ഇതൊക്കെ എന്താണെന്ന് നിങ്ങൾക്ക് അറിയാം, എന്നാൽ ഇതുമായി ബന്ധപ്പെട്ട് കുറച്ചു വർഷങ്ങളായി ഞാൻ നടത്തിയ നിരീക്ഷണങ്ങളിൽ മനസ്സിലാക്കിയ ചിലത് ഇവിടെ പറയാം
അസൂയ എന്നത് പ്രാകൃതമനുഷ്യൻ എന്നതിൽ നിന്നും കാലക്രമേണ ആധുനികമനുഷ്യൻ എന്ന് നാം വിശേഷിപ്പിക്കുന്ന കൃതൃമമനുഷ്യന്റെ വരവോടെ തുടങ്ങിക്കാണും, തനിക്ക് സ്വാഭാവികമായി (ജന്മനാ) ഇല്ലാത്ത പലതും കൈവന്നു തുടങ്ങുന്നതോടെ തന്റെ തന്റെ കൃത്രിമഗുണങ്ങൾ (കൃത്രിമമൂല്യങ്ങൾ) ജീവിതതലങ്ങളിലൂടെ അറിയുന്ന പലർക്കുമുള്ള കൃത്രിമഗുണങ്ങളോട് താരതമ്യം ചെയ്ത് തന്നേക്കാൾ "മികച്ച" കൃത്രിമത്വമുള്ളവരോട് തോന്നുന്നതാണ് അസൂയ
മൽസരം എന്നത് ഒരാളുടെ (സംഘത്തിന്റെയോ) പക്കൽ തന്റെ അസൂയക്ക് കാരണമായ കൃത്രിമഗുണങ്ങൾ കൂടുമ്പോളോ, തന്റെ പക്കൽ തീരെ ഇല്ലാതാകുമ്പോളോ അയാളുമായി മൽസരിച്ച് അയാളേക്കാൾ മുന്നിലെത്തി കൃത്രിമത്വത്തിന്റെ കേമനാകാം (ഇതിനായി അയാളുടെ കൃത്രിമഗുണങ്ങളെ താഴ്ത്തിയാലും മതി)
ഇതിൽ കൃത്രിമഗുണങ്ങൾ (കൃത്രിമമൂല്യങ്ങൾ) എന്നത് വസ്ത്രം, ആഡംബര വസ്തുക്കൾ, സമ്പത്ത്, തൊഴിൽ, പദവി, വിദ്യാഭ്യാസം, അംഗീകാരങ്ങൾ, ആധുനിക മനുഷ്യന്റെ ശാരീരികവും മാനസികവുമായ ശേഷികൾ എന്നുതുടങ്ങുന്ന പലതുമാണ്
ശത്രുത എന്തെന്നാൽ തനിക്ക് അസൂയ ഉള്ളവരെ (അനുവദനീയമായ തരത്തിൽ) മൽസരിച്ച് തോൽപ്പിക്കാൻ ആയില്ലെങ്കിൽ ഉണ്ടാകുന്നതാണ് ശത്രുത
ശത്രുത സ്വയം ഇല്ലാതാക്കണമെങ്കിൽ അവനവൻ മൽസരം കുറക്കണം, മൽസരം കുറയാനാണെങ്കിൽ അസൂയ ഇല്ലാതാകണം, അസൂയ ഇല്ലാതിരിക്കാൻ മേൽപ്പറഞ്ഞ കൃത്രിമഗുണങ്ങൾ കൊണ്ട് താരതമ്യം ചെയ്യൽ നിർത്തണം
അസൂയ ആർക്കും നിർത്താനാകില്ല! കാരണം നാം ഇന്ന് ജീവിക്കുന്നത് നല്ലൊരു ശതമാനം കൃത്രിമമായ പാശ്ചാത്തലത്തിലാണ്, എന്നാൽ നമ്മൾ ഇടപെടുന്ന മേഖല വളരെ ചെറുതാണെങ്കിൽ നമ്മുടെ അസൂയയും, മൽസരവും, ശത്രുതയും ആ ചെറിയ ഇടത്ത് ഒതുങ്ങിനിൽക്കും, മേഖല(കൾ) വലുതാകുമ്പോൾ ഇവയൊക്കെ കുറെ വ്യക്തികളിലേക്ക് വിഭജിച്ച് കൊടുക്കപ്പെടും
ഒരു ഉദാഹരണം:- സറീന വില്യംസും, വീനസ് വില്യംസും മാത്രമാണ് ലോക ടെന്നീസിൽ എങ്കിൽ അവർ ബദ്ധശത്രുക്കൾ ആയിരിക്കും, എന്നാൽ അവർ ഇരുവർക്കും മൽസരിക്കാൻ ലോകത്തെ മികച്ച മറ്റു ടെന്നീസ് കളിക്കാർ ഉള്ളതിനാൽ അവർ ഇരുവരും ശത്രുക്കൾ ആകുന്നില്ല! ഇതിൽ ഒരാൾ മൽസരിക്കുന്നത് മറ്റു സഹോദരിയോട് മാത്രമാണെങ്കിൽ അവർക്ക് ആ സഹോദരിയോട് ശത്രുത ഉണ്ടാകുകയും, മറ്റേ സഹോദരി മൽസരിക്കുന്നത് ലോകത്തെ മറ്റുകളിക്കാരോടുമാണെങ്കിൽ തന്റെ സഹോദരിയോട് സൗഹൃദവും ഉണ്ടാകും (കഴിഞ്ഞു)
ചിലരുടെ വീട്ടിലും, അടുത്ത സുഹൃത്തുക്കളിലും എന്നും ശത്രുതയും വഴക്കും ആയിരിക്കും, ഇക്കൂട്ടർക്ക് അസൂയയും, മൽസരവും, ശത്രുതയും വളരെ അടുപ്പമുള്ളവരോട് ആയിരിക്കും, എന്നാൽ ചിലർ അടുത്തിരിക്കുന്നവരോട് ശത്രുത കാണിക്കില്ല! അവർക്ക് അസൂയയും മൽസരവും ശത്രുതയും അകലെ എവിടെയെങ്കിലുമുള്ള ആരോടെങ്കിലും ആയിരിക്കും
നമ്മളിൽ ചിലരെങ്കിലും പറയും സ്ത്രീകൾ പുരുഷന്മാരേക്കാൾ അസൂയാലുക്കൾ ആണെന്ന്, ആ ധാരണ തെറ്റാണെന്നാണ് എന്റെ തോന്നൽ
മിക്കവാറും പുരുഷന്മാരുടെ പ്രവർത്തന മേഖലയും ചിന്താവലയവും സ്ത്രീകളേക്കാൾ വലുതായിരിക്കും, ചിന്തകളും പ്രവർത്തനങ്ങളും ഇടുങ്ങുമ്പോൾ ആ ഇടുങ്ങിയ ഇടത്ത് അസൂയയും, മൽസരവും, ശത്രുതയും ഉണ്ടാകുന്നു.
ശത്രുത ഇല്ലാതാക്കാൻ ഒരു ഉപാധി ഉണ്ട്, അസൂയയും, അതിനാൽ ഉണ്ടാകാവുന്ന മൽസരങ്ങളും പാടേ ഒഴിവാക്കുക, അല്ലെങ്കിൽ ശത്രുത കൊണ്ട് ദൂഷ്യങ്ങൾ നേരിട്ട് ഭവിക്കാത്ത മറ്റൊരാളോട് മൽസരിക്കുക, അതിനായി തന്റെ അസൂയയുടെ പാത്രമാകാനും വേറെ ആരെയെങ്കിലും കണ്ടുപിടിക്കുക.
ഇതിൽ ഇനിയും വിശദീകരിക്കാൻ ഉണ്ട്, ഇപ്പോൾ ഇത്ര മതി.
#ഷംസുദ്ദീൻ മുഹമ്മദ്
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.