സർക്കാരും സർക്കാർ ഉദ്യോഗസ്ഥരും

Avatar
ജെ എസ് അടൂർ | 29-04-2020 | 4 minutes Read

സർക്കാരും സർക്കാർ ഉദ്യോഗസ്ഥരും

സർക്കാർ ജോലി എന്ന് പറയുന്നത് ഈ കാലത്ത് ഒരു വലിയ പരിധി വരെ പ്രിവിലേജാണ്. കാരണം ശമ്പളം അവധി ആനുകൂല്യങ്ങൾ, പെൻഷൻ എന്നിവ കിട്ടും. കേരളത്തിൽ ഏറ്റവും സംഘടിത വിഭാഗമാണ്. മാറി മാറി ഭരിക്കുന്ന എല്ലാ ഭരണ പാർട്ടികളുടെയും പോഷക സംഘടനകളായി കാക്ക തൊള്ളായിരം സർവീസ് സംഘടനകളുണ്ട്.

ഭരണത്തിൽ ഉള്ള പാർട്ടികളുടെ എക്സ്ടെൻഷനായാണ് സർവീസ് സംഘടനകൾ പ്രവർത്തിക്കുന്നത്. അവരാണ് പല പാർട്ടികളുടെയും പ്രാധാന വരുമാന ശ്രോതസ്സ്. അത് കൊണ്ടു സർക്കാർ ഉദ്യോഗസ്ഥരിൽ ഭൂരിപക്ഷവും കക്ഷി രാഷ്ട്രീയ അനുഭാവികളോ പ്രവർത്തകരോ ആണ്. അത് അനുസരിച്ചു അവർ പാർട്ടിയനുസരിച്ചു ഒളിഞ്ഞും തെളിഞ്ഞും ഒന്നുകിൽ സർക്കാരിന് സ്തുതി പാടും അല്ലെങ്കിൽ വിമർശിക്കും

നികുതികൊടുക്കുന്ന സാധാരണ പൊതു ജനങ്ങളെ സംബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥർ അധികാര വരേണ്യരാണ്. പിടി പാടുള്ളവർ. ബജറ്റിന്റ സിംഹ ഭാഗവും ശമ്പളത്തിനും പെന്ഷന്മായി കിട്ടുവാൻ അവസരം ഉള്ളവർ. ചിലർ പറയും ബജറ്റ് ഉദ്യോഗസ്ഥൻമാരാൽ ഉദ്യോഗസ്ഥർക്കു വേണ്ടി ഉദ്യോഗസ്ഥർ ശരിയാക്കുന്ന ഏർപ്പാട് ആണെന്നാണ്.


കാര്യം എന്തൊക്ക പറഞ്ഞാലും സർക്കാർ എന്ന സംവിധാനം നടന്നു പോകുന്നത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ഉള്ളത് കൊണ്ടാണ്. ഇവിടെ വളരെ ആത്മാർത്ഥമായി ഉത്തരവാദിത്തത്തോടെ അവരുടെ ജോലി ചെയ്യുന്ന മുപ്പതു ശതമാനത്തോളം ഉദ്യോഗസ്ഥർ ഉണ്ടായത് കൊണ്ടാണ് കേരളത്തിലെ ഭരണ സംവിധാനം മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഭേദം ആയിരിക്കുന്നത്. മിക്കവാറും സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത് അവരേ ഏൽപ്പിച്ച ജോലികൾ ഉത്തരവാദിത്ത ബോധത്തോടെ ചെയ്യുന്നത് കൊണ്ടാണ്.

വേറെ നാല്പത് ശതമാനം കുറെ കാര്യങ്ങളൊക്കെ ഒരു വിധം തട്ടി മുട്ടി ചെയ്യും. പലരും അല്പം താമസിച്ചു വരും. പിന്നെ കുറെ സമയം ലഞ്ച് ബ്രേക്ക്‌. എല്ലാം കഴിഞ്ഞു അഞ്ചു മുതൽ ആറു മണിക്കൂർ ജോലി ചെയ്യുന്നവർ.

പിന്നെത്തെമുപ്പതു ശതമാനത്തിന് സർക്കാർ ജോലി ഒരു സൈഡ് ബിസിനസാണ്. സർവീസ് സംഘടന പ്രവർത്തനം, സാംസ്‌കാരിക പ്രവർത്തനം , ചിട്ടി, പാട്ടം, റിയൽ എസ്റ്റേറ്റ്, ദലാലി, പള്ളി, അമ്പലം. പലരും ഓഫിസിൽ പോയി തല കാണിച്ചു വകുപ്പ് മേധാവിയെ സുഖിപ്പിച്ചു അവരുടെ കാര്യങ്ങൾ മാത്രം കാണും.
ഒരുപാടു പേർ അഞ്ചു പൈസ കൈക്കൂലി വാങ്ങില്ല. അത് പോലെ കൈക്കൂലി വാങ്ങാതെ ഫയൽ അനക്കാത്ത മഹാന്മാരുണ്ട്.

ചിലർ ജനങ്ങളെ കഴിവതും സഹായിക്കും ചിലർ ഇവനിട്ട് എങ്ങനെ പണി കൊടുക്കും എന്നതിൽ ഡോക്റ്ററേറ്റ് നേടിയവർ. ചിലർ ഒരു ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന മട്ടിലാണ്.

സർക്കാരിൽ തന്നെ അധ്യാപകരും ആരോഗ്യ ഉദ്യോഗസ്ഥന്മാരും നേരിട്ട് ജനങ്ങൾക്ക് സേവനം നൽകുന്ന ഉദ്യോഗസ്ഥരാണ്. അവരില്ലെങ്കിൽ സ്‌കൂളും ആശുപത്രികളും പ്രവർത്തിക്കില്ല.

പിന്നെ നേരിട്ട് ' സേവനം ' തരുന്നവരാണ് പോലീസ്. സേവനബോധമുള്ള പോലീസുകാർ കുറെയുണ്ട്. ജന മൈത്രി ഒക്കെയുള്ളവർ. പക്ഷേ ' താ, പു, മ ' എന്ന അക്ഷരങ്ങളിൽ ജനങ്ങളെ പച്ച തെറി പറയുന്നവർ ധാരളം. മിക്കവാറും പേർ അധികാര പ്രയോഗത്തിന്റെയും അടി പിടി ഇടി എന്നിവയിലും ബ്ലാക്ക് ബെൽറ്റ്കാരാണ് എന്നാണ് ഭാവം. ഇൻസ്‌പെക്ടർ ബിജുവാണ് പലരുടെയും റോൾ മോഡൽ.

ഉള്ളത് പറയണമല്ലോ. വല്ല വെള്ളപ്പൊക്കമോ കെടുതിയോ ഒക്കെ വന്നാൽ മിക്കവാറും എല്ലാവരും ഉഷാറാകും. ആ ചില ആഴ്ച്ചകൾ അവരുടെ പണി ചെയ്യുന്ന ഉത്തരവാദിത്ത ബോധം ഉള്ളവരാകും. അത് കൊണ്ടാണ് പ്രളയ കൊറോണ സീസണിൽ കേരളത്തിലേ സർക്കാർ സംവിധാനം കാര്യക്ഷമമാകുന്നത്. അത് കഴിഞ്ഞാൽ ഡിഫോൾട്ട് പൊസിഷനലേക്കു തിരികെ വരും.

പല സർക്കാർ ഉദ്യോഗസ്ഥർക്കും കലിപ്പുള്ള ഒരു വർഗ്ഗമാണ് പ്രവാസികൾ. . സത്യത്തിൽ കേരളത്തിൽ സർക്കാർ ജോലിയോ മറ്റൊരു ജോലിയോ കിട്ടാൻ നിവർത്തി ഇല്ലാത്തവരാണ് പ്രവാസികളിൽ ഭൂരിപക്ഷവും.

പക്ഷേ പത്തു പുത്തനും സർക്കാർ ഉദ്യോഗസ്ഥരേകാട്ടിൽ പത്രാസും രാഷ്ട്രീയ സ്വാധീനവും വീടും കാറും മൊക്കെയുള്ള പ്രവാസി അങ്ങനെ അത്ര 'ഷൈൻ " ചെയ്യണ്ട എന്ന സാദാ മധ്യ വർഗ്ഗ ബോധവും അല്പം അസൂയയും മൊക്കെ പലർക്കുമുണ്ട്. അവധിക്കു വന്നു എന്തെങ്കിലും കാര്യങ്ങൾ സാധിക്കാൻ ചെന്നാൽ അഞ്ചു പ്രാവശ്യം നടത്തുന്നവർ ഇഷ്ടം പോലുണ്ട്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇവനിട്ട് പണി കൊടുക്കണം എന്ന് വിചാരിച്ചു പല കാര്യങ്ങളും അപ്പ്രൂവ് ചെയ്യില്ല. ഒരു സാധാരണ പ്രവാസി ഇവിടെ വന്നു സംരഭം തുടങ്ങിയാൽ അവനിട്ടു എങ്ങനെയൊക്കെ പണി കൊടുക്കാം എന്നതിൽ വളരെ വൈദഗ്ദ്യം ഉള്ള ഉദ്യോഗസ്ഥർ ഉണ്ട്. വൻ രാഷ്ട്രീയ സ്വാധീനം (രാഷ്ട്രീയ പാർട്ടികൾക്ക് ആറു മുതൽ എട്ട് അക്ക സംഖ്യ കൊടുക്കുന്നവർ മന്ത്രിമാരുടെ ബിനാമി ബിസിനസ്കാർ ) ഇല്ലാത്ത പ്രവാസികൾ കേരളത്തിൽ സംരഭം ചെയ്ത് കാശുണ്ടാക്കാൻ എളുപ്പമല്ല. ജില്ല തല നേതാക്കൾ തൊട്ട് വില്ലേജ് ഓഫിസിൽ വരെ പണികിട്ടും.

അനുഭവം പലപ്പോഴും ഗുരുവാണികാര്യത്തിൽ. സ്വന്തം അനുഭവം പിന്നെ ഒരിക്കൽ പറയാം.

ചുരുക്കത്തിൽ സർക്കാർ ഉദ്യോഗസ്ഥർ നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ് . നമ്മുടെ സമൂഹത്തിലെ ഗുണ ദോഷങ്ങളും നന്മ തിന്മകളും മുൻവിധികളും മിടുക്കും അതി മിടുക്കും എല്ലാം അവരിലും കാണും.

കേരളത്തിലും വെളിയിയിലും ജോലി സുരക്ഷിതത്വം ഉള്ള കൂട്ടർ സർക്കാർ ഉദ്യോഗസ്ഥരാണ് . സർക്കാർ സർവീസിൽ ഉണ്ടായൊരുന്ന അമ്മക്ക് ഇപ്പോഴും പെൻഷൻ കിട്ടും മരിച്ചുപോയ അച്ഛന്റെ പകുതി പെൻഷനും കിട്ടും. പക്ഷെ അവരെക്കാട്ടിൽ അധികം പഠിച്ച എനിക്കോ പെങ്ങൾക്കോ പെൻഷൻ കിട്ടില്ല.

കേരളത്തിലെയും കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധിയിലാണ്. ആ പ്രതി സന്ധി എങ്ങനെയൊക്കെ നേരിടും എന്ന തന്ത്രപ്പാടിലാണ് പല സംസ്ഥാന സർക്കാരുകളും

കേരള സർക്കാർ കൃത്യമായി ഒരു സാമ്പത്തിക അവസ്‌ഥ റിപ്പോർട്ട് തയ്യാറാക്കി ബജറ്റ് മാനേജ്‌മെന്റ് എങ്ങനെ കാര്യക്ഷമമായി നടത്താം എന്ന് അടിയന്തരമായി ആലോചിക്കേണ്ടതാണ്.

അതിന്റ അടിസ്ഥാനത്തിൽ എല്ലാ സർവീസ് സംഘടനകളെയും വിശ്വാസത്തിൽ എടുത്തു ഒരുമാസത്തെ ശമ്പളമോ അല്ലെങ്കിൽ ആനുകൂല്യങ്ങളോ അടുത്ത കൊല്ലം സർക്കാർ കൊടുക്കാം എന്നെ രേഖാമൂലം ഉള്ള ഒരു പരസ്പര ഉടമ്പടി ചെയ്താൽ ഉത്തരവാദിത്തം ഉള്ള എല്ലാം സർക്കാർ ഉദ്യോഗസ്ഥരും അതിൽ സഹകരിക്കും. സഹകരിക്കണം എന്നാണ് എന്റെ പക്ഷം. പക്ഷേ അത് അവരെ വിശ്വാസത്തിൽ എടുത്തായിരിക്കണം.

അതെ സമയം സർക്കാർ ചിലവ് വെട്ടി ചുരുക്കണം. ആവശ്യം ഇല്ലാത്ത സർക്കാർ കോർപ്പറേഷൻ/കമ്മീഷൻ മുതലായ നിഷ്ഫല സംരഭങ്ങൾ പലതുണ്ട്. ഭരണ പാർട്ടി നേതാക്കൾക്കും ശിങ്കിടികൾക്ക് കാറും ശമ്പളവും സർക്കാർ സന്നാഹങ്ങളും നൽകാൻ വേണ്ടി മാത്രമാണ് ഈ സന്നാഹങ്ങൾ. ഭരണ പരിഷ്‌ക്കരണ കമ്മീഷന്റെ എത്ര റിപ്പോർട്ടുകൾ സർക്കാർ നടപ്പാക്കി.?

അത് പോലെ ഒരുപാടു ചോദ്യങ്ങൾ ഉണ്ട്. കേരളത്തിൽ ആദ്യമായി വേണ്ടത് ഒരു ബജറ്റ് സ്ട്രാറ്റജിയും റീ ഫൈനാൻസിംഗ് സ്ട്രാറ്റജിയുമാണ്‌.

അതിന് ഇപ്പോഴും കൃത്യത ഇല്ലന്നതാണ് സത്യം. ഉണ്ടിരുക്കുന്ന ചിലർക്ക് ഉൾവിളിയുണ്ടാകുന്നത് പോലെ ഓരോ കാര്യങ്ങൾ പറഞ്ഞാൽ അത് റീ ആക്റ്റിവ് knee jerk സമീപനമാണ് . അത് കൊണ്ടു പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല

ധവള പത്രം ഇറക്കി പരിചയമുള്ള ബഹുമാനപെട്ട ധന മന്ത്രി ഒരു ധവള പത്രം ഇറക്കി ജനങ്ങളെയും സർക്കാർ ഉദ്യോഗസ്ഥരെയും പ്രതി പക്ഷത്തെയും വിശ്വാസത്തിൽ എടുത്താൽ കാര്യങ്ങൾക്ക് വ്യക്തത വരും. അതിനു ആദ്യം വേണ്ടത് ഉന്നതങ്ങളിൽ ഉള്ളവർ ചിലവ് ചുരുക്കി മാതൃക കാട്ടുക എന്നതാണ്.

Photo Credit : coe.int

Read original FB post


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 01:03:38 am | 29-05-2024 CEST