മിഡ് ലൈഫ് ക്രൈസിസ് - പാർട്ട് 3

Avatar
Sreejith Sreekumar | 26-05-2023 | 5 minutes Read

1006-1685105148-fb-img-1685105131411

എങ്ങനെ മിഡ്‌ലൈഫ്‌ ക്രൈസിസ് ഹാൻഡിൽ ചെയ്യണം എന്നത് സത്യത്തിൽ ഒരു വലിയ ടോപിക് ആണ്. കാരണം നമ്മൾ ഓരോ മനുഷ്യരും വ്യത്യസ്‍തരാണ് നമ്മുടെ ചുറ്റുപാടുകളും. അതുകൊണ്ടുതന്നെ നമ്മളെ ബാധിക്കുന്ന പ്രശ്നങ്ങൾ, അവയെ നമ്മൾ കൈകാര്യം ചെയ്യുന്ന രീതി ഒക്കെ വ്യത്യസ്തമായിരിക്കും.

ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യാൻ ആദ്യം വേണ്ട കാര്യം, പ്രശ്നം ഉണ്ടെന്ന് മനസ്സിലാക്കൽ ആണ്. അതിന് പലപ്പോഴും നമ്മൾ നമ്മളിലേക്ക് ഒന്ന് നോക്കേണ്ടിവരും. കാരണം പലപ്പോഴും നമ്മുടെ സാഹചര്യങ്ങൾ നമ്മളെ ഒരു പ്രത്യേക രീതിയിൽ കണ്ടീഷൻ ചെയ്യും, അവിടെ നമ്മൾ നമ്മളെ അധികം ശ്രദ്ധിക്കില്ല. നമ്മൾ നമ്മളോട് തന്നെ ചില ചോദ്യങ്ങൾ ചോദിക്കുന്നത് നല്ലതാണ്. നോക്കു ജീവിതം വളരെ ക്ഷണികമാണ് അതുകൊണ്ടുതന്നെ അത് പരമാവധി സന്തോഷം തരുന്ന ഒന്നാക്കുക എന്നതാണ് നമ്മൾക്ക് സ്വയം കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം. നമ്മുടെ സന്തോഷം നമ്മൾ കണ്ടെത്തണം. അത് മറ്റുളളവർ കൊണ്ടുവന്നു തരണം എന്ന് കരുതിയാൽ മിക്കപ്പോഴും നിരാശ ആയിരിക്കും ഫലം. അതുകൊണ്ടുതന്നെ ചില ചോദ്യങ്ങൾ സ്വയം ചോദിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് ചില ചോദ്യങ്ങൾ താഴെ.

->ഞാൻ ഇപ്പോൾ സന്തോഷമുള്ള ഒരു ജീവിതം ആണോ ജീവിക്കുന്നത്?

->പണ്ട് ഞാൻ സന്തോഷത്തിൽ ആയിരുന്നുവോ?

->ഞാൻ എപ്പോഴാണ് ഏറ്റവും സന്തോഷത്തോടെ, സംതൃപ്തിയോടെ ഇരിക്കുന്നത്?

->ആരുടെ കൂടെ ഇരിക്കുമ്പോൾ ആണ് ഞാൻ കൂടുതൽ സന്തോഷത്തോടെ ഇരിക്കുന്നത്?

->എൻ്റെ സന്തോഷത്തിന് വേണ്ടി എനിക്കെന്താണ് സ്വയം ചെയ്യാൻ കഴിയുക?

ഒരു ബുക്ക്, ഒരു യാത്ര, ഒരു സിനിമ, പാട്ട് കേൾക്കൽ, എന്തെങ്കിലും ഹോബികൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഉണ്ട് നമ്മൾക്ക് നമ്മളെ സന്തോഷിപ്പിക്കാൻ. പണത്തേക്കാൾ അതിന് മിക്കപ്പോഴും ആവശ്യം നമ്മൾ നമ്മൾക്ക് സമയം കൊടുക്കുക എന്നതാണ്.

ഇനി അത്തരം ചോദ്യങ്ങൾക്ക് ഉത്തരം (ഇതൊക്കെ ഒരു കടലാസിൽ എഴുതി നോക്കുന്നത് നോക്കുന്നത് കൂടുതൽ ഗുണം ചെയ്യും) തിരയുമ്പോൾ നമ്മൾക്ക് മനസ്സിലാവും നമ്മളെ സന്തോഷിപ്പിക്കുന്നത് എന്താണ് എന്ന്. ഒരുപക്ഷെ നമ്മൾ സന്തോഷത്തിൽ അല്ലെങ്കിൽ അവിടെ ആദ്യം നമ്മൾ ചെയ്യേണ്ടത് ആ സാഹചര്യത്തെ അംഗീകരിക്കൽ ആണ്. അവിടെ നമ്മൾ നിരാശനായിട്ട് ഒരു കാര്യവും ഇല്ല. കാരണം അതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ അഥവാ യാഥാർഥ്യം. പലപ്പോഴും നമ്മുടെ മുഴുവൻ നിയന്ത്രണത്തിൽ ആവില്ല ആ അവസ്ഥ എന്നതും നമ്മൾ മനസ്സിലാക്കണം. അങ്ങനെ നമ്മൾ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ, നമ്മളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ എന്നിവ മനസ്സിലാക്കിയാൽ പിന്നെ അതിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്താം എന്നതാണ് നോക്കേണ്ടത്. മാറ്റം മിക്കപ്പോഴും ബുദ്ധിമുട്ടുള്ള ഒന്നാണ്.ഒരു ഉദാഹരണത്തിന് പലരും ഒരു ടോക്സിക് ബന്ധത്തിൽ/ സാഹചര്യത്തിൽ ജീവിക്കുന്നത് കാണാം. അതിന് കാരണം അങ്ങനെ ഒരു ബന്ധത്തിൽ ആണെന്ന തിരിച്ചറിവ് പോലും പലർക്കും ഇല്ല എന്നതാണ്. ഇനി ഉണ്ടായാലും ഒരു മാറ്റം വരുത്താൻ ഉള്ള ബുദ്ധിമുട്ട് പലപ്പോഴും അവരെ അവിടെ നിർത്തും. കാരണം, മാറ്റം എന്നത് നമ്മുടെ തലച്ചോർ പരിണാമപരമായി അധികം പ്രോത്സാഹിപ്പിക്കാത്ത സംഗതിയാണ്. ഒരു മാറ്റത്തിന് ചിന്തിക്കുക, പ്രവർത്തിക്കുക, അതിന് വേണ്ടി നമുക്ക് സുഖകരമായി തോന്നാത്ത, പരിചിതമല്ലാത്ത അവസ്ഥകളിലൂടെ കടന്നു പോകുക തുടങ്ങിയ പലതും ചെയ്യേണ്ടി വരും. അപ്പൊ ഇതാണ് വിധി എന്ന് കരുതുക, മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതുക, ജീവിതം തീർന്നു/പ്രായമായി എന്ന് കരുതുക, തുടങ്ങിയ പലതരം ഒഴിവുകഴിവുകളും നമ്മൾത്തന്നെ കണ്ടെത്തും, എന്നിട്ട് മാറ്റങ്ങൾക്ക് ശ്രമിക്കാതെ സാഹചര്യത്തിന് കീഴ്പെട്ട് ജീവിക്കാൻ ശ്രമിക്കും.

അങ്ങനെ നമ്മളെ സന്തോഷിപ്പിക്കേണ്ട കാര്യങ്ങൾ കണ്ടത്തിയാൽ അതിന് വേണ്ടി സമയം മാറ്റിവെക്കണം. അവിടെ എപ്പോഴും ഓർക്കേണ്ട ഒരു കാര്യം, നമ്മൾ നമുക്ക് വേണ്ടി സമയം കണ്ടെത്തുക എന്നതിൽ ഒരു തെറ്റും ഇല്ല എന്നതാണ്. സ്വയം സന്തോഷിക്കാത്ത നമ്മൾക്ക് ഒരിക്കലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ പറ്റില്ല. അതോടൊപ്പം നമ്മൾ മനസ്സിൽ ഇപ്പോഴും ഓർമ്മിക്കേണ്ട ഒരു കാര്യം പ്രായം എന്നത് ഒരു യാഥാർഥ്യമാണ് എന്നും, അത് മുന്നോട്ടു മാത്രം സഞ്ചരിക്കുന്ന ഒരു വണ്ടിയാണ് എന്നതും ആണ്. കാരണം അത് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിന് ഒരു പ്രായോഗികമായ ദിശാബോധം നൽകാൻ സഹായിക്കും. അതോടൊപ്പം ശരിയായ, നമ്മൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചു നമ്മളെ മനസ്സിലാക്കിക്കാനും സഹായിക്കും. അല്ലെങ്കിൽ നമ്മൾ ദിവാസ്വപ്നം കാണുന്ന മാതിരി നടക്കാത്ത കാര്യങ്ങൾക്ക് വേണ്ടി ചിന്തിച്ചും, ശ്രമിച്ചും സമയം കളയും. മാത്രവുമല്ല ഇത്തരം മനസ്സിലാക്കലുകൾ നമ്മൾ മറ്റൊരാളാവാൻ ശ്രമിക്കുന്നതിൽനിന്നും, ചുറ്റിലുമുള്ളവരുടെ പ്രീതി/അംഗീകാരം കിട്ടലാണ് നമ്മളെ സന്തോഷിപ്പിക്കുക എന്ന രീതിയിൽ പലതും ചെയ്യുന്നതിൽ നിന്നും നമ്മളെ രക്ഷിക്കും. ഇല്ലെങ്കിൽ, പ്രത്യേകിച്ചും സോഷ്യൽ മീഡിയയുടെ ഈ കാലത്ത്, നമ്മൾ അതിൽ കാണുന്നവർ ഒക്കെ സന്തോഷത്തിലാണ് എന്ന ഒരു മുൻധാരണ വെച്ച് അവരാവാൻ ശ്രമിച്ചുകൊണ്ട്, അവർ കാണിക്കുന്നത് കാണിച്ചു സമയം കളയും. നമ്മുടേതായ കുറവുകളും, നല്ലതുകളും ഒക്കെയായി ഓരോ വ്യക്തിയും മനോഹരമാണ്.

ഇനി എങ്ങനെ നമ്മൾക്ക് നമ്മളെ ശ്രദ്ധിക്കാം എന്ന് നോക്കാം.


Malayalee.in ആർട്ടിക്കിളുകൾ വാട്ട്സാപ്പിലും / ടെലഗ്രാം ചാനലിലും / ഫേസ്‌ബുക്ക് പേജിലും / ട്വിറ്ററിലും / ന്യുസ് ലെറ്ററായും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യാം .
ARTICLE CONTINUES AFTER AD
..: ❥ Sponsor :..

-> ഭക്ഷണം. ഒരു മൂഡ് സ്വിങ് ഒക്കെ ഉള്ള സമയത്ത് കുറേ ഭക്ഷണം കഴിക്കാൻ, അല്ലെങ്കിൽ ഒന്നും കഴിക്കാതിരിക്കാൻ ഒക്കെ തോന്നും. നമ്മൾ നമ്മുടെ ശരീരത്തിനെ ദുരുപയോഗം ചെയ്യാതിരിക്കുന്നതും സെൽഫ് കെയർ ആണ്. എത്ര കഴിക്കുന്നു എന്നതിൽ അല്ല കാര്യം. എന്ത് കഴിക്കുന്നു എന്നതാണ്. അതുകൊണ്ട് നമ്മുടെ പ്രായത്തിനും, ശരീരത്തിനും യോജിച്ച ഭക്ഷണം ആവശ്യത്തിന് കഴിക്കുക. ലഹരി ഒന്നിനും ഒരു പരിഹാരം അല്ല.
-> ഉറക്കം. നമ്മുടെ ഉറക്കം നമ്മുടെ തലച്ചോറിനും, ശരീരത്തിനും വളരെ ആവശ്യം ഉള്ള ഒന്നാണ്. ഞാൻ എത്ര വേണമെങ്കിലും ഉറക്കമൊഴിക്കും എന്നൊക്കെ നമ്മൾക്ക് എന്തോ അഭിമാനം മാതിരി പറയാം പക്ഷെ ആവശ്യത്തിന് ഉറക്കം ഇല്ലെങ്കിൽ നമ്മുടെ മനസ്സും, ശരീരവും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. നല്ല ഒരു sleep hygiene വളരെ അത്യാവശ്യം ആണ്. മൊബൈലിൽ നോക്കൽ മുതൽ ഉറക്കത്തിനു മുൻപേ കഴിക്കുന്ന ഭക്ഷണത്തിന് വരെ അതിൽ ഒരു വലിയ പങ്കുണ്ട്.അതുകൊണ്ട് നല്ല ഒരു sleep hygiene ഉണ്ടാക്കിയെടുക്കുക.

->വ്യായാമം.എല്ലാദിവസവും കുറച്ചെങ്കിലും (അര മണിക്കൂറെങ്കിലും) എന്തെങ്കിലും വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക. അത് മനസ്സിനും, ശരീരത്തിനും ചിന്തിക്കാൻ പോലും പറ്റാത്ത ഗുണങ്ങൾ ചെയ്യും.

->മെഡിറ്റേഷൻ/മൈൻഡ്ഫുൾനെസ്സ്. നമ്മുടെ ചിന്തകൾക്ക് പലപ്പോഴും നമ്മുടെ ശരീരത്തിനെ, മനസ്സിനെ സ്വാധീനിക്കാൻ പറ്റും. പക്ഷെ നമ്മൾ മെഡിറ്റേഷൻ ചെയ്യാൻ തുടങ്ങിയാൽ നമ്മൾക്ക് പല ചിന്തകളേയും നമ്മളെ ബാധിക്കാത്ത ഒന്നായി കാണാൻ സാധിക്കും. മനസ്സ് ഒരിടത്തും ഇരിക്കാത്ത കുരങ്ങൻ ആണ്. പലപ്പോഴും അത് പറയുന്ന എല്ലാത്തിനും നിന്നുകൊടുക്കാതെ അതുണ്ടാക്കുന്ന ചിന്തകളെ വെറുതേ നിരീക്ഷിച്ചു വിടാൻ ശീലിക്കുക എന്നതും ഒരു വലിയ കാര്യമാണ്.

-> ആരേയും, ഒന്നിനേയും ജഡ്ജ് ചെയ്യാതിരിക്കാൻ ശീലിക്കുക. മിക്കപ്പോഴും നമ്മൾ പ്രതികരിക്കുന്നത് നമ്മുടെ ചിന്തയുടെ വ്യാപ്തിക്കും, ആഴത്തിനും അനുസരിച്ചു മാത്രമാണ്. അത് യാഥാർത്ഥ്യമാവണം എന്നില്ല.

-> എപ്പോഴും ഒരു പോസിറ്റീവ് കുമിളയിൽ നില്ക്കാൻ ശ്രമിക്കുക. നമ്മൾ തിരഞ്ഞെടുക്കുന്ന സൗഹൃദം,ബന്ധങ്ങൾ, നമ്മൾ സമയം ചിലവാക്കുന്ന ഇടങ്ങൾ ഒക്കെ ശ്രദ്ധാപൂർവ്വം നമ്മൾക്ക് പോസിറ്റീവ് ഫീൽ തരുന്നതാവാൻ ശ്രമിക്കുക. അല്ലാത്ത ഇടങ്ങളിൽ നിന്നും ഒഴിഞ്ഞു പോകുക.

-> ഇന്നിൽ ജീവിക്കാൻ ശ്രമിക്കുക. നമ്മൾ മിക്കപ്പോഴും ചെയ്യുന്ന ഒരു കാര്യം ഒന്നുകിൽ ഇന്നലെകളിൽ ജീവിക്കും( പഴയ കാര്യങ്ങൾ പറഞ്ഞും, ആലോചിച്ചും മറ്റും) അല്ലെങ്കിൽ നാളെകളിൽ ആവും ജീവിക്കുക ( ഇങ്ങനെ ആവും എന്നൊക്കെ കരുതി). സ്വപ്നം കാണുന്നത് തെറ്റല്ല പക്ഷെ നമ്മുടെ കയ്യിൽ നന്നായി വിനിയോഗിക്കാൻ ഉള്ളത് present അഥവാ ഇന്ന്/ ഈ സമയം അത് മാത്രമാണ് നമ്മൾക്ക് എന്തെങ്കിലും തരത്തിൽ നിയന്ത്രിക്കാൻ പറ്റുന്നതും.

-> മിഡ്‌ലൈഫ്‌ ക്രൈസിസ്, മറ്റേതു ക്രൈസിസ് ആയാലും അതിനെ normalise/ സ്വാഭാവികമായ ഒന്നായി കാണാൻ ശ്രമിക്കുക. ശരിയാണ് നമ്മുടെ പ്രശ്നങ്ങൾ നമ്മൾക്ക് വലുതാവും പക്ഷെ ലക്ഷകണക്കിന് മനുഷ്യർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മാത്രമാണ് നമ്മുടെ മിക്ക പ്രശ്നങ്ങളും. അതുകൊണ്ടുതന്നെ സമയം, ക്ഷമ എന്നിവകൊണ്ട് നമ്മൾക്കും ഇതിനെ തരണം ചെയ്യാൻ പറ്റും.

-> നമ്മളെ ജഡ്ജ് ചെയ്യാത്ത നല്ല സുഹൃത്തുക്കൾ ഉണ്ടെങ്കിൽ കാര്യങ്ങൾ ഷെയർ ചെയ്യുക.

-> ഒറ്റയടിക്ക് ഒരു മാറ്റവും പെട്ടെന്ന് ഉണ്ടാവില്ല എന്ന് മനസ്സിലാക്കി ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തി വലിയ മാറ്റങ്ങൾക്ക് ശ്രമിക്കുക.

ചുരുക്കത്തിൽ നമ്മൾക്കറിയാവുന്ന കാര്യങ്ങൾ ആണ് എല്ലാം. ആവശ്യമെങ്കിൽ ഒരു സൈക്കോളജിസ്റ്റ് പോലുള്ള വിദഗ്ദരുടെ സഹായവും തേടാവുന്നതാണ്. പക്ഷെ അവിടെയും മനസ്സിലാക്കേണ്ട ഒരു കാര്യം അവർക്ക് നമ്മളോട് പലതും പറയാൻ മാത്രമേ പറ്റുകയുള്ളു, നമ്മൾ തന്നെ നമ്മളെ സംരക്ഷിക്കണം, അതിന് വേണ്ടി നിരന്തരം മടിയോ, മടുപ്പോ കൂടാതെ ശ്രമിച്ചുകൊണ്ടേയിരിക്കണം. പലപ്പോഴും അതൊരു വല്ലാത്ത പണിയാണ്, പക്ഷെ അതല്ലാതെ വേറെ വഴികൾ ഒന്നും ഇല്ല എന്നതാണ് സത്യം.

ഇനി ഇതിനൊക്കെ ശ്രമിക്കാൻ സമയം ഇല്ല എന്നാണ് പറയാൻ പോകുന്നതെങ്കിൽ ഇത്രമാത്രം. നിങ്ങൾക്ക് പോലും നിങ്ങളെ വേണ്ടെങ്കിൽ പിന്നെ മറ്റുള്ളവർക്ക് നിങ്ങളെ വേണ്ടാ എന്ന് തോനുന്നു എന്ന് പറയുന്നതിൽ കാര്യമൊന്നും ഇല്ല. പിന്നെ സമയമില്ലായ്മ എന്നത് വെറും ഒഴിവുകഴിവ് മാത്രമാണ്. നമ്മൾ നമ്മുടെ സമയം എങ്ങനെ ചിലവാകുന്ന എന്ന് നോക്കിയാൽ അതിൽ പലപ്പോഴും നമ്മൾക്ക് ഒരു ഗുണവും തരാത്ത, പലപ്പോഴും നമ്മൾക്ക് ദോഷം തരുന്ന പലതിനും ആണെന്ന് കാണാം. അത് മനസ്സിലാക്കിയാൽ, അതിനനുസരിച്ചു നമ്മുടെ ജീവിതം ഒന്ന് മാറ്റി ഡിസൈൻ ചെയ്താൽ മിഡ് ലൈഫ് ക്രൈസിസ് എന്നത് മനോഹരമായ മിഡ് ലൈഫ് അവസരം ആവുന്നത് നമ്മൾക്ക് കാണാം. ക്രൈസിസ് ഒരു പരിവർത്തനം ആണെന്നും മനസ്സിലാവും.

Read original FB post


Also Read » Study German using Malayalam - Lesson 18


Also Read » Study German using Malayalam - Lesson 19Comment relevant & respectful. Off-topic comments may be removed . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും . Please read our Comment Policy before commenting.

About Sreejith Sreekumar

» FaceBook

RELATED
Do NOT follow this link or you wont able to see the site!

❤️ | 0 | Saved : 06:00:07 am | 19-06-2024 CEST