ഇരുപതു ഡോളർ അഥവാ ഒരു കറുത്തവർഗക്കാരന്റെ ജീവന്റെ വില ! !

Avatar
Ashish Jose Ambat | 31-05-2020 | 3 minutes Read

racism
Photo Credit : » @joshhild

അമേരിക്കന്‍ നഗരമായ മിനിയാപൊളിസിലെ ഒരു സ്റ്റോറിൽ നിന്നും ഇരുപതു ഡോളറിന്റെ കള്ളനോട്ടുമായി ഒരാൾ സിഗരറ്റ് പാക്കറ്റ് വാങ്ങാൻ ശ്രമിച്ചുവെന്ന എന്ന സന്ദേശം ലഭിച്ചതിന്റെ പേരിലാണ് ആ സംഭവത്തിൽ പ്രതിയെന്നു പോലും ഉറപ്പ് ഇല്ലാത്ത ജോർജ്ജ് ഫ്‌ളോയിഡിനെ നടുറോഡിൽ ഇട്ടു കാൽ കൊണ്ടു കഴുത്തിൽ ഞെരിച്ചു വെള്ളക്കാർ ആയ പൊലീസുകാർ കൊന്നു കളഞ്ഞത്. അതിനുകാരണമായി "അവനെ കണ്ടപ്പോൾ കുഴപ്പക്കാരനായി തോന്നി" എന്നതായിരുന്നു പോലീസ് പ്രതിനിധികൾ ആദ്യം പറഞ്ഞത് !!!

കുറ്റവാളിയെന്ന് ആരോപിച്ച് പോലീസ് സംഘം ഫ്ലോയിഡിനെ കൈവിലങ്ങിട്ട് നിലത്തിട്ട് ശ്വാസംമുട്ടിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ ഒരു വഴി യാത്രക്കാരി ലൈവ്സ്‌ട്രീം ചെയ്‌തിരുന്നു. ഈ ക്രൂര കൊലപാതകത്തിന്റെ ഡയറക്ട് എവിഡെൻസ് ആണത്.

" ദയവുചെയ്തു കേൾക്കൂ. എനിക്ക് ശ്വാസംമുട്ടുന്നു. "

"ഞാൻ നിരപരാധിയാണ്...എന്നെ കൊല്ലരുതെ "
"കഴുത്തിൽ നിന്നും ആ കാല്‍മുട്ട്‌ ഒന്നു എടുക്കൂ...എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ല.."

" കൂടെ കാറിൽ ഞാൻ വരാമെന്നു പറഞ്ഞതല്ലേ...പക്ഷെ എനിക്ക് അനങ്ങാൻ പറ്റുന്നില്ല!"

"നിങ്ങളെന്റെ കഴുത്ത് ഞെരിക്കാതെ.."

" കുറച്ചു വെള്ളമാരെങ്കിലും കുടിക്കാൻ തരൂ.."

" അമ്മ... എന്റെ വയറു വേദനിക്കുന്നു..കഴുത്ത് വേദനിക്കുന്നു..ശരീരം മൊത്തം വേദന.."


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

" ഒന്നു കേൾക്കൂ ദയവായി.. എന്നെ കൊല്ലാതെ ഇരിക്കൂ.."

ഇതിനുശേഷം ഫ്ലോയിഡ് ഒന്നും പറഞ്ഞില്ല, അദ്ദേഹത്തിന്റെ ശരീരം നിശ്ചലമായി! തന്റെ കാൽമുട്ടിന്റെ ബലത്തിൽ കഴുത്ത് ഒടിഞ്ഞു ഫ്ലോയിഡ് കൊല്ലപ്പെട്ടുവെന്നു ഉറപ്പ് ആയിട്ടും ഡെറിക് ഷൗവിനെന്ന വെള്ളക്കാരനായ ആ പൊലീസുകാരൻ തന്റെ കാലുകൾ എടുക്കാതെ കൂടുതൽ ബലത്തിൽ അമർത്തി കൊണ്ടിരുന്നു. "നീ വലിയ കരുത്തനാണെന്നു കേട്ടല്ലോ..ഇപ്പോൾ എന്തുപ്പറ്റി.." എന്നെല്ലാം അദ്ദേഹം ജീവനറ്റു കിടക്കുന്ന ആ കറുത്ത മനുഷ്യന്റെ കഴുത്തിൽ കാൽ ഞെരിച്ചു പരിഹസിച്ചു കൊണ്ടിരുന്നു. കൂട്ടാളികളായ പൊലീസുകാർ പിന്തുണ കൊടുത്തു ആ വംശീയവെറി ആസ്വദിച്ചു!!

വെളുത്തവര്‍ഗക്കരായ പോലീസ് ഉദ്യോഗസ്ഥര്‍ കറുത്തവര്‍ഗക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും കൊലപ്പെടുത്തുയും ചെയ്യുന്ന സംഭവങ്ങള്‍ അനവധിയാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്നത്. ആറുവർഷങ്ങൾക്കു മുൻപ് 2014യിൽ എറിക് ഗാർനെർ എന്നൊരു കറുത്തവർഗക്കാരെനയും വെള്ളക്കാർ ആയ പോലീസ് സംഘം ഇങ്ങനെ കഴുത്തു ഞെരിച്ചു നിലത്തു അമർത്തി ശ്വാസമുട്ടിച്ചു കൊന്നിരുന്നു, അദ്ദേഹവും തനിക്ക് ശ്വാസം മുട്ടുന്നുവെന്നു പറഞ്ഞു! ലൂസിൽ സിഗരറ്റ് വിൽക്കുന്നതായി പോലീസുകാർക്ക് തോന്നി എന്നതാണ് ഈ ശിക്ഷ വിധിക്കാനുള്ള കാരണം പക്ഷെ എറികിന്റെ കൈയ്യിൽ യഥാർത്ഥത്തിൽ ഒരു സിഗരറ്റ് പോലും ഇല്ലായിരുന്നു! അല്ലായെങ്കിലും കറുത്തവർഗക്കാരനെ കൊല്ലാനും ആക്രമിക്കാനും കാരണങ്ങൾ ഒന്നും വേണ്ട എന്നതാണല്ലോ വംശീയവെറിയുടെ ന്യായയുക്തി! എറികിനെ കൊല്ലുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം വ്യാപിച്ചുവെങ്കിലും ജീവനെടുത്ത ഡാനീയൽ എന്ന വെള്ളക്കാരനായ പോലീസുകാരനെതിരെ കൊലപാതകം കുറ്റം പോലും ചുമത്തിയില്ല.

കറുത്തവര്‍ഗക്കാരായ അമേരിക്കക്കാരെ വെളുത്ത പോലീസുകാര്‍ വെടിവെച്ചും ശ്വാസംമുട്ടിച്ചും കൊല്ലുന്നത് അമേരിക്കയിൽ ഒറ്റപ്പെട്ട സംഭവം അല്ല. അഞ്ചുവർഷങ്ങൾക്കു മുൻപ് ടാമിർ റൈസ് എന്ന പന്ത്രണ്ടു വയസ്സുള്ള ആഫ്രോ-അമേരിക്കൻ പയ്യൻ കളിത്തോക്ക് കൊണ്ടു പാർക്കിൽ കളിച്ചതിനു ആ കുഞ്ഞിനെ സ്പോട്ടിൽ വെടിവെച്ചു കൊന്ന ടിമോത്തി ലോഹ്മാൻ എന്ന വെളുത്ത പൊലീസുകാരനെതിരെ ഒരു ക്രിമിനൽ ചാർജ്ജ് പോലും ഫയൽ ചെയ്തില്ല! ആ പന്ത്രണ്ടു വയസ്സുള്ള പയ്യനെ കണ്ടാൽ ഭീകരവാദിയെ പോലെ വെള്ളക്കാരനായ പോലീസ് ഓഫീസറിനു തോന്നി എന്നത് ആയിരുന്നു പറഞ്ഞ ന്യായം! ദി ഗാർഡിയൻ 2016യിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം ജനസംഖ്യാനുപാതത്തിൽ ഏറ്റവുമധികം അമേരിക്കൻ പൊലീസുകാരാൽ കൊല്ലപ്പെട്ടുന്നത് കറുത്തവർഗക്കാർ ആയ യുവാക്കളാണ്. മറ്റുള്ളവരെ അപേക്ഷിച്ചു അമേരിക്കയിൽ ഒരു കറുത്തവർഗക്കാരൻ പോലീസിന്റെ കൈകൊണ്ടു കൊല്ലപ്പെട്ടാനുള്ള സാധ്യത ഒൻപതു ഇരട്ടിയാണ്.

ഒരു കറുത്തവർഗക്കാരനിൽ കുറ്റം സംശയിച്ചാൽ, സ്വന്തം നിരപരാധിത്വം തെളിയിക്കേണ്ടത് അവന്റെ മാത്രം കടമയാണെന്നതാണ് വംശീയതയുടെ ന്യായയുക്തി. മറുവശത്ത് വെള്ളകാരനു നേരെയാണ് കുറ്റാരോപണം വരുന്നുവെങ്കിൽ അവിടെ വസ്തുനിഷ്ഠമായ തെളിവുകളുടെങ്കിലും അവൻ കുറ്റവാളി ആകണമെന്നില്ല! വീഡിയോ ഫുഡ്ജ് അടക്കം ഉണ്ടായിട്ടും കറുത്തവർഗക്കാരെ അകാരണമായി കൊന്നു തള്ളിയ വെള്ളകാരന്മാർ ആയ പൊലീസുകാർ കൊലപാതകം കുറ്റം നേരിട്ടാതെ പോയ ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. കറുത്തവനായി ജനിക്കുക എന്നതിനു സ്ഥിരമായ നീതി നിഷേധത്തിനു പാത്രമാകുക എന്നത് കൂടിയാണ് അർത്ഥം!

അടിസ്ഥാനപരമായി എല്ലാ കറുത്തവർഗക്കാരും തെറ്റുകാരാണെന്നും താൻ അങ്ങനെയല്ല എന്നു തെളിക്കണ്ട ബാധ്യത ഓരോ കറുത്തവർഗക്കാരുടെ ചുമലിലും വയ്‌ക്കുന്ന വ്യവസ്ഥ! കറുത്തവനെ കണ്ടാൽ പ്രതിയാണെന്നു ഒരു തെളിവുമില്ലാതെയും തോന്നുന്ന ആ തോന്നലിന്റെ പേരിൽ വധശിക്ഷ വരെ സ്പോട്ടിൽ വിധിക്കാൻ പ്രേരിപ്പിക്കുന്ന രീതിയിൽ വെള്ളക്കാരനെ പരിശീലിപ്പിച്ചു എടുക്കുന്ന വ്യവസ്ഥ! എല്ലാ വെള്ളക്കാരും അടിസ്ഥാനപരമായി നീതിമാന്മാർ ആണെന്നും വ്യക്തമായ തെളിവുകൾ വന്നാൽ പോലും തെറ്റുകാരനെന്നു ഉറപ്പ് ആയും മുദ്രകുത്തപ്പെട്ടേണ്ട ബാധ്യതയില്ലാത്തവർ ആകുന്നതുമായ വംശീയതയുടെ അടിത്തറയിൽ മാത്രം കെട്ടിപ്പൊക്കിയ വ്യവസ്ഥ! ഈ വ്യവസ്ഥയിൽ ഇനിയും ശ്വാസമുട്ടി വെള്ളക്കാരന്റെ കാലിന്റെ അടിയിൽ ഞെരിഞ്ഞമർന്ന് മരിക്കാൻ സൗകര്യമില്ലായെന്നു തന്നെയാണ് പറയേണ്ടത്.

കറുത്തവരുടെ ജീവനും വിലയുണ്ട്, ഇനിയും ഈ വംശീയ അനീതിയുടെ വ്യവസ്ഥിതിയിൽ ശ്വാസമുട്ടി കഴിക്കാൻ പറ്റില്ല!!

#BlackLivesMatter #icantbreathe #Notanymore # ആശിഷ് ജോസ് അമ്പാട്ട്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 11:31:07 am | 03-12-2023 CET