അടി വീഴുമോ?
നാട്ടിലാണെങ്കിലും മറുനാട്ടിലാണെങ്കിലും എന്തുകൊണ്ടാണ് സെൻസേഷണൽ ആയ വിഷയങ്ങൾക്ക് കൂടുതൽ വിസിബിലിറ്റി കിട്ടുന്നത്? എന്തുകൊണ്ടാണ് ചർച്ചകളിൽ കൂടുതൽ ഒച്ചയും ബഹളവും ഉണ്ടാകുന്നത്? ആരാണ് ഇതിന് ഉത്തരവാദി?
ഇതിന്റെ ഉത്തരവാദിത്തം മനസ്സിലാകണമെങ്കിൽ പുതിയ കാലത്തെ ടി വി ചാനലുകളുടെ റെവന്യൂ മോഡൽ നോക്കിയാൽ മതി. ആദ്യകാലത്തെ ടി വി ചാനലുകൾ നടന്നിരുന്നത് ഒന്നുകിൽ സർക്കാർ അതിന് പണം കൊടുത്തിട്ടാണ്, അല്ലെങ്കിൽ ടെലിവിഷൻ ഉള്ളവരിൽ നിന്നോ നാട്ടുകാരിൽ നിന്നോ ഫീ വാങ്ങിയിട്ടാണ്. ബ്രിട്ടനിലും സ്വിറ്റ്‌സർലണ്ടിലും ഇപ്പോഴും അതേ സാഹചര്യം നിലനിൽക്കുന്നു.
ഇത്തരത്തിൽ വരുമാനമില്ലാത്ത ചാനലുകൾക്ക് പരസ്യങ്ങളിൽ നിന്നും വരുമാനം ഉണ്ടാക്കിയേ പറ്റൂ. കൂടുതൽ കാഴ്ചക്കാരുളള ചാനലുകൾക്കാണ് കൂടുതൽ പരസ്യം ലഭിക്കുന്നത്.
അപ്പോൾ എല്ലാ ചാനലുകളും കൂടുതൽ പ്രേക്ഷകരെ നേടാൻ മത്സരിക്കും. ഏതെങ്കിലും ചാനലിന് ഏതെങ്കിലും വിഷയം പ്രത്യേക രീതിയിൽ കവർ ചെയ്താൽ കൂടുതൽ റേറ്റിങ് കിട്ടുന്നുണ്ടെങ്കിൽ ആ രീതി അവലംബിക്കാൻ മറ്റുള്ളവരും ശ്രമിക്കും. കുറ്റകൃത്യങ്ങൾ കവർ ചെയ്യുന്പോഴാണ് കൂടുതൽ ആളുകൾ കാണുന്നതെങ്കിൽ എല്ലാവരും അത് ചെയ്യും, ഹെലികോപ്റ്ററുമായി പോലീസ് കാറിന് മുകളിലൂടെ പറക്കുന്നതാണ് റേറ്റിങ് കൂട്ടുന്നതെങ്കിൽ എല്ലാവരും ഹെലികോപ്റ്റർ വാങ്ങും. അതിഥികളെ ഇരുത്തിപ്പൊരിക്കുന്നതാണ് ആളുകൾക്ക് ഇഷ്ടപ്പെടുന്നതെങ്കിൽ അവതാരകർ ആളുകളെ ഇരുത്തിപ്പൊരിക്കാൻ മത്സരിക്കും, അതിഥികൾ തമ്മിൽ മല്ലടിക്കുന്നതാണ് ആളുകൾ കാണുന്നതെങ്കിൽ അത്തരത്തിൽ ഒച്ചപ്പാടുണ്ടാക്കുന്നവരാകും കൂടുതൽ അതിഥികളായി വരുന്നത്.
ചുരുക്കി പറഞ്ഞാൽ നമ്മുടെ സിറ്റിംഗ്‌റൂമിൽ ഇരിക്കുന്ന ടെലിവിഷനിൽ എന്താണ് വരുന്നതെന്ന് മാത്രമല്ല കേരളത്തിലെ മൊത്തം ചാനലുകളിൽ എന്താണ് വരുന്നത്, ഏത് തരം രീതികളാണ് ട്രെൻഡ് ആകുന്നത് എന്നെല്ലാം തീരുമാനിക്കുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ റിപ്പോർട്ടർമാരെ പോലീസ് കാറിന് പുറകെ ഓടിക്കുന്നതും ചർച്ചക്ക് വരുന്നവരെ തമ്മിൽ തല്ലിക്കുന്നതും നമ്മൾ തന്നെയാണ് !. മാധ്യമ സംസ്കാരത്തെ കുറ്റം പറയുന്പോൾ പോലും വാസ്തവത്തിൽ നമ്മൾ പെരുമാറുന്നത് ഇപ്പോൾ നമുക്ക് ചുറ്റും കാണുന്ന മാധ്യമ രീതികളെ പരമാവധി പിന്തുണക്കുന്ന രീതിയിൽ തന്നെയാണ്.
അത് കൊണ്ട് മാധ്യമ സംസ്കാരത്തെ കുറ്റം പറയേണ്ട, നമ്മൾ സ്വയം മാറിയാൽ മതി. അതിന്റെ പ്രതിഫലനം ടി വി ചാനലിൽ മാത്രമല്ല സമൂഹത്തിലും ഉണ്ടാകും. ഇല്ലെങ്കിൽ കാറുപോയി ഹെലികോപ്റ്റർ വരും. ആക്രോശം മാറി കയ്യാങ്കളി ആകും. അത് നമുക്ക് നേരെ പിടിക്കുന്ന കണ്ണാടിയാണ്. അതിനെ കുറ്റപ്പെടുത്തിയിട്ട് എന്തു കാര്യം?
മുരളി തുമ്മാരുകുടി
(ഒ ജെ സിംപ്സൺ ചേസിന്റെ ചിത്രമാണ്, LA Times നോട് കടപ്പാട്)
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി