അമേരിക്കയിൽപ്പോയി കേസ് നടത്തൽ

Avatar
Deepak Raju | 19-04-2020 | 3 minutes Read

അമേരിക്കയിൽപ്പോയി കേസ് നടത്തൽ

നാട്ടിലെ പഴയ ഡാം വിദഗ്ധരെല്ലാം പെട്ടെന്ന് ഡേറ്റാ വിദഗ്ദ്ധർ ആയതുകൊണ്ട് ആ വിഷയത്തിൽ ഒന്നും പറയുന്നില്ല. ഞാനീ പോളിറ്റെക്ക്നിക്കിൽ ഒന്നും പോയിട്ടില്ല. പോയത് ലോ കോളേജിൽ ആയതുകൊണ്ട് മറ്റൊരു വിഷയത്തെക്കുറിച്ച് പറയാം. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അമേരിക്കയിൽ പോയി കേസ് നടത്തണം എന്ന പ്രശ്നത്തെക്കുറിച്ച്.

വിഷയത്തിലേക്ക് തിരിയുന്നതിന് മുൻപ്, പശ്ചാത്തലമായി ഒരു “കരാർ“ എന്താണെന്ന് പറയാം. “കരാർ“ എന്നാൽ രണ്ടോ അധികമോ കക്ഷികൾ തമ്മിൽ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും സ്ഥാപിക്കുന്ന ഉടമ്പടിയാണ്. അതിന് സാധുത നൽകുന്നത് നിയമമാണ്. അതായത് കരാർ വ്യവസ്ഥകൾ പാലിക്കാൻ ഓരോ കക്ഷിക്കും നിയമപരമായ ബാധ്യത ഉണ്ട്. കരാർ ലംഘിച്ചാൽ നിയമ നടപടികളിലൂടെ അത് നടപ്പാക്കാം. കരാറുകളുടെ സാധുത, കരാറുകൾ അസാധുവാകുകയോ നടപ്പാക്കേണ്ടതില്ലാതെ വരുകയോ ചെയ്യുന്ന സാഹചര്യങ്ങൾ, കരാർ ലംഘനത്തിനെതിരെ സ്വീകരിക്കാവുന്ന നടപടികൾ എന്നിവയെക്കുറിച്ച് ഓരോ രാജ്യത്തും നിയമങ്ങൾ ഉണ്ട്.

രണ്ട് ഇന്ത്യൻ കക്ഷികൾ തമ്മിൽ ഇന്ത്യയിൽ ഒരു വസ്തു വിൽക്കാനോ പണി ചെയ്യാനോ ഒക്കെ കരാർ വച്ചാൽ ഇന്ത്യൻ നിയമമാണ് ആ കരാറിനെ നിയന്ത്രിക്കുന്നത് (ഗവേർണിംഗ് ലോ). കൂടെ, കോൺട്രാക്ടിൽ ആർബിട്രേഷൻ പോലുള്ള തർക്ക പരിഹാര മാർഗങ്ങൾ നിർദേശിക്കുന്നില്ലെങ്കിൽ ഇന്ത്യൻ കോടതികളാണ് കേസ് കേൾക്കേണ്ടത് (ജ്യൂറിസ്ഡിക്ഷൻ).

രണ്ട് രാജ്യങ്ങളിൽ ഉള്ള രണ്ടു കക്ഷികൾ തമ്മിൽ കരാർ ഒപ്പിടുമ്പോൾ ഏത് രാജ്യത്തെ നിയമമാണ് ഗവേണിങ് ലോ എന്നതും എവിടെയാണ് ജ്യൂറിസ്ഡിക്ഷൻ എന്നതും കുനിഷ്ട് ചോദ്യങ്ങൾ ആണ്. കരാറിൽ വ്യവസ്ഥകൾ ഒന്നും ഇല്ലെങ്കിൽ ഒരു കേസ് വന്നാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കാണാൻ മാത്രം വര്ഷങ്ങളുടെ നടപടി ക്രമങ്ങളും ലക്ഷക്കണക്കിന് രൂപ വക്കീൽ ഫീസും വേണ്ടിവരും. ഇത് ഒഴിവാക്കാൻ അന്താരാഷ്‌ട്ര കരാറുകളിൽ ഗവേണിങ് ലോയും ജ്യൂറിസ്ഡിക്ഷനും വ്യക്തമായി തിരഞ്ഞെടുക്കുന്ന ക്ളോസുകൾ വക്കുക എന്നത് സർവസാധാരണമാണ്.

ഇന്ത്യക്ക് പുറത്തുള്ള ഗവേണിങ് ലോ വച്ചാൽ യാതൊരു ഇന്ത്യൻ നിയമവും ആപ്പ്ലിക്കബിൾ അല്ല എന്നാണോ? അല്ല. ഉദാഹരണത്തിന്, ഞാൻ ഇന്ത്യയിൽ പൊറോട്ട അടിച്ച് അമേരിക്കയിൽ ഒരു കമ്പനിക്ക് കൊടുക്കുന്ന ഒരു കോൺട്രാക്ട് ഒപ്പിട്ടു എന്ന് കരുതുക. അതിൽ അമേരിക്കൻ നിയമം ഗവേണിങ് ലോ ആയി വച്ചാൽ പോലും ഒരു ഭക്ഷണ നിർമാണ സ്ഥാപനം ഇന്ത്യയിൽ നടത്തിക്കൊണ്ട് പോകാൻ എന്തൊക്കെ നിയമങ്ങൾ പാലിക്കേണ്ടതുണ്ടോ അതൊക്കെ ഞാൻ പാലിക്കണം.

സേവന മേഖലയിലെ കരാറുകളിൽ ഗവേണിങ് ലോയും ജ്യൂറിസ്ഡിക്ഷനും വില്പനക്കാരന്റെ രാജ്യത്ത് ആകുന്നത് സർവസാധാരണമാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇപ്പോൾ വിവാദമായ കരാറിൽ ന്യൂയോർക്കിലെ നിയമം ഗവേണിങ് ലോയും ന്യൂയോർക്ക് കോടതികൾക്ക് ജ്യൂറിസ്ഡിക്ഷനും എന്നാണ് പറഞ്ഞിരിക്കുന്നത്. ഒരു വ്യാപാര സ്ഥാപനം അങ്ങനെ പറയുന്നതിന് ചില കാരണങ്ങളുണ്ട്. ഒന്ന്, അവർ ഒരു തർക്കം എന്ന നിലയിൽ ഭയപ്പെടുന്നത് ഏതെങ്കിലും ക്ലയന്റ് അവരുടെ ബൗദ്ധിക സ്വത്തവകാശം അടിച്ചുമാറ്റുമോ എന്നതാണ് (ഫീസ് നൽകില്ല എന്ന പേടി ഇവിടെ പ്രസക്തമല്ലല്ലോ). ബൗദ്ധിക സ്വത്തവകാശനിയമങ്ങൾ അമേരിക്കയിൽ കൂടുതൽ ശക്തമാണ്. രണ്ട്, ഇന്ത്യയിൽ ഒരു കേസ് നടത്തുന്ന കാലതാമസം ന്യൂയോർക്കിൽ കേസ് നടത്താൻ ഇല്ല.

അപ്പോൾ ന്യൂയോർക്ക് കേരളാ സർക്കാരിന് ദോഷമാണോ? അല്ല, പ്രാർത്ഥിക്കാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങൾ ഉണ്ട്.

ഇന്ത്യൻ കോടതികളുടെ വിധികൾക്ക് ഇന്ത്യയിൽ ആണ് പ്രാബല്യം ഉള്ളത്. അതായത്, ഒരു വിദേശ കമ്പനി കരാർ വ്യവസ്ഥകളിൽ വീഴ്ച വരുത്തി (ഡേറ്റാ പ്രൊട്ടക്ഷൻ വ്യവസ്ഥകൾ ഉൾപ്പെടെ) എന്ന് ഇന്ത്യയിൽ കേസ് നടത്തി ഇവിടുത്തെ കാലതാമസം എല്ലാം കഴിഞ്ഞ് തെളിയിച്ചാലും അതുപയോഗിച്ച് വിദേശത്തുള്ള കമ്പനി വക സ്വത്തുക്കളിൽ തൊടാൻ ആകില്ല. അതിന്, ഇന്ത്യൻ കോടതിയുടെ വിധിയുമായി വിദേശ കോടതിയിൽ പോയി എൻഫോഴ്സ്മെന്റിന് അപേക്ഷിക്കണം. കമ്പനി എവിടെയാണോ അവിടത്തെ കോടതികൾക്ക് ജ്യൂറിസ്ഡിക്ഷൻ കൊടുക്കുക വഴി ഇന്ത്യൻ കോടതികളിൽ കേസും അപ്പീലും നടത്തി അതെല്ലാം കഴിഞ്ഞ് വീണ്ടും അമേരിക്കയിൽ കേസ് നടത്തണം എന്ന സ്ഥിതിയാണ് ഒഴിവാക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ അമേരിക്കയിൽ പോയി കേസ് നടത്തുക എന്നത് കൂടുതൽ പുകിലല്ല, പുകിൽ അൽപം കുറയ്ക്കുകയാണ്. സാന്ദർഭികമായി പറയട്ടെ, ഇന്ത്യ ഒപ്പിട്ടിട്ടുള്ള നൂറിൽപരം ഉഭയകക്ഷി നിക്ഷേപ സംരക്ഷണ കരാറുകൾക്കടിയിൽ ഏതെങ്കിലും നിക്ഷേപകർ കേസ് കൊണ്ടുവന്നാൽ അത് കേൾക്കുന്നതും വിദേശത്ത് തന്നെയാണ്. ഇതത്ര പുതിയ കാര്യമല്ല.

ഇനി ഒരു ഉദാഹരണം. ഭോപാൽ ഗ്യാസ് ദുരന്തത്തിന് ശേഷം ഇന്ത്യൻ സർക്കാർ കമ്പനിക്കെതിരെ അമേരിക്കയിൽ സിവിൽ കേസ് കൊണ്ടുവന്നു. അതിന് കാരണമായി സർക്കാർ അമേരിക്കൻ കോടതിയിൽ പറഞ്ഞത് കമ്പനിയുടെ ഇന്ത്യൻ സ്വത്തുക്കൾ പരിമിതമാണെന്നും അവരുടെ അമേരിക്കയിലെ സ്വത്തുക്കളുടെമേൽ എൻഫോഴ്‌സ്‌‌ ചെയ്യാവുന്ന വിധി വേണം എന്നതും ആയിരുന്നു.

അവസാനമായി ഒന്നുകൂടി. ന്യൂയോർക്ക് ജ്യൂറിസ്ഡിക്ഷനും ഗവേണിങ് ലോയും തിരഞ്ഞെടുത്തിട്ടുണ്ട് കരാർ ലംഘനം സംബന്ധിക്കുന്ന കേസുകൾക്കാണ്. കരാർ ലംഘനം ഉണ്ടായാൽ കേസ് നടത്തേണ്ടത് കരാർ പാർട്ടിയാണ്, ഇവിടെ കേരള സർക്കാർ. അത് ഡേറ്റ സംബന്ധിക്കുന്ന കരാർ വ്യവസ്ഥകളുടെ ലംഘനം ആയാലും അങ്ങനെ തന്നെ. ഇനി കമ്പനിയുടെ പ്രവർത്തനങ്ങളുടെ ഫലമായി സാധാരണ പൗരന്മാർക്ക് എന്തെങ്കിലും നഷ്ടം ഉണ്ടായാൽ അവർക്ക് ഇന്ത്യയിൽ തന്നെ കേസ് നടത്തുന്നതിന് തടസമില്ല. അവർ കരാർ കക്ഷികളല്ല, കരാർ നടപ്പാക്കാനല്ല കേസ് നടത്തുന്നത്. അതുകൊണ്ട് അവർ കേസുമായി ന്യൂയോർക്കിൽ പോകേണ്ട കാര്യമില്ല.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 02:08:19 am | 29-05-2024 CEST