ഗോവിന്ദൻ മാസ്റ്ററെ പോലുള്ളവർ വൈരുദ്ധ്യാത്മിക ഭൗതിക വാദത്തെ തള്ളിപ്പറയുന്നത് സ്വാഗതാർഹം തന്നെയാണ്; ഇന്ത്യൻ മാർക്സിസ്റ്റുകൾ ഇനി ഗാന്ധിജിയെ കൂടി അംഗീകരിക്കേണ്ടതുണ്ട്

Avatar
വെള്ളാശേരി ജോസഫ് | 08-02-2021 | 7 minutes Read

ഇന്ത്യൻ സാഹചര്യത്തിൽ വൈരുദ്ധ്യാത്മിക ഭൗതിക വാദവുമായി മുന്നോട്ട് പോകാനാവില്ല എന്നുള്ള എം.വി. ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന സ്വാഗതാർഹമാണ്. ഇപ്പോഴെങ്കിലും ഈ തിരിച്ചറിവ് അദ്ദേഹത്തിന് ഉണ്ടായല്ലോ.

ഇ.എം.എസ്. അടക്കം ഇന്ത്യയിലെ മിക്ക മാർക്‌സിസ്‌റ്റുകളുടേയും വീക്ഷണം യാന്ത്രിക ഭൗതികവാദം മാത്രമാണ്. കാറൽ മാർക്സ് അദ്ദേഹത്തിൻറ്റെ ജിവിത കാലത്ത് ഒരിക്കലും ഇന്ത്യയിൽ വന്നിട്ടില്ല. പുരാതന കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്ന മതത്തേയും, ആരാധനാ ക്രമങ്ങളേയും, സംസ്കൃതിയേയും അതുകൊണ്ടു തന്നെ അദ്ദേഹത്തിന് മനസിലാക്കാൻ സാധിച്ചിട്ടുമില്ല. പലപ്പോഴും ബ്രട്ടീഷുകാർ ഇന്ത്യയെ ചിത്രീകരിച്ച രീതിയിൽ നിന്നാണ് 'ഏഷ്യാറ്റിക് മോഡ് ഓഫ് പ്രൊഡക്ഷൻ' മാറ്റി ഇന്ത്യയെ ബ്രട്ടീഷുകാർ ഒരു വ്യവസായിക യുഗത്തിലേക്ക് കൊണ്ടുപോകും എന്ന് കാറൽ മാർക്സ് വിലയിരുത്തിയത്.

ബ്രട്ടീഷ് കൊളോണിയൽ ഭരണം ഇന്ത്യയെ ചൂഷണം ചെയ്യുമ്പോഴും ഇന്ത്യയിൽ നിലനിൽക്കുന്ന ഫ്യുഡൽ വ്യവസ്ഥിതിയെ തകർത്ത് ആധുനിക വ്യവസായിക കാലഘട്ടത്തിലേക്ക് ഇന്ത്യ നീങ്ങും എന്ന് അദ്ദേഹം സ്വപ്നം കണ്ടു. കമ്യുണിസ്റ്റുകാർ അടിസ്ഥാനപരമായി ജാതിയിലും, ഫ്യുഡൽ വ്യവസ്ഥിതിയിലുമുള്ള ഒരു രാജ്യമായി മാത്രമാണ് കാറൽ മാർക്സ്സിൻറ്റെ ഈ നിഗമനം വെച്ച് ഇന്ത്യയെ എപ്പോഴും നോക്കി കണ്ടിരുന്നത്. അവർ ഇന്ത്യയിലെ നന്മകൾ കാണാൻ എപ്പോഴും വിമുഖത കാട്ടുന്നവരാണ്.

ഒരു തിയറി എന്ന നിലയിൽ മാർക്സിസം അടിസ്ഥാനപരമായി പ്രയോഗികതക്കാണ് മുൻഗണന കൊടുത്തത്. 'ഡിറ്റർമിനിസം' അതല്ലെങ്കിൽ നിർണയവാദത്തിനെതിരായിരുന്നു മാർക്സിൻറ്റെ പല പ്രഖ്യാപനങ്ങളും. ഒടുവിൽ മാർക്സ്സിസം മറ്റ് ഫിലോസഫികളെക്കാൾ പ്രയോഗത്തിൽ പിന്തിരിപ്പൻ ആയിപ്പോയി എന്നുള്ളത് ചരിത്രത്തിൻറ്റെ വേറൊരു വശം. പറഞ്ഞുവരുന്നത് എന്താണെന്ന് വെച്ചാൽ, പത്തൊമ്പതാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന സാമൂഹ്യവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് മാർക്സിസത്തെ വിലയിരുത്തന്നതിൽ ഒരു കാര്യവുമില്ല എന്നുള്ളതാണ്.

എല്ലാ പാശ്ചാത്യ ദർശനങ്ങളുടേയും തുടക്കം തേടിപോയാൽ നമ്മൾ എത്തുക അരിസ്റ്റോട്ടിലിലും അദ്ദേഹത്തിൻറ്റെ ഗുരുവായ പ്ളേറ്റോയിലും, പ്ളേറ്റോയുടെ ഗുരുവായിരുന്ന സോക്രട്ടീസിലും ഒക്കെ തന്നെയാവും. വേണമെങ്കിൽ അതിനും മുമ്പത്തെ ഗ്രീക്ക് ഫിലോസഫേഴ്സിലേക്ക് പോകാം. മാർക്സിസ്റ്റ് ചിന്താധാരകളുടെ ആശയപരമായ തുടർച്ച ഹെഗലിൽ നിന്നും ഇമ്മാനുവേൽ കാന്‍റിൽ നിന്നുമൊക്കെയാണ്. ചിലപ്പോൾ അതിനും പിന്നിലേക്ക് പോയി അരിസ്റ്റോട്ടിലിലും പ്ളേറ്റോയിലും വരെയെത്തുന്നതും കാണാം. ഹെഗൽ മുതൽ മുകളിലേക്ക് ഉള്ളവരെ ആശയവാദികൾ എന്നും മാർക്സിനെ തത്വശാസ്ത്രത്തിലെ സമ്പൂർണ്ണ ഭൗതികവാദി എന്നുമാണ് പലരും വിശേഷിപ്പിക്കുന്നത്.

വൈരുധ്യങ്ങളുടെ പരസ്പര സമ്മേളനത്തെ മാർക്സിസം എങ്ങിനെയാണ് വിശദീകരിക്കുന്നത്? ഓരോ പ്രക്രിയയിലും രണ്ടു വിപരീത താല്പര്യങ്ങൾ അടങ്ങിയിരിക്കുന്നു; ഇവ തമ്മിൽ നിരന്തര സംഘർഷത്തിലുമാണ്. ഈ സംഘർഷം ഒരു പ്രത്യേക ഘട്ടത്തിൽ (അളവുപരവും ഗുണപരവുമായ മാറ്റത്തിന്‍റെ ഘട്ടത്തിൽ) മൂർച്ഛിക്കുകയും അതിൽനിന്ന് പുതിയ ഒന്ന് രൂപംകൊള്ളുകയും ചെയ്യുന്നു (തീസിസ് × ആന്‍റിതീസിസ് = സിന്തസിസ് ). ഉദാഹരണമായി അടിമയുടമ വ്യവസ്ഥ. ഫ്യുഡൽ വ്യവസ്ഥിതിയിൽ അടിമയും ഉടമയും നിരന്തര സംഘർഷത്തിലാണ്. അവർ വിരുദ്ധ സാമ്പത്തിക താല്പര്യങ്ങളെ പ്രതിനിധീകരിക്കുന്നു.

മുതലാളിത്ത വ്യവസ്ഥിതിയിൽ തൊഴിലാളിയും മുതലാളിയുമാണ് സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മുതലാളിത്ത വ്യവസ്ഥിതിയിൽ തൊഴിലാളി കൂടുതൽ സ്വതന്ത്രനാണ്. അടിമയുടമ വ്യവസ്ഥയിലെ ഉടമയെ പോലെ തൊഴിലാളി മുതലാളിത്ത വ്യവസ്തിതിയിൽ ഒരു 'ബോണ്ടട് ലേബറർ' അല്ലാ. മുതലാളിത്തത്തിനുള്ളിലെ തൊഴിലാളി-മുതലാളി താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷം ഒടുവിൽ മൂർച്ഛിച്ചു അത് പുതിയൊരു സാമൂഹ്യ വികാസത്തിലേക്കു നയിക്കുമെന്നും, അടിമയുടമ വ്യവസ്ഥിതിയിൽ നിന്നും മെച്ചപ്പെട്ടതായിരിക്കും എന്ന് മാർക്സ് ചൂണ്ടികാട്ടി. പുതിയൊരു സാമൂഹ്യ വികാസത്തിലേക്കു നയിക്കുമ്പോൾ അത് നേരത്തെ ഉള്ളതിനേക്കാൾ പുരോഗമനപരമായിരിക്കുമെന്നും മാർക്സ് പറയുന്നു.

മുതലാളി Vs തൊഴിലാളി എന്ന സംഘർഷത്തിൽ നിന്ന് ഉടലെടുക്കുന്നതാണ് സോഷ്യലിസം. സോഷ്യലിസത്തിൽ ഉൽപ്പാദന വ്യവസ്ഥയിന്മേലുള്ള മുതലാളിയുടെ അതല്ലെങ്കിൽ ഉടമയുടെ നിയന്ത്രണം നഷ്ടപ്പെടുകയും അത് സ്റ്റേറ്റിന്‍റെ കീഴിൽ ആകുകയും ചെയ്യുന്നു. വീണ്ടും തുടരുന്ന സംഘർഷം ഒടുവിൽ സ്റ്റേറ്റിനെ തന്നെ ഇല്ലാതാക്കുമെന്നും മനുഷ്യൻ പരിപൂർണ്ണ സ്വതന്ത്രനായ ഒരു സാമൂഹ്യവ്യവസ്ഥ രൂപമെടുക്കുമെന്നും മാർക്സ് വിഭാവനം ചെയ്യുന്നു. ചുരുക്കം പറഞ്ഞാൽ നിരന്തരമായ വർഗ സമരത്തിലൂടെ തൊഴിലാളിക്ക് അധികാരം കിട്ടുന്ന പുരോഗമനകരമായ ഒരു വ്യവസ്ഥിതി ആയിരുന്നു മാർക്സിൻറ്റെ ലക്ഷ്യം. അങ്ങനെയൊന്നും സംഭവിച്ചില്ല എന്നത് വേറെ കാര്യം.

മാർക്സിസം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നു ചോദിക്കുമ്പോൾ പലരും ചൂണ്ടിക്കാട്ടുന്നത് യൂറോപ്പിലും ആധുനികവൽക്കരണം സംഭവിച്ച മറ്റു സമ്പദ് വ്യവസ്ഥകളിലും ഉയർന്നുവന്ന മധ്യ വർഗത്തെയാണ്. ഈ മധ്യവർഗം കാരണം മാർക്സ് വിഭാവനം ചെയ്ത മുതലാളി Vs തൊഴിലാളി എന്ന സംഘർഷം ഉണ്ടായില്ല. മധ്യ വർഗം വലിയ തൊഴിലാളി വർഗ്ഗമായി യൂറോപ്പിലും അമേരിക്കയിലുമൊക്ക ഉയർന്നു; അവരുടെ ഉപഭോഗവും വർധിച്ചു; അവർ നിർണായക രാഷ്ട്രീയ ശക്തിയായി മാറുകയും ചെയ്തു. പക്ഷെ വൈരുദ്ധ്യാത്മിക ഭൗതിക വാദം പരാജയപ്പെടുന്നതിൽ വലിയൊരു ദാർശനികമായ സമസ്യ കൂടി ഉണ്ട്. പലർക്കും അത് മനസിലാവില്ല എന്നു മാത്രം. വൈരുദ്ധ്യാധിഷ്ഠിതം ഭൗതികം മാത്രമാണെന്ന് ശഠിച്ചതിൽ മാർക്സിന് വലിയ തെറ്റു പറ്റി. “Man is primarily material because he has to eat to live” - എന്ന് പറഞ്ഞാണല്ലോ കാറൽ മാർക്സ് തൻറ്റെ പ്രസിദ്ധമായ 'മെറ്റീരിയലിസ്റ്റ് അനാലിസിസ്' അല്ലെങ്കിൽ ഭൗതിക വാദം തുടങ്ങുന്നത് തന്നെ. "മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ലാ; പ്രത്യുതാ ദൈവത്തിൻറ്റെ വചനം കൊണ്ട് കൂടിയാണ് ജീവിക്കുന്നത്" എന്ന് അരുളിചെയ്തപ്പോൾ മനുഷ്യജീവിതത്തിൽ ഭക്ഷണത്തിനുള്ള പ്രാധാന്യം ക്രിസ്തു പോലും നിഷേധിച്ചില്ലാ. പക്ഷെ ഭക്ഷണത്തോടൊപ്പം ക്രിസ്തു പറഞ്ഞ ദൈവികമായ റോൾ മാർക്സിന് ഉൾക്കൊള്ളാനായില്ല. ചുരുക്കം പറഞ്ഞാൽ, മനുഷ്യ ജീവിതത്തിൽ ജഡത്തിനുള്ള പ്രാധാന്യം ചിത്തിനുമുണ്ട്. വിഷയങ്ങളുടെ ലോകത്തെ വിവേചിച്ച് അറിയാനുള്ള കാര്യക്ഷമത ബുദ്ധിക്ക് ലഭിക്കുന്നത് ആത്മാവിൽ നിന്നാണെന്നാണ് ശങ്കരാചാര്യർ ഒക്കെ പറയുന്നത്. ഈ ആത്മാവ് അനന്തവും അനാദിയുമാണ്. ജീവത്മാവും പരമാത്മാവും പ്രപഞ്ചത്തിൽ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കുന്നൂ. മനുഷ്യൻ അതുകൊണ്ട് എന്നും പരിണാമ വിധേയനും ആയികൊണ്ടേയിരിക്കുന്നൂ.

പ്രപഞ്ചത്തിൽ ഭൗതിക തലം പോലെ ഭക്തിയുടേയും, ആത്മീയതയുടേയും തലം കൂടി ഉണ്ടെന്നുള്ള കാര്യം ഭൗതിക വാദികൾ തിരിച്ചറിയുന്നില്ലാ. ഭൗതിക 'പ്രോപ്പഗാണ്ട' നടത്തുന്നവർക്ക് എല്ലാം ഭൗതികതയുടെ കണ്ണിൽ കൂടി അല്ലെങ്കിൽ 'മോഡ് ഓഫ് പ്രൊഡക്ഷൻ' ആയി എല്ലാം നോക്കി കാണണം. മതത്തെയും, ആത്മീയതയെയും അവർക്കു കണ്ടു കൂടാ. പി. ജയരാജൻ കുറേ വർഷങ്ങൾക്ക് മുമ്പ് ഒരു പത്ര സമ്മേളനത്തിൽ "ഭൗതിക തലം പോലെ പ്രപഞ്ചത്തിൽ ആത്മീയ തലം കൂടി ഉണ്ട്" എന്നു പറഞ്ഞു. ആത്മീയാചാര്യനായ ശ്രീ എം. - മായി ജോൺ ബ്രിട്ടാസ് കൈരളി ടി. വി. - യിൽ ഇൻറ്റർവ്യൂവും നടത്തി. ഇപ്പോൾ ഗോവിന്ദൻ മാസ്റ്ററും വൈരുദ്ധ്യാത്മിക ഭൗതിക വാദത്തിൻറ്റെ പരിമിതികൾ അംഗീകരിക്കുന്നു. എല്ലാം നല്ല കാര്യമാണ്. 2 + 2 = 4 എന്ന രീതിയിലുള്ള യുക്തിവാദം കൊണ്ട് സമഗ്രമായി ഏതെങ്കിലും ഒരു വിഷയത്തെ ഉൾക്കൊള്ളാനാവില്ല. ഇപ്പോൾ രവി ചന്ദ്രനെ പോലുള്ള യാന്ത്രിക ഭൗതികവാദികൾ എല്ലാത്തിനെയും കേവല യുക്തി കൊണ്ട് അളക്കുന്നു. പണ്ട് കമ്യൂണിസ്റ്റുകാർക്ക് പറ്റിയ തെറ്റാണിത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പ്രപഞ്ചത്തിൽ ഭൗതിക തലം പോലെ തന്നെ ആത്മീയ തലം കൂടി ഉണ്ടെന്നുള്ളത് ഈ യുക്തിവാദികൾ മനസിലാക്കണം. കേരളത്തിലെയോ, ഇൻഡ്യാ മഹാരാജ്യത്തിലേയോ മഹാ ഭൂരിപക്ഷം വരുന്ന ജനത യുക്തിവാദികളോ, കമ്യുണിസ്റ്റുകാരോ, യാന്ത്രിക ഭൗതികവാദികളോ അല്ല. ഒരു കാലത്തും ആയിരുന്നില്ല താനും. ഭക്തിക്കും, ആധ്യാത്മികതക്കും വളരെയധികം പ്രാധാന്യമുള്ള ഒരു പൊതു സമൂഹമാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിൽ നിലവിലുള്ള അനവധി മതങ്ങളെയും, ആധ്യാത്മിക പാരമ്പര്യങ്ങളേയും ശരിയായി മനസ്സിലാക്കാതെ കമ്യൂണിസ്റ്റുകാർക്കോ, യുക്തിവാദികൾക്കോ ഇന്ത്യയെ കണ്ടെത്താനാവുകയില്ല.

ഇന്ത്യയിലെ സാധാരണ ജനങ്ങൾക്കിടയിലുള്ള ഭക്തിയുടേയും, ആധ്യാത്മികതയുടെയും വലിയ പാരമ്പര്യം സൂക്ഷ്മമായി കണ്ടറിഞ്ഞ വ്യക്തിയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി. അതുകൊണ്ട് തന്നെ കമ്യൂണിസ്റ്റുകാർ രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ സന്ഖടിപ്പിച്ചപ്പോൾ ഗാന്ധിജി പ്രാർഥനാ സമ്മേളനങ്ങളാണ് സന്ഖടിപ്പിച്ചത്. കാരണം ആധ്യാത്മികതക്ക് വളരെയേറെ പ്രാധാന്യം ഉള്ള രാജ്യമായിരുന്നു എന്നും ഇന്ത്യ. ഇന്ത്യൻ ദേശീയതയെ കമ്യൂണിസ്റ്റുകാർ മനസിലാക്കിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഇന്ത്യൻ സാമൂഹിക യാഥാർഥ്യവും കമ്യൂണിസ്റ്റുകാർ മനസ്സിലാക്കിയതായി തോന്നുന്നില്ല. മുൻ നക്സലയിറ്റ് നേതാവ് കെ. വേണു ഇപ്പോൾ ആ യാഥാർഥ്യം അംഗീകരിക്കുന്നു.

ഇന്ത്യൻ സാമൂഹിക യാഥാർഥ്യo മനസ്സിലാക്കുന്നതിൽ ഗാന്ധി കമ്മ്യുണിസ്റ്റുകാരെക്കാൾ വളരെ, വളരെ മുന്നിലായിരിന്നു എന്ന കാര്യം 'ഒരു കമ്മ്യൂണിസ്റ്റുകാരൻറ്റെ ജനാധിപത്യ സങ്കൽപ്പങ്ങൾ' എന്ന പുസ്തകത്തിൽ കെ. വേണു തുറന്നു സമ്മതിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ മത നിരപേക്ഷത അല്ല ഇന്ത്യയുടെ മത നിരപേക്ഷത. ഇന്ത്യയുടെ മത നിരപേക്ഷത എല്ലാ മതങ്ങളേയും ആദരിക്കുന്നതാണ്; അല്ലാതെ ഭക്തിയേയോ, ആത്മീയതയേയൊ, മത വിശ്വാസത്തേയോ തള്ളി പറയുന്നതല്ല.

1947-ൽ കമ്യുണിസ്റ്റുകാർക്കോ, അംബേദ്കറിസ്റ്റുകൾക്കോ വർഗീയ സംഘർഷങ്ങൾക്കെതിരെ ഒരു പരിഹാരവും നിർദേശിക്കാനില്ലായിരുന്നു എന്ന കാര്യവും കൂടി ഓർക്കേണ്ടതുണ്ട്. തൻറ്റെ നിരാഹാര സമരങ്ങളിലൂടെ ഗാന്ധിയാണ് ഡൽഹിയിലും, കൽക്കട്ടയിലും സാമുദായിക സൗഹാർദം പുനഃസ്ഥാപിച്ചത്. താൻ പട്ടിണി കിടക്കുന്നത് കൊണ്ട് നിങ്ങൾ മത സൗഹാർദം പാലിക്കണമെന്ന് പറയുകയായിരുന്നില്ല ഗാന്ധി ചെയ്തത്; മറിച്ച് ഇവിടെ മത സൗഹാർദം എന്നും നിലനിന്നിരുന്നു എന്ന് തൻറ്റെ സഹന സമരത്തിലൂടെ ജനത്തെ ഓർമപ്പെടുത്തുകയായിരുന്നു ഗാന്ധി ചെയ്തത്. മത സൗഹാർദ്ദത്തിന് ഇന്നും ഇത്തരം സഹന സമരങ്ങളാണ് ഏറ്റവും നല്ലത്; അല്ലാതെ ബീഫ് ഫെസ്റ്റിവൽ അല്ല എല്ലാ സമുദായങ്ങളേയും കൂട്ടിയിണക്കാൻ നമുക്ക് വേണ്ടത്. അവസാന കാലത്ത് തൻറ്റെ ജീവന് നേരെ ഉയരുന്ന ഭീഷണി വ്യക്തമായി കണ്ടിട്ടും ഗാന്ധി എടുത്ത ശക്തവും, ധീരവും ആയ മത സൌഹാർദപരമായ നിലപാടാണ് ഇന്ത്യയുടെ അടിത്തറ. തൻറ്റെ രക്തസാക്ഷ്യത്തിലൂടെ ഗാന്ധിക്ക് താൻ ജീവിച്ചിരുന്നപ്പോൾ സാധിക്കാതിരുന്നത് മരണത്തിലൂടെ സാധിച്ചെടുക്കാൻ സാധിച്ചു.

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷ്യത്തിനു ശേഷം അടുത്ത പത്തു വർഷത്തിൽ ഇന്ത്യയിൽ ഒരു വലിയ വർഗീയ ലഹള പോലും ഉണ്ടായില്ല. ഇതു ചരിത്ര സത്യം. വിഭജനത്തിൻറ്റെ സമയത്ത് പാക്കിസ്ഥാനിൽ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാർദം പുലർതണമെന്നും, ഇന്ത്യയിൽ മുസ്ലീങ്ങൾ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാർദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ അദ്ദേഹത്തിൻറ്റെ ജീവന് വേണ്ടി മോസ്ക്കുകളിൽ പോലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. പാക്കിസ്ഥാനിൽ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകൾ വളകൾ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആർജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. ഗാന്ധിയെ മനസിലാക്കാതിരുന്നതും, അംഗീകരിക്കാതിരുന്നതും ഇന്ത്യയിലെ കമ്യുണിസ്റ്റുകാരുടെ ഏറ്റവും വലിയ പരാജയം ആയിരുന്നു. ഗാന്ധിയെ കൂടുതൽ കൂടുതൽ അറിയേണ്ടതും, ഗാന്ധിയെ പറ്റി കൂടുതൽ പഠിപ്പിക്കേണ്ടതും വർഗീയത കണ്ടമാനം നടമാടുന്ന ഈ കാലഘട്ടത്തിൻറ്റെ ആവശ്യമാണ്.

യാന്ത്രിക ഭൗതിക വാദികളായ ഇന്ത്യയിലെ മാർക്സിസ്റ്റുകൾക്ക് മാഹാത്മാ ഗാന്ധിയുടെ രീതികൾ മനസിലാക്കാൻ സാധിക്കാതെ പോയതാണ് ഒരു പരിധി വരെ ഗാന്ധിജിയെ അവർ അംഗീകരിക്കാതിരിക്കാൻ കാരണം. സത്യത്തിൽ, മഹാത്മാ ഗാന്ധിയെ ഭൗതിക വാദികൾക്ക് എന്നെങ്കിലും മനസിലാക്കുവാൻ സാധിക്കുമോ?

ഇല്ലെന്നാണ് തോന്നുന്നത്. ഗാന്ധിയുടെ സമയത്തു ജീവിച്ചിരുന്ന മൂന്ന് ആധ്യാത്മിക ആചാര്യന്മാർ ഗാന്ധിയുടെ പ്രാധാന്യം വളരെ നന്നായി വ്യക്തമാക്കിയിട്ടുണ്ട്. മഹാ യോഗിയായ സ്വാമി ശിവാനന്ദ സരസ്വതി ഗാന്ധിയെ കുറിച്ച് പറഞ്ഞിരിക്കുന്നത് മനസ്സിലാക്കണമെങ്കിൽ 'Sivananda - Biography of a Modern Sage' എന്ന പുസ്തകം വായിച്ചാൽ മാത്രം മതി. ഗാന്ധി എന്ന ഒറ്റ വ്യക്തിയാണ് മറ്റാരേക്കാളും ഉപരിയായി ഇന്ത്യക്കു ബ്രട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി തന്നത് എന്ന് സ്വാമി ശിവാനന്ദ കൃത്യമായി പറയുന്നുണ്ട്. ഋഷികേശിലെ ഡിവൈൻ ലൈഫ് സോസേറ്റിയുടെ പ്രസിദ്ധീകരണം ആണ് ഈ പുസ്തകം. അത് പോലെ തന്നെ ഗാന്ധിയുടെ കാലത്ത് ജീവിച്ചിരുന്ന മറ്റൊരു മഹായോഗിയായിരുന്നു സ്വാമി പരമഹംസ യോഗാനന്ദ. പരമഹംസ യോഗാനന്ദയുടെ ‘Autobiography of a Yogi’ ലക്ഷ കണക്കിന് കോപ്പികൾ വിറ്റു പോയ പുസ്തകമാണ്. മലയാളത്തിലും 'ഒരു യോഗിയുടെ ആത്മകഥ' എന്ന ടൈറ്റിലിൽ തർജിമ ചെയ്യപ്പെട്ടിട്ടുണ്ട്. ആ പുസ്തകത്തിൽ ഒരു അദ്ധ്യായം തന്നെ ഗാന്ധിയുടെ ആശ്രമത്തിൽ സന്ദർശനത്തിന് പോയതിനെ കുറിച്ചാണ്. സ്വാമി പരമഹംസ യോഗാനന്ദയും ഗാന്ധിയും കൂടി ഭക്ഷണം കഴിക്കുന്ന ഫോട്ടോയും ഉണ്ടതിൽ. ഇനി ഗാന്ധിയുടെ കാലത്ത് തന്നെ ജീവിച്ച വിശുദ്ധയായിരുന്നു ബംഗാളിൽ നിന്നുള്ള ആനന്ദമയി മാ. നെഹ്രുവും, ഇന്ദിരാ ഗാന്ധിയും ഒക്കെ പിന്നീട് പല തവണ സന്ദർശിച്ച വ്യക്തി. ബിതിക മുഖർജിയുടെ 'മൈ ഡേയ്സ് വിത്ത് ശ്രീ മാ ആനന്ദമയി' എന്ന പുസ്തകം വായിച്ചാൽ ആനന്ദമയി മായും ഗാന്ധിയെ നന്നായി അനുസ്മരിക്കുന്നത് കാണാം. അതിൽ ആനന്ദമയി മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കണം. “Just like Jesus Christ! Just as Jesus Christ had appropriated the violence of his people totally and so had forgiven them”- എന്നാണ് വിശുദ്ധയായ ആനന്ദമയി മാ ഗാന്ധിയുടെ രക്തസാക്ഷിതത്വത്തെ കുറിച്ച് പറഞ്ഞത് ('മൈ ഡേയ്സ് വിത്ത് ശ്രീ മാ ആനന്ദമയി' - പേജ് 165).

ഇങ്ങനെ സത്യത്തെ അനുഭവിച്ചറിഞ്ഞവർ ഗാന്ധിയുടെ മഹത്ത്വം ഉൽഘോഷിക്കുമ്പോൾ പിന്നെ കേവലം വായനാനുഭവത്തിലൂടെ ഗാന്ധിയെ വിലയിരുത്തുന്ന ഭൗതിക വാദികൾക്ക് എന്താണ് പ്രസക്തി? യാന്തിക ഭൗതിക വാദികളുടേയും, യുക്തി വാദികളുടേയും ആശയങ്ങൾ വെറും കേവല യുക്തി ആയി പരിണമിക്കുമ്പോഴും അവർ ശാസ്ത്രീയതയുടെ മുഴുവൻ കുത്തക അവർക്കു മാത്രം അവകാശപ്പെടുമ്പോഴും ആധ്യാത്മിക മൂല്യങ്ങളിൽ ഊന്നിയ ഗാന്ധിയെ പോലുള്ളവരുടെ വാക്കും പ്രവർത്തിയും അങ്ങനെയുള്ളവർക്ക് മനസിലാക്കുവാൻ പറ്റില്ലെന്നാണ് തോന്നുന്നത്. ഇന്നും ഭൗതിക വാദികളും, ഹിന്ദു വാദികളും അംഗീകരിക്കുന്നില്ലെങ്കിലും മൗണ്ട്ബാറ്റൻ പ്രഭു തന്നെ അംഗീകരിച്ച കാര്യമായിരുന്നു ഗാന്ധിയുടെ അക്രമ രഹിത സമരമാണ് ബ്രിട്ടൻ ഇന്ത്യ വിടാനുള്ള കാരണമെന്നുള്ളത്. അത് കേവലം ഭംഗി വാക്കല്ലായിരുന്നു. ‘Gandhi will go down in history along with Buddha and the Jesus Christ” - എന്നാണ് ഗാന്ധിയുടെ മരണസമയത്ത് ഇന്ത്യയുടെ അവസാന വൈസ്റോയ് ആയിരുന്ന മൗണ്ട്ബാറ്റൻ പ്രഭു പറഞ്ഞത്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 05:26:00 am | 19-06-2024 CEST