മാനസ കൊല്ലപ്പെട്ട പശ്ചാത്തലം മാത്രമല്ലാ, ബീഹാറിലെ 'തോക്ക് സംസ്കാരം' കൂടി ആ കൊലപാതകത്തിൽ കാണേണ്ടതുണ്ട് ..

Avatar
വെള്ളാശേരി ജോസഫ് | 10-08-2021 | 4 minutes Read

മാനസ കൊല്ലപ്പെട്ട പശ്ചാത്തലം മാത്രമല്ലാ, ബീഹാറിലെ 'തോക്ക് സംസ്കാരം' കൂടി ആ കൊലപാതകത്തിൽ കാണേണ്ടതുണ്ട്; ഇനിയിപ്പോൾ രാഖിലിനെ പോലുള്ളവർ വ്യക്തിവിദ്വേഷം കാരണം ബീഹാറിലേക്ക് തോക്ക് വാങ്ങിക്കാൻ പോകുമോ എന്നാണ് കേരളാ പോലീസ് ഉറ്റു നോക്കേണ്ടത്.

മാനസ കൊല്ലപ്പെട്ട പശ്ചാത്തലമാണല്ലോ ഇപ്പോൾ ചൂടുള്ള ചർച്ചാ വിഷയം. ഒന്നാമതായി സോഷ്യൽ മീഡിയ വഴി അജ്ഞാതരായ ആളുകളെ പരിചയപ്പെടാനും സൗഹൃദം സ്ഥാപിക്കാനും പെൺകുട്ടികൾ പോകരുത്. സമീപകാലത്ത് അങ്ങനെ ചെയ്ത പല പെൺകുട്ടികൾക്കും കിട്ടിയിരിക്കുന്നത് മുട്ടൻ പണിയാണ്. പക്വതയില്ലാത്ത പല പെൺകുട്ടികളും വെറും ചാറ്റിലോ, സൗഹൃദ സംഭാഷണത്തിനോ അപ്പുറം പണം കൈമാറാനും, ഫോട്ടോ അയച്ചു കൊടുക്കാനോ ഒക്കെ നോക്കും. ഇവിടെയാണ് പ്രശ്നം വരുന്നത്.

ചോരത്തിളപ്പുള്ള കാലത്ത് അനാരോഗ്യകരമായ ബന്ധങ്ങളിൽ ചില പെൺകുട്ടികളൊക്കെ എത്തപ്പെടുന്നു. സോഷ്യൽ മീഡിയയിൽ അവരെ കുരുക്കാനായി ചില പയ്യന്മാരും കാത്തിരിപ്പുണ്ടെന്നുള്ള കാര്യം ഈ പെൺകുട്ടികളൊക്കെ മറന്നുപോകുന്നു; കൂടുതലും നല്ല കുടുംബ ബന്ധങ്ങളുടെ അഭാവമാണ് പെൺകുട്ടികളെ ഇത്തരം കുരുക്കുകളിൽ വീഴിക്കുന്നത്. ആവശ്യമില്ലാത്തതിനൊക്കെ തലവെച്ചു കൊടുക്കുമ്പോൾ അറിഞ്ഞുകൊണ്ടല്ലെങ്കിൽ കൂടി അതിൻറ്റെയൊക്കെ അനന്തരഫലം അനുഭവിക്കേണ്ടിവരും എന്ന് ഈ പെൺകുട്ടികൾ മറന്നുപോകുന്നു. അനന്തരഫലങ്ങൾ പലപ്പോഴും മാനസയുടെ കാര്യത്തിൽ സംഭവിച്ചതുപോലെ അക്രമവോ കൊലപാതകമോ ഒക്കെ ആകണമെന്നില്ല; ഇത്തരം ബന്ധങ്ങൾ മൂലം വികാര വിക്ഷോഭങ്ങൾക്ക് അടിമപ്പെട്ട് വൈകാരികമായ പ്രത്യാഖാതങ്ങൾ വന്നെന്നിരിക്കും.

ഇപ്പോഴത്തെ പല കുട്ടികളേയും മാതാപിതാക്കൾ വളർത്തുന്നത് 'ബ്രോയിലർ കോഴികളെ' പോലെയാണ്. പലർക്കും അതുകൊണ്ടുതന്നെ വികാര വിക്ഷോഭങ്ങളെ നേരിടാൻ അറിയില്ല. പണ്ടൊക്കെ മാവിലെറിഞ്ഞും, മരത്തേൽ കേറിയും, കുളത്തിൽ ചാടിയും ഒക്കെ വളർന്നപ്പോൾ പ്രകൃതിയുടെ ഒരംശം കുട്ടികളിലും കിട്ടിയിരുന്നു. വെറുതെ 'പാഷന്' അടിമപ്പെടുന്നവരല്ലായിരുന്നു അന്നത്തെ കുട്ടികൾ. ജീവിതപ്രശ്നങ്ങൾ കണ്ടമാനം ഉള്ളപ്പോൾ അല്ലെങ്കിൽ തന്നെ 'പാഷൻ ക്രൈമിനൊക്കെ' പിന്നാലെ പോകാൻ 1980-കളിലും, 90 -കളിലും ആർക്കായിരുന്നു നേരം?

കൂടുതലും കൂട്ടുകാരോടും വീട്ടുകാരോടും അധികം മിണ്ടാതെ നടക്കുന്ന പയ്യന്മാരാണ് അധികവും 'പാഷൻ ക്രൈമുകളിലേക്ക്' തിരിയുന്നത്. പണ്ട് 'റീഡേഴ്സ് ഡൈജസ്റ്റ്' മാഗസിനിൽ ഒരു 'സീരിയൽ റേപ്പിസ്റ്റിനെ' തിരഞ്ഞു പിടിച്ച ഒരു ലേഡി ഓഫീസർ അതിനെ കുറിച്ച് ദീർഘമായി എഴുതിയിരുന്നു. അമേരിക്കൻ FBI -യിൽ ജോലി ചെയ്ത സ്ത്രീ ആയിരുന്നു അവർ. 'ബിഹേവിയറൽ പഠനങ്ങളിൽ' നിന്ന് 'സീരിയൽ റേപ്പിസ്റ്റിനെ' അറസ്റ്റ് ചെയ്യുന്നതിന് മുമ്പേ അയാളുടെ ഒരു 'പ്രൊഫൈൽ' FBI ലേഡി ഓഫീസർ തയാറാക്കിയിരുന്നു. പിന്നീട് 'സീരിയൽ റേപ്പിസ്റ്റിനെ' അറസ്റ്റ് ചെയ്തപ്പോൾ ഏതാണ്ട് അതുപോലെ തന്നെയായിരുന്നു അയാളുടെ 'പ്രൊഫൈൽ'. അധികമാരോടും മിണ്ടാത്ത, ചെറുപ്പത്തിലേ അല്ലെങ്കിൽ ടീനേജ് പ്രായത്തിൽ സ്ത്രീകളിൽ നിന്ന് അനാരോഗ്യകരമായ പെരുമാറ്റം ഏറ്റുവാങ്ങേണ്ടി വന്നയാൾ ആകാമെന്നായിരുന്നു FBI ലേഡി ഓഫീസറുടെ കണക്കുകൂട്ടൽ. അതുപോലെ തന്നെ ആയിരുന്നു പിന്നീട് അയാളെ പിടികൂടിയപ്പോൾ വിലയിരുത്താൻ സാധിച്ചതും. ഇവിടെ ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധങ്ങൾ സൃഷ്ടിക്കുന്നതിൽ സ്ത്രീകൾക്കും പങ്കുണ്ടെന്നാണ് FBI ലേഡി ഓഫീസർ 'റീഡേഴ്സ് ഡൈജസ്റ്റ്' മാഗസിനിൽ എഴുതിയത്.

ചിലരൊക്കെ മാനസയുടെ കൊലപാതകത്തിന് രാഖിലിൻറ്റെ വീട്ടുകാരെ കുറ്റപ്പെടുത്തുന്നു. പാവം വീട്ടുകാർ എന്തുപിഴച്ചു? രാഖിലിനെ പോലുള്ളവരുടെ മനസ് വീട്ടുകാരുടെ മുമ്പിൽ അനാവൃതം ആയിരുന്നോ? രാഖിലിന് ശരിയായുള്ള കൗൺസിലിംഗ് കൊടുത്തിരുന്നെങ്കിലും അത് അക്രമത്തിൽ നിന്ന് പിന്തിരിയാൻ രാഖിലിനെ പോലുള്ളവരെ പ്രാപ്തരാക്കുമായിരുന്നോ? ഉത്തരമില്ലാത്ത ചോദ്യങ്ങൾ ആണിവയൊക്കെ. രാഖിലിനെ പോലുള്ളവർ ആർജിക്കുന്ന 'നെഗറ്റീവ് ഇൻഫ്ളുവൻസ്' മുഴുവൻ വീട്ടുകാരിൽ നിന്ന് പകർന്നതാണോ? 'ജെനറ്റിക്ക് ഇൻഫ്ളുവൻസ്' ഇത്തരം കാര്യങ്ങളിൽ അധികം വരാനുള്ള ചാൻസില്ലാ. പാഷൻ ക്രൈമിലേക്ക് നീളുന്ന 'ക്രിമിനൽ ടെൻഡൻസി' രാഖിലിന് ചിലപ്പോൾ കൂട്ടുകാരിൽ നിന്നോ, നാട്ടുകാരിൽ നീന്നോ കിട്ടിയതാകണം. അതല്ലെങ്കിൽ ഇന്നത്തെ സിനിമാ-സീരിയലുകളിൽ നിന്ന് കിട്ടിയതാകണം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ബീഹാറിലെ 'തോക്ക് സംസ്കാരം'

രാഖിലിനെ പോലുള്ളവർക്ക് ഇന്ന് 'പാഷൻ ക്രൈം' ചെയ്യാൻ ഉതകുന്ന സാഹചര്യം കൂടി നമ്മൾ മനസിലാക്കണം. രാഖിലിന് ബീഹാറിൽ നിന്ന് വളരെയധികം പ്രഹരശേഷിയുള്ള തോക്ക് കിട്ടിയതാണ് ആ സാഹചര്യം. ബീഹാർ, ഉത്തർ പ്രദേശ്, നേപ്പാൾ ബോർഡർ - ഇവിടെയൊക്കെ AK -47 അടക്കമുള്ള തോക്കുകൾ കിട്ടുമെന്നാണ് പറയപ്പെടുന്നത്. ഓൺലൈനിലും ഇന്ന് തോക്കുകൾ വാങ്ങിക്കാൻ കിട്ടും എന്നും ഈ മേഖലയിൽ അറിവുള്ള ആളുകൾ പറയുന്നുണ്ട്. പട്ടാളക്കാരും പോലീസുകാരും വരെ തങ്ങളുടെ തോക്കുകൾ കരിഞ്ചന്തയിൽ വിറ്റു ലാഭമുണ്ടാക്കുന്നു എന്ന് ബീഹാറിൽ നിന്നുള്ള വാർത്തകളിൽ കാണാറുണ്ട്. നക്സലൈറ്റുകളോ കൊള്ളക്കാരോ തങ്ങളുടെ ആയുധങ്ങൾ പിടിച്ചെടുത്തു എന്ന് ഔദ്യോഗികമായി പിന്നീട് റിപ്പോർട്ട് ചെയ്‌താൽ മതിയല്ലോ ഇവർക്കൊക്കെ അവിടെ. മാനസയുടെ മരണം വലിയ വാർത്തയായി കഴിഞ്ഞു. ഇനിയിപ്പോൾ വ്യക്തിവിദ്വേഷം തീർക്കാൻ പലരും ബീഹാറിലേക്ക് തോക്ക് വാങ്ങിക്കാൻ പോകുമോ എന്നാണ് ഇനി കേരളാ പോലീസ് ഉറ്റു നോക്കേണ്ടത്.

തോക്കേന്തിയ അനേകം നേതാക്കൾ സുലഭമായി ഉണ്ടായിരുന്ന സംസ്ഥാനമാണ് ഒരുകാലത്തെ ബീഹാർ. മുഹമ്മദ് ഷഹാബുദ്ദീൻ ആയിരുന്നു ഒരു കാലത്ത് ബീഹാറിലെ ഏറ്റവും വലിയ ഗുണ്ടാ നേതാവ്. ഷഹാബുദ്ദീൻറ്റെ പേരിൽ എത്ര ക്രിമിനൽ കേസുകൾ ഉണ്ടെന്ന് കണക്കാക്കാൻ ബുദ്ധിമുട്ടാണ്. കാരണം ഷഹാബുദ്ദീന് തോക്കും, മറ്റ് ആയുധങ്ങളും ഉള്ള ഒരു വലിയ ഗുണ്ടാ പട ചുറ്റിനുമുണ്ടായിരുന്നു. ഇവരിൽ പലരും ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളൊന്നും ഷഹാബുദ്ദീൻറ്റെ പേരിൽ പലപ്പോഴും വന്നിട്ടില്ല. ബീഹാറിലെ സിവാനിൽ നിന്ന് 4 തവണ പാർലമെൻറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷഹാബുദ്ദീൻറ്റെ അനുയായികളായിരുന്നു ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി മുൻ യൂണിയൻ ചെയർമാനായിരുന്ന ചന്ദ്രശേഖറിൻറ്റെ മരണത്തിന് കാരണം. പട്ടാപകൽ പരസ്യമായിട്ടായിരുന്നു ആ കൊലപാതകം. ജെ.എൻ.യു. - വിലെ വിദ്യാർഥികൾ പിന്നീട് ഷഹാബുദ്ദീൻറ്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഡൽഹിയിലെ ബീഹാർ ഭവനിലേക്കും, പാർലമെൻറ്റിലേക്കും, പ്രധാനമന്ത്രിയുടെ വസതിയിലേക്കും ഒക്കെ മാർച്ചുകൾ നടത്തി. പക്ഷെ ബീഹാർ നന്നാകുന്ന ഒരു ലക്ഷണവും കാണിക്കുന്നില്ല. 1990 -കളേക്കാൾ കുറച്ചു ഭേദപ്പെട്ടു എന്ന് മാത്രം.

കുറെ നാൾ മുമ്പ് 'കോബ്ര പോസ്റ്റ്' ഒളി ക്യാമറ ഉപയോഗിച്ച് ഉത്തർ പ്രദേശിൽ ഒരു അന്വേഷണം നടത്തുകയുണ്ടായി. അപ്പോൾ ചില നേതാക്കളൊക്കെ പറഞ്ഞത് 5 ലക്ഷം കൊടുത്താൽ ഒരു വർഗീയ കലാപം സൃഷ്ടിച്ചു തരാം എന്നാണ്!!!! ഈ ഗുണ്ടാ നേതാക്കളിൽ ഹിന്ദുക്കളും, മുസ്ലീങ്ങളും പെടും. പണത്തിന് വേണ്ടി വർഗീയ കലാപം സൃഷ്ടിക്കുമ്പോൾ അവിടെ മതവും, ജാതിയുമൊന്നും പ്രശ്നമല്ല. കുറെ വർഷങ്ങൾക്കു മുൻപ് ഉത്തർ പ്രദേശിലെ ഉധം സിങ് നഗറിൽ ഇതെഴുതുന്ന ആൾ സർവേ നടത്തിയപ്പോൾ അവിടുത്തെ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായ പണ്ഡിറ്റ് ജനക് രാജ് ശർമയെ നേരിൽ കാണുകയുണ്ടായി. പോലീസും, ഡബിൾ ബാരൽ തോക്കേന്തിയ സഹായികളും ഒരുമിച്ച് ആ നേതാവിനെ സംരക്ഷിക്കുന്ന കാഴ്ചയാണ് നേരിട്ട് കണ്ടത്. അയാളുടെ പേരിൽ 30-ഓളം ക്രിമിനൽ കേസുകൾ ഉണ്ടെന്നാണ് അവിടുള്ളവർ ഞങ്ങളോട് പറഞ്ഞത്. പണ്ഡിറ്റ് ജനക് രാജ് ശർമയെ പോലെ ക്രിമിനൽ പശ്ചാത്തലമുള്ള ഡി.പി. യാദവ്, മുക്തർ അൻസാരി - ഇങ്ങനെ അനേകം നേതാക്കൾ ഉത്തർ പ്രദേശിൽ ഉണ്ട്. മുക്തർ അൻസാരി, ഷഹാബുദ്ദീൻ, പപ്പു യാദവ്, കുറച്ചു നാൾ മുമ്പ് പോലീസുകാരെ വധിച്ച ശേഷം ഉത്തർ പ്രദേശിൽ കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് - ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ഗുണ്ടാ നേതാക്കളാണ് അവിടെ. മായാവതിയും, മുലായം സിങ്ങും, രാജ്നാഥ് സിങ്ങും അവിടെ സഞ്ചരിക്കുന്നത് തോക്കേന്തിയ കമാണ്ടോകളുടെ പിൻബലത്തിൽ മാത്രമാണ്. ഈ തോക്കിൻറ്റെ സംസ്കാരത്തിൽ നിന്ന് ഉത്തർ പ്രദേശിനെയും, ബീഹാറിനെയും ശുദ്ധീകരിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?

ഉത്തർ പ്രദേശും, ബീഹാറും മാത്രമല്ല ഉത്തരേന്ത്യയിൽ മുഴുവൻ ക്രിമിനൽ പശ്ചാത്തലമുള്ള നേതാക്കളുണ്ട്. കുറ്റകൃത്യങ്ങളുടെ പരമ്പര സൃഷ്ടിക്കുന്ന ഇവർക്ക് മതവും, ജാതിയുമൊന്നും പ്രശ്നമല്ല. മധ്യപ്രദേശിലെ വിവാദമായ 'വ്യാപാം' അഴിമതി കേസിൽ 60-ഓളം പേർ ദുരൂഹ മരണത്തിന് വിധേയമായത് ഈ ക്രിമിനൽ പശ്ചാത്തലം പൊതുരംഗത്ത് ഉള്ളതുകൊണ്ടാണ്. എന്തായാലും മാനസയുടെ മരണം സൃഷ്ടിച്ചിരിക്കുന്ന അവസരത്തിൽ കേരളത്തിലുള്ളവർക്ക് ഉത്തരേന്ത്യയിലെ 'സ്ട്രക്ച്ചറൽ വയലൻസ്' -നെ കുറിച്ച് ഒരു മിനിമം ധാരണ ഉണ്ടായിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇനിയെങ്കിലും രാഖിലിനെ പോലുള്ളവർ തോക്കു വാങ്ങാനായി അങ്ങോട്ട് പോകുന്നതെങ്കിലും തടയാൻ ഈ ഉത്തരേന്ത്യയിലെ 'സ്ട്രക്ച്ചറൽ വയലൻസിനെ' കുറിച്ചുള്ള ഒരു ധാരണ എന്തുകൊണ്ടും നല്ലതാണ്.

Photo Credit : https://unsplash.com/@ripster8


Also Read » ഇന്ത്യ സമൂലമായി മാറുമെന്ന ആഗ്രഹചിന്ത.


Also Read » LIC IPO : നിങ്ങൾ അറിയേണ്ട ആറ് കാര്യങ്ങള്.Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 06:26:25 am | 26-05-2022 CEST