ഇനി വരാനിരിക്കുന്നത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; അതുകൊണ്ട് തിരഞ്ഞെടുപ്പിൽ തോറ്റതിൽ യു.ഡി.എഫ്.-കാർ അധികം നിരാശപ്പെടേണ്ട കാര്യമില്ല

Avatar
വെള്ളാശേരി ജോസഫ് | 05-05-2021 | 5 minutes Read

പെൻഷനും കിറ്റും ആണ് എൽ.ഡി.എഫിനെ ജയിപ്പിച്ചതെന്ന് ഇടതുപക്ഷ പ്രവർത്തകർ. പല നിരീക്ഷണങ്ങളും ആ വഴിക്കു തന്നെയാണ്. പക്ഷെ ഇത്തരം തിരഞ്ഞെടുപ്പ് വിശകലനങ്ങൾ വെറും ഉപരിവിപ്ലവം മാത്രമാണെന്നാണ് ഇതെഴുതുന്ന ആൾക്ക് പറയാനുള്ളത്.

കാരണം സാമൂഹ്യ ക്ഷേമ പെൻഷൻ തുക 1200 തൊട്ട് 1500 രൂപ വരെ ഉള്ളൂ. കേരളത്തിൽ ഒരു താറാമുട്ടക്ക് ഇന്ന് 10 രൂപ കൊടുക്കണം; ഒരു കിലോ കരിമീന് 450 രൂപയാണ്. കഴിഞ്ഞ ആഴ്ച വരാലിന് കേരളത്തിൽ വില ചോദിച്ചപ്പോൾ മീൻകാരി കിലോക്ക് 500 രൂപ ആണെന്നാണ് പറഞ്ഞത്. ആട്ടിറച്ചിക്ക്‌ കിലോക്ക്‌ 500-600 രൂപയോ അതിലധികമോ ആണ്. ഇനി മുട്ടയും മീനും ഇറച്ചിയും ഒക്കെ മാറ്റിവെച്ച് പച്ചക്കറി ആയാലും കാശ് നല്ലതുപോലെ കയ്യിൽ നിന്നു പോകും. വെജിറ്റേറിയൻസ് പനീറോ കൂണോ ഒക്കെ കഴിക്കാൻ നോക്കിയാൽ നല്ല വില കൊടുക്കേണ്ടി വരും. പഴങ്ങൾക്കും തീവിലയാണ് കേരളത്തിൽ. അപ്പോൾ പെൻഷനും കിറ്റും ഉണ്ടെങ്കിൽ അരിഷ്ടിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോകാനേ കേരളത്തിൽ കഴിയൂ. മലയാളികൾ പൊതുവേ അരിഷ്ടിച്ചു ജീവിക്കുന്നവരല്ല; കേരള സമൂഹം കുറെയേറെ വർഷങ്ങളായി 'ഹൈ കൺസ്യൂമിംഗ് സോസൈറ്റി' ആണ്. അപ്പോൾ തിരഞ്ഞെടുപ്പിലെ വിജയകാരണങ്ങൾ പെൻഷനും കിറ്റിനും അപ്പുറത്തുള്ള കാര്യങ്ങൾ തന്നെയാണ്.

കേരളത്തിലെ തിരഞ്ഞെടുപ്പിൽ പിണറായ് വിജയൻറ്റെ നെത്ര്വത്ത്വത്തിലുള്ള എൽ.ഡി.എഫ്. മുന്നണി വിജയിച്ചതിന് പ്രധാന കാരണം സി.പി.എമ്മിന്റെ സംഘടനാ സെറ്റപ്പും പ്രചാരണവുമാണ്. കോൺഗ്രസുകാർ ഇനിയും ഉൾക്കൊള്ളാൻ മടിക്കുന്ന ഒന്നാണ് സംഘടനാ തലത്തിൽ പാലിക്കേണ്ട അച്ചടക്കവും കെട്ടുറപ്പും. 8-10 വർഷം മുമ്പേ പിണറായ് വിജയൻറ്റെ നെത്ര്വത്ത്വത്തിൽ പാർട്ടിയെ മൊത്തത്തിൽ 'പ്രൊഫഷണലൈസ്' ചെയ്തു. കൃത്യമായ വരുമാനം നിശ്ചയിച്ച് തികഞ്ഞ അച്ചടക്കത്തോടെയും കെട്ടുറപ്പോടെയും പ്രവർത്തിക്കുന്ന ഒരു പാർട്ടി സംവിധാനം ഇന്ന് സി..പി.എമ്മിനുണ്ട്. എന്ത്‌ ആരോപണം വന്നാലും അത് നേരിടാനുള്ള കരുത്ത് ഈ പാർട്ടി സംവിധാനത്തിനുണ്ട്. അതുകൊണ്ടാണ് സോവിയറ്റ് യൂണിയനിലും ലോകമൊട്ടാകെയും കമ്യൂണിസം പരാജയപ്പെട്ടിട്ടും സി..പി.എം. കേരളത്തിൽ വിജയിക്കുന്നത്. അമിത് ഷായുടെയും നരേന്ദ്ര മോഡിയുടെയും നെത്ര്വത്ത്വത്തിൽ ബി.ജെ.പി.-യേയും മൊത്തത്തിൽ 8-10 വർഷം മുമ്പേ 'പ്രൊഫഷണലൈസ്' ചെയ്തു. കോൺഗ്രസുകാർക്ക് ഇനിയും നേരം വെളുത്തിട്ടില്ല.

അല്ലെങ്കിലും ഇന്നത്തെ രാഷ്ട്രീയം ഓൺലൈൻ പത്രങ്ങളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും, ടി.വി. ചാനലുകളിലൂടെയും നടത്തുന്ന പ്രചാരണമാണ്. നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് മികച്ച പബ്ലിക് റിലേഷൻസ് നെറ്റ്വർക്ക്‌ വേണം. ചുരുക്കം പറഞ്ഞാൽ ഫ്രൊഫഷണലിസത്തിൻറ്റെ മികവാണ് ഇന്നത്തെ രാഷ്ട്രീയത്തിലെ വിജയം. സോഷ്യൽ മീഡിയയിലൂടെയും ഇലക്ട്രോണിക്ക് മീഡിയയിലൂടെയും ജനങ്ങളോട് സംവദിക്കാനുള്ള കഴിവ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെയാണ് സി..പി.എം. കേരളത്തിൽ സ്‌കോർ ചെയ്തത്.

കോവിഡ് പ്രതിസന്ധിയുടെ കാലത്ത് കോടികൾ മുടക്കിയുള്ള പബ്ലിക്ക് റിലേഷൻസിലൂടെ മാധ്യമങ്ങളേയും ജനങ്ങളേയും ഒരു മാസ്മരിക തലത്തിലേക്ക് എത്തിക്കാൻ പിണറായ് വിജയന് കഴിഞ്ഞു. കേരളത്തിലെ ജനം ആ പബ്ലിക്ക് റിലേഷൻസ് വർക്കിൽ വീണതുമൂലമാണ് കേരളത്തിലെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതു തരംഗമുണ്ടായത്. താൽക്കാലികമായി ജനങ്ങൾ പ്രളയത്തിൻറ്റേയും കോവിഡിൻറ്റേയും കാര്യത്തിൽ പിണറായ് വിജയൻറ്റെ നെത്ര്വത്ത്വത്തിലുള്ള എൽ.ഡി.എഫ്. സർക്കാർ എന്തോ മല മറിക്കുന്ന പ്രവൃത്തികൾ ചെയ്തു കൂട്ടുന്നുണ്ടെന്നു വിശ്വസിച്ചു. അതിൻറ്റെ ഭാഗമായിട്ടാണ് എൽ.ഡി.എഫിന് വലിയ വിജയം നേടാൻ കഴിഞ്ഞത്.

കമ്യൂണിസ്റ്റുകാരും പൊതുവെ ഇടതുപക്ഷ അനുകൂലികളും പിണറായ് വിജയനെ പൊക്കിപിടിക്കുന്നതിൽ വലിയ വൈരുദ്ധ്യമുണ്ട്. കാരണം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ട മൂല്യബോധം തമസ്‌ക്കരിച്ചുകൊണ്ട് തികഞ്ഞ ഏകാധിപത്യ രീതിയിലാണ് പിണറായ് വിജയൻ ഇന്നുവരെ പ്രവർത്തിച്ചിട്ടുള്ളത്. എന്തായാലും ശരിക്കും ഗവൺമെൻറ്റിൻറ്റെ പ്രവർത്തനങ്ങൾ ഇനിയാണ് വിലയിരുത്തപ്പെടാൻ പോവുന്നത്.

ഇന്ത്യയിൽ 'ഹൗസ്ഹോൾഡ് കൺസമ്ബ്ബ്ഷൻ' ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. സമ്പദ് വ്യവസ്ഥ 'ഡിമാൻഡ് ആൻഡ് സപ്ളൈ' തത്വം അനുസരിച്ചു പ്രവർത്തിക്കുമ്പോൾ കേരളത്തിലെ 'ഹൈ കൺസ്യൂമറിസം' പണം ഇങ്ങോട്ട് ഒഴുകുന്നത് മൂലമാണെന്ന് കാണാൻ ബുദ്ധിമുട്ടില്ല. കോവിഡ് പ്രതിസന്ധി മൂലം കേരളത്തിലേക്കുള്ള പണത്തിൻറ്റെ ഒഴുക്ക് വരും കാലങ്ങളിൽ കുറയും. അതിനെ കേരളത്തിലെ സമ്പദ് വ്യവസ്ഥ എങ്ങനെ ഭാവിയിൽ ഉൾക്കൊള്ളും എന്നാണ് ഇനി കാണാനുള്ളത്. ചുരുക്കം പറഞ്ഞാൽ, കേരളത്തിൻറ്റെ 'ഗ്രൗണ്ട് റിയാലിറ്റി' മാറിമറിയാൻ ഇനി അധികം താമസം ഒന്നും വേണ്ടാ.

സത്യത്തിൽ ഇനിയുള്ള സമ്പൂർണ ലോക്ക്ഡൗണിൻറ്റെ അവസാനം വരാനിരിക്കുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പലരും മനസിലാക്കുന്നില്ല. ബസുകൾ, ടാക്‌സികൾ, ഓട്ടോകൾ - ഇവയിലൊക്കെ ഭാഗികമായ ലോക്ക്ഡൗൺ കാലത്തു പോലും യാത്രക്കാർ ഇല്ലായിരുന്നു. അപ്പോൾ സമ്പൂർണ ലോക്ക്ഡൗണിൻറ്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇത്തരം സർവീസുകളെ ഒക്കെ ആശ്രയിച്ചു ജീവിക്കുന്ന ലക്ഷകണക്കിന് കുടുംബങ്ങൾ കേരളത്തിലുണ്ട്; ഇന്ത്യയൊട്ടാകെ ഉണ്ട്. അപ്പോൾ അവരൊക്കെ എങ്ങനെ ജീവിക്കും? കടകളിൽ എടുത്തുകൊടുക്കാനായി നിൽക്കുന്നവരും മൊത്തത്തിൽ നോക്കിയാൽ ലക്ഷകണക്കിനുണ്ട് കേരളത്തിൽ. പതിനായിരകണക്കിന് സ്ത്രീകൾ കേരളത്തിൽ 'സെയിൽസ് ഗേൾ' അതല്ലെങ്കിൽ 'സെയിൽസ് വുമൺ' ആയി ശമ്പളം പറ്റി ജീവിക്കുന്നു. ഇവരുടെയൊക്കെ ഭാവി ഇനി എന്താകും? സ്വന്തം ഷെയറും, മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയും, കൂട്ടുകച്ചവടം ആയിട്ടും, ബാങ്കിൽ നിന്ന് ലോൺ എടുത്തുമൊക്കെയാണ് പലരും കടകൾ തുടങ്ങുക. കൃത്യമായ വരുമാനം കിട്ടിയില്ലെങ്കിൽ കട നടത്തുന്നവർക്ക് ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ സാധിക്കില്ല.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

കട നടത്തുന്നവരേക്കാളും കഷ്ടമാണ് ഇൻഡസ്ട്രിയൽ യൂണിറ്റ് നടത്തുന്നവരുടെ കാര്യം. ജീവിതകാലം മുഴുവൻ നെയ്യുന്ന സ്വപ്നമാണ് ഒരു സമ്പൂർണ ലോക്ക്ഡൗണിലൂടെ ഒലിച്ചു പോകുന്നത്. ഇൻഡസ്ട്രിയൽ യൂണിറ്റിൽ പണി എടുക്കുന്ന ജീവനക്കാരുടെ സ്‌ഥിതിയും സമ്പൂർണ ലോക്ക്ഡൗൺ കാലത്ത് മഹാമോശമാകും. ഈയിടെ ബാന്ഗ്ലൂരിലെ 'പീന്യയ' ഇൻഡസ്ട്രിയൽ ഏരിയയിൽ സംഭവിച്ചതിനെ കുറിച്ച് ഒരു പഠന റിപ്പോർട്ട് വായിച്ചു. MSME ഗണത്തിലുള്ള ചെറുകിട, ഇടത്തരം, നാമമാത്രമായ പതിനായിരം യൂണിറ്റുകൾ ഉള്ള സ്ഥലമാണ് ബാന്ഗ്ലൂരിലെ 'പീന്യയ' ഇൻഡസ്ട്രിയൽ ഏരിയ. അവിടെ ഇപ്പോൾ ഒരു ഷിഫ്റ്റിൽ മാത്രമേ ജോലി ഉള്ളൂ; അതും ആഴ്ചയിൽ മൂന്നു ദിവസം മാത്രം. അശോക് ലെയ്ലാൻഡ്, ടൊയോട്ട, TVS - മുതലായ വമ്പൻ ഓട്ടോമൊബൈൽ കമ്പനികൾക്ക് വേണ്ടി പണിയെടുത്തവരായിരുന്നു ബാന്ഗ്ലൂരിലെ 'പീന്യയ' ഇൻഡസ്ട്രിയൽ ഏരിയയിലുള്ളവർ. ഇനി അവരുടെ കാര്യം എന്താകും? എക്കണോമിക്ക് ട്യംസിൽ വന്ന ഒരു റിപ്പോർട്ട് അനുസരിച്ച് തമിഴ്‌നാട്ടിലെ MSME ഗണത്തിലുള്ള ചെറുകിട, ഇടത്തരം, നാമമാത്രമായ യൂണിറ്റുകളിൽ 60 ശതമാനം റെവന്യൂ നഷ്ടം 2020-ൽ സംഭവിച്ചു. 60 ശതമാനം വരുമാനം കുറഞ്ഞു എന്ന് പറയുമ്പോൾ അത് ലക്ഷകണക്കിന് കുടുംബങ്ങളുടെ വയറ്റത്ത് അടിക്കുന്നില്ലേ?

പി. കേശവദേവിൻറ്റെ 'അയൽക്കാർ' എന്ന നോവലിൽ പറയുന്നതുപോലെ "ഇനി അമ്മാവൻ ജയിലിൽ നിന്ന് വരുന്നത് വരെ കഞ്ഞി മാത്രം കുടിച്ചാൽ മതി" എന്നാണ് കോവിഡ് കാലത്ത് ചിലരുടെ പക്ഷം. പക്ഷെ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിലെ മുഴുവൻ ആളുകളും കഞ്ഞി മാത്രം കുടിച്ചു ജീവിക്കാൻ താൽപര്യപ്പെടുന്നവരാണോ? ഇന്ത്യയിൽ 'ഹൗസ്ഹോൾഡ് കൺസമ്ബ്ബ്ഷൻ' ഏറ്റവും ഉയർന്നു നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. നാഷണൽ സാമ്പിൾ സർവേയുടെ 'ഹൗസ്ഹോൾഡ് കൺസമ്ബ്ബ്ഷൻ' കണക്കുകൾ അത് വ്യക്തമാക്കുന്നുണ്ട്. മീനും മുട്ടയും ഇറച്ചിയും കേരളത്തിലെ ജനങ്ങൾ നല്ലതുപോലെ തന്നെ കഴിക്കുന്നുണ്ട്. അത് കൂടാതെ ബേക്കറി പലഹാരങ്ങളും കഴിക്കുന്നുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ബേക്കറികളിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കുന്നവരല്ലേ പലരും? സ്വർണകടകളും തുണികടകളും കേരളത്തിൽ ഇഷ്ടം പോലെ ഉണ്ടല്ലോ. ഈ കടകളിൽ നിന്നൊക്കെ ആളുകൾ സാധനങ്ങൾ വാങ്ങിക്കുന്നില്ലെങ്കിൽ പിന്നെന്തിനാണ് കടകളൊക്കെ? കടകളിൽ വരുന്നവരൊക്കെ മാസ്ക്ക് ഉപയോഗിച്ചും, സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചും, സാനിട്ടൈസർ ഉപയോഗിച്ചും സാധനങ്ങൾ വാങ്ങുകയാണ് വേണ്ടത്. പത്രങ്ങളും ചാനലുകളും ഒരു മഹാമാരിയുടെ സമയത്ത് ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കണം. അതല്ലാതെ വീണ്ടും ദീർഘനാളത്തേക്ക് ഒരു സമ്പൂർണ ലോക്ക്ഡൗൺ സൃഷ്ടിച്ചു സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ട് ആർക്കും പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല.

നേരത്തേ കോവിഡ് പ്രതിസന്ധി മൂലം നടപ്പാക്കിയ സമ്പൂർണ ലോക്ക്ഡൗൺ 100 മില്യൺ ആളുകൾക്ക്‌ ഇന്ത്യയിൽ തൊഴിൽ നഷ്ടപ്പെടുത്തി. മിനിമം വരുമാനം ആയി അനൂപ് സത്പതി കമ്മിറ്റി നിശ്ചയിച്ചിരുന്ന 375 രൂപയുടെ ദിവസ വേതനം ഇല്ലാതായത് 230 മില്യനോളം ആളുകൾക്ക്‌ വരും എന്നാണ് സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി (CMIE)-യുടെ ഒടുവിലത്തെ കണ്ടെത്തൽ. ലക്ഷകണക്കിന് സ്ത്രീകൾക്കും തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു. 2020 വർഷത്തിൻറ്റെ കാര്യത്തിൽ സെൻറ്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ട് കൂടാതെ അസീം പ്രേംജി യൂണിവേഴ്സിറ്റിയുടെ പഠന റിപ്പോർട്ടും ഇറങ്ങി കഴിഞ്ഞു. അവരും തീർത്തും മോശപ്പെട്ട തൊഴിൽ-സാമ്പത്തിക സാഹചര്യം തന്നെയാണെന്നാണ് വിലയിരുത്തുന്നത്.

ഈ കോവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിൽ പിണറായ് വിജയൻ സർക്കാർ കടം വാങ്ങി പുട്ടടിക്കുന്ന നയമാണ് ഇതുവരെ കേരളത്തിൽ അനുവർത്തിച്ചിട്ടുള്ളത്. കടം എടുക്കുന്നതിൽ തെറ്റില്ല. പക്ഷെ തിരിച്ചടക്കാനുള്ള ശേഷി വേണം. 'പ്രൊഡക്റ്റീവ് ഇൻവെസ്റ്റ്‌മെൻറ്റ്' ഇല്ലാത്ത കേരളത്തിന് എന്ത് സാമ്പത്തിക ശേഷി ആണുള്ളത്? ഇപ്പോൾ കേരളത്തിൽ സംഭവിക്കുന്നത് ഒരു കടം; അതു വീട്ടാൻ വേറൊരു കടം - ഇങ്ങനെ കടത്തിന് മേൽ കടം എന്ന രീതിയാണ്. ഈ കടബാധ്യത ഒക്കെ എന്നു തീരാനാണ്?

'കടമിരിക്കെ ധനമില്ല' എന്ന ലളിതമായ സാമ്പത്തിക തത്വശാസ്ത്രം കടമെടുത്ത ഇതുവരെയുള്ള കാലത്ത് പിണറായ് വിജയൻ സർക്കാർ മറന്നുപോയി. എടുത്തിരിക്കുന്ന കടം എന്നായാലും പലിശ സഹിതം തിരിച്ചടക്കേണ്ടേ? കേരളം എടുത്തിരിക്കുന്ന കടത്തിന് തിരിച്ചടവ് താമസിയാതെ തന്നെ വരും. അപ്പോൾ പിന്നെ എന്തു ചെയ്യും? ഈ സാമ്പത്തിക സ്ഥിതി തുടരാൻ സാധിക്കുമോ? കൃത്യമായ വ്യവസായിക-കാർഷിക വളർച്ച ഇല്ലാതിരുന്ന കേരളം ടൂറിസം പോലുള്ള സേവന മേഖലകളെ വളർത്തിയാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. കോവിഡ് പ്രതിസന്ധിയും, ഇനി വരാനിരിക്കുന്ന സമ്പൂർണ ലോക്ക്ഡൗണും ടൂറിസത്തിൻറ്റേയും മറ്റ് സേവന മേഖലകളുടെയും നട്ടെല്ല് ഒടിക്കും.

റിയൽ എസ്റ്റേറ്റിൽ നിന്നും, ഗൾഫിൽ നിന്നുള്ളതുമായ വരുമാനം ഇനി പഴയ പോലെ ഉണ്ടാകാൻ സാധ്യതയില്ല. ഗൾഫ് നാടുകളിൽ നിന്ന് മലയാളികൾ മടങ്ങുകയാണ്; ക്രൂഡ് ഓയിലിൻറ്റെ വിലയും ഇടിയുന്നു. അപ്പോൾ കേരളത്തിൻറ്റെ പ്രധാന വരുമാനമായ ഗൾഫിൽ നിന്നുള്ള 'റെമിറ്റൻസസ്‌' ഇനി പഴയ പോലെ ഉണ്ടാകില്ലെന്ന് സാരം. ഗൾഫിൽ നിന്നുള്ള വരുമാനം ഇല്ലാതായാൽ കേരളം സാമ്പത്തിക പ്രതിസന്ധിയിൽ ആകും എന്നുള്ളത് സാമാന്യയുക്തി മാത്രമാണ്. അതുകൊണ്ട് വരാൻ പോകുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പിണറായ് വിജയൻറ്റെ നെത്ര്വത്ത്വത്തിലുള്ള എൽ.ഡി.എഫ്. സർക്കാരിൻറ്റെ തലയിലായത് കോൺഗ്രസുകാർക്ക് സത്യത്തിൽ ആശ്വസിക്കാനുള്ള വകയാണ്. ചുരുക്കം പറഞ്ഞാൽ തിരഞ്ഞെടുപ്പിൽ തോറ്റതിൽ യു.ഡി.എഫ്.-കാർ അധികം ദുഃഖിക്കേണ്ട കാര്യമില്ല. വലിയൊരു മാരണം അവരുടെ തലയിൽ നിന്ന് ഒഴിഞ്ഞുപോയി എന്നു കരുതി അവർ സന്തോഷിക്കുകയാണ് വേണ്ടത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 12:49:10 am | 29-05-2024 CEST