'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ വളരെയേറെ ഗൗരവമുള്ളതും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്

Avatar
വെള്ളാശേരി ജോസഫ് | 20-01-2021 | 7 minutes Read

സോഷ്യൽ മീഡിയയിൽ ഇതുപോലെ തരംഗമായ മറ്റൊരു സിനിമയുമില്ലാ; 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ ഉയർത്തുന്ന വിഷയങ്ങൾ വളരെയേറെ ഗൗരവമുള്ളതും ചർച്ച ചെയ്യപ്പെടേണ്ടതുമാണ് .

'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' സിനിമ ഇന്നലെ മുഴുവനായും 'നീസ്ട്രീമിൽ കണ്ടു. ഏത് സംഭവം ആണെങ്കിലും പഠിച്ചിട്ടു വേണമല്ലോ അതിനെ കുറിച്ച് അഭിപ്രായം പറയാൻ. ഇൻറ്റർനെറ്റിൽ ഈ സിനിമ കാണാതെ പലരും സോഷ്യൽ മീഡിയയിൽ കൂടി വിമർശിക്കുന്നൂ എന്നതാണ് ഇപ്പോൾ ഈ സിനിമ നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം.

നവോത്ഥാന സങ്കല്പങ്ങളോ, സ്ത്രീ വിമോചനമോ വലിയ തോതിൽ ചർച്ചയായി ഈ സിനിമയിൽ വരുന്നില്ലാ എന്നതാണ് യാഥാർഥ്യം. മൊത്തത്തിൽ സ്ത്രീകൾ കുടുംബം എന്ന വ്യവസ്ഥിതിയിൽ നേരിടുന്ന പ്രശ്നങ്ങളാണ് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയുടെ പ്രമേയം. അടുക്കള ജോലി, സെക്സ്, അലക്ക്, വീട് വൃത്തിയാക്കൽ, മുതിർന്നവരെ അനുസരിക്കൽ, ശുദ്ധി സങ്കൽപങ്ങൾ - ഇങ്ങനെ നമ്മുടെ കുടുംബ രീതികൾ സ്ത്രീകളിൽ നിന്ന് ആവശ്യപ്പെടുന്നതിൻറ്റെ നീതികേടുകൾ ഒരു പാരമ്പര്യ കുടുംബ ചുറ്റുപാടിൽ നിന്നുകൊണ്ട് നന്നായി കാണിക്കാൻ സാധിച്ചു എന്നുള്ളതാണ് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയുടെ വിജയം. ബാക്കിയൊക്കെ സിനിമ കാണുന്ന പ്രേക്ഷകർക്ക് തീരുമാനിക്കാം. സത്യം പറഞ്ഞാൽ, സംവിധായകൻ സിനിമയിലൂടെ ഒരു 'വാല്യൂ ജഡ്ജ്മെൻറ്റ്' നടത്തുന്നതായി സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഇതെഴുതുന്ന ആൾക്ക്‌ അനുഭവപ്പെട്ടില്ല.

നിർഭാഗ്യവശാൽ 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ കാണിച്ചിരിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളെ കുറിച്ച് വേണ്ടപോലെ അഭിപ്രായം പറയാൻ ഇതെഴുതുന്നയാൾക്ക് ആവുമെന്ന് തോന്നുന്നില്ല. കാരണം ഇത്തരം സ്ത്രീകളുടെ ജീവിതമൊന്നും ഞാൻ കണ്ടിട്ടുമില്ല; കേട്ടിട്ടുമില്ല. ചിലരൊക്കെ ഇതുപോലെ കഷ്ടപ്പെടുന്ന സ്ത്രീകൾ ഉണ്ടെന്നുതന്നെ പറയുന്നൂ. പക്ഷെ അരകല്ലൊക്കെ ഞങ്ങളുടെ വീട്ടിൽ കുറഞ്ഞത് ഒരു 30 വർഷം മുമ്പെങ്കിലും കാഴ്ചവസ്തു ആയതാണ്. നഗരങ്ങളിലെ ഫ്‌ളാറ്റുകളിൽ പണ്ടത്തെ പോലെ അരകല്ലോ ആട്ടുകല്ലോ ഇപ്പോൾ ഇല്ലല്ലോ. അപ്പോൾ 2018-ൽ അരകല്ലിൽ അരച്ച ചട്നിയേ കഴിക്കൂ എന്ന് വാശിപിടിക്കുന്ന ആണുങ്ങളെ എനിക്ക്‌ കാണാൻ സാധിച്ചിട്ടില്ല. അതുപോലെ ബ്രഷും പേസ്റ്റും മരുമകൾ എടുത്തുകൊടുത്ത് അമ്മായിയച്ഛനെ കൊണ്ട് പല്ലുതേപ്പിക്കുന്ന സീൻ; ചെരിപ്പ് വരെ അമ്മായിയമ്മ എടുത്ത് കൊണ്ട് കാരണവരുടെ കാലിന് മുമ്പിൽ ഇടുന്ന സീൻ - ഇതൊക്കെ ഞാൻ കണ്ടിട്ടോ കേൾക്കാത്തതോ ആയിട്ടുള്ളവയാണ്. ഫ്രിഡ്ജിൽ നിന്നും എടുത്ത് ചൂടാക്കി കൊടുത്ത കടലക്കറി കഴിക്കാൻ കൂട്ടാക്കാത്തതും, മുരിങ്ങക്കോലും വെയിസ്റ്റുമെല്ലാം ഭക്ഷണമേശയിൽ തന്നെ വിതറുന്നതുമൊക്കെ ഒരു മിനിമം മര്യാദയുടേയും മാന്യതയുടേയും അഭാവം തന്നെയാണ് കാണിക്കുന്നത്. ഇത്തരം മര്യാദകേട് ഒക്കെ കാണിച്ചുകൂട്ടിയിട്ട് അത്യന്തം സോഫ്റ്റായി 'മോളെ' എന്നു വിളിക്കുമ്പോൾ വീണുപോകുന്ന ഒരു മരുമകളേയും ഞാൻ കണ്ടിട്ടില്ല. ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷീൻ ഇന്നിപ്പോൾ മധ്യവർഗത്തിന് പോലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു യന്ത്രോപകരണം ആയിക്കഴിഞ്ഞു. അപ്പോൾ 2018-ൽ വീട്ടിൽ കേറി വന്ന മരുമകളെ കൊണ്ട് സ്വന്തം തുണികളൊക്കെ അലക്കുകല്ലിൽ തന്നെ അടിച്ചു കഴുകിക്കണം എന്നു നിർബന്ധം പിടിക്കുന്ന അമ്മായിയച്ഛൻമാരെ കാണാൻ സാധിക്കുമോ?

'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ സംഘ പരിവാറുകാരെ കളിയാക്കുന്നു എന്ന് ചിലരൊക്കെ എഴുതികണ്ടു. സത്യത്തിൽ സംഖ പരിവാറുകാരെ ആ സിനിമയിൽ കളിയാക്കുന്നില്ലാ. ആർത്തവത്തിൻറ്റെ പേരിലുള്ള അശുദ്ധിയൊക്കെ ചില ഹിന്ദു വീടുകളിൽ ഇപ്പോഴും വലിയ ആചാരനിഷ്ഠയോടെ പരിപാലിക്കപ്പെടാറുണ്ടെന്നു തന്നെയാണ് 2018-ലെ ശബരിമല പ്രക്ഷോഭത്തെ തുടർന്ന് ചിലർ നടത്തിയ സർവേകളിൽ വെളിപ്പെട്ടത്. 'പീരിയഡ്സ്' ഉള്ള സമയത്തു ചില വീടുകളിൽ സ്ത്രീകൾക്കായി ആ ദിവസങ്ങളിൽ പ്രത്യേക ഗ്ലാസും പ്ലെയിറ്റും നീക്കിവെക്കുന്നതായും സർവേകളിൽ വെളിപ്പെട്ടു. 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ ഇത്തരം ശുദ്ധി സങ്കല്പങ്ങളെ കുറിച്ച് വസ്തുതാപരമായ പരാമർശങ്ങൾ മാത്രമേ ഉള്ളൂ. പക്ഷെ വീണ്ടും പറയട്ടെ, ഇതെഴുതുന്നയാൾക്ക് പരിചയമുള്ള ഒരു വീട്ടിലും ആർത്തവത്തിൻറ്റെ പേരിൽ സ്ത്രീകൾക്ക് അശുദ്ധി ചാർത്തികൊടുക്കുന്നത് കണ്ടിട്ടില്ലാ. രണ്ടും മൂന്നും മുറികളുള്ള നഗരങ്ങളിലെ ഫ്ളാറ്റുകളിൽ താമസിക്കുന്നവർക്ക് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ കാണിക്കുന്നതുപോലെ ഒരു മുറി 'പീരിയഡ്സ്' ഉള്ള സ്ത്രീകൾക്ക് വിട്ടുകൊടുക്കാനൊന്നും സാധിക്കില്ലല്ലോ. ഇന്നത്തെ അണുകുടുംബങ്ങളിൽ അല്ലെങ്കിൽ തന്നെ സ്ത്രീകളെ ആർത്തവത്തിൻറ്റെ പേരിൽ അടുക്കളയിൽ നിന്നൊക്കെ മാറ്റിനിർത്താൻ ആർക്കു സാധിക്കും? എനിക്ക്‌ നേരിട്ടറിയാവുന്ന കേരളത്തിലെ നായർ/നമ്പൂതിരി ഭവനങ്ങളിലൊന്നും ഇത്തരത്തിലുള്ള ഒരു വിലക്കും ഇല്ലാ; ഉത്തരേന്ത്യൻ വീടുകളിലും ഇല്ലാ. പക്ഷെ ചിലരൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. പണ്ട് കൂടെ ജോലി ചെയ്തിരുന്ന ഉത്തർപ്രദേശുകാരൻറ്റെ ഭാര്യയെ ആർത്തവ ദിവസങ്ങളിൽ അയാളുടെ അമ്മ അടുക്കളയിൽ കേറ്റാറില്ലായിരുന്നു എന്നു അയാൾ എന്നോട് പറഞ്ഞിട്ടുണ്ട്.

ബി.ജെ.പി. - യും, സംഘ പരിവാറുകാരും ഇന്ന് ഇന്ത്യ ഭരിക്കുന്നതുകൊണ്ടാകാം 'ആമസോൺ പ്രൈമും', 'നെറ്റ്ഫ്ളിക്സും' ഒന്നും ഈ സിനിമ ഓൺലൈനിൽ കാണിക്കുന്നില്ലാ. ഇതെഴുതുന്നയാളുടെ അറിവിൽ 'നീസ്‌ട്രീം' മാത്രമാണിത് ഇൻറ്റർനെറ്റിൽ കാണിക്കുന്നത്. ശബരിമല പ്രക്ഷോഭം കാണിക്കുന്നൂ എന്നു പറഞ്ഞുകൊണ്ട് 'ആമസോൺ പ്രൈമും', 'നെറ്റ്ഫ്ളിക്സും' ഈ ചിത്രം കാണിക്കാതിരിക്കുന്നത് തീർത്തും വിചിത്രമാണ്. ശബരിമല പ്രക്ഷോഭം അല്ല ഈ ചിത്രത്തിൻറ്റെ പ്രമേയം. അന്നത്തെ കേരളത്തിൻറ്റെ രാഷ്ട്രീയത്തിൻറ്റെ ഭാഗമായതുകൊണ്ട് ശബരിമല പ്രക്ഷോഭം ഈ ചിത്രത്തിലും കടന്നുവരുന്നൂ എന്നുമാത്രം. സംഘ പരിവാറുകാരെ പ്രീതിപ്പെടുത്താൻ 'ആമസോൺ പ്രൈമും', 'നെറ്റ്ഫ്ളിക്സും' ഒരുമ്പെടുമ്പോൾ ഇവിടെ 'അപ്രഖ്യാപിത അടിയന്തിരാവസ്ഥക്ക്' തുല്യമായ സാഹചര്യം സംജാതമാകുന്നൂ. എന്തായാലും ഈ സിനിമയിൽ സ്മാർട്ട് ഫോൺ സ്ത്രീകളും കുടുംബത്തിലെ കാരണവരും ഒക്കെ ഉപയോഗിക്കുന്നുണ്ട്. ബി.ജെ.പി. - യുടേയും, സംഘ പരിവാറുകാരുടേയും ഏറ്റവും ശക്തമായ പ്രചാരണോപാധി ആണല്ലോ സ്മാർട്ട് ഫോൺ. 'വാട്ട്സ്ആപ് യൂണിവേഴ്‌സിറ്റികൾ' വഴിയാണല്ലോ ഇന്ന് കണ്ടമാനം അന്ധവിശ്വാസം പ്രചരിപ്പിക്കപ്പെടുന്നതും. ഈ സിനിമയിൽ ചിത്രീകരിക്കപ്പെടുന്നവരെ പോലെ പലർക്കും ആർത്തവത്തെ കുറിച്ചുള്ള ശാസ്ത്ര വിരുദ്ധമായ സങ്കൽപ്പങ്ങൾ പകർന്നു കിട്ടിയത് ഒരുപക്ഷെ സ്മാർട്ട്‌ ഫോൺ വഴിയാകാം; കണ്ടമാനം വാട്ട്സ്ആപ്പ് യൂണിവേഴ്‌സിറ്റികൾ ഇന്ന് സ്മാർട്ട് ഫോൺ വഴി ഇത്തരം അറിവുകൾ സംഘ പരിവാറുകാർക്ക് പ്രദാനം ചെയ്യുന്നുണ്ടല്ലോ.

കേരളത്തിന് ഈ പറയപ്പെടുന്ന പുരോഗമനം ഒന്നും ഇല്ലാ എന്നുള്ളത് 2018-ലെ ശബരിമല പ്രക്ഷോഭത്തോടെ കൂടെ വ്യക്തമായതാണ്. കേരളത്തിൽ കള്ളുകുടിച്ചു വരുന്ന ഭർത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏൽക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് 'വലിയ പുരോഗമനക്കാരോ', ദളിത് ബുദ്ധിജീവികളോ ചർച്ച ചെയ്യുന്നത് കണ്ടിട്ടില്ലാ. സ്ത്രീകൾ രാഷ്ട്രീയത്തിലിറങ്ങിയാൽ അവരെകുറിച്ച് ലൈംഗിക ആരോപണം അടിച്ചിറക്കുന്നത് അതല്ലെങ്കിൽ അവർക്കെതിരെ ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തുന്നത് കേരളത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. വി.എസ്. അച്യുതാനന്ദൻ, എം. എം. മണി, വിജയരാഘവൻ - ഇവരൊക്കെ ദ്വയാർത്ഥ പ്രയോഗങ്ങൾ ഉപയോഗിച്ചിട്ടുള്ളവരുമാണ്. ഇത്തരത്തിൽ 'ക്യാരക്റ്റർ ആസാസിനേഷൻ' നടത്താൻ പറ്റിയില്ലെങ്കിൽ കൂടി കേരളത്തിലെ രാഷ്ട്രീയം അടിമുടി വയലൻ്റായി നിലനിർത്തുമ്പോൾ സ്ത്രീകൾക്ക് അവിടെ പങ്കെടുക്കുവാനുള്ള അവസരമാണ് നിഷേധിക്കപ്പെടുക.

മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂരിലും, ഹാജി അലി ദർഗ്ഗയിലും സ്ത്രീകൾ കയറിയപ്പോൾ ആരും പ്രതിഷേധിച്ചു കണ്ടില്ല. തൃപ്തി ദേശായിക്ക് ശനി ദുർഗ്ഗാപ്പൂർ ക്ഷേത്രത്തിൽ കടക്കാൻ പറ്റിയതും, ഹാജി അലി ദർഗ്ഗയിൽ പ്രവേശിക്കാൻ പറ്റിയതും മഹാരാഷ്ട്രയിൽ കേരളത്തെക്കാൾ സ്ത്രീകൾക്ക് സ്വാതന്ത്ര്യം കൂടുതലുള്ളതുകൊണ്ടാണ്. അതല്ലെങ്കിൽ തന്നെ ശിവജി ജനിച്ച മഹാരാഷ്ട്രയിലെ ജുന്നറിൽ പോയാൽ അമ്മയായ ജീജാഭായ് ബാലനായ ശിവജിയെ വാൾപയറ്റ് ഒക്കെ പഠിപ്പിക്കുന്ന ചിത്രങ്ങൾ പല ഓഫീസുകളിലും വീടുകളിലും കാണാൻ സാധിക്കും.

കേരളത്തിലെ 'മാട്രിലീനിയൽ' സമ്പ്രദായത്തെ കുറിച്ച് നിറം പിടിപ്പിച്ച കഥകൾ മാത്രമാണുള്ളത്. വളരെയധികം സ്വാതന്ത്ര്യം അനുഭവിച്ച സ്ത്രീകൾ കേരളത്തിൽ ഉണ്ടായിരുന്നെന്നുള്ള അവകാശവാദം നിലനിൽക്കുമ്പോൾ തന്നെ കേരളത്തിൽ നല്ലൊരു ഫെമിനിസ്റ്റ് പ്രസ്ഥാനം പോലുമില്ല എന്ന വസ്തുത കാണാതിരുന്നു കൂടാ. ഡൽഹിയിൽ ഇതെഴുതുന്ന ആൾ താമസിക്കുന്ന സ്ഥലത്ത് വർഷം തോറും രജപുത്രർ (രാജ്പുത്) നയിക്കുന്ന മാർച്ച് കണ്ടിട്ടുണ്ട്. മുന്നിൽ വാൾ ഊരിപിടിച്ച് പെൺകുട്ടികളാണ് ആ മാർച്ചൊക്കെ നയിക്കുന്നത്. കേരളത്തിൻറ്റെ ചരിത്രത്തിൽ ഉണ്ണിയാർച്ചയുടേയും തുമ്പോലാർച്ചയുടേയും വീര കഥകളൊക്കെ ഉണ്ട്. പണ്ട് കേരളത്തിലെ സ്ത്രീകളൊക്കെ ഇത്ര വീര ശൂര പരാക്രമികൾ ആയിരുന്നുവെങ്കിൽ ഉത്തരേന്ത്യയിൽ നടക്കുന്നത് പോലുള്ള മാർച്ചൊക്കെ ഇന്നും കാണാമായിരുന്നുവല്ലോ. അതിനു പകരം കേരളത്തിൽ നടക്കുന്നതെന്താണ്?

ആർത്തവത്തിൻറ്റെ പേരിൽ "ഞങ്ങളൊക്കെ അശുദ്ധകളാണേ" എന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ട് തെരുവിൽ കൂടി പ്രകടനം നടത്തുന്നു. മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളിലൊക്കെ സ്ത്രീ പ്രവേശനം അനുവദിച്ച കോടതി തന്നെയാണ് ശബരിമലയിലും യുവതീ പ്രവേശനം അനുവദിച്ചത്. പുരോഗമന സമൂഹം എന്ന് അഭിമാനിക്കുന്ന മലയാളികൾ പക്ഷെ നെയ്തേങ്ങാ വെച്ച് തലക്ക് എറിയുന്നു; 'അടിച്ചു കൊല്ലടാ അവളെ' എന്ന് ആക്രോശിക്കുന്നു; സ്ത്രീകളുടെ വീട് കേറി ആക്രമിക്കുന്നു. വിശ്വാസം കൊണ്ടല്ലാ; ഗുണ്ടായിസവും തെറി വിളിയും കൊണ്ടാണ് ബി.ജെ.പി. - യും, സംഘ പരിവാറുകാരും കേരളത്തിൽ രാഷ്ട്രീയ മുന്നേറ്റം ഉണ്ടാക്കാൻ നോക്കുന്നത് എന്ന് ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്ത അവരുടെ ആറ്റിറ്റ്യൂഡിൽ നിന്ന് വ്യക്തമായതായിരുന്നു. ഈ ഗുണ്ടായിസത്തിലും തെറി വിളിയിലും കണ്ടമാനം സ്ത്രീ വിരുദ്ധത അടങ്ങിയിരുന്നൂ എന്നുള്ളത് പൊതുവേ സ്ത്രീ വിരുദ്ധമായ സമൂഹം കണ്ടതുമില്ലാ.

മലയാളികൾക്കിടയിൽ ആഴത്തിൽ വേരോടിയിരിക്കുന്ന സ്ത്രീ വിരുദ്ധത തന്നെയാണ് ശബരിമല പ്രക്ഷോഭത്തിൻറ്റെ പിന്നിലുള്ള ചേതോവികാരം ആയി വർത്തിച്ചതും. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ശാസ്ത്ര യുഗത്തിൽ അശുദ്ധരെന്ന് ഒരു വലിയ കൂട്ടം സ്ത്രീകൾ തെരുവുകളിൽ കൂടി സ്വയം പ്രഖ്യാപിക്കുന്നു; വിദ്യാഭ്യാസമുള്ള സ്ത്രീകൾ പോലും 'റെഡി റ്റു വെയിറ്റ്' ക്യാമ്പയിൻ നയിക്കുന്നു. കേരളത്തിലെ സ്ത്രീകൾ അങ്ങനെ പ്രതികരിച്ചില്ലെങ്കിലാണ് അത്ഭുതം.

കേരളത്തിൻറ്റെ ഫ്യുഡൽ ചരിത്രത്തിൽ സ്ത്രീ വിരുദ്ധത കണ്ടമാനം ഉണ്ട്. മലയാളിയുടെ വീര ശൂര പരാക്രമി ആയിരുന്ന തച്ചോളി ഒതേനൻ പറയുന്നതായ വടക്കൻ പാട്ട് ഒന്ന് ശ്രദ്ധിക്കുക:


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

“ആണിന്നടങ്ങാത്ത പെണ്ണുണ്ടിന്ന്
അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ
ഓളെ ഞാൻ നന്നാക്കിക്കൊണ്ട്വരല്ലോ…
ഒന്നിങ്ങു കേൾക്കണം പെറ്റോരമ്മേ
ഞാനിന്നടക്കാത്ത പെണ്ണുമില്ല
ഞാനിന്നു കേറാത്ത വീടുമില്ല”

– ഇതാണ് തച്ചോളി ഒതേനൻറ്റെ വീര വാദം. മാടമ്പിത്തരത്തിൻറ്റേയും ആണഹന്തയുടേയും അങ്ങേയറ്റമാണ് ഈ വാക്കുകളിൽ മുഴങ്ങുന്നത്. ഇതുപോലുള്ള വടക്കൻ പാട്ടുകൾ കേട്ട മലയാളി ഉണ്ടാക്കുന്ന സിനിമാ ഗാനങ്ങളിലും, സാഹിത്യത്തിലും സ്ത്രീ വിരുദ്ധത അങ്ങേയറ്റമുണ്ട്.

"നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും. നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും. ചിരിച്ചുകൊണ്ട് കരയും. മോഹിച്ചുകൊണ്ട് വെറുക്കും." - 'ഒരു വടക്കൻ വീരഗാഥയിലെ' ഈ ഡയലോഗ് മലയാള പ്രേക്ഷകരുടെ കയ്യടി നേടിയ ഒന്നാണല്ലോ. എം.ടി. വാസുദേവൻ നായർ കഥാസന്ദർഭത്തിൻറ്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഈ ഡയലോഗിനെ പിന്നീട് ന്യായീകരിച്ചത്. പക്ഷെ സുബോധമുള്ളവർക്ക് ഇതിലെ സ്ത്രീ വിരുദ്ധത കാണാതിരിക്കാൻ ആവില്ല. 'ഒരു വടക്കൻ വീരഗാഥ' എന്ന സിനിമ സൂപ്പർ ഹിറ്റായി മാറിയത് ഇത്തരത്തിലുള്ള 'കിടിലൻ' ഡയലോഗുകൾ മൂലമായിരുന്നല്ലോ.

ഇത്തരം രൂഢമൂലമായ സ്ത്രീ വിരുദ്ധത കേരളത്തിൽ നിലനിൽക്കുന്നതുകൊണ്ടായിരിക്കണം മീൻ വിൽപ്പനക്കാരിയായ സ്ത്രീകൾക്ക് സാക്ഷര കേരളം ഇന്നും പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാത്തത്. വലിയ അലുമിനിയം ചട്ടി ഒക്കെ തലയിൽ വെച്ച് വെയിലത്ത് കിലോമീറ്ററുകളോളം നടക്കുന്ന അവരുടെ ബുദ്ധിമുട്ടുകളെ കുറിച്ചോ, വലിയ അലുമിനിയം ചട്ടി ചുമക്കുമ്പോൾ ഉള്ള ഭാരത്തെ കുറിച്ചോ സാക്ഷര കേരളം ചിന്തിക്കുന്നില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ മീൻ വിൽപ്പനക്കാരായ സ്ത്രീകൾക്ക് ഇലക്ട്രിക് റിക്ഷയോ, ഗിയറില്ലാത്ത സ്കൂട്ടറോ ഒക്കെ എളുപ്പത്തിൽ കൊടുക്കാവുന്നതാണ്.

നമ്മുടെ മൽസ്യ ഫെഡ്ഡും, കേരളാ സർക്കാരും ഒന്നും ആ വഴിക്കു ചിന്തിക്കുന്നില്ല. മീൻ വിറ്റതിന് ശേഷവും അവർക്ക് കുട്ടികളുടെ പരിപാലനവും, വീട്ടിലെ ജോലികളും കൂടി ചെയ്യേണ്ടതായി വരും. കുറച്ചു നാൾ മുമ്പ് 6 മക്കളുള്ള പുറമ്പോക്കിൽ ഷെഡ്ഡ് കെട്ടി താമസിക്കുന്ന മാതാവിനെ കുറിച്ചുള്ള വാർത്തയിൽ പറഞ്ഞിരിന്നതുപോലെ കള്ളുകുടിച്ചു വരുന്ന ഭർത്താക്കന്മാരുടെ ചവിട്ടും തൊഴിയും ഏൽക്കേണ്ടി കൂടി വരുന്ന സന്ദർഭങ്ങൾ പല മീൻ വിൽപ്പനക്കാരികൾക്കും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും ഭൂമി മലയാളം ചിന്തിക്കുന്നത് പോലുമില്ലാ.

ചൊല്ലുകളിലും സാഹിത്യത്തിലുമുള്ള സ്ത്രീ വിരുദ്ധതയിൽ നിന്ന് ഒരു സിനിമ മാറി ചിന്തിക്കാൻ തുടങ്ങി എന്നുള്ളത് സ്വാഗതാർഹമായ കാര്യം തന്നെയാണ്. "പെൺചൊല്ല് കേൾക്കുന്നവൻ പെരുവഴി" എന്ന് തുടങ്ങി അനേകം സ്ത്രീ വിരുദ്ധമായ ചൊല്ലുകൾ മലയാളത്തിലുണ്ട്.

"നാരികൾ നാരികൾ വിശ്വ വിപത്തിൻറ്റെ
നാരായ വേരുകൾ; നാരകീയാഗ്നികൾ" - എന്നാണല്ലോ മലയാളത്തിലെ പ്രസിദ്ധ റൊമാൻറ്റിക്ക് കവിയായ ചങ്ങമ്പുഴ കൃഷ്‌ണപിള്ള പാടിയിട്ടുള്ളത്. സ്ത്രീ വിരുദ്ധമായ ചൊല്ലുകളും, കവിതകളും ഏറ്റുപിടിക്കുന്നവർ ഭൂമി മലയാളത്തിൽ അനേകരുണ്ട്. ഇതൊക്കെ ചെറുപ്പത്തിലേ ചെവിയിൽ പതിഞ്ഞ പെൺകുട്ടികൾ ഋതുമതിയാകുമ്പോൾ സ്വയം അശുദ്ധരാണെന്ന് സങ്കൽപ്പിക്കുകയാണെങ്കിൽ അതിൽ ഒരതിശയവും ഇല്ലാ. ഇത്തരത്തിലുള്ള ശുദ്ധി സങ്കൽപങ്ങൾ ഒരു പാരമ്പര്യ കുടുംബ ചുറ്റുപാടിൽ നിന്നുകൊണ്ട് നന്നായി കാണിക്കാൻ സാധിച്ചു എന്നുള്ളതാണ് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയുടെ ഏറ്റവും നല്ല പ്രത്യേകത.

കുടുംബത്തിൽ നിന്ന് തന്നെയാണ് ആൺ പെൺ വിവേചനം തുടങ്ങുന്നതെന്നുള്ള ശക്തമായ സന്ദേശമാണ് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമ നൽകുന്നത്. അത് കുടുംബത്തിന്റെ കുഴപ്പമാണെന്ന് പൂർണ്ണമായി പറയാനും കഴിയില്ല. മത വിശ്വാസങ്ങളും, നാട്ടാചാരങ്ങളും, വീട്ടാചാരങ്ങളും എല്ലാം കൂടി സ്ത്രീകളെ അങ്ങനെ കണ്ടീഷൻ ചെയ്യിക്കുന്നതുകൊണ്ടുള്ള പ്രശ്നമാണത്. എല്ലായിടത്തും ഒതുങ്ങേണ്ടവളും ത്യാഗം ചെയ്യേണ്ടവളുമാണ് സ്ത്രീ എന്ന ഒരു ബോധം പുരുഷൻമാരേക്കാൾ സ്ത്രീകളിൽ തന്നെയാണ് കൂടുതൽ ശക്തമായിരിക്കുന്നത്. അത് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിലെ നായികയായിട്ടല്ലാത്ത സ്ത്രീകളിൽ വേണ്ടുവോളം ഉണ്ടുതാനും. 'ക്ഷമയാ ധരിത്രീ', 'കാര്യേഷു മന്ത്രി' - എന്നിങ്ങനെയുള്ള നമ്മുടെ ചൊല്ലുകളും, അനവധി കലാരൂപങ്ങളും, സാഹിത്യവുമെല്ലാം സ്ത്രീകളെ അത്തരത്തിൽ ചിത്രീകരിക്കുന്നതുകൊണ്ടാകാം സ്ത്രീകളിൽ അത്തരമൊരു മനോഭാവം വളർന്നുവരുന്നത്. 'ഗൃഹലക്ഷ്മി', 'അന്നപൂർണേശ്വരി' - എന്നിങ്ങനെയുള്ള വിശേഷണങ്ങളാൽ കുടുംബത്തിൻറ്റെ ഐശ്യര്യം വന്നുകേറുന്ന സ്ത്രീകളിൽ ആണെന്നുള്ളതും ഇന്ത്യൻ സങ്കല്പമാണ്. ഈ രൂഢമൂലമായ സങ്കൽപം മരുമകൾക്ക് ജോലിക്ക് പോകാനുള്ള അവസരം നിഷേധിക്കുമ്പോൾ അമ്മായിയച്ഛൻ വ്യക്തമാക്കുന്നുണ്ട് 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ. പക്ഷെ പുതിയ കാലത്ത് പുതിയ തലമുറ സ്വതന്ത്രമായി ചിന്തിക്കാൻ തുടങ്ങി; പ്രതികരിക്കാൻ തുടങ്ങി. ആ പ്രതികരണം കുറച്ചുകൂടി തന്ത്രപരമായിരുന്നുവെങ്കിൽ സിനിമ കുറേകൂടി 'റിയലിസ്റ്റിക്ക്' ആയേനെ.

'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ കാണിക്കുന്നതുപോലുള്ള കാരണവൻമാരും എല്ലാം സഹിക്കുന്ന ഭാര്യമാരും മരുമക്കളും ഉണ്ടെന്നുതന്നെയാണ് ചിലരൊക്കെ അനുഭവത്തിൻറ്റെ വെളിച്ചത്തിൽ സോഷ്യൽ മീഡിയയിൽ കൂടെ അവകാശപ്പെട്ടത്. എന്തായാലും ഇതെഴുതുന്ന ആൾ അങ്ങനെ ഒന്നും മിണ്ടാതെ; അതല്ലെങ്കിൽ ഒരു രീതിയിലും വീടുകൾക്കുള്ളിലെ അനീതികളോട് പ്രതികരിക്കാത്ത സ്ത്രീകളെ കണ്ടിട്ടില്ലാ. മിക്ക സ്ത്രീകൾക്കും 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ കാണിക്കുന്നതുപോലെ പൊട്ടിത്തെറിക്കും ഇറങ്ങിപോക്കിനും പറ്റില്ലാ. സമ്പത്തും അധികാരവുമൊക്കെ വീടുകൾക്കുള്ളിലെ കാരണവന്മാരുടെ കൈകൾക്കുള്ളിലാണെന്നതുതന്നെ കാരണം. ഇത് സൂചിപ്പിക്കാൻ 'ദി ഗ്രെയിറ്റ് ഇന്ത്യൻ കിച്ചൻ' എന്ന സിനിമയിൽ സ്വർണം അടങ്ങിയ പെട്ടി അമ്മായിയച്ഛൻ ഭദ്രമായി അലമാരയിൽ വെച്ചു പൂട്ടുന്നത് കാണിക്കുന്നുണ്ടല്ലോ. എന്തായാലും ഇങ്ങനെയുള്ള കാരണവന്മാർ മരിച്ചാൽ അധികം പേരൊന്നും ദുഃഖിക്കാൻ ഉണ്ടാകാറില്ലാ എന്നതാണ് വാസ്തവം. വല്ലാത്ത നിർബന്ധ ബുദ്ധിയും, വാശിയും കാണിക്കുന്ന കാരണവന്മാർ തട്ടിപ്പോകുമ്പോൾ 'ഇപ്പോഴാണ് സത്യത്തിൽ ഒരാശ്വാസമായത്' എന്ന് സ്ത്രീകൾ അടക്കം പറയുന്നത് ചുമ്മാതല്ല.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 12:23:10 pm | 03-12-2023 CET