കോവിടിന്റെ മറവിൽ മൗലിക അവകാശങ്ങൾ കാറ്റിൽ പറത്തി സർക്കാറുകളുടെ തൊഴിലാളി ചൂഷണം. - സുധ മേനോൻ എഴുതുന്നു.

Avatar
Sudha Menon | 18-05-2020 | 2 minutes Read

labour
Photo Credit : » @safal_karki

പല സംസ്ഥാനങ്ങളും കോവിഡിന്റെ പേരില്‍ തൊഴിലാളി ചൂഷണം നടത്താനുള്ള പുറപ്പാടിലാണ്. മൂന്ന് കൊല്ലത്തേക്ക്‌ എല്ലാ തൊഴില്‍ നിയമങ്ങളും അപ്രസക്തമാകും. ജോലിസമയം എട്ടു മണിക്കൂറില്‍ നിന്നും പന്ത്രണ്ടു മണിക്കൂര്‍ ആകും. ഒപ്പം, തൊഴിലാളികള്‍ക്ക് സംഘടന ഉണ്ടാക്കാനും, തങ്ങളുടെ ആവശ്യങ്ങള്‍ ‘കളക്ടിവ് ബാര്‍ഗൈനിംഗ്’ വഴി നേടിയെടുക്കുവാനുമുള്ള സ്വാതന്ത്ര്യം കൂടി ഇല്ലാതാകും. തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കുന്നത് തന്നെ, ‘നിര്‍ബന്ധിത/ അടിമ ജോലിയുടെ നിര്‍വചനത്തില്‍ വരുന്നത് കൊണ്ട് ഇത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഇരുപത്തിമൂന്നിന്റെ ലംഘനമാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ മൌലികാവകാശ ലംഘനം. അന്താരാഷ്‌ട്രതൊഴില്‍ സംഘടനയുടെ ഏറ്റവും പഴക്കം ചെന്ന കണ്‍വെന്ഷനുകളില്‍ ഒന്നായ 1930 ലെ ‘നിര്‍ബന്ധിതതൊഴില്‍ കണ്‍വെന്ഷന്‍’ കൂടിയാണ് ഇത് വഴി ലംഘിക്കപ്പെടുന്നത്.

യുനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാത്തതും മൌലികാവകാശലംഘനമാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19, 1926 ലെ ട്രേഡ് യുനിയന്‍ ആക്റ്റ് എന്നിവ സംഘടിക്കാനുള്ള തൊഴിലാളികളുടെ അവകാശം വളരെ വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.

അശാസ്ത്രീയമായ തൊഴിൽ നിയമങ്ങളും അതിന്റെ ഉപഘടകങ്ങൾ ആയ അഴിമതിയും, ബ്യുറോക്രസിയും, ട്രേഡ് യുനിയനുകളും ഒക്കെ കൂടിയാണ് ഇന്ത്യൻ വ്യവസായപുരോഗതിയെ പിന്നോട്ട് അടിച്ചതെന്നും, അതുകൊണ്ടു കാലോചിതവും, വിപണി സൗഹൃദപരവും സർവോപരി മൂലധനത്തിന്റെ അതിരുകളില്ലാത്ത സഞ്ചാരവേഗതയെ ത്വരിതപ്പെടുത്തുന്നതുമായ ഒരു നിയോ ലിബറൽതൊഴിൽ നയം ഇന്നത്തെ സാഹചര്യത്തിൽ അനിവാര്യമാണെന്നും ഉള്ള വാദം കഴിഞ്ഞ ഒരു ദശാബ്ദത്തിൽ അധികമായി ഇന്ത്യയിലെ സ്വകാര്യസ്വകാര്യമുതലാളിത്ത ലോബി ആവശ്യപെടുന്നുണ്ട്. ഇന്ത്യൻ തൊഴിൽനിയമങ്ങളും, തൊഴിലാളികളുടെ അവകാശവും ആണ് സംരംഭകരെയും പുതിയ നിക്ഷേപകരെയും അകറ്റുന്നത്എന്ന വാദം വളരെ ശക്തമാണ്.

അതേസമയം, ഈ വാദം തികച്ചും തെറ്റാണ് എന്നാണു പഠനങ്ങള്‍ കാണിക്കുന്നത്. വി വി ഗിരി ലേബര്‍ ഇന്‍സ്റ്റിട്ട്യുട്ട് അടുത്ത കാലത്ത് നടത്തിയ ഒരു പഠനം തെളിയിക്കുന്നത് നിലനില്‍ക്കുന്ന ലേബര്‍ നിയമങ്ങള്‍ അല്ല, സ്വകാര്യനിക്ഷേപങ്ങളെ പിന്നോട്ട് നയികുന്നത് എന്നാണ്. നേരെമറിച്ചു, തൊഴിലാളികളുടെ അവകാശങ്ങള്‍ കൃത്യമായി നിര്‍വചിക്കുകയും, സേവന വേതന വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഉത്പാദനക്ഷമത വര്‍ദ്ധിക്കുകയും അതുവഴി ലാഭം സ്വാഭാവികമായി കൂടുകയും ചെയ്യുമെന്നതാണ് വാസ്തവം. തൊഴില്‍ വിപണിയിലെ ഉദാരവല്‍ക്കരണവും, തൊഴില്‍ അവസരങ്ങളുടെയും, നിക്ഷേപങ്ങളുടെയും വര്ധനവുമായി ഒരു ബന്ധവും ഇല്ലെന്നു തന്നെയാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നടത്തിയ നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അതോടൊപ്പം, 1988-2008 കാലയളവിലെ കണക്കുകള്‍ കാണിക്കുന്നത് തൊഴില്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മറ്റു സ്ഥാപനങ്ങളെക്കാള്‍ കൂടുതല്‍ വളര്‍ച്ച ഉണ്ടായി എന്നാണു. അതുകൊണ്ട് തൊഴില്‍ നിയമങ്ങളെ ദുര്‍ബലമാക്കുന്നത് ഒരു തരത്തിലും വ്യാവസായിക വളര്‍ച്ചയെ സഹായിക്കില്ല എന്ന് മാത്രമല്ല അത് തൊഴിലാളികളെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കും, പട്ടിണിയിലെക്കും തള്ളിവിടും.

തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ ശൂന്യതയില്‍ നിന്നും ഉണ്ടായതല്ല. തൊഴില്‍ നിയമങ്ങള്‍ ആരുടേയും ഔദാര്യവും അല്ല. അതില്‍ നീണ്ട സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രവും, ചോരയും ഉണ്ട്. ഒരു മഹാമാരിയില്‍ മനുഷ്യരാശി വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ദുരന്തമുതലാളിത്തത്തിനു( distress capitalism) ആവേഗം വര്‍ധിപ്പിക്കാന്‍ വേണ്ടി നിര്‍ദാക്ഷിണ്യം എടുത്തുകളയേണ്ട ഒന്നല്ല അത്. ഒരു വശത്ത്‌ തൊഴിലാളികള്‍ അനിതരസാധാരണമായ ദുരിതവും, പട്ടിണിയും, പലായനത്തിന്റെ പ്രശ്നങ്ങളും അഭിമുഖീകരിക്കുമ്പോള്‍ മറുവശത്ത് കൂടി അവരുടെ അവശേഷിക്കുന്ന മൌലികാവകാശങ്ങള്‍ കൂടി അവരില്‍ നിന്നും അപഹരിക്കുന്നത് ഏറ്റവും ലളിതമായി പറഞ്ഞാല്‍ കുറ്റകൃത്യമാണ്-ഇന്‍സ്റ്റിട്ട്യുഷനല്‍ ക്രൈം.

പൂർണ്ണ ലേഖനം വായിക്കാൻ » True Copy Think ലിങ്ക് ..


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Latest
Trending
Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 05:04:45 am | 17-04-2024 CEST