ആധുനിക മൂല്യങ്ങൾക്കെതിരേ നമ്മുടെ എല്ലാ രാഷ്ട്രീയ പാർട്ടികളും പുറം തിരിഞ്ഞു നിൽക്കുകയല്ലേ? ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണഘടനയേയും, ആധുനിക മൂല്യങ്ങളേയും ബഹുമാനിക്കുന്ന ഒരു ഇന്ത്യൻ പൗരന് സന്തോഷിക്കാനാകുമോ?

Avatar
വെള്ളാശേരി ജോസഫ് | 29-03-2021 | 5 minutes Read

ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണഘടനയേയും, ആധുനിക മൂല്യങ്ങളേയും ബഹുമാനിക്കുന്ന ഒരു ഇന്ത്യൻ പൗരന് സന്തോഷിക്കാനാവില്ല. കാരണം ഇന്നത്തെ ഇന്ത്യയിലെ മുഖ്യധാരയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ശാസ്ത്രീയ ബോധത്തിൽ അധിഷ്ഠിതമായ ആധുനിക മൂല്യങ്ങൾക്ക്‌ എതിരാണ്. ആധുനികതയുടെ മൂല്യങ്ങൾ എന്നു പറയുമ്പോൾ ഭക്തിക്കോ ആത്മീയതക്കോ എതിരാണെന്നല്ല അർത്ഥം.

മത വിശ്വാസവും ഭക്തിയും ഒരാളുടെ സ്വകാര്യതയുടെ ഭാഗമാണ് ആധുനിക സമൂഹത്തിൽ. 'പ്രൈവറ്റ് സ്പിയറിൽ' നടക്കേണ്ട കാര്യങ്ങൾ 'പബ്ലിക് സ്പിയറിൽ' അനുവദനീയമല്ല ആധുനിക സമൂഹങ്ങളിൽ. മനുഷ്യൻറ്റെ സ്വകാര്യതയിൽ നിന്ന് പൗര സമൂഹത്തിലേക്ക് വരുമ്പോൾ അവിടെ ഭരണഘടനയിൽ ഊന്നിയ നിയമനുസൃതമായ പെരുമാറ്റം എല്ലാ ജന വിഭാഗങ്ങളിൽ നിന്നും ഉണ്ടാകേണ്ടതുണ്ട്. അതല്ലെങ്കിൽ നിയമനുസൃതമായ ശിക്ഷ അവർ ഏറ്റുവാങ്ങേണ്ടതായി വരും.

ആധുനികതയെ നിർവചിക്കുന്നത് എപ്രകാരമാണ്? “Efficient task formation is the only criterion of Modernity” - എന്നാണ് ആധുനികതയെ കുറിച്ചുള്ള വളരെ നല്ല ഒരു നിർവചനം. ജാതിക്കും, മതത്തിനും, വർണത്തിനും, സമുദായത്തിനും ഒക്കെ അപ്പുറത്ത് തൊഴിലിൻറ്റെ മഹത്ത്വം ആണ് ഒരു ആധുനിക സമൂഹം ഉറ്റു നോക്കുന്നത്. അങ്ങനെയാണ് ലോകത്തെവിടെയും ആധുനിക സമൂഹങ്ങൾ പടുത്തുയർത്തിയിട്ടുള്ളതും. നമ്മുടെ രാജ്യത്ത് ജോലിയുടെ മഹത്വത്തിൽ ഊന്നി ഒരു ലിബറൽ കോസ്മോപോളിറ്റൻ സമൂഹം സൃഷ്ടിക്കാൻ ശ്രമിക്കേണ്ട രാഷ്ട്രീയക്കാർ മതത്തിൻറ്റേയും ജാതിയുടേയും പേരിൽ ഭിന്നിപ്പ് സൃഷ്ടിച്ച് വോട്ടു ബാങ്കുകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇന്നുള്ളത്.

ഇന്ന് ഇന്ത്യയുടെ യഥാർത്ഥ പ്രശ്നങ്ങളായ സുരക്ഷിതമായ കുടിവെള്ളം, പോഷകാഹാര കുറവ്, പാർപ്പിട പ്രശ്നങ്ങൾ, വികസന മുരടിപ്പ്, തൊഴിലില്ലായ്മ, ഇൻഫ്രാസ്ട്രക്ച്ചർ പ്രശ്നങ്ങൾ, കർഷക ആത്മഹത്യാ - ഇവയൊക്കെ പരിഹരിക്കുവാൻ എന്തെങ്കിലും പദ്ധതി ഇന്നത്തെ നമ്മുടെ രാഷ്ട്രീയ പാർട്ടികളൊന്നും മുന്നോട്ടു വെക്കുന്നില്ല. ജനങ്ങളെ ബാധിക്കുന്ന ഒരു കാര്യവും നമ്മുടെ രാഷ്ട്രീയ പാർട്ടികളൊന്നും ഇപ്പോൾ ഉൾക്കൊള്ളുന്നില്ല. ഇപ്പോൾ ബിജെ.പി. -യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണെന്നു തോന്നുന്നു, മറ്റു രാഷ്ട്രീയ പാർട്ടികളും മതവും ആചാരങ്ങളും പറഞ്ഞു നീങ്ങുകയാണ്. തൊഴിലും, വിദ്യാഭ്യാസവും, സമ്പാദ്യ ശീലവും ഒക്കെയാണ് സാമൂഹ്യ, സാമ്പത്തിക വളർച്ചയ്ക്ക് ഉതകുന്നതെന്ന് പാർശ്വവൽക്കരിക്കപ്പെട്ട ജനതയെ അവരുടെ നേതാക്കൾ പഠിപ്പിക്കുന്നില്ല.

ബിജെ.പി. നേരത്തേ 500 വർഷം പഴക്കമുള്ള ഒരു മോസ്ക്കിൻറ്റെ പേരിൽ രാജ്യവ്യാപകമായി പ്രചാരണം നടത്തി മതത്തിൻറ്റെ പേരിൽ ജനത്തെ തമ്മിൽ തല്ലിച്ചു. 500 വർഷം പഴക്കമുള്ള ഒരു ആരാധനാലയം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ? ചോദിച്ചിട്ട് കാര്യമില്ല. അത്തരം ഒരു വിഷയം ദേശീയ ശ്രദ്ധ ആകർഷിച്ചതുകൊണ്ട് ആരോഗ്യമുള്ള ചെറുപ്പക്കാർ; വിദ്യാഭാസമുള്ള ചെറുപ്പക്കാർ - അവരൊക്കെ കല്ലും പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന കാഴ്ച മലയാളികൾക്ക് പോലും കാണേണ്ടി വന്നു!!! മഹാരാഷ്ട്രയിലെ ദളിതരാണെങ്കിൽ 200 വർഷം പഴക്കമുള്ള ഒരു യുദ്ധത്തിൻറ്റെ പേരിൽ പ്രശ്നമുണ്ടാക്കി. ഇന്നത്തെ തലമുറയിലെ ഏതെങ്കിലും ദളിതരെ ബാധിക്കുന്നതാണോ കോറിഗോണിൽ 200 വർഷം മുമ്പ് ബ്രട്ടീഷുകാരും, പേഷ്വയും തമ്മിൽ നടന്ന യുദ്ധം? 200 വർഷം മുമ്പ് നടന്ന കാര്യത്തെ കുറിച്ച് ആ പ്രക്ഷോഭത്തിൽ പങ്കെടുത്ത എത്ര ദളിതർക്കറിയാം? ഇവിടേയും ചോദിച്ചിട്ട് കാര്യമില്ല. തൊഴിലിനും, വിദ്യാഭ്യാസത്തിനും, സമ്പാദ്യ ശീലത്തിനും ആണ് സാമുദായിക ഉന്നമനമാണ് ലക്ഷ്യമെങ്കിൽ രാഷ്ട്രീയക്കാർ മുൻഗണന കൊടുക്കേണ്ടത്. പക്ഷെ അത്തരം 'സെൻസിബിൾ' ആയ കാര്യങ്ങൾക്കൊന്നും ഇന്ന് പ്രസക്തിയില്ല. 'നിരുത്തരവാദിത്ത്വം' - ഇന്നത്തെ രാഷ്ട്രീയത്തിന് ആ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ. ഇത്തരം അങ്ങേയറ്റത്തെ നിരുത്തരവാദപരമായ തരം താണ രാഷ്ട്രീയം ഈ രാജ്യത്ത് നിലനിൽക്കുന്നത്കൊണ്ട് എല്ലാ വിഭാഗക്കാരേയും ഉൾക്കൊള്ളുന്ന ഒരു ലിബറൽ കോസ്മോപൊളീറ്റൻ സമൂഹം സൃഷ്ടിക്കപ്പെടാൻ ഇൻഡ്യാക്കാർ ഇനിയും അനേകം നാളുകൾ കാത്തിരിക്കേണ്ടതുണ്ട്.

ജനാധിപത്യ രീതിയിൽ ഇന്ത്യ ഇന്നും ഒരുപാട് പിന്നിലാണ്. ശബരിമല വിഷയത്തിൽ സുപ്രീം കോടതി പറഞ്ഞത് 'കോൺസ്റ്റിറ്റ്യുഷണൽ മൊറാലിറ്റി' എന്നുള്ളത് 'റിലിജിയസ് മൊറാലിറ്റി' - ക്ക് ഉപരിയാണ് എന്നുള്ളതാണ്. ശബരിമല അയ്യപ്പ സന്നിധിയിൽ യുവതീ പ്രവേശനം സാധ്യമാക്കണമെന്നുള്ളത് സുപ്രീം കോടതി ഭരണഘടനാ ബഞ്ചിൻറ്റെ വിധിയായിരുന്നു. സ്ത്രീക്കും പുരുഷനും തുല്യ നീതി എന്ന 'ഫൺഡമെൻറ്റൽ പ്രിൻസിപ്പിൾസ്' അനുസരിച്ച് സ്ത്രീകളെ തടയാൻ പാടില്ല എന്നതായിരുന്നു സുപ്രീം കോടതിയുടെ നിർണായകമായ വിധി. പക്ഷെ ഇന്ത്യയുടെ ജനാധിപത്യ മര്യാദയിൽ ഇനിയും ഇതൊന്നും പാലിക്കപ്പെട്ടില്ല. അതുകൊണ്ടാണ് ബിന്ദു അമ്മിണിക്കെതിരെ ആക്രമണമുണ്ടായത്. ബിന്ദു അമ്മിണിക്കെതിരെ ഉള്ള ആക്രമണം മൗനമായിട്ടെങ്കിലും പിന്താങ്ങുന്ന ഒത്തിരി പേർ നമ്മുടെ സമൂഹത്തിലുണ്ടെന്നുള്ളതും കാണാതിരിക്കാനാവില്ല. ബാബരി മസ്ജിദ് Vs രാമജൻമഭൂമി പ്രശ്നം ഇരു കൂട്ടർക്കും ചർച്ചയിലൂടെ പരിഹരിക്കുവാൻ സാധിക്കാതെ വന്നപ്പോൾ കോടതിയിലൂടെ പ്രശ്ന പരിഹാരം സാധ്യമാക്കുന്നതായിരുന്നു ജനാധിപത്യ മര്യാദ. പക്ഷെ ഭരണഘടനയുടെ പേരിൽ പ്രതിജ്ഞയെടുക്കുന്ന നമ്മുടെ രാഷ്ട്രീയക്കാർ അതിനു തയാറായില്ല. മതവും രാഷ്ട്രീയവും അതിൻറ്റെയൊക്കെ മുതലെടുപ്പുകാരും ഒക്കെ കൂടി ഒരു വല്ലാത്ത സാഹചര്യം ഈ രാജ്യത്ത് സൃഷ്ടിച്ചിട്ടുണ്ട്. ഒരു മതക്കാരും ഈ കാര്യത്തിൽ മോശക്കാരുമല്ലാ.

ബാബ്ബ്രി മസ്ജിദ് പൊളിച്ച 1992 - നു ശേഷമാണ് 1993 ഒക്റ്റോബറിൽ കാശ്മീരിലെ ഹസ്രത്ത്ബാലിൽ പ്രശ്‍നങ്ങളുണ്ടായത്. നാൽപ്പതോളം പേരാണ് അന്നവിടെ കൊല്ലപ്പെട്ടത്. 14,000 പട്ടാളക്കാർ അവിടെ കാവൽ നിൽക്കേണ്ടി വന്നു എന്ന് പറയുമ്പോൾ കാര്യത്തിൻറ്റെ ഗൗരവം ആർക്കും മനസിലാക്കാം. കുറെയൊക്കെ ലിബറൽ ആയി ചിന്തിക്കുന്ന ക്രിസ്ത്യാനികൾ പോലും മത മേലധ്യക്ഷൻമാരുടെ അഭ്യർത്ഥനയിൽ പിറവം പള്ളിയുടെ കാര്യത്തിലും മറ്റ് പള്ളി തർക്കങ്ങളുടെ കാര്യത്തിലും വൈകാരികമായി പ്രതികരിക്കുന്നു എന്നുള്ളതും ഇതിൻറ്റെയൊക്കെ കൂടെ ചേർത്ത് കാണണം. കുരുമുളക് സ്പ്രേക്കും, മുളക്പൊടി സ്പ്രേക്കും പകരം "സ്പ്രേ കുപ്പിയിൽ ആസിഡും നിറക്കാം" എന്നുവരെ സോഷ്യൽ മീഡിയയിൽ കൂടി ചിലർ പ്രതികരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുമ്പോൾ നമ്മുടെ ജനാധിപത്യ മൂല്യങ്ങളും, ഭരണഘടനാ മൂല്യങ്ങളും എവിടെ ചെന്ന് നിൽക്കുന്നു??? ഇത്തരമൊരു സാഹചര്യം ഈ രാജ്യത്ത് സംജാതമായതിനെ കുറിച്ച് വിവേകമുള്ളവർ തീർച്ചയായും ആശങ്കപ്പെടേണ്ടതുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇടതുപക്ഷത്തിനും വർഗീയ കോമരങ്ങൾക്ക്‌ കേരളത്തെ അടിമപ്പെടുത്തിയതിൽ നിർണായകമായ പങ്കുണ്ട്. വർഗ്ഗീയത ഉയർത്തിവിട്ട്‌ ബി.ജെ.പി.-യെ വളർത്തി യു.ഡി.എഫ്.-നെ തകർത്ത്‌ എൽ.ഡി.എഫ്.-നു കാലാകാലം തുടർഭരണവും, എൻ.ഡി.എ.-ക്ക്‌ പ്രതിപക്ഷസ്ഥാനവും ഉറപ്പിക്കാനുള്ള ഒത്തുകളിയുടെ ആരംഭമായിരുന്നു 2018-ൽ ശബരിമലയിൽ അരങ്ങേറിയ സംഭവങ്ങൾ. പിണറായി സർക്കാർ ശബരിമലയിൽ വത്സൻ തില്ലങ്കേരിയെ പോലുള്ള സംഘ പരിവാർ നേതാക്കളുമായി ശബരിമലയിൽ 2018-ൽ ഒത്തുകളിച്ചു. പോലീസിനെ ശബരിമലയിൽ ശക്തമായി വിന്യസിപ്പിച്ച് ആളുകളുടെ ഐഡൻറ്റിറ്റി വെരിഫൈ ചെയ്ത് സ്ത്രീകളെ പിന്തിരിപ്പിച്ചതൊക്കെ സുപ്രീം കോടതിയുടെ വിധിയുടെ 'സ്പിരിറ്റിന്' നിരക്കാത്ത ഒന്നായിരുന്നു. എന്നിട്ട് 'വനിതാ മതിൽ' ഉയർത്തി ഇടതുപക്ഷം വലിയ പുരോഗമനം പറയുന്നതാണ് വിരോധാഭാസം. എന്തായാലും ഈ തിരഞ്ഞെടുപ്പ് വേളയിൽ വനിതാ മതിലിനെ കുറിച്ച് കേൾക്കാനേ ഇല്ലാ എന്നുള്ളതാണ് ഏറ്റവും വലിയ തമാശ.

മതമോ ലിംഗമോ നോക്കി നീതി നിശ്ചയിക്കുന്നത് ഭരണഘടനക്കും ആധുനികതയുടെ മൂല്യങ്ങൾക്കും എതിരാണ്. ഭരണഘടനയെ കുറിച്ച് പറയുമ്പോൾ ‘ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷൻ’, ‘സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷൻ' - എന്ന രണ്ടു വിഷയങ്ങളുണ്ട്‌. നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് മതത്തിൻറ്റേയും ലിംഗത്തിൻറ്റേയും പേരിൽ ആരോടെങ്കിലും കാണിക്കുന്ന വിവേചനം. ‘ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും’, ‘സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും’ എതിരാണ് അത്തരം വിവേചനങ്ങൾ.

ജെൻഡർ സെൻസിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ് നമുക്കുള്ളത്. നമ്മുടെ ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ആർത്തവത്തിൻറ്റെ പേരിൽ സ്ത്രീകളോട് കാണിക്കുന്ന വിവേചനം. 'ലെറ്റർ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും', 'സ്പിരിറ്റ്‌ ഓഫ് ദ കോൺസ്‌റ്റിറ്റ്യുഷനും' എതിരാണ് അത്തരത്തിൽ ഒരു വിവേചനം. അതാണ്‌ ശബരിമലയിൽ യുവതി പ്രവേശനത്തിന് അനുകൂലമായ വിധി സുപ്രീം കോടതിയിൽ നിന്ന് വരാനുണ്ടായ കാരണം. നമ്മുടെ ഭരണഘടന ദീർഘവീക്ഷണമുണ്ടായിരുന്ന രാഷ്ട്രശിൽപികൾ കാരണം അടിസ്ഥാനപരമായി 'ജെൻഡർ സെൻസിറ്റീവ്' ആയിട്ടുള്ള ഒരു ഭരണഘടനയാണ്. ഇത്തരത്തിലുള്ള നമ്മുടെ നിയമവ്യവസ്ഥിതിയുടെ അടിസ്ഥാന ശിലകളെ കുറിച്ച് പൊതുജനത്തിന് ബോധ്യം ഉണ്ടെന്ന് തോന്നുന്നില്ല. അവരെ അത്തരത്തിൽ ബോധവൽക്കരിക്കേണ്ട രാഷ്ട്രീയ നെത്ര്വത്ത്വമാകട്ടെ സാധാരണക്കാരുടെ വിശ്വാസം മുൻനിർത്തി ഈ തിരഞ്ഞെടുപ്പിൽ കപട രാഷ്ട്രീയം കളിക്കുകയാണോ എന്ന് സംശയിക്കണം.

സുപ്രീം കോടതിയിൽ ശബരിമല വിഷയത്തിൽ ഉയർത്തിയ ലീഗൽ പോയിൻറ്റ്സ് സാധാരണ വിശ്വാസികളുടെ തലയിൽ കേറാൻ സാധ്യതയില്ല. ഇനി ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കിയാൽ തന്നെ അതിൻറ്റെ ഭരണഘടനാ സാധുത മിക്കവാറും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടും. ഓർഡിനൻസ് തള്ളി പോകും. അതല്ലെങ്കിൽ ഭരണഘടന തിരുത്തിയെഴുതണം. അതിനു ലോക്സഭയിലും, രാജ്യ സഭയിലും മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. പിന്നീട് കേന്ദ്ര മന്ത്രി സഭയുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്കു സമർപ്പിക്കണം. ഇത് വല്ലതും നടപ്പുള്ള കാര്യമാണോ? ചുരുക്കം പറഞ്ഞാൽ 12 വർഷവും, 24 കക്ഷികൾ വാദിച്ചതും, എല്ലാ വശങ്ങളും പരിശോധിച്ചതുമായ സുപ്രീം കോടതി വിധിന്യായം തിരുത്തുക ദുഷ്കരമാണ്. 411 പേജുള്ള സുപ്രീം കോടതി വിധിന്യായം വന്നത് 1991-ന് മുൻപ് സ്ത്രീകൾ ശബരിമലയിൽ കയറിയിരുന്നു എന്നതിൻറ്റെ കൃത്യവും വ്യക്തവുമായ 'ഡോക്കുമെൻറ്ററി എവിഡൻസ്' പഠിച്ചിട്ടാണ്. സ്ത്രീകളുടെ പേരിൽ ചോറൂണിൻറ്റെ ഒക്കെ രസീതുകളുടെ ശേഖരം ഉള്ളപ്പോൾ ആർക്കാണ് തെളിവുകൾ നിഷേധിക്കുവാൻ സാധിക്കുന്നത്? അധികാരവും പണവും ഉള്ളവർ മാത്രമായിരുന്നു പണ്ട് ശബരിമലയിൽ ആചാരങ്ങൾ തെറ്റിച്ചതെന്ന വാദവും വസ്തുതാപരമായി ശരിയല്ല. പണ്ട് ശബരിമല ക്ഷേത്രത്തിൽ മക്കളുടെ ചോറൂണ് നടത്തിയ എല്ലാ അമ്മമാരും അധികാരവും, പണവും ഉള്ളവർ ആയിരുന്നില്ല. മറ്റേതൊരു അമ്പലത്തിലും ഉള്ളത് പോലെ നിയമപ്രകാരം ചോറൂണിന് രസീത് എടുത്ത് നടത്തിയതായിരുന്നു അവയൊക്കെ. ഇതുപോലെ മഹാരാഷ്ട്രയിലുള്ള ദർഗയുടെ കാര്യത്തിലും കോടതി വിധി വന്നത് നേരത്തേ സ്ത്രീകൾ അവിടെ കയറിയിരുന്നു എന്ന തെളിവുകൾ കണ്ടിട്ടാണ്. കോടതി നടപടികൾ അല്ലെങ്കിലും തെളിവുകളും, സാക്ഷി മൊഴികളും അനുസരിച്ചാണല്ലോ. രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ച് ഒരു കോടതിക്കും പ്രവർത്തിക്കാൻ ആവില്ല. ആചാര സംരക്ഷകർ എന്ന് മേനി പറഞ്ഞു നടക്കുന്ന ചിലർക്കും ഇതൊക്കെ അറിയാമെന്നാണ് തോന്നുന്നത്. പിന്നെ ഇവിടെ ശബരിമലയുടെ പേരിൽ നടക്കുന്ന നാടകങ്ങളൊക്കെ വെറും രാഷ്ട്രീയ നേട്ടത്തിനായി മാത്രം. ശബരിമലയിലെ യുവതി പ്രവേശനത്തെ മുഖ്യധാരയിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഈ തിരഞ്ഞെടുപ്പിൽ എതിർക്കുന്നതാണ് അത്ഭുതം. വോട്ടിനായി ആധുനിക മൂല്യങ്ങളെ എല്ലാ രാഷ്ട്രീയ പാർട്ടികളും മത്സര ബുദ്ധിയോടെ എതിർക്കുമ്പോൾ ശാസ്ത്ര ബോധം ചവറ്റു കുട്ടയിലേക്ക് എറിയപ്പെടുകയാണ് ഇവിടെ.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Photo Credit : » @mbaumi


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:40:19 pm | 03-12-2023 CET