അങ്കിൾ സാം വീഴുമോ? അമേരിക്ക സാമ്പത്തികമായി തകർന്നടിഞ്ഞാൽ എന്തായിരിക്കും ലോകത്തിൻറ്റെ അവസ്ഥ? യൂറോപ്പും അമേരിക്കയും പിന്നോക്കം പോയാൽ പിന്നെ ചൈന സാമ്പത്തിക ആധിപത്യം നേടുമോ?

Avatar
വെള്ളാശേരി ജോസഫ് | 28-05-2020 | 11 minutes Read

പണ്ട് അമേരിക്ക സദാം ഹുസൈനെ കീഴ്പ്പെടുത്തിയ കഥ എല്ലാവരും ഓർമിക്കുന്നുണ്ടാകാം. സദാം ഹുസൈൻറ്റെ പക്കൽ മാരകായുധങ്ങൾ ഉണ്ടെന്ന് പറഞ്ഞായിരുന്നു ആ യുദ്ധം. 'വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷൻ' എന്നായിരുന്നു സദാം ഹുസൈൻറ്റെ പക്കലുള്ള മാരകായുധങ്ങളെ അമേരിക്ക അന്ന് വിശേഷിപ്പിച്ചത്. അമേരിക്കൻ സ്റ്റെയ്റ്റ് സെക്രട്ടറി പല അമേരിക്കൻ ഇൻറ്റെലിജെൻസ് ഓഫീസർമാരും ജീവൻ പണയം വെച്ചാണ് സദാം ഹുസൈൻറ്റെ പക്കലുള്ള മാരകായുധങ്ങളെ കണ്ടെത്തിയത് എന്നു ഐക്യ രാഷ്ട്ര സഭയിൽ പറയുക വരെ ചെയ്തു. സദാം ഹുസൈൻറ്റെ പക്കൽ 'കെമിക്കൽ, ബയളോജിക്കൽ ആൻഡ് ന്യൂക്ലിയർ വെപ്പൺസ്' ഉണ്ടെന്ന് ബിൽ ക്ളിൻറ്റൺ തൊട്ട് പറയാൻ തുടങ്ങിയതായിരുന്നു. സദാം ഹുസൈൻറ്റെ പക്കലുണ്ടെന്ന് പറയുന്ന 'കെമിക്കൽ, ബയളോജിക്കൽ ആൻഡ് ന്യൂക്ലിയർ വെപ്പൺസിനെ' കുറിച്ച് ബിൽ ക്ളിൻറ്റൺ പ്രസംഗിക്കുന്നത് ഇതെഴുതുന്നയാൾ ഇപ്പോഴും ഓർക്കുന്നുണ്ട്.

china rise
Photo Credit : » @chuttersnap

സദാം ഹുസൈനെ കീഴ്പ്പെടുത്തിയതിനു ശേഷം അമേരിക്ക ഇറാക്കിൽ വൻതോതിൽ തിരച്ചിൽ നടത്തി. ഒരു മാരകായുധവും കണ്ടെത്താനായില്ല. ഒരു രീതിയിലുള്ള 'കെമിക്കൽ, ബയളോജിക്കൽ ആൻഡ് ന്യൂക്ലിയർ വെപ്പൺസും' ഇറാക്കിൽ അമേരിക്കക്ക് കണ്ടെത്താനായില്ല. പിന്നെ എന്തിനായിരുന്നു അമേരിക്ക ഇറാഖിനോട് യുദ്ധം ചെയ്തത്? എന്തിനായിരുന്നു അമേരിക്ക സദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയത്? അത് പലരും അന്ന് കരുതിയിരുന്നതുപോലെ എണ്ണക്ക് വേണ്ടിയുള്ള യുദ്ധം അല്ലായിരുന്നു. അമേരിക്കൻ ഡോളറിൻറ്റെ മേൽക്കോയ്മക്ക് വേണ്ടിയുള്ള യുദ്ധമായിരുന്നു അത് എന്ന് അന്നുതന്നെ ചിലരൊക്കെ ചൂണ്ടികാണിച്ചതാണ്.

അമേരിക്കൻ ഡോളറിൻറ്റെ മേൽക്കോയ്മക്ക് വേണ്ടി അമേരിക്ക ലോകം മുഴുവൻ ഇങ്ങനെ യുദ്ധങ്ങൾ നടത്തിയിട്ടുണ്ട്. സദാം ഹുസൈൻ ലോകം മുഴുവൻ അംഗീകരിച്ചിരിക്കുന്ന ഡോളർ എന്ന 'റിസേർവ് കറൻസി' ഉപേക്ഷിച്ച് യൂറോയിലേക്ക് തിരിയാൻ നീക്കങ്ങൾ നടത്തിയിരുന്നു. അതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. സദാം ഹുസൈന് പിന്നാലെ മറ്റു രാജ്യങ്ങളും ഡോളർ ഉപേക്ഷിച്ചാൽ അമേരിക്കയ്ക്ക് ഡോളറിൻറ്റെ സമഗ്രാധിപത്യം നിലനിർത്താൻ സാധിക്കാതെ വരും. ലോക സമ്പദ് വ്യവസ്ഥക്ക് അടിത്തറ പാകിയ 'ബ്രെട്ടൺവുഡ്‌സ് കോൺഫറൻസ്' നടപ്പാക്കിയ 'ഗോൾഡ് സ്റ്റാൻഡേർഡിന്' പകരം അമേരിക്ക പിൽക്കാലത്ത് ഏകപക്ഷീയമായി ഡോളർ 'റിസേർവ് കറൻസി' ആയി കൊണ്ടുവന്നു. അമേരിക്കയുടെ സൈനിക ശക്തിയെ ചോദ്യം ചെയ്യാൻ ആരുമില്ലായിരുന്നതാണ് ഡോളർ 'റിസേർവ് കറൻസി' ആയി നിലനിൽക്കാൻ ഒരു പ്രധാന കാരണം.

ലോക രാജ്യങ്ങളുടെ സാമ്പത്തിക ഘടനയുടെ മുന്നോട്ടുപോക്കിന് രാജ്യാന്തര സാമ്പത്തിക ഇടപാടുകൾക്ക് അമേരിക്കൻ ഡോളറിനു പകരം വെക്കാൻ വേറൊന്നും ഇല്ലാത്തതു കൊണ്ടുമാത്രമായിരുന്നു അമേരിക്കൻ ഡോളർ ഇത്രയും കാലം നിലനിന്നത്. ഇതിനൊരു മാറ്റം എന്നു സംഭവിക്കുന്നുവോ അന്ന് അമേരിക്കൻ ഡോളറിൻറ്റെ ആധിപത്യം തകരും. അമേരിക്കൻ ഡോളറിൻറ്റെ ആധിപത്യംതകർന്നാൽ ഹൈ ഇൻഫ്‌ളേഷൻ, തൊഴിലില്ലായ്മ എന്നിവയെ കൈകാര്യം ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ അമേരിക്ക ചെന്നുപെടും.

2008-ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പുതിയ പുതിയ നോട്ടടിയിലൂടെ മാത്രമാണ് അമേരിക്ക അവരുടെ പഴയ കടങ്ങളുടെ കണക്കു തീർത്തുകൊണ്ടിരുന്നത്. അവരുണ്ടാക്കിവെച്ച കടങ്ങൾ അവർക്ക് ഒരു കാലത്തും ഇല്ലാതാക്കാൻ കഴിയുകയുമില്ലാ. പലിശയും കൂട്ടുപലിശയും ചേർന്ന് അമേരിക്കക്ക് ഇന്ന് വൻ കടബാധ്യതയുണ്ട്. അമേരിക്ക ചൈനക്ക് കൊടുത്തു തീർക്കാനുള്ള കടം 1.1 ട്രില്യൺ ആണ്. അമേരിക്കൻ ഡോളറിലുള്ള ഈ കടത്തിൻറ്റെ പലിശ എല്ലാ വർഷവും മുടങ്ങാതെ ചൈന വാങ്ങുന്നുമുണ്ട്. ചൈനയുമായുള്ള എല്ലാ ബന്ധവും വിശ്ചേദിക്കാൻ ഒരുങ്ങുന്നതിനു മുൻപ് അവർക്കു കൊടുക്കാനുള്ള പണം കൊടുത്തു തീർക്കണം എന്ന കാര്യം ഇപ്പോൾ ചൈനയെ ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപോ, അമേരിക്കൻ സെനറ്റർമാരോ അവിടുത്തെ ജനങ്ങളെ ഓർമപ്പെടുത്തുന്നില്ലാ. അമേരിക്കൻ ട്രെഷറി ബോണ്ടുകളിലുള്ള കടം വെറുതെ എഴുതിത്തള്ളാനൊന്നും പറ്റുകയില്ലാ. അങ്ങനെ ചെയ്‌താൽ ലോക കറൻസി മാർക്കറ്റിൽ അമേരിക്കൻ കടപ്പത്രങ്ങളുടെ മൊത്തം വിശ്വാസ്യതയും തകരും. അല്ലെങ്കിൽ തന്നെ, പണ്ട് അമേരിക്കൻ പ്രസിഡൻറ്റ് ബാരക്ക് ഒബാമ തന്നെ ചൈനീസ് പ്രസിഡൻറ്റിനോട് ചൈനയുടെ കൈവശമുള്ള അമേരിക്കൻ ട്രെഷറി ബോണ്ടുകൾ വളരെ സുരക്ഷിതമാണെന്ന് ഉറപ്പ് കൊടുത്തിട്ടുണ്ട്. ചുരുക്കം പറഞ്ഞാൽ ചൈനയുടെ കക്ഷത്തിൽ തല കൊണ്ട് വച്ചിട്ടാണ് ചൈനയെ ഒരു പാഠം പഠിപ്പിക്കാൻ അമേരിക്കൻ ഭരണകൂടം ഇപ്പോൾ നടക്കുന്നത്.

ബോണ്ടുകൾ, ഡെറിവേറ്റീസ് മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ് - ഇവയുടെ എല്ലാം ലോക തലസ്ഥാനം അമേരിക്കയാണ്. ഹൈ സ്പീഡ് കമ്പ്യൂട്ടറുകളും, ഇൻറ്റർനെറ്റും ഉപയോഗിച്ച് നടക്കുന്ന ഈ കളികൾ എത്ര നാൾ നീണ്ടുനിൽക്കും എന്നുമാത്രമാണ് ഇനി അറിയേണ്ടത്. സ്റ്റോക്ക് മാർക്കറ്റിലെ ഈ കളികൾ മിക്കവയും ഡോളറിലാണ് നടക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ചു് കടം 23 ട്രില്ല്യൺ കടന്നിരിക്കുന്നു. അതിൽ വലിയൊരു ഭാഗം അമേരിക്കൻ ഗവൺമെൻറ്റ് അവരുടെ തന്നെ മറ്റു ഡെബ്റ്റുകൾക്ക് ബാധ്യതപ്പെട്ട കടം ആയതുകൊണ്ട് അതൊരു പുറം ബാധ്യത അല്ല എന്നാണ് ചിലരൊക്കെ അവകാശപ്പെടുന്നത്. പക്ഷെ ഇതിൻറ്റെ പലിശ ചൈനയുടെ കൈവശമുള്ള ട്രെഷറി ബോണ്ടുകൾ പോലെ തന്നെ അമേരിക്കക്ക് ഒരു വൻ ബാധ്യതയാണ്. ലോകത്താകമാനം 100 ട്രില്യൺ ഡോളറിൻറ്റെ കടപ്പത്രങ്ങൾ നിലനിൽക്കുന്നുണ്ടന്ന് പറയുന്നു. ഇതിലെ 30 ശതമാനത്തിലേറെയും യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടേതോ, അവരുടെ കോർപറേറ്റകളുടേതോ, മുനിസിപ്പാലിറ്റികളുടേതോ ആണ്. ഇത് അമേരിക്കയുടെ കട ബാധ്യതയാണ്. 'കടം ഇരിക്കെ ധനം ഇല്ലാ' എന്ന പഴയ മലയാളം ചൊല്ല് ഓർമിച്ചാൽ മനസിലാക്കാം അമേരിക്കയുടെ ഇപ്പോഴത്തെ സാമ്പത്തിക പാപ്പരത്തം.

അമേരിക്കക്ക് എങ്ങനെ ഈ സാമ്പത്തിക പ്രതിസന്ധി കൈവന്നൂ? ഇതറിയണമെങ്കിൽ നാം കഴിഞ്ഞ 20-30 വർഷം പിന്നിലോട്ട് പോകണം. സീനിയർ ബുഷ്, ബിൽ ക്ളിൻറ്റൺ, ജൂനിയർ ബുഷ്, ബാരക്ക് ഒബാമ - ഇവരുടെ ഒക്കെ ഭരണകാലത്തുണ്ടായ അനേകം സംഭവങ്ങളുടെ പരിണിതഫലമാണ് ഇന്ന് അമേരിക്ക അനുഭവിക്കുന്ന സാമ്പത്തിക ക്രൈസിസ്. സീനിയർ ബുഷിൻറ്റെ കാലത്ത് ജപ്പാനുമായി അമേരിക്കൻ വ്യാപാര തർക്കം ചിലരെങ്കിലും ഓർമിക്കുന്നുണ്ടാകാം. ഇന്ന് അമേരിക്കയും ചൈനയുമായി നടക്കുന്ന വ്യാപാരതർക്കത്തിൻറ്റെ മുന്നോടിയായിരുന്നു അത്.

രണ്ടാം ലോക മഹായുദ്ധത്തിൽ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബ് ആക്രമണത്തിന് വിധേയമായ ജപ്പാൻ അമേരിക്കയോട് പക വീട്ടിയത് അമേരിക്കക്ക് ശക്തമായ സാമ്പത്തിക വെല്ലുവിളി ഉയർത്തിക്കൊണ്ടാണ്. രണ്ടാം ലോക മഹാ യുദ്ധത്തിൽ തകർന്നു തരിപ്പണമായ ജപ്പാൻ സോണി, ടൊയോട്ട, മിറ്റ്സുബുഷി, നാഷണൽ പാനാസോണിക്ക്, ഫ്യുജി - അങ്ങനെ പല അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചു. ലോകത്ത് മറ്റൊരു രാജ്യത്തും സാധിക്കാതിരുന്നതുപോലെ ജപ്പാൻ ഇലക്ട്രോണിക്ക് സാധനങ്ങൾ ചിലവുകുറച്ച് തങ്ങളുടെ രാജ്യത്ത് സൃഷ്ടിച്ചു. പിന്നീടവർ അമേരിക്കൻ മാർക്കറ്റ് പിടിച്ചടക്കി. അപ്പോഴാണ് അന്നത്തെ അമേരിക്കൻ പ്രസിഡൻറ്റ് ആയിരുന്ന സീനിയർ ബുഷ് ജപ്പാൻ പ്രധാനമന്ത്രിയുമായി ഭീമമായ വ്യാപാര നഷ്ടത്തെ കുറിച്ച് ആധിയോടെ ചർച്ച നടത്തിയത്.

ജപ്പാന് ശേഷം ലോക ഇലക്ട്രോണിക്ക് മാർക്കറ്റ് കയ്യടക്കിയത് ചൈനയാണ്. ഇലക്ട്രോണിക്ക് മാർക്കറ്റ് മാത്രമല്ലാ; ഇപ്പോൾ മിക്ക കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും, ഗൃഹോപകരണങ്ങളും, തുണിത്തരങ്ങളും ചൈനയിൽ നിന്നാണ് വരവ്. ഇന്ത്യയുടെ കാര്യം തന്നെ നോക്കുക: കണക്കുകൾ അനുസരിച്ച് മിക്ക ഇലക്ട്രിക്കൽ മെഷീനറിയും, ജൈവ വളങ്ങളും, ഇരുമ്പും, സ്റ്റീലും, മറ്റു വസ്തുക്കളും ചൈനയിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്നു. ഇന്ത്യയിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു ഉപകരണമാണ് 'സ്മാർട്ട് ഫോൺ'. ഇപ്പോൾ ഇന്ത്യയിലെ 'സ്മാർട്ട് ഫോൺ' വിപണിയിലെ 60 ശതമാനത്തിലേറെയും ചൈനീസ് കമ്പനികൾ സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. പണ്ട് ഇന്ത്യൻ കമ്പനികളായ മൈക്രോമാക്സ്, കാർബൺ, ലാവാ ഇൻറ്റെക്‌സ്‌ - ഇവയൊക്കെ ഉണ്ടായിരുന്നു. പക്ഷെ അവയെ ഒക്കെ ചൈനീസ് കമ്പനികൾ 'സ്മാർട്ട് ഫോൺ' വിപണിയിൽ ബഹുദൂരം പിന്നിലാക്കി കഴിഞ്ഞു. കൊറിയൻ കമ്പനിയായ സാംസങിന് പോലും ഇപ്പോൾ ചൈനീസ് കമ്പനികളോട് മൽസരിക്കാനാവുന്നില്ലാ.

സോവിയറ്റ് യൂണിയൻ തകർന്ന 1990-ലെ ലോകത്തല്ല നമ്മളിന്നു ജീവിക്കുന്നത്. ടെക്നൊളജിക്കും, ഇൻഫ്രാസ്ട്രക്ച്ചറിനും കൂടുതൽ പ്രാമുഖ്യമുള്ള ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ചൈന 'റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിലൂടെ' കൈവരിച്ച ടെക്നൊളജിക്കൽ നേട്ടമാണ് സത്യത്തിൽ അമേരിക്കയുമായുള്ള വ്യാപാര തർക്കത്തിൽ പ്രതിഫലിക്കുന്നത്. ശരിക്കും അതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. 5 G-യിൽ അമേരിക്ക ചൈനക്ക് 'ലീഡ്' വിട്ടുകൊടുക്കാൻ ഒട്ടുമേ ഒരുക്കമല്ല. അമേരിക്കൻ ഭരണകൂടത്തിലെ പലരും ഏത് പരസ്യമായി തന്നെ വ്യക്തമാക്കി കഴിഞ്ഞു. ചൈനക്ക് 5 G-യിൽ 'ലീഡ്' നേടിയാൽ ചൈനക്ക് പിന്നെ പിന്തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് അമേരിക്കക്ക് നന്നായി അറിയാം. കാരണം ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ 4 G-യിൽ ഡൗൺലോഡിങ്ങിൽ 1 Gb/s സ്പീഡുള്ളപ്പോൾ, 5 G-യുടെ 'പീക്ക് സ്പീഡ്' 20 Gb/s ആണ്. ഓട്ടോമേഷൻ, റോബോട്ടിക്ക് ടെക്‌നോളജി, സ്പെയ്സ് എക്സ്പ്ലൊറേഷൻ - ഇവയിലൊക്കെ ചൈന 'ലീഡ്' നേടിയാൽ അമേരിക്കക്ക് പത്തിമടക്കുകയേ നിർവാഹമുള്ളൂ. അങ്ങനെയൊക്കെ സംഭവിച്ചാൽ പിന്നെ അമേരിക്കക്ക് ഒരു 'സൂപ്പർപവർ' പദവി അവകാശപ്പെടാനില്ലാ. ഓട്ടോമേഷനിൽ ചൈന വ്യക്തമായ ആധിപത്യം നേടിക്കഴിഞ്ഞു. സ്പെയ്സ് എക്സ്പ്ലൊറേഷനിൽ 'ലീഡ്' നേടാനാണെന്നു തോന്നുന്നു, ചൈന ലോകത്തിലെ ഏറ്റവും വലിയ 'റേഡിയോ ടെലിസ്‌കോപ്പ്' സ്ഥാപിച്ചത്. ഇൻഫ്രാസ്ട്രക്ച്ചറിലും ചൈന ഒട്ടും പിന്നിലല്ല. ലോകത്തിലെ ഏറ്റവും നീളം കൂടിയ 'സസ്‌പെൻഷൻ ബ്രിഡ്ജും', 50 കിലോമീറ്റർ ഏറെ നീളമുള്ള കടൽപ്പാലവും ഒക്കെ ചൈന കുറച്ചു നാൾ മുമ്പ് നിർമിച്ചായിരുന്നല്ലോ.

ചൈനയുടെ ഉൽപാദന രംഗത്തെ വളർച്ച അറിയാൻ കേരളത്തിലെയോ, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയോ ഏതെങ്കിലും ഇലക്രോണിക് കടയിലോ, കുട്ടികൾക്ക് കളിപ്പാട്ടം വിൽക്കുന്ന കടയിലോ പോയാൽ മതി. ചൈനീസ് മൊബൈൽ കമ്പനികളായ വിവോ, ജിയോനി, ഷവോമി, എസ്യൂസ്, വൺ പ്ലസ് വൺ തുടങ്ങിയവ ഇന്ത്യയിൽ നേരിട്ട് വിപണനം നടത്തുമ്പോൾ ഇന്ത്യൻ നിർമിത മൊബൈൽ ഫോണുകൾ മിക്കതും ചൈനീസ് നിർമ്മിതം മാത്രമാണ്. അത് വെറുതെ റീബ്രാൻഡ് ചെയ്ത് കാർബൺ, ലാവ - എന്ന പേരിൽ ഒക്കെ വരുന്നു എന്ന് മാത്രം. ചുരുക്കത്തിൽ നമ്മൾ ഉടുക്കുന്ന തുണിയിലും, ഉപയോഗിക്കുന്ന ഇന്ത്യൻ ഫോണിലും, കാറിലും, ബൈക്കിലും ഒക്കെ ഇപ്പോൾ ചൈനയുടെ ഒരംശമുണ്ട്. ഇതിൻറ്റെയൊക്കെ ഫലമായി 57 ബില്യൺ ഡോളറിൻറ്റെ 'ട്രെയിഡ് സർപ്ലസ്' ചൈനാ ഇന്ത്യൻ വ്യാപാരത്തിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്. 57 ബില്യൺ ഡോളറിൻറ്റെ വ്യാപാര നഷ്ടം എന്നു പറഞ്ഞാൽ എത്ര ഭീമമായ തുകയാണെന്ന് ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ. ചുരുക്കം പറഞ്ഞാൽ ചൈനയുമായി മുട്ടുമ്പോൾ തോൽവികൾ ഏറ്റുവാങ്ങാൻ ഇൻഡ്യാക്കാരൻറ്റെ ജന്മം ഇനിയും ബാക്കി!!! പാക്കിസ്ഥാൻ വിരോധവും, മുസ്ലീം വിരോധവും പറഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പി. - യും, സംഘ പരിവാറുകാരും, അർനാബ് ഗോസ്വാമിയെ പോലുള്ള മാധ്യമ പ്രവർത്തകരും സാമ്പത്തിക രംഗത്ത് ചൈന ഉയർത്തുന്ന ഭീഷണി ഒട്ടുമേ കാണുന്നില്ലാ.

ഇന്ന് നടക്കുന്ന അമേരിക്കൻ-ചൈനീസ് വ്യാപാര തർക്കത്തിനിടയിൽ ഇന്ത്യയുടെ കാര്യമാണ് ഏറെ കഷ്ടം. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പറഞ്ഞു ആദ്യം നമ്മുടെ സർക്കാർ ഇന്ത്യക്കാരെ പറ്റിക്കുകയായിരുന്നു. 'മെയ്ക്ക് ഇൻ ഇന്ത്യ' പദ്ധതി പിന്നീട് 'അസംബ്ലിങ് ഇൻ ഇന്ത്യ' ആയി മാറി. അതും വലിയ ഗുണമൊന്നും ചെയ്തില്ലാ. സ്വന്തമായി ഉൽപ്പാദന രംഗത്ത് വളർച്ച കൈവരിക്കാതെ ഇന്ത്യയെ ഒരു വികസിത രാജ്യം ആയി ആരും കണക്കാക്കില്ല എന്നുള്ള കാര്യം ഉത്തരവാദിത്ത്വബോധമുള്ള ആരും മറന്നു പോകരുത്. 'എക്സലൻസിന്' പ്രാധാന്യം കൊടുക്കുന്ന ഒരു രീതി ഇന്ത്യൻ സമൂഹത്തിന് ഇന്നും ഇല്ലാ. ആരെങ്കിലും സ്വന്തം കഴിവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ടാൽ അയാളെ എങ്ങനെയെങ്കിലും ഒതുക്കണമെന്നാണ് നമ്മുടെ മിക്ക സ്ഥാപനങ്ങളിലുള്ളവരുടേയും ചിന്ത. അതുകൊണ്ടു തന്നെ മഹത്തായ സൃഷ്ടികളോ, മഹത്തായ സംരഭങ്ങളോ ഇന്ത്യയിൽ നിന്ന് വരുന്നില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് നോബൽ സമ്മാനങ്ങൾ ഒന്നും കിട്ടുന്നില്ല. നമ്മുടെ അത്ലട്ടുകൾക്ക് ഒളിമ്പിക് മെഡലുകൾ ഒന്നും കിട്ടുന്നില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഒന്നും തന്നെയില്ല. നമുക്ക് അന്തർ ദേശീയ നിലവാരത്തിലുള്ള പഠന കേന്ദ്രങ്ങളോ, ഗവേഷണ സ്ഥാപനങ്ങളോ, യൂണിവേഴ്സിറ്റികളോ ഇല്ല. ആകെ കൂടിയുള്ള നേട്ടം ബഹിരാകാശ രംഗത്ത് മാത്രമാണ്. അതും അത്ര വലിയ നേട്ടം ഒന്നുമല്ല. ISRO ഉപയോഗിക്കുന്ന പലതും വിദേശ കമ്പനികളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ്. ഐ.ടി., ഫാർമസ്യൂട്ടിക്കൽസ് - ഈ രംഗത്തൊക്കെ നമ്മൾ ലോകോത്തര നിലവാരം കൈവരിച്ചതായിരുന്നു. പക്ഷെ അത് നമുക്ക് നിലനിർത്താൻ ആയില്ലാ.

ചൈന ഇന്ന് അമേരിക്കയയേയും യൂറോപ്പിനേയും വെല്ലുവിളിക്കുന്ന സാമ്പത്തിക-സൈനിക ശക്തി ആയി മാറിക്കൊണ്ടിരിക്കയാണ്. അതേ സമയം തന്നെ ചൈനക്കുള്ളിൽ അടിച്ചമർത്തലുകൾക്ക് ഒട്ടും കുറവുമില്ല. 200 ബില്യൺ ഡോളറിൻറ്റെ അടുത്താണ് ആഭ്യന്തര സെക്യൂരിറ്റിക്ക് വേണ്ടി ചൈന വകയിരുത്തിയുട്ടുള്ളത് എന്നു പറയുമ്പോൾ ആർക്കും ആ അടിച്ചമർത്തലിൻറ്റെ വ്യാപ്തി മനസിലാക്കാം. ചൈനയുടെ ഔദ്യോഗിക സൈനിക ബഡ്ജെറ്റിനേക്കാൾ കൂടിയ തുകയാണിത്. ടിയാനന്മെൻ സ്കൊയറിൽ പതിനായിരത്തോളം പേരെ മെഷിൻ ഗണ്ണുകളും ടാങ്കുകളും ഉപയോഗിച്ച് പരസ്യമായി കൊല്ലാൻ ചൈനക്ക് മടിയുണ്ടായിരുന്നില്ല. ഷിൻജിയാങ് പ്രവിശ്യയിൽ ഇപ്പോഴും ഏതാണ്ട് ഒരു മില്യൺ മുസ്ലീങ്ങളെ കരുതൽ തടങ്കലിലാക്കിയിരിക്കുയാണെന്നാണ് പല റിപ്പോർട്ടുകളും പറയുന്നത്. ചൈനീസ് ഭരണകൂടത്തിൻറ്റെ ഇത്തരം നിരീക്ഷണങ്ങളേയും അടിച്ചമർത്തലുകളേയും കുറിച്ച് മനസിലാക്കുമ്പോഴാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിൻറ്റെ മൂല്യം നാം തിരിച്ചറിയേണ്ടത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ലോകവിപണി ചൈന കീഴടക്കിയിരിക്കുന്ന ഈ അവസ്ഥ ലോകത്തിന് മുഴുവൻ ഭീഷണി ആണോ? യൂറോപ്പും അമേരിക്കയും സാമ്പത്തികമായി പിന്നോക്കം പോയാൽ പിന്നെ ചൈന ആധിപത്യം നേടുമോ? ആധിപത്യം നേടാൻ സാധ്യത ഇല്ലെന്നാണ് ഇതെഴുതുന്ന ആൾക്ക് തോന്നുന്നത്. കാരണം പണവും, ടെക്‌നോളജിയും, ഇൻഫ്രാസ്ട്രക്ച്ചറും മാത്രമല്ല ലോകത്തെ നിയന്ത്രിക്കുന്ന ഘടകങ്ങൾ. ലോകത്തിന് ചൈനയിലേക്ക് ഉറ്റു നോക്കുമ്പോൾ മാതൃകയാക്കാവുന്ന എന്തെങ്കിലും വേണം. സ്വന്തം ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ പോലും മടിയില്ലാത്ത ഭരണ സംവിധാനമുള്ള ചൈന എന്ത് മാതൃകയാണ് കാഴ്ച വെക്കുന്നത്? ടിയാനെൻമെൻ സ്കൊയെറിൽ ടാങ്കുകൾ ആളുകളുടെ മുകളിൽ കൂടി ഉരുളുന്ന കാഴ്ച എല്ലാവരും കണ്ടതല്ലേ?? 10,000 പേരാണ് അന്ന് കൊല്ലപ്പെട്ടായിരുന്നൂ എന്നാണ് ബ്രട്ടീഷ് ഇൻറ്റെലിജെൻസ് കുറച്ചുനാൾ മുമ്പ് പറഞ്ഞത്. ഓരോ വർഷവും 2000-ത്തോളം പേരെ ചൈന തൂക്കി കൊല്ലുന്നുണ്ടെന്നാണ് 'ആംനെസ്റ്റി ഇൻറ്റെർനാഷണൽ ' പോലുള്ള സംഘടനകൾ പറയുന്നത്.

മാധ്യമ സ്വാതന്ത്ര്യവും ചൈനയിൽ ഇല്ലാ. ഇതിനെല്ലാത്തിനും എതിരേ ജനരോഷം പൊട്ടി പുറപ്പെട്ടാൽ അതൊക്കെ എവിടെ ചെന്ന് നിൽക്കും എന്ന് പറയുവാൻ ആർക്കും സാധിക്കില്ല. ഇനി ചൈനയുടെ ഉൽപാദന മികവിനെ കുറിച്ച് പറയുമ്പോഴും ഇതിനൊരു മറുവശവുമുണ്ട്. ചൈനയുടെ സാമ്പത്തിക വളർച്ചയിൽ ഒരു വലിയ ദൗർബല്യമുണ്ട്. ആഭ്യന്തര കമ്പോളത്തേക്കാൾ കയറ്റുമതി കമ്പോളത്തെ ആശ്രയിച്ചാണ് ചൈനയുടെ സമ്പത് വ്യവസ്ഥ. ചൈനയുടെ വരുമാനത്തിൻറ്റെ പകുതി സമ്പാദ്യവും ചൈനയിൽ തന്നെ ഉൽപാദനത്തിന് വേണ്ടി നിക്ഷേപമാണ്. അപ്പോൾ ഇന്ത്യയിലും, യൂറോപ്പിലും, അമേരിക്കയിലുമൊക്കെ കോവിഡ് 19-നു ശേഷം വളർച്ചാ നിരക്ക് കുറഞ്ഞാൽ അതല്ലെങ്കിൽ ജനത്തിൻറ്റെ ക്രയ വിക്രയ ശേഷി കുറഞ്ഞാൽ അത് ചൈനീസ് ഉൽപാദന മേഖലയേയും ബാധിക്കും. അതു പോലെ തന്നെ GDP മാത്രമല്ല ഒരു രാജ്യത്തിൻറെ ഭാവി അളക്കാനുള്ള അളവുകോൽ. ചൈനയിൽ ജോലി ചെയ്യാനാവുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുന്നു, അവരുടെ ശരാശരി പ്രായം കൂടി കൊണ്ടിരിക്കുന്നു. നേരെ വിപരീതമാണ് ഇന്ത്യയിലെ അവസ്ഥ.

ഇന്ത്യക്ക് ഈ അവസരം വിനിയോഗിക്കണമെങ്കിൽ ദീർഘവീക്ഷണമുള്ള നെത്ര്വത്വം വേണം. അതാണ് ഇന്ത്യക്ക് ഇല്ലാത്തത്. യൂറോപ്പും അമേരിക്കയും ചൈനയുടെ മേൽ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി വരാൻ പോകുന്ന ശീതയുദ്ധം ചൈനയുമായായിരിക്കും എന്നുള്ള സൂചനയാണ് കോവിഡ് 19-ൻറ്റെ തുടക്കവും, വ്യാപനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ഓസ്‌ട്രേലിയക്കെതിരെ ചൈന സ്വീകരിച്ചിരിക്കുന്ന വ്യാപാര നിയന്ത്രണം. ഇന്ത്യ സത്യത്തിൽ പാക്കിസ്ഥാൻ വിരോധവും, മുസ്‌ലിം വിരോധവും പറഞ്ഞുകൊണ്ട് ഈ അവസരം കളഞ്ഞു കുളിക്കുകയാണ്. നമ്മുടെ ദേശീയ ചാനലുകളും, ബി.ജെ.പി.- സംഘ പരിവാർ നേതാക്കളും ഇനിയും ചൈനയെ മുഖ്യ ശത്രുവായി അംഗീകരിച്ചിട്ടില്ല. ചൈനയുമായി 57 ബില്യൺ ഡോളറിൻറ്റെ വ്യാപാര കമ്മിയാണ് ഇന്ത്യക്കുള്ളത്. 57 ബില്യൺ ഡോളറിൻറ്റെ വ്യാപാര നഷ്ടം എന്നുപറഞ്ഞാൽ എത്ര വലിയ തുകയാണെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ചൈനയോട് പൊരുതാനുള്ള ഇൻഫ്രാസ്ട്രക്ച്ചർ വികസനമോ, ലോജിസ്റ്റിക്സോ നമുക്കൊട്ട് ഇല്ല താനും. ചൈനക്ക് കുറെ കുങ്ഫു സിനിമകൾ കാണിച്ചാൽ ലോക നെത്ര്വത്വം കയ്യാളാനാവില്ല എന്ന് പറയുന്നത് പോലെ തന്നെ ഇന്ത്യക്കും കുറെ യോഗാ ചിത്രങ്ങൾ കാണിച്ചാൽ ലോക നെത്ര്വത്വം കയ്യാളാനാവില്ലാ. ഇൻഫ്രാസ്ട്രക്ച്ചറും, ടെക്‌നോളജിയും നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു. 'റിസേർച് ആൻഡ് ഡെവലപ്പ്മെൻറ്റിൽ വൻതോതിൽ പണം നിക്ഷേപിക്കേണ്ടിയിരിക്കുന്നു; അതൊനൊക്കെ നെത്ര്വത്വവും കൊടുക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള ദീർഘവീക്ഷണത്തോട് കൂടിയ നെത്ര്വത്ത്വത്തിൻറ്റെ അഭാവമാണ് സത്യത്തിൽ ഇന്ന് ഈ രാജ്യത്തുള്ളത്.

ഇനി യൂറോപ്പും അമേരിക്കയും സാമ്പത്തികമായി പിന്നോക്കം പോയാൽ ലോകത്തിൻറ്റെ അവസ്ഥ എന്തായിരിക്കും? കമ്യൂണിസ്റ്റുകാരും ഇസ്‌ലാമിക തീവ്രവാദികളും അമേരിക്കയുടെ സാമ്പത്തിക തളർച്ച ആഘോഷിക്കും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ പഴയ പോലെ 'കമാൻഡ് സോഷ്യലിസം' തിരിച്ചുവരുമെന്ന് തോന്നുന്നില്ല. കമ്യൂണിസ്റ്റുകാർക്ക് പഴയ പോലെ ശൗര്യം ഇല്ലാത്തത് തന്നെ കാരണം. അതുകൂടാതെ ലോകത്തിലെ സാമ്പത്തിക രംഗത്ത് വന്ന മാറ്റങ്ങൾ മടിയോടെയാണെങ്കിലും കുറെ കമ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞു കഴിഞ്ഞു. സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനിതനായ ജോസഫ് സ്‌റ്റിഗ്ലിറ്റ്‌സ് എഴുതിയ 'ഗ്ലോബൈലൈസേഷൻ ആൻഡ് ഇറ്റ്സ് ഡിസ്‌കൺട്ടെൻറ്റ്സ്' അദ്ദേഹം നടത്തുന്ന ശ്രദ്ധേയമായ ഒരു നിരീക്ഷണമുണ്ട്. ആസൂത്രണം എത്ര മികച്ചതാണെങ്കിലും അതിന് ഒരു പരിധിയുണ്ട്. വികസനത്തിൻറ്റെ കാര്യത്തിൽ ഒരു 'സ്പോൺട്ടേനിയിറ്റി' എന്നുപറയുന്ന ഒന്നുണ്ട് എന്നാണ് ജോസഫ് സ്‌റ്റിഗ്ലിറ്റ്‌സ് കൃത്യമായി നിരീക്ഷിക്കുന്നത്. മടിയോടെയാണെങ്കിലും പഴയ 'കമാൻഡ് സോഷ്യലിസത്തിൻറ്റെ' വക്താക്കൾ സ്‌റ്റിഗ്ലിറ്റ്‌സ് പറയുന്ന ആസൂത്രണത്തിൻറ്റെ പരിമിതികൾ കുറച്ചൊക്കെ അംഗീകരിച്ചുകഴിഞ്ഞു. അതുകൊണ്ട് യൂറോപ്പും അമേരിക്കയും സാമ്പത്തികമായി പിന്നോക്കം പോയാൽ ലോകത്തിൽ പഴയ 'കമാൻഡ് സോഷ്യലിസം' തിരിച്ചുവരുമെന്ന് ആരും ആശങ്കപ്പെടേണ്ടതില്ലാ.

അതേസമയം അമേരിക്ക സാമ്പത്തികമായി തകർന്നാൽ താലിബാൻറ്റേയും ഇസ്‌ലാമിക തീവ്രവാദികളുടേയും ആഘോഷങ്ങൾ ലോകം ഭീതിയോടെ തന്നെ കാണണം. താലിബാൻ, ബൊക്കോ ഹറാം, അൽ ഖൊയ്ദ, ഇസ്ലാമിക് സ്റ്റെയ്റ്റ് - ഇവർക്കൊക്കെ സ്വാധീനമുള്ള സ്ഥലങ്ങൾ വളരെയധികം ഈ ലോകത്തുണ്ട്. ഇസ്ലാമിക തീവ്രവാദത്തിൻറ്റെ ഏറ്റവും ഭീകര മുഖമാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന സംഘടന. പെൺകുട്ടികളെ ലൈംഗിക അടിമകൾ ആയി വിൽക്കുന്ന രീതിയൊക്കെ വേറെ ആരെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ നടപ്പാക്കിയിട്ടുണ്ടോ? അഫ്‌ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയപ്പോൾ പരസ്യമായിട്ടാണല്ലോ വിശ്വപ്രസിദ്ധമായ 'ബാമിയാൻ ബുദ്ധ പ്രതിമ' തകർത്തത്. താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലേറിയപ്പോൾ പതിനായിരത്തോളം സിക്കുകാർക്ക് സർവ്വതും ഉപേക്ഷിച്ചു ഓടിപോരേണ്ട സ്ഥിതിവിശേഷം വന്നു. നേരത്തെ മുജാഹിദിനുകൾ അഫ്ഗാനിസ്ഥാനിൽ കടന്നപ്പോൾ അവിടെ സ്കേർട്ട് ധരിച്ചിരുന്ന സ്ത്രീകളുടെ കാൽ വെട്ടി പ്രദർശിപ്പിക്കുക വരെ ഉണ്ടായി. ഈജിപ്റ്റിലുള്ള ക്രിസ്ത്യാനികളെ തീവ്രവാദികൾ ബുൾഡോസർ കയറ്റിയാണ് കൊന്നതെന്നാണ് അവിടുന്നുള്ള റിപ്പോർട്ടുകൾ. ബോക്കോ ഹറാം തട്ടിക്കൊണ്ടു പോയ 200 പെൺകുട്ടികളുടെ കാര്യവും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഇറാക്കിൽ ഐസിസ് യസീദി പെൺകുട്ടികളെ ലൈഗിക അടിമകളാക്കുകയും, വിൽക്കുകയും ചെയ്തത് പരസ്യമായിട്ടാണ്. ഇതിനെ എതിർക്കുന്ന പെൺകുട്ടികളെ പരസ്യമായി ഇരുമ്പു കൂട്ടിലിട്ട് കത്തിക്കുന്നതും വെടിവെച്ചു കൊല്ലുന്നതും ആയ ദൃശ്യങ്ങൾ പ്രചരിപ്പിപ്പിച്ചതും ഐസിസ് തന്നെയായിരുന്നു. അൽ ഖൊയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് - ഈ സംഘടനകൾക്കൊക്കെ പശ്ചിമേഷ്യയിൽ തീവ്ര മതബോധമുള്ള ആളുകൾക്കിടയിൽ നല്ല സ്വാധീനം ഇപ്പോഴും ഉണ്ട്. ഇറാക്കിൽ നിന്നും, സിറിയയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ തുരത്തിയെങ്കിലും യമനിൽ അവർക്കു സ്വാധീനമുള്ള, അവർ നേരിട്ടു ഭരിക്കുന്ന പ്രദേശങ്ങൾ ഇപ്പോഴും ഉണ്ടെന്നുള്ള കാര്യം ആരും മറന്നു പോകരുത്. അമേരിക്കൻ സാമ്രാജ്യത്തിൻറ്റെ പതനം ലോക സമാധാനത്തിന് വലിയ വിനയാകും. അമേരിക്ക സാമ്പത്തികമായി തകർന്നാൽ ഇസ്‌ലാമിക തീവ്രവാദത്തിൽ നിന്നുള്ള ഭീഷണി കൂടും എന്ന കാര്യത്തിൽ സംശയമേ വേണ്ടാ.

അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംപിൻറ്റെ ആദ്യ വർഷങ്ങളിൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ കുറച്ചൊക്കെ വളർച്ച കൈവരിച്ചതായിരുന്നു. ട്രംപിന് തൊഴിലില്ലായ്മ കുറച്ചുകൊണ്ട് വരാനായി; വ്യാവസായിക ഉൽപാദനം കൂട്ടാനും സാധിച്ചു. അപ്പോഴാണ് കൊറോണ വൈറസിൻറ്റെ വരവ്. കോവിഡ് 19 വീശിയടിച്ചപ്പോൾ അമേരിക്കയിലും മറ്റ് രാജ്യങ്ങളിലെന്നതുപോലെ വ്യവസായിക മാന്ദ്യവും, തൊഴിലില്ലായ്മയും വന്നൂ. അതിൻറ്റെയൊക്കെ കൂടെയാണ് മുൻ കട ബാധ്യതകൾ അമേരിക്കയെ വേട്ടയാടുന്നത്. കോവിഡ് 19 -ൻറ്റെ കാലത്ത് ഇത്തരം ബാധ്യതകൾ അമേരിക്കക്കാരൻ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്നതാണ് ഇനി കാണേണ്ടത്.

അമേരിക്ക സാമ്പത്തികമായി തകർന്നാൽ തന്നെ, നന്ദിയോടെ വേണം ഇതുവരെ അമേരിക്ക ലോകത്തിന് നൽകിയ സംഭാവനകൾ സ്മരിക്കാൻ. അമേരിക്ക ലോകത്തിന് നൽകിയ സംഭാവനകളുടെ നീണ്ട നിര ഒന്ന് നോക്കൂ:

- ഫെയിസ്ബുക്ക്
- ഇ ബേ
- ഗൂഗിൾ
- വാട്ട്സ്ആപ്പ്
- മൈക്രോസോഫ്റ്റ്
- ഇൻറ്റൽ
- ഓറക്കിൾ
- പെപ്സി
- കൊക്ക കോളാ
- കെ. എഫ്. സി.
- മക്ക്ഡോണാൾഡ്
- ആംവേ
- ഡിസ്കവറി ചാനൽ
- നാഷണൽ ജ്യോഗ്രഫിക്ക്
- ഹോളിവുഡ്
- നാസാ
- ജെനെറൽ മോട്ടോഴ്സ്
- ബോയിങ്ങ് വിമാന കമ്പനി

നന്ദിയില്ലാത്ത ലോകത്ത് ആളുകൾ ഇതൊക്കെ സ്മരിക്കുമോ എന്ന് കണ്ടറിയണം.

ഇപ്പോൾ അമേരിക്കയുടെ പ്രശ്നം സാമ്പത്തികമാണ്; വേൾഡ് ട്രെയിഡ് ആക്രമണമുണ്ടായപ്പോൾ സംഭവിച്ച സൈനികമായ വെല്ലുവിളിയല്ലാ. കടത്തിന് മേൽ കടവും, നോട്ടടിയുമായി ഒരു സമ്പദ് വ്യവസ്ഥക്കും മുന്നോട്ട് പോകാൻ സാധ്യമല്ല. ബാങ്കുകൾ പൊട്ടിയാൽ ഏത് സമ്പദ് വ്യവസ്ഥയും തകരും. അമേരിക്കയും, യൂറോപ്പും അതേ പോലുള്ള വികസിത രാജ്യങ്ങളും കുറെ നാളുകളായി ഒരു പ്രത്യേക 'കംഫർട്ട് സോണിൽ' ആയിരുന്നു. ചൈനയിലേയോ, ജപ്പാനിലേയോ, ദക്ഷിണ കൊറിയയിലേയോ പോലെ 'വർക്കഹോളിക്ക്' ആയുള്ള ജനങ്ങൾ അല്ലായിരുന്നൂ അവിടെയൊക്കെ. അപ്പോൾ ചൈന ഉയർത്തുന്ന ഭീഷണി അവർക്ക് നേരിടാൻ ആവുന്നില്ലാ. കൂടാതെ അഫ്‌ഗാനിസ്ഥാനിലെ 18 വർഷത്തിലേറെയുള്ള സൈനികമായ ഇടപെടലും മുൻ സോവിയറ്റ് യൂണിയൻറ്റെ കാര്യത്തിലെന്നതുപോലെ അമേരിക്കക്ക് സാമ്പത്തികവും, സൈനികവും ആയുള്ള ഒട്ടേറെ കോട്ടങ്ങൾ വരുത്തിവെച്ചിട്ടുണ്ട്. അതിൻറ്റെ ഒക്കെ കൂടെയാണ് കൊറോണ മൂലമുള്ള സാമ്പത്തിക മാന്ദ്യവും വന്നിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയും, കട ബാധ്യതകളും നേരിടണമെങ്കിൽ അമേരിക്ക ടാക്സ് കുത്തനെ കൂട്ടണം. അത് ജനങ്ങളുടെ ജീവിത നിലവാരത്തെ തീർച്ചയായും ബാധിക്കും. നികുതി കുത്തനെ കൂട്ടുന്ന ഒരു പരിപാരിയും ഒരു തിരഞ്ഞെടുപ്പ് വർഷം അമേരിക്കയിൽ സാധിക്കില്ലാ എന്നത് വെറും 'കോമൺസെൻസ്‌' മാത്രമാണ്. അപ്പോൾ പിന്നെ അമേരിക്ക എന്തുചെയ്യും? അമേരിക്കൻ സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്ന് പറയാൻ പല സാമ്പത്തിക വിദഗ്ധരേയും പ്രേരിപ്പിക്കുന്നത് താൽക്കാലിക പരിഹാരങ്ങൾ ഒന്നുമില്ലാത്തതാണ്. കടത്തിന് മേൽ കടവും, നോട്ടടിയുമായി ഒരു സമ്പദ് വ്യവസ്ഥക്കും മുന്നോട്ട് പോകാൻ സാധ്യമല്ല എന്നുതന്നെയാണ് അമേരിക്ക ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ ലോകത്തെ പഠിപ്പിക്കുന്നത്. കാർഷിക, വ്യാവസായിക ഉൽപാദനത്തിന് പകരം വെക്കാൻ മറ്റൊന്നില്ല എന്നും കൂടിയാണ് അമേരിക്ക ഇന്നു നേരിടുന്ന കട ബാധ്യതകളും, സാമ്പത്തിക പ്രതിസന്ധിയും ലോകത്തെ പഠിപ്പിക്കുന്നത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

# വെള്ളാശേരി ജോസഫ്


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 06:05:51 am | 19-06-2024 CEST