മത-സാമുദായിക പ്രസ്ഥാനമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയം

Avatar
വെള്ളാശേരി ജോസഫ് | 24-05-2021 | 4 minutes Read

എങ്ങനെയാണ് സി.പി.എം. മത സമുദായിക സംഘടനകളെ കൃത്യമായി ഉപയോഗിക്കുകയും അത് മൂടിവെക്കുകയും ചെയ്യുന്നത്?

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കേൾക്കുന്ന ഒരു വലിയ തമാശ എന്താണെന്നു വെച്ചാൽ, എൽ.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒരു സമുദായ നേതാവിൻറ്റേയും തിണ്ണ നിരങ്ങാൻ പോയില്ല എന്നുള്ളതാണ്. സത്യം പറഞ്ഞാൽ ഇന്നു ഭരിക്കുന്ന സി.പി.എമ്മിനെ പോലെ വർഗീയം പയറ്റുന്ന മറ്റൊരു പാർട്ടി കേരളത്തിൽ ഇല്ലെന്നു തന്നെ പറയാം. അവർ അത് കുറച്ചു ബുദ്ധിപരമായി ചെയ്യുന്നതുകൊണ്ട് പലരുടേയും കണ്ണിൽ അവർക്ക് പൊടിയിടാൻ സാധിക്കുന്നു എന്നു മാത്രം.

കഴിഞ്ഞ മന്ത്രിസഭയിൽ ഏറ്റവും ഗ്ലാമർ ഉണ്ടായിരുന്നത് ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്കായിരുന്നു. ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ അടുത്ത മുഖ്യമന്ത്രി ആക്കണമെന്നുവരെ ചില കോണുകളിൽ നിന്ന് ആവശ്യം ഉയർന്നത് അതുകൊണ്ടാണ്. ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ശൈലജ ടീച്ചർ ജയിച്ചതും അവരുടെ ജനസമ്മിതി തന്നെയാണ് കാണിക്കുന്നത്. ആ ശൈലജ ടീച്ചറെ മാറ്റിനിർത്തി വീണാ ജോർജിനെ ഒരു മഹാമാരിയുടെ സമയത്ത് ആരോഗ്യ വകുപ്പ് ഏൽപ്പിക്കാൻ പിണറായ് വിജയനെ പ്രേരിപ്പിച്ച ഘടകം എന്താണ്? അത് ഓർത്താഡോക്സ് സഭയുടെ സപ്പോർട്ട് തേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എന്ന് കാണാൻ ബുദ്ധിമുട്ടില്ല. അത്ര ബുദ്ധിയില്ലാത്ത ആളല്ല പിണറായ് വിജയൻ; സി.പി.എമ്മിലാവട്ടെ പാർട്ടി തന്ത്രങ്ങൾ മെനയാൻ വലിയൊരു പറ്റം ആളുകളുമുണ്ട്.

വീണാ ജോർജ് രാഷ്ട്രീയത്തിൽ വന്നതുതന്നെ ഓർത്താഡോക്സ് സഭയുടെ പ്രതിനിധി ആയിട്ടാണ്. വീണാ ജോർജിൻറ്റെ തിരഞ്ഞെടുപ്പ് വിജയത്തോടെ ഒരു ഓർത്താഡോക്സ് വൈദികൻ പരസ്യമായി തന്നെ പറഞ്ഞത് "ഞങ്ങൾ ഇതുവരെ അനാധരായിരുന്നു; ഇപ്പോഴാണ് ഞങ്ങൾക്ക്‌ സനാധരായത്" എന്നാണ്. ചില ഓർത്താഡോക്സ് വൈദികരൊക്കെ പരസ്യമായി തന്നെ വീണാ ജോർജിന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തു.

അപ്പുറത്ത് ഓർത്താഡോക്സ് സഭയുടെ പിന്തുണ ഉണ്ടായിരുന്ന ഉമ്മൻ ചാണ്ടി കഷ്ടിച്ചാണ് ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. പണ്ടൊക്കെ മുപ്പതിനായിരത്തിൽ മിച്ചം വോട്ടിൽ പുതുപ്പള്ളിയിൽ നിന്ന് വിജയിച്ചിരുന്ന ഉമ്മൻ ചാണ്ടിക്ക് ഇത്തവണ 7000-ൽ മിച്ചം ഭൂരിപക്ഷമേ കിട്ടിയുള്ളൂ. ചുരുക്കം പറഞ്ഞാൽ സ്വന്തം സമുദായഗംങ്ങളുടെ പിന്തുണ ഉമ്മൻ ചാണ്ടിക്ക് കുറയുകയാണ്. ഇനി ആരോഗ്യ വകുപ്പ് നന്നായി ഭരിക്കുകയും, അതിന്റ കൂടെ സി.പി.എമ്മിന്റെ പ്രചാരണവും കൂടി വന്നാൽ ടീച്ചറമ്മ പോലെ, വീണാമ്മയും മധ്യ കേരളത്തിലെ ക്രിസ്ത്യൻ ബെൽറ്റിൽ അനിഷേധ്യ നേതാവായി വളരും. ആ രീതിയിൽ വീണാ ജോർജിനെ ഉയർത്തി കൊണ്ടുവരാനുള്ള നീക്കങ്ങളാണ് സി.പി.എം. ബുദ്ധികേന്ദ്രങ്ങൾ നടത്തുന്നതെന്നാണ് തോന്നുന്നത്.

മധ്യ കേരളത്തിൽ ജോസ് കെ. മാണിയെ കൂടെ കൂട്ടിയത് വഴി അനേകം മണ്ഡലങ്ങളിൽ വോട്ട് വർദ്ധിപ്പിക്കാൻ സി.പി.എമ്മിനായി. തികച്ചും സമുദായാടിസ്ഥാനത്തിൽ എൽ.ഡി.എഫിന് കിട്ടിയ വോട്ടുകൾ ആണവ. നേരിയ ഭൂരിപക്ഷത്തില്‍ മാത്രം യുഡിഎഫ് വിജയിച്ചിരുന്ന 26 മണ്ഡലങ്ങളിലെങ്കിലും കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അഭാവം യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടിയാകുകയാകുകയാരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ. കോട്ടയത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 33.80 ശതമാനം മാത്രം വോട്ട് വിഹിതം ഉണ്ടായിരുന്ന ഇടതു മുന്നണി ഇത്തവണ അവരുടെ വോട്ടുവിഹിതം 43.70 ശതമാനമായി ഉയര്‍ത്തി. ഈ 10 ശതമാനം വോട്ട് വര്‍ധനവ് കാണിക്കുന്നതെന്താണ്? കോട്ടയത്തെ ഇടതുപക്ഷത്തിന്‍റെ വോട്ട് വിഹിതത്തിൽ റെക്കോർഡ് നേട്ടമുണ്ടായത് സമുദായ അടിസ്ഥാനത്തിൽ തന്നെയാണ്. ഇടുക്കിയില്‍ കഴിഞ്ഞ തവണ 40.75 ശതമാനമായിരുന്ന എൽ.ഡി.എഫ്. വോട്ട് വിഹിതം ഇത്തവണ 47.96 ശതമാനമായും ഉയര്‍ന്നിട്ടുണ്ട്. യു.ഡിഎഫിന്‍റെ കോട്ടകളിലാണ് ഈ ചോര്‍ച്ച വന്നിരിക്കുന്നത്. പല മണ്ഡലങ്ങളിലും യു.ഡി.എഫിനെ തോല്‍പിക്കാന്‍ ഈ വോട്ടു ചോർച്ചകള്‍ ധാരാളമായിരുന്നു.

സി.പി.എമ്മിൻറ്റെ ഏറ്റവും വലിയ വോട്ട് ബാങ്കായ ഈഴവ വോട്ടുകൾ ഇത്തവണയും സി.പി.എമ്മിനോടൊപ്പം തന്നെ നിന്നു. 2016-ലെ നിയമ സഭാ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടെശനും കൂട്ടരും ബി.ജെ.പി. - യോടൊപ്പം പോകാൻ ഇറങ്ങിയവരാണ്. അപ്പോഴാണ് മൈക്രോ ഫിനാൻസ് തട്ടിപ്പ് ഒക്കെ ഉയർത്തി സാക്ഷാൽ അച്യുതാനന്ദൻ തന്നെ രംഗത്തു വന്നത്. എന്തായാലും പിന്നീട് വെള്ളാപ്പള്ളി നടെശനും കൂട്ടരും സി.പി.എമ്മിനെതിരായി തല പൊക്കിയിട്ടില്ല. മൈക്രോ ഫിനാൻസ് തൊട്ട് ശാശ്വാതീകാനന്തയുടെ കൊലപാതകം വരെ ആണ് കാരണമെന്ന് പലരും പരസ്യമായി തന്നെ പറയുന്നു. എന്തായാലും ഈഴവ വോട്ടുകൾ ഭദ്രമായി സി.പി.എമ്മിന്നായി വോട്ട് പെട്ടിയിൽ വീഴുന്നുണ്ട്. പിണറായിക്കും സി.പി.എം. ബുദ്ധി കേന്ദ്രങ്ങൾക്കും അതുമതിയെന്ന് തോന്നുന്നു.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സി.പി.എമ്മിൻറ്റെ വേറൊരു വലിയ വോട്ടു ബാങ്കാണ് മുസ്‌ലീം വോട്ടുകൾ. ബേബി സഖാവും രാജേഷും ഒക്കെ പാലസ്തീന് വേണ്ടി മുറവിളി കൂട്ടുന്നത് ചുമ്മാതാണോ? അതല്ലെങ്കിൽ ആയിരക്കണക്കിന് കിലോമീറ്റർ ദൂരമുള്ള ഗാസയിൽ ഹമാസ് നടത്തുന്ന സ്ഥിരം നാടകം മലയാളികളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്ന ഒന്നാണോ? 'അറ്റുപോകാത്ത ഓർമ്മകൾ' എന്ന ആത്മകഥയിൽ പ്രൊഫസർ ടി.ജെ. ജോസഫ് സാർ പറയുന്നത് കേരളത്തിലെ വോട്ടു ബാങ്ക് രാഷ്ട്രീയമാണ് തനിക്ക് വിനയായി തീർന്നത് എന്നാണ്. വാസ്തവമാണത്. അതല്ലെങ്കിൽ പഠിപ്പിക്കുന്ന പുസ്തകത്തിൽ നിന്നുള്ള ഒരു ഭാഗം എടുത്ത് അവിടെ കുത്തും കോമയും ആശ്ചര്യചിഹ്നവും ഇടാൻ പറഞ്ഞപ്പോൾ കൈ വെട്ടിയതിനെ ഒളിഞ്ഞും തെളിഞ്ഞും അനുകൂലിക്കാൻ സിപി.എം. പോലുള്ള ഒരു പാർട്ടിക്ക് ആകുമോ? അതു മാത്രമാണോ? ചേകന്നൂർ മൗലവിയുടെ കൊലപാതകം, സ്വന്തം പാർട്ടിക്കാരനായ അഭിമന്യുവിൻറ്റെ കൊലപാതകം - ഇവയിലൊന്നിലും വോട്ടുബാങ്ക് രാഷ്ട്രീയം കാരണം സുനിശ്ചിതമായ നിലപാട് എടുക്കാൻ സി.പി.എമ്മിനായില്ല.

കേരളത്തിൽ ബി.ജെ.പി. വളരാൻ തന്നെ കാരണം സി.പി.എമ്മിൻറ്റെ ഹിന്ദു വോട്ടുകൾ തേടിയുള്ള അതിബുദ്ധിയായിരുന്നു എന്നും കാണാവുന്നതാണ്. 2001-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.-ക്ക്‌ 5 ശതമാനത്തിൽ മിച്ചം മാത്രമായിരുന്നു വോട്ട്. അടുത്ത രണ്ടു തിരഞ്ഞെടുപ്പുകളിലും 5-6 ശതമാനം വോട്ടേ ബി.ജെ.പി.-ക്ക്‌ കിട്ടിയുള്ളൂ. പക്ഷെ 2016-ൽ കഥയാകെ മാറി. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 14 ശതമാനം മിച്ചമായി ബി.ജെ.പി.- യുടെ വോട്ടിംഗ് ശതമാനം. അവർക്ക് ഒരു സീറ്റും കിട്ടി. 7 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി.-ക്ക്‌ 2016-ൽ രണ്ടാം സ്ഥാനത്ത് എത്താനും കഴിഞ്ഞു. 2018-ലെ ശബരിമല പ്രക്ഷോഭം മുതൽ കേരള രാഷ്ട്രീയത്തിൽ ബി.ജെ.പി. അവഗണിക്കാനാകാത്ത ശക്തിയായി മാറി. ശബരിമല വിഷയം കൈകാര്യം ചെയ്തതിലെ വീഴ്ച ആയിരുന്നു ബി.ജെ.പി. കേരളത്തിൽ വളരാൻ കാരണം. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ്. സർക്കാർ കാണിച്ച അതിബുദ്ധി ബി.ജെ.പി.-യുടെ വളർച്ചക്ക്‌ വഴിതെളിച്ചു.

വർഗ്ഗീയത ഉയർത്തിവിട്ട്‌ ബി.ജെ.പി.-യെ വളർത്തി യു.ഡി.എഫ്.-നെ തകർത്ത്‌ എൽ.ഡി.എഫ്.-നു കാലാകാലം തുടർഭരണവും, എൻ.ഡി.എ.-ക്ക്‌ പ്രതിപക്ഷസ്ഥാനവും ഉറപ്പിക്കാനുള്ള ഒത്തുകളിയുടെ ആരംഭമായിരുന്നു 2018-ൽ ശബരിമലയിൽ അരങ്ങേറിയ സംഭവങ്ങൾ. യു.ഡി.എഫ്.-ന് കിട്ടുന്ന ഹിന്ദു വോട്ടുകൾ ബി.ജെ.പി.- യിലേക്ക് പോകുമ്പോൾ, സുസ്ഥിര വോട്ട് ബെയ്‌സ് ഉള്ള എൽ.ഡി.എഫ്.-നു നേട്ടമുണ്ടാകും എന്നാണ് സി.പി.എം. ബുദ്ധികേന്ദ്രങ്ങൾ കരുതിയത്. ഹിന്ദു വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള സി.പി.എമ്മിന്റെ അതിബുദ്ധി മാത്രമായിരുന്നു ശബരിമല വിഷയത്തിൽ 2018-ലെ കർശന നിലപാടിന് പിന്നിൽ. പിണറായി സർക്കാർ ശബരിമലയിൽ വത്സൻ തില്ലങ്കേരിയെ പോലുള്ള സംഘ പരിവാർ നേതാക്കളുമായി 2018-ൽ ഒത്തുകളിച്ചു. പോലീസിനെ ശബരിമലയിൽ ശക്തമായി വിന്യസിപ്പിച്ച് ആളുകളുടെ ഐഡൻറ്റിറ്റി വെരിഫൈ ചെയ്ത് സ്ത്രീകളെ പിന്തിരിപ്പിച്ചതൊക്കെ സുപ്രീം കോടതിയുടെ വിധിയുടെ 'സ്പിരിറ്റിന്' നിരക്കാത്ത ഒന്നായിരുന്നു. എന്നിട്ട് 'വനിതാ മതിൽ' ഉയർത്തി ഇടതുപക്ഷം വലിയ പുരോഗമനം പറഞ്ഞു. ഇത്തരത്തിലുള്ള കപട പുരോഗമനം പറച്ചിൽ അടുത്ത അഞ്ചു വർഷത്തിലും ഇടതുമുന്നണിയിൽ നിന്ന് യഥേഷ്ടം പ്രതീക്ഷിക്കാം.

തിരഞ്ഞെടുപ്പുകളിൽ ജയിക്കാനായി ഏത് അടവ് നയവും പയറ്റുന്ന സി.പി.എം. അതൊക്കെ ഭംഗിയായി മൂടിവെക്കുകയും ചെയ്യുന്നു. ഇവിടെയാണ് സി.പി.എം. എന്ന പാർട്ടിയുടെ സംഘടനാ മികവും, പ്രചാരണ തന്ത്രങ്ങളും കാണേണ്ടത്. കേരളത്തിലെ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തകർ സി.പി.എം. മത സമുദായ സംഘടനകളെ കൃത്യമായി ഉപയോഗിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ ഒരിക്കലും അംഗീകരിക്കുകയില്ല; മറിച്ച് അവർ കോൺഗ്രസിനെയും ബി.ജെ.പി.-യേയും മുസ്‌ലിം ലീഗിനേയും വർഗീയതക്ക് കുറ്റം പറയും; അതെ സമയം തന്നെ ഭംഗിയായി അവരുടെ കാര്യം സാധിച്ചെടുക്കുകയും ചെയ്യും. വിശ്വസനീയമായ ഡേറ്റയുടേയും, ഇൻഫർമേഷൻറ്റേയും അടിസ്ഥാനത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ മത സമുദായ സംഘടനകളെ കൃത്യമായി ഉപയോഗിക്കാൻ സി.പി.എം-ന് അറിയാം എന്നുതന്നെ പറയാൻ സാധിക്കും.. അതേസമയം അത് ചർച്ച ആകാതെ നോക്കാനുള്ള സംഘടനാ സംവിധാനവും അവർക്കുണ്ട് - അവിടെയാണ് സി.പി.എം. എന്ന പാർട്ടിയുടെ മിടുക്ക് അതല്ലെങ്കിൽ സംഘടനാ വൈഭവം വെളിവാക്കപ്പെടുന്നത്. പച്ചയായ മലയാള ഭാഷയിൽ ഇതിനെ ഇരട്ടതാപ്പെന്നോ അതല്ലെങ്കിൽ ഇംഗ്ളീഷിൽ ഹിപ്പോക്രസിയെന്നോ കൂടി പറായാവുന്നതാണ്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Photo Credit : » @grstocks


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 3 | Saved : 05:17:30 am | 19-06-2024 CEST