കോൺഗ്രസ് മാറിയില്ലെങ്കിൽ | തിരെഞ്ഞെടുപ്പ് വിചാരങ്ങൾ - 2

Avatar
ജെ എസ് അടൂർ | 20-12-2020 | 6 minutes Read

കേരളത്തിൽ കോൺഗ്രസിനു തലമുറമാറ്റം മാത്രം അല്ല വേണ്ടത്. രാപ്പകൽ അടിസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ ഊർജ്ജവും സഹന ശക്തിയും നേതൃത്വ പ്രാപ്തിയുമുള്ള നേതാക്കളെയാണ് വേണ്ടത്. പുതിയ പൊളിറ്റിക്കൽ ഇമാജിനേഷനാണ് വേണ്ടത്.

കേരളത്തിലെ ഇപ്പോഴത്ത തിരെഞ്ഞെടുപ്പ് രാഷ്ട്രീയം കെ. കരുണാകാരനും ഈ എം എസ്‌ നമ്പൂതിരിപ്പാടും 1980 കളുടെയാദ്യം രൂപീകരിച്ച ദ്വിന്ദ രാഷ്ട്രീയ അവിയൽ ചേരികളിലധിഷ്ട്ടിതമാണ്. കേരളത്തിലെ തിരെഞ്ഞെടുപ്പ് രാഷ്ട്രീയം അന്ന് മുതൽ യു ഡി എഫ് /എൽ ഡി എഫ് എന്ന ദ്വിന്ദ രാഷ്ട്രീയ ബലാബലങ്ങളിലായിരുന്നു.
അതു ഇന്ത്യയൊട്ടാകെ അടിയന്തരാവാസ്തക്ക് ശേഷം 1977- മുതൽ 1982 വരെയുണ്ടായിരുന്ന രാഷ്ട്രീയ മാറ്റങ്ങളുടെ പാശ്ചാത്തലത്തിൽ കൂടെയാണ് മനസ്സിലാക്കണ്ടത്.

അന്ന് ഇടതുപക്ഷം മൂന്നു സംസ്ഥാനങ്ങളിൽ ഭരണഅധികാരവും പാർലമെന്റിൽ ഗണ്യമായ ശക്തി. അടിയന്തരാവസ്‌ഥയുടെ ശേഷം കൊണ്ഗ്രെസ്സ് ഉയർത്തെഴുന്നേറ്റ കാലം . അന്ന് 1982 ഇൽ തുടങ്ങി 2 ലോകസഭ സീറ്റിൽ തുടങ്ങിയതാണ് ബി ജെ പി. എന്നാൽ ഇന്ന് സ്ഥിതി പാടെമാറി. ഇന്ന് കൊണ്ഗ്രെസ്സ് ലോക്സഭയിൽ പത്തു ശതമാനത്തിൽ താഴെ സീറ്റും 20% താഴെ വോട്ടുമുള്ള പാർട്ടി.ആന്തരിക പ്രതിസന്ധികളിലും ബാഹ്യ രാഷ്ട്രീയ പ്രതിസന്ധിയിലും പെട്ട് രാഷ്ട്രീയ നടുക്കടലിൽ ഉഴറുന്ന കപ്പലിന്റ അവസ്ഥയിലാണ്.

അന്നത്തെ ഇടതുപക്ഷം ഇന്ന് പ്രത്യയശാസ്ത്ര പ്രതിസന്ധിയിലാണ്, രാഷ്ട്രീയ പ്രസക്തി കേരളത്തിൽ മാത്രമായ അവസ്ഥ. ദേശീയപാർട്ടിഎന്ന പദവി പോലും പോകുന്ന അവസ്ഥ. പാർലിമെന്റിൽ പേരിന് മാത്രം.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം വളരെ വ്യത്യസ്തമാണ്. കേരളത്തിൽ ഇന്ന് രാഷ്ട്രീയ പാർട്ടികളിൽ അംഗങ്ങളും സജീവ അഭിമുഖ്യനുള്ളവരും കുറഞ്ഞു കൊണ്ടിരിക്കുന്നു. അതിൽ തന്നെ 1990 കൾക്ക് ശേഷം ജനിച്ച ഭൂരിപക്ഷമാളുകളും രാഷ്ട്രീയ പാർട്ടി ലോയൽറ്റിക്ക് വെളിയിലാണ്. സ്ത്രീകൾ സ്വതന്ത്രമായി വോട്ടു ചെയ്യുന്ന കാലം
വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികൾ ഇപ്പോഴും പിടിച്ചു നിൽക്കുന്നത് സാമാന്യം ശക്തമായ ബദൽ ഇല്ലാത്തത് കൊണ്ടാണ്. ട്വിന്റി ട്വന്റി പോലുള്ള പുതിയ രാഷ്ട്രീയ പരീക്ഷണ. സംരഭകങ്ങൾക്ക് അത് കൊണ്ട് കൂടിയാണ് വർദ്ധിച്ച പിന്തുണ..

കേരളത്തിൽ ദ്വി മുന്നണി സംവിധാനത്തിന് അപ്പുറം ത്രികൊണ മുന്നണിയായി. എൽ ഡി എഫ് ഇൽ നിന്നും യു ഡി എഫ് ഇൽ നിന്നും വോട്ടുകൾ പിടിച്ചു മാറ്റി ബി ജെ പി കേരളത്തിലെങ്ങും സജീവം.

കേരളത്തിൽ സി പി എം ന്റെ സംഘടന സംവിധാനം ഇപ്പോഴും അടിസ്ഥാന തലത്തിൽ ശക്തമാണ്. ഇങ്ങനെയാണങ്കിലും പ്രത്യയശാസ്ത്ര പ്രതിസന്ധിയിലും അത്പോലെ ഒരു മാക്സിമം ലീഡറിലും അധിഷ്ട്ടിതമായ പാർട്ടി ഭാവിയിൽ പ്രതിസന്ധിയിലേക്കാണ് പോകുന്നത്.

ഇന്ന് കേരളത്തിൽ രണ്ടു മുന്നണികളുടെയും പ്രധാന റഫറൻസ് പോയിന്റായി എന്നതാണ് ബി ജെ പി യുടെ രാഷ്ട്രീയ പ്രസക്തി. കഴിഞ്ഞ പത്തു കൊല്ലം കൊണ്ട് സി പി എം നടത്തുന്ന ഒരു ക്യാമ്പയിനാണ് കൊണ്ഗ്രെസ്സ് മൃദു ഹിന്ദുത്വയും അതിലെ നേതാക്കൾ ബി ജെ പി ബാന്ധവമുണ്ടെന്നുമുള്ളത്. അവരുടെ congRSS എന്ന ക്യാമ്പയിനിന്റെ പ്രധാന ഉദ്ദേശം എൽ ഡി എഫ് ലേക്ക് മുസ്ലിം -ക്രിസ്ത്യൻ വോട്ടുകൾ കൂട്ടുകഎന്നതാണ്.

സി പി എം ന്റെ ഏറ്റവും വലിയ വോട്ടു വിഭാഗങ്ങളിൽ നിന്ന് ബി ജെ പി ക്ക് വളരെ ഗണ്യമായ കിട്ടി. അതിന് പകരമായി വളരെ കൃത്യമായി രാഷ്ട്രീയ സ്ട്രാറ്റജിയിലൂടെ മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളുടെ ഗണ്യമായ വോട്ടുകൾ നേടാൻ എൽ ഡി എഫ് നു 2015 മുതൽ സാധിച്ചു (2014 ഇൽ മോഡി ഭരണത്തിൽ കയറിയതിന് ശേഷം )
കൊണ്ഗ്രെസ്സ് /യൂഡിഫിൽ നിന്നും വോട്ടുകൾ ബി ജെ പി യിലേക്കും, എൽ ഡി എഫിലേക്കും മറ്റിടങ്ങളലേക്കും പോകുന്നുവന്നത് തിരിച്ചറിഞ്ഞില്ലങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകും.

ഇപ്പോൾ ഉള്ള യൂ ഡി എഫ് /എൽ ഡി എഫ് തിരഞ്ഞെടുപ്പ് അധികാര രാഷ്ട്രീയ ദ്വിന്ദ സംവിധാനം വരും വർഷങ്ങളിൽ കൂടുതൽ പ്രതിസന്ധികളിലൂടെ പോകും .
കേരളത്തിൽ ഒരു പാർട്ടിക്കും ഒറ്റക്ക് ഭരിക്കാനുള്ള സാധ്യത ഇല്ല. ഇപ്പോഴത്തെ പ്രധാന പാർട്ടികളായ സി പി എം കൊണ്ഗ്രെസും രണ്ട് തരത്തിലുള്ള പ്രതിസന്ധികളാണ് നേരിടാൻ പോകുന്നത്.

2026 ആകുമ്പോഴേക്കും കേരളത്തിലെ രാഷ്ട്രീയം മാറും.1970 കളിൽ വന്ന നേതാക്കൾ കളം ഒഴിയും. പുതിയ പാർട്ടികളും ഇപ്പോഴുള്ള പാർട്ടികളിൽ പുതിയ നേതാക്കളും വരും. രാഷ്ട്രീയ സാമുദായിക സമവാക്യങ്ങൾ മാറും.
പക്ഷെ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കൊണ്ഗ്രെസ്സ് ഉയർത്തെഴുനേറ്റില്ലെങ്കിൽ ഇന്ത്യയിൽ ജനായത്തവും ഭരണഘടനയൊക്കെ നിലനിൽക്കുമോ എന്നു സംശയമാണ്.

അത് കൊണ്ട് തന്നെ ഇപ്പോഴത്തെ നിലയിൽ നിന്ന് കൊണ്ഗ്രെസ്സ് മാറേണ്ടത് ആ പാർട്ടിയുടെ നിലനിൽപ്പിന്റ മാത്രം പ്രശ്നം അല്ല. അത് ഇന്ത്യൻ ജനായത്ത സംവിധാനതിന്റെ നിലനിൽപ്പിന്റ ആവശ്യമാണ്.
കൊണ്ഗ്രെസ്സ് മുക്ത ഭാരതം ഫാസിസത്തിലേക്കുള്ള വഴിയാണ്. കൊണ്ഗ്രെസ്സ് മുക്ത കേരളത്തിൽ സി പി എം മും തകർച്ച നേരിടും എന്നറിയുക.

ഇപ്പോൾ നടന്ന തദ്ദേശഭരണ തിരെഞ്ഞെടുപ്പിൽ കൊണ്ഗ്രെസ്സിന്റെ ആന്തരിക പ്രതിസന്ധികൾ വീണ്ടും ചർച്ചയാകുന്നു.

കൊണ്ഗ്രെസ്സ് നേടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ പലതാണ്.

1)കൊണ്ഗ്രെസ്സിനെ എപ്പോഴും തോൽപ്പിക്കുന്നത് അവർ തന്നെയാണ്.

ഏതാണ്ട് മുപ്പതു ശതമാനം സീറ്റുകൾ കോൺഗ്രസിന് നഷ്ട്ടപെട്ടത് ഗ്രൂപ്പ് കളിമൂലമുണ്ടായ വിമത സ്ഥാനാർഥികൾ കാരണമാണ്. പലയിടത്തും ജയിച്ചത് കൊണ്ഗ്രെസ്സ് വിമതരാണ്.
എനിക്കു വളരെയധികം അറിയാവുന്ന ഒരു നല്ല കൊണ്ഗ്രെസ്സ് പ്രവർത്തകൻ ബ്ലോക്ക്‌ പഞ്ചായത്തിൽ നൂറു വോട്ടിനു തോറ്റു. കാരണം മറ്റേ ഗ്രൂപ്പിലെ റിബൽ സ്ഥാനാർഥി ഏതാണ്ട് 1000 വോട്ട് പിടിച്ചു മാറ്റി. അങ്ങനെ ഒരുപാടു സ്ഥലത്തു തോൽപ്പിച്ചത് റിബലുകൾ. എന്റെ വീടിന്റെ തൊട്ട് അടുത്തു റിബലാണ് ജയിച്ചത്.

2) കൊണ്ഗ്രെസ്സിന്റെ സംഘടന സംവിധാനം ദുർബലമാണ്.

വാർഡ് തലത്തിൽ കോൺഗ്രസിൽ മുഴുവൻ സമയ പ്രവർത്തകർ വളരെ കുറവാണ്. ഉള്ളവർ തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് രംഗത്തു ഇറങ്ങുന്നത് .

മിക്കവാറും നേതാക്കൾ ഉടയാത്ത ഖദറുമായി വലിയ വണ്ടിയിൽ കറങ്ങി അവരവരുടെ ഗ്രൂപ്പ്‌ ക്രോണി രാഷ്ട്രീയത്തിന് അപ്പുറം,ഫ്ളക്ക്സിന് അപ്പുറം , അടിസ്ഥാന തലത്തിൽ പ്രവർത്തിക്കുവാൻ സമയമില്ലാത്ത അവസ്ഥ.

പാർട്ടിയിൽ പുതിയ ആളുകളെ ചേർക്കാൻ ആർക്കും വലിയ താല്പര്യമില്ല. ഉള്ളവർ എല്ലാവർക്കും സ്ഥാന മാനങ്ങൾക്ക് അപ്പുറം പ്രവർത്തിക്കാനാവാത്ത അവസ്ഥ. അതിൽ തന്നെ സാമൂഹിക പ്രവർത്തനത്തിൽ താല്പര്യനുള്ളവർ ചെറിയ ശതമാനം മാത്രം.

ജാതി -മത നേതാക്കളെ കൂടുതൽ സുഖിപ്പിച്ചാൽ ജയിക്കും എന്ന അപകട ധാരണ ഒരുപാടു പേർക്കുണ്ട്.

3) സാകല്യ രാഷ്ട്രീയ കാഴ്ചപ്പാടുകൾ കുറഞ്ഞു. അവനവനിസം എന്ന ഒരൊറ്റ ഐഡിയോളേജിയിൽ സംഘ ബലവും രാഷ്ട്രീയ മൂല്യബോധവും കുറഞ്ഞു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

4) ഫീഡർ (പോഷക സംഘടനകൾ ) പേരിന് മാത്രമായി. അവിടെയും എല്ലാം ഗ്രൂപ്പ് വിധേയത്തത്തിലാകുമ്പോൾ ഫീഡർ സംഘടനകളുടെ വളർച്ച മുരടിച്ചു. പുതിയ അംഗങ്ങളെ കൂട്ടുന്നില്ല. നേതൃത്വം പരിശീലനമൊ രാഷ്ട്രീയ പ്രത്യയശാസ്ത്ര പരിശീലമോ പേരിന് മാത്രം പോലുമില്ലാത്ത സ്ഥിതി.

5). പുതിയ അംഗങ്ങളെ ചേർക്കുവാനോ, നേതൃത്വ ശേഷിയുമുള്ളവരെ പാർട്ടിയിലേക്ക് ആകർഷിക്കുവാനോ കഴിയാത്ത അവസ്ഥ. എന്തെങ്കിലും കഴിവൊ നേതൃത്വശേഷിയോയുള്ളവരെ പാർട്ടിയിൽ കൊണ്ടുവരാനുള്ള വിമുഖത. എന്തെങ്കിലും നേതൃത്വ ശേഷിയുള്ളവരെ അടുപ്പിക്കുവാനുള്ള ഭീതി. അങ്ങനെയുള്ളവർക്ക് സ്പെസും ഇല്ല.
അടിമുടി ക്രോണി രാഷ്ട്രീയം കൊണ്ടു നടന്നാൽ പാർട്ടി വളരില്ല.

6)കൊണ്ഗ്രെസ്സ് ഗ്രൂപ്പ്‌ രാഷ്ട്രീയം മടുത്തു സി പി എം /എൽ ഡി എഫിൽ /ബിജെപി യിലേക്ക് പോയവർ നിരവധിയാണ്. ഉദാഹരണത്തിനു ഏഴാംകുളം /കൊടുമൺ ഭാഗത്തു നിന്ന് എൽ ഡി എഫ് ബ്ലോക്ക്‌ പഞ്ചായത്തിൽ വിജയിച്ച വന്ദ്യ വയോധികയായ കുഞ്ഞാന്നമ്മകുഞ്ഞു കൊണ്ഗ്രെസ്സിന്റെ സജീവ നേതാവായിരുന്നു. അവരെ ' ഒതുക്കി, ഒതുക്കി ' എൽ ഡി എഫിൽ തള്ളി വിട്ടതാണ്. അതുപോലെ നിരവധി ഉദാഹരണങ്ങളുണ്ട്.. പത്തനംതിട്ടയിലെ കൊണ്ഗ്രെസ്സ് നേതാവായിരന്ന ഫിലിപ്പോസ് തോമസ്. അതു പോലെ പലതും കൊണ്ടും ' ഒതുക്കിയ കൊണ്ഗ്രെസ്സ്കാരാണ് എൽ ഡി എഫിലും എൻ ഡി എ യിലും പോയത്.

7) കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങൾക്ക്, പ്രത്യേകിച്ചു ക്രിസ്ത്യാനികളെ കൊണ്ഗ്രെസ്സ് നേതൃത്ത തലത്തിൽ തൊട്ട് തഴോട്ട് അവഗണിക്കുന്നു എന്ന പൊതു ധാരണ ഇപ്പോൾ പരക്കെയുണ്ട്. പ്രത്യേകിച്ച് മധ്യ തിരുവിതാംകൂറിൽ. ഒരു കാലത്ത് കൊണ്ഗ്രെസ്സ് ശക്തി കേന്ദ്രങ്ങളായിരുന്ന കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലെ അവസ്ഥ നോക്കിയാൽ ഇത് അറിയാം.
ഇതിന് പലകാരണങ്ങളുണ്ട് .

കൊണ്ഗ്രെസ്സും യൂ ഡി എഫും നേരിടാൻ പോകുന്ന വലിയ വെല്ലുവിളി പണ്ട് യു ഡി എഫിന് വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളെ കൂടെ നിർത്താൻ കോൺഗ്രസിന് കഴിയുന്നില്ല എന്നതാണു.ആ വിഭാഗങ്ങളിൽ നിന്ന് നേതാക്കളും രാഷ്ട്രീയ അവസരങ്ങളും കുറയുന്നു എന്ന ധാരണ ശക്തമാണ്.
സി പി എം /സി പി ഐ യും ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ പരിഗണന നൽകുന്നു എന്നതും ഒരു ഘടകമാണ്.

8)ഗ്രൂപ്പ്‌ തർക്കങ്ങളും പിടല പിണക്കങ്ങളും പാരവപ്പുകൊണ്ട് കൊണ്ഗ്രെസ്സ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് അവസാന നിമിഷത്തിലാണ്. അതു കൊണ്ട് പലർക്കും ആളും അർത്ഥവു ഇല്ലായിരുന്നു.
അവസാന നിമിഷത്തിൽ സീറ്റ് കിട്ടിയ പലർക്കും പൈസയും ആൾ ബലവും ഇല്ലായിരുന്നു.

9)പലരെയും ' വെട്ടി ' എന്ന് തോന്നിയപ്പോൾ പാർട്ടിക്കാരെ തോൽപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രവർത്തിച്ചു. സീറ്റ് കൊടുത്തു കഴിഞ്ഞു ' നീയായി, നിന്റെ പാടായി '.നീ ജയിച്ചാൽ നിനക്ക് കൊള്ളാം. തോറ്റാൽ നിനക്ക് പോയി ' എന്ന അവനവനീസ്റ്റ്‌ ഐഡിയോളേജി കാരണം പാർട്ടിക്കാർ പലരും പേരിന് വേണ്ടി തല കാണിച്ചു മുങ്ങി.

10). കൃത്യമായി രാഷ്ട്രീയ മെസ്സിജിഞ്ചിന്റ് അഭാവം. പലപ്പോഴും പോസിറ്റീവ് മെസ്സേജുകൾ കുറവും നെഗറ്റീവ് മെസ്സേജ് കൂടുതലുമായി.

11) തിരുവനന്തപുരം കോർപ്പറേഷനിൽ ഉൾപ്പെടെ ഏറ്റവും ശുഷ്‌ക്കമായ അടിസ്ഥാന തല കാമ്പയിൻ. സ്ലിപ് കൊടുക്കാൻ ആളില്ലാത്ത അവസ്ഥ.സ്ഥിരം യു ഡി എഫ് വോട്ടു കൊടുക്കുന്നവവർ ഒരുപാടു പേർ വീട്ടിൽ ഇരുന്നു. കോവിഡ് കാരണം പല യു ഡി എഫ് വോട്ടുകാരും ' റിസ്ക് ' എടുത്തില്ല..

കഴിഞ്ഞ തവണ അതിരാവിലെ ശശി തരൂരിന് വോട്ട് കൊടുത്തവർ ഇപ്രാവശ്യം വീട്ടിൽ ഇരുന്നു.

കേരളത്തിലും ഇന്ത്യയിലും ഇന്ന് ഏറ്റവും സംഘടിത പാർട്ടിയാണ് ബി ജെ പി. അധികാരത്തിൽ ഉള്ളത് കൊണ്ട് ഇഷ്ട്ടംപോലെ കാശുണ്ട്. ആളും അർത്ഥവുമുണ്ട്. പാർട്ടികളെയും നേതാക്കളെയും വിലക്ക് വാങ്ങാൻ ഒരു മടിയുമില്ല.

കേരളത്തിൽ പണ്ട് സി പി എം/സി പി എം /എൽ ഡി ഫിനും യു ഡി എഫ് നും വോട്ടു ചെയ്ത ഒരു ഗണ്യമായ വിഭാഗം ബി ജെ പിക്ക് വോട്ടു ചെയ്യാൻ തുടങ്ങി. അതെ സമയം യു ഡി എഫ് നു വോട്ടു ചെയ്തിരുന്ന മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു ഭാഗം എൽ ഡി എഫ് നു വോട്ടു ചെയ്യുന്നത് അവർ ബി ജെ പി ക്ക് എതിരായ സംഘ ബലമാണ് എന്ന ധാരണ കൊണ്ടാണ്..

പക്ഷെ ഇപ്പോൾ എൽ ഡി എഫ് ന് വോട്ടു ചെയുന്ന ഒരു വലിയ വിഭാഗത്തിനു ഒരു ഇടതുപക്ഷ രാഷ്ട്രീയവും ഇല്ല എന്നതാണ് വാസ്തവം.

യൂ ഡി എഫും /കോൺഗ്രസ്സും എങ്ങനെയും ഭരണ വിരുദ്ധ വികാരം കൊണ്ട് ജയിക്കുമെന്ന കാലം പോയി. തിരെഞ്ഞെടുപ്പ് കാലത്ത് മാത്രം രണ്ടാഴ്ച്കൊണ്ട് കൊണ്ട് തിരെഞ്ഞെടുപ്പ് ജയിക്കാം എന്ന കാലവും പോയി. ടി വി സ്റ്റുഡിയോയിലല്ല യഥാർത്ഥ രാഷ്ട്രീയം. അത് അടിസ്ഥാന തലത്തിലുള്ള സംഘടന ശക്തിയാണ്. അതില്ലാതെ എത്ര ടി വി ചർച്ച നടത്തിയാലും ജനം വോട്ട് തരണമെന്നില്ല.

കൊണ്ഗ്രെസ്സ് പാർട്ടിയിൽ കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ഒരു ലക്ഷം പേരെ കൊണ്ട് വരാൻ ആർക്കും സമയം ഇല്ലായിരുന്നു. എല്ലാവരും അവരവരുടെ കാര്യങ്ങൾ മാത്രം നോക്കി. പാർട്ടി പ്രവർത്തനം മീറ്റിങ്ങുകൾ മാത്രമായി. മെയ്യനാകാതെ അടിസ്ഥാന തലത്തിൽ പ്രവർത്തിച്ചില്ലെങ്കിൽ കോൺഗ്രസിൽ പ്രവർത്തിക്കാൻ ആളുകൾ കാണില്ല.

ഏതൊരു പാർട്ടിക്കും നേതാക്കൾ കൂടുകയും അടിസ്ഥാന സംഘടന തലത്തിൽ ആളുകൾ ഇല്ലെങ്കിൽ ആ പാർട്ടിക്ക് അധികം നാൾ പിടിച്ചു നിൽക്കാൻ സാധിക്കില്ല.

അത് കൊണ്ട് സി പി എം കോൺഗ്രസ്സും പരസ്പരം പഴിചാരി നശിപ്പിച്ചാൽ അവരുടെ സ്ഥാനത്തു വളരാൻ കാത്തിരിക്കുന്നു ബി ജെ പി ക്ക് വഴി വെട്ടുകയാകും. സ്വന്തം കണ്ണിലെ കോൽ കാണാതെ അന്യന്റെ കണ്ണിലെ കരട് കാണിച്ചു കൊണ്ടുള്ള രാഷ്ട്രീയം പ്രതിസന്ധിയുടെ രാഷ്ട്രീയമാണ്.

കൊണ്ഗ്രെസ്സ് അടിമുടി മാറി ലക്ഷകണക്കിന് ആളുകളെ അതിലെക്ക് ആകർഷിച്ചെങ്കിലെ പിടിച്ചു നിൽക്കുകയള്ളൂ. അതിനു പുതിയ രാഷ്ട്രീയ കാഴ്ചപ്പാടും നേതൃത്വത്തിൽ തലമുറമാറ്റവും പുതിയ ഊർജ്ജവും ഉണ്ടാകണം
അല്ലാതെ ഓരോ തീരെഞ്ഞെടുപ്പിലും അവസാന നിമിഷം തട്ടികൂട്ടിയാൽ പിടിച്ചു നിൽക്കില്ല. തിരെഞ്ഞെടുപ്പ് കഴിഞ്ഞു ഒരാഴ്ച പരസ്പരം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല.

കേരളത്തിൽ കോൺഗ്രസിനു തലമുറമാറ്റം മാത്രം അല്ല വേണ്ടത്. രാപ്പകൽ അടിസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ ഊർജ്ജവും സഹന ശക്തിയും നേതൃത്വ പ്രാപ്തിയുമുള്ള നേതാക്കളെയാണ് വേണ്ടത്. പുതിയ പൊളിറ്റിക്കൽ ഇമാജിനേഷനാണ് വേണ്ടത്.

അതിനു കഴിയുമോ എന്നതാണ് പ്രശ്നം.

ജെ എസ് അടൂർ


Also Read » ഇന്ത്യ സമൂലമായി മാറുമെന്ന ആഗ്രഹചിന്ത.


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 9 | Saved : 05:17:46 am | 29-05-2022 CEST