ആദരണീയ പ്രതിപക്ഷ നേതാവിനും, കെ. പി. സി. സി. അധ്യക്ഷനും ഒരു തുറന്ന കത്ത്...
കേരളത്തിലെ സർക്കാർ നിയന്ത്രിത മദ്യവിൽപന പുതിയ രൂപത്തിലേക്ക് മാറുകയാണല്ലോ! ഇതിൽ തീവ്രമായ എതിർപ്പും ആക്ഷേപങ്ങളുമായി പ്രതിപക്ഷവും കോൺഗ്രസ് കക്ഷിയും രംഗത്ത് വന്നിരിക്കുകയാണ് എന്ന് മനസ്സിലാക്കുന്നു. നിലവിലിരിക്കുന്ന സർക്കാരും അവർക്ക് നിർദ്ദേശങ്ങൾ നൽകുന്ന ഉദ്യോഗസ്ഥരും ( ഉദ്യോഗസ്ഥർ രണ്ട് മുന്നണി കാലഘട്ടങ്ങളിലും ഒരേ ആളുകൾ) ഭാവനയും, ദീർഘവീക്ഷണവും, പൂർണ്ണ നിയന്ത്രണവുമില്ലാതെ നടപ്പിലാക്കുന്ന ആപ്പ് പരിഷ്കരണത്തെ സംശയദൃഷ്ടിയോടെ സമീപിക്കുകയും ചെയ്യുന്നു.
ഉപഭോക്തൃ സംരക്ഷണം
1. മദ്യം ഉയർന്ന നികുതികൾ ചേർന്ന പണം നൽകി വാങ്ങുന്ന ഉപഭോക്താവിന് ബഹുമാന്യ സാഹചര്യത്തിൽ, അത് വാങ്ങുവാൻ അവസരം കൊടുക്കുന്നതിനു മുൻകൈയെടുക്കേണ്ടത് ഉപഭോക്തൃ അവകാശ സംരക്ഷണത്തിനായി കൊടി പിടിക്കേണ്ട കോൺഗ്രസ് കക്ഷിയും പ്രതിപക്ഷവും അല്ലേ?
2.വൃത്തിയും, ശുചിത്വവും, ആദരവുമുള്ള സാഹചര്യത്തിൽ മദ്യം വാങ്ങുവാനും, നല്ല ഭക്ഷണ പാർസലുകൾ നൽകുന്ന സൗകര്യങ്ങൾ ഉണ്ടെങ്കിൽ അവ വാങ്ങുവാനും, ശുചിത്വപൂർണ്ണവും ആരോഗ്യപ്രദവുമായ സാഹചര്യത്തിൽ ഒന്ന് മൂത്രമൊഴിക്കുവാനും, ഉപഭോക്താവിന് അവസരം ലഭിച്ചാൽ കോൺഗ്രസ് കക്ഷിയും പ്രതിപക്ഷവും അതിന് എന്തിന് തടസ്സം നിൽക്കണം.
3. ബാറിൽ ഇരുന്നു മദ്യപിക്കുമ്പോൾ അധികവില നൽകേണ്ടിവരുന്ന ഉപഭോക്താവിന് സർക്കാർ നിശ്ചയിക്കുന്ന വിലയിൽ മദ്യം ലഭ്യമാകുമ്പോൾ അക്കാര്യത്തെ പിന്തുണയ്ക്കുകയല്ലേ ഒരു ഉത്തമ പ്രതിപക്ഷവും, പ്രതിബദ്ധത ഉള്ള ഒരു കക്ഷിയും ചെയ്യേണ്ടത്.
കേരളത്തിലെ തീർത്തും അപരിഷ്കൃതമായ, ഉപഭോക്താവിന്റെ അർഹതപ്പെട്ട ആദരവിന് വിലകൽപിക്കാത്ത മദ്യവ്യാപാര സംസ്കാരത്തിന് ചുക്കാൻ പിടിക്കുന്ന ബെവ്കോയുടെ കമ്പിവേലി കൗണ്ടറുകളിൽ ഉപഭോക്താവിനെ തളയ്ക്കുവാനും ആക്ഷേപിക്കുവാനും കോൺഗ്രസിന്റെ ഇപ്പോഴത്തെ തുരുമ്പ് പിടിച്ച മനസ്സിനെ കഴിയൂ.
സാങ്കേതിക വിദ്യയും പണമടയ്ക്കലും സുതാര്യതയും
ആധാർ നടപ്പിലാക്കിയ കോൺഗ്രസ്, പാചകവാതകത്തിന് പോലും ഓൺലൈൻ പണമടയ്ക്കൽ ഏർപ്പാട് ചെയ്ത കോൺഗ്രസ്, സുതാര്യത ഇന്റർനെറ്റ് പോർട്ടലുകൾ നടപ്പിലാക്കിയ കോൺഗ്രസ്, പരിഷ്കൃത മദ്യ വ്യാപാരത്തിന് സർക്കാർ നിയന്ത്രിത ഓൺലൈൻ മദ്യവ്യാപാര സംവിധാനം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുവാൻ നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും നയം രൂപികരിക്കുകയുമല്ലേ ചെയ്യേണ്ടത് ? (പാസ്പോർട്ട് സേവ കേന്ദ്രം ഓർമ്മയുണ്ടാകുമല്ലോ)
ചില കാര്യങ്ങൾ കുറിക്കുന്നു.
1. മദ്യം വാങ്ങുവാൻ ആധാർ ബന്ധപ്പെടുത്തുകയും, ഫോണിൽ OTP വേരിഫിക്കേഷനും ഏർപ്പെടുത്തുകയും ചെയ്യുക. ഇത്തരം സാഹചര്യം ഇല്ലാത്തവർക്ക് അക്ഷയ/സേവന കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്തുവാൻ അവസരമൊരുക്കുക.
2. പണം ഓൺലൈൻ ആയി അടയ്ക്കുവാൻ അവസരമൊരുക്കുക.
3. നിലവിൽ നിർദ്ദേശിക്കപ്പെട്ട സംവിധാനത്തിന് പകരം ആധാർ ബന്ധപ്പെടുത്തി, ഫിംഗർപ്രിന്റ് സ്കാനിങ്, അല്ലെങ്കിൽ ഐറിസ് സ്കാനിങ് വഴി ഉപഭോക്താവിനെ വേരിഫൈ ചെയ്യുക (ഗ്യാസ് വിതരണത്തിന് ഇത്തരം പരീക്ഷണം കോൺഗ്രസ് തുടങ്ങിയിരുന്നു)
4. മേൽപ്പറഞ്ഞ വിധത്തിൽ മദ്യം നൽകുന്ന ലൈസൻസിയെയോ, പകരം ചുമതലപ്പെടുത്തിയിരിക്കുന്ന തൊഴിലാളിയെയോ മദ്യം നൽകുമ്പോൾ വേരിഫൈ ചെയ്യുക. (തൊഴിലാളി യെ നിയമപരമാക്കാനും സാധിക്കും!)
5. മദ്യ വ്യാപാര വിവരങ്ങൾ, പാചകവാതക സുതാര്യത പോർട്ടലിലെ പോലെ (കോൺഗ്രസ് ദേശീയ ഭരണകാലത്തെ) പൂർണ്ണമായും സുതാര്യമാക്കുക
6. ഉപഭോക്താവിന് ഫീഡ്ബാക്ക് നൽകുവാനും, മറ്റ് ഉപഭോക്താക്കൾക്ക് അത് വായിക്കുവാനും, വ്യാപാരികളുടെ സേവനങ്ങളെ റേറ്റ് ചെയ്യാനും സൗകര്യമൊരുക്കുക.
നയശാലിയാൽ ജയശാലിയാകാം എന്ന മൊഴി ഓർത്താൽ നന്ന്.
കോൺഗ്രസ് നയങ്ങളും ന്യായങ്ങളും
ഒരരിശത്തിന് കിണറ്റിൽ ചാടി, ഏഴരിശത്തിന് കേറാൻ മേലാ എന്ന ദയനീയ അവസ്ഥയിൽ ആകരുതേ കോൺഗ്രസ്സേ
എന്നൊരു അഭ്യർത്ഥനയുണ്ട്. വ്യത്യസ്തമായതും വൈവിധ്യമാർന്നതുമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന കോൺഗ്രസ് കക്ഷിക്ക് ഒരു നയതീരുമാനം പോലും ജനാധിപത്യ രീതിയിൽ വോട്ടിനിട്ട് പാസ്സാക്കുവാൻ സാധിക്കുന്നില്ല എന്നത് നിരാശാജനകമാണ്. ഐക്യ കേരള നിയമസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ് പി.ടി ചാക്കോ കെ. പി. സി. സി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കെ. സി. എബ്രഹാമിനോട് തോറ്റപ്പോഴും ഒരു കക്ഷിയുടെ ജനാധിപത്യ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോയത് സ്മരിക്കേണ്ടതുണ്ട്. അതിനാൽ തന്നെ വി. എം. സുധീരനെ പോലെയുള്ള നേതാക്കളുടെ അഭിപ്രായങ്ങളും ചർച്ചാവിധേയമാക്കേണ്ടതുണ്ട്.
കെ. പി. സി. സി. യും എ. ഐ. സി. സി. യും മദ്യ നയം പ്രഖ്യാപിക്കേണ്ടുണ്ട്. കർണ്ണാടകത്തിൽ വൃത്തിയുള്ള സ്വകാര്യ മദ്യവിൽപനയും , കേരളത്തിൽ കമ്പിവേലിയും, തുരുമ്പും, ആട്ടും തുപ്പും എന്ന വൃത്തികെട്ട നയവ്യത്യാസം കോൺഗ്രസ് പൂർണ്ണമായും അടിയന്തര തിരുത്തലിന് വിധേയമാക്കേണ്ടതുണ്ട്.
ആലോചനയില്ലാത്ത അണികളുടെ ഉച്ചത്തിലുള്ള ആരവം കേട്ട് പുളകമണിയുമ്പോൾ ഓർക്കുക, വെള്ളത്തിലുള്ള കപ്പലല്ല, കപ്പലിലുള്ള വെള്ളമാണ് അതിനെ മുക്കുന്നത്.
# സി ജെ
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.