എ. കെ. ആൻറ്റണിയുടെ ചാരായ നിരോധനം വളരെ നല്ല ഒരു നടപടി ആയിരുന്നു; പക്ഷെ കേരളീയ സമൂഹത്തിൽ വളരെ കുറച്ചു പേരേ അതിന്റെ ഗുണഫലങ്ങൾ തിരിച്ചറിയുന്നുള്ളൂ

Avatar
വെള്ളാശേരി ജോസഫ് | 02-04-2021 | 4 minutes Read

എ. കെ. ആൻറ്റണിയുടെ പല പ്രവർത്തികളേയും അംഗീകരിക്കുന്നില്ലെങ്കിലും ആൻറ്റണിയുടെ ആദർശം കൊണ്ട് കേരളത്തിന് ഉണ്ടായ ഗുണങ്ങളിൽ ഒന്നാണ്‌ ചാരായ നിരോധനം. മാധ്യമ പ്രവർത്തകർക്കും ബുദ്ധി ജീവികളിൽ പലർക്കും ഈ ചാരായ നിരോധനത്തിൻറ്റെ ഗുണഫലങ്ങൾ ഇന്നും മനസിലായിട്ടില്ല. ചാരായം നിരോധിക്കുന്നതിന് മുമ്പുള്ള കാലത്തെ പോലെ ഇപ്പോഴും കേരളത്തിന്റെ മുക്കിലും മൂലയിലും ചാരായക്കടകളുണ്ടായിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ എന്നാലോചിച്ചാൽ മനസ്സിലാകും ചാരായം നിരോധിച്ചതിന്റെ ഗുണം. മുറുക്കാൻ കടകളിലും, പെട്ടി കടകളിലും, തട്ടു കടകളിലും പണ്ട് ചാരായം സുലഭമായി കിട്ടിയിരുന്നു. വളരെ എളുപ്പത്തിൽ കിട്ടുകയാണെങ്കിൽ സാധാരണക്കാരായ ആളുകൾക്ക്‌ പ്രലോഭനം വരും; അവർ അപ്പോൾ കുടിക്കും. സാധാരണക്കാർ വളരെ എളുപ്പത്തിൽ സാഹചര്യ സമ്മർദത്തിന് അടിമപ്പെടുന്നവർ ആണ്.

എത്രയോ വിഷമദ്യ ദുരന്തങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അവിടെയെല്ലാം ചാരായമായിരുന്നു വില്ലൻ. അതൊക്കെയാണ് ചാരായ നിരോധനത്തിലൂടെ ഇല്ലാതായത്. ആളുകൾ ചാരായ നിരോധനത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ ശ്രമിക്കുന്നതിനു മുമ്പ് മുൻ DGP സെൻകുമാറിൻറ്റെ സർവീസ് സ്റ്റോറി ഒന്നു വായിച്ചിരുന്നെങ്കിൽ നന്നായിരുന്നു. സെൻകുമാർ തന്റെ സർവീസ് സ്റ്റോറിയിൽ വളരെ സെൻസിബിൾ ആയി ചാരായ നിരോധനത്തിന്റെ നേട്ടങ്ങൾ ചൂണ്ടി കാണിക്കുന്നുണ്ട്.

കേരളത്തിലെ മദ്യപാനാസക്തി ഇന്നും നമ്മുടെ ഗവേഷകരും, എഴുത്തുകാരും അധികം കൈ വെക്കാത്ത മേഖലയാണ്. വളരെ ചുരുക്കം ചില നല്ല ഗവേഷണങ്ങൾ മാത്രമേ കേരളത്തിൻറ്റെ മദ്യപാനാസക്തിയെ കുറിച്ച് ഉണ്ടായിട്ടുള്ളൂ. എസ്. സനന്ദകുമാർ 1987-ൽ CDS-ൽ എഴുതിയിട്ടുള്ള എം.ഫിൽ. പ്രബന്ധം - ‘Liquor Cunsumption in Kerala – A Study with Special Reference to the Decline of Toddy” - ഇത്തരത്തിൽ ഉള്ള ഒരു നല്ല സ്റ്റഡിയാണ്. കള്ളിൽ നിന്ന് ചാരായത്തിലേക്കും, പിന്നീട് ഗൾഫ് പണത്തിൻറ്റെ വരവോടെ 'ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്വർ' - ലേക്കും ഒക്കെ പോകുന്നത് പ്രബന്ധകാരൻ നന്നായി ചൂണ്ടികാണിക്കുന്നുണ്ട്. മദ്യപാനാസക്തി മൂലമുള്ള കരൾ വീക്കം പോലുള്ള രോഗങ്ങൾ കേരളത്തിൽ കൂടുന്നതിനെ കുറിച്ചും പ്രബന്ധകാരൻ പറയുന്നുണ്ട്. കേരളത്തിലെ 'ലിക്വർ കൺസംപ്‌ഷൻറ്റെ' ട്രെൻഡ് പുള്ളി നന്നായി പറയുന്നുണ്ട്. ഗൾഫ് പണത്തിൻറ്റെ വരവോടെയാണല്ലോ 'ഇന്ത്യൻ മെയ്ഡ് ഫോറിൻ ലിക്വർ' - ലേക്ക് മലയാളി മാറിയത്. അതിൽ നിന്ന് വലിയ മാറ്റമൊന്നും ഇപ്പോഴും വന്നിട്ടുണ്ടെന്ന് തോന്നുന്നില്ല. ഫോറിൻ ലിക്കറിലേക്ക് മാറിയതിന്റെ പ്രധാന കാരണം, ചാരായ ഷാപ്പുകൾക്ക് പകരം ബിവറേജസ് ഔട്ട്ലറ്റിൽ വിദേശമദ്യം മാത്രമേ കിട്ടുകയുള്ളു എന്നതാണ്. ചാരയത്തിൻറ്റെ നിരോധനവും ഫോറിൻ ലിക്കറിലേക്കുള്ള കുടിയൻമാരുടെ ഒഴുക്കിനെ സ്വാധീനിച്ചിട്ടുണ്ട്. 1990-കളിൽ ഉണ്ടായ സാമ്പത്തിക വളർച്ചയും ഗൾഫ് പണം നൽകിയ പർച്ചേസിംഗ് പവറും കേരളത്തിൽ ഫോറിൻ ലിക്കറിൻറ്റെ ഉപഭോഗം വ്യാപകമാക്കി. ഈ കൊറോണ കാലത്തും കേരളത്തിൽ മനുഷ്യന് കുടിക്കാതിരിക്കാൻ ആവുന്നില്ല. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെമ്പാടും കൊറോണ കാലത്ത് മദ്യത്തിന് ഭയങ്കര ഡിമാൻഡാണ്.

സത്യത്തിൽ, ഇന്ത്യയിലെ ലോവർ ക്ലാസ്സിൽ മദ്യപാനാസക്തി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നിസാരമല്ല. പാൻ, പുകവലി, മദ്യം - ഇതൊക്കെ ഇന്ത്യയിലെമ്പാടും പാവപ്പെട്ടവരെ കൂടുതൽ ദാരിദ്ര്യത്തിലേക്കാണ് തള്ളിവിടുന്നത്. തനിക്ക് സമ്പൂർണ അധികാരം കിട്ടുകയാണെങ്കിൽ, ആദ്യം ചെയ്യുന്നത് മദ്യം പൂർണമായി നിരോധിക്കുക എന്ന പ്രവർത്തിയായിരിക്കും എന്ന് മഹാത്മാ ഗാന്ധി പറഞ്ഞത് മദ്യം ഇന്ത്യയിൽ സൃഷ്ടിക്കുന്ന വിപത്തുകൾ കണ്ടതിനാലാണ്. എന്തായാലും സ്വാതന്ത്ര ഇന്ത്യയിൽ നേതാക്കൾ സ്ത്രീകളുടെ വോട്ട് കിട്ടാനായി മദ്യ നിരോധനം നടപ്പിൽ വരുത്തി. എ.കെ. ആൻറ്റണിയുടെ ചാരായ നിരോധനവും, ബീഹാറിൽ നിതീഷ് കുമാറിൻറ്റെ മദ്യ നിരോധനവും അങ്ങനെ ഉണ്ടായതാണ്. എ.കെ. ആൻറ്റണി ചാരായം നിരോധിച്ചതിൽ പിന്നെ കേരളത്തിൽ കുറ്റകൃത്യങ്ങളിൽ വളരെ കുറവുണ്ടായി എന്ന് മുൻ DGP സെൻകുമാർ കണക്കുകളുടെ അടിസ്ഥാനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. ബീഹാറിൽ നിതീഷ് കുമാറിനും സ്ത്രീകളുടെ പിന്തുണ മദ്യ നിരോധനത്തിലൂടെ കിട്ടുന്നുണ്ട്. സ്ത്രീ വോട്ടർമാർ നിർണായക ഘടകമാകുന്ന ബീഹാറിൽ മദ്യനിരോധനം നിതീഷ് കുമാറിന്റെ തീരുമാനത്തിന് ശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും സ്വാധീനം ചെലുത്തുന്നു. മദ്യ നിരോധനത്തിൻറ്റെ ഉദ്ദേശം രാഷ്ട്രീയ നേട്ടമാണെങ്കിലും, ആണുങ്ങളെ നന്നാക്കാനായി സ്ത്രീകളെ കൂട്ടുപിടിക്കുന്ന ഈ രീതി ഇന്ത്യയിൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്.

ദളിത് പിന്നോക്കാവസ്ഥക്ക് ഒരു പ്രധാന കാരണം പുരുഷൻമാരുടെ മാദ്യപാനാസക്തിയാണ്. ദളിത്‌ കോളനികളിൽ മദ്യപാനം സൃഷ്ടിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ സെലീന പ്രാക്കാനത്തെ പോലുള്ളവർ ചൂണ്ടി കാട്ടുന്നുണ്ട്. കേരളത്തിലെന്നല്ല; ഇന്ത്യയിലെ തന്നെ മിക്ക ചേരികളിലേയും, പുനരധിവാസ കോളനികളിലേയും, വരുമാനം കുറഞ്ഞ ഗ്രാമങ്ങളിലേയും ഏറ്റവും വലിയ പ്രശ്നം അമിത മദ്യപാനാസക്തിയാണ്. ആലപ്പുഴയിൽ മൽസ്യ തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിച്ച കന്യാസ്ത്രീ മിഷനറിമാരൊക്കെ ഈ മദ്യപാനാസക്തിക്കെതിരെ നിരന്തരം പൊരുതിയാണ് മൽസ്യ തൊഴിലാളികളുടെ 'ക്വാളിറ്റി ഓഫ് ലൈഫിന്' പുരോഗതി ഉണ്ടാക്കിയത്.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പുരുഷൻമാരുടെ മാദ്യപാനാസക്തി കുടുംബം തകർക്കുക മാത്രമല്ല; ആരോഗ്യവും ജീവനും താറുമാറാകും. സ്ത്രീ വിരുദ്ധമായ കേരളത്തിലേയും ഇന്ത്യയിലെ തന്നെ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കുടുംബങ്ങളിൽ പുലരേണ്ട ശാന്തത ഇല്ലാതാക്കുന്ന അമിത മദ്യപാനാസക്തി എന്ന ദുഷ്പ്രവണത കാണുന്നതേ ഇല്ലാ. കേരളത്തിലെന്നല്ല; ഇന്ത്യയിലെ തന്നെ മിക്ക ചേരികളിലേയും, പുനരധിവാസ കോളനികളിലേയും, വരുമാനം കുറഞ്ഞ ഗ്രാമങ്ങളിലേയും ഏറ്റവും വലിയ പ്രശ്നം അമിത മദ്യപാനാസക്തിയാണ്.

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്. അതുകൊണ്ടാണ് വർധിച്ചു വരുന്ന മദ്യപാനാസക്തിയെ കുറിച്ച് വലിയ പുരോഗമനം നടിക്കുന്നവർ പോലും ഒന്നും മിണ്ടാത്തത്. വർധിച്ചു വരുന്ന മദ്യപാനാസക്തിയൊക്കെയാണ് കേരളത്തിലെ യഥാർത്ഥ പ്രശ്നങ്ങൾ. കുടുംബങ്ങളിലെ സ്ത്രീകളോ കുട്ടികളോ പുരുഷന്മാരുടെ മദ്യപാനാസക്തി എന്നെങ്കിലും സ്വാഗതം ചെയ്യുമോ? എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകൾ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തിൽ തിരുകി പുരുഷന്മാര് നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോർപറേഷൻ വിൽപനശാലകൾക്ക് മുന്നിലെ ക്യൂവിൽ സ്ഥാനം പിടിക്കുന്നതിനെ കുറിച്ച് ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. മദ്യത്തിൻറ്റെ ലഹരി പോരാത്തവർ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടേയും ബസ്സ്റ്റാൻറ്റുകളുടേയും പിന്നാമ്പുറങ്ങൾ തേടിപ്പോകുന്നതിനെ കുറിച്ചും ഇവിടെ ആരും ചർച്ച ചെയ്യുന്നില്ല. ജോലി ചെയ്ത് ഉണ്ടാക്കുന്ന പല ദളിത് കോളനിയിൽ ഉള്ളവരുടേയും കാശൊക്കെ പോകുന്നത് കള്ളിനാണ്. കരൾ വീക്കവും, മദ്യപിച്ചതിനെ തുടർന്നുള്ള വാഹനാപകടങ്ങളും കേരളത്തിൽ സർവ സാധാരണമാണ്. 7-8 വർഷം മുമ്പ് ഞങ്ങളുടെ വീട്ടിലെ മുറ്റത്ത് മെറ്റൽ ഇട്ടവർക്ക് ഇതെഴുതുന്ന ആൾ കൊടുത്ത കൂലി 700 രൂപ ആയിരുന്നു. 5-6 വർഷം മുമ്പ് അത് 800 രൂപ ആയി മാറി. മൂന്നു മണിക്കൂറിൽ മിച്ചം മാത്രം ജോലി ചെയ്ത രണ്ടു മരം വെട്ടുകാർക്ക് കേരളത്തിൽ ഇതെഴുതുന്ന ആൾ കൊടുത്ത കൂലി 3600 രൂപ ആയിരുന്നു. അതായത് ഒരാൾക്ക് മൂന്നര മണിക്കൂർ ജോലിയുടെ കൂലി 1800 രൂപ! ഈ കാശൊക്കെ കുടുംബത്ത് എത്തുന്നുണ്ടെങ്കിൽ കുഴപ്പമില്ല; പക്ഷെ ഈ കാശെല്ലാം പോകുന്നത് കള്ളിനാണെന്നുള്ളതാണ് വാസ്തവം.

ദിവസക്കൂലി ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൂടിയിട്ടുള്ളത് കേരളത്തിലാണ്. പക്ഷെ തദനുസൃതമായി കുടുംബങ്ങളിൽ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരത്തിൻറ്റെ അളവ് - ഇവയൊന്നും കൂടിയിട്ടില്ല. ഇത്തരം 'ക്വാളിറ്റി ഓഫ് ലൈഫ്' കൂടാത്തതിന് പുറകിലുള്ള വില്ലൻ മദ്യം തന്നെ. ദളിത് കോളനികളിലും, മത്സ്യ തൊഴിലാളികളുടെ ഇടയിലും വരുമാനം കൂട്ടുന്നതിനനുസരിച്ച് 'ക്വാളിറ്റി ഓഫ് ലൈഫ്' കൂടുന്നില്ലാ. അതിനു പ്രധാനമായ കാരണം കള്ളാണ്. മലയാളികൾ അച്ചടക്കം പാലിക്കുന്നത് ബിവറേജസ് ഔട്ലെറ്റുകളുടെ മുമ്പിൽ മാത്രമാണെന്ന് പറയുന്നത് തമാശയായിട്ട് തള്ളി കളയേണ്ട കാര്യമല്ല. അമിത മദ്യപാനാസക്തി എന്ന വിഷയം അഭിമുഖീകരിക്കാത്തിടത്തോളം കാലം മലയാളികളായ നാം യാഥാർഥ്യങ്ങൾക്കെതിരെ പുറം തിരിഞ്ഞു നിൽക്കുകയാണ്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)


Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

Do NOT follow this link or you wont able to see the site!

❤️ | 8 | Saved : 01:01:53 am | 29-05-2024 CEST