കൊറോണ: ഇനി അൺ ലോക്കിങ്ങിന്റെ കാലം . സമ്പദ് വ്യവസ്ഥ മാറേണ്ടതിങ്ങനെ - മുരളി തുമ്മാരുകുടി

Avatar
മുരളി തുമ്മാരുകുടി | 06-10-2021 | 4 minutes Read

കൊറോണ: ഇനി അൺ ലോക്കിങ്ങിന്റെ കാലം

കഴിഞ്ഞ വർഷം മാർച്ച് മുതൽ കേരളത്തിലെ ജനങ്ങളുടെ ജീവിതത്തെ മൊത്തം നിയന്ത്രിച്ചത് കൊറോണയും അതിനെ നിയന്ത്രിക്കാനുള്ള സർക്കാർ ശ്രമങ്ങളും അതുണ്ടാക്കിയ നിയന്ത്രണങ്ങളും ഒക്കെയായിരുന്നു.

പതുക്കെ പതുക്കെ അത് മാറുകയാണ്

യാത്രകൾ കൂടുതൽ എളുപ്പമാകുന്നു

ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ പറ്റുന്നു

കോളേജുകൾ ഭാഗികമായെങ്കിലും തുറക്കുന്നു

സ്‌കൂളുകൾ തുറക്കാൻ പോകുന്നു

ഇതൊക്കെ നല്ല കാര്യമാണ്

888-1633539682-change-kerala-thummarukudy

ഇനി വേണ്ടത് സമ്മുടെ സമ്പദ് വ്യവസ്ഥയെ തുറന്നു വിടുകയാണ്

നമ്മുടെ സമ്പദ് വ്യവസ്ഥയെ നാം പൂട്ടിയിടാൻ തുടങ്ങിയത് കൊറോണക്കാലത്തൊന്നുമല്ല. തുറന്നു വിടാനുള്ള ശ്രമവും ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല.

തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിൽ ഇന്ത്യ സാമ്പത്തികമായി വലിയ ബുദ്ധിമുട്ടിൽ പെട്ടു. ഇന്ത്യയുടെ കരുതൽ സ്വർണ്ണം പണയം വെക്കേണ്ട അവസ്ഥയുണ്ടായി. അതിന് ശേഷമാണ് നരസിംഹറാവു സര്ക്കാരിന്റെ ധനകാര്യ മന്ത്രിയായിരുന്ന മൻമോഹൻ സിംഗ് "ലൈസൻസ് രാജ്" എന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ പേരിട്ടിരുന്ന സമ്പദ് വ്യവസ്ഥയെ കൂച്ചിക്കെട്ടുന്ന നിയമങ്ങൾ വെട്ടി നിരത്തി തുടങ്ങിയത്. അന്ന് തൊട്ടാണ് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ ഉണ്ടായത്.

ഇത്തരത്തിൽ ഉള്ള വലിയ മാറ്റങ്ങൾ ആണ് ഇനി സംസ്ഥാനത്തിൽ ഉണ്ടാകേണ്ടത്. നമ്മുടെ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മേലുള്ള അമിതമായ നിയന്ത്രണങ്ങൾ എടുത്തു കളയണം. ഒരു പ്രസ്ഥാനം തുടങ്ങാൻ മാസങ്ങളോളം സർക്കാർ ഉദ്യോഗസ്ഥരുടെ പുറകെ നടക്കേണ്ട സാഹചര്യം ഒഴിവാക്കണം, സർക്കാർ സംവിധാനങ്ങൾ തമ്മിൽ യാതൊരു ഏകോപനവുമില്ലതെ എന്ത് പ്രസ്ഥാനം നടത്തണമെങ്കിലും അതിന് അഞ്ചും പത്തും ലൈസൻസ് വേണ്ട സാഹചര്യം ഒഴിവാക്കണം, ഈ ലൈസൻസിന്റെ പേരിൽ, അതിൻ്റെ പരിശോധന എന്ന പേരിൽ ഏതൊരു സ്ഥാപനവും എപ്പോൾ വേണമെങ്കിലും പൂട്ടിക്കാമെന്നുള്ള സാഹചര്യം ഒഴിവാക്കണം.

ഒരു ഉദാഹരണം പറയാം. കേരളത്തിൽ ഏറ്റവും സാധ്യതയുള്ള രംഗമാണ് ടൂറിസം. പക്ഷെ കൊറോണ അതിൻ്റെ നടുവൊടിച്ചിരിക്കയാണ്. ഈ രംഗത്ത് പുതിയൊരു ഉണർവ്വുണ്ടാക്കണം. യുവാവായ, ഊർജ്ജസ്വലനായ ഒരു മന്ത്രി നമുക്കുണ്ട്. അദ്ദേഹം ശരിയായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്. പക്ഷെ ഈ വിഷയത്തിൽ നിക്ഷേപിക്കാൻ സർക്കാരിന്റെ അടുത്ത് പണം ഒന്നും അധികമില്ല, അപ്പോൾ സ്വകാര്യ മേഖലയിൽ നിന്നും പണമിറങ്ങണം. അതിന് ഏറ്റവും വേണ്ടത് അതിൽ ഉള്ള നിയന്ത്രണങ്ങൾ കുറക്കുക എന്നതാണ്.

മൂന്നാറും കുമാരകവും കോവളവും ഒക്കെപ്പോലെ അഞ്ചോ പത്തോ പ്രദേശങ്ങളിൽ മാത്രം കേന്ദ്രീകരിക്കാതെ കേരളം ആകെ വികസിച്ചു കിടക്കുന്ന ഒരു ടൂറിസം മേഖലയാണ് പുതിയ മന്ത്രിയുടെ സ്വപ്നം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ചുരുങ്ങിയ ഓരോ ടൂറിസ്റ്റ് ആകർഷണ കേന്ദ്രമെങ്കിലും കണ്ടുപിടിച്ചു വികസിപ്പിക്കാൻ അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല. പ്രകൃതി ഭംഗി, ചരിത്രം, ഭക്ഷണം, സംസ്കാരം എന്നിങ്ങനെ എത്രയോ വിഷയങ്ങളിൽ ഊന്നി നമുക്ക് ടൂറിസം വികസിപ്പിക്കാം.

കേരളത്തിൽ ആയിരം തദ്ദേശ സ്വയം ഭരണ പ്രദേശങ്ങളിലും ടൂറിസ്റ്റുകൾ എത്തുമ്പോൾ അവർക്ക് താമസിക്കാൻ ഉള്ള സൗകര്യങ്ങൾ വേണം. വെങ്ങോലയിൽ ടൂറിസ്റ്റുകളെ കാണിക്കാൻ അനവധി കാര്യങ്ങൾ ഉണ്ട്. കുന്നും, മലയും, കൃഷിയും, അമ്പലവും, പള്ളിയും, ചായക്കടയും, ഒക്കെയായി. പക്ഷെ ഒരു ടൂറിസ്റ്റിന് താമസിക്കാൻ പറ്റിയ ഹോട്ടൽ ഒന്നുപോലും ഇല്ല.

ഇവിടെയാണ് ഹോം സ്റ്റേയുടെ പ്രസക്തി. കേരളത്തിലെ ഓരോ പഞ്ചായതിലും ചുരുങ്ങിയത് നൂറു ഹോം സ്റ്റേ എങ്കിലും ഉണ്ടാകണം.

ഇത് ഒട്ടും ബുദ്ധിമുട്ടില്ല. വീടുകൾ എത്ര വേണമെങ്കിലും ഉണ്ട്, ദിവസം ആയിരം രൂപ കിട്ടും എന്ന് വന്നാൽ ടൂറിസ്റ്റുകൾക്കായി ഹോം സ്റ്റേ ഒരുക്കാൻ ആളുകൾ തയ്യാറാകും.

പക്ഷെ കേരളത്തിൽ ഒരു ഹോം സ്റ്റേ നടത്താനുള്ള നിയമപരമായ നൂലാമാലകൾ നിങ്ങൾ നോക്കിയിട്ടുണ്ടോ ?


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

വില്ലേജിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ
പഞ്ചായത്തിൽ നിന്നുള്ള പെർമിഷൻ
പോലീസിൽ നിന്നുള്ള ക്ലിയറൻസ്
ടൂറിസം ഡിപ്പാർട്മെന്റിൽ നിന്നുള്ള ലൈസൻസ്

ഇത് ഓരോന്നിനും സമർപ്പിക്കേണ്ട രേഖകൾ വേറെ. ഒരു വർഷമെങ്കിലും എടുക്കാതെ ഈ സർട്ടിഫിക്കറ്റുകൾ കിട്ടുകയില്ല. കിമ്പളം വേറെ. പോരാത്തതിന് ഇതൊക്ക ഇടക്കിടക്ക് പുതുക്കിക്കൊണ്ടേ ഇരിക്കണം.

പോരാത്തതിന് പറ്റുമ്പോൾ ഒക്കെ ഈ വകുപ്പിൽ നിന്നുള്ളവർ നേരിട്ടോ ബന്ധുക്കളെയോ പറഞ്ഞു വിടും, അവർക്ക് ഫ്രീ ആയിട്ടോ ഡിസ്‌കൗണ്ടോ നൽകിയില്ലെങ്കിൽ ഇന്സ്പെക്ഷൻ, വേണ്ടി വന്നാൽ പൂട്ടിക്കൽ.

ഹോം സ്റ്റേ ക്കുള്ള കുളിമുറിയുടെ വലുപ്പം തൊട്ട് നിബന്ധനകൾ വേറെ, വീട്ടിൽ ഒരാൾ ഇംഗ്ളീഷ് സംസാരിക്കണം എന്ന് ഒരിടത്ത് കണ്ടു. അയൽക്കാരുടെ അംഗീകാരം മേടിക്കണം എന്ന് മറ്റൊരിടത്ത്. ഇതൊക്കെ ഇപ്പോഴും ഉണ്ടോ ? ഇതിന്റെയൊക്കെ ലേറ്റസ്റ്റ് ആയിട്ടുള്ള നിയമങ്ങൾ ഒരിടത്തും കണ്ടുമില്ല.

സത്യത്തിൽ ഒരാൾ ഹോം സ്റ്റേ നടത്തുന്നതിൽ സർക്കാർ എന്തിനാണ് ഇടപെടുന്നത് ?.

മറു നാട്ടിൽ നിന്നുള്ളവർക്ക് ഒരു നാട്ടിൽ വരുമ്പോൾ ആ നാട്ടിലെ യഥാർത്ഥ സംസ്കാരവുമായി ചേർന്ന് ജീവിക്കാനുള്ള അവസരം എന്നതാണ് ഹോം സ്റ്റേയുടെ അടിസ്ഥാനം. അതിനെ ഒരു ഹോട്ടൽ വ്യവസായം പോലെ കണ്ട് നിയന്ത്രിക്കേണ്ടതില്ല. ടൂറിസ്റ്റുകളുടെ സുരക്ഷ മാത്രം നോക്കിയാൽ മതി, അതിന് ഇപ്പോൾ നാട്ടിലുള്ള നിയമങ്ങൾ നന്നായി നടപ്പിലാക്കിയാൽ മതി. ലൈസൻസ് ഉള്ളത് കൊണ്ട് സുരക്ഷ കൂടുകയൊന്നുമില്ല.

ത്രീ സ്റ്റാർ വേണ്ടവരല്ല ഹോം സ്റ്റേയ്ക്ക് വരുന്നത്. നാട്ടിലെ സംസ്കാരം അറിയണം എന്നുള്ളവരാണ്. പുഴയിലോ കുളത്തിലോ ആളുകൾ കുളിക്കുന്ന നാട്ടിലേക്ക് വരുന്നവർക്ക് വേണ്ടി ഷവർ ഉണ്ടാക്കണം എന്ന് അവർ പറയുന്നില്ല, നമ്മൾ എന്തിനാണ് നിർബന്ധം പിടിക്കുന്നത് ?. നമ്മൾ എന്താണ് നൽകുന്നതെന്ന് സത്യസന്ധമായി പറയുക എന്നതാണ് പ്രധാനം. അവർ വീട്ടിൽ എത്തുമ്പോൾ പരസ്യത്തിൽ കാണിച്ചതൊക്കെ അവിടെ വേണം.

ടൂറിസത്തിന് പേര് കേട്ട ഇടമാണല്ലോ സ്വിറ്റസർലാൻഡ്. ഞാൻ ഇവിടെ ഒരാൾ ഹോം സ്റ്റേ നടത്തണമെങ്കിൽ എന്ത് നിയമമാണ് ഉള്ളതെന്ന് ഒന്ന് അന്വേഷിച്ചു നോക്കി.

ഒന്നുമില്ല. സ്വന്തമായ വീടാണെങ്കിൽ ഇന്ന് എയർ ബി ആൻഡ് ബി യിൽ രെജിസ്റ്റർ ചെയ്തു നാളെ ഗസ്റ്റിനെ സ്വാഗതം ചെയ്യാം. വാടകക്കെടുത്ത വീടാണെങ്കിൽ ഉടമസ്ഥന്റെ അംഗീകാരം വേണം, പക്ഷെ പ്രത്യേകമായ കാരണം കാണിക്കാതെ അംഗീകാരം നിഷേധിക്കരുതെന്ന് നിയമം ഉണ്ട്.

ടൂറിസം ഡിപ്പാർട്മെന്റോ പഞ്ചായത്തോ ഒന്നും ഇക്കാര്യത്തിൽ ഇടപെടില്ല. രണ്ടു കുപ്പി ബിയർ വാങ്ങി വച്ചാൽ എക്സൈസ് ഡിപ്പാർട്ടമെന്റ് റൈഡിനു വരില്ല. അവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്താൽ ഭക്ഷ്യവകുപ്പ് പരിശോധനക്ക് വരില്ല. വീട്ടിൽ വരുന്ന അതിഥികളുടെ സദാചാരം അന്വേഷിക്കാൻ പോലീസുമില്ല, സദാചാരപോലീസുമില്ല. കിട്ടുന്ന കാശിന്റെ ഒരു നിശ്ചിത ശതമാനം നികുതിയായി സർക്കാരിന് കൊടുക്കണം. അതാണ് സർക്കാർ പ്രധാനമായി നോക്കുന്നത്. എല്ലാവർക്കും ഉള്ള നിയമങ്ങൾ ടൂറിസ്റ്റുകൾക്കും വീട്ടുകാർക്കും ബാധകമാണ്, നിയമം ലംഘിച്ചാൽ ഹോം സ്റ്റേ ആണെങ്കിലും ഹോം ആണെങ്കിലും അതിന് ആളുകൾ ഉത്തരവാദികൾ ആണ്.

വരുന്ന അതിഥികളോട് നമ്മൾ നന്നായി പെരുമാറിയാൽ അവർ നല്ല റേറ്റിങ് തരും, കൂടുതൽ ആളുകൾ വരും. നമുക്ക് റേറ്റ് കൂട്ടാം. സൗകര്യങ്ങളോ സാഹചര്യമോ മോശമാണെങ്കിൽ അവർ റിവ്യൂ എഴുതും. കച്ചവടം പൂട്ടിക്കെട്ടും. അത്ര തന്നെ.

അതിൻ്റെ ആവശ്യമേ ഉള്ളൂ

സത്യത്തിൽ ഒരു ഹോം സ്റ്റേ തുടങ്ങാൻ അനവധി രാജ്യങ്ങളിൽ ഒരു ഹോം പോലും വേണ്ട. പറമ്പിൽ റെന്റ് അടിച്ചു കിടക്കാൻ ഉള്ള സൗകര്യത്തിനും കടലോരത്ത് ഹമ്മോക്ക് കെട്ടി കിടക്കാനുള്ള സ്ഥലത്തിനും വാടക വാങ്ങി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന രാജ്യങ്ങൾ ഉണ്ട്.

എൻ്റെ അഭിപ്രായത്തിൽ അടുത്ത അഞ്ചു വർഷത്തേക്ക് നമ്മുടെ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ഈ ഹോം സ്റ്റേ രംഗം നിയന്ത്രിക്കുന്നതിൽ നിന്നും ഒന്ന് മാറി നിൽക്കണം. ആളുകൾ അവർക്ക് ഇഷ്ടമുള്ള തരത്തിൽ, സാധിക്കുന്ന രീതിയിൽ, വീടുകളും പറമ്പുകളും പാടങ്ങളും ക്യാമ്പുകളും ഏറുമാടങ്ങളും സജ്ജമാക്കട്ടെ. പറ്റുന്ന രീതിയിൽ ടൂറിസ്റ്റുകളെ ആകർഷിക്കട്ടെ. ഹോം സ്റ്റേയിൽ ക്രിമിനൽ ആക്ടിവിറ്റികൾ ഉണ്ടെങ്കിൽ അതിന് ഇപ്പോൾ തന്നെ നാട്ടിൽ നിയമങ്ങൾ ഉണ്ട്. ടൂറിസ്റ്റുകളെ വഞ്ചിച്ചാൽ സമൂഹമാധ്യമങ്ങൾ തന്നെ ബിസിനസ്സ് കെട്ട് കെട്ടിച്ചോളും.

പക്ഷെ സർക്കാരിന് ചെയ്യാവുന്ന ചിലതുണ്ട്

വീട്ടിൽ ഹോം സ്റ്റേ നടത്താനുള്ള പരിശീലനം നൽകുക
അതിന് ആവശ്യമെങ്കിൽ ലോക്കൽ സഹകരണ സംഘത്തിൽ നിന്നും വായ്പ അനുവദിക്കുക
ലഭ്യമായ എല്ലാ ഹോം സ്റ്റെയും ഒറ്റ ആപ്പിൽ കൊണ്ടുവരിക, ബുക്കിംഗ് എളുപ്പമാക്കുക
വിദേശ പൗരന്മാർ വരുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ പഠിപ്പിക്കുക
വിദേശ നാണ്യം സ്വീകരിക്കുമ്പോൾ വേണ്ട നിയമങ്ങൾ പഠിപ്പിക്കുക
നാട്ടുകാരായ സദാചാര പോലീസുകാർ ശല്യപ്പെടുത്താൻ വന്നാൽ അവരെ വിലക്കുക
സർക്കാർ ഡിപ്പാർട്മെന്റിലെ ആളുകൾ സമയത്തും അസമയത്തും വന്നു ഹോം സ്റ്റേ ഇൻസ്‌പെക്ഷൻ നടത്തുമെന്നുള്ള രീതി അവസാനിപ്പിക്കുക (കളക്ടറുടെ ഉത്തരവില്ലാതെ ഒരു വകുപ്പും ഹോം സ്റ്റേ ഇൻസ്പെക്ട് ചെയ്യാൻ പോകരുതെന്ന് കർണ്ണാടക സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്,, നമുക്കും പിന്തുടരാവുന്നതാണ്)

ഇതൊക്കെ ഞാൻ പുതിയ ടൂറിസം മന്ത്രിയോടും പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ മാറുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

മുരളി തുമ്മാരുകുടി

Photo Credit : ചിത്രം ഹിന്ദുവിൽ നിന്നും


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About മുരളി തുമ്മാരുകുടി

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനാണ് ഡോ. മുരളി തുമ്മാരുകുടി

Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 12:06:51 am | 29-05-2024 CEST