'ഡിഗ്നിറ്റി ഓഫ് ലേബർ' അതല്ലെങ്കിൽ ഏതു തൊഴിലിനും അതിൻറ്റേതായ മാന്യത ഉണ്ടെന്ന് അംഗീകരിച്ചാൽ മാത്രമേ ജാതീയമായ തൊഴിൽ വിഭജനം ഇന്ത്യയിൽ ഇല്ലാതാകൂ; നമ്മുടെ രാഷ്ട്ര പിതാവ് ഇന്ത്യയിലെ ജനങ്ങളെ പഠിപ്പിക്കാൻ ശ്രമിച്ച ആ തൊഴിലിൻറ്റെ മാന്യത എന്ന ആശയം ഉൾക്കൊള്ളാൻ ഇന്ത്യൻ ജനത ഇനി എത്ര നാളെടുക്കും?

Avatar
വെള്ളാശേരി ജോസഫ് | 09-11-2022 | 4 minutes Read

979-1668001510-dignity-of-labour-1668001450322

വിംബിൾഡൺ ടെന്നീസ് കളിയുടെ ഫൈനൽ കണ്ടിട്ടുള്ളവർ ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ട്രോഫി കൊടുക്കാൻ വരുന്ന ഡ്യൂക്കും, ഡ്യൂക്കിൻറ്റെ പത്നിയും ആദ്യം കൈ കൊടുക്കുന്നത് പന്ത് പെറുക്കുന്ന പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും ആണ്; അല്ലാതെ ചാമ്പ്യനല്ല. ഇന്ത്യയിൽ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ചിന്തിക്കാൻ പറ്റാത്ത കാര്യം ആണത്. എല്ലാ ജോലികളേയും, ജോലി ചെയ്യുന്നവരുടെ സംഭാവനകളേയും ആദരിക്കുന്ന ഒരു പ്രവൃത്തിയാണ് ഡ്യൂക്കും, ഡ്യൂക്കിൻറ്റെ പത്നിയും പന്ത് പെറുക്കുന്ന പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും കൈ കൊടുക്കുന്നതിലൂടെ കാണിക്കുന്നത്. 'ചെങ്കോൽ' സിനിമയിലെ സേതുമാധവനും കുടുംബം പുലർത്തുന്നത് മീൻ വിൽക്കുന്നതിലൂടെയാണ്. ജയിലിൽ പോയത് കൊണ്ട് പഴയ മൂല്യബോധങ്ങളിൽ നിന്ന് സേതുമാധവൻ മുക്തനായി. ഇന്ത്യക്കാർ ഇങ്ങനെ പഴയ മൂല്യബോധങ്ങളിൽ നിന്ന് മുക്തരാവാനും, ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ' അംഗീകരിക്കുവാനും ഇനിയും എത്ര നാൾ പിടിക്കും?

ജോലിയുടെ മഹത്വം അഥവാ 'ഡിഗ്നിറ്റി ഓഫ് ലേബർ' ഇന്ത്യക്കാരെ പഠിപ്പിക്കുവാൻ വളരെയധികം യത്നിച്ച വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയിൽ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകൾ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. ജോലിയുടെ മഹത്വം (Dignity of Labour) എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാൻ യത്നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതർക്ക് അവരുടെ തൊഴിലിൽ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാർ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തൻറ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്.

ഗാന്ധിജിയുടെ കാലത്തിൽ നിന്ന് തുലോം വ്യത്യസ്തമായി ഇന്നിപ്പോൾ ഇലക്ട്രോണിക്ക്-ഡിജിറ്റൽ ടെക്നൊളജികൾ വരുമ്പോൾ, മനുഷ്യൻറ്റെ ശാരീരിക അദ്ധ്വാനം കുറയുന്നൂ. ഇന്നത്തെ ആധുനികവൽക്കരണം എന്നൊന്നുള്ളത് യന്ത്രവൽക്കരണമാണ്. സയൻസ് ടെക്നൊളജിയിലൂടെയും മെഷീനറിയിലൂടെയും രൂപത്തിൽ വരുമ്പോൾ ജാതീയമായിരുന്ന പല തൊഴിലുകളും ഏറ്റെടുക്കുവാൻ പൊതുസമൂഹത്തിലെ മറ്റു പലരും തയാറാകുന്നു. മുടിവെട്ടിന് ഇന്ന് വിലകുറഞ്ഞ യന്ത്രങ്ങളുണ്ട്; മുറ്റമടിക്കലിന് 'ബ്ലോവർ' ഉണ്ട്. അതുപോലെ തന്നെയാണ് ആധുനിക മെഷീനുകൾ ശുചീകരണ പ്രക്രിയയിൽ പ്രവർത്തിക്കുന്നത്.

ഇങ്ങനെയുള്ള ആധുനിക സയൻസും ടെക്നോളജിയുമാണ് നമ്മുടെ ജാതി പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്നു പറഞ്ഞാൽ, ചൂലും പൊക്കിപ്പിടിച്ച് പാർശ്വവൽകരിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിക്കുന്ന പലർക്കും അത് മനസിലാകില്ല. റിലയൻസിലും മറ്റ് അനേകം ഡിപ്പാർട്ട്മെൻറ്റ് സ്റ്റോറുകളിലും പ്രൈവറ്റ് സ്ഥാപനങ്ങളിലും തൂപ്പ് ജോലിക്കാർ ഇഷ്ടം പോലെയുണ്ട്. അവരൊക്കെ പട്ടിക ജാതിക്കാർ ആണോയൊന്ന് ഇത്തരം ടീമുകൾ ഒന്ന് അന്വേഷിക്കുക. ഈ തൂപ്പ് ജോലി എന്നു പറയുമ്പോൾ, വലിയ ചൂലും, മുക്കി തുടക്കാനുള്ള പാത്രങ്ങളും തുണികളും ആയി ചിലരൊക്കെ സങ്കല്പിച്ചു കൂട്ടുമ്പോൾ മാത്രം വരുന്നതാണ് തൂപ്പ് ജോലി മുഴുവൻ സമൂഹത്തിൻറ്റെ ഏറ്റവും താഴേക്കിടയിലുള്ള ചെയ്യുന്നതാണെന്നുള്ള തോന്നൽ. ഇന്നിപ്പോൾ പൊടി തൂത്തുവാരാൻ റോബോട്ടിക്ക് ക്ളീനർ ഉണ്ട്. റിലയൻസിലും മറ്റ് അനേകം ഡിപ്പാർട്ട്മെൻറ്റ് സ്റ്റോറുകളിലും പ്രൈവറ്റ് സ്ഥാപനങ്ങളിലും ഉള്ള തൂപ്പ് ജോലിക്കാർ ആ പേരിലല്ല അറിയപ്പെടുന്നത്. അവർക്ക് നല്ല യൂണിഫോമുണ്ട്. വൃത്തിയാക്കാൻ നല്ല മെഷീൻസ് ഉണ്ട്. പഞ്ച നക്ഷത്ര ഹോട്ടലിൽ പോലും തൂപ്പ് ജോലിക്കാരും, വൃത്തിയാക്കൽ സ്റ്റാഫും ഉണ്ട്. അവരൊക്കെ 'ഹൗസ് കീപ്പിംഗ്' എന്ന വിഭാഗത്തിൽ ആണുള്ളത്. വിമാനങ്ങൾ എങ്ങനെയാണ് വൃത്തിയാക്കപ്പെടുന്നത്? ശുചീകരണ തൊഴിലാളികൾ വലിയ ചൂലുമായി വിമാനത്തിനുള്ളിൽ പ്രവേശിച്ചാണോ? ആധുനികവൽക്കരണവും, സയൻസും ടെക്‌നോളജിയും തൊഴിലിന് നൽകുന്ന ഈ മാന്യത സണ്ണി എം. കപിക്കാടിനെ പോലുള്ള പാർശ്വവൽകരിക്കപ്പെട്ടവർക്ക് വേണ്ടി സംസാരിക്കുന്നു എന്നു കരുതുന്നവർ ഒരിക്കലും കാണില്ല. കാരണമെന്തെന്നുവെച്ചാൽ, ജാതി ജാതി എന്നു സ്ഥിരം പുലമ്പി ഇവർക്കൊക്കെ സമൂഹത്തിൻറ്റെ താഴേക്കിടയിലുള്ളവരെ അവിടെ തന്നെ തളച്ചിടണം. എന്നാൽ മാത്രമേ അവർക്കൊക്കെ ആ ജാതിക്കാരുടെ വക്താക്കൾ ആയിരിക്കാൻ സാധിക്കുകയുള്ളൂ.

അമേരിക്കയിലും മറ്റു പല സ്ഥലങ്ങളിലും നിലനിന്നിരുന്ന അടിമത്തവുമായി നോക്കുമ്പോൾ ഇന്ത്യയിലെ ജാതി വ്യവസ്ഥിതിയിലുണ്ടായിരുന്ന അടിച്ചമർത്തൽ ഒന്നുമല്ല. ആ അവസ്ഥയിൽ നിന്ന് അമേരിക്കയിലെ കറുത്ത വർഗക്കാർ ഇന്നെവിടെ നിൽക്കുന്നു? അവരില്ലാത്ത ഏതെങ്കിലും ഒരു മേഖല അമേരിക്കയിലുണ്ടോ? സ്പോർട്സ്, അത്ലറ്റിക്സ്, ഹോളിവുഡ്, എന്നിങ്ങനെ സകല മേഖലകളിലുമുണ്ട്. കറുത്ത വർഗക്കാരൻ അമേരിക്കൻ പ്രെസിഡൻറ്റ് വരെ ആയി. അങ്ങനെ നോക്കുമ്പോൾ ദളിതരുടെ പിന്നോക്കാവസ്ഥയ്ക്കുള്ള യഥാർത്ഥ പരിഹാരം വ്യവസായ മേഖലയിലേക്കുള്ള ചേക്കറലാണ്; തൊഴിലധിഷ്ടിധവും, മെച്ചപ്പെട്ടതുമായ വിദ്യാഭ്യാസം ഇന്നത്തെ യുവ തലമുറയ്ക്ക് ലഭ്യമാക്കുന്നതുമാണ്; സമ്പാദ്യ ശീലം വളർത്തുന്നതുമാണ്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

രണ്ടാം ലോക മഹാ യുദ്ധത്തിൽ കാർപ്പെറ്റ് ബോംബിങ്ങിനു വിധേയമായ ജെർമനിയും, ആറ്റം ബോംബ് ആക്രമണത്തിന് വിധേയമായ ജപ്പാനും പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക, വ്യവസായിക ശക്തികളായി. എന്തേ ഇന്ത്യക്ക് ഈ പുരോഗതിയൊന്നും സാധ്യമാകുന്നില്ല? ഇന്ത്യയിൽ മാത്രമല്ല; യൂറോപ്പിലും അമേരിക്കയിലും ഒക്കെ നിറത്തിലൂന്നിയ മിഥ്യാഭിമാനം ഉണ്ട്. 'Whites Only' കോളനികൾ അവിടെയും ഉണ്ടായിരുന്നു. വെള്ളക്കാർക്ക് മാത്രം വീട് വാടകക്ക് കൊടുക്കുന്ന രീതികൾ അത്യാധുനിക സമൂഹങ്ങളിൽ ഇന്നും നില നിൽക്കുന്നു. പക്ഷെ അവിടെ സങ്കുചിത വീക്ഷണങ്ങൾ ഇന്ത്യയിലേത് പോലെ ദേശീയ നയങ്ങളിലേക്ക് വരുന്നില്ല. പശുവിൻറ്റെ പേരിലോ, പന്നിയുടെ പേരിലോ നടക്കുന്ന കൊലപാതകങ്ങൾ ന്യായീകരിക്കാൻ അവിടെ ആരും ഇന്ത്യയിലേത് പോലെ വരില്ല. ദേശീയമായ മിക്കതിലും ബഹുസ്വരത അത്യാധുനിക സമൂഹങ്ങളുടെ ഭാഗമായി കഴിഞ്ഞു. കഴിഞ്ഞ ലോകകപ്പ് ഫുട്ബോൾ തന്നെ നോക്കിയാൽ ഇത് മനസിലാകും. ഫ്രാൻസ്, ബെൽജിയം - എന്നീ രാഷ്ട്രങ്ങൾക്ക് വേണ്ടി അനേകം കറുത്ത വർഗക്കാർ കളിച്ചു. ഫൈനലിൽ ഫ്രാൻസിന് വേണ്ടി രണ്ടു ഗോളുകൾ നേടിയത് കറുത്ത വർഗക്കാർ ആയിരുന്നു. ബഹുസ്വരതയുടെ വിജയമായിരുന്നു ഫ്രാൻസിൻറ്റെ ലോകകപ്പ് വിജയം. ആധുനിക ലിബറൽ കോസ്മോപോളിറ്റൻ സമൂഹത്തിൻറ്റെ വിജയം കൂടിയായിരുന്നു അത്.

ആധുനികതയെ നിർവചിക്കുന്നത് എപ്രകാരമാണ്? “Efficient task formation is the only criterion of Modernity” - എന്നാണ് ആധുനികതയെ കുറിച്ചുള്ള വളരെ നല്ല ഒരു നിർവചനം. ജാതിക്കും, മതത്തിനും, വർണത്തിനും, സമുദായത്തിനും ഒക്കെ അപ്പുറത്ത് തൊഴിലിൻറ്റെ മഹത്ത്വം ആണ് ഒരു ആധുനിക സമൂഹം ഉറ്റു നോക്കുന്നത്. അങ്ങനെയാണ് ലോകത്തെവിടെയും ആധുനിക സമൂഹങ്ങൾ പടുത്തുയർത്തിയിട്ടുള്ളതും.

പുറത്തു പോയി കഴിഞ്ഞാൽ, ടോയ്ലറ്റ് ക്ലീനിങ്, വെയ്റ്റർ ജോലികൾ, പാത്രം കഴുകൽ, ട്രക്ക് ഓടിക്കൽ, കെയർ ഹോംസിൽ യൂറോപ്യൻ അപ്പൂപ്പൻമാരേയും അമ്മൂമമാരേയും കുളിപ്പിക്കൽ, മരുന്ന് കൊടുക്കൽ, ഇറച്ചി വെട്ട്, മീൻ വൃത്തിയാക്കൽ, പച്ചക്കറി കടയിലെ സോർട്ടിങ് ജോലികൾ, വെയർഹൗസിലെ ചുമടെടുക്കൽ, ലോഡിങ് അൺലോഡിങ് ജോലികൾ - അങ്ങനെ എന്തും ചെയ്യാൻ ഇൻഡ്യാക്കാർ തയ്യാറാണ്.

സത്യത്തിൽ ഇതിലൊന്നിലും ദുരഭിമാനം നോക്കേണ്ട ഒരു കാര്യവുമില്ല. നമ്മുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി പോലും ഇംഗ്ലണ്ടിൽ പഠിക്കാൻ പോയപ്പോൾ പോക്കറ്റ് മണിക്കായി ഐസക്രീം വിറ്റിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഇങ്ങനെ ഏത് ജോലിയും ചെയ്യുവാൻ ഒരുവൻ തയ്യാറായാൽ സമൂഹത്തിൽ ആധുനികവൽകരണ പ്രക്രിയ എന്നൊന്നുള്ളത് ഓട്ടോമാറ്റിക്ക് ആയി തന്നെ വരും.

'ഡിഗ്നിറ്റി ഓഫ് ലേബർ' അതല്ലെങ്കിൽ ഏതു തൊഴിലിനും അതിൻറ്റേതായ മാന്യത ഉണ്ടെന്ന് അംഗീകരിക്കുമ്പോൾ തന്നെ ജീവിതത്തിൽ ഒരിക്കലും പരാജയം ഉണ്ടാവുകയില്ല. ദുരഭിമാനം കൊണ്ട് ഒരു ജോലിയും ചെയ്യാതെ ഓണം ഉണ്ടിരുന്ന കടന്നുപോയ തലമുറകൾക്ക് 'ന്യൂ ജനറേഷൻ' എന്ന ഇന്നത്തെ പുതിയ തലമുറ ഒരു അത്ഭുതമാണ്. പണ്ട് വെടിവട്ടവും മുറുക്കിതുപ്പുമായി ജീവിതം കഴിച്ചിരുന്നവർക്ക് ഇന്നത്തെ തലമുറയിൽ പെട്ടവർ എന്തു ജോലിയും ചെയ്യാൻ തയാറാകുന്നത് കാണുമ്പോൾ ആശ്ചര്യം വരും. സ്വോഭാവികമാണത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 02:29:28 am | 29-05-2024 CEST