അഭയാ കേസ് ഐ.എസ്.ആർ.ഒ. കേസിനേക്കാൾ വലിയ നാണക്കേട് നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സമ്മാനിക്കുമോ? സഭയിൽ പ്രവർത്തിക്കുന്നു എന്നു കരുതി ഒരു കൂട്ടരുടെ മാത്രം മനുഷ്യാവകാശം അന്വേഷണ ഏജൻസികൾ നിഷേധിക്കുന്നത് സാമാന്യ നീതിക്ക് എതിരാണ് ..

Avatar
വെള്ളാശേരി ജോസഫ് | 18-05-2020 | 9 minutes Read

abhaya case
Photo Credit : Livelaw.in

കഴിഞ്ഞ 20-30 വർഷമായി കേരളത്തിൽ നടക്കുന്ന ഏറ്റവും പ്രമാദമായ കേസാണ് സിസ്റ്റർ അഭയ കേസ്. ഈ കേസിൽ സി.ബി.ഐ. ഡമ്മി പരീക്ഷണം ഒക്കെ നടത്തിയിരുന്നു. 13 സംഘങ്ങളാണ് ഇതുവരെ സിസ്റ്റർ അഭയ കേസ് അന്വേഷിച്ചത്. ആദ്യം ലോക്കൽ പോലീസും, ക്രൈം ബ്രാഞ്ചും ഒക്കെ ആത്മഹത്യ ആണെന്ന് പറഞ്ഞു തള്ളിയ കേസാണ് പിന്നീട് സഭാ മേലധ്യക്ഷൻമാരുടെ സമ്മർദത്തിൻറ്റെ ഫലമായി സി.ബി.ഐ. ഏറ്റെടുക്കുന്നത്. സി.ബി.ഐ. ഏറ്റെടുക്കുന്നത് തന്നെ സഭയുടെ യാഥാസ്ഥികത്വം ഒരു വലിയ അളവ് വരെ കാരണമാണ്.

സഭയിലുള്ള ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു അവരുടെ ഒക്കെ വിലയിരുത്തൽ!!!

കേസന്വേഷണത്തിന്റെ നാൾവഴികൾ വളരെ സംഭവ ബഹുലമാണ്. അതൊക്കെ എഴുതണമെങ്കിൽ അനേകം വോളിയങ്ങൾ ഉള്ള ഒരു പുസ്തകം തന്നെ എഴുതേണ്ടി വരും. ഇവിടെ അതിനൊന്നും ഉദ്യമിക്കുന്നില്ലാ. പോസ്റ്റ്മാർട്ടം നടത്തിയ ഡോക്ടർ സി. രാധാകൃഷ്ണൻ സിസ്റ്റർ അഭയയുടേത് ആത്മഹത്യ ആണെന്നാണ് പറഞ്ഞിട്ടുള്ളത്. കേരളാ പോലീസിന്റെ മെഡിക്കൽ ഉപദേശകനും, മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്റ്ററുമായിരുന്ന ഡോക്ടർ ഉമാദത്തനും അഭയയുടേത് ആത്മഹത്യ ആണെന്നു പറഞ്ഞു. ഡോക്ടർ ബി. ഉമാദത്തൻ സിസ്റ്റർ അഭയയുടേത് ഒരു കൊലപാതകമാണെന്നുള്ള സി.ബി.ഐ.-യുടെ കേസ് അസത്യങ്ങളും ഒരു ഘോഷയാത്രയാണെന്നാണ് ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

എന്തൊക്കെയായാലും സിസ്റ്റർ സ്റ്റെഫിയും, ഫാദർ കോട്ടൂരാനും, ഫാദർ പിതൃക്കയിലും ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഈ കേസിൽ സുപ്രധാനമായ ഒരു വഴിത്തിരിവ് വന്നത് അഭയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കേരളാ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് ഹേമ പുറപ്പെടുവിച്ച വിധിന്യായത്തിലൂടെയാണ്. അഭയ കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കേരളാ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് ഹേമ പുറപ്പെടുവിച്ച വിധിന്യായത്തിൽ പറയുന്ന കാര്യങ്ങൾ ഇതാണ്:

1) Petitioners are totally innocent and they are victims of the sensation created by media and they are arrested without any evidence against them.
2) Sr. Abhaya committed suicide and she was not assaulted nor murdered, as alleged.
3) Several circumstances indicate that there could be no assault at the alleged scene, as alleged.
4) Though there were bleeding injuries on Sr. Abhaya, not even a drop of blood was present at the alleged scene of occurrence, alleged weapon of offence or the veil found at the scene of occurrence.
5) The injuries on the deceased could not have been caused by the alleged weapon of offence.
6) Medical evidence supports a case of suicide and not homicide.
7) Scientific examinations like brain finger printing, polygraph etc., done on petitioners prove their innocence rather than proving their guilt.
8) Compact discs on Narco Analysis were tampered with, as seen from the observations to that effect, in the order passed by another bench of this court in I.A.1614/2008 in WPC. 35590/2007 and and hence no reliance may be placed on the same.
9) CBI arrested petitioners only to save its face, because of the "compulsive orders" passed by another bench of this court (vide I.A. 1614/2008 referred above) whereby, officials in CBI were under a serious `threat' of severe criticism from the court, unless they arrest accused.

ഇങ്ങനെ പോയിൻറ്റ് ബൈ പോയിൻറ്റ് ആയി, കാര്യകാരണ സഹിതം യുക്തിഭദ്രമായി ആണ് ജസ്റ്റീസ് ഹേമ അഭയ കേസിൽ ഒബ്സർവേഷൻസ് നടത്തുന്നത്. 12 അന്വേഷണ സംഘങ്ങളും കാര്യമായി അന്വേഷിച്ചിട്ട് തെളിവ് കിട്ടാത്തതിനാൽ മുഖം രക്ഷിക്കാൻ വേണ്ടി സി.ബി. ഐ. കെട്ടിച്ചമച്ചതാണ് അഭയ കേസ് എന്നത് ജസ്റ്റീസ് ഹേമ വ്യക്തമായി പറയുന്നുണ്ട്. ക്രിമിനൽ പ്രൊസീജ്യർ അനുസരിച്ച് അഭയ കേസിൽ സി.ബി. ഐ. ഹാജരാക്കിയ തെളിവുകളോ, സാക്ഷി മൊഴികളോ നിലനിൽക്കില്ലെന്നും ജസ്റ്റീസ് ഹേമ വിധിന്യായത്തിൽ പറയുന്നുണ്ട്. മാധ്യമ വിചാരണയുടെ പൊള്ളത്തരത്തിലേക്കും ജസ്റ്റീസ് ഹേമ വിരൽ ചൂണ്ടുന്നുണ്ട്. ജസ്റ്റീസ് ഹേമയുടെ ഒബ്സർവേഷൻസ് എങ്കിലും അഭയ കേസിൽ അഭിപ്രായം പറയുന്നതിന് മുമ്പ് വായിക്കണം എന്നു പറഞ്ഞാൽ... “അത് ഞങ്ങളെന്തിനാ വായിക്കുന്നേ‌? ഞങ്ങൾ പത്രങ്ങൾ വായിച്ചിട്ടുണ്ട്.” എന്ന് പല മലയാളികളും പറയും. എല്ലാ അറിയാമെന്ന് കരുതുന്ന അത്തരക്കാർ സ്വയം വിഡ്ഢികളാകുന്നത് അവർ പോലും അറിയുന്നില്ലാ. ജസ്റ്റിസ് ഹേമയുടെ കാഴ്ചപ്പാട് നിയമബോധമുളള, ക്രിമിനൽ നിയമം വ്യക്തമായി പഠിച്ചിട്ടുള്ള ഒരു ന്യായാധിപയുടെ കാഴ്ചപ്പാട് ആണെന്നുള്ള കാര്യമെങ്കിലും ഒരു മിനിമം സുബോധമുള്ളവർ മനസിലാക്കേണ്ടതുണ്ട്.

ഇംഗ്ലീഷ് വാക്കുകൾ കൂട്ടിവായിക്കാൻ അറിയാവുന്ന ആർക്കും അഭയ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ട് കേരളാ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റീസ് ഹേമ പുറപ്പെടുവിച്ച വിധിന്യായം വായിക്കാവുന്നതാണ്. പോയിൻറ്റ് ബൈ പോയിൻറ്റ് ആയി, കാര്യകാരണ സഹിതം യുക്തിഭദ്രമായി ജസ്റ്റീസ് ഹേമ അഭയ കേസിൽ ഒബ്സർവേഷൻസ് നടത്തുന്നുണ്ട്. ഒരു ഹൈക്കോടതി ജഡ്ജിക്ക് പ്രമാദമായ ഒരു കേസിൽ പൊതുജനത്തോട് കള്ളം പറയേണ്ട ഒരു കാര്യവുമില്ലല്ലോ. അഭയ കേസിൽ സംശയമുള്ളവർ അത് ദയവായി വായിക്കുകയാണ് വേണ്ടത്. » ജസ്റ്റീസ് ഹേമയുടെ ഒബ്സർവേഷൻസ് പബ്ലിക് ഡൊമൈനിൽ ഉള്ള ഡോക്കുമെൻറ്റാണ്. അത്തരം വിധിന്യായങ്ങൾ വായിക്കാതെ, നമ്മുടെ നാട്ടിലെ മഞ്ഞ പത്രങ്ങളിൽ വരുന്ന നിറം പിടിപ്പിച്ച കഥകൾ വായിച്ചിട്ടല്ല സുബൊധമുള്ളവർ അഭിപ്രായം പറയേണ്ടത്.

മലയാളികളോട് ഇതൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കാരണം കണ്ടമാനം കുളം കലക്കികൾ മലയാളികളുടെ ഇടയിൽ ഉണ്ട്. അഭയ കേസുമായി ബന്ധപ്പെട്ട് ദൃശ്യമാധ്യമങ്ങൾ സ്ഥിരം എഴുന്നള്ളിക്കുന്ന ഒരു വ്യക്തിയാണ് ജോമോൻ പുത്തൻപുരക്കൽ. കുറുപ്പുംപടി ജിഷ വധ കേസിൽ ജോമോൻ പുത്തൻപുരക്കൽ ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണം ചിലരെങ്കിലും ഓർമിക്കുന്നുണ്ടാകാം. വെറുതെ മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് ഇത്തരക്കാർ ആരോപണം ഉന്നയിക്കുന്നതും, ആക്ഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നതും. പക്ഷെ ജോമോൻ പുത്തൻപുരക്കലിനെകാളും കഷ്ടമാണ് പഠിപ്പും, വിവരവുമുള്ള ചില മലയാളികൾ. ജിഷ വധത്തിൽ ആവശ്യമില്ലാതെ ആരോപണം ഉന്നയിച്ച് ജോമോൻ പുത്തൻപുരക്കൽ കാറ്റുപോയ ബലൂൺ പോലെ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ദിവ്യ പി. ജോണിൻറ്റെ ആത്മഹത്യ. ജോമോൻ പുത്തൻപുരക്കലിനെ പറഞ്ഞിട്ട് കാര്യമില്ല. ജിഷ വധം പുള്ളി പി. പി. തങ്കച്ചനുമായി ബന്ധപ്പെടുത്തിയപ്പോൾ തന്നെ ജിഷയുടെ കണ്ണും മൂക്കും ചുണ്ടും ചൂണ്ടികാട്ടി പി. പി. തങ്കച്ചനുമായി താരതമ്യം ചെയ്ത ഒത്തിരി മലയാളി ഡിറ്റക്റ്റീവ്സ് ഉണ്ടിവിടെ. രണ്ടു പേരുടേയും ഫോട്ടോ ഇട്ട്, ചതുരം വരച്ച് മാർക്ക് ചെയ്തായിരുന്നു ഇത്തരം ഡിറ്റക്റ്റീവ്സിൻറ്റെ കളി. അമിറുൾ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തിട്ടും, പുള്ളിയെ കോടതി ശിക്ഷിച്ചിട്ടും പലരുടേയും സംശയം തീരുന്നില്ല. കോൺസ്പിരസി തിയറിസ്റ്റുകൾ അമിറുൾ ഇസ്‌ലാം അല്ല യഥാർത്ഥ പ്രതി എന്ന് ഇപ്പോഴും പറയുന്നുണ്ട്. ഇത്തരം കോൺസ്പിരസി തിയറിസ്റ്റുകളും, ഡിറ്റക്റ്റീവ്‌സും ഉള്ള കാലത്തോളം ജോമോൻ പുത്തൻപുരക്കലിനെ പോലുള്ള കുളം കലക്കികൾക്ക് മലയാളികളുടെ ഇടയിൽ എന്നും സ്ഥാനമുണ്ടായിരിക്കും.

അതുകൂടാതെ സ്ത്രീകളെ സംബന്ധിച്ച് മലയാളിയുടെ 'ഫ്യുഡൽ പ്രൊട്ടക്ഷനിസ്റ്റ്' മനോഭാവം ഉണരുന്നതും ഇത്തരം കേസുകളിൽ കാണാവുന്നതാണ്. എത്ര പുരോഗമനം പറഞ്ഞാലും സ്ത്രീകൾ സ്വകാര്യ സ്വത്ത് പോലെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്നാണല്ലോ മിക്ക മലയാളി പുരുഷന്മാരും ധരിച്ചുവെച്ചിരിക്കുന്നത്. എല്ലാ ഫ്യുഡൽ സമൂഹങ്ങളിലും ഉള്ളതാണല്ലോ അത്തരം മനോഭാവങ്ങൾ. ചെന്നൈ ഐ.ഐ.ടി. - യിൽ ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്തപ്പോൾ ആ 'ഫ്യുഡൽ പ്രൊട്ടക്ഷനിസ്റ്റ്' മനോഭാവം കൂടാതെ മതബോധവും ഉണർന്നൂ. ഫാത്തിമാ ലത്തീഫിൻറ്റെ ആത്മഹത്യയെ കുറിച്ചുള്ള ലേഖനങ്ങൾക്ക് അതുകൊണ്ട് തന്നെ ആയിരകണക്കിന് ലൈക്കുകളും ഷെയറുകളും ആയിരുന്നു. മതത്തിൽ അധിഷ്ഠിതമായ വിവേചനം ആയിരുന്നു ഫാത്തിമാ ലത്തീഫിൻറ്റെ ആത്മഹത്യക്ക് കാരണമായിരുന്നുവെങ്കിൽ, ആരോപണവിധേയനായ അദ്ധ്യാപകൻ ഇസ്‌ലാം മതത്തിൽ പെട്ട മറ്റ് കുട്ടികളോടും വിവേചനം കാണിച്ചിരുന്നു എന്ന് തെളിയിക്കേണ്ടതുണ്ട്. ഇത്തരം അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇസ്‌ലാമിക തീവ്രവാദികൾ അത് നന്നായി മുതലെടുക്കാറുണ്ട്. എന്തായാലും ഇപ്പോൾ ആ ആത്മഹത്യയെ കുറിച്ച് അധികമൊന്നും കേൾക്കാനില്ല. ചെന്നൈ ഐ.ഐ.ടി. - യിലെ അധ്യാപകനെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ആയില്ലെന്ന് സാരം.

ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സമാന സാഹചര്യത്തിൽ മറ്റേതെങ്കിലും ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യണമെന്നില്ല. സത്യത്തിൽ ആത്മഹത്യ ഒരു സന്നിഗ്ദ്ധ ഘട്ടത്തിൽ സംഭവിക്കുന്നതാണ്. അതിൻറ്റെ യഥാർത്ഥ കാരണം അറിയണമെങ്കിൽ ആത്മഹത്യ ചെയ്തവരുടെ ആത്മാക്കൾ തന്നെ തിരിച്ചു ഭൂമിയിലേക്ക് വന്ന് അന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിക്കണം. പുരുഷൻമാർ എത്രയോ പേർ ആത്മഹത്യ ചെയ്യുന്നൂ? സെമിനാരിയിൽ പഠിക്കുന്ന വൈദിക വിദ്യാർത്ഥികളും, മെഡിക്കൽ-എൻജിനീയറിങ് കോളേജിൽ പഠിക്കുന്നവരും ആത്മഹത്യ ചെയ്യുന്നുണ്ടല്ലോ. അവയൊന്നും മലയാള മാധ്യമങ്ങൾ സ്ത്രീകളുടെ ആത്മഹത്യകൾ പോലെ ആഘോഷിക്കാത്തതെന്തേ? അപ്പോൾ അവരുടെ ലക്ഷ്യം സ്‌ത്രീ ലൈംഗികതയുടെ ആഘോഷത്തിലൂടെ സെൻസേഷണലിസം ആണെന്നുള്ളത് വ്യക്തം.
സരിതാ എസ്. നായരെ പോലെയും, ഫൗസിയ ഹസനെ പോലെയും, മറിയം റഷീദയെ പോലെയും ഒരു പുരുഷൻമാരുടെ പുറകേയും മലയാള മാധ്യമങ്ങളും, ചാനലുകാരും നടക്കാറില്ല. അവരുടെ പൂർവകാല ചരിത്രവും തേടി പോകാറില്ലാ. കാരണം അവർക്ക് സെക്സ് അധിഷ്ഠിതമായുള്ള മാർക്കറ്റ് ഇല്ല. ഈയിടെ രഹ്‌ന ഫാത്തിമ മത്തിക്കറി വെക്കുന്ന യു ട്യൂബ് വീഡിയോ കാണാൻ എന്തായിരുന്നൂ തിരക്ക്!!!

രഹ്‌ന ഫാത്തിമയെ തെറി വിളിക്കുന്ന സംഘ പരിവാറുകാർ പോലും യഥേഷ്ടം അതു കണ്ടു. ഇത്തരം ലൈംഗിക ദാരിദ്ര്യം നിലനിൽക്കുന്നത് കൊണ്ടുമാത്രമാണ് സിസ്റ്റർ അഭയയുടെ കേസ് ഒക്കെ വാർത്താ പ്രാധാന്യം നേടിയത്. ലൈംഗിക കഥകൾ മിനഞ്ഞെടുക്കുന്നത് കൊണ്ട് മാത്രമാണ് സ്ത്രീകളെ സംബന്ധിച്ചുള്ള ഏത് ദുരന്തവും ഇവിടെ വാർത്താ പ്രാധാന്യം നേടുന്നതെന്നുള്ളത് ഒരു സാമാന്യ യുക്തി മാത്രമാണ്. മലയാള മാധ്യമ പ്രവർത്തകർ പുരുഷ കാമനകളെ ഉത്തേജിപ്പിച്ചു മാത്രമാണ് അവരുടെ സർക്കുലേഷൻ കൂട്ടിക്കൊണ്ടിരിക്കുന്നത്. പല മലയാള പ്രസിദ്ധീകരണങ്ങളും ഐ.എസ്.ആർ.ഒ. കേസിൻറ്റെ സമയത്ത് മാലിയിലേക്ക് സ്പെഷ്യൽ കറസ്‌പോണ്ടൻസിനെ വിടുന്നൂ എന്ന് അവകാശപ്പെട്ടുകൊണ്ടിരുന്നത് ഇങ്ങനെ പുരുഷ കാമനകളെ ഉത്തേജിപ്പിക്കാൻ മാത്രമായിരുന്നൂ.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന നമ്മുടെ സമൂഹത്തിൽ പൊടിപ്പും, തൊങ്ങലും വെച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട എല്ലാ വാർത്തകളും അവതരിപ്പിക്കുന്ന ഒരു രീതിയാണ് പൊതുവെ മലയാള പത്ര പ്രവർത്തകർക്കുള്ളത്. അത് കൊണ്ട് എല്ലാ പെണ്ണ് കേസുകളുടേയും പുറകെ മലയാള പത്ര പ്രവർത്തകരും, ചാനലുകാരും ടി.വി. ക്യാമറയും, റയ്റ്റിംഗ് പാഡുമായി ചുറ്റി തിരിയും. അത് സരിതാ എസ്. നായരുമായി ബന്ധപ്പെട്ട കേസായാലും, ഐ.എസ്.ആർ.ഒ. കേസായാലും, അഭയ കേസായാലും. ഐ.എസ്.ആർ.ഒ. ചാര കേസ് വെറും ഒരു സാധാരണ കേസല്ലായിരുന്നു. ഐ.എസ്.ആർ.ഒ. ചാര കേസിൽ ഏറ്റവും വൃത്തികെട്ട നിലപാട് എടുത്തത് അതൊരു പെണ്ണ് കേസാക്കി മാറ്റിയ കേരളത്തിലെ മഞ്ഞ പത്രങ്ങളാണ്.

'മറിയം റഷീദ ഏഴ് കല്യാണം കഴിച്ചു', 'ട്യൂണ പോലെ പിടയ്ക്കുന്ന മറിയം റഷീദ'; 'മറിയം റഷീദയുടെ അടങ്ങാത്ത തൃഷ്ണ'- ഇങ്ങനെയൊക്കെയുള്ള തലക്കെട്ടുകളിട്ട് തലസ്ഥാന നഗരിയിലെ ഓഫീസിലിരുന്ന് മാലിയിലെ തെരുവുകളുടെ കഥ പറയുകയായിരുന്നു അന്ന് മലയാളത്തിലെ പ്രമുഖ പത്രലേഖകർ.

മറിയം റഷീദയുടെയും, ഫൗസിയാ ഹസ്സൻറ്റേയും അറിയാക്കഥകളും ഇക്കിളിക്കഥകളും ചികഞ്ഞെടുത്ത് ഈ കേസ് പത്ര ലേഖകർ ഒരു പൈങ്കിളി കഥയാക്കുകയായിരുന്നു. മാലി ദ്വീപിലെ രണ്ടു സ്ത്രീകളുടെ പൂർവ കാല ചരിത്രം അറിയാനായിരുന്നു അവർക്കൊക്കെ താൽപര്യം. ഐ.എസ്.ആർ.ഒ. കേസ് പോലെ തന്നെ മാധ്യമങ്ങൾ സെൻസേഷണലൈസ് ചെയ്ത ഒന്നാണ്‌ അഭയ കേസും. നമ്മുടെ നാട്ടിലെ ലൈംഗിക ദാരിദ്ര്യമാണ് സ്ത്രീകൾ ഉൾപ്പെട്ടിട്ടുള്ള ഏത് കേസും വാർത്താ പ്രാധാന്യം നേടാൻ കാരണം. ഐ.എസ്.ആർ.ഒ. കേസ്, സോളാർ കേസ്, സൂര്യനെല്ലി കേസിൽ പി.ജെ. കുര്യനെതിരെയുള്ള ആരോപണം - ഇവയിലെല്ലാം ലൈംഗികത ഒരു മുഖ്യ ഘടകമാണ്. സെക്സിനോളം വാർത്താ പ്രാധാന്യം കിട്ടുന്ന മറ്റെതെന്തെങ്കിലുമുണ്ടോ? സെക്സ് സംബന്ധമായ കഥകൾ വായനക്കാർ ആർത്തിയോടെ വായിക്കുന്നതുകൊണ്ട് മാധ്യമങ്ങൾ എരിവും പുളിയും കൂട്ടി എഴുതുന്നു. തങ്ങളുടെ സർക്കുലേഷൻ കൂട്ടാൻ സെക്സ് കലർത്തി സെൻസേഷണലിസം സൃഷ്ടിക്കാൻ വിദഗ്‌ധരായവർ മുഖ്യധാരാ മലയാള പത്രങ്ങളിൽ വേണ്ടുവോളം ഉണ്ട്. ഐ.എസ്.ആർ.ഒ. കേസിലാണ് അത്തരക്കാരുടെ തനി സ്വരൂപം കണ്ടതെന്ന് മാത്രം. അന്ന് അനേകം ഇക്കിളികഥകൾ തിരുവനന്തപുരത്തും കോട്ടയത്തും ഇരുന്ന് മലയാളത്തിലെ മാധ്യമ പ്രവർത്തകർ ഉണ്ടാക്കി. ഇത്തരം അറിയാകഥകളും, ഇക്കിളികഥകളുമാണ് പല മഞ്ഞ പത്രങ്ങളും വിറ്റുപോകാൻ തന്നെ കാരണം. ഇത്തരം കഥകൾ ഉണ്ടാക്കുന്നവർ തന്നെയാണ് സിസ്റ്റർ സ്റ്റെഫിയുടെ കന്യാചർമത്തിൻറ്റെ കഥയും ഉണ്ടാക്കിയത്. സിസ്റ്റർ സ്റ്റെഫി കന്യാചർമം വെച്ചുപിടിപ്പിച്ചു എന്നുപറയുന്ന കാലഘട്ടത്തിൽ അങ്ങനെയൊരു സർജറി ഇവിടെ നിലവിലില്ലായിരുന്നൂ എന്നാണ് നമ്മുടെ ആരോഗ്യമേഖലയിലെ പലരും പറയുന്നത്. പക്ഷെ പൊതുജനം ഇത്തരം 'ഫാൻറ്റസി' കഥകൾ വായിക്കും. അവിടെയാണ് മഞ്ഞപത്രങ്ങളുടെ മിടുക്ക്.

അതുപോലെ തന്നെ അഭയാ കേസിലുള്ള മാധ്യമങ്ങളുടെ സൃഷ്ടിയാണ് സിസ്റ്റർ സ്റ്റെഫിയുടെ നാർക്കോ റെസ്റ്റിലുള്ള വെളിപ്പെടുത്തൽ. നാർകോ സി.ഡി. അടിമുടി എഡിറ്റിംഗും കൃത്രിമത്വവും നിറഞ്ഞതാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് നമ്മുടെ ചാനലുകൾ ഇതാ യഥാർഥ തെളിവുകൾ എന്ന മട്ടിൽ ആ ദൃശ്യങ്ങൾ പുറത്തുവിട്ടത്. അതായത് കോടതി വ്യാജമാണെന്നു പറഞ്ഞ വീഡിയോ ഈ മാധ്യമങ്ങൾ യാഥാർഥ്യമാണെന്നു പറഞ്ഞ് ജനങ്ങളെ കാണിച്ചു തെറ്റിദ്ധരിപ്പിച്ചു. ഈ നാർകോ പരിപാടിക്കെല്ലാം നേത്യത്വം കൊടുത്ത ഡോ.മാലിനിയെ കർണാടക സർക്കാർ ഗുരുതര ക്രമക്കേടുകുടെ പേരിൽ പിന്നീട് പിരിച്ചുവിട്ടു. ഈ CD-കൾ പിന്നീട് സർക്കാരിൻറ്റെ ടെക്നിക്കൽ ഏജൻസിയെക്കൊണ്ട് വിശദമായി പരിശോധിപ്പിച്ചിരുന്നു. അവരും CD-കൾ 'മാനിപ്പുലേറ്റ്' ചെയ്തതും, എഡിറ്റ് ചെയ്തു കയറ്റിയതും ആണെന്നും ഇത് ഒരു തരത്തിലും വിശ്വാസയോഗ്യം അല്ലെന്നും റിപ്പോർട്ട് കൊടുത്തിരുന്നു. നാർകോ ടെസ്റ്റിൽ ചില ചോദ്യങ്ങൾ ചോദിച്ചു കിട്ടിയ ഉത്തരങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വെട്ടി ഒട്ടിച്ചത് ആയിരിക്കാമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. ജസ്റ്റിസ് ഹേമയുടെ വിധിയിൽ നാർക്കോ ടെസ്റ്റ് ഒറിജിനൽ സി.ഡി. കണ്ടെത്തണമെന്നുള്ള നിർദേശമുണ്ടായിരുന്നു. ഇതിന് സി.ബി.ഐ. നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് അഭയയുടെ പിതാവ് തോമസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ നന്ദകുമാരൻ നായർക്കും, ഡോക്ടർ മാലിനി എതിരെ കേസ് ഫയൽ ചെയ്തു.

ഇതേതുടർന്ന് നന്ദകുമാരൻ നായർ ബാംഗ്ലൂർ പോയി ഡോക്ടർ മാലിനിയിൽ നിന്ന് ഒറിജിനൽ സി.ഡി. കൈപ്പറ്റി കോടതിയിൽ ഹാജരാക്കി. ഈ സിഡി കോടതി തിരുവനന്തപുരം C-DAC പരിശോധനയ്ക്കയച്ചു എന്നാൽ തങ്ങൾക്ക് അതിനുള്ള സാങ്കേതികവിദ്യ ഇല്ല എന്ന് പറഞ്ഞ് അവർ തിരികെ നൽകി. കോടതി വീണ്ടും C-DIT പരിശോധനയ്ക്കായി അയച്ചു. സി-ഡിറ്റ് ഡയറക്ടർ കെ മോഹൻകുമാർ, ചീഫ് എഡിറ്റർ രമേശ് വിക്രമൻ, സൗണ്ട് റെക്കോർഡ്സ്റ്റ് പിങ്കി വാസൻ എന്നിവർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞത് ഇത് ഒറിജിനൽ സി.ഡി. അല്ല എന്നാണ്. മാത്രമല്ല ഇതിൽ വ്യാപകമായി എഡിറ്റിംഗ് നടത്തിയിട്ടുണ്ടെന്നും അവർ കോടതിയിൽ റിപ്പോർട്ട് നൽകി. നാർക്കോ ടെസ്റ്റിനെ പറ്റിയുള്ള ഈ റിപ്പോർട്ട് ആണ് ഇപ്പോൾ നിലവിലുള്ളത്. സുപ്രീം കോടതി നാർകോ ടെസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിനാൽ തുടർന്ന് ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. ജസ്റ്റിസ് ഹേമ സി.ബി.ഐ. - യുടെ അഭയ കേസ് അടിമുടി കൃത്രിമത്വം നിറഞ്ഞതാണെന്നും, ക്രിമിനൽ പ്രൊസീജ്യർ അനുസരിച്ചു അത് നിലനിൽക്കില്ലെന്നും പറഞ്ഞപ്പോൾ, ആ വിധിക്കെതിരെ കേരളകൗമുദി 2008-ൽ ഒരു മുഖപ്രസംഗം എഴുതി. ഒടുവിൽ ഹൈക്കോടതി കോടതിയലക്ഷ്യക്കേസ് എടുത്തപ്പോൾ നിരുപാധികം മാപ്പ് അപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു.

അഭയ കേസൊതുക്കുവാൻ കത്തോലിക്കാ സഭ 500 കോടി മുടക്കി; 1000 കോടി മുടക്കി എന്നൊക്കെ മഞ്ഞപത്രങ്ങൾ അടിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ പറയുന്നതല്ലാതെ ഈ മുടക്കിയ കോടികൾക്ക് ഒരു രേഖയും മഞ്ഞപത്രങ്ങൾ കാണിക്കുന്നില്ലാ. ആധാർ കാർഡും, പാൻ കാർഡും ഇല്ലാതെ ഒരു 'ഫിനാൻഷ്യൽ ട്രാൻസാക്ഷനും' ഇന്നത്തെ കാലത്ത് നടക്കില്ലെന്നുള്ളത് സാമാന്യ ബുദ്ധി മാത്രമാണല്ലോ. അപ്പോൾ എങ്ങനെയാണ് സഭക്ക് ഒരു രേഖയും ഇല്ലാതെ കോടികൾ മറിക്കാൻ പറ്റുന്നത്?

ഇത്തരം കേസുകളിൽ ആരോപണങ്ങൾ ഉന്നയിക്കാൻ ആർക്കും പറ്റും; അത് തെളിയിക്കാനാണ് പ്രയാസം. തെളിയിക്കണമെങ്കിൽ തെളിവുകളും, സാക്ഷി മൊഴികളും വേണം. അതില്ലാതെ വെറുതെ ആരോപണങ്ങൾ ഉന്നയിച്ചിട്ടെന്തു പ്രയോജനം? ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് തെളിയിക്കേണ്ട ബാധ്യത ഇല്ലാത്ത ഒരു സ്ഥലമാണ് ഇൻഡ്യാ മഹാരാജ്യം. കത്തോലിക്കാ സഭക്കെതിരേയും കണ്ടമാനം ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. കൂടുതലും അരാജക വാദികളാണ് ഉന്നയിക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ ഏതെങ്കിലും ഒരു സ്ഥാപനം നന്നായി നടത്തി കാണിച്ച ചരിത്രം ഈ അരാജക വാദികൾക്ക് ഉണ്ടോ? ആരോപണങ്ങൾ ഉന്നയിക്കുന്ന അരാജക വാദികളിൽ പലരും മിഷനറി സ്കൂളുകളിലും കോളേജിലും ഒക്കെ പഠിച്ചവരാണ്; സ്വന്തം മക്കളെ ഈ സ്ഥാപനങ്ങളിലൊക്കെ അയക്കുന്നവരുമാണ്; മിഷനറി ആശുപത്രികളിൽ ചികിത്സ തേടുന്നവരുമാണ്. ആരോപണം ഉന്നയിക്കുന്നവർക്ക് ഒരു സ്ഥാപനം നന്നായി നടത്തികൊണ്ട് പോകാൻ സാധിക്കില്ല. അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. കത്തോലിക്കാ സഭ നടത്തുന്നത് പോലെ നന്നായി സ്ഥാപനങ്ങൾ നടത്താൻ നല്ല ബുദ്ധിമുട്ടുണ്ട്. ആരോപണങ്ങൾ ഉന്നയിക്കാൻ അത്തരം ഒരു ബുദ്ധിമുട്ടും ഇല്ലാ.

ഐ.എസ്.ആർ.ഒ. കേസിൽ നമ്പി നാരായണൻ സുപ്രീം കോടതി വരെ പോയി നീതി സമ്പാദിച്ചു. എല്ലാവർക്കും അതൊക്ക സാധിക്കുമോ? മലയാളത്തിലെ മാധ്യമങ്ങൾക്കെതിരേ പൊരുതാൻ അസാമാന്യ കരുത്ത് തന്നെ വേണം. പലർക്കും അത് സാധിച്ചെന്നു വരില്ല. ആരും ജസ്റ്റീസ് ഹേമയുടെ അഭയ കേസിലെ ഒബ്സർവേഷൻസ് വായിക്കില്ല. കാരണം അരാജക വാദികളും, സഭാ വിരുദ്ധരും ചേർന്ന് ഒത്തിരി പേരെ ഇതിനോടകം തന്നെ ബ്രെയിൻ വാഷ് ചെയ്തുകഴിഞ്ഞു. അത്തരക്കാർ ഒത്തിരി ഉള്ളതാണ് മലയാളത്തിലെ മാധ്യമ രംഗം. അതുകൂടാതെ സിസ്റ്റർ സ്റ്റെഫിക്ക് കന്യാചർമം വെച്ചുപിടിപ്പിക്കുന്നതിൻറ്റെ തത്സമയ സംപ്രേഷണം പോലത്തെ കഥകളും, രണ്ട് വൈദികർ മതില് ചാടി കടക്കുന്ന കഥകളും ഇതിനോടകം പലരും വായിച്ചും കഴിഞ്ഞു. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നവരും, ഞരമ്പ് രോഗികളുമായ മലയാളികൾക്ക് കൂടുതൽ എന്തു വേണം? നിയമ രംഗത്ത് പരിണിത പ്രജ്ഞയായ ജസ്റ്റീസ് ഹേമയുടെ ഒബ്സർവേഷൻസിനെക്കാൾ ഞരമ്പ് രോഗികളെ തൃപ്തിപ്പെടുത്താൻ ഇവിടെ മലയാള മാധ്യമങ്ങൾ മത്സരിക്കുമ്പോൾ കന്യാചർമം വെച്ചുപിടിപ്പിച്ച കഥക്ക് തന്നെയാണിവിടെ മാർക്കറ്റ്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം തുടരുവോളം കാലവും, അത് മുതലാക്കാൻ ആളുള്ളിടത്തോളം കാലവും ജസ്റ്റീസ് ഹേമയുടെ അഭയ കേസിലെ നിരീക്ഷണങ്ങൾക്ക് വലിയ വിലയൊന്നും ഇല്ലെന്നുള്ളതാണ് ദുഃഖകരമായ സത്യം.

വീണു കിട്ടുന്ന ഏതു വിഷയവും സഭയെ അടിക്കാനുള്ള വടിയായി മാറ്റുന്നു ചിലർ. അരാജക വാദികളും, സഭാ വിരുദ്ധരും, ചില പ്രത്യേക അജണ്ടകളുള്ളവരും സഭയ്ക്കെതിരെ സോഷ്യൽ മീഡിയയിലും ചാനലുകളിലും ഇരുന്ന് സഭയെ പ്രത്യേകമായി ആക്രമിക്കുകയാണ്; കരി തേച്ചു കാണിക്കുകയാണ്. അപ്പോൾ സഭക്കെതിരേയുള്ള കടന്നാക്രമണങ്ങൾക്കെതിരെ സംസാരിക്കേണ്ട സമയം കഴിഞ്ഞു. ഇത് ക്രിസ്ത്യൻ വിശ്വാസികൾ മാത്രമല്ല; സുബൊധമുള്ളവരൊക്കെ ചെയ്യേണ്ട ഒന്നാണ്. കാരണം മനുഷ്യാവകാശം എല്ലാവർക്കുമുണ്ട്. സഭയിൽ പ്രവർത്തിക്കുന്നു എന്നു കരുതി ഒരു കൂട്ടരുടെ മാത്രം മനുഷ്യാവകാശം നിഷേധിക്കുന്നത് സാമാന്യ നീതിക്ക് എതിരാണ്.

(ലേഖകന്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

#വെള്ളാശേരി ജോസഫ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:25:40 am | 29-05-2024 CEST