"അയ്യേ കരയണോ...ഒന്നുമില്ലെങ്കിലും ഒരാണല്ലേ...?!!"
"ഇതെന്താ പെണ്ണുങ്ങളെപ്പോലെ നിന്ന് കരയുന്നത്...?!!!"
"മീശ വെച്ച് നടന്നാൽ പോരാ..ആണത്തം വേണം..!!"
പരുഷൻ എന്നാൽ എന്തും നേരിടാൻ കഴിവുള്ളവൻ എന്ന കെണിയിൽ വീണു അവിടെ പിടിച്ചു നില്ക്കാൻ പാടുപെടുമ്പോൾ... പൗരുഷത്തിന്റെ കപട വ്യാഖ്യാനവേലിക്കെട്ടുകൾക്കുള്ളിൽ, അളവുകൾക്കുള്ളിൽ പെടാൻ പറ്റാതെ നിൽക്കുമ്പോൾ.... ജീവിതത്തിൽ പലപ്പോഴും പലരും കേട്ടിരിക്കാൻ ഇടയുള്ള ഡയലോഗുകളിൽ ചിലതാണ് ഇത്.
പക്ഷെ യാഥാർത്ഥ്യം പുരുഷന്മാർ അല്ലെങ്കിൽ ആണുങ്ങൾ ആണ് സ്ത്രീകളെക്കാൾ രണ്ടും മൂന്നും ഇരട്ടി ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നത് എന്നതാണ്. ലോകത്തെ ഒരു ആവറേജ് കണക്കെടുത്താൽ ദിവസവും ഒരു മിനിറ്റിൽ ഒരു പുരുഷൻ ആത്മഹത്യ ചെയ്യുന്നുണ്ട്. പുരുഷന്റെ മാനസികാലാവസ്ഥ എന്നത് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പലതുണ്ട് കാര്യങ്ങൾ. സമൂഹത്തിനു മുന്നിൽ കാണിക്കേണ്ട പുരുഷത്വം മുതൽ പ്രതീക്ഷകൾ ഉൾപ്പടെ പലതും പലപ്പോഴും വല്ലാത്ത ഒരു മാനസികാവസ്ഥയിലേക്ക് പരുഷനേയും എത്തിക്കുന്നു എന്നതാണ് സത്യം. പലപ്പോഴും അവനത് മനസിലാക്കാറില്ലെങ്കിലും. ഇനി മനസിലാക്കിയാലും താൻ ഒരു പരുഷനല്ലേ എന്ന ചിന്ത, നമ്മൾ തന്നെ ഉണ്ടാക്കിവെച്ച പൗരുഷത്തിന്റെ ചില അളവുകോലുകൾ (മറ്റുള്ളവരുടെ ആണല്ലേ എന്ന ചോദ്യം ഉൾപ്പടെ പലതും), അവനെ സഹായം തേടുന്നതിൽ നിന്നും തടയുന്നു. .
അവൻ സ്വന്തം ലോകത്തേക്ക് ഒതുങ്ങുന്നു. മദ്യം, മയക്കുമരുന്ന് തുടങ്ങിയ പലതിലും അഭയം തേടുന്നു. പിന്നെ ഒരു ദിവസം സ്വയം ഇല്ലാതാവുന്നു. ആത്മഹത്യ ചെയ്യുന്നതിൽ മൂന്നിലൊന്നു പുരുഷന്മാർ മാത്രമേ തന്റെ മാനസികാരോഗ്യം ശരിയല്ല എന്ന് അറിയുന്നുപോലുമുള്ളു. അത്രക്കെ ഉള്ളു പുരുഷന്റെ മാനസികാരോഗ്യസ്ഥിതിയെക്കുറിച്ചുള്ള സ്വയം തിരിച്ചറിവ്. ഇനി അറിഞ്ഞാലും പുരുഷത്വം മുതൽ ചികിത്സ-മറ്റു സൗകര്യങ്ങളുടെ അഭാവം അവനെ ഇല്ലാതാക്കുന്നു.
നവംബർ മാസം പുരുഷന്മാരുടെ മനസികാരോഗ്യത്തിന്റെ പ്രാധാന്യം ലോകത്തോട് പ്രഖ്യാപിക്കുന്ന Movember മൂവ്മെന്റിന്റെ ഭാഗമായി ലോകത്തു പലയിടത്തും ആളുകൾ മീശ വളർത്താറുണ്ട്. ഓഫിസുകളിലും മറ്റെല്ലയിടത്തും പല ഫണ്ട് റൈസിംഗ് പരിപാടികളും സംഘടിപ്പിക്കാറുണ്ട്. ഈ മൂവ്മെന്റിന്റെ തുടക്കവും രസകരമാണ്.
2003ൽ ആണ് രണ്ടു സുഹൃത്തുക്കൾ മെൽബണിലെ ഒരു പബ്ബിൽ ഇരുന്നു ബിയർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു തമാശക്ക് മീശ വളർത്തൽ ഒരു ഫാഷൻ ട്രെൻഡ് എന്ന രീതിയിൽ വീണ്ടും നമ്മൾക്ക് തുടങ്ങിയാലൊ എന്നാലോചിക്കുന്നത്. ആളുകൾ മീശവെക്കുന്ന രീതിയിൽനിന്നും നിന്നും ക്ളീൻ ഷേവിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു ട്രെൻഡ് ആയിരുന്നു അപ്പോൾ. വേഗം തന്നെ മുപ്പതു സുഹൃത്തുക്കൾ ആയി അത് വലുതായി, ഒപ്പം ലക്‌ഷ്യം പുരുഷന്മാരുടെ ആരോഗ്യത്തിന് വേണ്ടി ഫണ്ട് റൈസിംഗ് എന്നതായി. 2004ൽ അവർ അതൊരു ഓർഗനൈസേഷൻ ആയി രജിസ്റ്റർ ചെയ്തു, Movember എന്നപേരിൽ. ഇന്നത് ഇരുപതില്പരം രാജ്യങ്ങളിൽ പടർന്നുകൊണ്ട് അറുപത്തഞ്ചു ലക്ഷം Mo Bros and Mo Sisters പേരുടെ കൂട്ടായ്മയായി 1250അധികം പുരുഷന്മാരുടെ ആരോഗ്യത്തെ ബാധിക്കുന്ന മെന്റൽ ഹെൽത്ത്, prostate ക്യാൻസർ, Testicular ക്യാൻസർ എന്നീ പ്രോജെക്റ്റുകൾക്ക് ഫണ്ടിംഗ് കൊടുക്കുന്ന സംഘടനയായി വളർന്നിരിക്കുന്നു.
പുരുഷത്വം എന്ന കൃത്രിമ മുഖംമൂടിക്ക് പിന്നിൽ പലപ്പോഴും ഉള്ളത് സാധാരക്കാരനായ, നിസ്സഹായനായ, സഹായം ആവശ്യമുള്ള ഒരു മനുഷ്യജീവി മാത്രമാണ്. കണക്കുകളും കാണിക്കുന്നത് പല രാജ്യങ്ങളിലും പുരുഷന്റെ ശരാശരി ആയുർദൈർഘ്യം സ്ത്രീകളെക്കാൾ കുറവാണ് എന്നതാണ്.
ഓഫീസിലെ നവംബറിലെ Movember പരിപാടികൾക്കുള്ള content അപ്പ്രൂവ് ചെയ്യാൻ മാർക്കറ്റിംഗ് അയച്ചുതന്നപ്പോൾ എഴുതാൻ തോന്നിയത്.
Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.