അപ്പുക്കുട്ടന്റെ COVID വെളിപാട്
അളിയൻ ദുബായിൽ നിന്ന് എങ്ങിനെയൊക്കെയോ അനുവാദവും ഒരു ടിക്കറ്റും ശരിയാക്കി ചാർട്ടേർഡ് ഫ്‌ളൈറ്റ് കയറി വരുന്നു. ഇരുപത്തെട്ടു ദിവസം വീട്ടിൽ പൂട്ടിയിടൽ കഴിയുമ്പോൾ നമുക്ക് വിളിക്കണം, നല്ല ഒരു സദ്യ കൊടുക്കണം എന്ന് ഭാര്യ പറഞ്ഞു. കാശിനാവശ്യമുള്ളപ്പോൾ പലപ്പോഴും നമ്മളെ സഹായിച്ച ആളല്ലേ, വരുമ്പോൾ നമുക്ക് ആ പുള്ളിപൂവനെ കറിവയ്ക്കാം, BevQ കനിഞ്ഞാൽ, പിള്ളേരുടെ കുടുക്ക പൊട്ടിച്ചു ഒരു കുപ്പിയും വാങ്ങാം എന്നും വിചാരിച്ചു അപ്പുകുട്ടൻ ഉറക്കത്തിലേക്കു വഴുതി.
ഉറക്കത്തിലെപ്പോഴോ അയല്പക്കത്തു ക്വാറന്റൈനിൽ കഴിയുന്ന പ്രവാസിയുടെ വീട്ടിൽ നാട്ടുകാർ കല്ലെറിയുന്ന ശബ്‍ദം കേട്ട് ഞെട്ടിയുണർന്നു. നല്ല ഇരുട്ട്. വാച്ച് നോക്കി, സമയം പത്തു മണി. ങ്‌ഹേ? ഞാൻ പതിനൊന്നു മണിക്കാണല്ലോ ഉറങ്ങാൻ കിടന്നത്? എന്ത് പറ്റി? അപ്പോൾ അതാ പുള്ളിപ്പൂവൻ കട്ടിലിൽ ചാടി കയറി താടിയിലെ പൂ ഒരു മാസ്ക് കൊണ്ട് മറച്ചു വച്ചിട്ടുമുണ്ട്.
അപ്പുകുട്ടൻ: പോ കോഴി. കട്ടിലിൽ കയറാതെ.. അപ്പുകുട്ടൻ പുള്ളിപൂവനെ ഒരു തോഴി കൊടുത്തോടിക്കാൻ ശ്രമിച്ചു.
പുള്ളിപ്പൂവൻ: അപ്പുക്കുട്ടാ, നീ എന്നെ തൊഴിക്കണ്ട. നിന്റെ അഹങ്കാരം ഒന്ന് കൊണ്ട് മാത്രമാണ് ഇന്ന് സൂര്യൻ ഉദിക്കാത്തത്. ആദ്യം നീ നിന്റെ അഹങ്കാരം മാറ്റൂ.
അപ്പുകുട്ടൻ: എനിക്കെന്തഹങ്കാരം, നീ പോ കോഴി. അപ്പുകുട്ടൻ പറഞ്ഞു.
പുള്ളിപ്പൂവൻ: നീ എന്നെ കൊല്ലാൻ ശ്രമിക്കുകയല്ലേ? അത് കൊണ്ട് ഇന്ന് രാവിലെ ഞാൻ കൂവിയില്ല, സൂര്യൻ ഉദിച്ചതുമില്ല. കണ്ടോടാ, അപ്പുക്കുട്ടാ!
അപ്പുകുട്ടൻ: ഹഹഹ ശുദ്ധ അസംബന്ധം. കോഴി കൂവുന്നത് കൊണ്ടാണോ, സൂര്യൻ ഉദിക്കുന്നത്? കോഴി കൂവിയാലും, ഇല്ലെങ്കിലും, സൂര്യൻ ഉദിക്കും. കോഴി വെറുതെ കൂവും അത്ര തന്നെ.
പുള്ളിപ്പൂവൻ: അത് നിന്റെ വിവരക്കേട് അപ്പുക്കുട്ടാ. ലോകം മുഴുവൻ ഞാൻ കൂവുന്നത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത് എന്ന് എല്ലാവരും പറയുന്നുണ്ട്. സംശയമുണ്ടെങ്കിൽ, നീ ആ പല്ലിയോട് ചോദിച്ചു നോക്ക്. അവൻ എത്ര ദിവസമായി ആ ഉത്തരം താങ്ങി നിര്ത്തുന്നു?
അപ്പുകുട്ടൻ: ഹഹഹ അടുത്ത മണ്ടത്തരം. പല്ലി ഉത്തരം താങ്ങുന്നു.
അപ്പോൾ ഉത്തരത്തിൽ നിന്നും പല്ലി ചോദിച്ചു, ഇത്ര വിവരമുണ്ടെന്നു നടിക്കുന്ന നീ പിന്നെ എന്താ അപ്പുക്കുട്ടാ, സര്ക്കാരാണ്, ചാനലിൽ സ്ഥിരം വരുന്ന കുറെ വിദഗ്ധരാണ് കോറോണവൈറസ് പിടിച്ചു നിർത്തുന്നത് എന്ന് വിശ്വസിക്കുന്നത്?
അപ്പുകുട്ടൻ: എന്താ, അതല്ലേ? നിങ്ങൾ പറയൂ, കേരളം നിപാ വൈറസ് പിടിച്ചു കെട്ടി, ആ കഴിവുപയോഗിച്ചു കോറോണയും പിടിച്ചു നിര്ത്തുന്നു.
പുള്ളിപ്പൂവൻ: അപ്പുക്കുട്ടാ, കേരളം നിപാ പിടിച്ചു നിർത്തി. പക്ഷെ, ഓർക്കുക, അത് ഒരു രോഗി, കേരളത്തിൽ മാത്രമുള്ള സ്ഥിതിയാണ്. അപ്പോൾ, ആ ഇൻഡക്സ് പേഷ്യന്റിനെ കണ്ടു പിടിച്ചു, സമ്പർക്കമുള്ള എല്ലാവരേയും കണ്ടു പിടിച്ചു നിർത്തിയാൽ രോഗ പ്രചാരണം നിൽക്കും. നിപാ തടഞ്ഞത് ഒരു ഓട്ടയിൽ നിന്നും കൃത്യമായി ഇറ്റിറ്റു വീഴുന്ന വെള്ളം ഒരു തൊട്ടിയിലാക്കാൻ ശ്രമിക്കുന്നത് പോലെയാണ്. എന്നാൽ ഒരു മഹാമാരി ഒരു തൊട്ടി കൊണ്ട് പിടിച്ചു നിർത്താമോ? അതാണ് COVID ന്റെ വ്യതാസം. ലോകം മുഴുവൻ കോറോണവൈറസ് പടർന്നു കഴിഞ്ഞു. ആർക്കൊക്കെ ഉണ്ടെന്നുപോലുമറിയില്ല. ടെസ്റ്റ് ചെയ്യാഞ്ഞതു കൊണ്ട് നിനക്ക് പോലും COVID വന്നു പോയോ എന്നറിയില്ല. നീ കഴിഞ്ഞയാഴ്‌ച പനിയുണ്ടെന്നു പറഞ്ഞു കറുമ്പൻ പൂവനെ സൂപ്പാക്കി കുടിച്ചതോർക്കുന്നില്ലേ? നിനക്ക് COVID അല്ലായിരുന്നു എന്നാരു പറഞ്ഞു?
അപ്പുകുട്ടൻ: ശരി സമ്മതിച്ചു, പക്ഷെ കേരളത്തിൽ നമ്മൾ COVID പിടിച്ചു കെട്ടിയല്ലോ?
പല്ലി: എന്ത് പിടിച്ചു കെട്ടി? കേരളം വളരെ കുറഞ്ഞ തോതിലാണ് ടെസ്റ്റ് ചെയ്യുന്നത്, അത് കൊണ്ട് കുറഞ്ഞ തോതിൽ രോഗമുണ്ടെന്ന് കണ്ടു പിടിക്കുന്നു. അയല്പക്കത്തെ തമിഴ്നാട് ഉദാഹരണത്തിന് കേരളത്തിനെക്കാൾ അഞ്ചിരട്ടി ടെസ്റ്റ് ഇത് വരെ നടത്തി കഴിഞ്ഞു. കൂടുതൽ ടെസ്റ്റ് ചെയ്‌താൽ, കൂടുതൽ രോഗികളെ കാണും. കണ്ണടച്ചാൽ ഇരുട്ടാണെന്നു സ്വയം ധരിക്കാമെന്നല്ലാതെ, ഇരുട്ടാകില്ലല്ലോ.
അപ്പുകുട്ടൻ: എന്നാലും, കേരളത്തിലെ രോഗികളിൽ 90% 'ഇമ്പോർട്ടഡ് കേസുകൾ' അഥവാ പ്രവാസികൾ ആണല്ലോ.
പല്ലി: പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു, അപ്പുക്കുട്ടാ, അതാണ് ചാക്കോ മാഷ് പറഞ്ഞത്, കണക്കു പഠിക്കണം എന്ന്. കേരളം നടത്തുന്ന സിംഹ ഭൂരിഭാഗം ടെസ്റ്റും പുറത്തു നിന്ന് വരുന്നവരിലാണ്. അപ്പോൾ, അവരിൽ ഭൂരിഭാഗം രോഗം കാണും. കൃത്യമായി നാട്ടിലുള്ളവരെ ടെസ്റ്റ് ചെയ്‌താൽ നാട്ടിലുള്ളവർക്ക് രോഗം കാണും.
അപ്പുകുട്ടൻ: ഓ, ഇത് അറിയില്ലായിരുന്നു. പക്ഷെ ഞങ്ങളുടെ ഒരു വിദഗ്ധൻ പറഞ്ഞു, കേരളത്തിലെ 'ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റ്' രണ്ടു ശതമാനത്തിൽ താഴെയാണ് അത് കൊണ്ട് നമ്മൾ വളരെ മുന്നിലാണ് എന്ന്.
പുള്ളിപ്പൂവൻ: താടിയിലെ മാസ്ക് ഒന്ന് വലിച്ചിട്ടിട്ട് പറഞ്ഞു. ലോകമാകെ നോക്കിയാൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ രോഗം കണ്ടു പിടിച്ചിട്ടുള്ളു. . ആ സ്ഥിതിക്ക് പുറത്തുനിന്നു വരുന്നവരെ കൂടുതലായി ടെസ്റ്റ് ചെയ്‌താൽ അത് രണ്ടു ശതമാനത്തിൽ താഴെ നിർത്താം. അത് പഠിപ്പിക്കാൻ ചാക്കോ മാഷ് വരണ്ട. മറ്റു സംസ്ഥാനങ്ങളിൽ പുറത്തു നിന്ന് വരുന്നവരിൽ രോഗ വിവരം നോക്കിയാൽ ഇത് മനസ്സിലാകും
അപ്പുകുട്ടൻ: ഞങ്ങൾ കേരളത്തിൽ 28 ദിവസം ക്വാറന്റൈൻ നടത്തി രോഗം സമ്പർക്കം മൂലം വരുന്നത് തടയുന്നുണ്ടല്ലോ.
പുള്ളിപ്പൂവൻ: രോഗം ഇൻക്യൂബേഷൻ പീരീഡ് ശരാശരി നാല് മുതൽ ആറ് വരെ ദിവസമാണ്. ലക്ഷണം കാണുന്നവരിൽ ഇതിനകം ലക്ഷണങ്ങൾ കാണും. രോഗം പതിനാലു ദിവസം വരെ കാണാം, പക്ഷെ പകർത്തുന്നത് സാധാരണ നിലക്ക് എട്ടു തൊട്ടു പത്തു ദിവസം വരെയാണ്. ലക്ഷണം കാണുന്നതിന് മുൻപും ചിലപ്പോൾ പകർത്താം. അത് കൊണ്ടാണ് WHO,CDC, ICMR രോഗലക്ഷണം കണ്ടിട്ട് പത്തു ദിവസം വരെയും , മൊത്തം പതിന്നാലു ദിവസം വരെയും ആവശ്യമുള്ളവരിൽ ക്വാറന്റൈൻ ചെയ്യാൻ നിർദേശിക്കുന്നത്. ഇരുപ്പത്തെട്ടു ദിവസം വെറുതെ അനാവശ്യമാണ്. ഒരു ഗോൾ ലീഡ് ആയാലും ജയിക്കും, 10 ഗോൾ ലീഡ് ആയാലും ജയിക്കും. ഒന്ന് വേണ്ടിടത് പത്തടിക്കുന്നത് ചിലരുടെ രീതി.
അപ്പുകുട്ടൻ: പക്ഷെ ഞങ്ങൾ പ്രവാസികൾക്ക് ടെസ്റ്റ് ചെയ്തു കൊണ്ടുവന്നാൽ മതി, രോഗികൾക്ക് വേറെ വിമാനം വേണം, കാരണം വിമാനത്തിൽ കൂടി പകർന്നു എല്ലാവര്ക്കും രോഗം വരുമല്ലോ, അങ്ങനെ വളരെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ.
പുള്ളിപ്പൂവൻ: ലക്‌ഷ്യം നല്ലതാണെങ്കിലും, പോയ മാർഗ്ഗം തെറ്റിദ്ധാരണയുടെ ഫലമായിട്ടാണ്. അതുകൊണ്ട് വഴി തെറ്റി. ടെസ്റ്റ് ചെയ്തു വരുന്നത് കൊണ്ട് തെറ്റൊന്നുമില്ല. പല രാജ്യങ്ങളും അത് ചെയ്യുന്നുണ്ട്. പക്ഷെ ഒരു സ്വതന്ത്ര രാഷ്ട്രത്തോടു, അവർ എങ്ങിനെ ടെസ്റ്റ് ചെയ്യണം എന്ന് പറയാൻ ഒരു സംസ്ഥാനത്തിന് അധികാരമില്ല. ട്രൂനാറ്റ് എന്ന് പറയുന്നത് ഇന്ത്യയിൽ ഉള്ള ഒരു കമ്പനി, ക്ഷയം ടെസ്റ്റ് ചെയ്യാൻ കണ്ടു പിടിച്ച ഉപകരണം മാറ്റി COVID ടെസ്റ്റിന് ഉപയോഗിക്കാം എന്ന് കണ്ടുപിടിച്ചു മറ്റു രാഷ്ട്രങ്ങൾ സമ്മതിച്ചാൽ തന്നെ, ഈ ഉപകരണം, വാങ്ങി, മറ്റു രാഷ്ട്രങ്ങളിൽ എത്തിച്ചു കൊടുത്തു, ട്രെയിൻ ചെയ്തു, ടെസ്റ്റ് നടപ്പാക്കുന്നതിലെ അപ്രായോഗീകത ഒന്നാലോച് നോക്കൂ. മാത്രമല്ല, കേരളമെന്താ, ട്രൂനാറ്റ് ഉണ്ടാക്കുന്ന കമ്പനിയുടെ ഏജൻസിയാനോ?
പിന്നെ അസുഖമുള്ളവർ മാത്രം ഒരു വിമാനത്തിൽ വരണം എന്ന് പറയുന്നത് മറ്റൊരു തമാശ. ഇങ്ങനെ ആരും ഒരു COVID എയർ ആംബുലൻസ് ഉണ്ടാക്കിയിട്ടില്ല. അസുഖമുള്ളവർ, രണ്ടാഴ്ച കഴിഞ്ഞു യാത്ര ചെയ്‌താൽ മതിയല്ലോ. പിന്നെ വിമാനത്തിൽ കേരളത്തിലെ ചിലർ ഈ പറയുന്നത് പോലെ പകരില്ല എന്ന് വിമാന കമ്പനികൾ ശാസ്ത്രീയമായി തന്നെ കാണിച്ചിട്ടുണ്ട്. പകരുകയായിരുന്നെങ്കിൽ, പുറത്തുനിന്നു വരുന്ന മിക്കവരിലും അസുഖം കാണണമല്ലോ. അതില്ലലോ.
അപ്പുകുട്ടൻ: അതിർത്തി പാസ്സ് വച്ചതു കൊണ്ട് ഞങ്ങൾ തിരക്ക് കുറച്ചു
പുള്ളിപ്പൂവൻ: എവിടെ തിരക്ക് കുറച്ചു? തിരക്ക് കൂട്ടി. അതിർത്തിയിൽ രാവും പകലും ആളുകൾ നാട്ടിൽ വരാൻ പറ്റാതെ തിക്കി തിരക്കിയത് ഓര്മയുണ്ടാവുമല്ലോ. മനുഷ്യത്വമില്ലാതെ കുറെ മനുഷ്യരെ അനാവശ്യമായി ബുദ്ധിമുട്ടിച്ചു. കേരളത്തിന് പുറത്തു നിന്ന് തിരിച്ചു വരുന്ന പ്രവാസികളെ സ്വന്തം വീട്ടിൽ കയറ്റാതെ ആട്ടിപായിക്കുന്നത് എന്ത് സംസ്കാരമാണ്.
അപ്പുകുട്ടൻ: പക്ഷെ സർക്കാർ പുറത്തുനിന്നു വരുന്നവർക്ക് 'സൗജന്യ സർക്കാർ ക്വാറന്റൈൻ' കൊടുക്കാമെന്നു പറഞ്ഞായിരുന്നാലോ.
പല്ലി: അത് നടക്കാൻ പറ്റാത്ത മറ്റൊരു മനോഹര സ്വപ്നം. മറ്റു സംസ്ഥാനങ്ങളിൽ നിന്നും, മറ്റു രാജയത്തുനിന്നും ഏകദേശം ഒരേ സമയം അഞ്ചു ലക്ഷത്തിനു മേൽ ആളുകളെ ഒരുമിച്ചു നോക്കാൻ പറ്റുമോ? ഇല്ല. അതുകൊണ്ട് വരുന്നവരുടെ എണ്ണം കുറയ്ക്കാൻ നോക്കി, പിന്നെ അവസാനം അത് പോലും പറ്റില്ല എന്നറിഞ്ഞു ഹോം ക്വറ്റന്റൈൻ സമ്മതിച്ചു. ഒരു തെറ്റായ തീരുമാനത്തെ മറ്റൊരു തെറ്റായ തീരുമാനം കൊണ്ട് തിരുത്താൻ പറ്റില്ലാലോ.
പുള്ളിപ്പൂവൻ: എന്ന് വച്ചാൽ ഇല്ലാത്ത കണക്കും, നടക്കാത്ത കാരണവും പറഞ്ഞു പ്രവാസികളെ വരാൻ സമ്മതിച്ചില്ല. ഈ വിദഗ്ദ്ധൻമാർ കൈയടി കിട്ടാൻ വേണ്ടി കണക്കുകൊണ്ടുള്ള തിരിമറി കാണിച്ചു, അനാവശ്യ ഭീതിപെടുത്തലും മറ്റും നടത്തിയില്ലായിരുന്നെങ്കിൽ എല്ലാ പ്രവാസികളെയും എത്രയും പെട്ടന്ന് നാട്ടിലെത്തിക്കാമായിരുന്നു. ബാലികേറാ മലപോലെ ഈ കടമ്പയെല്ലാം കടന്നു നാട്ടിൽ വരുന്നവരെ, അനാവശ്യമായി അശാസ്ത്രീയമായ ക്വാറന്റൈൻ ഇട്ടു പൂട്ടി. അവരുടെ ജീവനും, ജീവിതത്തിനും തീരെ വിലയില്ലേ?, വളരെ മോശം കൊച്ചുമുതലാളീ.
അപ്പുകുട്ടൻ: ഞങ്ങൾ സമൂഹ വ്യാപനം പിടിച്ചു നിർത്തിയില്ലേ?
പല്ലി: എന്താണ് സമൂഹ വ്യാപനം? അത് ആര് തടഞ്ഞു നിർത്തി? ആർക്ക് തടഞ്ഞു നിർത്താം? തടഞ്ഞു നിർത്തി എന്ന് എങ്ങിനെ മനസ്സിലായി? ICMR പറഞ്ഞത് നൂറു മുതൽ ഇരുനൂറു ഇരട്ടി ആളുകൾ വരെ അസുഖം വന്നു അറിയാതെ പോകും എന്നാണ്. അമേരിക്കയിലെ പല പഠനങ്ങൾ പ്രകാരം ഇത് എൺപത് ഇരട്ടി വരെയാകാം. അപ്പോൾ, നിങ്ങൾ വ്യാപകമായി ടെസ്റ്റ് ചെയ്യാതെ, പ്രവാസികളെ മാത്രം ടെസ്റ്റ് ചെയ്തു ഇതെങ്ങിനെ തീരുമാനിച്ചു? ഇത്ര മാത്രം കണക്കുകൾ നിയന്ത്രിച്ചിട്ടും, രോഗ ഉത്ഭവം അറിയാത്ത പല രോഗികളും ഉണ്ടല്ലോ, പല മരണങ്ങളുമുണ്ടല്ലോ.
അപ്പുകുട്ടൻ: പക്ഷെ കേരളത്തിൽ രോഗം വേറെ സ്‌ട്രെയിൻ ആണ്, നീളം കൂടുതലാണ് എന്ന് ടെസ്റ്റിൽ ഞങ്ങൾ കണ്ടല്ലോ?
പുള്ളിപ്പൂവൻ: അത്, ഒന്നുകിൽ ശാസ്ത്രം അറിയാത്തതു കൊണ്ട്, അല്ലെങ്കിൽ മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിൽ മാത്രമായി സ്‌ട്രെയിൻ മാറാൻ ഒരിക്കലും പറ്റില്ല. ടെസ്റ്റ് നടക്കുന്നതിൽ ഒരു വലിയ ശതമാനം തെറ്റും. മിക്കവാറും അങ്ങിനെ തെറ്റിയത് കണ്ടു അറിയാതെ പറഞ്ഞതാവും. ആദ്യകാലത്തു തമിഴ് നാട്ടിൽ നിന്ന വന്ന ഒരാൾക്ക് അസുഖം ഉണ്ടോ ഇല്ലയോ എന്ന് കേരളവും തമിഴ് നാടും തട്ടി കളിച്ചത് ഓര്മയുണ്ടാവുമല്ലോ? മെയ് ആദ്യം അഞ്ചു എയർ ഇന്ത്യ പൈലറ്റ്മാർ ഇങ്ങനെ ആദ്യം അസുഖമുണ്ട് എന്ന് പറഞ്ഞു, രണ്ടാമത്തെ ടെസ്റ്റിൽ നെഗറ്റീവ് ആയി കണ്ടതും ഓർമ്മയില്ലേ? എല്ലാം ടെസ്റ്റിലെ കളി.
അപ്പുകുട്ടൻ: നമ്മൾ ലോക്ക്ഡൗൺ, റിവേഴ്‌സ് ക്വാറന്റൈനും, കോൺടൈന്മെന്റ് സോണും കൃത്യമായി നോക്കുന്നതുകൊണ്ടതാണ് രോഗം പകരാത്തത്.
പല്ലി: എന്നെ ചിരിപ്പിക്കല്ലേ. ഞാൻ താഴെ വീഴും, കൂടെ നിങ്ങളുടെ കൂരയും. റിവേഴ്‌സ് ക്വാറന്റൈൻ നടത്തുന്നു എന്ന് പൊതുനിരത്തിൽ പ്രസംഗിച്ചത് താടിയിൽ മാസ്ക് വച്ച, 65 കഴിഞ്ഞ രാഷ്ട്രീയക്കാരനല്ലേ? റിവേഴ്‌സ് ക്വാറന്റൈൻ നടന്നാൽ, അയാളും ചുറ്റിലുമുള്ള മിക്ക രാഷ്ട്രീയക്കാരും വീട്ടിനുള്ളിലായിരുന്നേനെ. അത്രയേയുള്ളൂ റിവേഴ്‌സ് ക്വാറന്റൈൻ. അവരെ മാത്രം പിടിക്കാത്ത കൊറോണ എന്ത് ഭീകര കോറിനെയാണു് ഹേ?
അപ്പുകുട്ടൻ: ഞങ്ങൾ പത്തു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും റിവേഴ്‌സ് ക്വാറന്റൈൻ നടത്തുണ്ടല്ലോ?
പല്ലി: ഏതു ശാസ്ത്രം പ്രകാരം? കുട്ടികൾക്ക് ഈ രോഗത്തിന് മറ്റുള്ളവരെക്കാൾ സാധ്യതയുണ്ട്, അവർക്കീ രോഗം മറ്റുള്ളവരെക്കാൾ അപകടകരമാണ് എന്ന് ഏതു പഠനം കാണിക്കുന്നു? മിക്കവാറും എല്ലാ പഠനങ്ങൾ നേരെ വിപരീതമാണല്ലോ കാണിക്കുന്നത്? വെറുതെ കുറെ പുക! ലോക്ക്ഡൗൺ, കോൺടൈന്മെന്റ് സോൺ വേറെ ഒരു തമാശ.
അപ്പുകുട്ടൻ: ലോക്ക്ഡൗൺ COVID കുറച്ചു എന്നാണല്ലോ ഞാൻ മനസ്സിലാക്കിയത്? അപ്പോൾ കണ്ടൈൻമെൻറ് രോഗം ഇല്ലാതാക്കില്ലേ?
പുള്ളിപ്പൂവൻ: ലോക്ക്ഡൗൺ COVID കുറയ്ക്കില്ല. അത് പകരുന്ന വേഗം കുറയ്ക്കും. ഈ സമയം കൊണ്ട് ആരോഗ്യ പരിപാലന സംവിധാനങ്ങൾ കൂട്ടാം. അത്ര മാത്രം. പക്ഷെ രോഗം ഇല്ലാതാക്കുന്നില്ല. താമസിപ്പിക്കുന്നു. ന്യൂയോർക്ക് സിറ്റി പോലെ ലോക്ക്ഡൗൺ ബലമായി ഇല്ലാതായ സ്ഥലങ്ങളിൽ പോലും ആളുകൾ കൂട്ടാം കൂടിയിട്ട് അസുഖത്തിന്റെ പകർച്ച തോത് വർധിപ്പിച്ചില്ല. ലോക്ക്ഡൗൺ കൊണ്ട് വരുമാനം നഷ്ടം, ആളുകൾക്ക് മാനസിക വിഭ്രാന്തി മുതലായ പ്രശ്നങ്ങൾ ഉണ്ടാക്കും. ലോക്ക് ഡൗൺ കൊണ്ട് കേരളത്തിൽ എന്താണ് ഗുണം ഉണ്ടയതെന്നു ബന്ധപ്പെട്ട ആരെങ്കിലും ഇത് വരെ പറഞ്ഞു കേട്ടിട്ടുണ്ടോ?
രോഗം പകരുന്നത് പ്രധാനമായും സ്രവത്തിലൂടെയാണ്. വൈറസ് ഒരു പരിതലത്തിൽ ഏറ്റവും കൂടുതൽ സമയം നിൽക്കുന്നത് ആകെ 72 മണിക്കൂറിൽ താഴെയാണ്. അത് പകരാനുള്ള സാധ്യത, അതിൽ നിന്നും വളരെ കുറവാണ്, ഇത് ഒരാളുടെ കയ്യിൽ പറ്റി, മുഖത്തുകൂടി, രോഗം പകർത്താനുള്ള അളവിൽ ഉളിൽ കയറണം. ഒരു ലാബ് പരീക്ഷണത്തിൽ പോലും ഇത് ചെയ്യുക ബുദ്ധിമുട്ടാണ്. UV രശ്മികൾ, അണുനാശിനി, മുതലായവ ഇവയെ മിനുട്ടുകൾക്കുള്ളിൽ നശിപ്പിക്കുകയും ചെയ്യും. അപ്പോൾ പിന്നെ, കൺടൈൻമെന്റിനു വേണ്ടി സ്ഥലങ്ങൾ പൂട്ടിയിടുന്നതിലെ ശാസ്ത്രം? നമ്മൾ പെരുന്നാളിന് പടക്കം പൊട്ടിക്കുന്നത് പോലെ ഒരു രസം. അതാവാം
ഈ കണ്ടൈൻമെൻറ് സോൺ രോഗം പകർച്ച എത്രമാത്രം രോഗം കുറയ്ക്കുമെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? അഥവാ കുറച്ചാൽ, പിന്നെ വരില്ലേ? ഈ അസുഖം ഇല്ലാതാകണമെങ്കിൽ ഇമ്മ്യൂണിറ്റി (പ്രതിരോധം വേണം). ലോക്ക്ഡൗൺ പ്രതിരോധം കൂട്ടില്ല. അപ്പോൾ പിന്നെ, ജീവിതകാലം മുഴുവൻ ഒരു വാക്‌സിൻ വരും എന്ന് പറഞ്ഞു പൂട്ടിയിരിക്കാം എന്നാണോ? അഥവാ വാക്‌സിൻ വന്നാലും, എന്ന് വരും, അതിന്റെ ഗുണം എത്ര മാത്രം? ലോക്ക്ഡൗൺ ആരോഗ്യ പരിപാലന സംവിധാനങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിൽ സഹായിക്കും. കേരളത്തിൽ ലോക്ക്ഡൗൺ, കണ്ടൈൻമെൻറ് സോൺ ഒന്നുമാവശ്യമില്ല. നമുക്ക് ആരോഗ്യ പരിപാലന സംവിധാനങ്ങൾ നല്ല രീതിയിൽ ഉണ്ട്. തീവ്രരോഗ ലക്ഷണങ്ങൾ ഉള്ളവരെ ചികിൽസിക്കുക, മരണം ഏറ്റവും കുറയ്ക്കുക.
അപ്പുകുട്ടൻ: എന്നാലും ഇത്രയും നാളായിട്ടും വളരെ കുറച്ചു പേർക്കാണല്ലോ അസുഖം വന്നത്. ഡോക്ടർമാരുടെ സംഘടനയിലെ ഒരു വിദഗ്ധൻ കേരളത്തിൽ അറുപത്തഞ്ച് ലക്ഷം ആളുകൾക്ക് COVID വരുമെന്ന് കേരള ഹൈ കോടതി ചീഫ് ജസ്റ്റിസിന്റെ അടുത്ത് വരെ പറഞ്ഞല്ലോ.
പുള്ളിപ്പൂവൻ: അപ്പുക്കുട്ടാ, നിങ്ങളീ വിദഗ്ധൻ, വിദഗ്ധൻ എന്ന് പറയുമ്പോൾ എനിക്ക് ഒരു കുറുക്കൻ പണ്ട് ഞാൻ കോഴി വിദഗ്ധരാണ്, കോഴി വസന്ത ചികിൽസിക്കാം എന്ന് പറഞ്ഞു വന്ന കഥ ഓർമ്മ വരും. ലോകം മുഴുവൻ നോക്കിയാലും, ഇത് വരെ ഒരു കോടിയോളം ആളുകളിലാണ് രോഗം വന്നത്. അതായത് ലോക ജനസംഖ്യയുടെ വെറും 0.14%. 65 ലക്ഷം എന്ന് പറയുന്നത്, കേരള ജനസംഖ്യയുടെ 20 ശതമാനത്തോളം. എന്ന് പറഞ്ഞാൽ ലോകത്താകെ വന്ന അസുഖത്തിനേക്കാൾ കേരളത്തിൽ 150 ഇരട്ടി ആളുകൾക്ക് അസുഖം വരും എന്ന്. കൂടാതെ ഈ വിദഗ്ധൻ പറഞ്ഞു കേരളത്തിൽ നമുക്ക് 2.35 ലക്ഷം ICU കിടക്കകൾ വേണം എന്ന്, അതായതു, ഈ 65 ലക്ഷം ഒരേ സമയത്ത് അസുഖം വരുമെന്ന് കൂടി. ഇത് വിദഗ്ധനല്ല. തട്ടിപ്പാണ്. ലോകത്തിലെ ഇപ്പോഴത്തെ കണക്കു വച്ച് നോക്കിയാൽ കേരളത്തിൽ മൊത്തം 44 ആയിരം രോഗികൾ ആവാം. പക്ഷെ ഇനിയും രോഗികൾ ഉണ്ടാവാം. അപ്പോൾ ഇരട്ടി നോക്കിയാലും, മൊത്തം 88 ആയിരം രോഗികൾ ആകാം. ഓർക്കുക, ഇവർക്കെല്ലാം രോഗം പല മാസങ്ങളായാണ് വരുന്നത്. അപ്പോൾ, ഒരു മാസം കൂടിയത് ഒരേ സമയം ആയിരം ICU കിടക്കയിൽ താഴെ മതിയാവും. ഞങ്ങളുടെ പഴയ ആ കുറുക്കൻ ഇയാളെക്കാൾ സത്യസന്ധനായ വിദഗ്ദ്ധൻ ആയിരുന്നു എന്നിപ്പോഴ് തോന്നുന്നു.
പള്ളിപെരുന്നാളിന് മിമിക്രി കാണാൻ വീട്ടിലെ എല്ലാവരും പോകുന്നപോലെ, സർക്കാർ സംവിധാനം മുഴുവൻ COVID ന്റെ പുറകെ പോയി, മറ്റ് അസുഖങ്ങൾക്ക് ചികിത്സ കിട്ടാതെ ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്.
പല്ലി: അപ്പുക്കുട്ടാ, നിങ്ങള് ധാരാവി, ധാരവീന്ന് കേട്ടിട്ടുണ്ടോ? തിരുവനന്തപുരം വിമാനത്താവളത്തെക്കാൾ വളരെ ചെറിയ ഒരിടത്തു ഒരു കോടി ആളുകൾ തിങ്ങിപാർക്കുന്നു. കൂടാതെ മുംബൈ വിമാനത്താവളവുമായി അഭേദ്യമായ ബന്ധം. ഒരു ശുചിമുറി എഴുപതു പേര് ഉപയോഗിക്കുന്നു, ഒരു 10x10 മുറിയിൽ ഏഴും എട്ടും പേര് താമസിക്കുന്നു. അവിടെപോലും രണ്ടായിരത്തിഅഞ്ഞൂറു പേരിൽ താഴെയുള്ളു അസുഖം. പിന്നല്ലേ..
അപ്പുകുട്ടൻ: ഞങ്ങൾ രോഗം വരുന്ന എല്ലാവരെയും സർക്കാർ ചിലവിൽ ചികിൽസിക്കുന്നുണ്ടല്ലോ?
പുള്ളിപ്പൂവൻ: നിങ്ങള് ദേ, പല്ലിയെ വെറുതെ ചരിപ്പിച്ചു കുഴപ്പമുണ്ടാരുതേ. COVID നു ചികിത്സയില്ല. ചികിത്സയുണ്ടെന്നു കഴിഞ്ഞ ദിവസം ഒരു യോഗാഭ്യാസി പറഞ്ഞത് തിരുത്തിയല്ലോ. ശ്വാസതടസം മുതലായ ലക്ഷങ്ങൾക്ക്, അതുള്ളവർക്കു മാത്രമാണ് ചികിത്സ. ബാക്കിയുള്ളവരെ വെറുതെ ചികിത്സ എന്ന് പറഞ്ഞു പിടിച്ചു കിടത്തി, ഡോക്ടർമാർക്കും, നഴ്‌സുമാർക്കും വെറുതെ പണി കൂട്ടൂന്നുവെന്നു മാത്രം. സർക്കാർ വെറുതെ കാശ് കളയുന്നു.
അപ്പുകുട്ടൻ: അപ്പോൾ കേരളം കണ്ടുപിടിച്ച ഈ പ്ലാസ്മ ചികിത്സയോ?
പല്ലി: അത് ഞാൻ പറയണോ? കേരളം കണ്ടുമില്ല, പിടിച്ചുമില്ല. ശാസ്ത്രീയമായി COVID നു പ്ലാസ്മ ചികിത്സ ഇത് വരെ പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. ലോകത്തിന്റെ പല ഇടതും മാസങ്ങളായി നടക്കുന്നപോലെ ഇന്ത്യയിൽ ICMR ന്റെ നേതൃത്വത്തിൽ 452 രോഗികളിൽ ഇത് പഠിച്ചുകൊണ്ടിരിക്കുന്നു. അത്ര തന്നെ.
അപ്പുകുട്ടൻ: പക്ഷെ ഞങ്ങളുടെ മരണ നിരക്ക് വളരെ കുറവാണല്ലോ? ഇത് വരെ 24 ആളുകളാണോ മരിച്ചത്.
പുള്ളിപ്പൂവൻ: നല്ല കാര്യം. പക്ഷെ ഈ രോഗം വളരെ വളരെ ചെറിയ നിരക്കിലാണ് മരണം. ലോകം മുഴുവൻ നോക്കിയാൽ പത്തു ലക്ഷം പേരിൽ അറുപത്തഞ്ചു മരണത്തോളം. പക്ഷെ ഇത് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ ഇതിലും വളരെ കുറവാണ്. മുൻപേ പറഞ്ഞ ധാരാവിയിൽ പോലും ഇത് വരെ 82 മരണമേ നടന്നിട്ടുള്ളു. ചെറിയ തോതാണെങ്കിൽ കൂടി മിക്കവാറും എല്ലാ മരണത്തിലും COVID ഒരു കാരണം മാത്രമാണ്. മറ്റു മാരക രോഗങ്ങളുള്ളവരാണ് സാധാരണ നിലക്ക് മരണപ്പെടുന്നത്. പിന്നെ, എല്ലാ മരണവും നമ്മൾ ഓഡിറ്റ് ടെസ്റ്റ് ചെയ്യുന്നില്ലല്ലോ. അപ്പോൾ അറിഞ്ഞ കണക്ക് നമ്മൾ പറയുന്നു.
അപ്പുകുട്ടൻ: ഞങ്ങൾ സംസ്ഥാനത്തെ എല്ലാവര്ക്കും സൗജന്യ റേഷൻ കൊടുത്തല്ലോ.
പുള്ളിപ്പൂവൻ: നല്ല കാര്യം. പക്ഷെ ആവശ്യമുള്ളവർക്ക് മാത്രം കൊടുക്കുക. കോടികൾ വരുമാനമുള്ള സിനിമാ നടമാർക്കും, മുതലാളിമാർക്കും എന്തിനു സൗജന്യ റേഷൻ? ഇതിനുള്ള പണം എവിടുന്നുണ്ടാക്കും? അപ്പോൾ മദ്യത്തിനും, കരണ്ടിനും, ബസ്സിനും, മറ്റും വില കൂട്ടും. പിന്നെ കടം വാങ്ങും. ഇതെല്ലാം പാവപ്പെട്ടവനെയാണല്ലോ നല്ല രീതിയിൽ ബാധിക്കുക. പണക്കാരന് കഞ്ഞി പാവപ്പെട്ടവൻ കൊടുക്കണം. റിവേഴ്‌സ് സോഷ്യലിസം, അല്ലാതെന്ത്.
അപ്പുകുട്ടൻ: ഞങ്ങൾ അതിഥി തൊഴിലാളികൾക്കു ഭക്ഷണം കൊടുത്തല്ലോ.
പുള്ളിപ്പൂവൻ: നല്ല കാര്യം. അവർ കൂലിയില്ലാതെ ബുദ്ധിമുട്ടുകയാണല്ലോ.
അപ്പുകുട്ടൻ: മാസ്ക് വയ്ക്കാത്തവരെ പിടിക്കാൻ ഞങ്ങൾ പോലീസിൽ പുതിയ സേന ഉണ്ടാക്കി. നാട്ടുകാരുടെ സന്നദ്ധ സേന ഉണ്ടാക്കി.
പല്ലി: മാസ്ക് വയ്ക്കുന്നത് വളരെ നല്ല കാര്യമാണ്. ജപ്പാൻ, ദക്ഷിണ കൊറിയ മുതലായ സ്ഥലങ്ങളിൽ അസുഖലക്ഷണങ്ങൾ ഉള്ളവർ മാസ്ക് സാധാരണ വയ്ക്കാറുണ്ട്. ഇവിടെ ഒക്കെ COVID വളരെ ചെറിയ തോതിലെ വന്നുള്ളൂ. പക്ഷെ, മാസ്ക് വേട്ടയ്ക്കൊരു പോലീസ് സേന? അതും ഒരു ജനാധിപത്യത്തിൽ? കുറെ പാവങ്ങളുടെ പുറത്തടി കിട്ടും, കുറെ പേര് കേസിൽ പെടും, ആ പിന്നെ, പോലീസ് ചെലവ് കൂടിയാലും, പാവങ്ങളുടെ മേലെ പെറ്റി അടിച്ചു തിരിച്ചു പിടിക്കാം. പിന്നെ ഈ നാട്ടുകാർ പോലീസ് ചമയുന്നത് ഒരു വലിയ പ്രശ്നമായി പിന്നീട് മാറും. ഒരു മിലിഷ്യ ചിന്താഗതി ആളുകൾക്കു വരും. ജനങ്ങളെ ബോധവത്കരിക്കൂ. ആളുകൾ അനുസരിക്കും. വസ്ത്രം ധരിക്കാതെ ആളുകൾ പുറത്തിറങ്ങുന്നില്ലല്ലോ? COVID കാരണം തലമുറകൾ പൊരുതിനേടിയ പൗര സ്വാതന്ത്ര്യം വെറുതെ എന്തിനു കുറയ്ക്കണം?
അപ്പുകുട്ടൻ: ഞങ്ങൾ SSLC പരീക്ക്ഷ നടത്തി. റിസൾട്ടുംവന്നു. യാതൊരു കുഴപ്പമുവുമില്ല.
പുള്ളിപ്പൂവൻ: സർക്കാർ ഈ കൊറോണകാലത്തു ചെയ്ത ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്ന്. എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
അപ്പുകുട്ടൻ: ഞങ്ങൾ സ്പ്രിങ്ക്ൾർ ആപ്പ് കൊണ്ട് കേരളം സ്വയം പര്യാപ്തമാണ് എന്ന് വരുത്തി.
പല്ലി: എന്ത് രീതിയിൽ? ഒരു ദിവസം 200 ൽ താഴെ ഈ വരുന്ന രോഗികളെ നോക്കാനോ? കേരളത്തിലെ COVID പ്രതിരോധം, പഞ്ചായത്ത് തലം മുതലാണ് നടക്കുന്നത്. ഇവർ സ്പ്രിങ്ക്ൾർ ആണോ ഉപയോഗിക്കുന്നത്? ഇവർക്ക് സ്പ്രിങ്ക്ൾർ ഇല്ലെങ്കിൽ ചെയ്യുന്നത് ചെയ്യാൻ പറ്റില്ലേ? ഇല്ലാത്ത പ്രശ്നത്തിനുണ്ടാക്കിയ അനാവശ്യ ഉത്തരം.
അപ്പുകുട്ടൻ: ഞങ്ങൾ BevQ ആപ്പ് കൊണ്ട് മദ്യം വാങ്ങാനുള്ള ക്യൂ ഇല്ലാതാക്കി.
പല്ലി: അതും ചുമ്മാ. ബാറുകളും, വൈൻ/ബിയർ കടകളും ചില്ലറ വ്യാപാരം തുടങ്ങിയപ്പോൾ, നാലിരട്ടിയോളം കടകൾ ആയ സ്ഥിതിക്കിക്കു തിരക്ക് തന്നെ കുറഞ്ഞേനേ. കൂടാതെ, മിക്കവർക്കും മദ്യം വാങ്ങാൻ പണവുമില്ല, മദ്യത്തിന് വിലയും കൂടി. മറ്റൊരു ഇല്ലാത്ത പ്രശ്നത്തിനുണ്ടാക്കിയ അനാവശ്യ ഉത്തരം. BevQ
അപ്പുകുട്ടൻ: ഞങ്ങൾ കടകൾ സമയം കുറച്ചു, കടകളുടെ എണ്ണം കുറച്ചു, പൊതു ഗതാഗതം കുറച്ചു, ദൂരം കുറച്ചു.
പുള്ളിപ്പൂവൻ: ഇതൊന്നും തിരക്ക് കുറയ്ക്കില്ല, കൂട്ടുകയേയുള്ളു. തിരക്ക് കുറയ്ക്കണമെങ്കിൽ സമയം കൂട്ടണം, കടകൾ കൂടുതൽ തുറക്കണം, വാഹനങ്ങൾ കുറയ്‌ക്കുകയല്ല, കൂട്ടണം.
അപ്പുകുട്ടൻ: ഞങ്ങൾ ഓൺലൈൻ ക്ലാസ് നടത്തുണ്ട്.
പുള്ളിപ്പൂവൻ: നിങ്ങൾ പണ്ട് ഫ്രൈ വെച്ച് കഴിച്ച എന്റെ അപ്പൂപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട് ദൂരദർശനിൽ ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ പോലും ഓൺലൈൻ വീഡിയോ ക്ലാസ് ഉണ്ടായിരുന്നുവെന്ന്. ഇപ്പോൾ ഈ ചെയ്യുന്ന ഓൺലൈൻ കുട്ടികളിൽ കാശുള്ളവരും, ഇല്ലാത്തവരും തമ്മിൽ ഉള്ള അകലം വീണ്ടും കൂട്ടുകയേ ഉള്ളു. ഇത് കൊണ്ട് കുട്ടികളിൽ ആത്മഹത്യയുൾപ്പെടെ നടക്കുന്നത് നമ്മൾ കാണുന്നുണ്ട്.
പുള്ളിപ്പൂവൻ: കുറെ ഭീതി അനാവശ്യമായി മനുഷ്യരിൽ തള്ളിക്കേറ്റി, പ്രവാസികളരെ നാട്ടിൽ വരാൻ സമ്മതിക്കില്ല, ആർക്കെങ്കിലും രോഗം ഉണ്ടെന്നു കണ്ടാൽ അവരെ വീട്ടിൽ നിന്ന് ഇറക്കി വിടുക, കുറെ അനാവശ്യ ചെലവ്, കുറെ തൊഴിൽ നഷ്ടം, കുറെ വിലക്കയറ്റം, കുറെ പൗര സ്വാതന്ത്ര്യം എടുത്തു കളഞ്ഞു എന്നൊക്കെ നമുക്ക് കാണാം. എന്നാൽ കൃത്യമായി എങ്ങിനെയാണ് ടെസ്റ്റ് നടത്തുന്നത്? എത്ര രോഗികളെ കുറച്ചു? എത്ര മരണം ഇല്ലാതാക്കി? ഇതിനു എന്തെങ്കിലും കണക്കുണ്ടോ? നിങ്ങൾ പക്ഷെ നിങ്ങൾ വിശ്വസിക്കുന്നത് എന്താണ്?
എന്നാൽ ഞാൻ കൂവുന്ന കാരണം സൂര്യൻ ഉദിക്കുന്നു എന്ന് പറയുന്നത് നിങ്ങൾ വിശ്വസിക്കില്ല. ഇനി ഞാൻ കൂവില്ല. നിങ്ങൾക്ക് ഇനി ഉദയമില്ല.
പല്ലി: കേരളത്തിൽ ഒരു വര്ഷം പലവിധ രോഗകാരണങ്ങളാലും പ്രായാധിക്യവും മൂലം ശരാശരി 2,00,000 മരണങ്ങൾ നടക്കാറുണ്ട്. COVID മൂലമെന്ന് കണക്കാക്കുന്ന മരണങ്ങൾ മിക്കവാറും എല്ലായ്പ്പോഴും മറ്റ് മാരക രോഗങ്ങൾ ഉള്ളവരിലായിരിക്കും. ലോകം ആകെയുള്ള കണക്ക് നോക്കിയാൽ നൂറ് COVID മരണത്തിൽ തൊണ്ണൂറ്റിയൊമ്പതിലധികവും മറ്റ് മാരകരോഗങ്ങൾ സ്ഥിതീകരിച്ചവരിലാണ്.
ഈ കണക്കു പ്രകാരം, കേരളത്തിലെ ശരാശരി കണക്കു നോക്കിയാൽ, ഒരു വർഷത്തിൽ ഏകദേശം അഞ്ചിൽ താഴെ മരണം COVID മാത്രം കാരണമായി സംഭവിക്കാം. കേരളം പോലെ ആരോഗ്യ പരിപാലന ശേഷിയുള്ള ഒരു സ്ഥലത്ത്, ലോക്ക്ഡൗൺ, ക്വറന്റൈൻ മൂലം ഒരു ജീവൻ പോലും കൂടുതലായി COVID ൽ നിന്ന് രക്ഷപെട്ടതായി ഉണ്ടാവില്ല. എന്നാൽ ലോക്ക്ഡൗൺ, ക്വറന്റൈൻ പാർശ്വഫലം മൂലം ധാരാളം ജീവനുകൾ ഇല്ലാതാകുന്നുണ്ട്, ജീവിതങ്ങൾ തകരുന്നുണ്ട്. പ്രവാസികളെ തിരികെ വരാൻ സമ്മതിക്കാതെ, ധാരാളം മനുഷ്യരെ നിങ്ങൾ കണ്ണുനീരിൽ താഴ്ത്തുന്നു.
നിങ്ങളുടെ മേൽക്കൂര ഇനിയും ഞാൻ താങ്ങില്ല. എനിക്കതിനു മനസ്സില്ല.
അപ്പുകുട്ടൻ ഒരലർച്ചയോടെ ഞെട്ടിയുണർന്നു, കണ്ണു തുറന്നു. വാച്ച് നോക്കി. രാവിലെ 6 മണി. പുള്ളിപ്പൂവൻ മുറ്റത്തു കൂവുന്നത് കേൾക്കാം., ഉത്തരത്തിലെ പല്ലി ചിലക്കുന്നുമുണ്ട്. ഒരു ദീഘശ്വാസം വിട്ടു, പുതപ്പു തലയിലേക്കിട്ടു വീണ്ടും ഉറങ്ങാൻ കിടന്നു. മറ്റെല്ലാ മലയാളിയെയും പോലെ സാമൂഹ്യമാധ്യമങ്ങളിൽ കയറി 'കേരളാ മോഡൽ' പ്രതിരോധിക്കാനുള്ളതാണ്. വിശ്രമം ആവശ്യമാണ്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.
Global Tech Leader. CIO, Angel Investor, Strategic Advisor. Opinions & Connects Personal not Official